ഉദയ്പൂർ കൊലപാതകം, പാർട്ടി ബന്ധം തള്ളി ബിജെപി

ഉദയ്പുരില്‍ തയ്യല്‍ കടക്കാരനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് പാർട്ടി ബന്ധമുണ്ടെന്ന ആരോപണം ബിജെപി തള്ളി.

‘രണ്ട് പ്രതികളുമായും ഞങ്ങള്‍ക്ക് ബന്ധമില്ല’ രാജസ്ഥാന്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സാദിഖ് ഖാന്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയമാണ് കൊലപാതകമെന്നും അദ്ദേഹം വ്യക്തമാക്കി.

കനയ്യലാലിന്റെ കൊലപാതകത്തില്‍ പ്രതികളായ മുഹമ്മദ് ഗൗസും റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയുമായി ബന്ധപ്പെട്ടിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിയാസ് അട്ടാരിയും ന്യൂനപക്ഷ മോര്‍ച്ചയിലെ നേതാക്കളും ഒരുമിച്ച് നില്‍ക്കുന്ന ചില പഴയ ചിത്രങ്ങളും വെളിച്ചത്തായി.

കോണ്‍ഗ്രസ് ഈ ആരോപണങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ മോര്‍ച്ച വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മഴ കനക്കും, കാലവർഷ പകർച്ച ഒരാഴ്ച നേരത്തെ

കാലവര്‍ഷം രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണ എത്തിച്ചേരേണ്ടതിനും ആറ് ദിവസം മുന്‍പേയാണ് ഇത്തവണ രാജ്യം മൊത്തത്തില്‍ കാലവര്‍ഷം വ്യാപിച്ചത്. ജൂലൈ എട്ടിന് തുടങ്ങേണ്ട മഴയാണ് ഇപ്പോൾ കോരിച്ചൊരിയുന്നത്.

ബംഗ്ലാദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി നിലനില്‍ക്കുന്ന ചക്രവാതചുഴി അടുത്ത 48 മണിക്കൂറിനുള്ളില്‍ വടക്കന്‍ ഒഡിഷക്ക് മുകളില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടുകൂടിയ വ്യാപകമായ മഴ തുടരാന്‍ സാധ്യതയുണ്ട്.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്കും ജൂലൈ അഞ്ച്, ആറ് തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴക്കുമാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

പിസി ജോർജിനെ പീഡനക്കേസിൽ അറസ്ററു ചെയ്തു

സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയില്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് അറസ്റ്റില്‍. ഈ വര്‍ഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസില്‍ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നുമാണ് പരാതി. കേസില്‍ മ്യൂസിയം പോലീസാണ്ജോര്‍ജിനെതിരെ കേസെടുത്തിട്ടുള്ളത്.

സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെയാണ് സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തി പരാതി നല്‍കിയത്.

സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നല്‍കിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാര്‍ പീഡന കേസ് പരാതിക്കാരിയും പി.സി ജോര്‍ജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേ ദിവസം തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.

പരമാവധി സമയം നൽകി, ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

പീഡനക്കേസില്‍ പി.സി ജോര്‍ജിനെ മ്യൂസിയം പോലീസ് അറസ്റ്റുചെയ്തത് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി. സര്‍ക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസില്‍ ജോര്‍ജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയതിന് പിന്നാലെയായിരുന്നു പീഡനക്കേസിലെ അറസ്റ്റ്. ചോദ്യം ചെയ്യല്‍ നടക്കുന്നതിനിടെ ഉച്ചയ്ക്ക് 12.40ഓടു കൂടിയായിരുന്നു സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പി.സി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ മുൻ മന്ത്രി കെടി ജലീൽ നൽകി പരാതിയോടു കൂടിയാണ് കേസിന് തുടക്കം. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും പി.സി ജോർജും മുഖ്യമന്ത്രിക്കും തനിക്കുമെതിരെ ഗൂഢാലോചന നടത്തി അപകീർത്തിപ്പെടുത്തുന്നു എന്ന പരാതിക്ക് പിന്നാലെയാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. കേസിൽ വിശദമായ അന്വേഷണം നടത്താൻ പത്ത് ഡിവൈഎസ്പിമാരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു പ്രത്യേക അന്വേഷണ സംഘത്തിന് സർക്കാർ രൂപം നൽകി. കെ.ടി ജലീലിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് സോളാർ കേസിലെ പരാതിക്കാരി ഇതിൽ ഗൂഢാലോചന ഉണ്ട് എന്ന് ആരോപണവുമായി ശബ്ദരേഖ അടക്കവുമായി മുന്നോട്ട് വരുന്നത്. അതോടു കൂടി കേസിലെ പ്രധാന സാക്ഷി സോളാർ കേസിലെ പരാതിക്കാരി ആയി മാറുകയും ചെയ്തു.

അവരുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തുകയും ചെയ്തു. ഈ മൊഴി രേഖപ്പെടുത്തുന്ന സമയത്താണ് പി.സി ജോർജിന്റെ ഭാഗത്ത് നിന്ന് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണം ഉന്നയിക്കുന്നത്. മൊഴി ലഭിച്ച ഉടൻ തന്നെ പീഡന പരാതിയിൽ അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് നിയമോപദേശങ്ങൾ തേടിയ ശേഷം നടപടി എടുക്കേണ്ടത് ബന്ധപ്പെട്ടുള്ള പോലീസ് സ്റ്റേഷൻ ആണെന്ന് മനസ്സിലാക്കുകയും തുടർന്ന് പരാതിക്കാരിയോടെ പരാതി മ്യൂസിയം സ്റ്റേഷനിൽ നൽകാൻ നിർദേശിക്കുന്നത്.

മഹാരാഷട്രയിൽ ഫഡ്നവിസിനെ ഉപമുഖ്യമന്ത്രിയാക്കിയത് പ്രധാനമന്ത്രിയുടെ നിശ്ചയം

മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയാവാന്‍ ബിജെപി നേതാവ്‌ ദേവേന്ദ്ര ഫഡ്‌നാവിസ് സമ്മതിച്ചത് പ്രധാനമന്ത്രിയുടെ നിര്‍ബന്ധത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍. അമിത്ഷായുടെ നിർബന്ധ പ്രകാരമാണ് അവസാന നിമിഷം ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രി പദത്തിൽ എത്തിയത്.

ഫഡ്‌നാവിസിന് മഹാരാഷ്ട്രയില്‍ നടക്കുന്ന എല്ലാ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാം. അദ്ദേഹത്തിന്റെ കൃത്യമായ രാഷ്ട്രീയ ഇടപെടലുകളും കണക്കുകൂട്ടലുകളുമില്ലാതെ ഇപ്പോഴത്തെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ നടക്കില്ലായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാവില്ലെന്നായിരുന്നു ഫഡ്‌നാവിസ് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി രണ്ട് തവണ ഈ ആവശ്യം ഉന്നയിച്ച് ഫഡ്‌നാവിസിനെ വിളിച്ചു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും മുതിര്‍ന്ന ബിജെപി നേതാക്കളിലൊരാള്‍ പ്രതികരിച്ചു.

സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന പ്രഖ്യാപനം ഫഡ്‌നാവിസ് നടത്തുമെന്ന് കൂടെയുള്ള ആര്‍ക്കും അറിയില്ലായിരുന്നു. അങ്ങനെ പറയാന്‍ ആരും അദ്ദേഹത്തിന് നിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വ്യാഴാഴ്ചയാണ് മഹാരാഷ്ട മുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്ദേ സത്യപ്രതിജ്ഞ ചെയ്തത്. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവുമെന്നായിരുന്നു വാർത്തകൾ. അപ്രതീക്ഷിതിമായാണ് ഷിന്ദേയെ മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചത്. ഇത് അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണെന്ന് വാർത്തകളുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഭാഗമാവില്ലെന്ന് ഫഡ്‌നാവിസ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

വാട്സാപ്പിൽ കാണേണ്ടാത്തവർ കാണാതിരിക്കാനുള്ള ഫീച്ചർഎത്തുന്നു

ലാസ്റ്റ് സീൻ ഓപ്ഷനിൽ പുതിയ അപ്ഡേറ്റുമായി വാട്സ്ആപ്പ്. ലാസ്റ്റ് സീൻ സെക്ഷനിൽ യൂസർമാരുടെ ഓൺലൈൻ സ്റ്റാറ്റസുമായി ബന്ധപ്പെട്ടാണ് പുതിയ സൌകര്യം.

ഓൺലൈൻ സമയം കാണേണ്ടാത്തവർ കണേണ്ടതില്ല എന്ന് തീരുമാനിക്കാം

വാട്സ്ആപ്പിൽ നിങ്ങൾ ഓൺലൈനിൽ ആയിരിക്കുമ്പോൾ ആർക്കൊക്കെ അത് കാണാനാകുമെന്ന് യൂസർമാർക്ക് തീരുമാനിക്കാനുള്ള ഓപ്ഷനാണ് വരുന്നത്. നിലവിൽ, ലാസ്റ്റ് സീൻ മറയ്ക്കാനുള്ള ഫീച്ചറിൽ എവരിവൺ, കോൺടാക്ട്, സ്‍പെസിഫിക് കോൺടാക്ട് എന്നിങ്ങനെയാണ് ഓപ്ഷനുള്ളത്. എന്നാൽ, പ്രൈവസി സെക്ഷനിലുള്ള ലാസ്റ്റ് സീൻ ഓപ്ഷനിൽ ‘ഞാൻ ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകും (Who can see when I’m online)’ എന്ന പുതിയൊരു സെക്ഷൻ കൂടി വരാൻ പോവുകയാണ്. കാണേണ്ടാത്തവരെ മറയ്ക്കാം. സ്റ്റാറ്റസും പോസ്റ്റും മാത്രമല്ല

രണ്ട് ഓപ്ഷനുകളായിരിക്കും തെരഞ്ഞെടുക്കാനായി ഉണ്ടാവുക. ഓൺലൈൻ സ്റ്റാറ്റസ് എല്ലാവരിൽ നിന്നും മറച്ചുവെയ്ക്കാനായി ‘എവരിവൺ’ എന്ന ഓപ്ഷനും അല്ലെങ്കിൽ ​’സെയിം ആസ് ലാസ്റ്റ് സീൻ’ എന്ന ഓപ്ഷനും. രണ്ടാമത്തെ ഓപ്ഷൻ തെരഞ്ഞെടുത്താൽ ലാസ്റ്റ് സീനിൽ യൂസർമാർ തെരഞ്ഞെടുത്ത ഓപ്ഷന് സമാനമായിട്ടായിരിക്കും അത് പ്രവർത്തിക്കുക. ഫലത്തിൽ, യൂസർമാർക്ക് അവരുടെ ഓൺലൈൻ സ്റ്റാറ്റസ് ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാൻ സാധിക്കും.

സമീപകാലത്ത് വാട്സ്ആപ്പ് അവതരിപ്പിച്ച പ്രൈവസി ഫീച്ചറുകൾക്കൊപ്പമാണ് പുതിയ ‘ഓൺലൈൻ സ്റ്റാറ്റസ്’ സവിശേഷതയും എത്തുന്നത്. നേരത്തെ, പ്രൊഫൈൽ ചിത്രവും ലാസ്റ്റ്സീനും എബൗട്ട് സെക്ഷനും ചിലരിൽ നിന്ന് മാത്രമായി മറച്ചുവെക്കാനുള്ള ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. നിങ്ങൾ ഇതുവരെ ചാറ്റ് ചെയ്തിട്ടില്ലാത്ത ആളുകളിൽ നിന്ന് നിങ്ങളുടെ ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കുന്ന ഒരു ഫീച്ചറും ഉണ്ട്.

ഫീച്ചർ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്, വൈകാതെ iOS, Android ഉപയോക്താക്കളിൽ എത്തും എന്നാണ് പ്രഖ്യാപനം.

ഉദയ്‌‌പൂരിൽ തയ്യൽക്കാരൻ്റെ കഴുത്തറുത്ത പ്രതികൾക്ക് ബിജെപി ബന്ധമെന്ന് റിപ്പോർട്ട്

രാജസ്ഥാനിലെ ഉദയ്‌‌പൂരിൽ തയ്യൽക്കാരൻ കനയ്യലാലിനെ കഴുത്തറുത്ത്‌  കൊലപ്പെടുത്തിയ കേസിൽ ഉൾപ്പെട്ട പ്രതികൾക്ക് ബിജെപിയുമായി ബന്ധമുണ്ടായിരുന്നതായി റിപ്പോർട്ട്.  പ്രതികളായ മുഹമ്മദ് റിയാസ് അൻസാരി, മുഹമ്മദ് ഗൗസ് എന്നിവർ കഴിഞ്ഞ മൂന്ന് വർഷമായി ബിജെപിയുടെ ന്യൂനപക്ഷ മോർച്ചയുടെ രാജസ്ഥാൻ ഘടകവുമായി ബന്ധപ്പെട്ടിരുന്നതായി ഇന്ത്യടുഡേ റിപ്പോർട്ട്‌ ചെയ്‌തു.

പ്രതികളിൽ  ഒരാളായ റിയാസ് ബിജെപിയുടെ വിശ്വസ്തർ മുഖേന പാർട്ടി പരിപാടികളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 2019 ൽ ഉംറക്ക് പോയി മടങ്ങിയെത്തിയ അദ്ദേഹത്തെ രാജസ്ഥാൻ ബിജെപി ന്യൂനപക്ഷ മോർച്ച അംഗം ഇർഷാദ് ചെയിൻവാല സ്വാഗതം ചെയ്യുന്ന ചിത്രം ഇന്ത്യടുഡേയ്ക്ക് ലഭിച്ചു. ഇത് പബ്ലിഷ് ചെയ്തു. പത്ത് വർഷത്തിലേറെയായി പ്രദേശിക ബിജെപി നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഇർഷാദ് ചെയിൻവാല.

‘ചിത്രത്തില്‍ ഉള്ളത് ഞാന്‍ തന്നെയാണ്. ഉംറക്ക് പോയി തിരിച്ചെത്തിയ അദ്ദേഹത്തെ ഞാന്‍ ഹാരമണിയിച്ച് സ്വീകരിച്ചിരുന്നു’ ഇർഷാദ് ഇന്ത്യടുഡേയോട്‌ പറഞ്ഞു,

ഉദയ്‌പൂ‌രിലെ ബിജെപി പരിപാടികൾക്ക് റിയാസ് പങ്കെടുക്കാറുണ്ടെന്ന് ഇർഷാദ് ചെയിൻവാല സമ്മതിച്ചിട്ടുണ്ട്.  പാർട്ടി പരിപാടികളിൽ വിളിക്കാതെ തന്നെ റിയാസ് വരുമായിരുന്നുവെന്നും ഇർഷാദ് കൂട്ടിച്ചേർത്തു. പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കണമെന്ന് റിയാസ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സുഹൃത്തുക്കളുമായുള്ള സംസാരങ്ങളിൽ റിയാസ് ബിജെപിയെ എതിർത്തിരുന്നതായും ഇർഷാദ് ഇന്ത്യടുഡേ റിപ്പോർട്ടറോട് പറഞ്ഞു. മുഹമ്മദ് താഹിർ എന്ന വ്യക്തിയിലൂടെയാണ് റിയാസ് ബിജെപി പരിപാടിയിലേക്ക് എത്തിയത്. താഹിർ ഭായി ബിജെപിയുടെ അംഗമാണെന്നും റിയാസുമായി നല്ലബന്ധത്തിയാരിന്നുവെന്നും ഇർഷാദ് പറയുന്നു. താഹിറുമായുള്ള റിയാസിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

നിലവിൽ താഹിറിനെ കണ്ടെത്താനായിട്ടില്ല. ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ് എന്ന്‌ ഇന്ത്യടുഡേ റിപ്പോർട്ട്‌ പറയുന്നു.

കൂടുതൽ അറസ്റ്റ്

കൊലയിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിലായി. മുഹ്സിൻ, ആസിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉദയ്പുർ കോടതിയിൽ ഹാജരാക്കി. ഇരുവരെയും ശനിയാഴ്ച ജയ്പുർ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. അതേസമയം,​ കേസ് ഡയറി എൻ.ഐ.എക്ക് കൈമാറാൻ ഉദയ്പുർ ജില്ല കോടതി രാജസ്ഥാൻ പൊലീസിന് നിർദേശം നൽകി. നടപടികൾ പൂർത്തീകരിച്ച് കേസിൽ എൻ.ഐ.എ അന്വേഷണം തുടങ്ങും.

അറസ്റ്റിലായ മുഹ്സിനും ആസിഫും കൊല്ലപ്പെട്ടയാളുടെ കട നിരീക്ഷിച്ചിരുന്നതായി പൊലീസ് അറിയിച്ചു. പ്രധാന കുറ്റവാളികളായ റിയാസ് അക്തരി, ഗൗസ് മുഹമ്മദ് എന്നിവരെ അജ്മീറിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്


മുട്ടയ്ക്കും ചിക്കനും ഗൾഫിലെക്കാൾ വില; കയറ്റുമതി നിർത്തി

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ചരിത്രത്തില്‍ ആദ്യമായി മുട്ട സംഭരണ വില 5.82 രൂപവരെയായി ഉയർന്നു. ജൂണ്‍ 29ന് 5.72 രൂപയായിരുന്ന സംഭരണ വില.

കർഷകർക്ക് ലഭിച്ചിരുന്ന വില നിലവാരം ഗൾഫ് രാജ്യങ്ങളിലേക്കാൾ കുതിച്ചതോടെ ഒരാഴ്ച മുമ്പ് സംഭരണ വില 5.5 രൂപയായി നിജപ്പെടുത്തിയിരുന്നു. എന്നാൽ ഉത്പാദനത്തിലെ കുറവ് വില കുത്തനെ ഉയരാന്‍ കാരണമായി.

എവിടത്തെക്കാൾ വില ലഭിക്കുന്ന സാഹചര്യത്തിൽ കയറ്റുമതി ആവശ്യമില്ല. നിർത്തി വെച്ചതായി തമിഴ്‌നാട് എഗ്ഗ് കോഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വാങ്കിലി സുബ്രഹ്‌മണ്യം അറിയിച്ചു.

ഇതോടെ ദുബായ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇല്ല. നാമക്കല്‍ മേഖലയില്‍ നിന്ന് മാത്രം നിത്യേന ഉല്‍പാദനത്തില്‍ 20 ശതമാനത്തോളം കുറവ് വന്നതായി സുബ്രഹ്‌മണ്യം അറിയിച്ചു. സംഭരണ വില ഉയര്‍ന്നതും ഉല്‍പാദനക്കുറവും കയറ്റുമതിയെ ബാധിച്ചു.

ഈ വിലയ്ക്ക് ഗൾഫ് വിപണിയിൽ ആരു വാങ്ങും

മാസംതോറും ഒരു കോടി മുതല്‍ 2 കോടി മുട്ട വരെ കയറ്റുമതി ചെയ്തിരുന്നതാണ് നിലച്ചത്. ഉയര്‍ന്ന വിലയ്ക്ക് മുട്ട ഗള്‍ഫ് രാജ്യങ്ങളില്‍ വിപണനം നടത്താന്‍ ബുദ്ധിമുട്ടാണ്.

തമിഴ്‌നാട്ടില്‍ നാമക്കല്‍, സേലം ജില്ലകളിലായി ആയിരത്തോളം കോഴി വളര്‍ത്തു കേന്ദ്രങ്ങളില്‍ ശരാശരി 4.8 കോടി മുട്ട ഉത്പാദിപ്പിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. നാഷണല്‍ എഗ്ഗ് കോഡിനേഷന്‍ കമ്മറ്റി നിര്‍ണയിക്കുന്ന വിലയ്ക്കാണ് വ്യാപാരികള്‍ സംഭരണം നടത്തേണ്ടത്. ജൂണ്‍ ഒന്നിന് 4.80 പൈസയായിരുന്ന സംഭരണ വില ജൂണ്‍ 26 ന് 5.50 പൈസയായി ഉയര്‍ന്നു. ചില്ലറ വില്പനയില്‍ 6.50 പൈസയായി തുടരുകയുമാണ്.

ഒരുവര്‍ഷമായി നഷ്ടത്തിലായിരുന്ന മുട്ട ഉല്‍പാദന മേഖലയില്‍ മുട്ട ഒന്നിന് നാലു രൂപയില്‍ നിന്ന് 4.5 രൂപയായി ഉത്പാദന ചെലവ് വര്‍ദ്ധിച്ചു. കോഴികള്‍ക്കുള്ള തീറ്റ ചെലവ് വര്‍ദ്ധിച്ചു. കോഡിനേഷന്‍ കമ്മിറ്റി സംഭരണ വില വര്‍ദ്ധിപ്പിച്ചാലും 30 പൈസ കുറച്ചാണ് പ്രധാന വ്യാപാരികള്‍ സംഭരിക്കുന്നത്.

കോഴികളുടെ ഉല്‍പാദനത്തിലും കുറവ് വരുത്തിയിരിക്കയാണ്. ഒരു കോടി മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉല്പാദിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇവയെ വളര്‍ത്താന്‍ ആവാതെ ചെറുകിടക്കാര്‍ മാറി നില്‍ക്കുകയാണെന്ന് എഗ്ഗ് കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.

എല്ലാത്തിനുമൊപ്പം വില കൂടിത്തന്നെയിരിക്കും

നിലവിലെ സംഭരണ വിലയില്‍ തന്നെ പിടിച്ചു നിന്നാലേ കര്‍ഷകനെ ഒരു രൂപയെങ്കിലും ലഭിക്കു. അതുകൊണ്ടുതന്നെ മുട്ട സംഭരണ വിലയില്‍ ഉടനടി ഒരു മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ വർഷത്തെ പത്താം ക്ലാസ് ഫലം തമാശ; വിവാദ പരാമർശവുമായി വിദ്യാഭ്യാസ മന്ത്രി

കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

പരക്കെ വിമർശനം

നിയമസഭാ ഹാളില്‍ സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.

‘കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക്‌ 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ട്’, – മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

ദേശീയ തലത്തില്‍ തന്നെ അംഗീകാരമുള്ള പരീക്ഷ ഫലമാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫല പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

“ഉത്തരവാദി നിങ്ങളാണ്” നൂപുർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണം സുപ്രീം കോടതി

മുഹമ്മദ് നബിയെ പരാമർശിച്ച് വിവാദ പ്രസംഗം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്നും ഇതോടൊപ്പം കോടതി ആവശ്യപ്പെട്ടു.

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് . വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തുകയും ചെയ്തു.

വിമർശനം ഏറ്റുവാങ്ങി, പരാതി പിൻവലിച്ചു

തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവർ സുപ്രിംകോടതിയിൽ ഹര്‍ജിയുമായെത്തിയത്.

ഡൽഹി പൊലീസിനും വിമർശനം

ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ വിമർശിച്ച കോടതി നൂപുറിൻ്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും മൂലമാണ് അറസ്റ്റ് നടക്കാത്തതെന്നും പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജിയും പിൻവലിച്ചു.

നൂപുർ ശർമ്മയുടെ പരാമർശത്തെ തുടർന്നുണ്ടായ ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. ആഗോള തലത്തിൽ ഇന്ത്യയ്ക്ക് എതിരായ വിമർശനത്തിന് പരാമർശം കാരണമാക്കുകയും ചെയ്തു.

കോടതിയിൽ പറഞ്ഞതും കോടതി പറഞ്ഞതും

ചാനല്‍ ചര്‍ച്ചയില്‍ അവതാരകയുടെ ചോദ്യത്തിനു മറുപടി പറഞ്ഞതാണെന്ന് നൂപുറിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, എന്നാല്‍ എന്തുകൊണ്ട് അവതാരകയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തില്ലെന്ന് കോടതി ആരാഞ്ഞു. ഡല്‍ഹി പോലീസിനെയും കോടതി നിശിതമായി വിമര്‍ശിച്ചു. ജീവന് ഭീഷണിയുണ്ടെന്ന നൂപുറിന്റെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. എന്നാല്‍ നിരവധി എഫ്‌ഐആറുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടും ഡല്‍ഹി പൊലീസ് എന്തുകൊണ്ട് നൂപുറിനെതിരെ നടപടി എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു.

പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാപ്പ് പറയാന്‍ അവര്‍ വൈകിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കില്‍ എന്ന നിബന്ധയോടെയാണ് മാപ്പ് പറഞ്ഞത്. ഇത് സ്വീകാര്യമല്ല. നൂപുര്‍ ശര്‍മ മാധ്യമങ്ങളിലൂടെ രാജ്യത്തോട് നിരുപാധിക മാപ്പ് പറയണമെന്നും കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

ഒരേ കുറ്റത്തിന് വിവിധ എഫ്‌ഐആറുകള്‍ പാടില്ലെന്ന് സുപ്രീം കോടതി തന്നെ പല കേസുകളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്ന് നൂപുര്‍ ശര്‍മയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, നൂപുര്‍ ശര്‍മയ്‌ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലെ കേസുകള്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കാന്‍ തങ്ങളുടെ മനസാക്ഷി അനുവദിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ ഹര്‍ജി അഭിഭാഷകര്‍ പിന്‍വലിച്ചു.

പാർട്ടി വക്താക്കൾക്ക് മാധ്യമ സ്വാതന്ത്യത്തിൻ്റെ പരിരക്ഷയില്ല

വികാരം ആളികത്തിക്കുന്ന പാര്‍ട്ടി വക്താക്കള്‍ക്ക് മാധ്യമ സ്വാതന്ത്ര്യത്തിന്റെ പരിരക്ഷ നല്‍കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

വരുംവരായ്കകള്‍ ആലോചിക്കാതെ തികച്ചും അപക്വമായാണ് നൂപുര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാവിട്ട വാക്കുകള്‍ രാജ്യത്താകെ തീപടര്‍ത്തി. രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായതിനാല്‍ നിയമം പാലിക്കാതെ എന്തും പറയാനുള്ള ലൈസസന്‍സ് ഇല്ല. എന്തുപറഞ്ഞാലും അധികാരത്തിന്റെ പിന്തുണയുണ്ടാകുമെന്ന് അവര്‍ കരുതിയോയെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി. പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ആരോടും ദേഷ്യമില്ല, തകർത്തത് ജനങ്ങളുടെ ഓഫീസാണ് – രാഹുൽ

കൽപ്പറ്റയിലെ എം പി ഓഫീസ് രാഹുൽ ഗാന്ധി സന്ദർശിച്ചു. എസ്.എഫ്.ഐ പ്രവർത്തകർ ഓഫീസ് ആക്രമിച്ച സംഭവത്തിന് ശേഷം ആദ്യമായാണ് രാഹുൽ എത്തിയത്.

എസ്എഫ്ഐ ആക്രമണം നിർഭാഗ്യകരം. തകർത്തത് ജനങ്ങളുടെ ഓഫീസാണ്. എസ്എഫ്ഐയുടേത് ഉത്തരവാദിത്തമില്ലായ്‌മയാണ്. ഓഫീസ് ആക്രമണത്തിൽ ആരോടും ദേഷ്യമില്ല-

രാഹുൽ ഗാന്ധി പ്രതികരിച്ചു

എസ്.എഫ്.ഐ പ്രവർത്തകർ നിരുത്തരവാദപരമായി പെരുമാറി. അവരോട് തനിക്ക് വിരോധമില്ല. ഓഫീസ് തകർത്ത സംഭവം നിർഭാഗ്യകരമാണ്. തകർപ്പെട്ട ഓഫീസ് ശരിയാക്കി വീണ്ടും പ്രവർത്തനം തുടങ്ങും. കുട്ടികളാണ് ആക്രമിച്ചത്. അവരോട് ദേഷ്യമില്ല. അക്രമം പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല. ആക്രമിക്കപ്പെട്ടത് ജനങ്ങളുടെ ഓഫീസായിരുന്നുവെന്നും രാഹുൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കർഷകരെ വന്യ ജീവികളിൽനിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയുന്നില്ലെന്ന് രാഹുൽഗാന്ധി പറഞ്ഞു. മാനന്തവാടി ഫയർ ഫോഴ്‌സ് സഹകരണ ബാങ്ക് സെന്റിനറി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. പിന്നീട് വയനാട് കളക്ടറേറ്റിൽ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും പങ്കെടുത്തു.

കർഷകരാണ് വികസനത്തിൻ്റെ അടിസ്ഥാനം

കർഷകരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു. കർഷകരാണ് രാജ്യത്തിന്റെ വികസനത്തിന് അടിസ്ഥാനം.

കർഷകർക്ക് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ല. കാർഷിക മേഖലയെ തകർത്തത് കാർഷിക നിയമങ്ങൾ. കർഷകരുടെ ചെറിയ കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. ബഫർ സോൺ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെയും അദ്ദേഹം വിമർശിച്ചു. കർഷകരെ വന്യ ജീവികളിൽനിന്ന് സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒന്നും ചെയുന്നില്ല. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ ഭേദഗതിയിൽ അഭിമാനം കൊള്ളുന്നു. യുപിഐ സർക്കാർ കർഷകന് വേണ്ടിയുണ്ടാക്കിയ നിയമമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.

കനത്ത സുരക്ഷ

കണ്ണൂർ എയർപോർട്ടിലെത്തിയ രാഹുലിന്റെ സുരക്ഷയ്ക്ക് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സുരക്ഷ സംഘത്തെ വിന്യസിച്ചു. സിആർപിഎഫിന്റെ സുരക്ഷയ്ക്ക് പുറമെ 500 പൊലീസുകാരെ കൂടി ജില്ലയിൽ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു.