സ്വർണ്ണക്കടത്തിന് കൂട്ടുനിന്ന കസ്റ്റംസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന്റെപേരില്‍ കസ്റ്റംസ് പിരിച്ചുവിട്ട ഉദ്യോഗസ്ഥരെ തിരിച്ചെടുത്തു. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ ജോലി ചെയ്ത ഡല്‍ഹി സ്വദേശികളായ രോഹിത് കുമാര്‍ ശര്‍മ, കൃഷന്‍കുമാര്‍, ബിഹാര്‍ സ്വദേശി സാകേന്ദ്ര പാസ്വാന്‍ എന്നിവരെയാണ് തിരിച്ചെടുത്തത്.

കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടാണ് തിരിച്ചെടുത്തിരിക്കുന്നത്. മൂന്നുപേരും കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി.

സ്വർണ്ണ കടത്തുകാരെ ഏകോപിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ച വ്യക്തിയെന്ന് വിശേഷിപ്പിക്കപ്പെട്ട ഡല്‍ഹി സ്വദേശി രാഹുല്‍ പണ്ഡിറ്റിനെ തിരിച്ചെടുത്തിട്ടില്ല. ദക്ഷിണേന്ത്യയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്ന സ്വര്‍ണക്കടത്തിന് സഹായം നല്‍കുന്നത് രാഹുല്‍ പണ്ഡിറ്റാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.

കസ്റ്റംസിന്റെ ചരിത്രത്തിലാദ്യമായാണ് ഈ തിരിച്ചെടുക്കൽ.

കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരായി ജോലിചെയ്തിരുന്നവരാണ് മൂന്നുപേരും. ഡി.ആര്‍.ഐ. 2019 ഓഗസ്റ്റില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടിച്ചിരുന്നു. സ്വര്‍ണക്കടത്തിന് സഹായിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഇവരെ സര്‍വീസില്‍നിന്നു പിരിച്ചുവിട്ടത്.

അന്വേഷണത്തിലെ സാങ്കേതിക പിഴവ് മുൻനിർത്തി

നടപടിക്കെതിരേ കസ്റ്റംസ് ചീഫ് കമ്മിഷണര്‍ക്ക് ഇവര്‍ അപ്പീല്‍ നല്‍കി. അന്വേഷണത്തിലെ സാങ്കേതിക പിഴവുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീല്‍.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സര്‍വീസില്‍ തിരിച്ചെടുക്കാനും പുനരന്വേഷണത്തിനും ചീഫ് കമ്മിഷണര്‍ ഉത്തരവിട്ടത്.

ഒരാഴ്ചയ്ക്കിടെ 40 കോവിഡ് മരണം; മാസ്ക് വീണ്ടും നിർബന്ധമാക്കി

കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. മാസ്ക് ഉപയോഗം കർശനമാക്കാൻ സർക്കാർ നിദ്ദേശം നൽകി. പൊതുഇടങ്ങളിലും, ഒത്തുചേരലുകളിലും, ജോലി സ്ഥലത്തും, വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്ക് ഉറപ്പാക്കണം.

ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളും. പിഴ ഈടാക്കും

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2994 കോവിഡ് കേസുകളാണ്. 12 പേര്‍ കോവിഡ് ബാധിച്ച് മരപ്പെടുകയും ഉണ്ടായി. തലസ്ഥാന ജില്ലയിലാണ് സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 782 കേസുകള്‍.

എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് കേസുകള്‍ നിയന്ത്രണമില്ലാതെ വർധിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ 3000 നും മുകളിലായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ 40 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മാസ് ഉപയോഗം കര്‍ക്കശമാക്കാന്‍ തീരുമാനമായത്.

പ്രധാന വാർത്തകൾ മാത്രം
👇🏻ഗ്രൂപ്പിൽ ചേരാൻ👇🏻
https://chat.whatsapp.com/DlJFLrRUeLPDt2TraFw4t5

പരസ്യങ്ങൾ നൽകാൻ Contact- 8848537837

ഡൽഹിയിൽ മതവികാര പരാതിയിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റു ചെയ്തു

മാധ്യമപ്രവര്‍ത്തകനും ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരിലൊരാളുമായ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തി, വിദ്വേഷം പ്രോത്സാഹിപ്പിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

‘@balajikijaiin’ എന്ന ട്വിറ്റര്‍ ഉപയോക്താവ് ഈ മാസം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരു പ്രത്യേക മതത്തിന്റെ ദൈവത്തെ അപമാനിക്കുക എന്ന മനഃപൂര്‍വമായ ഉദ്ദേശ്യത്തോടെ സംശയകരമായ ഒരു ചിത്രം സുബൈര്‍ ട്വീറ്റ് ചെയ്തുവെന്നാണ് കേസ് എന്ന് പോലീസ് പറഞ്ഞു. 2018-മാര്‍ച്ചിലാണ് സുബൈര്‍ ഈ ട്വീറ്റ് ചെയ്തിരുന്നത്.

നുപുർശർമ്മയുടെ മുഹമ്മദ് നബിക്ക് എതിരായ വിവാദ പ്രസ്താവന സംബന്ധിച്ച് ആദ്യ വാർത്ത ട്വീറ്റ് ചെയ്തത് മുഹമ്മദ് സുബൈർ ആണെന്ന് ദേശീയ പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. (https://timesofindia.indiatimes.com/india/alt-news-co-founder-mohammed-zubair-arrested/articleshow/92497359.cms)

153,295A വകുപ്പുകളാണ് ചുമതത്തിയത്. കലാപ ശ്രമവും മതവികാരം വ്രണപ്പെടുത്തലും ഉൾപ്പെടുന്നു.

മറ്റൊരു കേസിലെ ചോദ്യം ചെയ്യലിന് മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലീസ് വിളിപ്പിച്ചിരുന്നെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ പ്രതീക് സിന്‍ഹ പറഞ്ഞു. ഈ കേസില്‍ അറസ്റ്റില്‍നിന്ന് സുബൈറിന് കോടതി സംരക്ഷണവും നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ ഒരു പുതിയ കേസില്‍ സുബൈറിനെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് പ്രതീക് വ്യക്തമാക്കി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്.ഐ.ആര്‍. കോപ്പി നല്‍കിയില്ലെന്നും പ്രതീക് കൂട്ടിച്ചേര്‍ത്തു.

അതേസമയം, മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച സുബൈറിനെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി ആവശ്യപ്പെടുമെന്നാണ് സൂചന. 2017-ല്‍ സ്ഥാപിതമായ ആള്‍ട്ട് ന്യൂസ് ഫാക്ട് ചെക്കിങ് രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നാണ്.

സോണിയാ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ കേസ്

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറി പി.പി. മാധവനെതിരെ ബലാത്സംഗക്കേസ്. 26-കാരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്. ജോലി നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് യുവതിയുടെ പരാതി. ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

യുവതിയെ ബലാത്സംഗം ചെയ്യുകയും വിവരം പുറത്തു പറഞ്ഞാല്‍ കടുത്ത അനന്തരഫലങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

ഉത്തം നഗര്‍ പോലീസ് സ്റ്റേഷനില്‍ ജൂണ്‍ 25-നാണ് പരാതി ലഭിച്ചത്. ഐപിസി സെക്ഷനുകള്‍ 376, 506 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം ആരംഭിച്ചതായി ദ്വാരക ഡെപ്യൂട്ടി കമ്മിഷണര്‍ എം. ഹര്‍ഷവര്‍ധന്‍ അറിയിച്ചു.

മാധവൻ്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയനേതാവിൻ്റെ പേഴ്സണല്‍ സെക്രട്ടറിയാണ്. 71 കാരനാണെന്നു കൂടിയുള്ള വിവരമാണ് ഡെപ്യൂട്ടി കമ്മിഷണര്‍ നല്‍കിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

ഡല്‍ഹിയില്‍ താമസിച്ചു വരുന്ന യുവതിയുടെ ഭര്‍ത്താവ് കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. 2020 ല്‍ അദ്ദേഹം മരിച്ചു.

ഡ്രൈവർ പരീക്ഷയ്ക്ക് 1,04,908 അപേക്ഷകർ, കൺഫർമേഷൻ നൽകാൻ മറക്കരുത്

0

വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഡ്രൈവര്‍നിയമനത്തിനുള്ള പൊതുപരീക്ഷ സെപ്റ്റംബര്‍ 3-ന് ആയിരിക്കും.

ഇവയിൽ 19 കാറ്റഗറികളിലായി മൊത്തം 1,04,908 അപേക്ഷകളുണ്ട്.

പരീക്ഷയെഴുതാന്‍ താത്പര്യമുള്ളവര്‍ ജൂലായ് 12-നകം ഒറ്റത്തവണ പ്രൊഫൈലിലൂടെ കൺഫർമേഷൻ നൽകണം. അവര്‍ക്ക് മാത്രമേ പരീക്ഷാസൗകര്യം ഒരുക്കുകയുള്ളൂ. മറ്റുള്ളവരുടെ അപേക്ഷ അസാധുവാക്കും.

പൊതു അപേക്ഷകര്‍ 70,000 വരുമെന്നാണ് കണക്കാക്കുന്നത്. പൊതുപരീക്ഷയില്‍ വിജയിക്കുന്നവരെ അതത് തസ്തികകളിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പ്രായോഗികപരീക്ഷയ്ക്കുശേഷമാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്.

എക്‌സൈസിലേക്കാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത്-23,010 എണ്ണം. സര്‍വകലാശാലകള്‍, ടൂറിസം, ഹാൻഡക്സ്, മാര്‍ക്കറ്റ് ഫെഡ്, മത്സ്യഫെഡ്,റബ്ബര്‍ ഫെഡറേഷന്‍, വനംവകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവിടങ്ങളിലേക്കാണ് മറ്റ് ഒഴിവുകൾ കാറ്റഗറൈസ് ചെയ്തിട്ടുള്ളത്.

ചെറുകിട വ്യവസായങ്ങൾക്ക് 5 ശതമാനം പലിശയിൽ 2 കോടി രൂപവരെ വായ്പ

സംസ്ഥാനത്തെ ചെറുകിട, ഇടത്തര, സൂക്ഷ്മ മേഖലാ സംരംഭങ്ങൾക്ക് 5 ശതമാനം പലിശ നിരക്കിൽ 2 കോടി രൂപ വരെ വായ്പ ലഭ്യമാകും. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയുടെ ഉയർന്ന വായ്പാപരിധിയാണ് രണ്ടു കോടി രൂപയാക്കി വർധിപ്പിച്ചത്. ഒരു വർഷം 500 സംരംഭങ്ങൾ എന്ന നിരക്കിൽ അഞ്ച് വർഷത്തിനുള്ളിൽ 2500 സംരംഭങ്ങൾക്ക് വായ്പ നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോർപ്പറേഷൻ പ്രതിവർഷം 500 കോടി രൂപ നീക്കിവയ്ക്കും.

പദ്ധതി തുകയുടെ 90 ശതമാനം വരെയും വായ്പ ലഭ്യമാകുന്നു എന്നതാണ് പ്രധാന പ്രത്യേകത. 2 കോടിയിൽ കൂടുതൽ ഉള്ള വായ്പകളിൽ പലിശനിരക്കും കൂടും. 2 കോടി രൂപ വരെ 5 ശതമാനം പലിശ നിരക്കിലും ബാക്കി വായ്പാ തുക സാധാരണ പലിശ നിരക്കിലുമാണ് ലഭ്യമാകുന്നത്.

2022-23 സംസ്ഥാന ബഡ്ജറ്റിലെ പ്രഖ്യാപനമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. സംസ്ഥാന സർക്കാരിന്റെ മൂന്ന് ശതമാനവും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ 2 ശതമാനവും ഉൾപ്പടെ സബ്സിഡി വഴിയാണ് 5 ശതമാനം പലിശ നിരക്കിൽ വായ്പ ലഭ്യമാക്കുന്നത്.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ കോർപ്പറേഷൻ ഇതുവരെ 2122 യൂണിറ്റുകൾക്കാണ് വായ്പ നൽകിയിട്ടുള്ളത്. പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനും വായ്പകൾ ലഭ്യമാണ്. 10 വർഷം വരെ തിരിച്ചടവ് കാലാവധി ലഭ്യമാണെങ്കിലും പലിശയുടെ ആനുകൂല്യം ആദ്യ 5 വർഷത്തേക്ക് മാത്രമായിരിക്കും.

എംഎസ്എംഇ രജിസ്ട്രേഷനുള്ള വ്യാവസായിക യൂണിറ്റുകളും യൂണിറ്റിന്റെ മുഖ്യ സംരംഭകന്റെ ഉയർന്ന പ്രായം 50 വയസും എന്നതാണ് ഈ പദ്ധതിയിൽ സംരംഭകരുടെ യോഗ്യത. വനിതാ സംരംഭകർ, പ്രവാസി മലയാളികൾ, എസ്.സി, എസ്.ടി സംരംഭകർ എന്നിവരുടെ പ്രായപരിധി 55 ആണ്.

ആക്ഷൻ ഹീറോ ബിജുവിലെ വില്ലൻ മരിച്ച നിലയിൽ

ആക്ഷൻ ഹീറോ ബിജു സിനിമയിൽ വില്ലൻ വേഷം ചെയ്ത നടൻ എൻ.ഡി പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തി. കളമശേരി സ്വദേശിയായ പ്രസാദിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ആക്ഷൻ ഹീറോ ബിജുവിന് പുറമെ ഇബ, കർമാനി എന്നീ സിനിമകളിലും പ്രസാദ് വേഷമിട്ടിട്ടുണ്ട്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തിലെത്തിയ ആക്ഷൻ ഹീറോ ബിജുവിലൂടെയാണ് പ്രസാദ് ശ്രദ്ധിക്കപ്പെട്ടത്.

വിജയ് ബാബു അറസ്റ്റിൽ

യുവനടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബു അറസ്റ്റിൽ. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. മുൻകൂർ ജാമ്യ വ്യവസ്ഥകൾ പ്രകാരമാവും ഇനി വിട്ടയക്കുക.

തിങ്കളാഴ്ച മുതൽ ജൂലൈ 3 വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ ഉണ്ടാകണം എന്നാണ് കോടതി നിർദേശം. കേസിനെ കുറിച്ചുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളിൽ ഉണ്ടാകും.

ആവശ്യമെങ്കിൽ അന്വേഷണ സംഘത്തിന് അറസ്റ്റ് രേഖപെടുത്താമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അറസ്റ്റ് രേഖപെടുത്തിയാൽ 5 ലക്ഷം രൂപയുടെ ബോണ്ടും രണ്ട് ആൾ ജാമ്യവും എന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഏപ്രിൽ 22നായിരുന്നു യുവ നടി വിജയ് ബാബുവിനെതിരെ പീഡന പരാതി നൽകിയത്. പിന്നീട് ദുബൈയിലേക്ക് ഒളിവിൽ പോയ വിജയ് ബാബു 39 ദിവസത്തിന് ശേഷം ഈ മാസം ഒന്നിനാണ് തിരിച്ചെത്തിയത്. നടിയുടെ പേര് വെളിപ്പെടുത്തിയതും കേസ് തീർക്കാൻ ഒരു കോടി രൂപ വാഗാദാനം ചെയ്തു എന്നതും പിന്നീട് വിവാദമായി.

ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ………ചൊവ്വല്ലൂരിന് വിട

ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയ്ക്ക് വിട. സംസ്‌കാരം ഇന്ന് തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിലായിരിക്കും നടക്കുക.

കവിയും, ഗാനരചയിതാവും തിരക്കഥാകൃത്തും നടനും ഹാസസാഹിത്രകാരനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) വിട പറഞ്ഞത് ഇന്നലെ രാത്രി 10.45 ഓടെയാണ്. തൃശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി മേഖലകളിലും പ്രസിദ്ധനാണ്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എന്ന പദവിയിൽ സേവനമനുഷ്ഠിചിരുന്നു.

ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് അദ്ദേഹം കൂടുതൽ ശ്രദ്ധേയനായത്. തരംഗിണി പുറത്തിറക്കിയ തുളസീതീർത്ഥം എന്ന ആൽബം ആസ്വാദകർക്കിടയിൽ ഇന്നും പ്രിയപ്പെട്ടതായി തുടരുന്നു.

‘ഒരുനേരമെങ്കിലും കാണാതെ വയ്യെൻ്റെ……

അഷ്ടമി രോഹിണി നാളിലെൻ മനസ് ഒരു …. തുടങ്ങിയ ഗാനങ്ങൾ ഏറെ സ്വീകരിക്കപ്പെട്ടവയാണ്.

ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമായ കൃഷ്ണൻകുട്ടി ഏതാനും ചലച്ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും രചന നിർവ്വഹിച്ചിട്ടുണ്ട്. 1936 സെപ്റ്റംബർ 10ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂരിൽ കൊടങ്ങല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ജനനം. വീടിനടുത്തുള്ള സ്‌കൂളിലും തൃശ്ശൂർ ശ്രീ കേരളവർമ്മ കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1959ൽ ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു.

തികഞ്ഞ ഇടതുപക്ഷ അനുഭാവിയായിരുന്ന കൃഷ്ണൻകുട്ടിയ്ക്ക്, മുണ്ടശ്ശേരിയുടെയും എംആർബിയുടെയും ലേഖനങ്ങൾ കേട്ടെഴുതുന്നതായിരുന്നു ജോലി. 1963ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004ൽ അസിസ്റ്റന്റ് എഡിറ്ററായി വിരമിയ്ക്കും വരെ പത്രപ്രവർത്തനം തുടർന്നു. സി

യൂസഫലി കേച്ചേരി സംവിധാനം ചെയ്ത ‘മരം’ എന്ന സിനിമയിലുടെയാണ് അഭിനയരംഗത്തേക്ക് പ്രവേശം. തുലാവർഷം (1975), എന്ന സിനിമയിലെ ‘സ്വപ്നാടനം ഞാൻ തുടരുന്നു’ എന്ന ഗാനത്തിലൂടെ ഗാനരചയിതാവായി. സർഗ്ഗം എന്ന ചിത്രത്തിന്റെ സംഭാഷണ രചയിതാവ് എന്ന നിലയിലും ശ്രദ്ധേയനാണ്.

പ്രഭാതസന്ധ്യ, ശ്രീരാഗം എന്നീ സിനിമകളുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതി. കർപ്പൂരദീപം, ശശിനാസ് എന്നിവയുടെ തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെതാണ്. സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് സലിൽ ചൗധരി, കെ രാഘവൻ, എന്നിവരുടെ കീഴിൽ സിനിമയിലും അല്ലാതെയും ഒരുപാട് ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. സരസ്വതി വാരസ്യാരാണ് ചൊവ്വല്ലൂരിന്റെ ഭാര്യ. മക്കൾ: ഉഷ, ഉണ്ണികൃഷ്ണൻ.(ലണ്ടൻ)

പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി ജാതി സർട്ടിഫിക്കറ്റുകൾ വേണ്ട. പകരം എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതി

പ്ലസ് വൺ പ്രവേശനത്തിന് നേറ്റിവിറ്റി ജാതി സർട്ടിഫിക്കറ്റുകൾക്ക് വില്ലേജ് ഓഫീസുകളിൽ തിരക്ക്. അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ കുന്നു കൂടുകയാണ്. എന്നാൽ ഇത്തവണ മുതൽ നേറ്റിവിറ്റി, ജാതി സർട്ടിഫിക്കറ്റുകൾക്ക് പകരം എസ് എസ് എൽ സി സർട്ടിഫിക്കറ്റ് മാത്രം മതിയാവും.

ജാതി സർട്ടിഫിക്കറ്റ് പട്ടിക ജാതി/വർഗ്ഗ, ഒ ഇ സി വിദ്യാർഥികൾക്ക് മാത്രം

ഇക്കാര്യം വീണ്ടു ശ്രദ്ധയിൽപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് വീണ്ടും സർക്കുലർ ഇറക്കി. പട്ടിക ജാതി പട്ടിക വർഗ്ഗ, ഒ ഇ സി വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട ആവശ്യമുള്ളൂ എന്നും സർക്കുലറിൽ വ്യക്തമാക്കി.