കോഴിക്കോട് എൻഐടിയിൽ വിദ്യാഥി തൂങ്ങി മരിച്ചു

0

കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുപി സ്വദേശി രാഹുല്‍ പാണ്ഡെയെയാണ് മരിച്ചത്. ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു.

രണ്ടാം വര്‍ഷ എംടെക് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാകുറിപ്പ് കണ്ടെത്തി. അസ്വാഭാവികമരണത്തിന് കുന്ദമംഗലം പോലീസ് കേസെടുത്തു.

ഹോസ്റ്റലില്‍ രാഹുല്‍ താമസിച്ചിരുന്ന മുറിയിലെ ഫാനിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാഹുലിന്റെ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ കൈവിട്ടു; കേരളത്തിൽ മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ രോഗബാധ

കേരളത്തിൽ വീണ്ടും കൊവിഡ് കേസുകൾ കുതിച്ചുയരുന്നു. മൂന്നാം തരംഗത്തിന് ശേഷമുള്ള ഏറ്റവും കൂടിയ പ്രതിദിന വർധനവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. 4,459 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള ജില്ല എറണാകുളമായി (1,161). 24 മണിക്കൂറിനിടെ കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത് 15 പേരാണ്.

തിരുവനന്തപുരം – 1,081, കൊല്ലം – 382, പാലക്കാട് – 260, ഇടുക്കി – 76, കോട്ടയം – 445, ആലപ്പുഴ – 242, തൃശൂര്‍ – 221, പാലക്കാട് – 151, മലപ്പുറം – 85, കോഴിക്കോട് – 223 വയനാട് – 26, കണ്ണൂര്‍ – 86, കാസര്‍കോട് – 18 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ കൊവിഡ് കണക്ക്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് മരണങ്ങൾ വീതം സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിൽ ഒരു കൊവിഡ് മരണമാണുള്ളത്

സംസ്ഥാനത്ത് മാസ്‌ക് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവിറങ്ങി. മാസ്‌ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ ഈടാക്കും. നിയന്ത്രണം കർശനമാക്കി പൊലീസ് ഉത്തരവിറക്കി. പരിശോധനയും, നടപടിയും കർശനമാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നിർദ്ദേശം നൽകി. പൊതുയിടങ്ങൾ, ആൾക്കൂട്ടം, ജോലി സ്ഥലം, യാത്ര ചെയ്യുക തുടങ്ങിയ സമയങ്ങളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

ഉദയ്പൂരിലെ കൊലപാതകം; “വിദ്വേഷത്തെ പരാജയപ്പെടുത്തണം” കോൺഗ്രസും സിപിഎമ്മും അപലപിച്ചു

ഉദയ്പൂരില്‍ തയ്യല്‍ക്കടക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ദേശീയ നേതാക്കള്‍. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീക്ഷ്ണമായ അന്തരീക്ഷം അവസാനിപ്പിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് വിദ്വേഷത്തെ പരാജയപ്പെടുത്തണം- രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു

സീതാറാം യെച്ചൂരി

‘ഉദയ്പൂരിലെ ദാരുണമായ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും തീക്ഷ്ണമായ അന്തരീക്ഷം നമ്മുടെ സാമൂഹത്തെ മനുഷ്യത്വരഹിതമാക്കുകയാണ്. ഇത് അവസാനിപ്പിക്കണം. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കണം’. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വറ്ററില്‍ കുറിച്ചു.

രാഹുൽ ഗാന്ധി

ഉദയ്പൂര്‍ കൊലപാതകം ഞെട്ടിക്കുന്നതാണ്. മതത്തിന്റെ പേരിലുള്ള ക്രൂരത വച്ചുപൊറുപ്പിക്കാനാവില്ല. ഈ ക്രൂരതയുടെ പേരില്‍ ഭീകരത പടര്‍ത്തുന്നവരെ ശിക്ഷിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് വിദ്വേഷത്തെ പരാജയപ്പെടുത്തണം. ദയവായി സമാധാനവും സാഹോദര്യവും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയും ട്വീറ്റ് ചെയ്തു.

രാജസ്ഥാനിലെ ഉദയ്പൂരിൽ സംഘർഷം; നൂപർ ശർമ്മയെ പിന്തുണച്ച തയ്യൽക്കാരൻ്റെ തലയറുത്തു

രാജസ്ഥാനിലെ ഉദയ്പുരിലെ തയ്യല്‍ കടയുടമയെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. കൊലപാതകത്തിൻ്റെ ദൃശ്യങ്ങളില്‍ പ്രചരിക്കുന്ന രണ്ടു പേരാണ് പിടിയിലായത്. വിവാദ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്റ്റിട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കണ്ടെത്തൽ

ഉദയ്പൂരില്‍ മാള്‍ഡ്‌സ്ട്രീറ്റില്‍ തയ്യല്‍ക്കട നടത്തുന്ന കനയ്യലാല്‍ സാഹുവാണ് കൊല്ലപ്പെട്ടത്.തുണി തയ്യപ്പിക്കാന്‍ എന്ന വ്യാജേന കടയിലെത്തിയ രണ്ട് ആക്രമികള്‍ ചേര്‍ന്നാണ് കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നുവെന്ന് ആരോപിച്ചാണ് കൊലപാതകം.


റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. ഇരുവരും ഉദയ്പുര്‍ സൂരജ്‌പോലെ സ്വദേശികളാണെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു.

ഉദയ്പൂരില്‍ വലിയ സംഘര്‍ഷാന്തരീക്ഷമാണ് നിലനില്‍ക്കുകയാണ്. 600 പോലീസുകാരെ അധികമായി വിന്യസിച്ചു. 24 മണിക്കൂര്‍ നേരത്തേയ്ക്ക് ഇന്റര്‍നെറ്റ് സേവനം മരവിപ്പിച്ചു. ഉദയ്പുര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

രണ്ടുപേർ ചേർന്ന് തലയറുത്ത് മാറ്റി

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കൊലപാതകത്തിന്റെ വീഡിയോ കാണരുതെന്നും പ്രചരിപ്പിക്കരുതെന്നും രാജസ്ഥാന്‍ പോലീസ് നിര്‍ദേശം നല്‍കി. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ചു.

തയ്യല്‍ കടക്കാരനായ കനയ്യലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പുരിലെ തിരക്കേറിയ മാര്‍ക്കറ്റിലുള്ള കടയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് കനയ്യലാല്‍ കൊല്ലപ്പെട്ടത്. രണ്ടു പേര്‍ കടയിലേക്ക് കയറിവരികയും കനയ്യ ലാലിൻ്റെ കഴുത്തിൽ വെട്ടുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പ്രതികള്‍ ഭീഷണി മുഴക്കുന്നുണ്ട്.

രാജസ്മന്ത് ജില്ലയിലെ ഭീം എന്ന പ്രദേശത്ത് വെച്ച് രാത്രിയോടെയാണ് പ്രതികളെ പോലീസ് പിടികൂടിയത്.

രണ്ടു പ്രതികളേയും പിടികൂടിയിട്ടുണ്ടെന്നും വേഗത്തിലുള്ള അന്വേഷണം നടക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് പറഞ്ഞു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേസ് അന്വേഷണത്തിന് എൻ ഐ എ

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്‍ഐഎയെ ചുമതലപ്പെടുത്തി. ദേശീയ അന്വേഷണ ഏജന്‍സിയുടെ ഒരു സംഘത്തെ കേന്ദ്രം ഉദയ്പൂരിലേക്ക് അയച്ചു.

മദ്യപിച്ച് ബഹളം വെച്ച ഭർത്താവിനെ ഭാര്യ ആട്ടുകല്ല് കൊണ്ട് എറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു

 മദ്യപിച്ചു വഴക്കുണ്ടാക്കിയ ഭർത്താവിനെ ഭാര്യ ആട്ടുകല്ലുകൊണ്ട് എറിഞ്ഞു. മുഖത്ത് ഏറു കൊണ്ട് മറിഞ്ഞു വീണ യുവാവ് മരിച്ചു. ചെന്നൈ ആവഡിയ്ക്കടുത്ത് മുത്തപ്പുഡുപ്പേട്ടിലാണ് സംഭവം.

ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന കൃഷ്ണന്‍ മദ്യപിച്ചുവന്ന് വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കി. ബഹളത്തിനിടയിൽ കുപിതയായ ഭാര്യ വിജയലക്ഷ്മി അടുക്കളയിലേക്ക് പോയി. ഇതിനിടയിൽ പ്രകോപിതയായി ആട്ടുകല്ലെടുത്ത് കൃഷ്ണനുനേരെ എറിയുകയായിരുന്നു.

മുഖത്ത് ഏറുകൊണ്ട കൃഷ്ണന്‍ നിലത്തുവീണു. വീഴ്ചകണ്ട് ഭാര്യ തന്നെ കരച്ചിലും ബഹളവും കൂട്ടി.

കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൃഷ്ണനെ രക്ഷിക്കാനായില്ല. വിജയലക്ഷ്മിയെ കൊലക്കുറ്റം ചുമത്തി അറസ്റ്റുചെയ്തു.

ഒഎൻജിസി ഹെലികോപ്ടർ കടലിൽ വീണു, 4 പേരെ കടലിൽ കാണാതായി, 5 പേരെ രക്ഷപെടുത്തി

അടിയന്തിര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേർ യാത്ര ചെയ്തിരുന്ന ഹെലികോപ്ടറ്ററാണ്. 5 പേരെ രക്ഷപ്പെടുത്തിയതായി ഒഎന്‍ജിസി അറിയിച്ചു. മൂന്നു ഒൻജിസി തൊഴിലാളികളെയും ഒരു കരാർ തൊഴിലായളിയേയുമാണ് കാണാതായത്

ഫ്ളോട്ടേഴ്സ് ലാൻഡിങ്ങും പിഴച്ചു

ഒഎന്‍ജിസിയുടെ മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിനു സമീപം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു. അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്‌ളോട്ടേഴ്‌സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.

മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു. പവൻ ഹാൻസിൻ്റെ വാടക ഹെലികോപ്ടറാണ്.

സാഗർ കിരൺ റിഗ്ഗിലാണ് അപകടം ഉണ്ടായത്. മാലവ്യ 16 എന്ന ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന കപ്പലിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ശേഷിക്കുന്നവർക്ക് വേണ്ടിയുള്ള തിരിച്ചിൽ തുടരുകയാണ്.

ദിലീപിൻ്റെ ജാമ്യം തുടരും, പ്രോസിക്യൂഷന് തിരിച്ചടി

ടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് തിരിച്ചടി. കേസിലെ എട്ടാം പ്രതിയായ ദിലീപിന്‍റെ ജാമ്യ൦ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നല്‍കിയ ഹ൪ജി കൊച്ചിയിലെ വിചാരണ കോടതി തള്ളി. കേസിൽ രണ്ടാഴ്ചയ്ക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ വ൪ഷവു൦ പ്രോസിക്യൂഷന്‍റെ സമാന ആവശ്യ൦ വിചാരണ കോടതി തള്ളിയിരുന്നു.

ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും തെളിവുകൾ ഉണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. എന്നാൽ, സംവിധായകൻ ബാലചന്ദ്രകുമാറിന്റേത് ഉൾപ്പടെയുളള വെളിപ്പെടുത്തലിന് പിന്നിൽ അന്വേഷണ സംഘത്തിന്റെ ഗൂഢാലോചനയാണെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ നൽകാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂർത്തിയാകാനിരിക്കെയാണ് ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി കോടതി തള്ളിയത്.

നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ 2017 ഒക്ടോബര്‍ മൂന്നിനാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചത്.

കുവൈറ്റിലേക്ക് സന്ദർശക വിസ നിർത്തി വെച്ചു

0

കുവൈത്തില്‍ ഫാമിലി, ടൂറിസ്റ്റ് സന്ദര്‍ശക വിസകള്‍ അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചു. ഒന്നാം ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറല്‍ ശൈഖ് അഹ്‍മദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.

കുടുംബങ്ങള്‍ക്കും വിനോദ സഞ്ചാരത്തിനുമുള്ള സന്ദര്‍ശക വിസകള്‍ക്ക് ഇപ്പോള്‍ കൊണ്ടുവന്നിട്ടുള്ള നിയന്ത്രണം ബാധകമാണ്.  ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത് തുടരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിസകള്‍ അനുവദിക്കുന്നതിന് കുവൈത്ത് താമസകാര്യ മന്ത്രാലയം പുതിയ സംവിധാനം ആവിഷ്‍കരിക്കുന്ന സാഹചര്യത്തിലാണ് താത്കാലിക നിയന്ത്രണം കൊണ്ടുവരുന്നത്.

വിഷാദം വിഴുങ്ങുന്ന മനസ്സിൻ്റെ വഴികളിലൂടെ ഗീതാഞ്ജലി ശ്രീയുടെ മണൽ സമാധി

0

ഹിന്ദിയിലെ പ്രമുഖ എഴുത്തുകാരിയായ ഗീതാജ്ഞലി ശ്രീ എന്ന ഗീതാജ്ഞലി പാണ്ഡെയാണ് ബുക്കറിൻ്റെ പീഠത്തിൽ ആദ്യമായി ഹിന്ദി സാഹിത്യത്തെ പ്രതിഷ്ഠിച്ചത്.

ഗീതാജ്ഞലി ശ്രീ 2018ൽ രചിച്ച ‘രേത് സമാധി’ Ret Samadhi എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ‘Tomb Of Sand’ എന്ന കൃതിയാണ് 2022ലെ ബുക്കർ സമ്മാനം നേടിയത്. അമേരിക്കൻ വംശജയായ ഡെയ്‌സി റോക്ക്‌വെല്ലാണ് ‘രേത് സമാധി’ എന്ന ശ്രീയുടെ ഹിന്ദി നോവൽ  ‘ടോംബ് ഓഫ് സാൻഡ്’ എന്ന പേരിൽ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.  

ഇന്ത്യയുടെയും ബുക്കറിന്റെയും ചരിത്രത്തിൽ ആദ്യമായി ഹിന്ദിയിൽ നിന്നുള്ള ഒരു രചന അവാർഡിനർഹമായതാണ്. അറുപത്തിയഞ്ചുകാരിയായ ഗീതാജ്ഞലി ശ്രീ ന്യൂ ഡൽഹിയിലാണ് സ്ഥിര താമസം. മുപത്തിയഞ്ച് വർഷം നീണ്ട സാഹിത്യ ജീവിതത്തിൽ ഹിന്ദി സാഹിത്യത്തെ ലോക സാഹിത്യത്തിനൊപ്പം ഉയർത്തി. അത്രയൊന്നും പുഷ്കലമല്ലാത്ത ഹിന്ദി സാഹിത്യത്തിന് ബുക്കറിന്റെ അംഗീകരം കൊണ്ടു വന്നു എന്നത് ഭാഷാ ചരിത്രത്തിലും അവിസ്മരണീയമാണ്.

മരണം, വിഷാദരോഗം, വാർദ്ധക്യം, സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ, ജീവിതത്തിലേക്കുള്ള തിരിച്ചുവരവ്, സ്ത്രീയുടെ അതീജീവന അനുഭവങ്ങൾ ഇവയുടെ സർഗാത്മകവും ഭാവാനത്മകവുമായ ഉൾക്കാഴ്ച നൽകുന്ന രചനയാണ് ‘രേത് സമാധി.’ എൺപതുകാരിയുടെ പരിവർത്തിത സഞ്ചാരമാണ്.

ഉത്തർപ്രദേശിലെ മെയിൻപുരിയിൽ 1957ൽ ജനിച്ച ഗീതാജ്ഞലി ശ്രീ യുടെ ബാല്യകാലം ഉത്തർപ്രദേശിലെ വിവിധ പട്ടണങ്ങളിലായിരുന്നു.സർക്കാർ ഉദ്യോഗസ്ഥനായ പിതാവിന് ലഭിക്കുന്ന സ്ഥലം മാറ്റം പല പട്ടണങ്ങളിലെ ജീവിതം പരിചയപ്പെടുന്നതിന് കാരണമായി. അവിടങ്ങളിലെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിലാണ് വിദ്യാഭ്യാസം നേടി, ഉത്തർപ്രദേശിൽ ജീവിച്ചതിനാൽ ഹിന്ദിയുമായി ഒരു ജൈവബന്ധം രൂപപ്പെട്ടു.

ഗീതാഞ്ജലി പാണ്ഡെ എന്നാണ്  ഗീതാഞ്ജലി ശ്രീ അറിയപ്പെട്ടിരുന്നത്, എന്നാൽ,  അമ്മയുടെ പേരിലെ ആദ്യപേരായ ശ്രീ സ്വന്തംപേരിനൊപ്പം ചേർത്താണ്  അവർ ഗീതാജ്ഞലി ശ്രീ ആയത്. അവാർഡ് ലഭിച്ചത് ഉൾപ്പടെ അഞ്ച് നോവലുകളും രണ്ട് ചെറുകഥാ സമാഹാരങ്ങളും ഹിന്ദിയിൽ ഗീതാജ്ഞലി ശ്രീ രചിച്ചിട്ടുണ്ട്.

അറുപത്തിയഞ്ച് കാരിയായ ശ്രീ തന്റെ മുപ്പതാം വയസ്സിലാണ് സാഹിത്യലോകത്തേക്ക് കടന്നു വന്നത്.  ആദ്യത്തെ ചെറുകഥയായ ‘ബേൽപത്ര’ പ്രസിദ്ധീകരിച്ചത് 1987ലായിരുന്നു. നാല് വർഷം പിന്നിട്ടപ്പോൾ 1991ൽ, ശ്രീയുടെ ആദ്യത്തെ ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചു.  1991ൽ  പ്രസിദ്ധീരിച്ച ‘അനുഗൂഞ്ച്’ എന്ന ചെറുകഥാ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തോടെ ശ്രീ ഹിന്ദി സാഹിത്യരംഗത്ത് ശ്രീ ഹിന്ദി സാഹിത്യരംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു.  

‘മായ്,’ ‘തിരോഹിത്,’ ‘ഹമാര ഷെഹർ ഉസ് ബരസ്,’ ‘ഖാലി ജഗഹ്’ എന്നിവയാണ് ‘രേത് സമാധി’ക്ക് മുമ്പ് രചിച്ച നാല് നോവലുകൾ. ഇതിൽ ‘മായ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെ ഗീതാജ്ഞലി ഹിന്ദി സാഹിത്യത്തിലെ മാത്രമല്ല, ഇന്ത്യൻ സാഹിത്യത്തിലെ തന്നെ മുൻനിര പേരുകാരിലൊരാളായി എണ്ണപ്പെട്ടു.

വടക്കേ ഇന്ത്യയിലെ മധ്യവർഗ കുടുംബത്തിലെ മൂന്ന് തലമുറകളുടെ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കഥ പറയുന്ന മായ്  എന്ന രചന ഇംഗ്ലീഷിന് പുറമെ സെർബിയൻ, കൊറിയൻ, ഉറുദു ജർമൻ, ഫ്രഞ്ച് തുടങ്ങി വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. അതോടെ ഇന്ത്യക്ക് പുറത്തും ശ്രീയുടെ പേര് ശ്രദ്ധേയമായി മാറി. ഇതേ കൃതിക്ക് ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള സാഹിത്യക്കാദമിയുടെ ട്രാൻസ്ലേഷൻ സമ്മാനവും ലഭിച്ചു. ക്രോസ് വേഡ് പുരസ്കാരത്തിനുള്ള  ചുരുക്കപ്പട്ടികയിൽ  മായ് എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഇടം പിടിച്ചു.

‘ഹമാര ഷെഹർ ഉസ് ബരസ്’ എന്ന ഗീതാജ്ഞലി ശ്രീയുടെ  രണ്ടാം നോവൽ ബാബറി മസ്ജിദ് തകർത്തതിന്റെ പശ്ചാത്തലത്തിലുള്ള രചനയാണ്. ‘ഖാലി ജഗഹ്’ എന്ന നാലാമത്തെ നോവൽ നിവേദിതാ മേനോനാണ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. ഈ നോവൽ ജര്‍മൻ, ഫ്രഞ്ച് ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രേംചന്ദിനെ കുറിച്ച് രചിച്ച ബീറ്റ്‌വീൻ ടു വൈൾഡ്സ് ആൻ ഇന്റലക്ച്വൽ ബയോഗ്രഫി ഓഫ് പ്രേംചന്ദ് എന്ന പുസ്തകം ഏറെ ശ്രദ്ധയേമാണ്.

സൗരവ് കേരള ബ്ലാസ്‌റ്റേഴ്‌സിൽ

0

യുവതാരം സൗരവ് ഇനി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്കായി കളിക്കും. കേരള ബ്ലാസ്‌റ്റേഴ്‌സ് സൗരവുമായി കരാർ ഒപ്പു വെച്ചു. ഐലീഗ് ക്ലബായ ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയിൽ നിന്നാണ് ഊർജസ്വലനായ ഈ വിംഗർ കേരള ബ്ലാസ്റ്റേഴ്‌സിലെത്തുന്നത്. 21കാരനായ താരം 2025 വരെ ക്ലബ്ബിൽ തുടരും.

സീസണിൽ കെബിഎഫ്‌സിയുടെ രണ്ടാമത്തെ സൈനിങാണ് ഇത്. കഴിഞ്ഞ ആഴ്ച ബ്രൈസ് മിറാൻഡയെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരുന്നു. സൗരവിൻ്റെ കൂട്ടിച്ചേർക്കൽ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണ തന്ത്രനിരയ്ക്ക് കൂടുതൽ കരുത്ത് പകരും.

റെയിൻബോ എഫ്‌സിയിലൂടെയാണ് സൗരവ് തന്റെ പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്. എടികെയുടെ റിസർവ് ടീമിൽ ചെറിയ കാലം കളിച്ച ശേഷം 2020ൽ ചർച്ചിൽ ബ്രദേഴ്‌സിൽ ചേർന്നു. കഴിഞ്ഞ ഐ ലീഗ് സീസണിൽ ചർച്ചിൽ ബ്രദേഴ്‌സിനായി താരം പ്രതീക്ഷ പകരുന്ന പ്രകടനം നടത്തിയിരുന്നു. ഇക്കാലയളവിൽ ക്ലബ്ബിനായി 14 മത്സരങ്ങൾ കളിച്ചു. ഒരു ഗോളും രണ്ട് അസിസ്റ്റുകളുമാണ് സൗരവ് നേടിയത്.

അർജൻ്റൈൻ താരം പെരേര ഡിയാസ് ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരുമെന്ന് റിപ്പോർട്ടുണ്ട്. താരം ഉടൻ തന്നെ ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുമെന്നാണ് സൂചന. അർജൻ്റൈൻ ക്ലബായ പ്ലാറ്റൻസിൽ നിന്ന് വായ്പാടിസ്ഥാനത്തിലെത്തിയ ഡിയാസ് കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. അതുകൊണ്ട് തന്നെ താരം തിരികെ പ്ലാറ്റൻസിലേക്ക് പോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, പ്ലാറ്റൻസുമായുള്ള കരാർ അവസാനിപ്പിച്ച് ഡിയാസ് ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.