മന്ത്രി സജി ചെറിയാൻ സ്ഥാനം ഒഴിഞ്ഞു; വളർച്ചയും തളർച്ചയും മിന്നൽ വേഗത്തിൽ

മന്ത്രി സജി ചെറിയാൻ രാജിവച്ചു. പത്തനംതിട്ട മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗത്തിൽ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് മന്ത്രിയെ കുരുക്കിലാക്കിയത്. സ്വതന്ത്രമായ തീരുമാനപ്രകാരമാണ്‌ രാജിയെന്ന് സജി ചെറിയാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ ഞാന്‍ എന്‍റേതായ ഭാഷയും ശൈലിയുമാണ് ഉപയോഗിച്ചത്. ഒരിക്കല്‍ പോലും ഇത് ഭരണഘടനയോടുള്ള അവമതിപ്പായി വ്യാഖ്യാനിക്കപ്പെടുമെന്ന് ഞാന്‍ കരുതിയില്ല. അങ്ങനെ ഞാന്‍ ഉദ്ദേശിച്ചിട്ടേയില്ല. ഇക്കാര്യം ഇന്നലെ നിയമസഭയില്‍ തന്നെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയെ അവഹേളിച്ചു, പാർട്ടിയും നിസ്സഹായമായി

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് രാജി തീരുമാനം വൈകുന്നേരം വാര്‍ത്താസമ്മേളനം നടത്തിയാണ് സജി ചെറിയാന്‍ രാജി പ്രഖ്യാപനം നടത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പങ്കെടുത്ത സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് നേരത്തെ ചേര്‍ന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. അടുത്ത ദിവസം സമ്പൂര്‍ണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.

വിഷയത്തില്‍ ഗവര്‍ണറും ഇടപെട്ടിരുന്നു. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.

രാജി സ്വതന്ത്രമായ തീരുമാനമാണ്, ഭരണഘടനാ സംരക്ഷണം രാഷ്ട്രീയ ഉത്തരവാദിത്തമാണെന്നും സജി ചെറിയാന്‍ പറഞ്ഞു.

വിവാദ പരാമർശം

മല്ലപ്പള്ളിയില്‍ നൂറിന്റെ നിറവില്‍ എന്ന പരിപാടിയിലാണ് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്.

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍ പ്രസംഗിച്ചാലും ഞാന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാന്‍ പറയും”-………

പ്രതിപക്ഷം ഒന്നിച്ചു നിന്നു…

സജി ചെറിയാനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇന്ന് നിയമസഭ എട്ട് മിനിറ്റ് മാത്രമാണ് ചേരാനായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിക്കുകയായിരുന്നു.

വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കും

ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, ഫിഷറീസ്, ഫിഷറീസ് സര്‍വകലാശാല, സാംസ്‌കാരികം, ചലച്ചിത്ര വികസന കോര്‍പറേഷന്‍, ചലച്ചിത്ര അക്കാദമി, കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ്, യുവജനകാര്യം എന്നിവയുടെ ചുമതലയാണ് സജി ചെറിയാനുണ്ടായിരുന്നത്. രണ്ടാം പിണറായി സര്‍ക്കാരില്‍ രാജി വയ്ക്കുന്ന ആദ്യ മന്ത്രിയാണ് സജി ചെറിയാന്‍.

വിവാദങ്ങൾക്കിടെ വീണ വിക്കറ്റ്

സ്വപ്നയുടെ ആരോപണങ്ങളിലൂടെ സ്വർണക്കടത്ത് വിവാദം ചൂടുപിടിച്ചതിന് പിന്നാലെ എസ്എഫ്ഐ രാഹുൽ ​ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതും എകെജി സെന്ററിന് നേരെയുള്ള ആക്രമണവും പിസി ജോർജിന്റെ അറസ്റ്റുമുണ്ടാക്കിയ ചൂട് മടങ്ങും മുമ്പാണ് ഏറെ വിവാദമായ പരാമർശം സജി ചെറിയാൻ നടത്തിയത്.

പിന്നിട്ട വഴികൾ പോരാട്ടത്തിൻ്റേത്

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഏറെ സ്വാധീനമുള്ള ചെങ്ങന്നൂര്‍ മണ്ഡലത്തെ തുടര്‍ച്ചയായി രണ്ടു തവണ ചുവപ്പിച്ചാണ് സജി ചെറിയാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ തന്റെ ഇടം അരക്കിട്ടുറപ്പിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായി.

എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് 2018-ല്‍ ചെങ്ങന്നൂരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയാണ് സജി ചെറിയാന്‍ ആദ്യം കേരള നിയമസഭയിലെത്തിയത്. മൂന്ന് വര്‍ഷം കൊണ്ട് ചെങ്ങന്നൂരുകാരുടെ ജനപ്രിയ എംഎല്‍എയായി. മഹാപ്രളയത്തിലും ദുരിതകാലത്തും നാട്ടുകാര്‍ക്കൊപ്പം നിന്ന എംഎല്‍എയെന്ന് ഖ്യാതി നേടിയ സജി ചെറിയാനെ 32,093 വോട്ടുകളുടെ ഭൂരിപക്ഷം നല്‍കിയാണ് 2021 ല്‍ രണ്ടാമതും നാട്ടുകാര്‍ നിയമസഭയിലേക്കയച്ചത്. മന്ത്രിസഭ രൂപീകരണത്തില്‍ ഇടതുപക്ഷം പരിഗണിച്ച സാമൂദായിക സമവാക്യങ്ങള്‍ കൂലി അനുകൂലമായതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി. സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റിലും സജി ചെറിയാന് ഇടം നേടാനായി. 2018ല്‍ തുടങ്ങി പൊടുന്നനെയുള്ള വളര്‍ച്ചയായിരുന്നു ഇക്കാലയളവില്‍ സജി ചെറിയാന്‍ നടത്തിയത്.

പ്ലസ് വൺ അപേക്ഷാ സ്വീകരണം വൈകിച്ചത് ബോണസ് മാർക്ക് സംബന്ധിച്ച അവ്യക്തത

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം ഇന്നു പുറത്തിറങ്ങും. നാളെ മുതൽ ഓൺലൈനായി അപേക്ഷിക്കാം. പത്ത്, പന്ത്രണ്ട് ദിവസത്തിനുള്ളിൽ സി ബി എസ് ഇ, ഐ സി എസ് ഇ സിലബസിൽ പരീക്ഷ എഴുതിയവരുടെ ഫലം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവർക്കും ഇവിടെ പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള സൗകര്യം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

ഔദ്യോഗിക വെബ്സൈറ്റായ hscap. kerala.gov.in തുറക്കുക
“Kerala Plus One Admission 2022” ൽ ക്ലിക്ക് ചെയ്യുക
ജില്ല തിരഞ്ഞെടുക്കുമ്പോൾ ആപ്ലിക്കേഷൻ ഫോം സ്ക്രീനിൽ കാണാം
ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക
ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്യുക. ഫീസ് അടയ്ക്കുക
ആപ്ലിക്കേഷൻ സമർപ്പിക്കുന്നതിനു മുൻപ് നൽകിയ വിവരങ്ങൾ ശരിയാണോ എന്നു പരിശോധിക്കുക. അതിനുശേഷം പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക

ബോണസ് മാർക്കിൽ തീരുമാനമാവുന്നു

ബോണസ് പോയിന്റ് സംബന്ധിച്ച ആശയക്കുഴപ്പമാണ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നതിന് കാലതാമസം വരുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് കാര്യങ്ങൾ. ഒരു വിദ്യാർത്ഥിക്ക് എത്ര സ്‌കൂളുകളിലേക്ക് വേണമെങ്കിലും ഒന്നാം വർഷ ഹയർ സെക്കന്ററി പ്രവേശനത്തിന് ഏകജാലകത്തിലൂടെ അപേക്ഷിക്കാം. ഏകജാലക സംവിധാനത്തിലൂടെ തന്നെയാണ് കുട്ടികളുടെ സ്‌കൂൾ അലോട്ട്‌മെന്റും നടത്തുന്നത്.

നിലവിൽ വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 33,000 സീറ്റിലേക്കും ഹയർസെക്കണ്ടറിയിലെ 1,83,085 ഗവൺമെന്റ് സീറ്റിലേക്കും 1,92,630 എയ്ഡഡ് സീറ്റിലേക്കും, 56,366 സീറ്റിലേക്കും 61,429 ഐ.ടി.ഐ. സീറ്റിലേക്കും 9,990 പോളിടെക്‌നിക് സീറ്റിലേക്കുമാണ് സാധാരണ ഉപരിപഠന അപേക്ഷ സമർപ്പിക്കുന്നത്.

ഫോം ഔട്ടായി കോഹ്ലി ആദ്യ പത്തിൽ നിന്നും പുറത്ത്

ഇന്ത്യന്‍ താരം വിരാട് കോഹ്ലി ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ അടിപതറി. ആദ്യ പത്തില്‍ നിന്ന് പുറത്തായി. സമീപകാലത്ത് തുടർച്ചയായി ഫോം ഔട്ടായതാണ് താരത്തിന് തിരിച്ചടിയായത്.

ഇംഗ്ലണ്ടിനെതിരായ എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ 11, 20 എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ സ്‌കോറുകള്‍. ബുധനാഴ്ച പുറത്തുവന്ന റാങ്കിങ്ങില്‍ നാലു സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് കോലി 13-ാം സ്ഥാനത്തേക്ക് വീണു.

ഋഷഭ് മെച്ചപ്പെടുത്തി

അതേസമയം ഋഷഭ് പന്ത് അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് താരത്തെ തുണച്ചത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്ന് രണ്ട് സെഞ്ചുറികളും മൂന്ന് അര്‍ധ സെഞ്ചുറികളും പന്ത് നേടിയിട്ടുണ്ട്.

ഒരുസ്ഥാനം നഷ്ടമായ കെയ്ന്‍ വില്യംസണ്‍ ആറാമതായി. ഉസ്മാന്‍ ഖവാജ, ദിമുത് കരുണാരത്‌നെ, രോഹിത് ശര്‍മ എന്നിവരാണ് ഏഴ് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യക്കെതിരെ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടിയ ജോണി ബെയര്‍സ്‌റ്റോ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 10-ാമതെത്തി.

923 പോയന്റോടെ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് റാങ്കിങ്ങില്‍ ഒന്നാമത്. മാര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ബാബര്‍ അസം, ഋഷഭ് പന്ത് എന്നിവരാണ് ആദ്യ അഞ്ചില്‍.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലുമായി 203 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 57 റണ്‍സും കണ്ടെത്തി. പന്തിന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ് ആണ് ഇത്. കഴിഞ്ഞ ആറ് ടെസ്റ്റ് ഇന്നിങ്സില്‍ നിന്ന് രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ ശതകവും നേടാന്‍ പന്തിനായിരുന്നു. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര രണ്ട് സ്ഥാനം മുകളിലേക്ക് കയറി 26ാം റാങ്കിലെത്തി. സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജ എട്ട് സ്ഥാനം മെച്ചപ്പെടുത്തി. 34-ാം റാങ്കിലാണ് താരം.

ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒരുസ്ഥാനം മെച്ചപ്പെടുത്തിയ ജയിംസ് ആന്‍ഡേഴ്‌സണ്‍ ആറാമതെത്തി. കെയ്ല്‍ ജെയ്മിസണ്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ശേഷിക്കുന്ന റാങ്കുകള്‍ മാറ്റമില്ലാതെ തുടരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത് തുടരുന്നു.

കൊയിലാണ്ടി കാവുംവട്ടം സ്കൂളിൽ ഇനി ആൺപെൺ വ്യത്യാസമില്ലാതെ ഒരേ വേഷം

ആൺ പെൺ വിവേചനമില്ലാതെ യൂണിഫോമില്‍ തുല്യതയുടെ അഭിമാനം നേടി കൊയിലാണ്ടി കാവുംവട്ടം യു.പി സ്‌കൂളും. ജൂലായ് അഞ്ചിന് ബഷീര്‍ ദിനത്തില്‍ സ്‌കൂള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃക സ്വീകരിച്ചതായി പ്രധാന അധ്യാപിക കൂടിയായ സുധ പ്രഖ്യാപിച്ചു.

ഇനി മുതൽ ഈ വിദ്യാലയത്തിൽ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും യൂണിഫോമിൽ വിവേചനം ഉണ്ടാവില്ല.

മാറ്റത്തിനുള്ള നിര്‍ദേശം പി.ടി.ഐയില്‍ വെച്ചതോടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കി. ജനറല്‍ ബോഡിയില്‍ എല്ലാവരും അംഗീകരിച്ചതോടെ കാവുംവട്ടം സ്‌കൂളും തുല്യതയുടെ യൂണിഫോം സ്വീകരിക്കയായിരുന്നു.

മാറ്റത്തെ ആവേശത്തോടെയാണ് വിദ്യാർഥികൾ വരവേറ്റത്. യൂണിഫോമിലെ മാറ്റങ്ങള്‍ വിദ്യാര്‍ഥിനികള്‍ എങ്ങനെ സ്വീകരിക്കുന്നുവെന്ന് ആശങ്കയുണ്ടായിരുന്നു. പാന്റ്‌സും ഷര്‍ട്ടും എന്ന് കേട്ടതോടെ അവര്‍ക്കും ആവേശമായി. എന്റെ മകളും ഈ സ്‌കൂളിലാണ് പഠിക്കുന്നത്, അവളും പറഞ്ഞത് ഞാന്‍ ഇനി ചുരിദാര്‍ ഇടില്ല, ഷര്‍ട്ടേ ഇടൂ എന്നാണ്”, അധ്യാപകൻ സായൂജ് പറഞ്ഞു.

കൊയിലാണ്ടി നടേരിയിലാണ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്.

ലോകത്തിലെ ഭീമൻ വാട്ടർ ലില്ലിക്ക് ഒരു കൂടപ്പിറപ്പ് കൂടി

0

ലോകത്തിലെ ഏറ്റവും വലിയ വാട്ടര്‍ലില്ലി വിഭാഗത്തെ ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന റോയല്‍ ബൊട്ടാണിക് ഗാര്‍ഡന്‍സില്‍ തിരിച്ചറിഞ്ഞു. 177 വര്‍ഷക്കാലം ആരാലും കണ്ടെത്തനാകാതെ തുടരുകയായിരുന്നു വാട്ടര്‍ലില്ലി ഉപവിഭാഗം.

പത്തടി വീതിയും പൂര്‍ണവളര്‍ച്ചയെത്തിയ ഒരാളുടെ ഭാരവും വാട്ടര്‍ലില്ലിക്ക് കണക്കാക്കപ്പെടുന്നുണ്ട്. ഫ്രണ്ടിയേഴ്സ് ഇൻ പ്ലാനറ്റ് സയൻസ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് പുതിയ ഇനത്തെ കുറിച്ച വിശദീകരിക്കുന്നത്. വിക്ടോറിയ ബൊളീവിയാന (Victoria boliviana) എന്നാണ് ഇവയ്ക്ക് പേര് നൽകിയത്.

ഇവയുടെ കൂറ്റൻ ഇലകള്‍ രാത്രി കാലങ്ങളില്‍ മാത്രമാണ് മിഴി തുറക്കുക.

ആഫ്രിക്കയിൽ നിന്നും എത്തി, ആരും തിരിച്ചറിഞ്ഞില്ല

ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് പടിഞ്ഞാറന്‍ ലണ്ടനിലേക്കുള്ള ഇവയുടെ വരവെന്നാണ് നിഗമനം. പഠനത്തിന് സഹകരിച്ച ബൊളീവിയന്‍ ശാസ്ത്രജ്ഞരോടുള്ള ആദരവായാണ് വിക്ടോറിയ ബൊളീവിയാന എന്ന പേര് പുതിയ വാട്ടര്‍ലില്ലി വിഭാഗത്തിന് നല്‍കിയത്.

1852-ല്‍ ബൊളീവിയയില്‍ നിന്നുമാണ് യു.കെയിലേക്ക് ഭീമന്‍ വാട്ടര്‍ ലില്ലികളുടെ സ്‌പെസിമെനുകള്‍ കൊണ്ടു വരുന്നത്. പിന്നീട് ഇവയുടെ ജെനുസ്സിന് ക്വീന്‍ വിക്ടോറിയയോടുള്ള ബഹുമാനര്‍ത്ഥം വിക്ടോറിയ എന്ന പേരും നല്‍കി. വിക്ടോറിയ ആമസോണിക്ക (Victoria amazonica) വിക്ടോറിയ ക്രൂസിയാന (Victoria cruziana) എന്നിങ്ങനെ രണ്ട് ഉപവര്‍ഗ്ഗങ്ങള്‍ മാത്രമാണ് ഭീമന്‍ വാട്ടര്‍ ലില്ലികള്‍ക്കുള്ളതായി കരുതപ്പെട്ടിരുന്നത്.

പുതിയതായി കണ്ടെത്തിയ വാട്ടര്‍ലില്ലിയുടെ വര്‍ഗ്ഗത്തെ പ്രത്യേകമായി തിരിച്ചറിഞ്ഞിരുന്നില്ല.

ഹോര്‍ട്ടികള്‍ച്ചറിസ്റ്റ് കൂടിയായ കര്‍ലോസ് മാഗ്ഡലേന മൂന്നാമതൊരു വാട്ടര്‍ലില്ലി വിഭാഗത്തെ കുറിച്ചുള്ള സംശയം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉന്നയിച്ചിരുന്നു. ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളില്‍ നിന്നും ഭീമന്‍ വാട്ടര്‍ലില്ലികളുടെ വിത്ത് ലഭിച്ചതോടെയാണ് മൂന്നാമതൊരു വിഭാഗത്തില്‍പ്പെട്ട വാട്ടര്‍ലില്ലിയുടെ സാന്നിധ്യം പഠനത്തിന്റെ മുഖ്യ ഗവേഷക കൂടിയായ കര്‍ലോസ് തിരിച്ചറിയുന്നത്.

സ്വപ്ന സുരേഷിനെ എച്ച്ആർഡിഎസ് ജോലിയിൽ നിന്നും നീക്കി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ്. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ ആരോപിതയായിട്ടും ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം. ജയില്‍ മോചിതയായതിന് പിന്നാലെയായിരുന്നു നിയമനം.

ഇപ്പോൾ പിരിച്ചു വിട്ടതായി പറയുമ്പോഴും അവർക്ക് അധ്യക്ഷ സ്ഥാനം നൽകിയിട്ടുണ്ട്. പ്രതിഫലം ഇല്ലാത്ത തസ്തിക എന്നാണ് വിശദീകരണം

സ്വപ്‌നയ്‌ക്കെതിരായ അന്വേഷണ സ്ഥാപനത്തെ ബാധിക്കുന്നതായിട്ടാണ് എച്ച്ആര്‍ഡിഎസ് നല്‍കുന്ന വിശദീകരണം. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു.

മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞത് നിയമനത്തിന് ശേഷം

മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് ആരോപണമുണ്ടായിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു.

നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.

ഗ്യാസ് വില 50 രൂപ വീണ്ടും കൂട്ടി

രാജ്യത്ത് പാചകവാതക വിലക്കൂട്ടി. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂടിയത്. ഇതോടെ പുതിയ വില 1060 രൂപയായി. അതേസമയം, വാണിജ്യ സിലിണ്ടറിന് വിലകുറഞ്ഞു.

വാണിജ്യ സിലിണ്ടറിന് 8.50 രൂപ കുറഞ്ഞ് വില 2027 രൂപയിലെത്തി. നേരത്തെ 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.

കാളി പോസ്റ്റർ ചൊടിപ്പിച്ചു, ലീന മണിമേഖലയ്ക്ക് എതിരെ യുപിയിലും ഡൽഹിയിലും കേസ്

കാളി ’ പോസ്‌റ്റർ വിവാദത്തിൽ സൈബർ ആക്രമണത്തിന്‌ പിന്നാലെ സംവിധായിക ലീന മണിമേലയ്‌ക്കെതിരെ യുപിയിലും ഡൽഹിയിലും കേസ്‌. ക്രിമിനൽ ഗൂഢാലോചന, മതവികാരം  വ്രണപ്പെടുത്തൽ, കലാപാഹ്വാനം, സമുദായിക സ്‌പർദ വളർത്തൽ  തുടങ്ങിയ ഗുരുതര വകുപ്പുകൾ ചേർത്താണ്‌ കേസ്. സംഘപരിവാർ സംഘടനകളുടെ പരാതിയിലാണ് കേസെടുത്തത്‌.

സംവിധായികയും അക്ടിവിസ്റ്റുമായ ലീന നിലവിൽ കാനഡിലാണ്‌ താമസം.

ഗോ മഹാസഭ അധ്യക്ഷൻ അജയ് ഗൗതം,  മറ്റൊരു അഭിഭാഷകൻ എന്നിവരുടെ പരാതിയിലാണ്‌ കേസ്‌. ബിജെപി നേതാവയ ശിവം ഛബ്രയും ഡൽഹി പൊലീസിൽ തിങ്കളാഴ്‌ച പരാതി നൽകിയിട്ടുണ്ട്‌. 

പരാതി നൽകിയത് മതവുമായോ വിശ്വാസവുമായോ ബന്ധമില്ലാത്തവർ – ലീന

ഭയമില്ലന്നും ജീവൻ ത്യജിക്കേണ്ടി വന്നാൽ അതിനും തയ്യാറാണെന്നും ലീന സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു. ഇത്തരക്കാർക്ക്‌ മതവുമായോ വിശ്വാസവുമയോ ഒരു ബന്ധവുമില്ലന്നും അവർ വിമർശിച്ചു.

പുതിയ ഡോക്യുമെന്ററി ചിത്രമായ ‘കാളി’യുടെ പോസ്‌റ്റിൽ കാളി പുക വലിക്കുന്നതും ലൈംഗീക ന്യൂനപക്ഷങ്ങളുടെ ബഹുവർണ പതാകയുള്ളതുമാണ്‌ സംഘപരിവാറുകാരെ ചൊടിപ്പിച്ചത്‌.


വേണമെങ്കിൽ എനിക്ക് മുഖ്യമന്ത്രി ആകാമായിരുന്നു – ഫഡ്‌നാവിസ്

ഏകനാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കുന്നത് തന്റെ നിർദേശപ്രകാരമാണെന്ന് ബി.ജെ.പി. നേതാവും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടതിനാലാണ് താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു
‘ഞാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ എനിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. പ്രത്യയശാസ്ത്രത്തിനു വേണ്ടിയാണ് ഞങ്ങള്‍ ഒരു ശിവസേനാ നേതാവിനെ മുഖ്യമന്ത്രിയാക്കിയത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു, ഞാന്‍ ഭാഗമാകാതിരുന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടുപോകില്ലെന്ന്. അതുകൊണ്ടാണ് അവരുടെ ആവശ്യപ്രകാരം ഞാന്‍ ഉപമുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചത്’, ഫഡ്‌നാവിസ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.

മഹാരാഷ്ട്രയിലെ രാഷ്ട്രീയനാടകത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്നും ഏക്‌നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയാകുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഷിന്ദേയെ മുഖ്യമന്ത്രിയായി ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഷിന്ദേയുടെ നേതൃത്വത്തില്‍ വിമത എം.എല്‍.എമാര്‍ കലാപക്കൊടി ഉയര്‍ത്തിയതിന് പിന്നാലെയാണ് മഹാവികാസ് അഘാടി സര്‍ക്കാര്‍ താഴെവീണത്. അന്‍പത്തൊന്നുകാരനായ ഫഡ്‌നാവിസ്, മുന്‍പ് രണ്ടുവട്ടം മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി കസേരയിൽ അധികാരത്തിലിരുന്ന വ്യക്തിയാണ്.

അവതാർ വീണ്ടും വരുന്നു; വിടവാങ്ങാൻ ഒരുങ്ങി ജയിംസ് കാമറൂൺ

അവതാര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാംഭാഗത്തിനുള്ള കാത്തിരിപ്പിനിടയിൽ വിടവാങ്ങൽ സൂചനയുമായി സംവിധായകൻ ജയിംസ് കാമറൂൺ. ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന് ദ വേ ഓഫ് വാട്ടര്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രം 2022 ഡിസംബറിനാണ് റിലീസ് ചെയ്യുന്നത്.

എന്നാല്‍ അവതാറിന്റെ മൂന്നാമത്തേതോ നാലാമത്തേതോ ഭാഗത്തിന് ശേഷം താന്‍ മറ്റുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്ന് പറയുകയാണ് കാമറൂണിപ്പോള്‍. എമ്പയര്‍ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് വിടവാങ്ങൽ സൂചന.

മൂന്നാം ഭാഗത്തിനോ നാലാം ഭാഗത്തിനോ ശേഷം ഞാന്‍ ഈ ബാറ്റണ്‍ മറ്റൊരാള്‍ക്ക് കൈമാറിയേക്കാം. എനിക്ക് വിശ്വസിക്കാന്‍ കഴിയുന്ന ഏതെങ്കിലും പ്രതിഭയ്ക്ക്. എനിക്ക് താല്‍പര്യമുള്ള മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ പോകാം എന്നുണ്ട്-ജെയിംസ് കാമറൂണ്‍ പറഞ്ഞു.

അവതാർ 2 സാഹസിക യാത്രകളുടെ ചിത്രമാവും

അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കും. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെയാണ്‌ കഥ പുരോഗമിക്കുന്നത്. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചിലവ് രണ്ടായിരം കോടിയോളം

1832 കോടി രൂപയാണ് നിര്‍മാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റര്‍ടെയ്മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഡിസംബര്‍ 16 ന് ചിത്രം തിയേറ്ററുകളിലെത്തും. കേറ്റ് വിന്‍സ്ലെറ്റ്, സിഗൂണി വീവര്‍, എഡീ ഫാല്‍ക്കോ, മിഷേല്‍ യോ, ഊനാ ചാപ്ലിന്‍ തുടങ്ങിയവരാണ് അഭിനേതാക്കള്‍

മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററില്‍ നിന്ന് ഉണ്ടാക്കിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം യാഥാര്‍ഥ്യമായത്.

അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012 ലാണ് ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളായിരുന്നു ആലോചിച്ചിരുന്നതെങ്കില്‍ പിന്നീട് കഥ വികസിച്ചുവന്നപ്പോള്‍ നാല് ഭാഗങ്ങള്‍ കൂടി ചേര്‍ക്കുകയായിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു.