ചോദ്യം ചെയ്തത് ഇരുട്ടു മുറിയിൽ; ഇത് പോരാട്ടത്തിൻ്റെ ഭാഗം – രാഹുൽ ഗാന്ധി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ മാരത്തണ്‍ ചോദ്യംചെയ്യലിനെ തള്ളി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത് പാർട്ടിയുടെ പോരാട്ടത്തിൻ്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

നിങ്ങള്‍ വിചാരിക്കും, ഇ.ഡിയുടെ ദീര്‍ഘനേര ചോദ്യംചെയ്യലിനോടു പിടിച്ചുനില്‍ക്കാന്‍ ഞാന്‍ ബുദ്ധിമുട്ടിയെന്ന്. പക്ഷെ, അതൊട്ടും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നില്ല. കാരണം, ആ കസേരയില്‍ ഞാനൊറ്റയ്ക്കായിരുന്നില്ല. ആ മുറിയില്‍ കോണ്‍ഗ്രസിന്റെ എല്ലാ പ്രവര്‍ത്തകരും നേതാക്കളും ഈ സര്‍ക്കാരിനെതിരേ ഭയരഹിതരായി പൊരുതുന്നവരും ജനാധിപത്യത്തിനു വേണ്ടി പോരാടുന്നവരുമുണ്ടായിരുന്നു, രാഹുല്‍ പറഞ്ഞു.

നാഷണല്‍ ഹെറാള്‍ഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ അഞ്ചുദിവസങ്ങളിലായി അന്‍പതിലധികം മണിക്കൂറാണ് രാഹുലിനെ ഇ.ഡി. ചോദ്യം ചെയ്തത്.

ഒരു ചെറിയ, ഇരുട്ടുമുറിയിലാണ് തന്നെ ചോദ്യംചെയ്യലിനായി ഇരുത്തിയതെന്നും മൂന്ന് ഓഫീസര്‍മാരാണ് ചോദ്യംചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ആരുടെയോ നിര്‍ദേശങ്ങള്‍ക്കായി ഓഫീസര്‍മാര്‍ ഇടയ്ക്കു പുറത്തുപോകുമായിരുന്നു. എന്നാല്‍ താന്‍ മണിക്കൂറുകളോളം കസേരയിലിരുന്ന് അവരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ക്ഷമയോടെ മറുപടി നല്‍കി, ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേ രാഹുല്‍ പറഞ്ഞു.

കേസ് പഴയത്

നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് കമ്പനിയും രാഹുൽ ഡയറക്ടറായ യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും, യങ് ഇന്ത്യ ലിമിറ്റഡ് കൊൽക്കത്ത ആസ്ഥാനമായുള്ള ഡോടെക്സ് മെർക്കന്റൈസ് എന്ന കമ്പനിയുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുമായും ബന്ധപ്പെട്ടാണ് ഇഡി രാഹുലിൽ നിന്നും വിവരങ്ങൾ തേടിയത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം രാഹുൽ തേടിയിട്ടുണ്ട്. സോണിയ ഗാന്ധിയോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ആരോഗ്യ പ്രശനങ്ങൾ ഉള്ളതിനാൽ സോണിയ ഹാജരാകില്ല. പകരം സമയം നീട്ടി ചോദിക്കും.

അഗ്നിപഥ് യുവാക്കളോടുള്ള വഞ്ചന, പോരാട്ടം തുടരും

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ് പോരാട്ടം നടത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. യുവാക്കൾക്ക് തൊഴിൽ നൽകാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ല. യുവാക്കളുടെ പ്രതീക്ഷയായ സേനയിലെ അവസരവും ഇല്ലാതാക്കി വഞ്ചിക്കയാണ്. റാങ്കുമില്ല, പെൻഷനുമില്ല എന്ന അവസ്ഥയായി. ചൈന നമ്മുടെ രാജ്യത്ത് കടന്നു കയറിയപ്പോഴും മോദി മിണ്ടാതിരുന്നുവെന്നും രാഹുൽ പറഞ്ഞു. ഇ.ഡി വിഷയം ചെറുതാണെന്നും യുവാക്കളുടെ തൊഴിലില്ലായ്മ ആണ് വലിയ വിഷയമെന്നും രാഹുൽ ഗാന്ധി പറഞ്ഞു

ഇറച്ചി വെട്ട് യന്ത്രത്തിൽ സ്വർണ്ണക്കടത്ത്; സിനിമാ നിർമ്മാതാവ് പിടിയിൽ

തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ സിനിമാ നിര്‍മാതാവ് കെ.പി. സിറാജുദ്ദീന്‍ കസ്റ്റംസ് പിടിയിലായി. ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിൽ അന്വേഷണത്തിനൊടുവിലാണ് സിറാജുദ്ദീന്‍ പിടിയിലായത്. ഇതേ സംഭവത്തിൽ തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ നേരത്തെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് കണ്ടെത്തി പിടികൂടിയത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസ് നിർമ്മാതാവിലേക്ക് എത്തിയത്.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യംചെയ്തപ്പോൾ സിനിമാനിര്‍മാതാവ് കെ.പി. സിറാജുദ്ദീനാണ് ഗള്‍ഫില്‍നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായി. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടില്‍ നോട്ടീസ് നല്‍കി. എന്നാല്‍ അദ്ദേഹം ഹാജരായില്ല. എന്നാല്‍ ചൊവ്വാഴ്ച സിറാജുദ്ദീന്‍ ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെനിന്നാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. തൃക്കാക്കര സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീന്‍.

യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് ജാമ്യം

യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. വിദേശത്ത് ഒളിവിൽ കഴിഞ്ഞ ശേഷം മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് കിട്ടാതെയാണ് തിരിച്ചെത്തിയത്. തിരിച്ചെത്താൻ കോടതി നിർദ്ദേശിക്കയായിരുന്നു.

കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്. പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്.

നേരത്തെ ഒരു കോടി രൂപ വാ​ഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജ‍ഡ്ജി ജസ്റ്റിസ് കെമാൽ പാഷ രം​ഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിലെ സ്വർണ്ണ കടത്തിന് പിന്നിൽ ഡൽഹിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥൻ; പിടികൂടാനാവാതെ കസ്റ്റംസ്

ദക്ഷിണേന്ത്യന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നില്‍ ഡൽഹി സ്വദേശിയായ ഉന്നത ഉദ്യോഗസ്ഥൻ. കേരളത്തിൽ സ്വർണ്ണക്കടത്തിന് ഏകോപനം നൽകിയതും ഈ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ്റെ ബുദ്ധി. ഡല്‍ഹി സ്വദേശിയായ രാഹുല്‍ പണ്ഡിറ്റ് എന്ന ഉഗ്യോഗസ്ഥൻ ഇപ്പോൾ സർവ്വീസിന് പുറത്താണ്.

കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. കരിപ്പൂര്‍, കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ചെന്നൈ, ബെംഗളൂരു വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്തിനു പിന്നിലെ ബുദ്ധി കേന്ദ്രവും ഇയാളാണ്. രാമനാട്ടുകര സ്വര്‍ണക്കടത്ത് അന്വേഷിച്ച കസ്റ്റംസ് പ്രിവന്റീവ് സംഘത്തിന്റേതാണ് കണ്ടെത്തല്‍. സ്വര്‍ണക്കടത്തിന് കൂട്ടുനിന്നതിന് കസ്റ്റംസില്‍നിന്നു പുറത്താക്കിയതാണ് രാഹുല്‍ പണ്ഡിറ്റിനെ.

തട്ടിപ്പുകാരായ ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച കസ്റ്റംസുകാരൻ

മുമ്പ് ഡല്‍ഹി പോലീസിലും പിന്നീട് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവില്‍ എയര്‍ കസ്റ്റംസിലും രാഹുല്‍ ജോലി ചെയ്തിരുന്നു. സര്‍വീസിന്റെ തുടക്കം മുതല്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമാണ് രാഹുലിനുണ്ടായിരുന്നത്.

സ്വര്‍ണക്കടത്ത് സംഘങ്ങളെ ഏകോപിപ്പിക്കുന്നത് രാഹുല്‍ പണ്ഡിറ്റ് ആണ്. വിമാനത്താവളങ്ങളില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെയോ വിമാനത്താവള ഉദ്യോഗസ്ഥരെയോ ഇതിനായി കണ്ടെത്തി നൽകും. ഒപ്പം സ്വര്‍ണക്കടത്ത് സംഘത്തിനു വേണ്ട സഹായങ്ങള്‍ ഇയാള്‍ ചെയ്യുന്നു. പലപ്പോഴും സ്‌കാനിങ്ങില്‍നിന്ന് സ്വര്‍ണം കടത്തുന്നയാള്‍ രക്ഷപ്പെടുന്നത് ഇങ്ങനെയാണ് എന്നാണ് കണ്ടെത്തൽ.

രാമനാട്ടുകര അപകടം അന്വേഷിച്ചപ്പോള്‍ കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ‘ഓഫീസര്‍ സെറ്റിങ്’ (കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വശത്താക്കല്‍) വഴിയാണ് സ്വര്‍ണം കടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

കോഴിക്കോട് കേന്ദ്രീകരിച്ചാണ് രാഹുല്‍ പണ്ഡിറ്റിന്റെ ‘ഓപ്പറേഷന്‍’. രാഹുലിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയെങ്കിലും ഇയാള്‍ ഹാജരായില്ല എന്നാണ് പറയുന്നത്. തുടര്‍ന്ന് രാഹുലിനെതിരേ ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങുകയാണ് കസ്റ്റംസ്.

കൂട്ടാളികൾ കുരുങ്ങുമോ

രാഹുൽ എന്ന ഡൽഹി സ്വദേശി ഉദ്യോസ്ഥനു മാത്രമായി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലെയും സ്വർണ്ണ കടത്ത് നിയന്ത്രിക്കാനാവില്ല. അപ്പോൾ പിന്നെ ഇതിന് സന്നദ്ധമായ ഒരു ഉദ്യോഗസ്ഥ ശൃംഖല നിലനിൽക്കുന്നു എന്നു വ്യക്തമാണ്. രാഹുലിനെ ഇതുവരെ അറസ്റ്റ് ചെയ്യാൻ കഴിയാത്തതും ഇതും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയവും ബാക്കിയാണ്. മാത്രമല്ല ഈ കണ്ണികൾ ഇപ്പോഴും പ്രവർത്തിക്കുന്നു എന്ന് അടുത്ത കാലത്തെ ആവർത്തിക്കുന്ന സ്വർണ്ണ കടത്തുകൾ തെളിയിക്കുന്നു.

2019 ഓഗസ്റ്റ് 19-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ 4.5 കിലോ സ്വര്‍ണം പിടിച്ചിരുന്നു. ഈ കള്ളക്കടത്തിന് സഹായിച്ചെന്ന് വ്യക്തമായതിനെ തുടര്‍ന്ന് സര്‍വീസില്‍നിന്നു പുറത്താക്കപ്പെട്ട നാല് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ പ്രധാനിയാണ് രാഹുല്‍ പണ്ഡിറ്റ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറായിരുന്ന സുമിത് കുമാര്‍ ഇയാള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു.

രാമനാട്ടുകര കേസിലും പുരോഗതി

കോഴിക്കോട് രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി ഉള്‍പ്പെടെ 25 പേര്‍ക്ക് കസ്റ്റംസ് പ്രിവന്റീവ് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുന്നോടിയായാണ് നടപടി. രാമനാട്ടുകര സ്വര്‍ണക്കടത്തിനിടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ ക്വട്ടേഷന്‍സംഘത്തിലെ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച് ഒരുവര്‍ഷം പൂര്‍ത്തിയാകവേയാണ് നടപടി.

കഴിഞ്ഞവര്‍ഷം ജൂണില്‍ ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താളത്തിലെത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് കൊണ്ടുവന്ന 1.11 കോടി രൂപ വിലമതിക്കുന്ന 2.33 കിലോ സ്വര്‍ണംവാങ്ങാന്‍ കൊടുവള്ളിയില്‍നിന്നുള്ള സംഘമെത്തിയിരുന്നു. ഷെഫീഖ് കസ്റ്റംസിന്റെ പിടിയിലായതോടെ ഈ സംഘം മടങ്ങി. ഇതിനിടെ, കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍ സംഘവും കൊടുവള്ളി സംഘവും തമ്മില്‍ ഏറ്റുമുട്ടി. ഇതിനിടെയാണ് വാഹനാപകടമുണ്ടായത്.

സ്വര്‍ണക്കടത്തിലെ ബുദ്ധികേന്ദ്രം കണ്ണൂര്‍ അഴീക്കല്‍ കൊവ്വലോടി ആയങ്കിവീട്ടില്‍ അര്‍ജുന്‍ ആയങ്കിയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ കസ്റ്റംസ് പ്രിവന്റീവ് അറസ്റ്റുചെയ്തിരുന്നു.

അര്‍ജുനുമായി ബന്ധമുള്ള ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കൊടി സുനി, മുഹമ്മദ് ഷാഫി, ആകാശ് തില്ലങ്കേരി എന്നിവര്‍ക്ക് പ്രത്യക്ഷത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നു കണ്ടെത്തിയിട്ടുണ്ട്.

കേരളത്തിലേക്ക് സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത് തട്ടിയെടുത്തതിന്റെ പകയാണ് അഞ്ചുപേരുടെ മരണത്തിനിടയായത്. 2021 ജൂണ്‍ 16-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയയാളില്‍നിന്നു കള്ളക്കടത്ത് സ്വര്‍ണം അര്‍ജുന്‍ ആയങ്കിയും സംഘവും തട്ടിയെടുത്തിരുന്നു. അന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെ യാത്രക്കാരനില്‍നിന്നും ഈ സംഘം കടത്തുസ്വര്‍ണം തട്ടി.

രണ്ടുദിവസം കഴിഞ്ഞ് 18-നും സമാനമായി സ്വര്‍ണം തട്ടിയതോടെയാണ് സ്വര്‍ണക്കടത്തിന് നേതൃത്വം നല്‍കിയ കൊടുവള്ളി സംഘം അര്‍ജുന്‍ ആയങ്കിയെ കൊല്ലാന്‍ തീരുമാനിച്ചതും അപകടമുണ്ടായതും.

ഗർഭനിരോധനത്തിന് ആണുങ്ങൾക്ക് ഗുളിക, പരീക്ഷണം വിജയം

0

പുരുഷന്മാരെ ഗര്‍ഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ മുന്നേറ്റം. അറ്റ്ലാന്റയില്‍ നടന്ന എന്‍ഡോക്രൈന്‍ സൊസൈറ്റി വാര്‍ഷികയോഗത്തില്‍ ഒരു കൂട്ടം ഗവേഷകർ ഇതു സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടു. ലോകത്തിൽ ആദ്യമായാണ് പുരുഷനിൽ ഇത്തരം സാധ്യത വിജയം കൈവരിക്കുന്നത്.

പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നു ചേരുവകൾ ട്രയൽ പിന്നിട്ടു. ആദ്യപരീക്ഷണഘട്ടത്തില്‍ ഏകദേശം 90 ശതമാനത്തിലധികം ഫലം നല്‍കിയ മരുന്നുകള്‍ രണ്ടാംഘട്ടത്തിലും മികവുനിലനിര്‍ത്തുന്നതായാണ് സൂചനകള്‍

പരീക്ഷണം അവസാന ഘട്ടത്തിൽ

എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു ക്ലിനിക്കല്‍ പരീക്ഷണം. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തത്. മരുന്നു കഴിക്കാതിരുന്നവരെക്കാള്‍ ബീജാണുക്കളുടെ എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവര്‍ക്ക് കുറവായിരുന്നു.

ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടത് പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിലാണ്. മരുന്നുപയോഗിച്ചവര്‍ക്ക് പറയത്തക്ക പാര്‍ശ്വഫലങ്ങളുമുണ്ടായിട്ടില്ല.

മൂന്നാംഘട്ടത്തിലേക്ക് കടക്കുന്നതോടെ ഇത് വിപണിയിൽ ഇറക്കാനുള്ള കടമ്പകൾ കടത്തും. ഇതോടെ ഗുളിക ആണുങ്ങളിൽ എത്തും.

രാജ്യത്തെ രണ്ടാമത്തെ ഹൈഡ്രജൻ ഇന്ധന പമ്പ് കേരളത്തിൽ

വാഹനങ്ങള്‍ക്ക് ഹൈഡ്രജന്‍ ഇന്ധനമായി നല്‍കുന്ന സ്റ്റേഷന്‍ രാജ്യത്താദ്യമായി ഗുജറാത്തിലെ വഡോദരയില്‍ തുടങ്ങുന്നു. രണ്ടാമത് പരിഗണന കേരളത്തിനാവും. സ്റ്റേഷന് പെട്രോളിയം ആന്‍ഡ് എക്‌സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ) അനുമതിനല്‍കി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് (ഐ.ഒ.സി.) സ്റ്റേഷന്‍ തുടങ്ങിയത്.

വൈകാതെ കേരളത്തിൽ കൊച്ചിയിലും ഗുജറാത്തിലെ ജാംനഗറിലും സ്റ്റേഷൻ വരും. ഇന്ധന വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. തുടക്കം ചെലവേറിയതാണ്.

വളരുന്ന സാങ്കേതികത

24 മണിക്കൂറില്‍ 75 ബസുകള്‍ക്ക് ഹൈഡ്രജന്‍ നിറയ്ക്കാവുന്ന സംവിധാനമാണ് വഡോദരയില്‍ തുടങ്ങുന്നത്. ടാറ്റയുടെ രണ്ടു ബസുകള്‍ വൈകാതെ ഓടിത്തുടങ്ങും. 99.9 ശതമാനം ശുദ്ധമായ ഹൈഡ്രജന്‍ ഐ.ഒ.സി.യുടെ ഗുജറാത്ത് റിഫൈനറിയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതാണ് ഗുജറാത്തിന് പ്രഥമ പരിഗണന നൽകിയത്.

തീയോ ചോര്‍ച്ചയോ ശ്രദ്ധയില്‍പ്പെട്ടാല്‍ സുരക്ഷാസംവിധാനങ്ങള്‍ സ്വയംപ്രവര്‍ത്തിക്കുന്ന രീതിയാണ് ഒരുക്കിയിരിക്കുന്നതെന്ന് പെസോ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്‌സ്പ്ലോസീവ്‌സ് ഡോ. ആര്‍. വേണുഗോപാല്‍ പറഞ്ഞു.

വാഹനങ്ങളിൽ പ്രത്യേകടാങ്കുകള്‍ വേണ്ടിവരും. തുടക്കമായതിനാല്‍ ഇതിനു വന്‍ ചെലവുണ്ട്. ഉത്പാദനവും ആവശ്യവും കൂടുന്നതോടെ ചെലവു കുറയുമെന്നാണു പ്രതീക്ഷ.

തുടക്കത്തിലെ ചെലവാണ് വ്യാപകമായി ഹൈഡ്രജന്‍ സ്റ്റേഷനുകള്‍ വരാനുള്ള തടസ്സം.

വാട്സാപ്പിൽ പുതിയ ഫീച്ചർ; കാണേണ്ടാത്തവരെ തിരഞ്ഞു മാറ്റാം

0

സ്വന്തം സോഷ്യൽ മീഡിയ ലൈഫിൽ സ്വകാര്യതയ്ക്ക് കൂടുതൽ തിരഞ്ഞെടുപ്പ് അവസരം ഒരുക്കി വാട്സ്ആപ്. കോണ്‍ടാക്റ്റിലുള്ള ആര്‍ക്കൊക്കെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോയും (profile photo) ലാസ്റ്റ് സീന്‍ (last seen) സ്റ്റാറ്റസും (Status)കാണാം എന്ന് ഉപയോഗിക്കുന്നവർക്ക് ഇനി തെരഞ്ഞെടുക്കാം.

പ്രൈഫൈൽ ലോക് ലാസ്റ്റ് സീൻ ലോക്ക് സ്റ്റാറ്റസ് ലോക് എന്നിവയുടെ മറച്ചു വെക്കൽ സംബന്ധിച്ച് ചർച്ചകൾ പലവഴി ഉണ്ടെങ്കിലും സാധാരണ ഉപയോക്താക്കളിൽ ഇത് ചലനം സൃഷ്ടിക്കും

ഇതിനു മുമ്പ്, everyone, my contacts, nobody എന്നീ മൂന്ന് ഓപ്ഷനുകള്‍ ആണ് പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്തിരുന്നു.

പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ‘ മൈ കോണ്‍ടാക്റ്റ്‌സ് എക്‌സപ്റ്റ്’ (my contacts except) എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കാനാകും. ഇതിലൂടെ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പെടെയുള്ള എല്ലാ സ്വകാര്യ വിശദാംശങ്ങളും (personal details) കാണേണ്ടാത്ത ആളുകളെ വ്യക്തിഗതമായി തെരഞ്ഞെടുക്കാം. പിണക്കങ്ങൾക്കും ഇണക്കങ്ങൾക്കും ഒപ്പം ഇനി വാട്സാപ്പും കൂടെ നിൽക്കും.

എങ്ങിനെ ചെയ്യാം

  • വാട്‌സ്ആപ്പ് തുറക്കുക
  • സ്‌ക്രീനിന്റെ മുകളില്‍ വലതു വശത്തുള്ള ത്രീ-ഡോട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക
  • സെറ്റിംഗ്‌സ് സെലക്ട് ചെയ്ത് അക്കൗണ്ട് എന്നതില്‍ ക്ലിക്കു ചെയ്യുക
  • പ്രൈവസി ഓപ്ഷന്‍ തെരഞ്ഞെടുത്ത് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക. ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ ഫോട്ടോ, എബൗട്ട് ആന്‍ഡ് പ്രൊഫൈല്‍ സ്റ്റാറ്റസ് എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന My contacts except എന്നതിലേക്ക് മാറ്റുക.
  • നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ കാണേണ്ടാത്ത കോണ്‍ടാക്റ്റുകള്‍ തെരഞ്ഞെടുക്കുക. തുടര്‍ന്ന് changes സ്ഥിരീകരിക്കുക.

ഗ്രൂപ്പ് കാളിലും മാറ്റങ്ങൾ വരുന്നു

ഗ്രൂപ്പ് കോള്‍ (Group Call) നടക്കുന്ന സമയത്ത് അഡ്മിന് ഒരാളെ മ്യൂട്ട് ചെയ്യാനോ ഒരാള്‍ക്ക് പ്രത്യേകമായി മെസേജ് അയക്കാനോ സാധിക്കുന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കാനൊരുങ്ങുകയാണ്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. വാട്‌സ്ആപ്പ് തലവന്‍ വില്‍ കാത്കാര്‍ട്ട് ആണ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. ആളുകള്‍ ചില സമയത്ത് കോള്‍ മ്യൂട്ടാക്കാന്‍ ആഗ്രഹിക്കാറുണ്ടെന്നും അതിന് സാധിക്കാത്തത് പലപ്പോഴും ഗ്രൂപ്പ് കോളുകളിലും മീറ്റിങ്ങുകളിലും അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ആ പ്രശ്‌നം പരിഹരിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്നും വില്‍ കാത്കാര്‍ട്ട് പറഞ്ഞു.

ഇതുകൂടാതെ, ഗ്രൂപ്പ് വീഡിയോ കോളില്‍ പുതിയൊരു വ്യക്തി ചേരുമ്പോള്‍, അതേക്കുറിച്ച് മറ്റെല്ലാവര്‍ക്കും നോട്ടിഫിക്കേഷന്‍ നല്‍കുന്ന ഫീച്ചറും വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.

ഗ്രൂപ്പ് വീഡിയോ കോളില്‍ പങ്കെടുക്കാനാകുന്നവരുടെ എണ്ണവും വാട്സ്ആപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പുതിയ ഫീച്ചര്‍ അനുസരിച്ച് ഗ്രൂപ്പ് വീഡിയോ കോളില്‍ 32 അംഗങ്ങളെ വരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയും. കഴിഞ്ഞ ദിവസം ടെലഗ്രാം പ്രീമിയം അക്കൌണ്ട് അവതരിപ്പിച്ചിരുന്നു.

ദ്രൗപതി മുർമു എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയായി ദ്രൗപതി മു‍‍‍ർമുവിനെ നിശ്ചയിച്ചു. ജാര്‍ഖണ്ഡ് മുന്‍ ഗവര്‍ണറാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള ബിജെപിയുടെ വനിതാ നേതാവുമാണ് ദ്രൗപതി മുർമു. ആദിവാസി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന ഇവർ ഒഡീഷ സ്വദേശിയാണ്.

ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി ഓഫീസിൽ ചേർന്ന പാർലമെന്ററി യോഗത്തിൽ വെച്ചായിരുന്നു സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്

എൻ.ഡി.എ സ്ഥാനാർഥി പട്ടികയിൽ നേരത്തെ തന്നെ ഇവരുടെ പേര് ഉയർന്നു വന്നിരുന്നു.

1958 ജൂണ്‍ 20നു ജനിച്ച ദ്രൗപദി നിരവധി സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായിരുന്നു. 2015 മുതല്‍ 2021 വരെയാണു ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി വഹിച്ചത്.

രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണറെന്ന വിശേഷണവും ദ്രൗപതി മുര്‍മുവിനു സ്വന്തമാണ്.

കൗണ്‍സിലറായി വിജയിച്ചുകൊണ്ട് രാഷ്ട്രീയജീവിതം ആരംഭിച്ച ദ്രൗപതി 1997ല്‍ ഒഡിഷയിലെ റൈരങ്പൂറിലെ വൈസ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ അവര്‍ എസ്ടി മോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബി ജെ പിയുടെ എസ് ടി മോര്‍ച്ചയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമായി 2013 മുതല്‍ 2015 വരെ പ്രവര്‍ത്തിച്ചു.

ഒഡീഷയിൽ ബിജെപി – ബിജെഡി സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്ന സമയത്ത് സഹ മന്ത്രി സ്ഥാനം വഹിച്ചിരുന്നു. നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ ആയിരുന്നു ഇത്. 2000 മുതൽ 2006 വരെ നിയമസഭാ അംഗവുമായിരുന്നു. .

കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള വനിതാ നേതാവ് അനുസൂയ ഉയ്കെ, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവരുടെ പേരുകളായിരുന്നു ദ്രൗപതി മുർമുവിന്റെ പേരിനൊപ്പം എൻ.ഡി.എ ലിസ്റ്റിൽ ഉണ്ടായിരുന്നത്.

കോൺഗ്രസിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായി യശ്വന്ത് സിൻഹയെ നേരത്തെ തീരുമാനിച്ചിരുന്നു. ബി ജെ പി പക്ഷത്തുണ്ടായിരുന്ന യശ്വന്ത് സിൻഹയെ പ്രതിപക്ഷത്തെ 17 പാര്‍ട്ടികള്‍ ചേര്‍ന്നാണ് തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ്‌ ജയറാം രമേശ് പ്രഖ്യാപിച്ചിരുന്നു.

ആരു ജയിക്കും

എം.പി.മാരും എം.എല്‍.എ.മാരുമടങ്ങുന്ന 48.9 ശതമാനം വോട്ടര്‍മാരാണ് എന്‍.ഡി.എ.യ്ക്കുള്ളത്.

പ്രതിപക്ഷ കൂട്ടായ്മയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളും മറ്റു പാര്‍ട്ടികള്‍ക്കും ചേര്‍ന്ന് 51.1 ശതമാനം വോട്ടുണ്ട്.

ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ ബി.ജെ.ഡി.യോ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസോ മാത്രം പിന്തുണച്ചാല്‍ എന്‍.ഡി.എ. സ്ഥാനാര്‍ഥിക്ക് ജയിക്കാം.

ഈ രണ്ടു പാര്‍ട്ടികളും പ്രതിപക്ഷ ഐക്യനിരയ്‌ക്കൊപ്പം എത്താന്‍ സാധ്യത വിരളമാണെങ്കിലും ചര്‍ച്ച തുടരാനാണ് കോണ്‍ഗ്രസ് ശ്രമം.

ബി.ആര്‍.എസിന്റെ നേതാവ് ചന്ദ്രശേഖര്‍ റാവു കോണ്‍ഗ്രസിതര മൂന്നാം മുന്നണിക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതെല്ലാം മുന്നില്‍ക്കണ്ടാണ് സമവായശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് ശ്രമം നടത്തുന്നത്.

ബി.ജെ.പി.യുമായി അകല്‍ച്ചയിലുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദള്‍-യു ഇത്തവണ അവരുടെ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യുമോ എന്ന കാര്യത്തില്‍ നിശ്ചയമില്ല. നേരത്തെ എൻ ഡി എയ്ക്ക് എതിരെ ലാലു പ്രസാദ് യാദവിനെയും കൂടെ കൂട്ടിയാണ് നിതീഷ് കുമാർ സംസ്ഥാനം പിടിച്ചത്. ഇത്തവണ ബി ജെ പി ഒപ്പമാണെങ്കിലും നിതീഷിൻ്റെ കർക്കശമായ മേൽക്കൈയിലാണ്.

മെഡിക്കൽ നെക്സ്റ്റ് പരീക്ഷ അടുത്ത വർഷം മുതൽ

അവസാന വർഷ മെഡിക്കൽ വിദ്യാർഥികൾക്കായി നിർദേശിച്ചിരിക്കുന്ന ‘നാഷനൽ എക്സിറ്റ് എക്സാം’ (നെക്സ്റ്റ്  -NeXT) അടുത്ത വർഷം ആരംഭിക്കും. ഇതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്നു കേന്ദ്ര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷനാകും പരീക്ഷ നടത്തുകയെന്നാണു വിവരം. ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഉൾപ്പെടെയുള്ളവയെയും പരിഗണിക്കുന്നുണ്ട്. 

എംബിബിഎസ് അവസാന വർഷക്കാർക്കുള്ള ലൈസൻസ് പരീക്ഷയാണു നെക്സ്റ്റ്. ഇതിനു പുറമേ, പിജി മെഡിക്കൽ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടിക തയാറാക്കുന്നതും ഇതിന്റെ അടിസ്ഥാനത്തിലാകും. വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് കഴിഞ്ഞെത്തുന്നവർക്ക് ഇന്ത്യയിൽ പഠനം നടത്താനുള്ള ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയ്ക്കും ബദലായി ഇതു മാറും. ഫലത്തിൽ നീറ്റ് പിജി ഉൾപ്പെടെയുള്ള പരീക്ഷകൾ ഇല്ലാതാകും. ഇതു വിജയിക്കുന്നവർക്കു മാത്രമാകും അലോപ്പതി പ്രാക്ടീസിന് അനുമതി.  2023 ൽ എംബിബിഎസ് പൂർത്തിയാക്കുന്നവർക്കു മുതൽ ഈ പരീക്ഷ നടത്താനാണ് പദ്ധതി. മുന്നോടിയായി മോക് പരീക്ഷ ഏർപ്പെടുത്തും.

എയിംസ് അടക്കമുള്ള കോളജുകളിലേക്കുള്ള പിജി പ്രവേശനം നെക്സ്റ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലാണെന്നു കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. റാങ്ക് മെച്ചപ്പെടുത്താൻ പരീക്ഷ ഒന്നിലധികം തവണ എഴുതാനും വ്യവസ്ഥയുണ്ട്. 2019 ൽ പാർലമെന്റിൽ പാസാക്കിയ ദേശീയ മെഡിക്കൽ കമ്മിഷൻ ചട്ടത്തിലാണു നെക്സ്റ്റ് പരീക്ഷയെന്ന നിർദേശം ഉൾപ്പെടുന്നത്.

പ്ലസ് ടു ഫലത്തിൽ നിരാശ; രണ്ട് കുട്ടികൾ ജീവനൊടുക്കി

സംസ്ഥാനത്ത് രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു. ആലപ്പുഴയിലും തൃശ്ശൂരിലുമാണ് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തത്. രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടിരുന്നു. 
തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട്  പൊട്ടത്ത്പറമ്പില്‍  മുജീബിന്‍റെ മകള്‍  ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്‍പറമ്പ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഇത്തവണ പ്ലസ് ടു പരീക്ഷയിൽ വിജയ ശതമാനം കുറവാണ്. മാത്രമല്ല ജൂലൈ 25 മുതൽ സേ പരീക്ഷ ആരംഭിക്കാനിരിക്കുന്നു. കോവിഡ് സാഹചര്യം കാരണം പഠന പ്രശ്നങ്ങളും പ്രയാസങ്ങളുമുള്ള കുട്ടികൾക്ക് പരീക്ഷ വെല്ലുവിളിയായിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ പരിശീലനത്തോടെ പരീക്ഷയെ നേരിടാൻ സാഹചര്യമുണ്ട്.