മന്ത്രി സജി ചെറിയാൻ്റെ പരാമർശം; മുഖ്യമന്ത്രിയുടെ തീരുമാനം കാത്തിരിക്കയാണെന്ന് ഗവർണർ

മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി ഗവർണർ. വിഷയത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയിൽ നിന്നും ഇതുവരെ വിശദീകരണം തേടിയിട്ടില്ല. നിലവിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.

ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നത്. മന്ത്രിയിൽ നിന്നും മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. തുടർനടപടി വിലയിരുത്തിയ ശേഷം വിഷയത്തിൽ ഇടപെടും. ഭരണഘടന ദേശീയ വിശ്വാസത്തിന്റെ പ്രതീകമാണ്. ഭരണഘടനയോട് എല്ലാവരും കൂർ പുലർത്തുമെന്ന് വിശ്വസിക്കുന്നു. ഭരണഘടനയെ അനുസരിക്കുക എന്നത് പൗരന്മാരുടെ കർത്തവ്യമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ബി.ടെക് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ബി.ടെക്. പ്രോഗ്രാമിന്റെ രണ്ടാംവർഷത്തിലേക്കു പ്രവേശനം നേടി എൻജിനിയറിങ് ബിരുദമെടുക്കാൻ അവസരമൊരുക്കുന്ന ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ കേരള അപേക്ഷ ക്ഷണിച്ചു.

ബി.ടെക്. കോഴ്സുകൾക്ക് അനുവദിച്ച സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകളിലും ആദ്യവർഷത്തിലെ ഒഴിവായ സീറ്റുകളിലുമാണ് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനം.

എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് അലോട്ട്‌മെൻ്റ് നടത്തുന്നത്. ലാറ്ററൽ എൻട്രി വഴി പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സീറ്റുകൾ എന്നിവയുടെ വിശദാംശങ്ങൾ, ഓൺലൈൻ അലോട്ട്‌മെൻറിനു മുമ്പായി പ്രസിദ്ധപ്പെടുത്തും.

www.lbscentre.kerala.gov.in ൽ വിവരങ്ങൾ ലഭിക്കും

കേരളത്തിൻനിന്ന് പുറത്തുനിന്നുള്ളവരെ സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്മെൻറ് സീറ്റുകളിലേക്ക് പരിഗണിക്കും.

യോഗ്യതയും അപേക്ഷയും

യോഗ്യത: എൻജിനിയറിങ്/ടെക്നോളജിയിലെ ത്രിവത്സര ഡിപ്ലോമ/ദ്വിവത്സര ലാറ്ററൽ എൻട്രി ഡിപ്ലോമ/ഡി.വൊക്. (വൊക്കേഷണൽ ഡിപ്ലോമ) അല്ലെങ്കിൽ പ്ലസ്ടു/ബിരുദ തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുള്ള ബി.എസ്‌സി.

യോഗ്യതാ കോഴ്സിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. ഫീസ് ജൂലായ് 11 വരെ അടയ്ക്കാം. അപേക്ഷ പൂർത്തിയാക്കാൻ ജൂലായ് 13 വരെ സമയമുണ്ട്.

കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഒ.എം.ആർ. അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പരീക്ഷയിലെ സ്കോർ പരിഗണിച്ചായിരിക്കും പ്രവേശനം

മഴ കനത്തു, കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി

കനത്ത മഴയെത്തുടർന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളജുകള്‍, ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ,അംഗനവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കളക്ടർ ജൂലൈ ആറ് ബുധനാഴ്ച അവധി പ്രഖ്യാപിച്ചത്

നഷ്ടമാവുന്ന സമയം ക്രമീകരിക്കണം

അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ട‍ര്‍ അറിയിച്ചു. വിദ്യാർത്ഥികളെ മഴക്കെടുതിയിൽ നിന്ന് അകറ്റി നിർത്തുന്നതിനുള്ള നിർദേശങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാലവസ്ഥാ വിഭാഗത്തിന്റെ അറിയിപ്പനുസരിച്ച് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് ജാഗ്രത നിർദേശമുണ്ട്. ഇതിൽ ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, തൃശൂർ, മലപ്പുറം കോഴിക്കോട്, കണ്ണൂർ, കാസർഗോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്.

പ്ലസ് വൺ പ്രവേശനത്തിന് മുൻപ് അറിഞ്ഞിരിക്കേണ്ട സാങ്കേതിക കാര്യങ്ങൾ

രക്ഷിതാക്കളും വിദ്യാഥികളും അറിയേണ്ടത്

പ്ലസ് ടു തലത്തിലേക്കുള്ള പ്രവേശന നടപടികൾ ആയി. ഏകജാലക സംവിധാനത്തിലൂടെയാണ് അപേക്ഷ സ്വീകരിക്കുന്നത്. അപേക്ഷ സമർപ്പിക്കുമ്പോഴും അതിന് ശേഷമായാലും പ്രവേശനത്തിനായുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.

സാങ്കേതിക പദാവലികളും ചില്ലറ ഗണിത ശാസ്ത്രവും ഒക്കെ ചേർന്നതാണ് അപേക്ഷകരെ മുൻഗണനാ ക്രമത്തിൽ നിശ്ചയിക്കുന്ന നടപടി. ഇത് മനസിലാക്കി വെക്കണം. സാധ്യകൾ വിലയിരുത്താനും എളുപ്പമാവും

പ്രവേശനത്തിന് അർഹരായവരെ വേർതിരിക്കുന്നത് എങ്ങനെയാണ്

ആദ്യം കുട്ടിക്ക് കിട്ടിയ ഗ്രേഡ് മുൻനിർത്തി ഗ്രേഡ് പോയിന്റ് കണക്കാക്കുക.

A+ – 9
A – 8
B+ – 7
B – 6
C+ – 5
C – 4
D+ – 3

ഇതു പോലെ വിദ്യാർഥിക്ക് ലഭിച്ച ഗ്രേഡുകളെ ഗ്രേഡ് പോയിന്റുകളാക്കി മാറ്റുകയാണ് ആദ്യം ചെയ്യുന്നത്. എന്നിട്ട് ഓരോ പേപ്പറിൻ്റെയും ഗ്രേഡ് കണക്കാക്കി അതിൻ്റെ മൊത്തം തുക കാണും.

ഇതാണ് TGP (Total Grade Point) അഥവ മൊത്തം ഗ്രേഡ് പോയിന്റ്. TGP യെ മാത്രം നോക്കി പ്രവേശന സാധ്യത പരിശോധിക്കാൻ കഴിയില്ല.

TGP യോടൊപ്പം തന്നെ വിലയിരുത്തി കണക്കാക്കുന്ന ഒന്നാണ് GSW.

എന്താണ് GSW?

GSW- total Grade value of subjects for which Weigtage is given. ( വിദ്യാർഥി തിരഞ്ഞെടുക്കുന്ന കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ).

ഒരു കുട്ടി ഏത് കോമ്പിനേഷൻ ആണോ ആഗ്രഹിക്കുന്നത്, ആ കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് ഗ്രേഡ് പോയിന്റ് കണക്കാക്കുന്നതിനും ചില ഘട്ടങ്ങളുണ്ട്.

വിഷയങ്ങൾ ധാരാളം പക്ഷെ എല്ലായിടത്തും എല്ലാം ഇല്ല

ആകെ 46 തരം കോമ്പിനേഷനുകൾ ഉണ്ടെങ്കിലും കുട്ടിക്ക് പോയി വരാവുന്ന ദൂരത്തിലുള്ള ഓരോ സ്കൂളുകളിലും ശരാശരി മൂന്നോ നാലോ കോമ്പിനേഷനുകളേ കാണൂ. അപേക്ഷ സമർപ്പിക്കാൻ പോകുന്നതിന് മുമ്പ് ഇത് രക്ഷിതാക്കളും കുട്ടികളും കൃത്യമായി മനസ്സിലാക്കിയിരിക്കണം.

സയൻസ് കോമ്പിനേഷൻ

കോഴ്സ് കോഡ് 01 മുതൽ 09 വരെ സയൻസ് കോമ്പിനേഷൻ ആണ്.

എങ്കിലും കോഡ് 04 മുതൽ 08 വരെയുള്ള കോമ്പിനേഷന് ഫിസിക്സ്, കെമിസ്ട്രി & മാത്തമാറ്റിക്സ് ആണ് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ.

01, 02, 03, 09 ബയോ മാത്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഈ ഗ്രൂപ്പിന്റെ വെയ്റ്റേജ് വിഷയങ്ങൾ മേൽ പറഞ്ഞ വിഷയങ്ങളുടെ കൂടെ ബയോളജിയെ കൂടി പരിഗണിക്കും. (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്)

സോഷ്യൽ സയൻസ്

കോഡ് 10 മുതൽ 29 വരെയും 41,42,43,45,46 യും ഹ്യൂമാനിറ്റീസ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയം സോഷ്യൽ സയൻസ് മാത്രം ആണ്.

എന്നാൽ കോഡ് 30 മുതൽ 32 വരെയുള്ള ഹ്യുമാനിറ്റീസ് കോമ്പിനേഷന് സോഷ്യൽ സയൻസ് ആൻഡ് മാത്തമാറ്റിക്സ് ആണ്.

ഇതിനു പുറമെ കോഡ് 33,34,35 ആൻഡ് 44 ന്റെ വെയ്റ്റേജ് വിഷയങ്ങൾ സോഷ്യൽ സയൻസ് ആൻഡ് ഇംഗ്ലീഷും ആണ്.

കൊമേഴ്സ് കോമ്പിനേഷൻ

കോഡ് 36 മുതൽ 39 വരെയുള്ള കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് നൽകുന്ന വിഷയങ്ങൾ മാത്തമാറ്റിക്സ് ആൻഡ് സോഷ്യൽ സയൻസ് ആണ്.

ഇപ്രകാരം ഉദ്ദേശിക്കുന്ന വിദ്യാലയങ്ങളിൽ വിദ്യാർഥി തിരഞ്ഞെടുക്കുന്ന കോമ്പിനേഷന് കിട്ടുന്ന വെയ്റ്റേജ് പോയിന്റ് എത്രയെന്ന് മാർക്ക് ലിസ്റ്റ് നോക്കി കണക്കാക്കി വെക്കാൻ കഴിയും. ഈ തുകയാണ് GSW.

TGP യെ പോലെ തന്നെ വളരെയധികം പ്രധാനപ്പെട്ടതാണ് GSW. പ്ലസ് വൺ പ്രവേശനത്തിന് GSW നിർണ്ണായകമായൊരു ഘടകമാണെന്ന് ഓർക്കുക. ഒരേ വിഷയത്തിന് അപേക്ഷിച്ച ചില വിദ്യാർഥികളുടെ TGP തുല്യമായിരിക്കാം, പക്ഷെ, GSW തുല്യമായി വന്നോളണം എന്നില്ല.

കുട്ടികൾ അവർക്ക് കിട്ടിയ ഗ്രേഡുകൾ ഏതാണ്ട് തുല്യമാണെന്ന് കണ്ട് ഒരേ കോമ്പിനേഷന് അപേക്ഷിച്ച് ചിലർക്ക് കിട്ടുകയും ചിലർക്ക് കിട്ടാതിരിക്കുകയും ചെയ്യുന്നതിന്റെ ഒരു കാരണം ഇതാണ്.

ബോണസ് പോയിൻ്റ് B P

ബോണസ് പോയിൻ്റ് സംബന്ധിച്ച് സർക്കാർ അവസാന ഘട്ടം വരെ തീരുമാനം എടുക്കാൻ കഴിയാതെ ആശയ കുഴപ്പം നേരിട്ടു എന്നാണ് വ്യക്തമാവുന്നത്. ഇത് സർക്കാർ പ്രോസ്പെക്ടസ് അംഗീകരിക്കുന്നത് അനുസരിച്ച് വ്യത്യാസങ്ങൾ വരാം. അതായത് എതിനൊക്കെ ബോണസ് പോയിൻ്റ് നൽകണം നൽകാതിരിക്കണം എന്ന് ഓരോ വർഷത്തെയും തീരുമാനത്തെ അനുസരിച്ചിരിക്കും

  1. പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിന്റ് ലഭിക്കും.
  2. SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിന്റ് ലഭിക്കും.
  3. താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിലുള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിന്റ് ലഭിക്കും.
  4. താമസിക്കുന്ന അതേ താലൂക്കിലുള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിന്റ് ലഭിക്കും.
  5. താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കൻഡറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ ബോണസ് പോയിന്റ് ലഭിക്കും.
  6. NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം), സ്കൗട്ട് ആൻഡ് ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം),
  7. നീന്തൽ അറിവ് (അപേക്ഷകൻ താമസിക്കുന്ന തദ്ദേശ ഭരണസ്ഥാപനങ്ങൾക്ക് കീഴിലുള്ള സ്പോർട്സ് കൗൺസിൽ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്പോർട്സ് കൗൺസിൽ രൂപീകരിച്ചിട്ടില്ലാത്ത മേഖലകളിലുള്ളവർ ജില്ല സ്പോർട്സ് കൗൺസിലിന്റെ സർട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
  8. (വാർഡ് മെമ്പർ, തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ പ്രസിഡന്റ്/സെക്രട്ടറി തുടങ്ങിയവർ നൽകുന്ന സർട്ടിഫിക്കറ്റ് പരിഗണിക്കുകയില്ല.
  9. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിന്റ് ലഭിക്കും.
  10. കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിന്റ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)
  11. ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിന്റ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

ഈ പട്ടിക നോക്കി അപേക്ഷകന് എത്ര BP (ബോണസ് പോയിന്റ്) കിട്ടുമെന്ന് കണക്കാക്കാവുന്നതാണ്. ഇത് അതത് വർഷം സർക്കാർ അംഗീകരിക്കുന്ന പ്രോസ്പെക്ടസ് പ്രകാരം വ്യത്യാസപ്പെടും.

Minus Point M P

SSLC ആദ്യ തവണ പാസായിട്ടില്ലെങ്കിൽ, പാസാവാൻ എടുക്കുന്ന ഓരോ ചാൻസിനും 1 പോയിന്റ് വച്ച് കുറയ്ക്കും.

ടോട്ടൽ സബ്ജക്ട് T S

ആകെ വിഷയങ്ങളുടെ എണ്ണമാണിത്. SSLC ക്കാർക്ക് 10 ആണ്.

TSW (Total Subject for Weightage)

തിരഞ്ഞെടുക്കുന്ന കോമ്പിനേഷൻ്റെ വെയ്റ്റേജ് വിഷയങ്ങളുടെ എണ്ണം ആണിത്.

ഇത് ബയോ മാത്സിന് 4, മറ്റു സയൻസുകൾക്ക് 3,

കൊമേഴ്സിന് 2, ഹ്യുമാനിറ്റീസിന് 1 എന്നിങ്ങനെയാണ് വരിക. ( ഹ്യുമാനിറ്റീസ് കോഡ് 33,34,35, 44 ന്റെ TSW 2 ആണ്.)

തീർന്നില്ല ഇവയുടെ അടിസ്ഥാനത്തിൽ WGPA കണക്കാക്കണം

ഇതു പ്രകാരമാണ് അപേക്ഷ സമർപ്പിച്ച ഓരോ വിഷയത്തിനും സീറ്റ് അനുസരിച്ച് അഡ്മിഷൻ നൽകുന്നത്

WGPA കണക്കാക്കുന്നത് എങ്ങിനെ എന്ന് പരിശോധിക്കാം.

WGPA=

TGP+GSW BP-MP
—————– + ————-
TS +TSW 10

ഇപ്പോൾ കിട്ടിയ തുകയുടെ ഏഴ് ദശാംശ സ്ഥാനം വരെ എടുക്കുക. ഈ സംഖ്യയാണ് WGPA

WGPA തുല്യമായി വരുമ്പോൾ വിവിധ മാനദണ്ഡങ്ങളെ മുൻ നിർത്തി ടൈ ബ്രേക്കിംഗ് ചെയ്യും.

സയൻസ് കോമ്പിനേഷന്, വെയ്റ്റേജ് വിഷയങ്ങളുടെ ഗ്രേഡ് പോയിന്റ് കുറവാണെങ്കിൽ ഹ്യുമാനിറ്റീസ്/ കൊമേഴ്സ് കോമ്പിനേഷന് വെയ്റ്റേജ് ഉണ്ടോ എന്ന് നോക്കണം.

എല്ലാ കോമ്പിനേഷനും അതിന്റെ സാധ്യതകളുണ്ട്. സയൻസ് പഠിച്ചാൽ നല്ല ജോലി സാധ്യത ഉണ്ടാകും, ഹ്യുമാനിറ്റീസ് പഠിച്ചാൽ മെച്ചമുണ്ടാകില്ല എന്നുള്ളതൊക്കെ തെറ്റായ ധാരണകളാണ്. വിദ്യാർഥികൾ അതത് വിഷയത്തിൽ ഉടനീളം പുലർത്തുന്ന മികവാണ് ഏറ്റവും പ്രധാനം.

എല്ലാ കോമ്പിനേഷനും മിടുക്കന്മാർക്കുള്ളതാണ്, എല്ലാത്തിനും നല്ല ജോലി സാധ്യത/ഉപരി പഠന സാധ്യതയുണ്ട്, കോഴ്സ് കഴിയുന്ന ആൾ അതിനെ എപ്രകാരം ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിന്റെ സാധ്യത കിടക്കുന്നത്.

പ്ലസ് വൺ പ്രവേശനം, അപേക്ഷ വ്യാഴാഴ്ച മുതൽ
https://keralapost.online/100004925/

പ്ലസ് വൺ പ്രവേശനം, അപേക്ഷ വ്യാഴാഴ്ച മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം നാളെ ബുധനാഴ്ച പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാൻ സൌകര്യം ലഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ഇത്തവണ അധിക ബാച്ചുകൾ നേരത്തെ

മുൻ വർഷങ്ങളിൽ അധികബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കിൽ താൽക്കാലിക ബാച്ചുകൾ പിന്നീട് അനുവദിക്കും.

ബോണസ് പോയിൻ്റ്; ആശയ കുഴപ്പം തുടരുന്നു

ബോണസ് പോയിന്റ് സമ്പ്രദായം പൂർണമായും നിർത്തലാക്കില്ല എന്നും മന്ത്രി പറഞ്ഞു. നീന്തലിനുൾപ്പെടെ മികവിൻ്റെ അടിസ്ഥാനത്തിൽ പോയിന്റ് അനുവദിച്ചേക്കും എന്നാണ് വിവരം. നീന്തൽ സർട്ടിഫിക്കറ്റ് പരിഗണിക്കുന്നില്ല എന്ന് പറഞ്ഞിതിൻ്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ മിക്കതും നീന്തൽ പരീക്ഷയും സർട്ടിഫിക്കറ്റ് നൽകലും മാറ്റി വെച്ചിരുന്നു.

ഈ കാര്യങ്ങളിൽ ആവശ്യമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം തേടും എന്നാണ് മന്ത്രി പറയുന്നത്. നാളെയാണു മന്ത്രിസഭാ യോഗം.

ബോണസ് പോയിന്റിലുൾപ്പെടെ തീരുമാനം വൈകുന്നതു മൂലം എസ്എസ്എൽസി പരീക്ഷാഫലം വന്നു മൂന്നാഴ്ചയോളമായിട്ടും പ്ലസ് വൺ പ്രവേശന നടപടി ആരംഭിക്കാനാവാത്ത സാഹചര്യമായിരുന്നു. ഇത് ഇപ്പോഴും നിശ്ചയമവാത്ത അവസ്ഥയാണ്.

ബോണസ് പോയിൻ്റിൽ ഉരുണ്ടു മറിച്ചിൽ

ചില അധ്യാപകർ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. വിദ്യാർത്ഥികളെ ശത്രുക്കളായി കാണുകയും അവർക്കെതിരെ പരസ്യമായി  പ്രതികരിക്കുകയും ചെയ്യുന്നരീതിയും കണ്ടു വരുന്നുണ്ട്.  അവരെല്ലാം കേരളത്തിലുള്ളവരാണ്. അവരുടെയും ഉപരിപഠനാവസരം  സംരക്ഷിക്കേണ്ടതായുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.

വിമർശനവും ശക്തം

മന്ത്രിയുടെ നിയമസഭാ മറുപടി ബോണസ് സംബന്ധിച്ച കേരള സിലബസുകരുടെ  ആശങ്കയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ്. മറ്റ് സിലബസിൽ പഠിച്ച കുട്ടികൾക്ക് കേരളാ സിലബസിലെ പ്ലസ് വണ്ണിലേക്ക് മാറാൻ സൗകര്യമാണെങ്കിലും തിരികെ അത്തരമുള്ള സൗകര്യം ലഭിക്കാറില്ലെന്ന കാര്യം മന്ത്രി മറക്കുന്നുവെന്നാണ് വിമർശകർ ചൂണ്ടി കാട്ടുന്നു

സംസ്ഥാന സർക്കാർ സിലബസിൽ പത്താം ക്ലാസ് വരെ പഠിച്ച വിദ്യാർത്ഥികളെ ഒഴിവാക്കി മറ്റ് സിലബസിൽ നിന്നും വരുന്നവർക്ക് മുൻഗണന നൽകുന്നതോടെ കേരള സർക്കാർ സിലബസിൽ പത്താം തരം വരെ പഠിക്കാൻ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾക്ക് രണ്ട് തവണ ആലോചിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുക.  ഇത്തവണത്തെ പരീക്ഷയും പരീക്ഷാഫലവും ഉയർത്തിയ പ്രതിസന്ധിയുടെ തുടർച്ചയാണ് പ്ലസ് വൺ പ്രവേശനത്തിനും സർക്കാർ സൃഷ്ടിക്കുന്നത്. സംസ്ഥാന സിലബസിൽ വിദ്യാർത്ഥികൾ നേടിയ മുന്നേറ്റം മറ്റ് സിലബസിൽ പഠിക്കാൻ പോയിരുന്ന വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആകർഷിക്കുകയും അവർ സംസ്ഥാന സിലബസിൽ ചേരുകയും ചെയ്തതായി  മുൻ സർക്കാരിന്റെ കാലത്ത് കണക്കുകൾ നിരത്തി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെ വന്ന വിദ്യാർത്ഥികളെ തള്ളിപ്പറയുന്ന സമീപനമാണ് വിദ്യാഭ്യാസ വകുപ്പും സർക്കാരും ചെയ്യുന്നത് എന്നാണ് ആരോപണം.

കീം 2022 ഉത്തര സൂചിക പ്രസിധീകരിച്ചു

കീം 2022- എൻജിനിയറിങ്/ഫാർമസി കോഴ്‌സ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം

ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും ഫീസായി 100 രൂപ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷിക്കണം. 13 ന് വൈകുന്നേരം 5 മണിക്ക്‌ മുമ്പ് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭ്യമാക്കണം.

ഹെൽപ് ലൈൻ നമ്പർ: 0471 2525300.

ഇടപാടുകാർക്ക് അഞ്ച് ഫ്രീ സർവ്വീസുകളുമായി എസ് ബി ഐ

എസ് ബി ഐ അക്കൌണ്ട് ഹോൾഡേഴ്സിന് അഞ്ചു സർവ്വീസുകൾ ഫോണിൽ ലഭ്യമാക്കി എസ് ബി ഐ. ജൂലൈയ് നാലു മുതലാണ് സൌജന്യ സർവ്വീസുകൾ പ്രഖ്യാപിച്ചത്.

ബാലൻസ് വിവരങ്ങൾ

അവസാനത്തെ 5 ഇടപാടുകളുടെ വിവരങ്ങൾ

എടിഎം കാർഡ് ബ്ലോക്കിങ്ങും, ഡെസ്പാച്ച് സംബന്ധിച്ച അപഡേറ്റുകളും

ചെക്ക് ബുക്ക് ഡെസ്പാച്ച് ഡീറ്റയിൽസ്

ടി ഡി എസ് സംബന്ധിച്ച വിവരങ്ങളും, ഇൻററസ്റ്റ് സർട്ടിഫിക്കറ്റ് മെയിലിൽ ലഭിക്കാനും

പഴയ എടിഎം കാർഡ് ബ്ലോക്ക് ചെയ്ത് പുതിയത് ലഭിക്കാനുള്ള അപേക്ഷ

ഇവയെല്ലാം ഒറ്റ കാളിൽ ഫോണിൽ ലഭ്യമാക്കാൻ കഴിയും

ഈ സൌകര്യം ലഭിക്കാൻ മൂന്ന് ടോൾ ഫ്രീ നമ്പറുകളും എസ്ബിഐ പുറത്തിറക്കി. ഈ നമ്പറുകളിൽ വിളിച്ചാൽ സൌകര്യങ്ങളിൽ ഫോണിൽ ഏർപ്പെടുത്താം

1800 1234 (toll-free), 1800 11 2211 (toll-free), 1800 425 3800 (toll-free),1800 2100(toll-free) 

ഫുട്ബോൾ ലോകകപ്പ് 2022 ടിക്കറ്റുകൾ സ്വന്തമാക്കാം

ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങളുടെ ടിക്കറ്റുകള്‍ ഇന്ന് മുതല്‍ സ്വന്തമാക്കാം. റാന്‍ഡം നറുക്കെടുപ്പ് രീതിക്ക് പകരം ആദ്യമെത്തുന്നവര്‍ക്ക് ആദ്യമെന്ന രീതിയിലാണ് ടിക്കറ്റ് നല്‍കുന്നത്.

18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ നല്‍കിയത്. ടിക്കറ്റ് സ്വന്തമാക്കിയവരില്‍ ഇന്ത്യക്കാര്‍ ആദ്യ പത്തിലുണ്ട്

ഇന്ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മുതല്‍ ടിക്കറ്റ് ലഭ്യമായി തുടങ്ങും. ഫിഫ വെബ്സൈറ്റില്‍ ടിക്കറ്റ്സ് എന്ന ലിങ്കില്‍ കയറി ബുക്ക് ചെയ്യാം. ടിക്കറ്റ് ലഭിക്കുന്നവര്‍ അപ്പോള്‍ തന്നെ പണമടയ്ക്കുകയും വേണം. ആഗസ്റ്റ് 16 വരെ ഇങ്ങനെ ടിക്കറ്റ് എടുക്കാന്‍ അവസരമുണ്ട്.

ആദ്യ ഘട്ട ബുക്കിങ്ങിന് ശേഷവും നറുക്കെടുപ്പ് വഴിയല്ലാതെ ടിക്കറ്റ് സ്വന്തമാക്കാന്‍ ഫിഫ അവസരമൊരുക്കിയിരുന്നു.

ഇനി ഒരവസരം കൂടി മാത്രം

ഈ ഘട്ടം കഴിഞ്ഞാല്‍ ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാന്‍ ഒരവസരം കൂടിയുണ്ട്.ഇന്ത്യ, ഇംഗ്ലണ്ട്, ഫ്രാൻസ്, കാനഡ, സ്പെയിൻ, യുഎസ്എ, ജർമ്മനി, യുഎഇ, സൗദി അറേബ്യ, കൂടാതെ ആതിഥേയരായ ഖത്തർ എന്നിവയാണ് ഏറ്റവും കൂടുതൽ ടിക്കറ്റ് വാങ്ങുന്ന രാജ്യങ്ങൾ.

2.4 മില്യൺ ജനസംഖ്യ മാത്രമുള്ള ഖത്തറിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. മരുഭൂമിയിൽ ടെൻ്റുകൾ വരെ കളികാണാൻ എത്തുന്നവർക്ക് താമസത്തിനായി ലഭിക്കും. 1,30,000 മുറികൾ ഒരുക്കയിട്ടുണ്ട്. ടെൻ്റുകൾ ദിവസം 85 ഡോളർ എന്ന നിരക്കിലും പ്രഖ്യാപിച്ചിട്ടുണ്ട്.

ഖത്തർ എക്കണോമിയിൽ 17 ബില്യൺ ഡോളറിൻ്റെ കുതിപ്പാണ് ലോക കപ്പോടെ പ്രതീക്ഷിക്കുന്നത്. 1.2 കാണികളെയാണ് പ്രതീക്ഷിക്കുന്നത്.

പനി പലതരമായി പടരുന്നു, കാസറഗോഡ് പന്നിപ്പനി സ്ഥിരീകരിച്ചു;

മാസ്ക് മറക്കാതിരിക്കാം

കാസറഗോഡ് രണ്ടുപേര്‍ക്ക് എച്ച്1എന്‍1. പന്നിപ്പനി സ്ഥിരീകരിച്ചു. തൃക്കരിപ്പൂര്‍ താലൂക്കാസ്പത്രിയില്‍ പനിയുമായി എത്തിയവരില്‍ ലക്ഷണം തോന്നിയ ഏഴുപേരുടെ സാമ്പിളെടുത്ത് പരിശോധിച്ചതിലാണ് രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഡെങ്കിപ്പനിയും എലിപ്പനിയും തക്കാളിപ്പനിയും മലേറിയയും മഞ്ഞപ്പിത്തവും പടരുന്നതിനിടയിലാണ് പന്നിപ്പനിയും സ്ഥിരീകരിക്കുന്നത്.

കോവിഡ് പ്രതിരോധനത്തിനും മാസ്കും അകൽച്ചയും ശ്രദ്ധയും കുറച്ച ശേഷം കേരളത്തിൽ പനി പടർന്ന് പിടിക്കയാണ്. കഴിഞ്ഞ വർഷങ്ങളിലെ അപേക്ഷിച്ച് വൻ വർധനവാണ്.

സർക്കാർ ആശുപത്രികളിൽ ഇരട്ടിയിൽ അധികം ആളുകൾ പനുയുമായി എത്തുന്നു. കഴിഞ്ഞവര്‍ഷത്തേയും ഈ വര്‍ഷത്തേയും പനിക്കണക്ക് വൻ വ്യത്യാസമാണ്. കഴിഞ്ഞ വര്‍ഷം സർക്കാർ കണക്കിൽ ജനുവരിമുതല്‍ ജൂണ്‍വരെ പനിച്ചവരുടെ ഇരട്ടിയിൽ അധികം പേർക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പന്നിപ്പനി

ഇന്‍ഫ്ളുവെന്‍സ എ എന്ന ഗ്രൂപ്പില്‍പെട്ട വൈറസാണ് എച്ച്1 എന്‍1. പന്നികളിലാണ് സാധാരണ ഇത് കൂടുതലായി കണ്ടുവരുന്നത്. പന്നികളുമായി അടുത്തിടപഴകുന്ന ആളുകളിലേക്ക് അസുഖം പകരാനുള്ള സാധ്യത.

രോഗലക്ഷണങ്ങള്‍

പനി, ശരീരവേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസംകൊണ്ട് ഭേദമാകും. എന്നാല്‍ ചിലരില്‍ അസുഖം ഗുരുതരമാവാന്‍ ഇടയുണ്ട്. ശ്വാസകോശത്തിലെയും തലച്ചോറിലെയും അണുബാധ, നിലവിലുള്ള അസുഖങ്ങള്‍ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീര്‍ണതകള്‍.

രോഗം പകരുന്നത് വായു വഴി

രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തില്‍ പടര്‍ന്ന് മറ്റൊരാളിലെത്തുന്നു. പരിസരത്തുള്ള വസ്തുക്കളിലും വൈറസ് നിലനില്‍ക്കാന്‍ ഇടയുണ്ട്. തുമ്മലും ചീറ്റലും ഉണ്ടാവുമ്പോൾ ഒരു മീറ്റര്‍ ചുറ്റളവില്‍ വൈറസ് വ്യാപിക്കും

മാസ്‌ക് ധരിക്കല്‍, കൈ കഴുകല്‍ തുടങ്ങി കോവിഡ് കാലത്ത് കൈക്കൊണ്ട മുന്‍കരുതലുകളെല്ലാം എടുക്കണം.

രാഹുൽഗാന്ധിക്ക് എതിരെ വ്യാജ വാർത്ത ചെയ്ത ചാനൽ അവതാരകനെ യുപി പൊലീസ് റാഞ്ചി

രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച ചാനൽ അവതാരകനെ യു പി പൊലീസ് റാഞ്ചി. ഛത്തീസ്ഗഡ് പൊലീസ് എത്തി അറസ്റ്റു ചെയ്യും എന്നായപ്പോൾ നാടകീയ നീക്കങ്ങളിലൂടെ യുപി പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുകയായിരുന്നു. സീ ന്യൂസ് ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാനാണ് ഛത്തീസ്ഗഡ് പോലീസ് എത്തിയത്. എന്നാൽ ഇയാളെ ഉത്തർപ്രദേശ് പോലീസെത്തി നാടകീയ നീക്കത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവത്തിൽ മുൻ കേന്ദ്രമന്ത്രിയും എം.പി.യുമായ രാജ്യവർധൻ സിങ് റാഥോഡിനെതിരെയും കേസ് എടുത്തു. ഛത്തീസ്ഗഡിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സീ ന്യൂസ് ചാനൽ പുറത്തുവിട്ട വ്യാജ വീഡിയോയാണ് റാഥോഡ് അടക്കമുള്ള ബി.ജെ.പി. നേതാക്കൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. അതേസമയം

കല്പറ്റയിലെ പ്രസ്താവന ഉദയ്പൂർ കൊലപാതകത്തെ കുറിച്ച് എന്ന് പ്രചരിപ്പിച്ചു

‘വയനാട്ടിലെ എം.പി. ഓഫീസ് തകർത്തത് കുട്ടികളാണെന്നും അവരോട് ദേഷ്യമില്ലെ’ന്നുമുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവന വളച്ചൊടിച്ച് ഉദയ്‌പുരിലെ തയ്യൽക്കാരൻ കനയ്യലാലിനെ കൊന്നവരെ രാഹുൽ കുട്ടികളെന്നു വിശേഷിപ്പിച്ചു എന്ന തരത്തിലായിരുന്നു ചാനൽ വാർത്ത നൽകിയത്. വയനാട് പ്രസ്താവനയുടെ ഒരുഭാഗംമാത്രം ചേർത്തായിരുന്നു വാർത്ത. സംഭവത്തിൽ ആറ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് പരാതി നൽകിയിരുന്നു. ഇതിൽ ഛത്തീസ്ഗഡ് പോലീസാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

ചാനൽ അവതാരകൻ രോഹിത് രഞ്ജനെ അറസ്റ്റ് ചെയ്യാൻ ഛത്തീസ്ഗഡ് പോലീസ് ഗാസിയാബാദിൽ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയപ്പോൾ ഉത്തർപ്രദേശ് പോലീസ് തടയുന്ന അവസ്ഥയും ഉണ്ടായി. ഇതിനു ശേഷം നോയിഡ സെക്ടർ 20ൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതിനുള്ള ഡി.എൻ.എ. പ്രൈം ടൈം ഷോയിലാണ് അവതാരകനായ രോഹിത് രഞ്ജൻ ഉദയ്‍പുർ കൊലയാളികളെ രാഹുൽ കുട്ടികളെന്നു വിളിച്ചത് ഞെട്ടിച്ചുവെന്ന് അഭിപ്രായപ്പെട്ടത്. ഇതാണ് ബി.ജെ.പി. നേതാക്കളായ റാഥോഡും സുബ്രത് പഥക് എം.പി., കമലേഷ് സൈനി എം.എൽ.എ. എന്നിവരും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

കോൺഗ്രസ് നേതാക്കൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ ആദ്യം ഒഴിവാക്കിയെങ്കിലും റാത്തോഡ് വീണ്ടും പങ്കുവെച്ചു. ട്വിറ്ററും ഉള്ളടക്കം വ്യാജമെന്ന് മുദ്ര കുത്തിയിരുന്നു. ഒഴിവാക്കിയ പോസ്റ്റ് റാഥോഡ് വീണ്ടും അപ്‌ലോഡ് ചെയ്തതു. രാഹുൽഗാന്ധിയെ അപഹാസ്യനാക്കാനുള്ള ബി.ജെ.പി.യുടെ മനഃപൂർവമുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്കെഴുതിയ കത്തിൽ ചൂണ്ടികാണിച്ചിരുന്നു.

രാഹുലിനെതിരായ വ്യാജവാർത്തകളുടെ തുടർച്ച

നേരത്തേയും രാഹുലിന്റെ വയനാടൻ സന്ദർശനവുമായി ബന്ധപ്പെട്ട് ഹിന്ദി മേഖലയിൽ വലിയതോതിൽ വ്യാജപ്രചാരണം നടന്നിരുന്നു. രാഹുലിന്റെ തിരഞ്ഞെടുപ്പു പ്രചാരണവേളയിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പച്ചപ്പതാക വീശിയത് പാകിസ്താൻ പതാകയെന്ന തരത്തിലായിരുന്നു പ്രചാരണം.