“ഡോക്ടർ എന്നൊക്കെയുണ്ടാവും? ലീവില്ലാത്ത ദിവസങ്ങളിൽ ഒക്കെ”… കൊയിലാണ്ടിയിൽ രോഗിയോട് തർക്കുത്തരം പറഞ്ഞ ജീവനക്കാരിയെ പിരിച്ചു വിട്ടു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിവരം തിരക്കാന്‍ ഫോണില്‍ വിളിച്ച വ്യക്തിയോട് നിരുത്തരവാദപരമായി പെരുമാറിയ സംഭവത്തിൽ ജീവനക്കാരിയെ പിരിച്ചുവിട്ടു. കാൾ റെക്കോഡ് കേട്ട ആരോഗ്യ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ആശുപത്രി വികസന സമിതി യോഗം ചേര്‍ന്ന് ജീവനക്കാരിയെ പുറത്താക്കിയത്.

കഴിഞ്ഞ ദിവസമാണ് എല്ലിൻ്റെ ഡോക്ടറുണ്ടോ എന്ന് ചോദിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച സ്ത്രീയ്ക്ക് ദുരനുഭവം ഉണ്ടായത്.

എല്ലിൻ്റെ ഡോക്ടർ ഉണ്ടോ. എന്നൊക്കെയാണ് ഉണ്ടാവുക എന്ന ചോദ്യത്തിന് “ഡോക്ടര്‍ അവധി അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും” എന്നായിരുന്നു ആശുപത്രി ജീവനക്കാരി നല്‍കിയ മറുപടി. ഏത് ദിവസം ഉണ്ടാകും എന്ന് ചോദ്യം ആവര്‍ത്തിച്ചപ്പോളും ഇതേ മറുപടി നല്‍കി. പിന്നെ മറ്റൊരു നമ്പറിൽ കണക്ട് ചെയ്ത് വട്ടം കറക്കുകയും ചെയ്തു.

ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദ രേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആരോഗ്യമന്ത്രിയും വിവരം തിരക്കി. തുടർന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് ജീവനക്കാരിയെ പിരിച്ചുവിട്ടത്. ഇവർ താത്കാലിക ജീവനക്കാരിയാണ്.

ഡോക്ടറെ അന്വേഷിച്ച് വിളിച്ച സ്ത്രീ അതിന് മുമ്പ് രണ്ട് തവണ ഇതേ കാര്യം ചോദിച്ച് വിളിച്ചിരുന്നെന്നാണ് ജീവനക്കാരിയുടെ വിശദീകരണം.

ടോയ് സ്റ്റോറി പരമ്പരയിലെ ലൈറ്റ് ഇയറിന് ചുംബന വിലക്ക്

0

ടോയ് സ്‌റ്റോറി കഥാശാഖയുടെ ഭാഗമായി പുറത്തിറങ്ങിയ ലൈറ്റ് ഇയർ ഡിസ്‌നി ചിത്രം നിരോധിച്ച് രാജ്യങ്ങൾ. രണ്ട് സ്ത്രീകൾ തമ്മിൽ ചുംബിക്കുന്ന രംഗമാണ് വിലക്കിന് ഹേതു. ദക്ഷിണേഷ്യയിലെ ചില രാജ്യങ്ങളും ഗൾഫ് രാജ്യങ്ങളുമാണ് ചിത്രത്തിന് നിരോധനം പ്രഖ്യാപിച്ചു.

ഇന്തോനേഷ്യ, മലേഷ്യ, യു എ ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ് വിലക്ക്. സിംഗപ്പൂരിൽ പതിനാറ് വയസ് പൂർത്തിയായവർക്ക് മാത്രമേ ലൈറ്റ് ഇയർ കാണാൻ അനുവാദമുള്ളു. മലേഷ്യയിൽ നെറ്റ്ഫ്ലിക്സിൽ അനുമതിയുണ്ട്. പക്ഷെ തീയറ്ററിൽ ചില രംഗങ്ങൾ വെട്ടിമാറ്റിയാണ് പ്രദർശിപ്പിക്കുന്നത്.

‘വേറിട്ട ലൈംഗികത കാണിക്കുന്നത് നിയമങ്ങൾക്ക് എതിരാണ്’- എന്നാണ് ഇന്തോനേഷ്യ ലൈറ്റ് ഇയർ നിരോധനത്തെ കുറിച്ച് വിശദീകരിച്ചത്. യുഎഇയിൽ ചിത്രം മീഡിയ കണ്ടന്റ് സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വിലക്കിയിരിക്കുന്നത്.

ബസും മറ്റൊരു സ്‌പേസ് റേഞ്ചറായ അലീഷ ഹോതോണും തമ്മിലുള്ള സൗഹൃദത്തിന്റെ കഥ പറയുന്ന ചിത്രമാണ് ലൈറ്റ് ഇയർ. ചിത്രത്തിൽ അലീഷ മറ്റൊരു യുവതിയെ വിവാഹം കഴിക്കുന്നതും ഇരുവരും ചുംബിക്കുന്നതും കാണിക്കുന്നുണ്ട്. ഈ രംഗമാണ് നിയമ പ്രശ്നമാവുന്നത്.

ഗ്യാസ് കണക്ഷൻ ചാർജ്ജ് വർധിപ്പിച്ചു

രാജ്യത്ത് പുതിയ എല്‍പിജി കണക്ഷന് ചിലവേറും. 850 രൂപയാണ് എണ്ണക്കമ്പനികള്‍ പുതുതായി വര്‍ധിപ്പിച്ചത്.

സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയിട്ടാണ് വര്‍ധിപ്പിച്ച തുക ഈടാക്കുന്നതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

പുതിയ കണക്ഷനുള്ള ചിലവ് 1450 ല്‍ നിന്ന് 2200 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രഷര്‍ റെഗുലേറ്റന്റെ വില 150 നിന്ന് 250 ആക്കിയാണ് ഉയര്‍ത്തിയ പുതിയ നിരക്ക്. രണ്ടാം സിലിണ്ടര്‍ ആവശ്യമുള്ളവര്‍ വര്‍ധിപ്പിച്ച ഇതേ തുക രണ്ടാമതും നല്‍കണം.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് താക്കീത്

കൂളിമാട് പാലം നിർമ്മാണത്തിലിരിക്കെ അപകടത്തിലായ സംഭവത്തിൽ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിൻ്റെ തുടർച്ചയായാണ് നടപടി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും അസി.എന്‍ജിനീയര്‍ക്കെതിരെയും നടപടി എടുക്കാനും നിര്‍ദേശമുണ്ട്.

നിർമ്മാണത്തിൽ അപകടം സംഭവച്ചി നിർണ്ണായക സമയത്ത് എഞ്ചിനിയർമാർ കലാപരിപാടികളിൽ പങ്കെടുക്കുകയായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്.

നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങള്‍ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിര്‍ദേശിച്ചു. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു.

വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മടക്കിയത് കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളത് കൊണ്ടാണെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

മെയ് 16 നായിരുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.

സേനാ റിക്രൂട്ട്മെൻ്റിലെ കരാർവൽക്കരണം: പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്; ഒരാൾ മരിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. വെടിവെപ്പിൽ ഒരാൾ മരിച്ചു. ബിഹാറില്‍ മൂന്നാം ദിവസവും പ്രക്ഷോഭം തുടരുകയാണ്. ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് പ്രക്ഷോഭകര്‍ ആക്രമിച്ചു

പ്രക്ഷോഭം അക്രമാസക്തമായതിനെത്തുടര്‍ന്ന് തെലങ്കാനയിലെ സെക്കന്തരാബാദില്‍ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സെക്കന്തരാബാദ് റെയില്‍വെ സ്‌റ്റേഷനില്‍ പ്രക്ഷോഭകര്‍ അക്രമത്തിനും തീവെപ്പിനും ശ്രമിച്ചതോടെ പോലീസ് ആകാശത്തേക്ക് വെടിവച്ചു. വാറങ്കല്‍ സ്വദേശിയായ ദാമോദര്‍ ആണ് മരിച്ചത്.

റെയില്‍വെ പോലീസ് നടത്തിയ വെടിവെപ്പിനിടെയാണ് യുവാവ് മരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. റെയില്‍വെ ട്രാക്ക് ഉപരോധത്തെ തുടര്‍ന്ന് സെക്കന്തരാബാദില്‍ മൂന്ന് മണിക്കൂറോളം തീവണ്ടി ഗതാഗതം തടസപ്പെട്ടു. 350 ലേറെവരുന്ന പ്രതിഷേധക്കാരാണ് വെള്ളിയാഴ്ച രാവിലെ സെക്കന്തരാബാദ് റെയില്‍വെ സ്റ്റേഷനിലെത്തിയത്. ഇവരെ നിയന്ത്രിക്കാന്‍ ആവശ്യമായ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഈ സമയത്ത് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നില്ല

ബിഹാറില്‍ രണ്ട് ട്രെയിനുകള്‍ക്ക് തീയിട്ട പ്രതിഷേധക്കാര്‍ സ്റ്റേഷനുകളില്‍ കല്ലേറ് നടത്തുകയും റെയില്‍വേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലും ട്രെയിനുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

ബിഹാറിലെ സമസ്തിപുരില്‍ സമ്പര്‍ക്ക ക്രാന്തി എക്‌സ്പ്രസിന് പ്രതിഷേധക്കാര്‍ തീയിട്ടു. മൊഹിയുദ്ദീന്‍നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ ജമ്മുതാവി എക്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബെഗുസരായ് റെയില്‍വേ സ്റ്റേഷനില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധം ആരംഭിച്ചതോടെ ട്രെയിന്‍ സര്‍വീസുകള്‍ മുടങ്ങി. ബിഹിയയില്‍ രണ്ട് റെയില്‍വേ ജീവനക്കാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

തീവണ്ടികൾ റദ്ദാക്കി

200 -ലധികം തീവണ്ടി സര്‍വീസുകളെയാണ് വെള്ളിയാഴ്ച പ്രക്ഷോഭം ബാധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 35 തീവണ്ടി സര്‍വീസുകള്‍ പൂര്‍ണമായും 13 സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.

ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, രാജസ്ഥാന്‍, മധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്. യുവാക്കള്‍ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. ബിഹാറില്‍ ഇന്നലെയും മൂന്ന് തീവണ്ടിക്ക് തീയിട്ടിരുന്നു. വിവിധയിടങ്ങളില്‍ റോഡുകളും റെയില്‍പ്പാതകളും ഉപരോധിച്ചു. കല്ലേറുമുണ്ടായി. രാജസ്ഥാനിലെ അജ്‌മേര്‍-ഡല്‍ഹി ദേശീയപാത ഉദ്യോഗാര്‍ഥികള്‍ തടഞ്ഞിരുന്നു. ജോധ്പുരില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി.

പ്രതിഷേധം പ്രധാനമന്ത്രിക്ക് നേരെയും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് തൊട്ടുമുമ്പ് ഹിമാചല്‍പ്രദേശിലെ ഗഗ്ഗല്‍ വിമാനത്താവളത്തിനുമുന്നിലും യുവാക്കള്‍ പ്രതിഷേധിച്ചിരുന്നു.

മാധ്യമ ജ്യോതിഷികൾ അറിയാൻ ‘കഞ്ചാവ്’ ഒരു ജാതിപ്പേരാണ്

ജാതിക്കാട്ടിൽ താമസിക്കുന്ന പേനുകൾക്ക് വിനായകൻ വിരാജിക്കുന്ന സിനിമയുടെ ആകാശം കാണാനാവില്ല. അവരുടെ താരങ്ങളിൽ വിനായകനില്ല. അവതാരങ്ങളെ മാത്രം വാഴ്ത്തി ശീലിച്ച അവരുടെ പേന വിനായകന്റെ ഉടലിന് താരപ്രഭ എന്ന് തലക്കെട്ടിടില്ല. ഒറ്റ തലക്കെട്ടേ അവരയാൾക്ക് നൽകൂ, അത് കഞ്ചാവ് എന്നാണ്. കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്.
ലിജീഷ് കുമാർ
എഴുതുന്നു

യുങിനേയും, ആഡ്‌ലറിനേയും പോലെ സിഗ്മണ്ട് ഫ്രോയിഡിന് പ്രിയപ്പെട്ട പലരുമുണ്ടായിരുന്നു. അതിലൊരാൾ ഓസ്ട്രിയക്കാരനായ വിൽഹെം സ്റ്റീക്കലാണ്. സ്വന്തം സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച് പിൽക്കാലം ഫ്രോയിഡിൽ നിന്ന് ഇവരെല്ലാം അകന്നു പോയിട്ടുണ്ട്. ഇതിൽ സ്റ്റീക്കൽ അകന്ന കഥ രസമാണ്. സ്ഥലം ഫ്രോയിഡിന്റെ വീടാണ്. കുളിക്കാൻ വേണ്ടി ഫ്രോയിഡ് ബാത്ത്റൂമിലേക്ക് നടന്ന് പോകുമ്പോൾ വിൽഹെം സ്റ്റീക്കൽ സഹ താമസക്കാരിളിലൊരാളോട് ഉച്ചത്തിൽ പറഞ്ഞു, “ഭീമാകാരമാർന്നവന്റെ തോളിൽ ചവിട്ടി നിൽക്കുന്ന മുണ്ടന് ആ ഭീമൻ കാണുന്നതിനുമപ്പുറം കാണാൻ കഴിയും !!” കേൾപ്പിക്കാൻ തന്നെയാണ് പറഞ്ഞത്, ആഗ്രഹിച്ച പോലെ ഫ്രോയിഡ് കേട്ടു. ചിരിച്ചുകൊണ്ട് ഫ്രോയിഡ് പറഞ്ഞു, “അത് ശരിയാണ് സ്റ്റീക്കൽ. പക്ഷേ, ജ്യോതിശാസ്ത്രജ്ഞന്റെ തലയിലിരിക്കുന്ന പേനിന് ആ കാഴ്ച കിട്ടുകയില്ല !!”

ചില മനുഷ്യരെ കാണുമ്പോൾ എനിക്കീ തമാശ ഓർമ്മ വരും. ഇപ്പൊഴോർത്തത് വിനായക വിചാരണയിലഭിരമിക്കുന്ന പത്രക്കാരെ കണ്ടപ്പോഴാണ്. കേരളത്തിലെ പല പത്രസ്ഥാപനങ്ങളും വലിയ ചരിത്രമുള്ള സ്ഥാപനങ്ങളാണ്. ആ ചരിത്രം അവരെ ഭീമാകാരരാക്കുന്നുണ്ട്. അതിന്റെ തോളിൽ ചവിട്ടി നിൽക്കുമ്പോൾ അതിനപ്പുറത്തേക്ക് സംഭവിക്കുന്ന ഒരു വളർച്ചയുണ്ട്. ദൗർഭാഗ്യവശാൽ അതല്ല പലപ്പോഴും സംഭവിക്കാറുള്ളത്. അകത്ത് നിന്ന് ഇതുവരേയും പിൻവലിക്കാൻ കഴിയാത്ത കണ്ണുകൊണ്ട് എങ്ങനെയാണ് പുറത്തേക്ക് നോക്കാൻ കഴിയുക. താമസം ജ്യോതിശാസ്ത്രജ്ഞന്റെ തലക്കു മുകളിലാണെന്ന് പറഞ്ഞിട്ടെന്ത്, അവർ നക്ഷത്രം പോയിട്ട് ആകാശം പോലും നേരേ ചൊവ്വേ കണ്ടിട്ടില്ലാത്ത പേനുകളാണ് !!

“എന്താണ് മീ ടൂ, ശാരീരികവും മാനസികവുമായ പീഡനം. അല്ലേ ? ഇന്ത്യയുടെ നിയമത്തിൽ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്നിട്ട് എത്ര പേരെ നിങ്ങൾ ശിക്ഷിച്ചു ? അതൊരു വലിയ കുറ്റകൃത്യമാണ്, അതുവെച്ച് തമാശ കളിക്കരുത്.” എത്ര കൃത്യമായാണ് വിനായകൻ തന്റെ രാഷ്ട്രീയം പറഞ്ഞു വെക്കുന്നത്. എത്ര പേർ ശിക്ഷിക്കപ്പെട്ടു എന്ന ചോദ്യം പ്രസക്തമാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു രഞ്ജന്‍ ഗോഗോയ്, മീ ടൂ അയാളെ എന്തു ചെയ്തു ? കേന്ദ്ര വിദേശകാര്യ മന്ത്രിയായിരുന്ന എം.ജെ.അക്ബറിനെ എന്ത് ചെയ്തു ? താനനുഭവിച്ചതെല്ലാം ചിന്മയി ശ്രീപദ അക്കമിട്ട് നിരത്തിയിട്ടും വൈരമുത്തുവിനെ നാം എന്ത് ചെയ്തു ?

രണ്ടു ദിവസം മുമ്പാണ്, തിരുവനന്തപുരത്തെ എ.കെ.ജി ഹാളിൽ വെച്ച് കുമാരനാശാന്റെ 150 ആം ജന്മവാർഷികാഘോഷം നടക്കുന്നു. അനുസ്മരണ പ്രഭാഷണം കെ.ജയകുമാർ ആരംഭിക്കുന്നത് വൈരമുത്തുവിന്റെ മധുരം നുകർന്ന് കൊണ്ടാണ്. പറഞ്ഞത് എഴുത്തിനെ റദ്ദ് ചെയ്യണം എന്നല്ല. വൈരമുത്തു എന്ന ക്രിമിനൽ എഴുത്തിനാൽ വാഴ്ത്തപ്പെട്ട് കൊണ്ടേയിരിക്കും എന്നാണ്. ചിന്മയി പരസ്യമായ സ്ലട് ഷെയിമിംഗ് നേരിട്ടു എന്നതല്ലാതെ വൈരമുത്തു വിഷയത്തിൽ അന്നും ഒന്നും സംഭവിച്ചിരുന്നില്ല.

വിനായകൻ ചോദിക്കുന്നു, “ശാരീരികവും മാനസികവുമായ പീഡനം. അല്ലേ ? ഇന്ത്യയുടെ നിയമത്തിൽ വളരെ ഭീകരമായ കുറ്റകൃത്യമാണ്. എന്നിട്ട് എത്ര പേരെ നിങ്ങൾ ശിക്ഷിച്ചു ?” അനുരാഗ് കശ്യപിനെതിരെ, ചേതൻ ഭഗതിനെതിരെ, സിദ്ദിഖിനെതിരെ, വിജയ് ബാബുവിനെതിരെ, ഇതൊരു നീണ്ട പട്ടികയാണ്. ഇപ്പട്ടികയിൽ എത്രയെണ്ണത്തിലാണ് കേസ് ചാർജ് ചെയ്യപ്പെട്ടിട്ടുള്ളത്. എത്ര പേരാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്, എത്ര പേരാണ് ജയിലിൽ കിടന്നിട്ടുള്ളത്. ശാരീരികവും മാനസികവുമായ അക്രമത്തെ, ഒരു ക്രിമിനൽ കുറ്റത്തെ നമ്മൾ ദുർബലപ്പെടുത്തി തുടങ്ങിയിരിക്കുന്നു എന്ന ആരോപണത്തിൽ നാം കഴമ്പ് കാണാത്തത് അതുന്നയിക്കുന്നത് വിനായകനായത് കൊണ്ടല്ലേ ?

“അതൊരു ബുള്ളിയിങ് ടാക്ട്ടിക് ആയിരുന്നു, നാനാ പടേക്കര്‍ എന്നോട് മോശമായി പെരുമാറി.” തനുശ്രീ ദത്തയുടെ ശബ്ദം നിങ്ങൾക്കോർമ്മയുണ്ടോ ? നാനാ പടേക്കർ, ഉത്സവ് ചക്രവർത്തി, വികാസ് ബഹൽ, സൂസി ഗണേശൻ !! ഓർത്തിരിക്കുന്നതിനേക്കാൾ നാം മറന്ന് കളഞ്ഞ പേരുകളാണ് കൂടുതൽ. അര്‍ജുന്‍ സര്‍ജ മുതൽ അനീഷ് ജി മേനോന്‍ വരെയുള്ളവരുടെ നേരെയുള്ള പരാതികൾ നമുക്കൊരു കഥ മാത്രമാണ്, ലൈക്കുകളും കമന്റുകളും നിറഞ്ഞ് മാഞ്ഞു പോകുന്ന ഒരു ഹാഷ് ടാഗ് കുറിപ്പ് മാത്രമാണ്. ഇതിന്റെ നേരെന്താണ് എന്ന് നാമെങ്ങനെ അറിയും ? ആരാണ് കുറ്റവാളി എന്ന് നാമെങ്ങനെ മനസ്സിലാക്കും ? സ്ത്രീയുന്നയിക്കുന്ന പരാതികളിലെല്ലാം നമ്മുടെ പൊതുബോധം സ്ത്രീ പക്ഷത്തല്ല. ആണെങ്കിൽ കേരളം സമ്പൂർണ്ണമായും സരിതയുടെയും സ്വപ്നയുടേയും ഒക്കെ പക്ഷത്ത് നിന്ന ചരിത്രമാവണം നമുക്ക് മുമ്പിലുണ്ടാവേണ്ടത്. കുറ്റകൃത്യങ്ങളിൽ ആൺ പ്രാതിനിധ്യത്തോളം വരില്ലെങ്കിലും പെൺ പ്രാതിനിധ്യവുമുണ്ട്. ഇക്കേസുകളിലും അതുണ്ടാവും. ഇതിന് മാത്രം എല്ലാത്തിൽ നിന്നും മാറി നിൽക്കാനാവില്ല. അപ്പോൾ ആരാണ് കുറ്റവാളി എന്ന് കണ്ടുപിടിക്കപ്പെടേണ്ടേ ? അയാൾ ശിക്ഷക്കപ്പെടേണ്ടതില്ലേ ?

“ശാരീരികവും മാനസികവുമായ പീഡനത്തിന് മീ ടൂ എന്നാണ് പേരെങ്കിൽ, ഞാൻ അങ്ങനെ ഒരാളെയും പീഡിപ്പിച്ചിട്ടില്ല. വിനായകൻ അത്രയും തരംതാഴ്ന്നവനല്ല.” എന്ന് ആണയിട്ട് പറഞ്ഞിട്ടും, താൻ സംസാരിക്കണ്ട വിനായകാ എന്നലറി അയാളോട് മാത്രം നിങ്ങൾ കയർക്കുന്നത് എന്തുകൊണ്ടാണ് ? ഏതധികാര ബോധത്തിൽ നിന്നാണ്, മമ്മൂക്കയും ലാലേട്ടനും ദിലീപേട്ടനും വിളികൾ വിനായകാ എന്നതിലേക്ക് മാറുന്നത്. അതാണ് ജാതി. പേര് വിളിക്കപ്പെടുന്നത് അപമാനമല്ല. പക്ഷേ ഒരാളെ മാത്രം വിളിക്കുന്ന പേരുണ്ടല്ലോ, അതിൽ പ്രവർത്തിക്കുന്നത് നിങ്ങളുടെ ഉള്ളിലെ ജാതിയാണ്.

ഒരു കത്തേ ഞാൻ രഞ്ജിത്തിനെഴുതിയിട്ടുള്ളൂ. അതെഴുതിയത് ഇവിടെയാണ്, ഈ പ്ലാറ്റ് ഫോമിലാണ്. മേളപ്പന്തലിൽ ആളെക്കൂട്ടാൻ എഴുന്നള്ളിക്കേണ്ട അലങ്കാര വസ്തുവിന്റെ പേരല്ല ഭാവന എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഇപ്പോഴതോർമ്മിപ്പിച്ചത് വിനായകനാണ്. രഞ്ജിത്ത് ചലച്ചിത്ര മേളയുടെ ഉദ്ഘാടനപ്പന്തലിൽ ഭാവനയെ കൊണ്ടുപോയി നിർത്തിയ ഉടൻ, വിനായകൻ ഒരു ഫോട്ടോ പങ്കു വെച്ചു. ഭാവനയുടെ കേസിൽ ജയിൽ കിടക്കുന്ന ദിലീപിനെ രഞ്ജിത്ത് സന്ദർശിച്ച ചിത്രമായിരുന്നു അത്. “ഇവന്‍ ആരെ ഉദ്ദേശിച്ചാണ് ഇത് എറിഞ്ഞത് എന്ന് ആദ്യം മനസിലാക്കിയാല്‍ നന്നായിരുന്നു. ഇവന്‍ എന്നെ ഉദ്ദേശിച്ചാണെങ്കില്‍ വിനായകന്റെ ഏറ് രഞ്ജിത്തിന്റെ ദേഹത്ത് കൊള്ളില്ല. അതിന് വിനായകന് ഈ ജന്മം മതിയാകില്ല.” രഞ്ജിത്തിന്റെ മറുപടിയാണ്. എന്ത് മനോഹരമായ ഡയലോഗാണല്ലേ. ഇതാണ് ജാതി. ഇതിലുമുണ്ട് ഒരിവൻ ! ഈ ജന്മം കൊണ്ട് ഒന്നും ചെയ്യാനാവാത്തവൻ ! ഈ ജന്മം മതിയാവാത്തവൻ !!

“ഞാൻ റോഡിലൂടെ പോകുന്നവരെ നോട്ടീസ് വിതരണം ചെയ്ത് പ്രാപിക്കാൻ വിളിക്കില്ല. പരസ്പര സമ്മതമില്ലാത്ത ഒരൊറ്റ വേഴ്ചയും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. എനിക്കാഗ്രഹം തോന്നിയാൽ ഞാൻ നിന്നോടും അത് പറയും എന്ന് അന്നൊരു മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് മറുപടി പറഞ്ഞത് – കയറിപ്പിടിക്കില്ല, കയ്യേറ്റം ചെയ്യില്ല എന്നുദാഹരിക്കാനാണ്. ഉദാഹരണമായല്ല, സ്പെസിഫിക്കായി അവരോടുള്ളതായാണ് അവർക്ക് തോന്നിയതെങ്കിൽ ഞാൻ മാപ്പ് പറയുന്നു.” എന്ന് വിനായകൻ പറഞ്ഞിട്ടും കൂട്ടത്തിലൊരാൾക്ക് വേണ്ടി മാധ്യമ പ്രവർത്തകരിൽ നുരഞ്ഞ് പൊന്തിയ ആവേശമുണ്ടല്ലോ, ഗംഭീരമാണത്. മൂക്കറ്റം കള്ളുകുടിച്ച് തങ്ങളിലൊരുവന്റെ നെഞ്ചിലൂടെ കാറോടിച്ചു പോയവനോട് അവരത് കാണിച്ചിട്ടില്ല. പിൽക്കാലം അയാളലങ്കരിച്ച മുറികൾക്ക് മുമ്പിൽ, ‘താൻ ഇവിടെ ഇരിക്കണ്ട’ എന്ന് പറഞ്ഞ് പ്രതിഷേധവുമായി ഒരാളും പ്രത്യക്ഷപ്പെട്ടിട്ടില്ല. വല്ലാത്ത ഒരു തരം പാരസ്പര്യം അല്ലേ. ജാതി അതിന്റെ പേരുമാണ്.

ഈ ജാതിയാണ് നിങ്ങളുടെ യുക്തിയെ നിയന്ത്രിക്കുന്നത്. ജാതിക്കാട്ടിൽ താമസിക്കുന്ന പേനുകൾക്ക് വിനായകൻ വിരാജിക്കുന്ന സിനിമയുടെ ആകാശം കാണാനാവില്ല. അവരുടെ താരങ്ങളിൽ വിനായകനില്ല. അവതാരങ്ങളെ മാത്രം വാഴ്ത്തി ശീലിച്ച അവരുടെ പേന വിനായകന്റെ ഉടലിന് താരപ്രഭ എന്ന് തലക്കെട്ടിടില്ല. ഒറ്റ തലക്കെട്ടേ അവരയാൾക്ക് നൽകൂ, അത് കഞ്ചാവ് എന്നാണ്. കഞ്ചാവ് ഇവിടെയൊരു ജാതിപ്പേരാണ്.

പ്രതിഷേധം കനക്കുന്നു, അഗ്നിപഥ് സുവർണ്ണാവസരമോ വെറും ചതിയോ

തൊഴിൽ പരമായ വിശദാംശങ്ങൾ അറിയാം

അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ ന്യായീകരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. യുവാക്കൾക്ക് പ്രതിരോധ സംവിധാനത്തിൽ ചേരാനും, രാജ്യത്തെ സേവിക്കാനും ലഭിച്ച സുവർണ്ണാവസരമാണ് ഇതെന്ന്
അദ്ദേഹം അവകാശപ്പെട്ടു.

കഴിഞ്ഞ രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാതിരുന്നതിനാൽ യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല. റിക്രൂട്ട്‌മെന്റ് നടപടികൾ ഉടൻ ആരംഭിക്കും അദ്ദേഹം പറഞ്ഞു.

അഗ്നിപഥ് എന്ന കരാർവൽക്കരണം

സാധാരണ ഭടൻമാരെ തിരഞ്ഞടുത്താൽ 15 വർഷമാണ് സർവ്വീസ്. പെൻഷൻ ഉൾപ്പെടെ വിമുക്തഭട ആനുകൂല്യങ്ങൾ എല്ലാം ഉണ്ട്. അഗ്നിപഥ് രൂപത്തിൽ തത്കാല നിയമനമാണ്.

ആറ് മാസ പരിശീലനത്തിന് ശേഷം നാല് വര്‍ഷ നിയമനമാണ് നൽകുന്നത്. ഈ കാലയളവില്‍ 30,000 മുതല്‍ 40,000 വരെ മാത്രമാവും ശമ്പളം. ആദ്യ വർഷം മൊത്തം 4.76 ലക്ഷം രൂപ ലഭിക്കും. ഇത് നാലാം വർഷം എത്തുമ്പോൾ 6.92 ലക്ഷമാവും. അഗ്നിവീരർ എന്നാണ് നാലുവർഷ കരാറുകാർ അറിയപ്പെടുക. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ള ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരായിരിക്കും.

ശമ്പളത്തിൻ്റെ 30 ശതമാനം പിടിക്കും. ഇത് സർക്കാർ വിഹിതവും ചേർത്ത് 11.7 ലക്ഷം രൂപയായി നാലാം വർഷം പിരിയുമ്പോൾ മാത്രമാവും നൽകുക.

48 ലക്ഷം രൂപവരെയാണ് ഇൻഷൂറൻസ് കവറേജ്. മരണപ്പെട്ടാൽ ആശ്രിതർക്ക് ഇത് ഒരു കോടി രൂപവരെയായി ലഭിക്കും എന്ന വാഗ്ദാനമുണ്ട്.

സൈനികരുടെ ശരാശരി പ്രായം 33 ൽ നിന്ന് 26 കുറയ്ക്കാം എന്ന ലക്ഷ്യവും ഉയർത്തി കാണിക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ ഉദ്യോഗാർഥികൾ പ്രതിഷേധം കനപ്പിച്ചതോടെ റിക്രൂട്ട്മെൻ്റ് പ്രായം ആദ്യത്തെ ഒരു വർഷം 23 വരെയാക്കാം എന്ന വാഗ്ദാനം മുന്നോട്ട് വെച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ ഇത് രണ്ടു വർഷത്തെ നിയമന നിരോധന സമാനമായ സാഹചര്യത്തിന് ശേഷം വരുന്ന റിക്രൂട്ട്മെൻ്റാണ്.

സൈനിക ബജറ്റ് ചുരുക്കൽ ഉഗ്യോഗാർഥികളുടെ ചിലവിൽ

11 മുതല്‍ 12 ലക്ഷം രൂപ പാക്കേജിലായിരിക്കും നാല് വര്‍ഷത്തിന് ശേഷം ഇവരെ പിരിച്ച് വിടുക. പക്ഷെ ഇവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടാവില്ല പദ്ധതി വിജയിക്കുകയാണെങ്കില്‍ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ നിന്ന് 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധമന്ത്രാലയം കണക്കുകൂട്ടുന്നത്.

45,000 പേരെയാണ് നാല് വര്‍ഷ സേവനത്തിനായി ഉടന്‍ റിക്രൂട്ട് ചെയ്യുക. സൈനിക ജോലി അവസരങ്ങളും വെറും 25 ശതമാനമായി ചുരുങ്ങുമോ എന്ന ആശങ്കയും ഉദ്യോഗാർഥികൾക്കിടയിൽ ഉയരുന്നുണ്ട്. ഇത്രയും അവസരങ്ങൾ കുറയുകയാണ് ചെയ്യുന്നത് എന്നാണ് പ്രതിഷേധകർ ചൂണ്ടി കാട്ടുന്നത്.

25 ശതമാനം പേരെ പ്രകടന മികവിനും ശേഷിക്കും അനുസരിച്ച് സർവ്വീസിൽ തുടരാൻ വിടും എന്നതിലും ഉദ്യോഗാർഥികൾ അവ്യക്തത കാണുന്നു. ഈ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡം എന്തായിരിക്കും എന്നത് കൃത്യമല്ല. സേനയുടെ സമ്പൂർണ്ണ രാഷ്ട്രീയ വൽക്കരണം വരെ സംശയിക്കുന്നതായി ആരോപണവുമായി എത്തുന്നവർ വരെയുണ്ട്.

ലക്ഷ്യം നിയമന ബാധ്യകൾ ചുരുക്കൽ

1.2 ലക്ഷം കോടി രൂപ സൈനിക പെൻഷൻ ഇനത്തിൽ ചിലവഴിക്കുന്നുണ്ട്. ഇത് പ്രതിരോധ ബജറ്റിൻ്റെ 25 ശതമാനത്തോളം വരും. ഇത് ഒഴിവാക്കുക എന്ന ആലോചനയുടെ ഭാഗമാണ് പരിഷ്കാരങ്ങൾ. 17 വർഷം സർവ്വീസ് ഉള്ള ഒരു ഭടന് പകരം പുതിയ ഹൃസ്വ സർവ്വീസ് വരുന്നതോടെ ഒരു വ്യക്തിക്ക് 11.5 കോടി രൂപ സർക്കാരിന് ചിലവിനത്തിൽ ലാഭിക്കാം എന്നാണ് കണക്കാക്കുന്നത്.

2022 -23 വർഷത്തെ പ്രതിരോധ ബജറ്റ് 5,25 166 കോടി രൂപയാണ്. ഇതിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളുമായി 1,19,696 രൂപ ചിലവ് വരും. റവന്യു എക്സ്പൻഡിച്ചർ 2,33000 കോടിയാണ്.

പ്രായം

അഗ്നിപഥിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരുടെ പ്രായം നിശ്ചയിച്ചത് തന്നെ വലിയൊരു ചതിയായി. പ്രതിഷേധം കനക്കാൻ ഇത് ഇടയാക്കി. പതിനേഴര വയസിനും 21 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം. പ്ലസ് ടു കഴിഞ്ഞിറങ്ങുന്ന സമയം. 21 ആണെങ്കില്‍ ഡിഗ്രി കഴിഞ്ഞിറങ്ങുന്ന കാലം. സ്വാഭാവികമായും ഏതെങ്കിലുമൊരു കരിയര്‍ തിരഞ്ഞെടുക്കപ്പെടേണ്ട, സ്‌പെഷലൈസ്ഡ് കോഴ്‌സുകള്‍ പഠിക്കേണ്ട കാലം സൈന്യത്തില്‍ ചേരുകയും നാല് വര്‍ഷത്തിന് ശേഷം തിരികെയെത്തുമ്പോള്‍ ഏറ്റവും ക്രിയാത്മകമായിരിക്കേണ്ട പഠനകാലമാണ് ഇല്ലാതാവുന്നത്.

പരിശീലനകാലം

ആറുമാസമാണ് ഈ സൈനികര്‍ക്കുള്ള പരിശീലനകാലം. ഇക്കാലയളവിനുള്ളില്‍ ഇവര്‍ സേനാപാടവം ആര്‍ജിക്കുമോ എന്നതാണ് മറ്റൊരു പ്രധാനവിമര്‍ശനം. അങ്ങനെയെങ്കില്‍ രണ്ടും മൂന്നും വര്‍ഷം മറ്റ് സൈനികര്‍ക്ക് പരിശീലനം നല്‍കുന്നുവെന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

അവസരങ്ങള്‍ കുറയും

ഇന്ത്യയിലെ വലിയൊരു വിഭാഗം യുവത സൈന്യത്തില്‍ മികച്ച ജോലി സ്വപ്‌നം കാണുന്നവരാണ്. സായുധ സേനകളിലേക്ക് അഗ്‌നിവീരന്മാരെ കൂടുതലായി റിക്രൂട്ട് ചെയ്യുമ്പോള്‍ മറ്റ് പോസ്റ്റുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് കുറയും.

അഗ്നിവീര്‍ ആര്‍മി

സൈനികസേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീരന്മാര്‍ ആയോധന പരിശീലനമടക്കം കഴിഞ്ഞവരാണ്. ഇത് ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. മാത്രമല്ല, മറ്റ് ജോലികള്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ചോ സാമൂഹിക അരക്ഷിതാവസ്ഥ കൊണ്ടോ നാളെ ഇവരെല്ലാം ചേര്‍ന്ന് ഒരു സമാന്തര സായുധസേന വരെ ഉണ്ടാക്കിയേക്കാമെന്നും വിമര്‍ശകര്‍ പറയുന്നു.

ആത്മാര്‍ഥത

ഷോര്‍ട്ട് ടേം ആര്‍മി റിക്രൂട്ട്‌മെന്റ് സേനയോടുള്ള സൈനികന്റെ ആത്മാര്‍ഥത ഇല്ലാതാക്കുമെന്നാണ് മറ്റൊരു വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി സൈന്യത്തിലെ തന്നെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ അന്നേ പദ്ധതിക്ക് എതിര്‍പ്പറിയിച്ചിരുന്നു. രാജ്യസുരക്ഷയെ ഇത് ബാധിക്കുമെന്നും ഇവര്‍ ആശങ്കപ്പെടുന്നു.

സംഘപരിവാര്‍ അജണ്ട

മുന്‍ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്താണ് ഇത്തരമൊരു ഹ്രസ്വകാല റിക്രൂട്ട്‌മെന്റ് പദ്ധതി ആദ്യമായി അവതരിപ്പിക്കുന്നത്. അവതരിപ്പിച്ചത് ബിപിന്‍ റാവത്ത് ആയതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു. വര്‍ഷാവര്‍ഷം സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന അഗ്നിവീരന്മാര്‍ നാളെ സംഘപരിവാര്‍ പ്രവര്‍ത്തകരായി പരിണമിക്കും. പരിശീലനം തന്നെ ഇതിനാവും. സംഘടനയില്‍ ആളെക്കൂട്ടാനാണ് റിക്രൂട്ട്‌മെന്റെന്നും ആശങ്ക ഉയർത്തപ്പെട്ടു.

തൊഴിൽ അന്വേഷകർ കടുത്ത ഭീതിയിൽ

അ​ഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടർന്ന് ബിഹാറിൽ പാസഞ്ചർ ട്രെയിനിന് ഉദ്യോ​ഗാർത്ഥികൾ തീയിട്ടു. രണ്ട് ബോ​ഗികൾ പൂർണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജമ്മുത്താവി- ​ഗുഹാവത്തി എക്സ്പ്രസിനാണ് പ്രതിഷേധക്കാർ തീയിട്ടത്. ഇതിനുപുറമേ ആര റെയിൽവേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്. ലഖിസറായ് സ്റ്റേഷനിൽ വിക്രംശീല എക്സ്പ്രസും സമരക്കാർ കത്തിച്ചു. ഉത്തർ പ്രദേശിലെ ബലിയയിൽ നിർത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ ഇന്റൻനെറ്റ്, എസ്.എം.എസ് സംവിധാനങ്ങൾ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

എഴ് സംസ്ഥാനങ്ങളിൽ ഉദ്യോ​ഗാർ‌ത്ഥികൾ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയ്നിന് തീവെച്ചിരുന്നു. പാസഞ്ചർ തീവണ്ടികൾ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോ​ഗാർത്ഥികൾ. അ​ഗ്നിശമന വിഭാ​ഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കാവ്യ മാധവനെ ക്രൈം ബ്രാഞ്ച് വീണ്ടും വിളിപ്പിക്കുന്നു

നടിയെ അക്രമിച്ച കേസിൽ കാവ്യ മാധവന്റെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമ മേഖല കേന്ദ്രീകരിച്ച് 3 പേരിലേക്കും അന്വേഷണം എത്തിയിട്ടുണ്ട്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ സുഹൃത്തിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ചു. സുരാജിന്റെ ബിസിനസ് സംബന്ധിച്ചായിരുന്നു മൊഴിയെടുപ്പ്.

കാവ്യയ്ക് ഉദ്യോഗസ്ഥർ നിർദേശിക്കുന്ന സ്ഥലത്ത് ഹാജരാകുന്ന വിധം പുതിയ നോട്ടീസ് നൽകാനാണ് തീരുമാനം.

അവസാന ഘട്ടത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ മൊഴി രേഖപ്പെടുത്തുന്നത്. വധഗൂഢാലോചനാ കേസിൽ അന്വേഷണം പൂർത്തീയായെന്ന സൂചനകളും ഇതിനോടകം ലഭിക്കുന്നുണ്ട്. കേസിൽ ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിന്റെ സുഹൃത്തിന്റെ മൊഴി ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

തിരുവനന്തപുരം സ്വദേശിയായ സുഹൃത്തിൽ നിന്ന് സുരാജിന്റെ ബിസിനസ് ബന്ധങ്ങൾ സംബന്ധിച്ച വിവരങ്ങൾ തേടി.വിദേശത്ത് സുരാജിനുള്ള ബന്ധങ്ങളെ കുറിച്ചും സുഹൃത്തിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടിയിരുന്നു. അതേ സമയം ദേ പുട്ടിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ദിലീപ് ദുബായിലേക്ക് പോകും. കോടതി അനുമതിയോടെയാണ് യാത്ര.

പ്ലസ് വൺ ഏകജാലക അപേക്ഷാ സമർപ്പണം ജൂലൈ ഒന്ന് മുതൽ

പ്ലസ് വൺ അപേക്ഷ സമർപ്പണം ജൂലൈ ഒന്ന് മുതൽ ആരംഭിക്കാൻ ധാരണ. ഇതനുസരിച്ചാവും ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുക.

പ്രവേശന പ്രോസ്പെക്ടസ് അംഗീകാരത്തിനായി ഹയർ സെക്കൻഡറി വിഭാഗം സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. അടുത്തയാഴ്ച തന്നെ അപേക്ഷാ സമർപ്പണം തുടങ്ങാം എന്ന രീതിയിലാണ് റിസൾട്ട് പ്രസിധീകരണ വേളയിൽ മന്ത്രി പറഞ്ഞത്.

സർക്കാർ ഉത്തരവിറങ്ങിയ ശേഷമായിരിക്കും നടപടികൾ ആരംഭിക്കുക. അടുത്തയാഴ്ച തന്നെ അപേക്ഷാ സമർപ്പണം തുടങ്ങുന്നതിൽ പ്രായോഗിക തടസ്സങ്ങളുണ്ട്. ഇത് എങ്ങിനെ മറികടക്കും എന്ന ആശയക്കുഴപ്പം ഉണ്ട്.

 സ്കൂളുകളിൽ നിലവിൽ പ്ലസ് വൺ പരീക്ഷ നടക്കുകയാണ്. ഇതിന് പുറമെ സി.ബി.എസ്.ഇ, ഐ.സി.എ സ്.ഇ പത്താംക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിക്കുന്നത് കൂടി പരിഗണിക്കേണ്ടതുണ്ട്.

പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ആരംഭിക്കുമ്പോൾ സ്കൂളുകളിൽ Help Desk തുറക്കണം. ജൂൺ 30ന് പ്ലസ് വൺ പരീക്ഷ പൂർത്തിയായ ശേഷമേ ഇത് സാധിക്കൂ എന്നാണ് വകുപ്പിൻ്റെ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന രീതിയിൽ പ്രവേശന വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ധാരണയായത്.

നത്തിങ് വൺ ഫോൺ വരുന്നു; ഇനി എല്ലാം സുതാര്യം

0

യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങിന്റെ ആദ്യ സ്മാര്‍ട്ഫോണായ ‘നത്തിങ് ഫോണ്‍ 1’ ജൂലായ് 12 ന് വിപണിയിൽ എത്തും. വണ്‍ പ്ലസിന്റെ സഹസ്ഥാപകനായ കാള്‍ പേയ് ആണ് നത്തിങിന്റെ സ്ഥാപകന്‍.

കമ്പനി ആദ്യം പുറത്തിറക്കിയത് ഒരു ഇയര്‍ ബഡ് ആണ്. അകത്തുള്ള ഭാഗങ്ങള്‍ പുറത്തുകാണും വിധമുള്ള സുതാര്യമായ രൂപകല്‍പനയിലാണ് ഇയര്‍ബഡ്‌സ് പുറത്തിറക്കിയത്. ഇതിന് സമാനമായി സുതാര്യമായ ബാക്ക് പാനലോടുകൂടിയ ഡിസൈനോടെയാവും നത്തിങ് ഫോണ്‍ (1) എത്തുക.

എന്തിനാണീ വെളിച്ചപ്പൊട്ടുകൾ

സാധാരണ കാഴ്ചയിലെ ഫോൺ അല്ല. സുതാര്യമായ ഫോണിൽ കുറേ ലൈറ്റുകൾ മിന്നിമറയുന്നുണ്ട്. ഇതിൽ നോട്ടിഫിക്കേഷൻ ലൈറ്റുകൾ പ്രത്യേകമായിരിക്കും. ഓരോന്നും പ്രത്യേകം തിരിച്ചറിയാൻ അവതാറുകൾ ഉപയോഗപ്പെടുത്താം.

ഇന്ത്യയില്‍ വില്‍ക്കുന്ന നത്തിങ് ഫോണ്‍ (1) തദ്ദേശീയമായി തന്നെയാണ് നിര്‍മിക്കുകയെന്ന് കമ്പനി വൈസ് ചെയർമാൻ മനു ശര്‍മ പറഞ്ഞു. തമിഴ് നാട്ടിലെ പ്ലാന്റിലാവും നിര്‍മാണം.

ജൂലായ് 12 ന് പുറത്തിറക്കുന്ന ഫോണ്‍ അന്ന് തന്നെ 2000 രൂപ നല്‍കി മുന്‍കൂര്‍ ബുക്ക് ചെയ്യാനാവും. വ്യത്യസ്ത സ്റ്റോറേജ് പതിപ്പുകളോടെയാണ് ഫോണ്‍ എത്തുക.

6.55 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഒഎല്‍ഇഡി പാനലില്‍ 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2400 x 1080 പിക്‌സല്‍ റസലൂഷനുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 1 പ്രൊസസറില്‍ എട്ട് ജിബി റാം ഫോണിനുണ്ടാവും. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയ നത്തിങ് ഓഎസ് ആയിരിക്കും ഇതില്‍.

50 എംപി പ്രൈമറി ക്യാമറയും വേറെ രണ്ട് സെന്‍സറും ഉള്‍ക്കൊള്ളുന്ന ട്രിപ്പിള്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയും ആയിരിക്കും ഫോണിനെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.