രാഷ്ട്രപതി സ്ഥാനാർഥിയെ ഇനിയും കണ്ടെത്താനാവാതെ പ്രതിപക്ഷം

രാഷ്ട്രപതി സ്ഥാനാർത്ഥി നിര്‍ണയം സംബന്ധിച്ച് ഒരു നിശ്ചയവുമില്ലാതെ പ്രതിപക്ഷം കുഴയുന്നു. ശരദ് പവാര്‍ പിന്മാറിയതിന് പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി.

രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ജമ്മു കശ്മീരിന്റെ നിലവിലെ സാഹചര്യത്തിൽ തന്റെ പ്രവര്‍ത്തനം അവിടെ ആവശ്യമാണെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവായ ഫാറൂഖ് അബ്ദുല്ല പറയുന്നത്. ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ കൂടിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

തുടക്കത്തിൽ പ്രധാനമായും ശരത് പവാറിനെയായിരുന്നു രാഷ്ട്രപതി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയിരുന്നത്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശരത് പവാർ പിന്മാറുകയായിരുന്നു. പട്ടികയിൽ പരിഗണനയിൽ ഉണ്ടായിരുന്ന മറ്റൊരു പേര് ഫാറൂഖ് അബ്ദുല്ലയുടേതായിരുന്നു.

രാഷ്ട്രപതി സ്ഥാനാർഥിയായി തന്റെ പേര് പരിഗണിച്ചതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്നും അബ്ദുല്ല പ്രസ്താവനയിൽ വ്യക്തമാക്കി.

ബി ജെ പി നേതാക്കൾക്ക് കേന്ദ്ര സുരക്ഷ, ബിഹാറിൽ നിതീഷ് സർക്കാരിന് വിമർശനം; അഗ്നിപഥ് പ്രതിഷേധം എൻഡിഎ സഖ്യത്തിലേക്കും പടരുന്നു

കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധങ്ങളിൽ ബിഹാർ സർക്കാർ എന്‍ഡിഎ സഖ്യത്തിൻ്റെ ഭാഗമായിട്ടും ബിജെപി നേതാക്കള്‍ക്ക് സുരക്ഷയും പരിഗണനയും ലഭിക്കുന്നില്ലെന്ന് പരാതി. ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ ആരോപണവുമായി രംഗത്തെത്തി. ഇതോടെ എൻ ഡി എ സഖ്യത്തിലേക്കും സൈന്യത്തിലെ കരാർ വൽക്കണം എത്തുകയാണ്.

തുടര്‍ച്ചയായ നാലാം ദിവസവും ബിഹാറിൽ പ്രതിഷേധം തുടരുകയാണ്. ബിജെപി നേതാക്കൾക്ക് കേന്ദ്രം നേരിട്ട് ഇടപെട്ട് കൂടുതൽ സുരക്ഷഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ 10 ബിജെപി നേതാക്കൾക്കാണ് കേന്ദ്രം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയത്.

അക്രമം നടക്കുമ്പോൾ പോലീസ് നിഷ്ക്രിയരായിരുന്നു, തങ്ങളുടെ പാര്‍ട്ടി ഓഫീസുകള്‍ മാത്രമാണ് അക്രമികള്‍ ലക്ഷ്യമിടുന്നത്. ഭരണകൂടത്തിന്റെ പിന്തുണ ഇതിനുണ്ടെന്നുമാണ് ബിജെപി ആരോപിക്കുന്നത്.

ഇടപെടലിന്എതിരെ നിതീഷ് പക്ഷം

ഭരണ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നിതീഷ് കുമാറിന് കഴിവുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് ജെഡിയു നേതാക്കളും രംഗത്തെത്തി. ജയ്സ്വാറിന്റെ പാർട്ടിയിൽ നിന്ന് പാഠങ്ങൾ ആവശ്യമില്ല, പകരം അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള ജനങ്ങളുടെ സംശയങ്ങൾ ഇല്ലാതാക്കുകയാണ് വേണ്ടത്. ബിജെപി നേതൃത്വം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജെഡിയു നേതാക്കള്‍ പറഞ്ഞു.

ശനിയാഴ്ച ബന്ദ് പുരോഗമിക്കുന്നതിനിടെയും ബിഹാറില്‍ പ്രതിഷേധങ്ങള്‍ തുടർന്നു. ജഹാനാബാദില്‍ പോലീസ് എയ്ഡ്‌പോസ്റ്റിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. അക്രമം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കാനും തീരുമാനിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെ നടന്ന ആക്രമത്തില്‍ ഗുവാഹത്തിയില്‍ നിന്ന് ജമ്മുവിലേക്ക് പോകുന്ന ലോഹിത് എക്‌സ്പ്രസ് ട്രെയിനിന്റെ ആറ് കോച്ചുകള്‍ നശിപ്പിച്ചിരുന്നു. പാസഞ്ചര്‍ തീവണ്ടികള്‍ക്ക് നേരെയും അക്രമമുണ്ടായി.

സ്വപ്ന സുരേഷിന് പിന്നാലെ ഇഡി; ഹാജരാവാൻ നൊട്ടീസ്

സ്വര്‍ണക്കടത്ത് കേസിലെ വിവാദ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ പ്രതി സ്വപ്‌ന സുരേഷിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡി കേസിൽ കയറി പിടിച്ചത്.

ജൂണ്‍ 22 (ബുധനാഴ്ച) ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സ്വപ്ന കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയുടെ വിശദാംശങ്ങള്‍ തേടാനാണ് വിളിച്ചുവരുത്തൽ എന്നാണ് വിശദീകരണം. മുഖ്യമന്ത്രിക്കെതിരെ ഉള്‍പ്പെടെ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ ഇ.ഡിക്ക് ശേഖരിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇത് വെളിപ്പെടുത്തുന്നത് കോടതി തടഞ്ഞിരുന്നതാണ്.

ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്വപ്‌ന സുരേഷ് സന്നദ്ധയായി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന കസ്റ്റംസ് സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയുടെ പകര്‍പ്പ് തേടി ഇ.ഡി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസ് കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുന്നതേയുള്ളൂ.

ജീവന് ഭീഷണിയുണ്ടെന്നും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ തീരുമാനിച്ചത് അതുകൊണ്ടാണെന്നും സ്വപ്‌ന നേരത്തെ പറഞ്ഞിരുന്നു. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരുടെ വിവരങ്ങളും കോടതിയെ അറിയിച്ചിട്ടുണ്ട്. മൊഴി പൂര്‍ത്തിയായ ശേഷം എല്ലാ കാര്യങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. എന്നാൽ ജീവന് ഭീഷണിയുള്ളതായി പറഞ്ഞ സാഹചര്യം പൊലീസ് പരിഗണിച്ചിട്ടില്ല.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടുള്ള യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരും പോലീസുമായി ഏറ്റുമുട്ടൽ. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാതിരുന്നതോടെ കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് ലാത്തി ചാര്‍ജ് ചെയ്തു.

മാര്‍ച്ചിന് ശേഷം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരേ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കിക്ക് നേരെയും പ്രവര്‍ത്തകര്‍ കുപ്പിയുള്‍പ്പെടെയുള്ളവ വലിച്ചെറിഞ്ഞു.

മുന്നൂറോളം പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.

വന്‍ പോലീസ് സന്നാഹമാണ് തലസ്ഥാന നഗരത്തില്‍ ഒരുക്കിയിരിക്കുന്നത്. മാര്‍ച്ചിനെ തുടര്‍ന്ന് പാളയം മുതല്‍ പുളിമൂട് വരെ രണ്ട് വശങ്ങളിലും പോലീസ് വലയമുണ്ടായിരുന്നു. എല്ലാ വശത്തും ബാരിക്കേഡ് കെട്ടി ഗതാഗതം പൂര്‍ണമായി തടഞ്ഞിട്ടുണ്ട്. പല തവണ പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. എന്നാൽ കൈ വിട്ടു പോയി.

ഇതിന് ശേഷം നോര്‍ത്ത് ഗേറ്റിനോട് ചേര്‍ന്ന വശത്ത് കൂടി സെക്രട്ടേറിയറ്റിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ജലപീരീരങ്കി പ്രയോഗിച്ചത്. സാധാരണയിലും അധികം ഫോഴ്‌സിലാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നിട്ടും പിരിഞ്ഞ് പോകാതിരുന്നതോടെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചത്. പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ ഒരു പ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. പോലീസിന് നേരെ കല്ലേറുണ്ടായപ്പോഴാണ് ഗ്രേനേഡ് പ്രയോഗം നടന്നത്.

താനുള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും പ്രകോപനമില്ലാതെയാണ് പോലീസ് നടപടിയെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പ്രതികരിച്ചു. ഒരു പോലീസുകാരന് പോലും പരിക്കേറ്റില്ലെന്നും പിരിഞ്ഞ് പോകാന്‍ നേതാക്കള്‍ നിര്‍ദേശം നല്‍കുന്നതിനിടെയാണ് ഗ്രനേഡ് പ്രയോഗം ഉണ്ടായതെന്നും ഷാഫി പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും വേണമെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ എന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂർ ഫണ്ട് വിവാദം, നേതാക്കൾക്കെതിരെ നടപടി,

സി പി എം പ്രതിരോധത്തിൽ

പയ്യന്നൂര്‍ ഫണ്ട് വിവാദത്തില്‍ സിപിഐഎം നേതാക്കള്‍ക്കെതിരെ നടപടി. ടി.ഐ.മധുസൂദനന്‍ എംഎല്‍എയെ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മൂന്ന് ഏരിയ കമ്മിറ്റി അംഗങ്ങള്‍ക്ക് എതിരേയും നടപടി. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി കുഞ്ഞികൃഷ്നെ സ്ഥാനത്ത് നിന്ന് നീക്കി. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ഏരിയ സെക്രട്ടറി കൂടിയായ വി.കുഞ്ഞികൃഷ്ണന്‍ പറഞ്ഞു

കെ.കെ.ഗംഗാധരന്‍, ടി.വിശ്വനാഥന്‍ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. നേതാക്കള്‍ക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി.കുഞ്ഞികൃഷ്ണനെയും ചുമതലയില്‍ നിന്നും മാറ്റി. സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷിന് പകരം ചുമതല നല്‍കി. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് നടപടിയുണ്ടായത്. എന്നാല്‍ നടപടി വന്നതോടെ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണന്‍ അറിയിച്ചു. എം.വി.ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്.

ഫണ്ട് മുക്കിയാതാര്.

നേരത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ മധുസൂധനന്‍ തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് പാര്‍ട്ടിക്ക് യോജിച്ച രീതിയിലല്ലെന്നാണ് വിമര്‍ശനമുണ്ടായത്. നടപടിയെടുക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ അറിയിക്കാന്‍ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ.മധുസൂധനന്‍ ഉള്‍പ്പെടെ പയ്യന്നൂരില്‍ നിന്നുള്ള ആറ് പേര്‍ക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് മറുപടി വാങ്ങിയതിന് ശേഷമാണ് നടപടിയുണ്ടാകുന്നത്.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫണ്ട്, ഏരിയ കമ്മറ്റി ഓഫിസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയര്‍ന്ന ആരോപണം. കെട്ടിട നിര്‍മ്മാണ ഫണ്ടില്‍ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയില്‍ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോര്‍ട്ട് നല്‍കിയത്. തെരഞ്ഞെടുപ്പ് ഫണ്ടില്‍ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഐഎം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

സ്വിസ് ബാങ്കിലെ ഇന്ത്യൻ കള്ളപ്പണ നിക്ഷേപം കുത്തനെ കൂടി; തിരികെ കൊണ്ടുവരുന്ന വാഗ്ദാനം എന്തായെന്ന് രാഹുൽ

സ്വിസ് ബാങ്കില്‍ ഇന്ത്യയിൽ നിന്നുള്ള നിക്ഷേപങ്ങൾ വര്‍ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്ത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേയെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്

50 ശതമാനം വളര്‍ച്ചയാണ് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2020 ല്‍ 2.5 ബില്യണായിരുന്ന ഇന്ത്യന്‍ ഫണ്ടുകള്‍ 2021 ല്‍ 30,626 കോടിയായി ഉയര്‍ന്നു.

‘വിദേശത്തുള്ള കള്ളപ്പണത്തിന്റെ ഓരോ രൂപയും തിരികെ കൊണ്ടുവരുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനമായിരുന്നില്ലേ?’ റിപ്പോര്‍ട്ടിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച് രാഹുല്‍ ഗാന്ധി കുറിച്ചു.

50 ശതമാനം വളര്‍ച്ചയാണ് സ്വിസ് ബാങ്കിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. 2020 ല്‍ 2.5 ബില്യണായിരുന്ന ഇന്ത്യന്‍ ഫണ്ടുകള്‍ 2021 ല്‍ 30,626 കോടിയായി ഉയര്‍ന്നു.

ഇന്ത്യൻ മുതലാളിമാരുടെ കള്ളപ്പണം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം കനക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സര്‍ക്കാരിനെ കടന്നാക്രമിച്ചു. ‘മോദി ജിയുടെ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കള്‍ മുമ്പത്തേക്കാള്‍ കൂടുതല്‍ സമ്പത്ത് വിദേശ അക്കൗണ്ടുകളില്‍ ഒളിപ്പിച്ചിരിക്കുകയാണ്,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപം ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണമാണ്. കള്ളപ്പണമിടപാടുകള്‍ തടയുന്നതിന്റെ ഭാഗമായി 2015 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൊതുമാപ്പ് പദ്ധതി പ്രഖ്യാപിച്ചിരുന്നു. പരസ്യമാക്കാത്ത വിദേശ നിക്ഷേപങ്ങള്‍ ക്ലെയിം ചെയ്യുന്നതായിരുന്നു പദ്ധതി. തുടര്‍ന്ന് രാജ്യത്തെ കള്ളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ സാധിച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.

പ്ലസ് വൺകാരി ചൈൽഡ് ലൈനിൽ വിളിച്ചു, “എനിക്ക് പഠിക്കണം” കളക്ടറെത്തി വിവാഹം തടഞ്ഞു

കോഴിക്കോട് കടലുണ്ടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്ഥർ തടഞ്ഞു. ചാലിയം ജംഗ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്താണ് സംഭവം. പെണ്‍കുട്ടി തന്നെയാണ് വിവാഹ വിവരം അധികൃതരെ അറിയിച്ചത്. എനിക്ക് പഠിക്കണം എന്ന് കുട്ടി കരഞ്ഞു പറഞ്ഞു. ചൈല്‍ഡ് ലൈന്‍ ഉടൻ വിവരം ബേപ്പൂര്‍ പൊലീസിന് കൈമാറി. തുടര്‍ന്ന് സബ് കളക്ടര്‍ ചെല്‍സാസിനിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി നടപടിയെടുത്തു.

പ്ലസ് വൺ വിദ്യാർത്ഥിയാണ് പെൺകുട്ടി. തൻ്റെ ആഗ്രഹത്തിന് വിരുദ്ധമായി വീട്ടുകാർ കല്യാണം നടത്താൻ തീരുമാനിച്ചതോടെയാണ് ചൈൽഡ് ലൈനെ ബന്ധപ്പെട്ടത്. തനിക്ക് പഠിക്കണം, നല്ലൊരു ജോലി നേടണം എന്നതാണ് ആഗ്രഹം. വിവാഹത്തിന് സമ്മതമല്ലെന്നും, സഹായിക്കണമെന്നും പെൺകുട്ടി അഭ്യർത്ഥിച്ചു. ഉടൻ തന്നെ ഉദ്യോഗസ്ഥർ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ചടങ്ങ് തടയുകയുമായിരുന്നു.

വെറും നിശ്ചയമെന്ന് രക്ഷിതാവ്, കൂട്ടു നിന്ന പുരോഹിതർ ചിത്രത്തിലില്ല

ജില്ലാ കലക്ടർ, സബ് കലക്ടർ, ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫീസർ, ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ബേപ്പൂർ പൊലീസ്, ജുവനൈൽ പൊലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്. പെണ്‍കുട്ടിയെ ബന്ധുക്കളോടൊപ്പം ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കി. ശിശുക്ഷേമ സമിതിയുടെ ചുമതലയില്‍ ഗേള്‍സ് ഹോമില്‍ പെണ്‍കുട്ടിക്ക് താല്‍ക്കാലിക താമസമൊരുക്കിയിട്ടുണ്ട്. ശൈശവ വിവാഹം നടത്തരുതെന്ന് കുട്ടിയുടെ പിതാവിന് മജിസ്‌ട്രേറ്റ് ബുധനാഴ്ച തന്നെ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിവാഹമല്ല, നിശ്ചയമാണ് നടത്തുന്നതെന്നാണ് കുടുംബം പറഞ്ഞത്.

ഇതിന് കൂട്ടുനിന്ന പുരോഹിതർക്കെതിരെ നടപടി ഉണ്ടായില്ല. പൌരോഹിത്യ സഹായം ഇല്ലാതെ ഇത്തരം നിയമ ലംഘനങ്ങൾ സമൂഹത്തിൽ സാധ്യമല്ല. ഇത് കേസിൽ പരിഗണിച്ചതായി വ്യക്തതയില്ല.

ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കലക്ടർ അറിയിച്ചു.

അഗ്നിപഥ് തൊഴിൽ അവസരം സൃഷ്ടിക്കൽ; എതിർക്കുന്നത് രാഷ്ട്രവിരുദ്ധർ – കെ സുരേന്ദ്രൻ

സൈന്യത്തെ കൂടുതല്‍ യുവത്വമാക്കാനുള്ള മോഡി സര്‍ക്കാരിൻ്റെ അഗ്‌നിപഥ് പദ്ധതിക്കെതിരേ കുപ്രചരണം നടത്തി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആരോപിച്ചു. ഇന്ത്യന്‍ സൈന്യം യുവത്വവല്‍ക്കരിപ്പെടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.

തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്യുന്ന യുവജനസംഘടനകള്‍ കേന്ദ്രസര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെതിരെ സമരം ചെയ്യുന്നത് വഞ്ചനയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പദ്ധതിയെ ട്രേഡ് യൂണിയന്‍ കണ്ണിലൂടെയാണ് കോണ്‍ഗ്രസും സിപിഎമ്മും കാണുന്നത്. എന്നാല്‍ രാജ്യത്തിനായി സന്നദ്ധ സേവനത്തിനിറങ്ങുന്ന യുവാക്കളെ വാര്‍ത്തെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത് എന്നും അവകാശപ്പെട്ടു. സൈന്യം എന്നത് സമര്‍പ്പിത മനോഭാവത്തോടെ രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവരാണെന്നും കൂലിതൊഴിലാളികള്‍ അല്ലെന്നും ഇടതുപക്ഷവും കോണ്‍ഗ്രസും മനസിലാക്കണമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ട്രെയിനും ബസും കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്ക് മുമ്പില്‍ മോഡി സര്‍ക്കാര്‍ മുട്ടുമടക്കുകയില്ല. രാജ്യസ്‌നേഹവും മികച്ച ശാരീരികക്ഷമതയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനുള്ള മോഡി സര്‍ക്കാരിന്റെ ലക്ഷ്യം തടയാനാണ് രാഷ്ട്രവിരുദ്ധര്‍ ശ്രമിക്കുന്നത്. ഇത് വിലപ്പോവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു

കഞ്ചാവ് വില്പന കേസിൽ അഭിഭാഷകൻ അറസ്റ്റിൽ

0

കഞ്ചാവ് വില്‍പ്പന കേസില്‍ പൊലീസ് അന്വേഷിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം അഡ്വ. ആശിഷ് പ്രതാപ് നായരാണ് അറസ്റ്റിലായത്.

രണ്ട് മാസം മുന്‍പ് തമ്പാനൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ കേസിലാണ് അറസ്റ്റ്. തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് വില്‍പനയ്ക്ക് സൂക്ഷിച്ചതെന്നാണ് അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ്റെ വീടാണ് ഇതെന്നും അന്ന് കണ്ടെത്തിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിൽ കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് പങ്കുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് എക്‌സൈസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവിലായിരുന്ന ആഷിഷ് വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

സൈനിക നിയമനം കരാർവൽക്കരിക്കാനുള്ള പദ്ധതിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാവുന്നു

സൈന്യത്തിലേക്ക് ഭടൻമാരെ നിയമിക്കുന്നത് കരാര്‍വത്കരിക്കുന്ന കേന്ദ്ര സര്‍ക്കാർ അഗ്നിപഥ് പദ്ധതിക്കെതിരായ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ജനങ്ങളുടെ ആശയവിനിമയ സൌകര്യം റദ്ദാക്കിക്കൊണ്ടാണ് സമരത്തെ സർക്കാർ നേരിടുന്നത്.

ബിഹാറിൽ 12 ജില്ലകളില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഞായറാഴ്ച വരെ വിച്ഛേദിച്ചു. 316 ട്രെയിനുകളാണ് രാജ്യവ്യാപകമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, തെലങ്കാന, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീയിട്ടു. രാജ്യത്തെ മുന്നൂറിലധികം തീവണ്ടി സര്‍വീസുകളെ ബാധിച്ചിട്ടുണ്ട് . പലയിടത്തും പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ബിഹാറില്‍ ശനിയാഴ്ച വിദ്യാര്‍ഥി സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തു.

റിക്രൂട്ട്‌മെന്റുമായി മുന്നോട്ട് പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പ്രതിഷേധം വ്യാപകമായത്. ഓരോ ദിവസവും പ്രതിഷേധം കൂടുതല്‍ കലുഷിതമാകുന്ന കാഴ്ചയാണ് ഉത്തരേന്ത്യയില്‍ ദൃശ്യമാകുന്നത്. തെലങ്കാനയിലും ട്രെയിനിന് തീയിട്ടതോടെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും വ്യാപിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണം കേന്ദ്രത്തിന്റെ നയമാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നു. പാര്‍ലമെന്റില്‍ പോലും ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായ തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന വിമര്‍ശനവും പ്രതിപക്ഷ കക്ഷികള്‍ ഉന്നയിക്കുന്നു.

പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി

പത്ത് സംസ്ഥാനങ്ങളില്‍ പ്രതിഷേധം തെരുവ് യുദ്ധമായി മാറി. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആവര്‍ത്തിച്ചു. സൈന്യത്തെ യുവത്വവത്കരിക്കുന്നതിന്റെ ഭാഗമാണെന്നാണ് സേനാ മേധാവികള്‍ അഭിപ്രായപ്പെടുന്നത്.

അഗ്നിപഥ് പദ്ധതി വഴി റിക്രൂട്ട്‌മെന്റ് നടത്താനൊരുങ്ങുകയാണ് വ്യോമസേന. ജൂണ്‍ 24നാണ് അഗ്നിപഥിന്റെ ഭാഗമായുള്ള ആദ്യ റിക്രൂട്ട്‌മെന്റ് നടക്കുക

ബിഹാറില്‍ ശനിയാഴ്ച നടക്കുന്ന ബന്ദിന് എന്‍ഡിഎ സഖ്യകക്ഷിയ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചി പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്തിനും രാജ്യതാത്പര്യത്തിനും ഒപ്പമാണെങ്കിലും യുവാക്കളുടെ വികാരം കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് മാഞ്ചി പറഞ്ഞു.

പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഹരിയാനയിലും ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ വിച്ഛേദിച്ചു. ഡല്‍ഹിയിലും പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.