സതേൺ റെയിൽവേയുടെ ഇല്ലാത്ത ചെയർമാൻ്റെ പേരിൽ കോടികൾ തട്ടി; ബി ജെ പി പ്രവർത്തകനെ പുറത്താക്കി

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ബിജെപി പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കോഴിക്കോട് ജില്ലാ നേതൃത്വം അറിയിച്ചു.

മുക്കം സ്വദേശിയ ഷിജു എം.കെയെ ആണ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. റെയിൽവേയിൽ ജോലി ഉറപ്പ് നൽകി 40,000 രൂപമുതല്‍ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരില്‍നിന്നായി ഈടാക്കിയിരുന്നത്.

നേരത്തേയും പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഷിജുവിനെ ഒഴിവാക്കിയിരുന്നതായി ജില്ലാ നേതൃത്വം അറിയിച്ചു.

തട്ടിപ്പ് നടത്തിയത് സംഘം ചേർന്ന്

റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയെന്നാണ് ഷിജുവിനെതിരായ പരാതി. മലപ്പുറം എടപ്പാള്‍ വട്ടംകുളം കവുപ്ര അശ്വതി വാരിയര്‍, കോഴിക്കോട് മുക്കം വല്ലത്തായ്പ്പാറ മണ്ണാര്‍ക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരിലാണ് മുക്കം പോലീസ് കേസെടുത്തത്.

സതേൺ റെയിൽവേക്ക് ചെയർമാനോ, സംശയം തുടങ്ങിയത് അവിടെ നിന്ന്

റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ചായിരുന്നു വന്‍തട്ടിപ്പ്. ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാൻ്റെ പേരില്‍ വ്യാജ നിയമന ഉത്തരവും നല്‍കി. കോവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. 40,000 രൂപമുതല്‍ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരില്‍നിന്നായി ഈടാക്കിയിരുന്നത്.

സതേണ്‍ റെയില്‍വേക്ക് ചെയര്‍മാനില്ല എന്ന വസ്തുതയില്‍ നിന്നുമാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന സംശയം നിയമനം ലഭിച്ചവര്‍ക്ക് തോന്നിത്തുടങ്ങിയത്. പെതുവെ തൊഴിൽ പരീക്ഷകൾക്ക് വേണ്ടി പരിശീലിക്കുന്നവരാണ് തട്ടിപ്പിനിരയായ യുവാക്കൾ. ഇങ്ങനെ ഒരു വസ്തുത സംബന്ധിച്ച ചർച്ചയാണ് വഞ്ചനയുടെ കള്ളി വെളിച്ചത്താക്കിയത്.

മലബാര്‍ ജില്ലകളില്‍നിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ചെന്നൈയിലും കര്‍ണാടകയിലും വേറെയും. ഇതില്‍ എല്ലാവരും മലയാളികളുമാണ്.

കോഴിക്കോട് സി പി എം പ്രതിഷേധ പ്രകടനത്തിലെ പരാമർശം വിവാദത്തിൽ

എകെജി സെൻ്ററിന് നേരേ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലെ പ്രസംഗം വിവാദത്തിൽ.

കോണ്‍ഗ്രസുകാരെ വെള്ളപുതപ്പിച്ച് കിടത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്‌. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗമായ ഒ.എം ഭരദ്വാജാണ് പ്രസംഗം നടത്തിയത്.കെ സുധാകരന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണമെന്നും ഭരദ്വാജ് പ്രസംഗത്തില്‍ പറഞ്ഞു.

‘ആറ് വര്‍ഷമായി അധികാരമില്ലാതായ ഭ്രാന്താണ് സുധാകരന്. അദ്ദേഹത്തിന് ഭ്രാന്താണെങ്കില്‍ ചങ്ങലക്കിടണം. അതല്ലാതെ ഗുണ്ടാ സംഘങ്ങളെ സിപിഎമ്മിന്റെ ആസ്ഥാനം ആക്രമിക്കാന്‍ പറഞ്ഞയക്കുകയല്ല.

നിങ്ങളെ പോലെ പിപ്പിടികാട്ടി മതിലില്‍ ബോംബെറിഞ്ഞ് പോവുകയല്ല ഞങ്ങള്‍ ചെയ്യുക. ഞങ്ങളെക്കൊണ്ട് അത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചാല്‍ എല്ലാവരേയും വെള്ളപുതപ്പിച്ച് കിടത്താന്‍ പ്രസ്ഥാനത്തിന്‌ അറിയാം’, ഭരദ്വാജ് പറഞ്ഞു.

നേരത്തെ അമ്പലപ്പുഴയില്‍ സിപിഎം നടത്തിയ പ്രകടനത്തിലും പ്രകോപന മുദ്രാവാക്യം ഉയര്‍ന്നതായി പരാതി ഉണ്ടായിരുന്നു. എച്ച് സലാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനത്തിനെതിരായൊണ് പരാതി ഉണ്ടായത്

എ കെ ജി സെൻ്ററിന് നേരെ ബോംബേറ്

തിരുവനന്തപുരം എ.കെ.ജി സെൻ്ററിന് നേരെ ബോംബേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് ബോംബെറിഞ്ഞത്. രാത്രി 11 30 ഓടെയാണ് സംഭവം. ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

എ കെ ജി സെൻ്ററിന് ചേർന്ന് കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്ന് സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബെറിയുന്ന രംഗമാണ് സി.സി.ടി.വിയില്‍ കാണാനാകുന്നത്.

എ.കെ.ജി സ്മാരക ഹാളിലേക്ക് പ്രവേശിക്കുന്ന ഗേറ്റിന് സമീപത്തേക്കാണ് ബോംബ് വീണത്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. കൂടുതൽ പൊലീസ് സ്ഥലത്തേക്ക് എത്തുകയാണ്

പിന്നിൽ കോൺഗ്രസ് എന്ന് ഇ പി ജയരാജൻ

ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ ആരോപിച്ചു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മന്ത്രി ആന്റണി രാജു, പി.കെ.ശ്രീമതി, എ.എ.റഹീം എം.പി എന്നിവരടക്കമുള്ളവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

എകെജി സെൻ്ററിന് നേരെയുണ്ടായത് ഭീകരാക്രമണമെന്ന് മന്ത്രി ആൻ്റണി രാജു പ്രതികരിച്ചു. ബോധപൂർവ്വം ദുഷ്ട ശക്തികൾ നടത്തിയ ആക്രമണമാണിത്. സംസ്ഥാനത്തെ പൊതുവികസനത്തെ തടസ്സപ്പെടുത്താനും, സമാധാന അന്തരീക്ഷം തകർക്കാനുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ആക്രമണത്തിന് പിന്നിൽ ആരെന്ന് പൊതുസമൂഹത്തിന് ഊഹിക്കാവുന്നതേയുള്ളൂ. സംഭവം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ആൻ്റണി രാജു പറഞ്ഞു.

ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് അരങ്ങേറ്റം

മഹാരാഷ്ട്രയ്ക്ക് പിന്നാലെ ബിഹാറിലും രാഷ്ട്രീയ നാടകങ്ങൾക്ക് വേദി ഒരുങ്ങുന്നു. ആർ ജെ ഡിയുടെ നേതൃത്വത്തിലാണ് ഇവിടെ പുതിയ നീക്കം തുടങ്ങിയിരിക്കുന്നത്. ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന സ്ഥാനം ആര്‍ജെഡി തിരിച്ചുപിടിച്ചു.

ആർ ജെ ഡി ഒവൈസിയെ പിളർത്തി

അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ (എഐഎംഐഎം) ആകെയുള്ള അഞ്ച് എംഎല്‍എമാരില്‍ നാല് പേരേയും പാര്‍ട്ടിയിലെത്തിച്ചുകൊണ്ടാണ് തേജസ്വി യാദവ് ഈ നീക്കം നടത്തിയിരിക്കുന്നത്. ഭരണകക്ഷിയായ ജെഡിയു-ബിജെപി സഖ്യത്തിൽ പരസ്പര തർക്കങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഈ മാറ്റം.

കളി തുടങ്ങിയത് ബി ജെ പി, അവസരം കാത്ത് തേജസ്വി

2020-ല്‍ 243 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ആര്‍ജെഡി ആയിരുന്ന ഏറ്റവും വലിയ ഒറ്റ കക്ഷി. 74 സീറ്റുകള്‍ നേടി ബിജെപി രണ്ടാമതെത്തി. 43 സീറ്റുകള്‍ ജെഡിയുവിനും ലഭിച്ചു.

പഴയ ചങ്ങതിമാരായ ജെഡിയു-ബിജെപി സഖ്യം അധികാരത്തിലേറി. നിതീഷ് കുമാറിൻ്റെ സൂത്രങ്ങൾ ഫലിച്ചു. പക്ഷെ ബി ജെ പി കളിതുടർന്നു. എന്‍ഡിഎയുടെ തന്നെ സഖ്യകക്ഷിയായ വികാസ്ഷീല്‍ ഇഹ്‌സാന്‍ പാര്‍ട്ടിയെ പിളര്‍ത്തി അവരുടെ നാലില്‍ മൂന്ന് എംഎല്‍എമാരേയും ബിജെപിയില്‍ ചേര്‍ത്തി. ഇതോടെ 77 സീറ്റുകളോടെ ബിജെപി ബിഹാര്‍ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറി.

ആർ ജെ ഡി തിരിച്ചു പയറ്റിയത് ഒരേ തന്ത്രം

കൈവിട്ടുപോയെ ഈ സ്ഥാനമാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ നാല് എംഎല്‍എമാരെ അടര്‍ത്തികൊണ്ട് ആര്‍ജെഡി കഴിഞ്ഞ ദിവസം തിരികെ പിടിച്ചിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പിടിച്ചെടുത്തത് അടക്കം ആര്‍ജെഡിക്ക് നിലവില്‍ 80 സീറ്റുകളാണ് ഉള്ളത്.

നോട്ടം ഭരണ മുന്നണിയിലെ തമ്മിൽ തല്ലിൽ

കേവല ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ആർജെഡിക്ക് ഇല്ല. ഭരണപക്ഷത്ത് നിലവില്‍ 127 എംഎല്‍എമാരും പ്രതിപക്ഷത്ത് 116 എംഎല്‍എമാരുമാണ് നിലവില്‍ ഉള്ളത്.

അഗ്നിപഥ്, ജാതി സെന്‍സസ് തുടങ്ങിയ വിഷയങ്ങളില്‍ ബിജെപി-ജെഡിയു നേതാക്കള്‍ തമ്മില്‍ ഏറെനാളായി പോര് തുടങ്ങിയിട്ട്. ഈ സാഹചര്യം മുതലെടുക്കാനാവുമോ എന്നതാണ് കളി.
നിയമസഭയിലും ഭരണകക്ഷിയിലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് വ്യക്തമാണ്. തിങ്കളാഴ്ച ബിജെപി മുന്നോട്ട് വെച്ച ‘മികച്ച നിയമസഭാ സമാജികന്‍’ എന്ന വിഷയത്തില്‍ ജെഡിയു പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സ്പീക്കര്‍ക്ക് സഭ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ജെഡിയു ചര്‍ച്ച ബഹിഷ്‌കരിച്ചത് ബിജെപിക്ക് വലിയ കുറച്ചിലായിരുന്നു.

സമീപകാലത്തായി നിതീഷ് കുമാര്‍ ലാലു കുടുംബവുമായി അടുത്തതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. മാത്രമല്ല ലാലുവിൻ്റെ രാഷ്ട്രീയം ബിഹാറിൽ ഇപ്പോഴും വേരാഴ്ത്താൻ സാധ്യതയുള്ളതാണ്. കൈവിട്ടു പോയ അധികാരക്കളിയുടെ അടവുകൾ അവർ തിരികെ നേടുന്നുമുണ്ട്.

മോഡി വിരോധവും നിതീഷും

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തുവന്ന് ആര്‍ജെഡിയുമായി സഖ്യത്തിലായത്. തുടര്‍ന്ന് ആര്‍ജെഡിയുമായി ചേര്‍ന്ന് ബിഹാറില്‍ ഭരണം നിലനിര്‍ത്തി. ഇതിനു പിന്നാലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവരെ കൂടെ ചേര്‍ത്ത് മഹാസഖ്യം രൂപീകരിച്ച് ഭരണത്തിലേറുകയും ചെയ്തു.

തേജസ്വി യാദവിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളെ മറയാക്കിയാണ് നിതീഷ് കുമാർ പിന്നീട് ജെഡിയു മഹാസഖ്യത്തില്‍ നിന്ന് പുറത്തുവന്നത്. ബിജെപി പിന്തുണ ഉറപ്പിച്ച് വീണ്ടും അധികാരത്തില്‍ എത്തി.

നിതീഷ് കുമാറിന് ബി ജെ പിയും ആർജെഡിയും അധികാരം പിടിക്കുന്നതിൽ വ്യത്യസ്തമല്ല എന്നും കാണാം.

മഹാരാഷ്ട്ര പിടിച്ചു; ഷിന്ദേ മുഖ്യമന്ത്രി

വിമത നീക്കങ്ങള്‍ക്കും അധികാര നാടകങ്ങൾക്കും ഒടുവിൽ ബി ജെ പി മഹാരാഷ്ട്രയുടെ ഭരണം തിരികെ പിടിച്ചു. മുഖ്യമന്ത്രിയായി വിമത ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസും സത്യപ്രതിജ്ഞ ചെയ്തു.

ബിജെപി പിന്തുണയോടെ മഹാരാഷ്ട്രയുടെ 20-ാം മുഖ്യമന്ത്രിയായിട്ടാണ് ഷിന്ദേ അധികാരമേറ്റത്. വൈകീട്ട് 7.30-ന് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവര്‍ണര്‍ ഭഗവത് സിങ് കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രണ്ടര വര്‍ഷം നീണ്ടുനിന്ന ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ താഴെയിറക്കി കൊണ്ടാണ് മഹാരാഷ്ട്ര ഭരണം വീണ്ടും ബിജെപിയുടെ കൈകളിലേക്കെത്തുന്നത്.

അവസാന നിമിഷത്തിൽ ഫഡ്‌നവിസ് ഉപസ്ഥാനീയനായി

അപ്രതീക്ഷിതമായിട്ടാണ് ഷിന്ദേയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. വിമത എംഎല്‍എമാര്‍ക്കൊപ്പം ഗോവയിലായിരുന്നു ഷിന്ദേ. ദേവേന്ദ്ര ഫഡ്‌നവിസിനൊപ്പം ഉച്ചയ്ക്ക് ശേഷമാണ് മുംബൈയിലെത്തി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചത്. ഫഡ്‌നവിസ് മുഖ്യമന്ത്രിയും ഷിന്ദേ ഉപമുഖ്യമന്ത്രിയും ആകുമെന്നായിരുന്നു കരുതിയിരുന്നത്.

താനെയില്‍ ശിവസേനയുടെ കരുത്തനായ നേതാവാണ് ഷിന്ദേ. ആനന്ദ് ഡിഗെയ്ക്ക് ശേഷം പാര്‍ട്ടിയുടെ താനെ ജില്ലയിലെ അനിഷേധ്യ നേതാവായി ഷിന്ദേ ഉയരുകയിരുന്നു. അദ്ദേഹത്തിന്റെ മകന്‍ ശ്രീകാന്ത് ഷിന്ദേ എം.പി.യാണ്. സഹോദരന്‍ നഗരസഭാംഗമാണ്. മദ്യശാലയില്‍ വിതരണക്കാരനായും ഓട്ടോറിക്ഷ തൊഴിലാളിയായും ജോലിനോക്കി പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകനായി തുടക്കംകുറിച്ച ഷിന്ദേ ക്രമേണ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഉയരുകായിരുന്നു. ആനന്ദ് ഡിഗെയാണ് ഷിന്ദയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. പിന്നീട് ബാല്‍താക്കറെയുടെ സ്വന്തമായി.

1990കളില്‍ നഗരസഭ അംഗമായി തീര്‍ന്ന ഷിന്ദേ പിന്നീട് തുടര്‍ച്ചയായി നാല് തവണ എം.എല്‍.എയായി. ഫഡ്‌നവിസ് മന്ത്രിസഭയില്‍ അംഗമായി. ശിവസേന ബി.ജെ. പിയുമായി ബന്ധം വിടര്‍ത്തിയതോടെ പ്രതിപക്ഷ നേതാവായി. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പേര് ഉയര്‍ന്നു. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായതോടെ നഗര വികസനം എന്ന സുപ്രധാന വകുപ്പ് ലഭിച്ചു.

വിമതരെ കൂട്ടിയത് ഹിന്ദുത്വ അജണ്ട പറഞ്ഞ്

നാല്‍പ്പത് ശിവസേനാ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ആകെ അന്‍പത് എം.എല്‍.എമാരുടെ പിന്തുണ ഒപ്പമുണ്ടെന്നാണ് ഏകനാഥ് ഷിന്ദേയുടെ അവകാശവാദം. പോരാട്ടത്തില്‍ ഒപ്പം നിന്നവരാണ് അവരെന്നും ആ അന്‍പതുപേര്‍ തന്നില്‍ അര്‍പിച്ച വിശ്വാസത്തിന് ഒരു പോറല്‍ പോലും ഏല്‍പിക്കുകയില്ലെന്നും ഷിന്ദേ വ്യക്തമാക്കി. ശിവസേനയ്ക്കുള്ളില്‍ വിമതര്‍ നടത്തിയ കലാപം സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ളതായിരുന്നില്ല എന്നാണ് വാദം. ബാല്‍ താക്കറേയുടെ ഹിന്ദുത്വയ്ക്കു വേണ്ടിയുള്ളതായിരുന്നു അധികാര നാടകങ്ങൾ എന്നും വിശദീകരിച്ചു.

എംഎല്‍എമാരുമായി ആദ്യം ഗുജറാത്തിലെ സൂറത്തിലെത്തിയ ഷിന്ദേ അവിടെ നിന്ന് ഗുവാഹാട്ടിയിലേക്ക് മാറി. തുടര്‍ന്ന് ഉദ്ധവ് താക്കറെയോട് ഗവര്‍ണര്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെട്ടതോടെ വിമതരുമായി ഷിന്ദേ ഗോവയിലെത്തുകയായിരുന്നു.

കൊച്ചിയിൽ രണ്ട് പെൺകുട്ടികളെ ലോഡ്ജിൽ അവശനിലയിൽ കണ്ടെത്തി, കോഴിക്കോട് സ്വദേശിനികൾ എന്നു സംശയം

എറണാകുളം സൗത്തിലെ സ്വകാര്യ ലോഡ്ജില്‍ രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് പെണ്‍കുട്ടികളെ ലോഡ്ജ് മുറിയില്‍ അവശനിലയില്‍ കണ്ടത്.

തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരെയും സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അബോധാവസ്ഥയിലുള്ള ഒരാള്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോഴിക്കോട് സ്വദേശികളാണ് ഇവരെന്നാണ് സൂചന.

കൂടെ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് വ്യക്തമല്ല. അന്വേഷണം നടക്കുന്നു.

നെറ്റ് വർക്ക് പിഴവ് എസ്ബിഐ ഇടപാടുകൾ മുടങ്ങി

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. നെറ്റ് വര്‍ക്ക് തകരാറിനെതുടര്‍ന്നാണ് പണമിടപാടുകള്‍ ഉള്‍പ്പടെയുള്ളവ നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു

ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും രണ്ടുമണിക്കൂറായി രാജ്യത്ത് മുടങ്ങി. സാധാരണ നിലയിൽ ആയിട്ടില്ല.

ബാങ്ക് ശാഖകളുടെ പ്രവര്‍ത്തനവും ഓണ്‍ലൈന്‍ ഇടപാടുകളും തകരാറിലാണ്.

തകരാര്‍ പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ബാങ്ക് അധികൃതര്‍ അറിയിച്ചു.

ശ്രീലങ്ക ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നു

0

ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം മഴ കീഴടക്കി. മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതിനിടെ മഴയിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. കാറ്റിൽ ഡഗൗട്ടിൻ്റെ ഒരു ഭാഗം തകർന്നു എന്നും റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയൻ ടീം ഗ്രൗണ്ടിലേക്കെത്തുന്ന സമയമായിരുന്നു ഇത്. വീഡിയോ ട്വിറ്ററിൽ

രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ നിലവിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടിയിട്ടുണ്ട്. ഉസ്മാൻ ഖവാജ (67), കാമറൂൺ ഗ്രീൻ (19) എന്നിവരാണ് ക്രീസിൽ. ഡേവിഡ് വാർണർ (25), മാർനസ് ലബുഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6), ട്രാവിസ് ഹെഡ് (6) എന്നിവരുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്.

അതേസമയം, ടെസ്റ്റിൽ റണ്ണൗട്ടായതിന് സഹതാരം ഉസ്മാൻ ഖവാജയോട് ദേഷ്യപ്പെട്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത് ദേഷ്യപ്പെട്ടിരുന്നു. മത്സരത്തിൻ്റെ ഒന്നാം ദിനമായ ഇന്നലെയായിരുന്നു സംഭവം. ഇതിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇന്നിംഗ്സിൽ വെറും 6 റൺസ് മാത്രമെടുത്ത് സ്മിത്ത് പുറത്തായിരുന്നു.

രമേശ് മെൻഡിസിൻ്റെ പന്തിൽ ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും സ്മിത്തിൻ്റെ പാഡിൽ പന്തുകൊണ്ട്. ഇതോടെ ബൗളർ എൽബിഡബ്ല്യുവിന് അപ്പീൽ ചെയ്തു. ഈ സമയം സ്മിത്ത് സിംഗിൾ ഓടാൻ ശ്രമിച്ചു. മറുവശത്ത് ബാറ്റ് ചെയ്യുകയായിരുന്ന ഉസ്മാൻ ഖവാജയും ഓടാനായി ക്രീസ് വിട്ടിറങ്ങി. എന്നാൽ, ഉടൻ താരം തിരികെ നോൺസ്‌ട്രൈക്കേഴ്‌സ് എൻഡിലേക്ക് മടങ്ങി. ഈ സമയം, സ്മിത്ത് പിച്ചിനു നടുവിലെത്തിയിരുന്നു. ഖവാജ തിരികെ കയറിയതോടെ സ്മിത്ത് പിന്തിരിഞ്ഞോടിയെങ്കിലും കുശാൽ മെൻഡിസിന്റെ ത്രോ സ്വീകരിച്ച് വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല്ല സ്മിത്തിനെ റണ്ണൗട്ടാക്കുകയായിരുന്നു. റണ്ണൗട്ടായതിനു പിന്നാലെ താരം ഖവാജയുടെ നേരെ തിരിഞ്ഞ് ദേഷ്യപ്പെടുകയായിരുന്നു.

അഞ്ചടി വലിപ്പമുള്ള ജനൽ കുത്തിമാറ്റി 38 പവൻ കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

അടച്ചിട്ട വീടിൻ്റെ അഞ്ചടി വലുപ്പമുള്ള ജനൽ മൊത്തമായി ഇളക്കി മാറ്റി 38.5 പവൻ സ്വർണാഭരണങ്ങൾ കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കൾ പിടിയിൽ. തൃശൂർ പൂങ്കുന്നത്തുള്ള വീട്ടിൽ പതിനാറാം തീയതിയാണ് കവർച്ച നടന്നത്.

കള്ളി ജനൽ ഇളക്കി മാറ്റിയാണ് പ്രതികൾ അകത്ത് കടന്നത്. അലമാരു കുത്തി തുറന്ന് സ്വർണ്ണം കൈക്കലാക്കി. പ്രത്യേക അന്വേഷണ സംഘമാണ് പശ്ചിമബംഗാൾ സ്വദേശികളായ ഷൈക്ക് മക്ബുൾ (31), മുഹമ്മദ് കൗഷാർ ഷൈക്ക് (45) എന്നിവരെ കുടുക്കിയത്.

കള്ളന്മാരെ കണ്ടെത്താനായി 88 സി.സി.ടിവി കാമറകളാണ് അന്വേഷണ സംഘം പരിശോധിച്ചത്. പക്ഷെ പ്രതികളുടെ തിരിച്ചറിയാനാവാത്ത ദൃശ്യമാണ് സി.സി.ടിവി കാമറകളിൽ നിന്ന് ലഭിച്ചത്. എന്നാൽ നഗരത്തിലെ ലോഡ്ജിൽ പ്രതികൾ റൂം എടുത്തിരുന്നു എന്ന് ക്യാമറ ദൃശ്യത്തിലൂടെ മനസിലാക്കാനായി. ലോഡ്ജിൽ നിന്ന് കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇവർ പശ്ചിമബംഗാൾ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു. അന്വേഷണം തുടർന്നു

പൊലീസ് സംഘം ബംഗാളിലേക്ക് തിരിച്ചു. അവിടെയെത്തി നടത്തിയ പരിശോധനയിൽ പ്രതികൾ ട്രെയിൻ മാർഗം കേരളത്തിലേക്ക് തിരിച്ചു വരുന്നത് മനസിലായി. പിന്തുടർന്നെത്തിയ പൊലീസുകാർ ചെന്നൈ വരെ മോഷ്ടാക്കളെ നിരീക്ഷിച്ചു.

റെയിൽവേ പൊലീസിന്റെ സഹായത്തോടെ ചെന്നൈ എം.ജി.ആർ റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് മോഷ്ടാക്കളെ പൊക്കിയത്. കമ്പാർട്ട്‌മെന്റ് വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയുടെയും അസി. കമ്മിഷണർ വി.കെ. രാജുവിന്റെയും നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്ന അന്വേഷണം

ലൈംഗിക പീഡനക്കേസുകളിൽ ഗായകൻ ആർ കെല്ലിക്ക് 30 വർഷം തടവ്

 പ്രശസ്ത അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിയ്ക്ക് 30 വര്‍ഷം കഠിന തടവ്.

തന്റെ ജനപ്രീതി ഉപയോഗിച്ച് 20 കൊല്ലത്തോളം കെല്ലി സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി ന്യൂയോര്‍ക്കിലെ ഏഴംഗ കോടതി കണ്ടെത്തി.

തന്റെ പരിപാടികള്‍ ആസ്വദിക്കാനെത്തിയവരാണ് കെല്ലിയുടെ ഇരകളിലേറെയും. സംഗീതരംഗത്തെ തുടക്കാക്കാരെ പ്രോത്സാഹിപ്പിക്കാനെന്ന വ്യാജേനയാണ് പലരെയും വലയില്‍ വീഴ്ത്തിയത്.

മ്യൂസിക് സ്റ്റുഡിയോ പീഡന കേന്ദ്രമായി

പെണ്‍വാണിഭമടക്കം കെല്ലിക്കെതിരേ ചുമത്തിയിരുന്ന ഒമ്പതു കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു.

സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയാണ് മറ്റു കുറ്റങ്ങള്‍. ആറാഴ്ചയിലേറെ നീണ്ടുനിന്ന വിചാരണയില്‍ പരാതിക്കാരായ ഒമ്പത് സ്ത്രീകളും രണ്ടു പുരുഷന്മാരും കെല്ലിയുടെ കുറ്റകൃത്യങ്ങള്‍ വിവരിച്ചു.

കുറ്റബോധമില്ലാതെ കെല്ലി

കെല്ലിയ്ക്ക് കുറഞ്ഞത് 25 വര്‍ഷമെങ്കിലും ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇയാളെ വെറുതെ വിട്ടാല്‍ പൊതുസമൂഹത്തിന് വിപത്താണ്. നാണം കെട്ട, നീചമായ ഒരിക്കലും പൊറുക്കാനാവാത്ത അപരാധമാണ് കെല്ലി ചെയ്തിരിക്കുന്നത്. അതില്‍ അയാള്‍ക്ക് കുറ്റബോധം ലവലേശമില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ശിക്ഷ 17 വര്‍ഷമായി കുറക്കണമെന്ന് കെല്ലിയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കുറ്റകൃത്യം അതീവ ഗൗരവമുള്ളതാണെന്നും പ്രതി യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും ജൂറി നിരീക്ഷിച്ചു.