മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചന- കോൺഗ്രസ്

 മഹാരാഷ്ട്രയില്‍ നടക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത്. ഉദ്ധവ് താക്കറെയെ പുറത്താക്കാനുള്ള ശ്രമമാണ്. കോണ്‍ഗ്രസ് ഉദ്ധവിന് ഒപ്പംതന്നെയാണെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.

ഒരുമിച്ച് നില്‍ക്കുമെന്നും പാര്‍ട്ടി മഹാ വികാസ് സഖ്യത്തിനൊപ്പമാണെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയും വ്യക്തമാക്കി.

ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രംഗത്തെത്തി. ഇന്ന് പണവും സ്വാധീനവും മാഫിയാ ബന്ധവും ഉപയോഗിച്ച് നിങ്ങള്‍ അധികാരം പിടിച്ചടക്കുന്നു. ഒരു ദിവസം അതിന് അവസാനം വരുമെന്നും പാര്‍ട്ടി തകരുമെന്നും മമതാ ബാനര്‍ജി പറഞ്ഞു. മഹാരാഷ്ട്രയിലെ ബി.ജെ.പി നിലപാട് അങ്ങേയറ്റം തെറ്റാണ് ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും മമതാ ബാനര്‍ജി വ്യക്തമാക്കി.

പഴയ റാങ്ക് ലിസ്റ്റ് കാലത്തെ ഒഴിവുകളിൽ നിയമനം നൽകാനുള്ള ഉത്തരവ്; പി.എസ്.സി സുപ്രീം കോടതിയിലേക്ക്

ആറ് റാങ്ക് ലിസ്റ്റുകൾക്ക് അധിക കാലാവാധി അനുവദിച്ച ഹൈക്കോടതി വിധിക്കെതിരെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ സുപ്രീം കോടതിയിലേക്ക്.

അധിക കാലാവധി സംബന്ധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി നടപ്പാക്കുക വെല്ലുവിളിയാവും. ഇതുവരെയുള്ള 101 ഒഴിവിലേക്ക് പഴയ റാങ്ക് പട്ടികയില്‍ നിന്ന് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കേണ്ടിവരും.

കോടതിയെ സമീപിച്ച ആറ് റാങ്ക്പട്ടികകള്‍ക്കാണ് അധിക കാലാവധി അനുവദിച്ച് കഴിഞ്ഞദിവസം ഉത്തരവുണ്ടായത്. എന്നാല്‍, ഇതിനെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനാണ് പി.എസ്.സി. തീരുമാനം.

ഉത്തരവ് ബാധകമായ തസ്തികകൾ

വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്സ് (14 ജില്ലകള്‍), വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, സ്റ്റാഫ് നഴ്സ് (പാലക്കാട്), എച്ച്.എസ്.എ. നാച്വറല്‍ സയന്‍സ് (വയനാട്, മലപ്പുറം), എച്ച്.എസ്.എ. അറബിക് (കാസര്‍കോട്), സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (തൃശ്ശൂര്‍) എന്നിവയ്ക്ക് മൂന്നുമാസം അധിക കാലാവധി ഉറപ്പാക്കാനായിരുന്നു കോടതി ഉത്തരവ്.

ഇവയില്‍ എച്ച്.എസ്.എ. നാച്വറല്‍ സയന്‍സ്, എച്ച്.എസ്.എ. അറബിക്, അസിസ്റ്റന്റ് സെയില്‍സ്മാന്‍ എന്നിവയ്ക്കു നിര്‍ദേശിക്കപ്പെട്ട അധിക കാലാവധിയില്‍ ഒരൊഴിവുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിനാല്‍ കോടതിവിധി അംഗീകരിച്ചാലും ഈ റാങ്ക് പട്ടികകളില്‍നിന്ന് ആര്‍ക്കും നിയമനം കിട്ടില്ല.

സാധ്യമായ ഒഴിവുകൾ

എന്നാൽ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റിന് 14 ജില്ലകളിലായി 96 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വനിതാ പോലീസ് കോണ്‍സ്റ്റബിളിന് എന്‍.ജെ.ഡി.യായി രണ്ടൊഴിവ് റിപ്പോര്‍ട്ടുചെയ്തു. പാലക്കാട്ട് സ്റ്റാഫ് നഴ്സ് തസ്തികയ്ക്ക് മൂന്നൊഴിവും ഇക്കാലയളവില്‍ പി.എസ്.സി.യെ അറിയിച്ചിട്ടുണ്ട്.

സുപ്രീംകോടതിയില്‍ പി.എസ്.സി. അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഈ ഒഴിവുകളിലേക്ക് തത്കാലം നിയമനശുപാര്‍ശ നല്‍കാതെ മാറ്റിവെക്കാനാണു സാധ്യത. ഇത് കീഴ്വഴക്കമാവാതെ നോക്കുക എന്നത് പി എസ് സിയുടെ അധികാര പരിധിയുടെ പ്രശ്നനവുമായിരിക്കും.

CUET, പൊതു പ്രവേശന പരീക്ഷ ജൂലായ് 15 മുതൽ

കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് – സി.യു.ഇ.ടി. പരീക്ഷ 2022 ജൂലായ് 15 മുതൽ നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി അറിയിച്ചു. ബിരുദതല പൊതു പ്രവേശന പരീക്ഷയാണ്.

ജൂലായ് 15, 16, 19, 20, ഓഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, 10 തീയതികളിൽ സി.ബി.ടി – കമ്പ്യൂട്ടർ അധിഷ്ഠിത മോഡിലാണ് ടെസ്റ്റ്.

ഇന്ത്യയിൽ 554 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദേശങ്ങളിൽ 13 സെൻ്ററുകളും.

അപേക്ഷിക്കാനും തിരുത്തലിനും അവസാന അവസരം

പരീക്ഷയ്ക്ക് വീണ്ടും രജിസ്റ്റർചെയ്യുന്നതിനും അപേക്ഷയിൽ തിരുത്തൽ വരുത്തുന്നതിനും ജൂൺ 23-ന് രാവിലെ ഒൻപതുമുതൽ 24-ന് രാത്രി 11.50 വരെ സമയം അനുവദിച്ചു.

43 കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെ 86 സർവകലാശാലകളിലെ ബിരുദ കോഴ്‌സുകളിലെ പ്രവേശനപരീക്ഷയാണ്. 9.50 ലക്ഷം വിദ്യാർഥികൾ രജിസ്റ്റർചെയ്തതായി യു.ജി.സി. ചെയർമാൻ ജഗദീഷ് കുമാർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് cuet.samarth.ac.in/, www.nta.ac.in/

സംശയങ്ങൾക്ക് ഇ മെയിൽ- cuetug@nta.ac.in ഫോൺ 011-40759000 / 011-6922 7700.

അഭയ കേസിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സിബിഐ സഹായം ചെയ്തുവോ ?, സംശയിക്കാതിരിക്കാനാവില്ല – ജോമോൻ പുത്തൻ പുരയ്ക്കൽ

സിസ്റ്റര്‍ അഭയ കൊല ചെയ്യപ്പെട്ട കേസിൽ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സി.ബി.ഐ. സഹായം ചെയ്തിട്ടുണ്ടോ എന്ന് സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍. പ്രതികളുടെ അപ്പീലിനെതിരേ സി.ബി.ഐ. കൗണ്ടര്‍ പോലും ഫയല്‍ചെയ്തില്ല.

കാര്യങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സി.ബി.ഐ. പരാജയപ്പെട്ടു- അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ.യുടെ ഈ വീഴ്ചക്കെതിരേ സി.ബി.ഐ. ഡയറക്ടര്‍ക്കും പ്രധാനമന്ത്രിക്കും പരാതി നല്‍കും.

കേസിലെ പ്രതികൾക്ക് ജാമ്യം നല്‍കിയതിനെതിരേ സി.ബി.ഐ. സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യണമെന്നും ജോമോൻ ആവശ്യപ്പെട്ടു.

സിബിഐക്ക് വേണ്ടി വാദിക്കാൻ ചുക്കും ചുണ്ണാമ്പും അറിയാത്ത വക്കീൽ

പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ഒന്നരവര്‍ഷമായിട്ടും സി.ബി.ഐ. കൗണ്ടര്‍ പെറ്റീഷന്‍ പോലും ഫയല്‍ചെയ്തില്ല. അപ്പീലില്‍ സി.ബി.ഐ.ക്ക് വേണ്ടി വാദിക്കാന്‍ തെലങ്കാനയില്‍നിന്നുള്ള വക്കീലിനെയാണ് പ്രോസിക്യൂട്ടറായി കൊണ്ടുവന്നത്. കേസിനെക്കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത പ്രോസിക്യൂട്ടര്‍ക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. സി.ബി.ഐ. പ്രോസിക്യൂട്ടര്‍ കോടതിയില്‍ പൂര്‍ണമായും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. അഭയ കേസില്‍ തുടക്കം മുതൽ നിയമയുദ്ധം നടത്തുന്നയാളാണ് ജോമോന്‍.

നേരത്തെ സി.ബി.ഐ. കോടതിയില്‍ പ്രോസിക്യൂഷന് വേണ്ടി വാദിച്ച അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് തിരിഞ്ഞുപോലും നോക്കിയില്ല. പ്രതികളെ സഹായിക്കാന്‍ സിബിഐ പോലുള്ള ഏജന്‍സി പഴയ സ്വഭാവം എടുക്കരുതെന്നും ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കണമെന്നും ആവർത്തിച്ചു.

മഹാരാഷ്ട്രയിലെ ഭരണ സഖ്യം പൊളിയുന്നു, എൻ ഡി എ പക്ഷത്തേക്ക്

ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നില്‍ ശിവസേനയുടെ നിലവിലെ നേതൃത്വം വഴങ്ങുന്നു. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വിടാനുള്ള സന്നദ്ധത അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ബി ജെ പിയുടെ തിരക്കഥയിലേക്ക് മഹാരാഷ്ട്ര ഭരണം മാറുകയാണ്.

‘എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ നിന്ന് ആശയവിനിമയം നടത്തരുത്. അവര്‍ മുംബൈയില്‍ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് അഘാടിയില്‍നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അതിനായി അവര്‍ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണം’, സഞ്ജയ് റാവുത്ത് മുംബൈയില്‍ പറഞ്ഞു.

ശിവസേനാ എംഎല്‍എമാരെ സൂറത്തിലേക്ക് തട്ടികൊണ്ടുപോയതാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു.

വിമത ക്യാമ്പില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പറയുന്ന എംഎല്‍എമാരായ കൈലാസ് പാട്ടീല്‍, നിതിന്‍ ദേശ്മുഖ് എന്നിവരും സഞ്ജയ് റാവുത്തിനൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. സൂറത്തില്‍നിന്ന് തങ്ങള്‍ കിലോമീറ്ററുകളോളം ഓടിയാണ് രക്ഷപ്പെട്ടതെന്നും അവര്‍ വിവരിച്ചു. തങ്ങള്‍ ശിവസേനയെ കൈവിടില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, റാവുത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസത്തിലടെുക്കാന്‍ വിമത എംഎല്‍എമാർ തയ്യാറായിട്ടില്ല എന്ന സാഹചര്യവും വിവരിക്കപ്പെടുന്നു.

ജൂലൈ 1 മുതൽ ഓൺലൈൻ ഇടപാടിൽ മാറ്റം

രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ ഇടപാട് സുരക്ഷ കണക്കിലെടുത്ത് 2021 ലാണ് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ ചട്ടങ്ങള്‍ കൊണ്ടുവന്നത്.

ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്ന ആര്‍ബിഐ ഉത്തരവ് പിന്നീട് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.

ഈ ചട്ടങ്ങള്‍ അനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരങ്ങളുടെ വിവിധ വെബ്‌സൈറ്റുകള്‍ക്ക് അവരുടെ സെര്‍വറുകളില്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യാന്‍ കഴിയില്ല. ഡാറ്റ ചോര്‍ത്തലിന് ഇത്തരം നടപടികള്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇത് ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു

ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ ഇടപാട് നടത്താന്‍ അനുവദിക്കുന്നതാണ് പണമിടപാടുകളിലെ ടോക്കണൈസേഷന്‍ സംവിധാനം. ആര്‍ബിയുടെ പുതിയ ടോക്കണൈസേഷന്‍ ചട്ടത്തില്‍ ഉപഭോക്താക്കളുടെ യഥാര്‍ത്ഥ കാര്‍ഡ് വിവരങ്ങള്‍ക്ക് ബദലായി പ്രത്യേക കോഡ് വഴിയാകും ഇടപാട് നടക്കുക. ഈ കോഡ് ആണ് ടോക്കണ്‍ എന്ന് വിളിക്കപ്പെടുന്നത്. ഒരേ സമയം ഒരു ഓണ്‍ലൈന്‍ സേവനദാതാക്കളുമായി ബന്ധപ്പെട്ട് മാത്രമാണ് ഈ കോഡ് സേവ് ആകുക.

ചട്ടം നിലവില്‍ വരുന്നതോടെ, മുന്‍പ് സേവ് ചെയ്ത് വച്ചിരിക്കുന്ന കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റുകള്‍ നീക്കം ചെയ്യണം. ടോക്കണൈസേഷന് അനുമതിയായാല്‍ സിവിവിയും ഒടിപിയും മാത്രം നല്‍കിയാല്‍ മതി ഇടപാട് പൂര്‍ത്തിയാക്കാന്‍.

ശരീര ദുർഗന്ധം അകറ്റാൻ

0

അമിതമായ ശരീര ഗന്ധത്തിന് പല കാരണങ്ങളുമുണ്ട്. പലരും ഇത് മൂലം അപകർഷത അനുഭവിക്കുന്നു. ഒന്നു വിയർക്കുമ്പോഴേക്കും രൂക്ഷ ഗന്ധം സ്വയം തന്നെ തിരിച്ചറിയാൻ കഴിയും.

ഇത്തിരി ശ്രദ്ധിക്കുക

കക്ഷങ്ങൾ, വായ്, ലൈം​ഗിക അവയവങ്ങളുടെ ഭാ​ഗങ്ങൾ എന്നിവയാണ് സാധാരണയായി ദുർഗന്ധം വമിക്കുന്ന ശരീരഭാഗങ്ങൾ. മരുന്നുകൾ, ഭക്ഷണം തുടങ്ങിയ വിവിധ ഘടകങ്ങൾ ശരീര ദുർഗന്ധം വർദ്ധിപ്പിച്ചേക്കാം. ന്യൂയോർക് ആസ്ഥാനമായുള്ള ഡെർമറ്റോളജിക്കൽ പഠനങ്ങളിൽ ഈ അവസ്ഥയെ പറ്റി വ്യക്തമാക്കുന്നുണ്ട്. ( Ref; Does body odour bother you? study was conducted by Soumita Biswas, Chief Nutritionist)

ഭക്ഷണം ഒരു ഘടകമാണ്

ശരീരദുർഗന്ധം കൂടുന്നതിൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്. സവാള, ചെറിയുള്ളി, വെളുത്തുള്ളി, മുളക്, കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം അമിതമായി കഴിച്ചാൽ വിയർപ്പിന് രൂക്ഷഗന്ധമുണ്ടാകാം. ചില ഭക്ഷണപദാർത്ഥങ്ങൾ അമിതമായി കഴിക്കുമ്പോൾ അവയിൽ അടങ്ങിയിരിക്കുന്ന എണ്ണയുടെ മണമുള്ള സംയുക്തങ്ങൾ വിയർപ്പ് ഗ്രന്ഥികളിലൂടെ പുറന്തള്ളപ്പെടും. ഇത് ദുർഗന്ധം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത്തരം സംയുക്തങ്ങളെ അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങൾ എന്നാണറിയപ്പെടുന്നത്. അസ്ഥിരമായ ഓർഗാനിക് സംയുക്തങ്ങളുടെ സ്വാധീനം മൂലമാണ് രൂക്ഷമായ വിയർപ്പ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്.

ഇലകൾ, പഴങ്ങൾ, പച്ചക്കറികൾ

കൂടിയ അളവിലുള്ള ക്ലോറോഫിൽ അടങ്ങിയിരിക്കുന്നത് ഇലച്ചെടികളിലാണ്. ചീര, മുരിങ്ങയില തുടങ്ങിയ ഇലച്ചെടികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ശരീര ദുർഗന്ധം കുറയും. ദേഹത്ത് ദുർഗന്ധമുണ്ടാക്കുന്ന ഘടകങ്ങളെ ക്ലോറോഫിൽ ഉപയോഗിച്ച് എളുപ്പത്തിൽ നിർവീര്യമാക്കാൻ കഴിയും. അതുപൊലെതന്നെ ബീൻസ്, കടല, പയർ തുടങ്ങിയ ഭക്ഷണങ്ങളിൽ നാരിന്‍റെ അംശമുണ്ട്. ഇവ കൂടുതലായി കഴിച്ചാൽ ദഹനപ്രക്രിയ സുഗമമാകും. അതിന്റെ ഫലമായി, ഭക്ഷണത്തിലെ ഏതെങ്കിലും ദുർഗന്ധമുള്ള സംയുക്തങ്ങൾ വേഗത്തിൽ പ്രോസസ് ചെയ്യപ്പെടും. അങ്ങനെ വിയർപ്പിലൂടെ പുറത്തെത്തുന്ന സംയുക്തത്തിന്‍റെ അളവും കുറയും. കൃത്യമായും വയർ ഒഴിഞ്ഞു പോവുക എന്നത് പ്രധാനമാണ്.

പോഷണം ശരിയാക്കുക

മനുഷ്യശരീരത്തിൽ മൂന്ന് തരം വിയർപ്പ് ഗ്രന്ഥികളാണുള്ളത്. സെബാസിയസ് ഗ്രന്ഥികൾ, എക്ക്രിൻ വിയർപ്പ് ഗ്രന്ഥികൾ, അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികൾ എന്നിങ്ങനെയാണ് അവയെ അറിയപ്പെടുന്നത്. അപ്പോക്രൈൻ വിയർപ്പ് ഗ്രന്ഥികളിൽ നിന്നാണ് ശരീര ദുർഗന്ധം ഉണ്ടാകുന്നത്. അതിൽ നിന്ന് രാസ സംയുക്തങ്ങളും പുറത്തേക്കുവരും. കക്ഷം, ചെവിക്ക് പിൻഭാഗം, പൊക്കിൾ, ജനനേന്ദ്രിയം എന്നിങ്ങനെയുള്ള ചില ഭാഗങ്ങളിലാണ് ഈ പ്രക്രിയ മൂലം ദുർ​ഗന്ധം വർദ്ധിക്കുന്നത്. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഗന്ധമുണ്ടാകുന്നത് കക്ഷങ്ങളിലാണ്.

ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു

0

രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് പുതിയ ടേൺ നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. സ്വന്തം വീടായ മാതോശ്രീയിലേക്ക് മാറി. രാജിസന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് വസതി ഒഴിഞ്ഞത്.

മുഖ്യമന്ത്രി സ്ഥാനം വരും പോകും, എന്നാല്‍ യഥാര്‍ഥ സമ്പത്ത് എന്നത് ജനങ്ങളുടെ സ്‌നേഹമാണ്. കഴിഞ്ഞ രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്ന് ഒരുപാട് സ്‌നേഹം ലഭിച്ചു. എംഎല്‍എമാര്‍ പറയുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തയ്യാറാണ്. ഏതെങ്കിലും എംഎല്‍എമാര്‍ക്ക് ഞാന്‍ മുഖ്യമന്ത്രിയായി തുടരുന്നത് പ്രശ്‌നമുണ്ടെങ്കില്‍ ഔദ്യോഗിക വസതിയില്‍ നിന്ന് ഒഴിയാന്‍ ഞാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പഴയ ശിവസേനയും ഇപ്പോഴത്തേതും തമ്മില്‍ വ്യത്യാസമില്ല. ഹിന്ദുത്വവും ശിവസേനയും ഒന്നാണ്. ബാല്‍താക്കറെയുടെ പാരമ്പര്യം പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2019-ല്‍ ഞങ്ങള്‍ മൂന്ന് പാര്‍ട്ടികളും ഒന്നിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനാണ് ശരദ് പവാര്‍ എന്നോട് പറഞ്ഞത്. എനിക്ക് ഒരു മുന്‍പരിചയവും ഉണ്ടായിരുന്നില്ല. എങ്കിലും മുഖ്യമന്ത്രി സ്ഥാനം ഞാന്‍ ഏറ്റെടുത്തു. ശരദ് പവാറും സോണിയാ ഗാന്ധിയും ഒരുപാട് സഹായിച്ചു. എന്നില്‍ അവര്‍ വിശ്വാസം പുലര്‍ത്തി…… ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രസംഗം പുറത്തു വിട്ടു.

വിജയ് ബാബുവിൻ്റെ ജാമ്യം; സർക്കാർ സുപ്രീം കോടതിയിലേക്ക്

 നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി വിധിയ്‌ക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്.

പ്രതി വിവാഹിതനായതിനാല്‍ വിവാഹ വാഗ്ദാനം നല്‍കി എന്ന് പറയാനാകില്ല. നടി ഒരിക്കലും ഇയാളുടെ തടവിലായിരുന്നില്ല. നടിയും വിജയ് ബാബുവും തമ്മിൽ ഇന്‍സ്റ്റാഗ്രാമിലും മറ്റും ചാറ്റുകള്‍ നടത്തിയിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ ഗാഢമായ ബന്ധം സൂചിപ്പിക്കുന്നതാണ്. അതിലൊന്നും ലൈംഗികാതിക്രമത്തെക്കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നതായിരുന്നു കോടതിയുടെ നിരീക്ഷണം.

നിയമവദഗ്ധരും അങ്കലാപ്പിൽ

മുന്‍കൂര്‍ ജാമ്യം നല്‍കിയതുമായി ഹൈക്കോടതി നടത്തിയ നിരീക്ഷണത്തില്‍ പ്രോസിക്യൂഷന് കടുത്ത അതൃപ്തിയുണ്ട്.

നിയമവിദഗ്ധരും സോഷ്യൽ മീഡിയയും വിധിക്ക് എതിരെ കടുത്ത ആശങ്ക പങ്കു വെക്കുന്നുണ്ട്. കോടതി അതിജീവിതയുടെ ഭാഗത്ത് നിന്നല്ല ചിന്തിക്കുന്നത് എന്ന നിലയ്ക്കാണ് വിലയിരുത്തൽ.

അഫ്ഗാനിസ്ഥാനിൽ ഭൂചലനം 920 പേർ മരിച്ചു

0

അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. ഇതുവരെ 920 പേര്‍ മരിച്ചതായി കണ്ടെത്തിയതായി താലിബാന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 600-ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കിഴക്കന്‍ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ചൊവ്വാഴ്ച രാത്രി ഭൂചലനമുണ്ടായത്. ഭൂചലന ബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.

ഹെലികോപ്റ്റര്‍ അടക്കം ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഭൂചലനം അയല്‍രാജ്യമായ പാകിസ്താന്റെ അതിര്‍ത്തിപ്രദേശങ്ങളിലും ചെറിയ രീതിയില്‍ നാശനഷ്ടങ്ങളുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ട്.

അഫ്ഗാന്‍ പ്രകൃതി ദുരന്ത നിവാരണ സഹമന്ത്രി മൗലവി ഷറഫുദ്ദീന്‍ കാബൂളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെ ഉദ്ധരിച്ചാണ് വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.