ട്വന്റി-20 യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവും ഉയർന്ന സ്‌കോറോടെ ജേതാക്കളായി ഇന്ത്യ

0

ഇന്ത്യ – ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 44 റൺസ് വിജയം. 236 റൺസ് ലക്ഷ്യം വെച്ചിറങ്ങിയ ഓസീസ് പോരാട്ടം 191 ൽ ഉടക്കി നിന്നു. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ് കൃഷ്ണയും രവി ബിഷ്‌ണോയിയും 3 വിക്കറ്റുകൾ വീതം വീഴ്ത്തി. പരമ്പരയിൽ ഇന്ത്യ 2-0 ത്തിന് മുന്നിലാണ്.

ഇന്ത്യയുടെ ബാറ്റിംഗ് വെടിക്കെട്ടിനാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം സാക്ഷിയായത്. ഇന്ത്യയുടെ ഓപ്പണർമാരായ ഋതുരാജ് ഗെക്വാദും യശസ്വി ജയ്‌സ്വാളും അർധ സെഞ്ചുറി നേടി. മൂന്നാമനായി ഇറങ്ങിയ ഇഷാൻ കിഷനും അർധ സെഞ്ചുറി നേടി.

58 റൺസെടുത്ത ഋതുരാജ് ഗെക്വാദാണ് ടോപ്പ് സ്‌കോറർ. യശ്വസി ജെയ്‌സ്വാൾ 53 റൺസും ഇഷാൻ കിഷൻ 52 റൺസും നേടി. 9 പന്തിൽ നിന്ന് 31 റൺസുമായി ഇന്ത്യയുടെ പുതിയ ഫിനിഷർ റിങ്കു സിംഗും ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ട്വന്റി-20 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറാണ് തിരുവനന്തപുരത്ത് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് വലിയ തകർച്ചയാണ് നേരിടേണ്ടി വന്നത്. ഗ്ലെൻ മാക്‌സ്വലും ജോഷ് ഇംഗ്ലിസും പുറത്തായി. ഓസ്‌ട്രേലിയയുടെ മുൻനിര ഇതോടെ തകരുകയായിരുന്നു.

“ഔദാര്യമല്ല” കേന്ദ്ര ധനകാര്യ മന്ത്രിയുടെ വിശദീകരണത്തിനെതിരെ മുഖ്യമന്ത്രി

0

കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ ആരോപണം ഉന്നയിച്ച കേന്ദ്രമന്ത്രി നിർമല സീതാരാമന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ധനമന്ത്രി വസ്തുതകൾ തെറ്റായി അവതരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമ പെൻഷൻ വിഹിതം മൂന്നരവർഷം പിടിച്ചുവച്ച് വിഷമിപ്പിച്ചതായി മുഖ്യമന്ത്രിയും കണക്കുകൾ നിരത്തി.

ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് കേന്ദ്രസഹായം കിട്ടുന്നത്. സംസ്ഥാനത്തിന് 34714 കോടി ഗ്രാൻഡ് അനുവദിച്ചുവെന്നാണ് ധനമന്ത്രിയുടെ വാദം. ഇതൊന്നും ഔദാര്യമല്ല. കേരളത്തിന് കിട്ടേണ്ട വിഹിതമാണ്. സംസ്ഥാനത്തിനുണ്ടായ നഷ്ടത്തിന്റെ പകുതിപോലും പരിഹരിക്കപ്പെട്ടിട്ടില്ല. വരുന്ന രണ്ടു വർഷത്തിൽ റവന്യൂ കമ്മി ഗ്രാൻഡ് ഇനത്തിൽ കേരളത്തിൽ ഒന്നും കിട്ടില്ലെന്ന് മനസ്സിലായി. സംസ്ഥാനങ്ങൾക്ക് വീതിച്ച് നൽകുന്ന നികുതി വിഹിതം കുറഞ്ഞു വരുന്നു. കേരളത്തിന് ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു. 57400 കോടി രൂപ കുറച്ച സ‍ര്‍ക്കാരാണ് ഇവിടെ വന്ന് എല്ലാം ചെയ്തുവെന്ന് പറയുന്നത്.

സംസ്ഥാനത്തെ ദ്രോഹിക്കുന്ന നിലപാട് സ്വീകരിച്ചിട്ട് ഇവിടെ വന്ന് അതെല്ലാം മറച്ചുവച്ചു ന്യായീകരിക്കുന്ന നടപടിയാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നിർമല സീതാരാമന്റെ അവകാശങ്ങൾ ഒരുതരത്തിലും ശരിയായിട്ടുള്ളതല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.  

ജി എസ് ടി വന്നതോടെ

ജി എസ് ടി വന്നതോടെ നികുതി അധികാരം ചുരുങ്ങി. വലിയ തോതിൽ നികുതി വിഹിതം കുറഞ്ഞു. 2018 മുതൽ കേന്ദ്രത്തിൽ നിന്ന് കിട്ടാൻ ഉള്ള വിവിധ തുകകൾ ആണ് മുടങ്ങിയത്. യുജിസി ഗ്രാൻഡ് ഇനത്തിൽ സംസ്ഥാനം കൊടുത്ത് തീർത്ത തുകയാണ് കേന്ദ്രം വൈകി തന്നത്. വിമര്‍ശനം രൂക്ഷമായതോടെയാണ് പണം തന്നത്. സമയാസമയങ്ങളിൽ കേന്ദ്ര വിഹിതം കിട്ടാത്തത് കൊണ്ടാണ് കടം എടുക്കേണ്ടി വരുന്നത്. നാടിനെ ശ്വാസം മുട്ടിക്കുന്ന സമീപനം ആണ് കേന്ദ്രം എടുക്കുന്നത്. ഇക്കാര്യങ്ങളിൽ കേന്ദ്ര ധനമന്ത്രി ഒരു വിശദീകരണവും നൽകുന്നില്ല. പറയുന്ന കാര്യങ്ങളിൽ ആകട്ടെ ഒരു വ്യക്തതയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കോഴിക്കോട് എൻ ഐ എ റെയിഡ്

തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട് എന്‍.ഐ.എ റെയ്ഡ്. പാക് തീവ്രവാദ സംഘടനയായ ഗസ്‌വ ഇ ഹിന്ദുമായി ബന്ധപ്പെട്ട് കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഞായറാഴ്ച കോഴിക്കോട് ടൗണിലാണ് റെയ്ഡ് നടന്നത്. രാജ്യത്തെ നാലിടങ്ങളില്‍ ഇതോടൊപ്പം പരിശോധന നടത്തി.

മധ്യപ്രദേശിലെ ദെവാസ്, ഗുജറാത്തിലെ ഗിര്‍ സോംനാഥ്, ഉത്തര്‍ പ്രദേശിലെ അസംഗഢ് എന്നിവിടങ്ങളിലും റെയ്ഡ് നടന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ കുറിച്ചായിരുന്നു അന്വേഷണം.

ബിഹാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗസ്‌വ ഇ ഹിന്ദ്. ഈ സംഘടന പാക് തീവ്രവാദികളുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായി കണ്ടെത്തിയിരുന്നു. ബിഹാര്‍ പോലീസാണ് അന്വേഷിച്ചത്. തുടർന്ന് മര്‍ഘൂബ് അഹമ്മദ് ഡാനിഷ് എന്നയാള്‍ക്കെതിരേ നേരത്തെ കേസെടുക്കുകയും ചെയ്തു. ഗസ്‌വ ഇ ഹിന്ദ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ് മര്‍ഘൂബ്. ഈ ഗ്രൂപ്പ് പാക് സ്വദേശിയായ വ്യക്തിയാണ് നിർമ്മിച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്.

2022 ജൂലായില്‍ ബിഹാര്‍ പോലീസില്‍ നിന്ന് കേസ് എന്‍.ഐ.എ ഏറ്റെടുത്തു. മര്‍ഘൂബിനെതിരേ എന്‍.ഐ.എ കേസെടുക്കുകയും ചെയ്തു. അന്വേഷണ പരിധിയിലുള്ള ഗ്രൂപ്പിൽ പാകിസ്താന്‍, ബംഗ്ലാദേശ്, യമന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ളവര്‍ അംഗങ്ങളാണ്. ടെലഗ്രാമിലും ബി.ഐ.പി മെസ്സഞ്ചറിലും ഈ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. ഗ്രൂപ്പ് വഴി യുവാക്കളെ ചാവേറുകളാക്കി മാറ്റാനുള്ള പദ്ധതിയാണ് ഗസ്‌വ ഇ ഹിന്ദ് ആവിഷ്‌കരിച്ചത് എന്ന കണ്ടെത്തലിനും തുടർച്ചയായാണ് റെയിഡ്

സിൽകാര ടണലിലെ തടസം നീക്കാനായില്ല, 15 ദിവസമായിട്ടും 41 പേർ അകത്ത് തന്നെ

ഉത്തരാഖണ്ഡിൽ ഉത്തരകാശിയിലെ സിൽക്യാര ടണലിൽ 15 ദവസമായി 41 തൊഴിലാളികൾ മരണത്തിന് തൊട്ടു മുൻപിൽ തുടരുന്നു. രക്ഷാദൗത്യത്തിനിടെയുള്ള പ്രതിസന്ധികള്‍ ആവർത്തിക്കയാണ്. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിന് സ്ഥാപിച്ച പൈപ്പിൽ തുരക്കുന്ന യന്ത്രം കുടുങ്ങിയതോടെ പ്രവർത്തനം വീണ്ടും തടസപ്പെട്ടു. ഇനി യന്ത്ര ഭാഗങ്ങൾ പൂർണമായും മുറിച്ചു നീക്കണം. ഇതിനുശേഷമായിരിക്കും ഡ്രില്ലിംഗ് പുനരാരംഭിക്കുക.

ഓഗർ മെഷീൻ തകരാറിലായ സാഹചര്യത്തിൽ വിദഗ്ധരെ ഉപയോഗിച്ച് നേരിട്ടാണ് ഡ്രില്ലിംങ് ന ടത്തുന്നത്.വനമേഖലയിൽ നിന്ന് ലംബമായി കുഴിക്കാനുള്ള ബദൽ ശ്രമവും തുടങ്ങിയിട്ടുണ്ട്. തുരങ്കം വഴിയുള്ള രക്ഷാദൗത്യം പൂർണ്ണമായും പരാജയപ്പെട്ടാൽ മാത്രമായിരിക്കും ലംബമായി കുഴിക്കുന്നത് തുടങ്ങുക.

പൈപ്പിൽ കുടുങ്ങിയ യന്ത്രം ഭാഗം വേഗത്തിൽ നീക്കാനുള്ള നടപടികള്‍ ഇഴഞ്ഞുനീങ്ങുന്നതും പ്രതിസന്ധിയിലാക്കുകയാണ്. യന്ത്ര ഭാഗം നീക്കിയ ശേഷം മാത്രമേ വിദഗ്ധർക്ക് പൈപ്പിൽ കയറി ഇരുമ്പ് കമ്പിയും സ്റ്റീൽ ഭാഗങ്ങളും മുറിക്കാനാകു എന്നാണ് റിപ്പോർട്ട്

തൊഴിലാളികളെ പുറത്ത് എത്തിയാൽ രക്ഷിക്കാനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായിരിക്കുകയാണ്. 41 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്. ഉത്തരകാശിയിൽ ടണലിനടുത്തുള്ള ചിന്യാലിസൗറിലാണ് ആശുപത്രി സജ്ജീകരിച്ചത്. വൈദ്യപരിശോധന ഇവിടെ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ചിന്യാലിസൗറിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്.

കുസാറ്റ് ദുന്തത്തിൽ മരിച്ച കുട്ടികൾക്ക് കണ്ണീരോടെ വിട, അന്വേഷണത്തിന് ഉത്തരവ്

0

കുസാറ്റിൽ തിക്കിലും തിരക്കിലും മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ പൊതുദർശനത്തിനായി കാംപസിൽ എത്തിച്ചു. പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയാണ് കാമ്പസിൽ എത്തിച്ചത്. സാറാ തോമസ്, അതുൽ തമ്പി, ആൻ റുഫ്ത എന്നിവരുടെ മൃതദേഹങ്ങൾ ഇതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

ആൻ റുഫ്തയുടെ സംസ്കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കൾ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റും. സാറയുടെ സംസ്കാരം തിങ്കളാഴ്ച ഈങ്ങാപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. കുസാറ്റിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം താമരശ്ശേരിയിലെ കോരങ്ങാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും.

പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും

ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു നിർദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും കുസാറ്റ് വി.സിക്കും രജിസ്ട്രാർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.

ആശുപത്രിയിലുള്ളവർ സുഖം പ്രാപിക്കുന്നു

കിൻഡർ ആശുപത്രിയിൽ 18 പേരെ ആയിരുന്നു പ്രവേശിപ്പിച്ചിരുന്നത്. ഇതിൽ 16 പേരെ നിലവിൽ ഡിസ്ചാർജ്ജ് ചെയ്തു. രണ്ടുപേർ മാത്രമാണ് ഇപ്പോൾ കിൻഡർ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവർക്ക് ഏറ്റവും വിദഗ്ദമായ ചികിത്സ ഏർപ്പെടുത്താനുള്ള ക്രമീകരണങ്ങൾ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയിട്ടുണ്ട്.

കളമശ്ശേരി കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാല (കുസാറ്റ്) കാമ്പസിൽ ടെക്ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗീതപരിപാടിക്കിടെയുണ്ടായ അപകടത്തിലാണ് വിദ്യാർഥികളടക്കം നാലുപേർ മരിച്ചത്. മഴ പെയ്തതോടെ ഒന്നിച്ച് ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറിയതിന് ഇടയിലാണ് തിക്കും തിരക്കും ഉണ്ടായത്. സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ രണ്ടാം സെമസ്റ്റർ വിദ്യാർഥി കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻറിഫ്റ്റ, കോഴിക്കോട് താമരശ്ശേരി സ്വദേശിനി സാറ തോമസ്, പാലക്കാട് മുണ്ടൂർ സ്വദേശി ആൽവിൻ ജോസഫ് എന്നിവരാണ് ദുരന്തത്തിന് ഇരയായത്.

ധിഷണ വിദ്യാർഥികളുടെ അഭിമാന പരിപാടി

സംഘാടകരും വൊളന്റിയർമാരും വിദ്യാർഥികളായിരുന്നു. പ്രമുഖ പിന്നണിഗായിക നിഖിത ഗാന്ധിയുടെ സംഗീതനിശയായിരുന്നു ഫെസ്റ്റിന്റെ പ്രധാന ആകർഷണം. കേരളത്തിൽ നിഖിത ഗാന്ധിയുടെ ആദ്യപരിപാടികൂടിയായിരുന്നു ഇത്. 

സ്കൂൾ ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥികൾക്കുമാത്രമാണ് ഓപ്പൺ എയർ ആംഫി തിയേറ്ററിലെ പ്രത്യേകസ്ഥലത്തേക്ക് പ്രവേശനമെന്ന് നിർദേശത്തിൽ പറയുന്നു. കറുത്ത ധിഷ്ണ ടീ ഷർട്ട് ധരിച്ചവർക്കുമാത്രമായിരുന്നു പ്രവേശനം. വൈകീട്ട് 5.30-ന് ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കുമെന്നും 6.30-ന് കുസാറ്റ് വിദ്യാർഥികൾക്കുള്ള സ്ഥലം അടയ്ക്കുമെന്നും പറയുന്നു. ഓപ്പൺ എയർ ഗേറ്റ് 7.30-ന് അടയ്ക്കുമെന്നായിരുന്നു നിർദേശമെങ്കിലും ഇതിനുമുമ്പ് ദുരന്തം സംഭവിച്ചു. 

സ്പേസ് സിറ്റി, തീയണയ്ക്കുന്ന റോബോട്ട്, മൗണ്ടൻ ബൈക്കിങ്, കാർഷോ എക്സ്പോ, ടെക് ക്വിസ്, സ്റ്റാൻഡപ്പ് കോമഡി തുടങ്ങി വ്യത്യസ്ത കാഴ്ചകളുമായി അഞ്ചേക്കർ കാംപസിൽ 24 മുതൽ 26 വരെ നടക്കുന്ന ‘ധിഷ്ണ-23’ ഫെസ്റ്റിൽ വലിയ ഒരുക്കങ്ങളാണ് വിദ്യാർഥികൾ നടത്തിയത്.

അപ്രതീക്ഷിതമായി മഴ, പുറത്ത് നിന്നവർ ഇരച്ചു കയറി, കുസാറ്റിൽ നാല് വിദ്യാർഥികൾ മരിച്ചത് ചവിട്ടേറ്റ്, രണ്ടു പേർ ഗുരുതരാവസ്ഥയിൽ

0

കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. മരിച്ചവരിൽ രണ്ട് പേർ ആൺ കുട്ടികളും രണ്ട് പെൺകുട്ടികളുമാണ്. ഇതിൽ ഒരാൾ കേരളത്തിന് പുറത്ത് നിന്നുള്ള വിദ്യാർഥിയാണ്. സുഹൃക്കുക്കൾക്ക് ഒപ്പം കുസാറ്റിലേക്ക് പരിപാടി കാണാൻ എത്തിയതാണ്. അപകടത്തിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 

പ്രശസ്ത പ്ലേ ബാക് സിംഗർ നികിത ഗാന്ധിയുടെ പരിപാടിയായിരുന്നു സമാപന ചടങ്ങിൽ. ഓഡിറ്റോറിയത്തിന് അകത്തായിരുന്നു സംഗീത നിശ. എന്നാൽ അകത്ത് ഉൾകൊള്ളാൻ പറ്റുന്നതിലും ഇരട്ടിയിൽ അധികം പേർ എത്തി. ശ്രോതാക്കൾക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല.

അപകടം നടന്ന പടവുകൾ,

മഴ ശക്തമായി പെയ്തതോടെ പുറത്ത് നിന്ന് പരിപാടി കണ്ടവർ അകത്തേക്ക് കയറാൻ ശ്രമിച്ചു. ഇതിനിടെ പടവുകളിൽ നിന്നവർ അവർക്ക് നേരെ വീണു. പിന്നിൽ നിന്നും കൂടുതൽ പേർ എത്തിയതോടെ നിയന്ത്രണം വിട്ട് പലരും ചവിട്ടടികൾക്ക് താഴെ വീണു. ഇതാണ് മരണകാരണമായതെന്ന് സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികൾ കേരള പോസ്റ്റിനോട് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നതിന് നിയന്ത്രണം ഉണ്ടായിരുന്നില്ല. ഓഡിറ്റോറിയത്തിന് അകത്തേക്ക് പ്രവേശിക്കാനും പുറത്ത് കടക്കാനും ഒരു വഴിമാത്രമായിരുന്നു ഉണ്ടായിരുന്നത്

തൻ്റെ പരിപാടി ആരംഭിക്കുന്നതിന് മുൻപായിരുന്നു ദുരന്തമെന്ന് നികത ഗാന്ധി പറഞ്ഞു.

വെള്ളിയാഴ്ചയാണ് ക്യാമ്പസിൽ ടെക് ഫെസ്റ്റ് ആരംഭിച്ചത്. ടെക്ക് ഫെസ്റ്റിന്റെ സമാപന ദിനമായ ശനിയാഴ്ച വൈകീട്ട് നടന്ന ​ഗാനമേളയ്ക്കിടെയായിരുന്നു അപകടം. ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.

രണ്ടായിരത്തിലേറെ പേർ പങ്കെടുത്ത പരിപാടിയുടെ മുഖ്യ ആകർഷണം ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയായിരുന്നു. ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി നടന്നത്. ഈ സ്ഥലത്ത് സ്റ്റെപ്പുകളിൽ നിന്നാണ് വിദ്യാർത്ഥികൾ പരിപാടി ആസ്വദിച്ചിരുന്നത്.

അപകട സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. വിദ്യാർത്ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചവരിൽ രണ്ട് പേർ ആൺകുട്ടികളും രണ്ട് പേർ പെൺകുട്ടികളുമാണ്. നാല് പേരുടെ നില ഗുരുതരമാണ്. ഒരു സ്വകാര്യ ആശുപത്രിയിൽ 18 പേർ ചികിത്സയിലാണ്. ഇവരിൽ ഒരാൾക്ക് തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

ആരോഗ്യപ്രവർത്തകരുടെയും ആംബുലൻസുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, സ്ഥലം എംഎൽഎ കൂടിയായ വ്യവസായ മന്ത്രി പി രാജീവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. 64 പേർക്കാണ് പരിക്കേറ്റതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടുതൽ പേർക്ക് പരിക്കേറ്റിരിക്കാൻ സാധ്യതയുണ്ട്.

വർഷങ്ങളായി മുടങ്ങിയ പരിപാടി

ടെക് ഫെസ്റ്റില്‍ പങ്കെടുക്കാനായി എത്രപേര്‍ വന്നിട്ടുണ്ടെന്ന് അറിയില്ലെന്നും പ്രദേശവാസികളും പങ്കെടുത്തിരുന്നുവെന്നും കൊച്ചിന്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന്‍. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങിന്റെ ടെക്‌നിക്കല്‍ ഫെസ്റ്റാണിത്. കോവിഡ് കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പരിപാടി നടന്നിരുന്നില്ല. ഈ വര്‍ഷം വീണ്ടും തുടങ്ങിയ പരിപാടിയില്‍ എക്‌സ്ബിഷന്‍, ഇന്നൊവേറ്റീവ് പരിപാടികള്‍ എന്നിവയും നടന്നിരുന്നു. പരിപാടി നടക്കുന്ന വിവരം പോലീസിനെ അറിയിച്ചിരുന്നു.

സാധാരണ കുസാറ്റില്‍ നടക്കുന്ന പരിപാടികള്‍ക്ക് സമീപത്തു താമസിക്കുന്ന ആളുകളും വരാറുണ്ട്. അങ്ങനെ ഇന്ന് എത്രപേര്‍ ഇവിടെ വന്നിട്ടുണ്ടെന്ന് അറിയില്ല. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മാത്രം 25,000 പേര്‍ വരും. ഇതുകൂടാതെ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള മറ്റു ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദ്യാര്‍ഥികളും പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്. പുറത്തേക്ക് പോകാനുള്ള തിരക്കിലല്ല താഴെവീണത്. സ്‌റ്റെപ്പില്‍ കുറച്ചു ആളുകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. പുറത്തുനിന്നുള്ളവര്‍ അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ആ സ്‌റ്റെപ്പിലുണ്ടായിരുന്നവര്‍ വീഴുകയായിരുന്നു’, വിസി പറഞ്ഞു.

നേരത്തെ തന്നെ തിക്കും തിരക്കും എന്ന് വാർഡ് മെമ്പർ

പരിപാടിക്കിടെ അകത്ത് നിന്ന കുട്ടികള്‍ക്കുപോലും ശ്വാസം മുട്ടിയിരുന്നുവെന്ന് കളമശ്ശേരി വാര്‍ഡ് കൗണ്‍സിലര്‍ പ്രമോദ് പറഞ്ഞു.

‘രണ്ടു മൂന്നു ദിവസമായി കുസാറ്റില്‍ പരിപാടി നടക്കുന്നുണ്ട്. ആ സമയത്ത് നിയന്ത്രണാതീതമായ തിരക്കായിരുന്നു ഉണ്ടായിരുന്നത്. ഹാളിലേക്ക് എന്‍ട്രിയും എക്‌സിറ്റും ഒരേ സ്ഥലത്തു തന്നെയാണ് ഉണ്ടായിരുന്നത്. ഇത്രയും വലിയ ഹാളിന്റെ പ്രവേശന കവാടവും വളരെ ചെറുതായിരുന്നു. വിദ്യാര്‍ഥികള്‍ തന്നെയായിരുന്നു വളണ്ടിയേഴ്‌സായി നിന്നിരുന്നത്.

മഴ വന്നപ്പോള്‍ എല്ലാവരും ഒരുമിച്ച് ഇതിനകത്തേക്ക് തള്ളികയറുകയും വളണ്ടിയേഴ്‌സിന് നിയന്ത്രിക്കാന്‍ പറ്റാത്ത തിരക്കായി മാറുകയും കുത്തനെയുള്ള സ്റ്റെപ്പിലൂടെ കുട്ടികള്‍ വീഴുകയുമായിരുന്നു. പുറത്തുനിന്നും വന്നവര്‍ ഇതിനു മുകളിലേക്ക് വീണു പുറകില്‍ നിന്നവര്‍ക്ക് അപകടം മനസിലാക്കാനും സാധിച്ചില്ല. നിയന്ത്രണാതീതമായി വീണ്ടും കുട്ടികള്‍ വന്നതോടെയാണ് അപകടം വലുതായത്’, പ്രമോദ് പറഞ്ഞു

കുസാറ്റ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും നാല് വിദ്യാർഥികൾ മരിച്ചു

0

കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക് ഫെസ്റ്റിൽ ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാലു വിദ്യാര്‍ത്ഥികള്‍ മരിച്ചു അൻപതോളം പേര്‍ക്ക് പരിക്കേറ്റു.

രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് സംഘടിപ്പിച്ച പരിപാടിക്കിടെ മഴ പെയ്തതോടെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് തിക്കിത്തിരക്കി കയറിയപ്പോഴാണ് അപകടമുണ്ടായത്.

കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, നോർത്ത് പറവൂർ സ്വദേശിനി ആൻഡ്രിറ്റ, കേരളത്തിന് പുറത്തു നിന്നുള്ള വിദ്യാർഥിയായ ജിതേന്ദ്ര ദാമു, താമരശ്ശേരി സ്വദേശിനി സാറാ തോമസ് എന്നിവരാണ് മരിച്ചത്. ഇവരിൽ അതുല്‍ തമ്പി, ആൻ ഡ്രിറ്റ, സാറാ തോമസ് എന്നിവർ കുസാറ്റിലെ വിദ്യാർഥികളാണ്.

അടിയന്തിര വിവരങ്ങൾക്ക് 8590886080, 9778479529

കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ ടെക് ഫെസ്റ്റായ ‘ധിഷണ’യുടെ ഭാഗമായി നടന്ന സംഗീത നിശയ്ക്കിടെയാണ് അപകടമുണ്ടായത്. തിരക്കിൽ നിലത്തുവീണ് ചവിട്ടേറ്റും മറ്റുമാണ് വിദ്യാർഥികൾക്ക് പരിക്കേറ്റത്. അപകടത്തിൽ 50-ൽ അധികം പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നാലു പേരുടെ മരണം എറണാകുളം ജില്ലാ കളക്ടര്‍ സ്ഥിരീകരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണെന്നും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കുസാറ്റിലെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവര്‍ തിക്കിത്തിരക്കി എത്തിയതാണ് അപകടത്തിന് കാരണമെന്നാണ് അറിയുന്നത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവര്‍ താഴെയുണ്ടായിരുന്നവര്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.ടെക്ക് ഫെസ്റ്റ് ആയതിനാൽ നിരവധി ക്യാമ്പസുകളിൽ നിന്നും വിദ്യാർഥികൾ ക്യാമ്പസിലേക്കെത്തിയിരുന്നു.

മന്ത്രി ആർ ബിന്ദു

നവകേരള സദസ്സിൽ നിന്ന് മന്ത്രി പി. രാജീവും ഞാനും കളമശ്ശേരിയിലേക്ക് പോവുകയാണ്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഏറ്റവും മികച്ച വൈദ്യശുശ്രൂഷ ലഭ്യമാക്കാൻ ബന്ധപ്പെട്ടവർക്ക് വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ട്. വൈസ് ചാൻസലർക്കും ജില്ലാ കലക്ടർക്കും മറ്റ് ബന്ധപ്പെട്ടവർക്കുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.

തോമസ് ഐസക്കിന് സമൻസ് അയക്കാൻ ഇ ഡിക്ക് ഹൈക്കോടതി അനുമതി

0

മസാല ബോണ്ട് സമാഹരണത്തിലെ ഫെമ ലംഘന കേസില്‍ മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്കിന് പുതിയ സമന്‍സ് അയക്കാന്‍  ഹൈക്കോടതി ഇ‍ഡി ക്ക് അനുമതി നല്‍കി.സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍  നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പുതുക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നത്. തോമസ് ഐസക്കിന് നേരത്തെ അയച്ച സമന്‍സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ സമന്‍സ് അയക്കാന്‍ തയ്യാറാണെന്ന് ഇ‍ഡി വ്യക്തമാക്കിയ സാഹചര്യത്തിലാണ് അനുമതി. മസാല ബോണ്ട് സമാഹരണത്തില്‍ കിഫ്ബി വിദേശ നാണയ ചട്ടം ലംഘിച്ചുവെന്നും റിസര്‍വ് ബാങ്കിന്‍റെ അനുമതി വാങ്ങിയിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണത്തിനെതിരെ തോമസ് ഐസക്കാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇഡി തനിക്ക് തുടര്‍ച്ചയായി സമന്‍സ് അയക്കുകയാണെന്നും അനാവശ്യ രേഖകള്‍ ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും കേസിന്‍റെ പിന്നില്‍ രാഷ്ട്രീയ താത്പര്യമാണെന്നുമായിരുന്നു തോമസ് ഐസക്കിന്‍റെ വാദം. ബന്ധുക്കളുടെ അടക്കം 10 വര്‍ഷത്തെ മുഴുവന്‍ സാമ്പത്തിക ഇടപാടിന്‍റെ രേഖകള്‍ ഹാജരാക്കണമെന്നും സമന്‍സില്‍ അവശ്യപ്പെട്ടിരുന്നു. ഇതെല്ലാം ചോദ്യം ചെയ്തായിരുന്നു തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിച്ചത്. 

തുടര്‍ന്ന് തോമസ് ഐസക്കിന് സമന്‍സ് അയക്കുന്നത് നിര്‍ത്തിവെക്കാന്‍ നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതേ സമയം കേസില്‍ അന്വഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്നും ഹൈ്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമന്‍സില്‍ മാറ്റങ്ങള്‍ വരുത്തി പുതിയ സമന്‍സ് അയക്കാമെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു . ഈ സാഹചര്യത്തിലാണ്  ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഹൈക്കോടതി പുതിയ ഉത്തരവ്  പുറപ്പെടുവിച്ചത്. 

ഷവർമ സെൻ്ററുകളിൽ മിന്നൽ പരിശോധന, 1287 കടകൾ ഒരേ ദിവസം

0

സംസ്ഥാനത്തെ ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിൻ്റെ നിർദ്ദേശ പ്രകാരമാണ്. 88 സ്‌ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.

148 കടകളിലെ വില്പന തടഞ്ഞു

മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷവര്‍മ വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയ 148 കടകളിലെ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി. മയൊണൈസ് തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു.

ഷവർമ കടകൾക്കും മയോണൈസിനും ആരോഗ്യ വകുപ്പ് നിബന്ധനകൾ അറിയാം


  • ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകംചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം.
  • ഭക്ഷണം കൈകാര്യംചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.
  • കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വെക്കാൻ പാടില്ല.
  • ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (നാല് ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാന്‍. ഇതിനായി ടെമ്പറേച്ചര്‍ മോണിറ്ററിങ് റെക്കോര്‍ഡ്സ് കടകളില്‍ സൂക്ഷിക്കണം.
  • ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം.
  • ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല.
  • കോണില്‍ നിന്നും സ്‌ലൈസ് ചെയ്തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിങ്ങോ ഓവനിലെ ബേക്കിങ്ങോ ചെയ്യണം.

പിഴ പത്ത് ലക്ഷം വരെ

  • മയൊണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയൊണൈസോ മാത്രം ഉപയോഗിക്കുക.
  • മയൊണൈസുകള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വെക്കരുത്.
  • പാസ്ച്വറൈസ് ചെയ്ത മയൊണൈസാണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കിവന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ട് ദിവസത്തില്‍കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യരുത്.
  • പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ പാകംചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്ന് വ്യക്തമായി ചേര്‍ക്കണം.
  • ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന്‍ എടുത്ത് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.
  • ഇത് ലംഘിക്കുന്നവരില്‍നിന്ന് പത്ത് ലക്ഷം രൂപവരെ പിഴ ഈടാക്കാം.

JEE മെയിൻ മെയ് 26 ന്

ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് 2024 മേയ് 26-ന് നടക്കും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യിലെ, 2024-25 ലെ ബിരുദ പ്രോഗ്രാമുകളിലെ (എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ) പ്രവേശനത്തിനായാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡ് നടത്തുന്നത്.

ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 21-ന് രാവിലെ 10 മുതൽ 30-ന് വൈകീട്ട് അഞ്ച് വരെ നടത്താം. ഫീസ് അടയ്ക്കാൻ മേയ് ആറിന് വൈകീട്ട് അഞ്ച് വരെ സമയമുണ്ട്. ജെ.ഇ.ഇ. മെയിൻ പേപ്പർ 1 പരീക്ഷയിൽ വിവിധ കാറ്റഗറികളിൽനിന്നും മുന്നിലെത്തുന്ന 2,50,000 പേർക്കാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്ത്, അഭിമുഖീകരിക്കാൻ അർഹത ലഭിക്കുക. ഐ.ഐ.ടി. മദ്രാസ് ആണ് സംഘാടകസ്ഥാപനം.