അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

അട്ടപ്പാടി മധു വധക്കേസിലെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി രാജേന്ദ്രന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. ഇതിനെ തുടർന്ന് അഡീഷണല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ. രാജേഷ് എം മേനോനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു.

സി ബി ഐക്ക് മുന്നിലെത്തിച്ചു

പ്രോസിക്യൂട്ടറെ മാറ്റണണെന്ന് മധുവിന്റെ അമ്മ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ മധുവിന്റെ കുടുംബം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇദ്ദേഹത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നിയമിച്ചത്. വാളയാറില്‍ രണ്ടുപെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ.ക്ക് വിടണമെന്നാവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഹാജരായത് സി. രാജേന്ദ്രനായിരുന്നു. തുടര്‍ന്നായിരുന്നു അന്വേഷണം സി.ബി.ഐ.ക്ക് വിട്ടത്.

അമ്മയുടെ പരാതി

ജൂണ്‍ 8ന് കേസില്‍ വിചാരണ തുടങ്ങിയതിന് പിന്നാലെ രണ്ട് പ്രധാന സാക്ഷികള്‍ കൂറ് മാറുകയുണ്ടായി. തുടര്‍ന്ന് പ്രോസിക്യൂഷന്റെ വീഴ്ചയാണ് കുറുമാറ്റത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മധുവിന്റെ അമ്മയും സഹോദരിയും രംഗത്തെത്തി. പ്രോസിക്യൂട്ടര്‍ സി.രാജേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് കത്ത് നല്‍കിയത്.

ഫുട്ബോളിൽ അന്താരാഷ്ട്ര തലത്തിൽ പരിശീലനത്തിന് അവസരം

ന്താരാഷ്ട്ര ഫുട്ബോളിലെ മികച്ച പരിശീലകർക്കും കളിക്കാർക്കും കീഴിൽ പരിശീലനം നേടാൻ അവസരവുമായി ഇന്റര്‍നാഷണല്‍ സ്ട്രൈക്കേഴ്സ് അക്കാദമി. ഇന്ത്യയിൽ നിന്നുള്ള പുതുതലമുറ കളിക്കാർക്ക് ആദ്യ ഘട്ടം 2022 ഓഗസ്റ്റ് 15 മുതല്‍ 21 വരെ പരിശീലനം നൽകും.

13 വയസ്സ് മുതല്‍ പ്രായമുള്ള കളിക്കാര്‍ക്ക് പരിശീലന പരിപാടിയില്‍ പങ്കെടുക്കാം. ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകരായ ചെന്നൈയിലെ ഫുട്ബോള്‍ പ്ലസിന്റെ കോച്ചും സ്ഥാപകനുമായ ഡേവിഡ് ആനന്ദ് പറഞ്ഞു.

ആദ്യ ഘട്ടത്തില്‍ സ്പെയിനിലെ അത്ലറ്റിക് ബില്‍ബാവോയുടെ എക്കാലത്തെയും മികച്ച സ്ട്രൈക്കറായ ഗെയ്സ്‌ക ടോക്വെറോയാണ് കളിക്കാര്‍ക്ക് പരിശീലനം നല്‍കുന്നത്.

രണ്ടാം ഘട്ടം ഡിസംബറിൽ

രണ്ടാം ഘട്ടം ഡിസംബറിലായിരിക്കും നടക്കുക. ഓരോ ഘട്ടത്തിലും പരിശീലനത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ലോകോത്തര സ്ട്രൈക്കര്‍മാര്‍ ഉണ്ടാകും. ഒരാഴ്ച കളിക്കാര്‍ക്ക് ദൈനംദിന പരിശീലനവും തിയറി ക്ലാസുകളും ഫിറ്റ്നസ് സെഷനുകളും നടക്കും. പ്യൂമയാണ് സ്പോണ്‍സര്‍മാര്‍.

വിദേശത്തും പരിശീലനവും സ്കോളർഷിപ്പും

തിരഞ്ഞെടുക്കപ്പെടുന്ന 2 മികച്ച കളിക്കാര്‍ക്ക് സ്പെയിനില്‍ ഒരു മാസത്തെ പരിശീലനത്തിന് 100 ശതമാനം സ്‌കോളര്‍ഷിപ്പ് നല്‍കും. സ്പെയിനിലെ രണ്ടാം ഡിവിഷന്‍ ലാ ലിഗ ക്ലബ്ബില്‍ ഒരു മാസത്തെ പരിശീലനം ലഭിക്കും. മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ സ്‌കോളര്‍ഷിപ്പ് ഒരു വര്‍ഷത്തേക്ക് നീട്ടി നല്‍കും.

കളിക്കാര്‍ക്ക് www.footballplus.in വഴി 2022 ജൂലൈ ഒന്നാം വാരം മുതല്‍ അപേക്ഷ സമർപ്പിക്കാം.

എസ്എഫ്ഐയെ കൈവിട്ട് യെച്ചൂരി; അതിക്രമത്തിന് ന്യായീകരണമില്ല

എസ്.എഫ്.ഐയുടെ എം പി ഓഫീസ് മാർച്ച് അതിക്രമത്തിൽ കലാശിച്ചതിനെ തള്ളി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത് ഒരു തരത്തിലും ന്യായീകരിക്കാൻ സാധിക്കില്ല. ഇങ്ങനെയല്ല രാഷ്ട്രീയ വിയോജിപ്പ് പ്രകടിപ്പിക്കേണ്ടതെന്നും യെച്ചൂരി പ്രതികരിച്ചു.

രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ഇ.ഡി നടത്തിക്കൊണ്ടിരിക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

അവസരമാക്കി കോൺഗ്രസ്, ഉടനീളം പ്രതിഷേധം

ബഫർസോണുമായി ബന്ധപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം വ്യാപിപ്പിച്ചു. വയനാടിലെ കോൺഗ്രസ് പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. തിരുവനന്തപുരത്തും പാലക്കാടും കൊച്ചിയിലും കോൺഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്‌. സംഘർഷാവസ്ഥ കണക്കിലെടുത്ത് എകെജി സെന്ററിന്റെ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. പലയിടങ്ങളിലും പ്രതിഷേധക്കാർ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ ബോർഡിൽ കരി ഓയിൽ ഒഴിച്ചു.

അച്ചടക്ക നടപടിക്ക് നേതൃത്വം

എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം വയനാട് ജില്ലാ നേതൃത്വത്തോട് വിശദീകരണം തേടിയിരിക്കുകയാണ്. മറുപടി ലഭിക്കുന്ന മുറയ്ക്ക് കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. 

അതിക്രമത്തെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രം​ഗത്തെത്തിയിരുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മാർച്ചു നടത്തിയതിൽ കാര്യമില്ലെന്ന് ഇ പി

രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഇല്ലെന്ന് ഇടതുമുന്നണി കണ്‍വീന‍ര്‍ ഇ.പി. ജയരാജൻ വ്യക്തമാക്കി. എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജൻ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇതിനെതിരെ ഡൽഹിയിലും വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാഹുൽ ഒരു എംപി മാത്രമാണെന്നും ഇപി ജയരാജൻ പറഞ്ഞു.

മെഡിസെപ് ജൂലൈ മുതൽ; പ്രയോജനം കുടുംബാംഗങ്ങൾക്കും

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പാക്കുന്നത് സംസ്ഥാന സർക്കാർ ഉത്തരവായി.

പ്രീമിയം മാസം 500 രൂപ മാത്രം

4,800 രൂപയും 18 ശതമാനം ജിഎസ്ടിയും ഉള്‍പ്പെടുന്ന തുക ഒരു കൊല്ലത്തേക്ക് ഇന്‍ഷുറന്‍സിനായി അടയ്‌ക്കേണ്ടതുണ്ട്. പ്രതിമാസ പ്രീമിയം തുക 500 രൂപയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ജൂണ്‍ മാസം മുതലും പെന്‍ഷന്‍കാരില്‍ നിന്ന് ജൂലായ് മാസം മുതലും ഈടാക്കിത്തുടങ്ങും.

പാനലിലുള്ള ആശുപത്രികളിൽ മൂന്നു ലക്ഷം വരെ സൌജന്യ ചികിത്സ

വര്‍ഷത്തില്‍ മൂന്ന് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെഡിസെപ്പിലൂടെ ലഭിക്കുക. ഒരു വര്‍ഷത്തെ മൂന്ന് ലക്ഷം രൂപയില്‍ ഉപയോഗിക്കാത്ത തുകയില്‍ പരമാവധി ഒന്നരലക്ഷം രൂപ വരെ അടുത്ത ഇന്‍ഷുറന്‍സ് കാലത്തേക്ക് മാറ്റാം. എംപാനല്‍ ചെയ്ത സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ മാത്രമേ മെഡിസെപ്പ് പ്രകാരമുള്ള പരിരക്ഷ ലഭിക്കൂ. ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തരഘട്ടങ്ങളില്‍ എംപാനല്‍ ചെയ്യാത്ത ആശുപത്രികളിലും ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും.

ചികിത്സ കാഷ് ലെസ്

ഒപി ചികിത്സ പരിരക്ഷയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 24 മണിക്കുറിലധികം ആശുപത്രിയില്‍ കിടത്തി ചികിത്സ നടത്തിയിട്ടുണ്ടാവണം. 1920 രോഗങ്ങള്‍ ഇന്‍ഷുറന്‍സ് അംഗീകൃത പട്ടികയിലുണ്ട്. മാരകരോഗങ്ങള്‍ക്ക് 18 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ലഭിക്കും. ആശുപത്രിവാസത്തിന് മുമ്പും പിമ്പും 15 ദിവസത്തേക്ക് ചെലവായ തുക ക്ലെയിം ചെയ്യാവുന്നതാണ്. പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി കാര്‍ഡ് നല്‍കും. കാര്‍ഡിന്റെ പ്രിന്റ് ഔട്ട്, ഫോണില്‍ സൂക്ഷിക്കാവുന്ന ഡിജിറ്റല്‍ പകര്‍പ്പ്, മൊബൈല്‍ ആപ്ലിക്കേഷനിലെ വിവരങ്ങള്‍ ഇവയിലേതെങ്കിലും ആശുപത്രിയില്‍ കാണിച്ചാല്‍ കാഷ്‌ലെസ് ചികിത്സ ലഭിക്കും.

എല്ലാവര്‍ക്കും സ്വന്തം താലൂക്ക് പരിധിയില്‍ ചികിത്സ ഉറപ്പാക്കുന്ന വിധത്തിലാണ് ആശുപത്രികളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഒപി ചികിത്സയ്ക്ക് പരിരക്ഷ ഇല്ലാത്തതിനാല്‍ കേരള ഗവണ്‍മെന്റ് സെല്‍വന്റ്‌സ് മെഡിക്കല്‍ അറ്റന്‍ഡന്‍സ് ചട്ടങ്ങള്‍ക്ക് വിധേയരായ എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ആശുപത്രികളിലും ആര്‍സിസി, ശ്രീചിത്ര, മലബാര്‍-കൊച്ചിന്‍ കാന്‍സര്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലും ചികിത്സയ്ക്ക് നിലവിലുള്ള റീ ഇംപേഴ്‌സ്‌മെന്റ് തുടര്‍ന്നും ലഭിക്കും.

ആരൊക്കെ ഉൾപ്പെടും

സര്‍ക്കാര്‍ ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍, ഇവരുടെയെല്ലാം കുടുംബാംഗങ്ങള്‍, സര്‍ക്കാരില്‍ നിന്നും തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ഗ്രാന്റ് ലഭിക്കുന്ന സര്‍വകലാശാലകളിലെ ജീവനക്കാരും പെന്‍ഷന്‍കാരും മുഖ്യമന്ത്രി, മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ധനകാര്യ കമ്മിറ്റികളുടെ ചെയര്‍മാന്‍, പേഴ്‌സണല്‍ സ്റ്റാഫ്, പെന്‍ഷന്‍ വാങ്ങുന്നവര്‍, കുടുംബപെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരാണ് മെഡിസെപ്പില്‍ ഉള്‍പ്പെടുന്നത്.

ഈ വിവരങ്ങൾ കൂടി അറിഞ്ഞിരിക്കുക

  • പദ്ധതിയില്‍ ആശ്രിതരായി പരിഗണിക്കപ്പെടുന്നവര്‍( സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പറയുന്നത്)- പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കള്‍(സംസ്ഥാന സര്‍ക്കാര്‍-സര്‍വകലാസാല-തദ്ദേശസ്വയംഭരണ സ്ഥാപന ജീവനക്കാര്‍, സര്‍വീസ്-സര്‍വകലാശാല-തദ്ദേശസ്വയംഭരണ പെന്‍ഷന്‍കാര്‍ എന്നിവര്‍ ആശ്രതരല്ല. ഇവര്‍ക്ക് പദ്ധതിയില്‍ പ്രത്യേകമായി പ്രധാന അംഗത്വത്തിന് അര്‍ഹതയുണ്ട്).
  • കുട്ടികള്‍ക്ക് 25 വയസ് പൂര്‍ത്തിയാകുന്നതു വരെയോ അല്ലെങ്കില്‍ വിവാഹം കഴിക്കുന്നതു വരെയോ ജോലി ലഭിക്കുന്നതു വരെയോ ഏതാണ് ആദ്യം അതുവരെ ഇന്‍ഷുറന്‍സിന് അര്‍ഹതയുണ്ടായിരിക്കും.
  • ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് പ്രായപരിധി ബാധകമല്ല.
  • സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികളുടെ വിവരം നല്‍കേണ്ടതില്ല.
  • ഒരു വകുപ്പില്‍ നിന്ന് മറ്റൊരു വകുപ്പില്‍ ഡെപ്യൂട്ടേഷനിലുള്ള ഉദ്യോഗസ്ഥന്‍ നിലവിലെ തസ്തികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രസ്തുത വകുപ്പില്‍ നല്‍കണം. സര്‍ക്കാര്‍ വകുപ്പില്‍ നിന്ന് ബോര്‍ഡ് / കോര്‍പറേഷന്‍ / സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ സെപ്യൂട്ടേഷനില്‍ നിയമിതരായ ഉദ്യോഗസ്ഥര്‍ മാതൃവകുപ്പിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്.
  • എല്ലാ വകുപ്പുകളും പദ്ധതി നടത്തിപ്പിനായി നോഡല്‍ ഓഫീസറെ നിയമിക്കണം.
  • മാതാപിതാക്കള്‍ ഇരുവരും സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ ഒരാളുടെ ആശ്രിതനോ ആശ്രിതയോ ആയി മാത്രമേ കുട്ടികളുടെ പേര് ചേര്‍ക്കാനാവൂ. ഒന്നില്‍ കൂടുതല്‍ തവണ ചേര്‍ത്താല്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
  • പദ്ധതിയില്‍ പ്രധാന അംഗത്വത്തിന് അര്‍ഹതയുള്ളവര്‍ക്ക് ഭര്‍ത്താവിന്റേയോ ഭാര്യയുടേയോ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ല.
  • പൊതുമേഖലാസ്ഥാപനങ്ങളില്‍ സേവനത്തിലിരിക്കുന്നതോ വിരമിച്ചതോ ആയ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്താന്‍ കഴിയില്ല.
  • സഹോദരനേയോ സഹോദരിയേയോ ആശ്രിതനായി / ആശ്രിതയായി ഉള്‍പ്പെടുത്താനാകില്ല.
  • ബോര്‍ഡ്-പൊതുമേഖലാസ്ഥാപനത്തില്‍ സേവനത്തിലുള്ളതോ വിരമിച്ചതോ ആയ പങ്കാളിയെ ഉള്‍പ്പെടുത്താം.
  • വിമുക്തഭടന്‍മാരായ മാതാപിതാക്കളെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകില്ല.
  • കെഎസ്ഇബി, കെഎസ്ആര്‍ടിസി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനത്തിലുള്ളതോ വിരമിച്ചതോ ആയ മാതാപിതാക്കളെ ആശ്രിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല.
  • പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടും.
  • കമ്മിഷനുകള്‍, സ്വയം ഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍എന്നിവയില്‍ സ്ഥിരപ്പെട്ട ജീവനക്കാര്‍ ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകില്ല.
  • കുടുംബപെന്‍ഷന്‍ ലഭിക്കുന്ന മാതാവിനേയോ പിതാവിനേയോ പദ്ധതിയില്‍ ചേര്‍ക്കാനാകില്ല.

ഇംഗ്ലീഷ് പറയാത്തതിന് നാലുവയസുകാരനെ മർദ്ദിച്ച ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

ഇംഗ്ലീഷ് പറയാത്തത്തിന് നാലു വയസുകാരനെ മർദ്ദിച്ച സംഭവത്തിൽ ട്യൂഷൻ സെൻറർ അധ്യാപകൻ അറസ്റ്റിൽ. കയ്യിലും കാലിലും പരിക്കേറ്റ കുട്ടിയുടെ ശരീരത്തിൽ ചതവുകളും കണ്ടെത്തി.

എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. ചൊവ്വാഴ്ച ട്യൂഷനായി എത്തിയ നാലുവയസുകാരനെയാണ് ഇംഗ്ലീഷ് പറഞ്ഞില്ലെന്ന പേരിൽ അധ്യാപകൻ മർദ്ദിച്ചത്. കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ എത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. തുടർന്ന് ചൈൽഡ് ലൈനിലും പൊലിസിലും പരാതി നൽകി.

പള്ളുരുത്തി പൊലിസ് അറസ്റ്റ് ചെയ്ത തക്ഷശില റ്റൂഷൻ സെന്റർ ഉടമ നിഖിലിലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടിയുടെ കയ്യിലും കലിലും അടിയേറ്റതിന്റെ പാടുകൾ ഉണ്ട്. പനി ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ശരിരത്തിൽ ചതവുള്ളതായും പരിശോധനയിൽ കണ്ടെത്തി.

രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് കയ്യേറി; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കല്‍പ്പറ്റ കൈനാട്ടിയിലെ എംപി ഓഫീലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ ഫര്‍ണ്ണിച്ചറുകള്‍ കേടുപാടു വരുത്തി.

ഓഫിസിനുള്ളിലേക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ ബഹളം വെച്ചു. ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഇതിനിടെ ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുൽ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിൻ പുൽപ്പള്ളിയെ മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു

മാർച്ചിലേക്ക് നയിച്ചത്

ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നില്ല എന്ന ആരോപണമാണ് ഇടതുമുന്നണി ഉയര്‍ത്തുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. അതില്‍ കാര്യമില്ലെന്നും കാര്യക്ഷമമായി ഇടപെടണം എന്നുമാണ് ഇടതുമുന്നണി ആവശ്യപ്പെടുന്നത്.

പ്രതിഷേധങ്ങൾ, പ്രതികരണങ്ങൾ

ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ചെയ്തതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരുടേത് ഗുണ്ടായിസമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖ് എംഎല്‍എ ആരോപിച്ചു.

ന്യായീകരണമില്ലാത്ത ആക്രമണമാണെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണമറിയാന്‍ കാത്തുനില്‍ക്കുകയാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആര്‍എസ്എസിന്റെ ഏറാന്‍മൂളികളെപ്പോലെ വന്ന് അടിച്ചു തകര്‍ത്ത എസ്.എഫ്.ഐയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പടുത്തുന്നുവെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രിക്ക്

ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്നപരിഹാരം കാണണം എന്നും, ഇക്കോ സെൻസിറ്റീവ് സോണുമായി ബന്ധപ്പെട്ട പുതിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്‌ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും (CEC) പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി എം.പി. കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

ഈ വിധി പ്രകാരം ദേശീയ പാർക്കുകളുടെയും വന്യജീവി സാങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ESZ പരിധിയിൽ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളൾക്ക് വകവെക്കുമെന്ന ആശങ്ക വർദ്ധിച്ചുവരികയാണ്.

പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ, ഒരു കിലോമീറ്റർ കുറഞ്ഞത് ESZ നിലനിർത്തുന്നത് നമ്മുടെ ഗ്രാമവാസികളായ ജനങ്ങളുടെ ജീവിതമാർഗങ്ങളെ തടസ്സപ്പെടുത്തും, അവരിൽ പലരും ഈ സംരക്ഷിത പ്രദേശങ്ങളിൽ തലമുറകളായി സമാധാനപരമായി സഹവസിക്കുന്നുവരാണ്- എന്നും രാഹുൽ ഗാന്ധി എം.പി. കത്തിൽ പറയുന്നു.

മെസി എവിടെ ? ആരാധകർക്ക് ഇന്ന് പിറന്നാൾ

റൊസാരിയോക്കാരൻ ലയണൽ ആന്ദ്രേസ് മെസിയുടെ പിറന്നാളാണ് ഇന്ന്. ലോക ഫുട് ബോളിലെ അതിശയ താരത്തിൻ്റെ 35 ാം പിറവി ദിനം. അത് ആരാധകരുടെ മുഴുവൻ പിറന്നാളാണ്.

നടക്കാനാവില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയവന്ന് ഇന്ന് ഒരു ഫുട്ബോളിന് ചുറ്റും എന്ന പോലെ മത്സരിച്ച് ആരാധകരുണ്ട്. ചലനമുണ്ടാകില്ലെന്ന് പതിനൊന്നാം വയസിൽ തീർപ്പ് കൽപ്പിക്കപ്പെട്ട ഇടംകാലിൽ നിന്ന് പിറന്ന ഗോളുകൾ അത്രയും മനോഹമായി ആരാധകരുടെ ഹൃദയങ്ങളെ അലങ്കിരിക്കുന്നു.

പ്രായമേറുംതോറും വീര്യംകൂടുകയാണ് ലിയോണൽ മെസ്സിക്ക്. അർജന്‍റീന കുപ്പായത്തിൽ കൈവിട്ട കിരീടങ്ങൾക്ക് ഓരോന്നായി പകരം നൽകുന്ന കാലം കൂടിയാണിത്.

കൊതിപ്പിക്കുന്ന പ്രകടനം, കുതിപ്പേകുന്ന സാന്നിധ്യം

കോപ അമേരിക്ക ഫൈനലില്‍ ബ്രസീലിനെ കലാശപ്പോരിൽ മാറക്കാനയുടെ മണ്ണിൽ വീഴ്ത്തിയാണ് മെസി ഇത്തവണ ആദ്യം കണ്ണീർ തുടച്ചത്. ലോകകപ്പിലും മൂന്ന് കോപ്പ അമേരിക്കയിലുമായി 4 ഫൈനലുകളിൽ കിരീടം കൈവിട്ട ശേഷമുള്ള തിരിച്ചുവരവായിരുന്നു അത്. ലാറ്റിനമേരിക്കൻ ടീമുകളേക്കാൾ കരുത്ത് യൂറോപ്പിനെന്ന ചർച്ചകൾക്കിടെ യൂറോ ചാംപ്യന്മാരായ ഇറ്റലിയെ ഈ വർഷം മെസ്സിപ്പട വീഴ്ത്തി.

ഖത്തറിലും കത്തിക്കയറുന്ന പ്രതീക്ഷ

ഇനി ലക്ഷ്യം ഖത്തറിലേക്കാണ്. മറ്റൊരു ലോകകപ്പിലേക്ക് കൂടി കണ്ണു വെച്ചാണ് മുന്നേറ്റം. അർജന്‍റീന ടീമിൻ്റെ പ്രതീക്ഷകളുടെ ഭാരം മെസിയുടെ ചുമലില്‍ തന്നെയാണ്. പതിനെട്ട് കാരറ്റ് സ്വർണം പൂശിയ ഒരു കിരീടം കൂടി ഉയർത്തണം. ഡിസംബർ പതിനെട്ടിന് ഖത്തറിലെ ലുസൈൽ ഐകോണിക് സ്റ്റേഡിയത്തിൽ സ്വർണത്താടിയുള്ള പത്താംനമ്പറുകാരൻ തന്നെ ഈ കപ്പ് ഉയർത്തുമെന്ന് ആരാധക ലോകം ഉറച്ചു വിശ്വസിക്കുന്നു.

ബാഴ്സലോണയിൽ നിന്ന് പിഎസ്‌ജിയിലെത്തിയ മെസിക്ക് പക്ഷെ ആദ്യ സീസൺ സമ്മാനിച്ചത് നിരാശയായിരുന്നു. ചാംപ്യന്‍സ് ലീഗ് കിരീടമെന്ന പി എസ് ജിയുടെ സ്വപ്നം സഫലമായില്ല. പക്ഷെ എംബപ്പെയും നെയ്മറും മെസിയും ചേരുന്ന സംഘം ചാംപ്യൻസ് ലീഗ് കിരീടം തന്നെയാണ് ഇത്തവണ ലക്ഷ്യമിടുന്നത്.

പിറന്നാൾ കുടുംബത്തിനൊപ്പം

വധിയാഘോഷത്തിനായി ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം സ്പെയിനിലാണ് മെസ്സി ഇപ്പോൾ.

കളിയുടെ നാൾവഴി

രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിനിടെ എണ്ണമറ്റ റെക്കോഡുകൾ നെഞ്ചോടു ചേർത്തു. ഫുട്ബാളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം. ബാഴ്സലോണയുടെ ലാ മാസി അക്കാദമിയിൽ തുടങ്ങി 17ാം വയസ്സിലാണ് സീനിയർ ടീമിന്റെ ഭാഗമായത്.

​മെസ്സി മികവിൽ 2014 ൽ ലോകകപ്പ് ഫൈനലിലെത്തിയ അർജന്റീന 2021ൽ കോപ കിരീടവും സ്വന്തമാക്കി.

2009ൽ ആദ്യമായി ഏറ്റവും മികച്ച ഫുട്ബാളർക്കുള്ള ബാലൺ ദി ഓർ സമ്മാനിക്കപ്പെട്ട ശേഷം ശേഷം 2010, 2011, 2012 വർഷങ്ങളിലായി തുടർച്ചയായ മൂന്നു തവണ കൂടി നേടി ബാലൻ ദി ഓരായി.

സുവാരസിനും ​നെയ്മർക്കുമൊപ്പം എം.എസ്.എൻ ത്രയം ​നിറഞ്ഞുനിന്ന സുവർണ കാലത്ത് ബാഴ്സ മെസ്സിക്കൊപ്പം ലോകം നെഞ്ചിലേറ്റിയ ടീമായി. 2015ൽ പിന്നെയും ബാലൺ ദി ഓർ നേടിയ ശേഷം 2019ൽ ആറാമതും പദവി സ്വന്തമാക്കി റെക്കോഡുമിട്ടു.

മിന്നും ഗോളുകൾ

ബാഴ്സ നിരയിൽ 724 കളികലൊയി നേടിയത് 630 ഗോളുകൾ. അതുവഴി സ്പാനിഷ് ലീഗുകളിലെ സമാനതകളില്ലാത്ത ടോപ് സ്കോറർ. ലാ ലിഗയിലും 445 അടിച്ച് ടോപ് സ്കോറർ. അർജന്റീനക്കായി 80 ഗോൾ നേടി ടീമിന്റെ ഏറ്റവും വലിയ ഗോൾവേട്ടക്കാരൻ പട്ടവും മാറോടു ചേർത്തു.

അർജന്റീന ഇതിഹാസം ഡീഗോ മറഡോണ തന്റെ പിൻഗാമിയായി വാഴ്ത്തി. 2012ൽ 69 കളികളിൽനിന്നായി നേടിയത് 91 ഗോളുകളാണ്. ഒരു കലണ്ടർ വർഷം ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ഒരു വർഷം ബാലൺ ദി ഓറിനു പുറ​മെ ഫിഫ ലോക താരം, ലാ ലിഗയി​ലെ മികച്ച താരത്തിനുള്ള പിച്ചിച്ചി ട്രോഫി, ഗോൾഡൻ ബൂട്ട് പുരസ്കാരം എന്നിവയും സ്വന്തമാക്കി അപൂർവ നാഴികക്കല്ലും പിന്നിട്ടു. 2009-10 സീസണിലായിരുന്നു ചരിത്രം കാത്തുനിന്ന ആ നേട്ടം.

ഇത്രയും ഗോളുകൾ സ്വന്തമായി വലയിലെത്തിക്കുക മാത്രമല്ല ചെയ്തത്. താലത്തിലെന്ന പോലെ ബോൾ നൽകുന്ന അസിസ്റ്റുകളുമായി ടീമിന്റെ ​​േപ്ലമേക്കറുമായി. 568 അസിസ്റ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. അതും ചരിത്രത്തിൽ സമാനതകളില്ലാത്തത്.

വൈദ്യുതി നിരക്ക് കുത്തനെ കൂടും; പ്രഖ്യാപനം നാളെ

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കും. ഔദ്യോഗിക പ്രഖ്യാപനം നാളെ തന്നെയുണ്ടാവും. 5 മുതൽ 10 ശതമാനം വരെയാണ് നിരക്ക് വർധിപ്പിക്കാനാണ് അനുമതി.

ഇതു പ്രകാരം യൂണിറ്റിന് 15 പൈസ മുതൽ 50 പൈസയാണ് വർധന വരിക. സാമ്പത്തികമായി കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ഇളവ് നൽകാനുള്ള തീരുമാനവും ഉണ്ടായേക്കും.

വൈദ്യുതി ബോർഡ് ആവശ്യപ്പെട്ടത് ഷോക്ക്

വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിക്കണമെന്നായിരുന്നു വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം. യൂണിറ്റിന് 30 പൈസ മുതല്‍ 92 പൈസ വരെ വർധനവാണ് ആവശ്യപ്പെട്ടത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇത്രയും വർധന ആവശ്യപ്പെട്ടാണ് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷന് താരിഫ് പെറ്റീഷൻ നൽകിയത്.

എന്നാല്‍ റെഗുലേറ്ററി കമ്മിഷന്‍ ഇത് യുക്തിസഹമല്ലെന്ന് കണ്ടെത്തി. ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ചാല്‍ സംസ്ഥാനത്ത് താരിഫ് ഷോക്കുണ്ടാകുമെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.

യൂണിറ്റിന് 50 പൈസ വരെ കൂടും

ബോര്‍ഡ് സമര്‍പ്പിച്ച കണക്കുകളില്‍ രേഖപ്പെടത്തിയുള്ളത്രയും നഷ്ടം ബോര്‍ഡിനുണ്ടാകില്ലെന്നും കമ്മിഷന്‍ കണ്ടെത്തി. അഞ്ചു മുതല്‍ പത്ത് ശതമാനം വരെയായി നിരക്ക് വര്‍ധന നടപ്പാക്കാനാണ് കമ്മിഷന്റെ തീരുമാനം. യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വര്‍ധിക്കും.

കൂടുതല്‍ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധന കൂടുതല്‍ എന്ന രീതിയിലാണ് പുതുക്കിയ നിരക്കുകള്‍. കാര്‍ഷിക, ദുര്‍ബല വിഭാഗങ്ങള്‍ക്കു ഇളവുകളും കമ്മിഷന്‍ പ്രഖ്യാപിക്കും. വാണിജ്യ ഉപഭോക്താക്കളുടേയും നിരക്ക് വര്‍ധിക്കും.

വാണിജ്യ കണക്ഷനും സമാന വർധനവ്

ഗാര്‍ഹിക ഉപഭോക്താക്കളുടേതിന് സമാനമായ വര്‍ധന മാത്രമേ വാണിജ്യ ഉപഭോക്താക്കള്‍ക്കും ഉണ്ടാകുകയുള്ളൂ. അടുത്ത നാലു വര്‍ഷത്തേക്കുള്ള നിരക്കുകളാണ് കമ്മിഷന്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കുക. ഏപ്രില്‍ മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാകുമിത്.

സ്വപ്നയുടെ രഹസ്യമൊഴി ഇഡിക്ക് കൈ മാറാനാവില്ല- കോടതി

ഡോളര്‍ കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന് നല്‍കാനാവില്ലെന്ന് കോടതി. കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി തള്ളിയത്.

രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ അപേക്ഷയില്‍ വ്യാഴാഴ്ച രാവിലെ കോടതി വിശദമായ വാദം കേട്ടിരുന്നു. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ മൂന്നാമതൊരാള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് നല്‍കാനാവില്ലെന്ന കാര്യം കസ്റ്റംസ് അഭിഭാഷകന്‍ കോടതിയില്‍ സൂചിപ്പിച്ചു. ഇതുസംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവും പരാമര്‍ശിച്ചു. തുടര്‍ന്നാണ് ഇ.ഡി.യുടെ അപേക്ഷ കോടതി തള്ളിയത്.

അതിനിടെ, സ്വപ്‌ന സുരേഷ്, പി.സി. ജോര്‍ജ് എന്നിവര്‍ പ്രതികളായ ഗൂഢാലോചന കേസില്‍ സരിത്തിനെ പോലീസ് ചോദ്യംചെയ്തു. കൊച്ചി പോലീസ് ക്ലബില്‍ വ്യാഴാഴ്ച രാവിലെ മുതലായിരുന്നു ചോദ്യംചെയ്യല്‍. മൊഴികള്‍ പരിശോധിച്ച ശേഷം സരിത്തിനെ കേസില്‍ പ്രതിചേര്‍ക്കണമോ എന്നതിലടക്കം പോലീസ് തീരുമാനമെടുക്കും. നേരത്തെ ഇതേ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പോലീസ് ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനായി സ്വപ്‌ന സുരേഷും വ്യാഴാഴ്ച ഇ.ഡി.ക്ക് മുന്നില്‍ ഹാജരായി.

ട്വിറ്ററിൽ ഇനി ലേഖനമെഴുതാം

ദൈര്‍ഘ്യമുള്ള എഴുത്തുകൾ പങ്കുവെക്കുന്നതിന് സഹായിക്കുന്ന നോട്ട്‌സ് ഫീച്ചറുമായി ട്വിറ്റര്‍. 2500 വാക്കുകള്‍ ഉപയോഗിച്ചുള്ള ലേഖനങ്ങള്‍ എഴുതാന്‍ അനുവദിക്കുന്ന സൗകര്യമാണിത്.

നോട്ട്‌സ് ഫീച്ചര്‍ ഉപയോഗിച്ച് കുറിപ്പുകള്‍ എഴുതി പങ്കുവെക്കുമ്പോള്‍ ആ കുറിപ്പിന്റെ തലക്കെട്ടും ഒരു ലിങ്കുമാണ് ഫോളോവര്‍മാര്‍ കാണുക. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോഴാണ് മുഴുവന്‍ ലേഖനവും വായിക്കാന്‍ സാധിക്കുക.

ടെലഗ്രാമും വാട്സാപ്പും പുതിയ ഫീച്ചേഴ്സുകമായി മുന്നേറുമ്പോഴാണ് ട്വിറ്ററും മാറ്റത്തിന് ഒരുങ്ങുന്നത്. കാനഡ, ഘാന, യുകെ, യുഎസ് എന്നിവിടങ്ങളിലെ ഏഴുത്തുകാരായ വളരെ കുറച്ച് ഉപഭോക്താക്കള്‍ക്കിടയില്‍ രണ്ട് മാസത്തോളം നോട്ട്‌സ് ഫീച്ചര്‍ പരീക്ഷിക്കും. ട്വിറ്ററില്‍നിന്ന് പുറത്തുപോവാതെ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കം.

280 ൽ നിന്ന് 2500 ലേക്ക്

സാധാരണ ട്വീറ്റില്‍ 280 അക്ഷരങ്ങള്‍ മാത്രമാണ് ട്വിറ്റര്‍ അനുവദിക്കുന്നത്. ഇതേ തുടര്‍ന്ന് വലിയ കുറിപ്പുകള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ അവ ചിത്രങ്ങളാക്കി മാറ്റി പങ്കുവെക്കുന്നതും കുറിപ്പുകള്‍ വായിക്കാന്‍ പുറത്തുള്ള വെബ് പേജുകളിലേക്ക് ഫോളോവര്‍മാരെ ക്ഷണിക്കുന്നതും ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

ട്വിറ്ററില്‍ സ്വീകാര്യതയുള്ള എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ പങ്കുവെക്കുന്നതിന് അവസരമൊരുക്കുകയാണ് നോട്ട്‌സ് ഫീച്ചറിന്റെ മുഖ്യ ലക്ഷ്യം. കഴിഞ്ഞ വര്‍ഷം ഒരു ഡച്ച് ന്യൂസ് ലെറ്റര്‍ സ്റ്റാര്‍ട്ട് അപ്പ് ആയ റെവ്യൂവിനെ (Revue) ട്വിറ്റര്‍ ഏറ്റെടുത്തിരുന്നു. നോട്ട്‌സ് ഫീച്ചറിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത് റിവ്യൂവിനെയാണെന്ന് ട്വിറ്റര്‍ വ്യക്തനമാക്കിയിട്ടുണ്ട്.

ലേഖനം ഭംഗിയാക്കാം

നോട്ട്‌സില്‍ എഴുതുന്ന ലേഖനത്തില്‍ ജിഫുകള്‍, ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ ചേര്‍ത്ത് മികച്ച ഉള്ളടക്കമാക്കിമാറ്റാനും സാധിക്കും. പങ്കുവെച്ച നോട്ടുകള്‍ എഡിറ്റ് ചെയ്യാനും സൗകര്യമുണ്ട്.

മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റ് എന്നാണ് തുടക്കത്തിൽ ട്വിറ്റർ അറിയപ്പെട്ടത്. 140 അക്ഷരങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. 2017-ല്‍ 280 ആക്കി വര്‍ധിപ്പിച്ചു. ഇത് കൂടാതെ പങ്കുവെച്ച ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്. ഇലോണ്‍ മസ്‌ക് ഏറ്റെടുക്കുന്നതോടെ പുതുമകൾക്ക് ഒരുങ്ങുകയാണ്.