യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്റ്റർ എമർജൻസി ലാൻ്റിങ് നടത്തി, അപകടം ഒഴിവായി

ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഞ്ചരിച്ച ഹെലികോപ്ടർ എമർജൻസി ലാൻഡ് നടത്തി. ഹെലികോപ്ടറിൽ പക്ഷികൾ ഇടിച്ചതിനെ തുടർന്നാണ് അപകടം ഉണ്ടായത്.

വാരണാസിയിലാണ് സംഭവം. ഹെലികോപ്ടർ പറന്നുയർന്ന ഉടനെ പക്ഷി ഇടിച്ച് നിയന്ത്രണ പ്രശ്നം വരികയായിരുന്നു.

അപകടം വാരാണസിയിൽ നിന്നും മടങ്ങുമ്പോൾ

വാരണാസിയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു. ഇന്നലെ രാത്രി അവിടെ തങ്ങിയ യോഗി ആദിത്യനാഥ് ഇന്ന് രാവിലെയാണ് പൊലീസ് ലൈനിൽ നിന്ന് ലഖ്‌നൗവിലേയ്ക്ക് യാത്ര തിരിച്ചത്. വിമാനം ഉയർന്ന് പൊങ്ങിയ ഉടനെയാണ് അപകടം

ഈ ആഴ്ച മഴ കനക്കും

കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാദത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി നിലനിൽക്കുന്നത്

വരും ദിവസങ്ങളിലെ മഴ സാധ്യത

26-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
27-06-2022: എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
28-06-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

29-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം, സംസ്ഥാനത്ത് മദ്യവില്പന ശാലകൾ അടച്ചിടും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു. കേരളത്തിൽ ഇന്ന് സമ്പൂര്‍ണ ഡ്രേ ഡേ ആയിരിക്കും. ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്.

ബിവറേജസ് കോര്‍പ്പറേഷന്‍റെയോ കണ്‍സ്യൂമര്‍ ഫെഡിന്‍റെയോ മദ്യവിൽപന ശാലകളും പ്രീമിയം മദ്യവിൽപനശാലകളും തുറക്കില്ല. സംസ്ഥാനത്തെ സ്വകാര്യ ബാറുകളും ഇന്ന് അടഞ്ഞുകിടക്കും. ലഹരിവിരുദ്ധ പ്രചാരണങ്ങൾക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ ദിവസം മദ്യഷോപ്പുകൾക്ക് അവധി നൽകിയത്.

.മയക്ക്‌ മരുന്നുകളെ കുറിച്ചുള്ള വസ്തുതകൾ പങ്കിടുക, ജീവൻ രക്ഷിക്കുക എന്നതാണ് ഈ വർഷത്തെ ലഹരി വിരുദ്ധ ദിനം പ്രധനമായും പങ്കുവയ്ക്കുന്ന സന്ദേശം.

വൈദ്യുതി നിരക്ക് വർധന കണക്കിൽ മാത്രം ചെറുത്, ബില്ല് കിട്ടുമ്പോൾ ഷോക്കടിക്കും

കെഎസ്ഇബി വൈദ്യുതി നിരക്ക് വര്‍ധന കോവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്നവർക്ക് ഇരട്ടി പ്രഹരമാവും. 50 യൂണിറ്റ് വരെയുള്ള ഗാര്‍ഹിക ഉപഭോക്താക്കളുടെ കുറഞ്ഞ വര്‍ധന 22 രൂപയാണെന്നാണ് വാദം. ഇത് മാസക്കണക്കിനാണ്. ഓരോ സ്ലാബിലുള്ള ഉപഭോക്താക്കള്‍ക്കും റെഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ചത് പ്രതിമാസ കണക്കായിട്ടാണ്. പക്ഷേ കെ.എസ്.ഇ.ബി രണ്ട് മാസത്തെ ബില്ലായാണ് കണക്ക് കൂട്ടുക. ശരാശരി ഉപഭോക്താക്കളായ പ്രതിമാസം 250 യൂണിറ്റുകള്‍ വരെ റീഡിങ് വരുന്നവർക്ക് ഇത് കനത്ത ഭാരമാവും.

മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ഉയര്‍ന്ന വൈദ്യുതി നിരക്കുള്ളത്. 250 യൂണിറ്റ് കടന്നാല്‍ ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഉയര്‍ന്ന നിരക്കാണ്. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം കെ.എസ്.ഇ.ബി ബില്ല് കണക്ക് കൂട്ടുമ്പോള്‍ ആദ്യത്തെ മാസവും രണ്ടാമത്തെ മാസവും 250 യൂണിറ്റ് വീതം ഉപയോഗിച്ചാല്‍ രണ്ട് മാസത്തെ ബില്ല് കണക്ക് കൂട്ടുമ്പോള്‍ പ്രതിമാസം 250 യൂണിറ്റ് ഉപയോഗിക്കുന്ന ആളായി കെ.എസ്.ഇ.ബി കണക്കാക്കില്ല, പകരം 500 യൂണിറ്റ് ഉപയോഗിക്കുന്ന ഉയര്‍ന്ന സ്ലാബില്‍പ്പെട്ടയാളാകും.

അതായത് രണ്ട് മാസം കൊണ്ടാണ് 500 യൂണിറ്റ് ഉപയോഗിച്ചതെങ്കിലും ഒന്നാമത്തെ യൂണിറ്റ് മുതല്‍ ഏഴ് രൂപ അറുപത് പൈസ ബില്ലില്‍ ചുമത്തും. രണ്ട് മാസത്തെ ബില്ലെടുക്കുമ്പോള്‍ 500 യൂണിറ്റിന് മുകളിലായാല്‍ മുഴുവന്‍ യൂണിറ്റിനും എട്ട് രൂപ അന്‍പത് പൈസ വീതം നല്‍കണം.

സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കാതെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് റെഗുലേറ്ററി കമ്മീഷനും സമ്മതിച്ചതാണ്. വൈദ്യുതി ബില്‍ വര്‍ധനവില്‍ പതിയിരിക്കുന്ന തട്ടിപ്പ് ഇത്തവണയും ആവർത്തിക്കയാണ് ചെയ്തത്.

കെ.എസ്.ഇ.ബി ചോദിച്ച നിരക്ക് വര്‍ധനവ് നടപ്പിലാക്കാതെ ചെറിയ വര്‍ധന മാത്രം എന്ന മറ ഉപഭോക്താക്കളെ തത്ക്കാലം പറ്റിക്കാനുള്ള അടവായി മാറുകയാണ്. വാർത്തകളിൽ നിന്നും തുടർന്നുള്ള സമ്മർദ്ധങ്ങളിൽ നിന്നും രക്ഷപെടാം.

ടോബ്ലെറോൺ ചോക്ലേറ്റ് രുചിയുടെ മാജിക്കുമായ് പുതിയ രാജ്യങ്ങളിലേക്ക്

കുന്നിൻ്റെ ആകൃതിയിൽ രുചിക്ക് പേരുകേട്ട ‘ടോബ്ലെറോൺ ചോക്ലേറ്റ്’ നാടുകടക്കുന്നു. സ്വിറ്റ്സർലാൻഡിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഈ ചോക്ലേറ്റ് ഉൽപാദനം ഇതര രാജ്യങ്ങളിലേക്കും ആദ്യമായി വ്യാപിപ്പിക്കയാണ്.

ലോകമെമ്പാടും ‘ടോബ്ലെറോൺ ചോക്ലേറ്റിന്’ വലിയ ആരാധകരുമുണ്ട്. രുചി മനംമയക്കുന്നതാണ്. ചോക്ലേറ്റിന് ഒപ്പം കട്ടി തേനിൻ്റെ മധുരവും ചേർന്നാണ് ടോബ്ലെറോൺ. 1908 ൽ തുടങ്ങിയ കമ്പനിയാണ്.

നിർമ്മാണ കമ്പനി മൊണ്ടെലെസ് ഇന്റർനാഷണൽ സ്വിറ്റ്സർലൻഡിന് പുറത്തും ചോക്ലേറ്റ് നിർമ്മിച്ച് വിൽക്കാൻ തീരുമാനിച്ചു. 2023 ഓടെ യൂറോപ്പിലെ സ്ലോവാക്യയിൽ ചോക്ലേറ്റ് നിർമാണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ നിയമപരമായ കാരണങ്ങളാൽ പാക്കേജിംഗിൽ നിന്ന് സ്വിറ്റ്സർലൻഡിന്റെ ചിത്രം ഉപേക്ഷിക്കേണ്ടിവരും. ചോക്ലേറ്റിന്റെ ആവശ്യം വർധിച്ചതിനെ തുടർന്നാണ് മറ്റൊരിടത്ത് ഉൽപ്പാദനം ആരംഭിക്കാൻ തീരുമാനിച്ചതെന്നും റിപോർട്ടുകൾ പറയുന്നു.

ഏഴ് ബില്യൺ ചോക്ലേറ്റ് ബാറുകളാണ് ഇപ്പോൾ എല്ലാ വർഷവും 120 രാജ്യങ്ങളിലായി എത്തിക്കുന്നത്. ഉൽപാദനത്തിൻ്റെ 90 ശതമാനവും വിപണി വിദേശത്താണ്.

മൊണ്ടെലെസ് ഇതിനകം തന്നെ സ്ലൊവാക്യയിൽ മിൽക്ക, സുചാർഡ് ചോക്ലേറ്റുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. നിയമപരമായ കാരണങ്ങളാൽ ഉൽപ്പാദനത്തിൽ മാറ്റങ്ങൾ വരുത്താൻ പോകുകയാണെന്ന് കമ്പനിയിൽ പറഞ്ഞിട്ടുണ്ട്. മറ്റെവിടെയെങ്കിലും ഉൽപ്പാദനം നടക്കുന്നതിനാൽ, പാക്കേജിംഗിൽ നിന്ന് സ്വിറ്റ്സർലൻഡിന്റെ ചിത്രം നീക്കം ചെയ്യേണ്ടതുണ്ട്. പ്രത്യേകിച്ച് ചോക്ലേറ്റിന്റെ മുകളിൽ നിന്ന് സ്വിറ്റ്സർലൻഡ് എന്ന വാക്ക് നീക്കം ചെയ്യണം.

ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി (ബിഎസ്പി) അധ്യക്ഷ മായാവതി വ്യക്തമാക്കി. ബിഎസ്പിയുടെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ ഗോത്രസമൂഹം പ്രധാനപങ്ക് വഹിക്കുന്നതിനാലാണ് ആദിവാസിനേതാവായ ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷകക്ഷി സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ തിരഞ്ഞെടുത്തതില്‍ ബിഎസ്പിയുടെ അഭിപ്രായം തേടാത്തതില്‍ മായാവതി അതൃപ്തി പ്രകടിപ്പിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള ആദ്യഘട്ട ചര്‍ച്ചയ്ക്ക് ചുരുക്കം ചില രാഷ്ടീയകക്ഷികളെ മാത്രമാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ക്ഷണിച്ചതെന്നും എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ചര്‍ച്ചയില്‍ നിന്ന് ബിഎസ്പിയെ മാറ്റി നിര്‍ത്തിയതായും മായാവതി കുറ്റപ്പെടുത്തി. സര്‍വസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായി പ്രതിപക്ഷം നടിക്കുകയാണെന്നും മായാവതി ആരോപിച്ചു.

ദളിത്‌ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ഒരേയൊരു ദേശീയരാഷ്ട്രീയകക്ഷിയാണ് ബിഎസ്പിയെന്നും ബിസിനസ്സുകാരുമായി മാത്രം ഇടപാടുകളുള്ള ബിജെപിയേയോ കോണ്‍ഗ്രസിനേയോ പോലുള്ള പാര്‍ട്ടിയല്ല തന്റേതെന്നും മായാവതി പറഞ്ഞു.

കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ വൈദ്യുതി നിരക്ക് കൂട്ടി

പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് വൈദ്യുതിനിരക്കില്‍ 6.6 ശതമാനം വര്‍ധനവാണ് വരുത്തിയത്.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ നിരക്ക് വര്‍ധനവില്ല. യൂണിറ്റിന് 3.15 രൂപയായി ഇത് തുടരും. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 25 പൈസയുടെ വര്‍ധനവാണുള്ളത്. 101 മുതല്‍ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസ വര്‍ധിക്കും. 350 യൂണിറ്റ് വരെ 40 പൈസയും കൂടും. 400 യൂണിറ്റ് വരെ 45 പൈസയും 500 വരെ 50 പൈസയുമാണ് വര്‍ധനവ്. 500ന് മുകളില്‍ 60 പൈസയും കൂടും.

പ്രതിമാസ ഉപഭോഗംനിലവിലുള്ള നിരക്ക്പുതിയ നിരക്ക്
0-401.501.50
0-503.153.15
51-1003.703.95
101-1504.805.00
151-2006.406.80
201-2507.608.00
0-3005.806.20
0-3506.607.00
0-4006.907.35
0-5007.107.60
500>7.908.50

അറിയാത്ത വർധന, മറയ്ക്കാൻ സൌജന്യങ്ങൾ

1000 വാട്ട് വരെ കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെയുള്ള ഉപഭോഗമുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ധനവില്ല.

പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും താരിഫ് വര്‍ധനയില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കന്‍വാടികള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കും താരിഫ് വര്‍ധനയില്ല. ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ, സ്ഥിരമായി അംഗവൈകല്യം ബാധിച്ചവര്‍ക്ക് താരിഫ് വര്‍ധനയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സൗജന്യ നിരക്ക് തുടരും.

ചെറിയ പെട്ടിക്കടകള്‍, തട്ടുകടകള്‍ തുടങ്ങിയ വിഭാഗത്തിനുള്ള കുറഞ്ഞ നിരക്കിലുള്ള താരിഫിന്റെ ആനുകൂല്യം 1000 വാട്ടില്‍നിന്നും 2000 വാട്ടായി വര്‍ധിപ്പിച്ചു. കാര്‍ഷിക ഉപഭോക്താക്കള്‍ക്ക്‌ എനര്‍ജി ചാര്‍ജ് വര്‍ധിപ്പിച്ചിട്ടില്ല. 10 കിലോവാട്ട് കണക്ടഡ് ലോഡുള്ള ചെറുകിട വ്യവസായ മേഖലക്ക് ശരാശരി യൂണിറ്റിന് 15 പൈസയാണ് താരിഫില്‍ വര്‍ധനവ്. പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധന 25 പൈസ വരെയാണ്.

ഒരു വര്‍ഷത്തേക്കുള്ള താരിഫ് മാത്രമാണ് പ്രഖ്യാപിച്ചത്. വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം വിലയിരുത്തിയാകം അടത്ത വര്‍ഷത്തെ താരിഫ് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തി; പിന്തുടരാനാവാതെ ശാസ്ത്ര ലോകം

0

ലോകത്തിലെ ഏറ്റവും വലിയ ബാക്ടീരിയം കണ്ടെത്തിയതായി ഗവേഷകര്‍. കണ്‍പീലികളുടെ വലിപ്പമുള്ള വെളുത്ത നാരിന്റെ രൂപമാണിതിന്. നഗ്ന നേത്രങ്ങളാൽ കാണാം. ഫ്രാന്‍സിന്റ കിഴക്കുള്ള ദ്വീപസമൂഹമായ ഗ്വാദെലൂപിസെ ചതുപ്പില്‍ നിന്നാണ് ഇതിനെ കണ്ടെത്തിയത്.

തിയോ മാര്‍ഗരിറ്റ മാഗ്നിഫിക (Thiomargarita magni-fica) എന്ന് പേരിട്ടിരിക്കുന്ന ഈ ബാക്ടീരിയത്തിന് ഒരു സെന്റീമീറ്റര്‍ നീളമുണ്ട്. അറിയപ്പെടുന്ന മറ്റ് ബാക്ടീരിയത്തേക്കാൾ 50 ഇരട്ടി വലിപ്പമാണിത്. മാത്രവുമല്ല,

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയം

നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവുന്ന ആദ്യ ബാക്ടീരിയം കൂടിയാണിത്. ആഴം കുറഞ്ഞ ഉഷ്ണമേഖലാ സമുദ്ര ചതുപ്പുനിലങ്ങളിലെ ദ്രവിച്ചുകൊണ്ടിരിക്കുന്ന കണ്ടല്‍ചെടികളുടെ പ്രതലത്തിലാണ് നേര്‍ത്ത വെളുത്ത നാരുകളുടെ രൂപത്തില്‍ പുതിയ ബാക്ടീരിയത്തെ കണ്ടെത്തിയത്.

പരിചിതമായ കോശപരിണാമ രീതികള്‍ വെച്ച് ഒരു ബാക്ടീരിയത്തിന് ഇത്രത്തോളം വളരാന്‍ സാധിക്കില്ല. ഒരു മനുഷ്യന്‍ എവറസ്റ്റിന്റെ വലിപ്പമുള്ള മറ്റൊരു മനുഷ്യനെ കണ്ടെത്തുന്നതിന് തുല്യമാണ് ഈ കണ്ടെത്തലെന്ന് ലോറന്‍സ് ബെര്‍ക് ലി നാഷണല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞനായ ജീന്‍ മാരി വോളണ്ട് പറഞ്ഞു.

ഗ്വാദെലൂപിലെ ഫ്രഞ്ച് വെസ്റ്റഇന്‍ഡീസ് ആന്റ് ഗിയാന സര്‍വകലാശാലയിലെ മറൈന്‍ ബയോളജി പ്രൊഫസര്‍ ഒലിവര്‍ ഗ്രോസ് ആണ് ഈ ബാക്ടീരിയത്തെ കണ്ടെത്തിയത്. എങ്ങനെയാണ് തിന് ഇത്രയും വലിപ്പമുണ്ടായത് എന്നത് ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല. ഇരപിടിയന്മാരില്‍ നിന്നുള്ള രക്ഷയ്ക്കാവാം ഈ പരിണാമം എന്നാണ് അനുമാനം.

അതേസമയം, ഈ ബാക്ടീരിയത്തെ മറ്റിടങ്ങളിലൊന്നും കണ്ടെത്താനായിട്ടില്ല. മാത്രവുമല്ല, ഇതിനെ കണ്ടെത്തിയ സ്ഥലത്ത് നിന്നും അവ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. പിന്നീട് അവിടം സന്ദര്‍ശിച്ച ഗവേഷകര്‍ക്ക് അവയെ കണ്ടെത്താനാവില്ല.

ഗുജറാത്ത് കലാപ കേസ് വിധിക്ക് പിന്നാലെ മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ കേസ്

മനുഷ്യാവകാശപ്രവർത്തക തീസ്ത സെതൽവാദിനെ ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് മുമ്പിലും കമ്മിഷന് മുമ്പിലും തെറ്റായ വിവരങ്ങൾ നൽകി എന്ന പരാതി മുൻനിർത്തിയാണ് രജിസ്റ്റർ ചെയ്തത്.

ഗുജറാത്തിലുണ്ടായിരുന്ന മുൻ ഐപിഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ ആർ.ബി. ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്ത് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ചിട്ടുണ്ട്. ചോദ്യം ചെയ്യൽ തുടരുകയാണ്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും നിലവിൽ തടവില്‍ കഴിയുന്നതുമായ സഞ്ജീവ് ഭട്ടിനെതിരേയും കേസെടുത്തിട്ടുണ്ട്.

തീസ്തയെ മുംബൈ സാന്താക്രൂസ് പോലീസ് സ്റ്റേഷനിലെത്തിച്ചു. നടപടികൾ പൂർത്തിയാക്കി ഗുജറാത്തിലേക്ക് കൊണ്ടുപോകും.

2002-ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീം കോടതി വിധിയിലെ പരാമർശങ്ങൾ മറയാക്കിയാണ് തീസ്ത അടക്കമുള്ളവർക്കെതിരെ പുതിയ എഫ്ഐആർ ഗുജറാത്ത് എടിഎസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ചില സന്നദ്ധസംഘടനകളും മറ്റു ചില വ്യക്തികളും ചേർന്ന് വ്യാജരേഖകൾ ഉണ്ടാക്കിയാണ് ഈ കേസ് കൊണ്ടു വന്നത് എന്നാണ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്.

കോൺഗ്രസ് ഓഫീസിൽ പൊലീസിനും പത്രപ്രവർത്തർക്കും ഗെറ്റ് ഔട്ട്

വയനാട്ടിൽ ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാനെത്തിയ പോലീസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്താക്കി. വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ സംരക്ഷണത്തിന് എത്തിയതായിരുന്നു.

പത്രസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ലേഖകർക്ക് എതിരെയും കയർത്തു. പുറത്ത് ഇറക്കി വിടും എന്നായിരുന്നു കൈ ചൂണ്ടിയുള്ള മുന്നറിയിപ്പ്. ഇത് ചോദ്യം ചെയ്ത പത്രപ്രവർത്തകരെ കൈ വെട്ടി എടുക്കും എന്ന് പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധിജിയുടെ ചിത്രം വീണു കിടക്കുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് സംഭവ നടന്നപ്പോൾ എത്തിയ പത്രപ്രവർത്തകർ രംഗം ഷൂട്ട് ചെയ്തപ്പോൾ തൽസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഇതു സംബന്ധിച്ച ചോദ്യമാണ് നേതാവിനെ ചൊടിപ്പിച്ചത്. ചോദ്യത്തിന് ഉത്തരം നൽകാതെ ക്ഷോഭിക്കുക മാത്രം ചെയ്തു

ഡി വൈ എസ് പിക്കും ഗെറ്റൌട്ട്

പോലീസിന്റെ സംരക്ഷണത്തിലാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് അക്രമിച്ചതെന്നും അത്തതരത്തിലുള്ള പോലീസിന്റെ സുരക്ഷ തങ്ങള്‍ക്ക് ആവശ്യമില്ലെന്നും പറഞ്ഞായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി. എംഎല്‍എമാരായ ടി.സിദ്ദീഖ്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

‘എന്തിനാണ് ഞങ്ങളുടെ ഓഫീസിന് പോലീസിന്റെ സംരക്ഷണം. ഇന്നലെ അവര്‍ക്ക് എംപി ഓഫീസിന് സംരക്ഷണം നല്‍കാന്‍ കഴിഞ്ഞോ. ഡിസിസി പ്രസിഡന്റ് മുന്‍കൂട്ടി അറിയിച്ചിട്ടും സംരക്ഷണം ലഭിച്ചോ. എന്നിട്ട് ഇപ്പോഴവര്‍ ഡിസിസി ഓഫീസിന് സംരക്ഷണം നല്‍കാന്‍ വന്നിരിക്കുന്നു. പ്രതിപക്ഷ നേതാവിന് സംരക്ഷണം നല്‍കാന്‍ ഞങ്ങളുണ്ട്. ഒരാളുടേയും സംരക്ഷണം ഇവിടെ വേണ്ട. ഈ ഗെയിറ്റിന് അപ്പുറത്തല്ലാതെ, ഇങ്ങോട്ടേക്ക് കടന്നുപോകരുത് പോകരുത് പോലീസ്’ ഐസി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

അക്രമിക്കപ്പെട്ട രാഹുലിന്റെ ഓഫീസ് സന്ദര്‍ശിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വയനാടെത്തിയിരുന്നു. സന്ദര്‍ശനത്തിന് ശേഷം ഡിസിസി ഓഫീസില്‍ സതീശന്‍ വാര്‍ത്താസമ്മേളനം നടത്തി. ഇതിന് തൊട്ടുപിന്നാലെയാണ് ഡിവൈഎസ്പി ഉള്‍പ്പടെയുള്ള പോലീസുകാരെ ഡിസിസി ഓഫീസില്‍ നിന്ന് ഇറക്കിവിട്ടത്.

പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് ബഫര്‍ സോണ്‍ വേണമെന്ന് തീരുമാനിച്ചത് ‘ മുകളില്‍ നിന്ന് നിര്‍ദ്ദേശം ഉള്ളത് കൊണ്ടാണ് മാര്‍ച്ച് നടക്കും എന്നറിഞ്ഞിട്ടും പോലീസ് തടയാതിരുന്നത്. ദേശീയ സംസ്ഥാന തലത്തില്‍ ഉണ്ടായ പ്രതിഷേധവും പ്രതിരോധവും കണ്ടാണ് സിപിഎം പിന്നീട് ആക്രമണത്തെ അപലപിച്ചതെന്നും വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതിനിടെ ഗാന്ധിജിയുടെ ചിത്രം എസ്എഫ്‌ഐക്കാരുടെ ആക്രമണത്തിന് ശേഷമാണ് എംപി ഓഫീസില്‍ എത്തിയതെന്ന് ആരോപണം ഉയരുന്നുണ്ടെന്ന ചോദ്യത്തിന് വി.ഡി.സതീശന്‍ പ്രകോപിതനായി.

അക്രമണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 എസ്എഫ്‌ഐക്കാരെ ഇന്ന് റിമാന്‍ഡ് ചെയ്തു. കല്‍പറ്റ മുന്‍സിഫ് കോടതി ഇവരെ രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.