ഒമിക്രോൺ വകഭേദം പടരുന്നു, രണ്ടാം ദിവസവും 3000 കടന്നു

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 3488 പേർക്ക് രോഗം കണ്ടെത്തി.

എറണാകുളം ജില്ലയിലാണ് രോഗികളുടെ എണ്ണം കൂടുതൽ. ആയിരം കടന്നു (1072).

ഏഴ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18,345 പേർ ചികിത്സയിലുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 16.32 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 14.15 ആണ്.

രോഗികൾ: തിരുവനന്തപുരം-604, കൊല്ലം-199, പത്തനംതിട്ട-215, ഇടുക്കി-67, കോട്ടയം-381, ആലപ്പുഴ-173, തൃശ്ശൂർ-166, പാലക്കാട്-68, മലപ്പുറം-75, കോഴിക്കോട്-296, വയനാട്-36, കണ്ണൂർ-43, കാസർകോട്-24.

മന്ത്രി യോഗം വിളിച്ചു

മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗം സംസ്ഥാനത്തെ രോഗസാഹചര്യം വിലയിരുത്തി.

എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് രോഗികൾ കൂടുതൽ. ഒമിക്രോണിന്റെ വകഭേദമാണ് പടരുന്നത്. ഇതിന് രോഗതീവ്രത കുറവാണെങ്കിലും പെട്ടന്ന് പകരാൻ സാധ്യതയുണ്ട്. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം.

ഷൂട്ടിങ് താരത്തെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ചീഫ് ജസ്റ്റീസിൻ്റെ മകൾ അറസ്റ്റിൽ

ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ധു വെടിയേറ്റ് മരിച്ച കേസിലെ പ്രതിയെ സിബിഐ അറസ്റ്റ് ചെയ്തു. ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് സബിനയുടെ മകളായ കല്ല്യാണി സിങ്ങിനെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.

കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് കേസിലെ ആദ്യ അറസ്റ്റ് നടക്കുന്നത്. എന്നാല്‍ സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയത് മറ്റൊരാളാണെന്നാണ് കണ്ടെത്തൽ. കൊലയാളിയെ സഹായിച്ചത് കല്യാണി സിംഗ് ആണെന്നാണ് സൂചന.

2015 സെപ്തംബര്‍ 20നാണ് കോര്‍പ്പറേറ്റ് അഭിഭാഷകനും ദേശീയ ഷൂട്ടിങ്ങ് താരവുമായ സുഖ്മാന്‍ സിങ്ങ് സിപ്പി സിദ്ധുവിന്റെ മൃതദേഹം വെടിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ ഛണ്ഡീഗഢിലെ പാര്‍ക്കില്‍ കണ്ടെത്തിയത്. 2001ലെ ദേശീയ ഗെയിംസില്‍ അഭിനവ് ബിന്ദ്രയോടൊപ്പം പഞ്ചാബിന് സ്വര്‍ണം നേടിക്കെടുത്ത താരമാണ് സിദ്ധു. പഞ്ചാബ്-ഹരിയാണ ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്എസ് സിദ്ധുവിന്റെ ചെറുമകന്‍ കൂടിയാണ് കൊല്ലപ്പെട്ട സിപ്പി സിദ്ധു.

2016ലാണ് കേസന്വേഷണം സിബിഐക്ക് കൈമാറിയത്. കൊലപാതകിക്കൊപ്പം ഒരു സ്ത്രീ കൂടിയുണ്ടെന്ന സൂചന കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ലഭിച്ചിരുന്നു. കൊലപാതകത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സിബിഐ പ്രഖ്യാപിച്ചെങ്കിലും 2020 വരെ പ്രതിയെക്കുറിച്ചോ കൂട്ടാളിയായ സ്ത്രീയെ കുറിച്ചോ ഉള്ള സൂചനകളൊന്നും സിബിഐക്ക് ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തുടരന്വേഷണത്തിന് കൂടുതല്‍ സമയവും സിബിഐ തേടിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കല്ല്യാണി സിങ്ങിന്റെ പങ്ക് സിബിഐ കണ്ടെത്തിയത്.

കല്ല്യാണിയെ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. കല്ല്യാണി സിങ്ങിനെ അടുത്ത നാല് ദിവസം സിബിഐ ചോദ്യം ചെയ്യും. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ചോദ്യം ചെയ്യലില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍.

ഹയർ സെക്കൻ്ററിയിൽ 4,67000 സീറ്റുകൾ, പ്രവേശന നടപടികൾ ഉടൻ

പ്ലസ് വൺ പ്രവേശന നടപടികൾ ഒരാഴ്ച്ചയ്ക്ക് ഉള്ളിൽ ആരംഭിക്കും. എസ്എസ്എൽസിക്ക് ഉന്നതപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർഥികൾക്കും തുടർപഠനത്തിന് അവസരം ഉറപ്പാക്കുമെന്നും പൊതു വിദ്യാഭാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

4,26,469 പേർ പരീക്ഷ എഴുതിയതിൽ 4,23,303 പേർ ഉന്നത വിദ്യാഭ്യാസത്തിനു യോഗ്യത നേടിയിട്ടുണ്ട്. 44,363 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കഴിഞ്ഞ തവണ ഇത് 1,25,509 ആയിരുന്നു.

പ്ലസ് വൺ ബാച്ചുകളുടെ ക്രമീകരണം

4.26 ലക്ഷം വിദ്യാര്‍ത്ഥികൾ അപേക്ഷിച്ചതിൽ പൊതു വിഭാഗത്തില്‍ 4,26,999 വിദ്യാര്‍ത്ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ത്ഥികളുമാണ്. ഇവർക്ക് സർക്കാർ വിദ്യാലയങ്ങളിലും ഇതര സ്ഥാപനങ്ങളിലുമായി അധിക സീറ്റുകൾ ഉണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. എന്നാൽ സീറ്റുകളുടെ എണ്ണം കേരളത്തിലെ പല ഭാഗത്തും ഏറ്റകുറച്ചിലോടെ മാറിയിട്ടാണ് ഉള്ളത്. ഇത് പരിഹരിക്കുക ഇത്തവണയും വെല്ലുവിളിയാവും.

മലയാളം മീഡിയത്തില്‍ 1,91,787 വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് മീഡിയിത്തില്‍ 2,31,604 വിദ്യാര്‍ത്ഥികളും തമിഴ് മീഡിയത്തില്‍ 2151 വിദ്യാര്‍ത്ഥികളും കന്നഡ മീഡിയത്തില്‍ 1,457 വിദ്യാര്‍ത്ഥികളും പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ 2,18,902 ആണ്‍കുട്ടികളും 2,08,097 പെണ്‍കുട്ടികളുമാണ്.

കൂടുതൽ സീറ്റുകൾ ആവശ്യമായാൽ പരിഗണിക്കും

സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർഥികൾക്കും പൊതുവിദ്യാലയങ്ങളിൽ തുടർപഠനത്തിന് അവസരമൊരുക്കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ഹയർസെക്കൻഡറിയിൽ 3,61,000 സീറ്റുകളുണ്ട്. വിഎച്ച്എസ്ഇ-33000,ഐടിഐ 64000 പോളിടെക്നിക്ക് 9000 എ ന്നിങ്ങനെ ആകെ 4, 67,000 സീറ്റുകളുണ്ട്. കൂടുതൽ സീറ്റുകൾ ആവശ്യമെന്നു കണ്ടാൽ പ്രവേശനഘട്ടത്തിൽ പരിശോധിക്കും. സ്കൂൾ കലോത്സവങ്ങളും കായികമേളയും ഈ വർഷം നടത്തും ഇതിന്റെ തീയതികൾ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

സ്വപ്നയുടെ ലിസ്റ്റിൽ മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും, കെ ടി ജലീലും

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന നല്‍കിയ സത്യവാങ്മൂലത്തില്‍ മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെയും കെ ടി ജലീലിന് എതിരെയും ആരോപണം. ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്ന് ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. താന്‍ ഇടപെട്ട് ഇതിനുള്ള അവസരമൊരുക്കിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഷാര്‍ജയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാനായിരുന്നു പദ്ധതിയെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്.

മിഡില്‍ ഈസ്റ്റ് കോളേജിന് ഭൂമി ലഭ്യമാക്കുന്നതിനായി ഷാര്‍ജ ഭരണാധികാരിയുമായി ബന്ധപ്പെടുന്നതിന് കോണ്‍സുല്‍ ജനറലിന് കൈക്കൂലി നല്‍കിയെന്നും സ്വപ്‌ന സുരേഷ് ആരോപണം ഉന്നയിക്കുന്നു. കൈക്കൂലി അടങ്ങിയ ബാഗ് നല്‍കിയെന്നും അത് സരിത്താണ് ഏറ്റുവാങ്ങിയതെന്നും അത് പിന്നീട് കസ്റ്റംസ് പിടിച്ചെടുത്തുവെന്നുമുള്ള ആരോപണമാണ് ശീരാമകൃഷ്ണനെതിരേ സ്വപ്‌ന സുരേഷ് അവതരിപ്പിച്ചിരിക്കുന്നത്

കസ്റ്റംസ് കൈ ഒഴിഞ്ഞ കേസ്

നേരത്തെ ഈ കേസ് കസ്റ്റംസ് അന്വേഷിച്ചിരുന്നു. കോളേജിന്റെ ഉടമകളെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ശ്രീരാമകൃഷ്ണനില്‍നിന്ന് മൊഴിയെടുക്കുകയും ചെയ്തിരുന്നു. ബാഗ് കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പക്ഷേ, ഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കോഴ നല്‍കിയെന്ന കണ്ടത്തലിലേക്ക് കസ്റ്റംസ് പോയിരുന്നില്ല. കുറ്റപത്രം കോടതിയില്‍ നല്‍കിയപ്പോള്‍ ശ്രീരാമകൃഷ്ണന്റെ പങ്കും കസ്റ്റംസ് കണ്ടെത്തിയിരുന്നില്ല.

ഇതിനിടെ, മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സ്വപ്‌ന നല്‍കിയ മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രഹസ്യമൊഴിയുടേയും സത്യവാങ്മൂലത്തിന്റേയും പകര്‍പ്പ് വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് എറണാകുളം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി.

കെ ടി ജലീലിനെതിരെയും പഴയ ആരോപണം

കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.

സംസ്ഥാനത്ത് 17ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന്‌ വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ്‌ സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.

ഇതിനെക്കുറിച്ച് നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.

എന്നാൽ മറ്റു അന്വേഷണ ഏജൻസികൾക്ക് സ്വപ്നയുടെ രഹസ്യമൊഴി കിട്ടിയിരുന്നില്ല, അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയോ എൻഐയോ കേസിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം അന്ന് സ്വപ്ന എന്തുകൊണ്ട് അന്വേഷണ ഏജൻസികളോട് ഇക്കാര്യം പറഞ്ഞില്ല എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

SSLC റീവാല്യേഷൻ അപേക്ഷ നാളെ മുതൽ, പ്ലസ് വൺ പ്രവേശന മാർഗരേഖ അടുത്തയാഴ്ച

എസ് എസ് എൽ സി പരീക്ഷാ പേപ്പറുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് ഉള്ള അപേക്ഷ ജൂണ്‍ 16 മുതല്‍ 22 വരെ ഓണ്‍ലൈനായി നല്‍കാം. പ്ലസ് വണ്ണിനുള്ള മാര്‍ഗരേഖയും പ്രോസ്‌പെക്ടസും ഒരാഴ്ചക്കകം പുറത്തിറക്കും.

ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അതിന് വേണ്ട സൗകര്യം ഒരുക്കുമെന്നും സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു

സേ പരീക്ഷ ജൂലൈയില്‍ നടത്തും. ഇതിന്റെ വിജ്ഞാപനം ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി.

പുനർ മൂല്യ നിർണ്ണയം

പുനർ മൂല്യനിർണ്ണയം, ഫോട്ടോ കോപ്പി, സ്ക്രൂട്ടിനി എന്നിവയ്ക്ക് നാളെ മുതൽ ജൂൺ 21 വരെ അപേക്ഷിക്കാം. http://https //results. kite.kerala.gov.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം

അപേക്ഷാ ഫീസും അപേക്ഷയുടെ പ്രിൻ്റ് ഔട്ടും വിദ്യാർഥി പഠിച്ച സ്കൂളിലെ പ്രധാന അധ്യാപകന് 21 ന് മുന്പായി നേരിട്ട് സമർപ്പിക്കണം.

ഫീസ്

റിവാലുവേഷൻ 400

ഫോട്ടോ കോപ്പി 200

സ്ക്രൂട്ടിനി 50

റിവാലുവേഷനിൽ മാർക്ക് വ്യത്യാസം വന്നാൽ തുക തിരികെ ലഭിക്കും. അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ പ്രധാന അധ്യാപകനിൽ നിന്നും രശീതി വാങ്ങിക്കണം

വിജയ ശതമാനത്തിൽ കണ്ണൂർ; ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറത്ത്

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 98.07%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാല(99.94%) വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍ (97.98%).

ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024). മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കൂട് ആണ് കൂടുതല്‍ കൂട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍. 2104 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതിയത്. ഏറ്റവും കുറവ് കുട്ടികള്‍ പരീക്ഷ എഴുതിയ സെന്റര്‍-എച്ച്.എം.എച്ച്. എസ്.എസ് രണ്ടാര്‍ക്കര എറണാകുളം ( ഒരു കുട്ടി).

ഫോക്കസ് ഏരിയയില്‍ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രാക്ടിക്കല്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്. ഇതിന് സഹായകമായ അധ്യാപകരുടെയും, പരീക്ഷാഭവന്‍ ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല

എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചു. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി

സെക്രട്ടേറിയേറ്റിലെ പി.ആര്‍ ചേംബറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വിദ്യഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.

എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,26,469 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,23,303 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 99.26ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. 99.47 ശതമാനമായിരുന്നു കഴിഞ്ഞ തവണ.

44,363 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. കഴിഞ്ഞ വര്‍ഷം 1,25,509 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്.

കോവിഡ് കാരണം കലാ-കായിക മത്സരങ്ങള്‍ നടക്കാത്ത സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല

ഫോക്കസ് ഏരിയയില്‍ നിന്ന് 70%-വും ഫോക്കസ് ഏരിയക്ക് പുറത്ത് നിന്ന് 30% വുമായിരുന്നു ചോദ്യങ്ങള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പ്രാക്ടിക്കല്‍ പരീക്ഷ ഉൾപ്പെടെ പൂര്‍ത്തിയാക്കി ഒന്നരമാസത്തിനകമാണ് ഫലം പ്രഖ്യാപിച്ചത്.

അധ്യാപകരുടെയും, പരീക്ഷാഭവന്‍ ജീവനക്കാരുടെയും മറ്റുള്ളവരുടെയും കൂട്ടായ പരിശ്രമത്തെ മന്ത്രി അഭിനന്ദിച്ചു. പരീക്ഷ എഴുതിയ വിദ്യാര്‍ഥികളെയും മന്ത്രി അഭിനന്ദിച്ചു

ഫലമറിയാം

ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in   

www.results.kite.kerala.gov.in

 www.pareekshabhavan.kerala.gov.in

 www.sslcexam.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലമറിയാം.

ഫലം അറിയാൻ ചെയ്യേണ്ടത്

ഘട്ടം 1: ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക- keralaresults.nic.in അല്ലെങ്കില്‍ keralapareekshabhavan.in
ഘട്ടം 2: ഹോംപേജില്‍, ‘Kerala SSLC Result 2022’എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: റോള്‍ നമ്പര്‍, മറ്റ് ലോഗിന്‍ വിശദാംശങ്ങള്‍ രേഖപ്പെടുത്തി സമര്‍പ്പിക്കുക
ഘട്ടം 4: എസ്.എസ്.എല്‍.സി ഫലം സ്‌ക്രീനില്‍ കാണാനാകും
ഘട്ടം 5: ഫലം ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുക്കാം

സാങ്കേതിക വിഭാഗം

എസ്.എസ്.എല്‍.സി. (എച്ച്.ഐ): www.sslchiexam.kerala.gov.in ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.): www.thslchiexam.kerala.gov.in, ടി.എച്ച്.എസ്.എല്‍.സി.: www.thslcexam.kerala.gov.in, എ.എച്ച്.എസ്.എല്‍.സി.: www.ahslcexam.kerala.gov.in.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നു Saphalam 2022, PRD Live എന്നീ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്തും ഫലം അറിയാം.

ആരാധകരെ ഞെട്ടിച്ച് കൊറിയൻ മ്യൂസിക് ബാൻഡ് ബിടിഎസ് പിരിയുന്നു

ലോകത്തിലെ തന്നെ സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ് വേർപിരിയുന്നു. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്. ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത് . സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു.

കാരണം അവ്യക്തം, സ്വന്തമായി വളരാനെന്ന് പാട്ടുകാർ

ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.

ആർഎം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ്കൂക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്.


ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.

ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു. ബിടിഎസിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനം യുവ ലോകത്തെ നിരാശയിലാക്കി. സംഘത്തിന്റെ അടുത്ത ആൽബത്തിനു വേണ്ടി കാത്തിരുന്ന ആരാധകർക്ക് ബാൻഡ് തന്നെ ഇല്ലാതാവുന്നു എന്ന വാർത്ത വിശ്വസിക്കാനാവാതെ തുടരുകയാണ്

പാടാനല്ല സൈന്യത്തിൽ ചേരാനാണ് പോകുന്നതെന്നും വാർത്ത

എന്നാൽ സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ പ്രചരിക്കുന്നത്. പക്ഷെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പ്രായപൂർത്തിയായ പുരുഷന്മാർ 28 വയസ്സിനുള്ളിൽ 18 മാസമെങ്കിലും നിർബന്ധിത സൈനിക സേവനം ചെയ്യണമെന്നതാണ് ദക്ഷിണകൊറിയയിലെ നിയമം. ബിടിഎസ് യുവാക്കളാരും ഇത് പൂർത്തീ കരിച്ചിട്ടില്ല.

എല്ലാംകൂടി ചേർത്തു വായിക്കുമ്പോൾ ബിടിഎസ് ഇനി മടങ്ങിവരുമോ. സമൂഹമാധ്യമങ്ങളിൽ കനത്ത ചർച്ചയാണ്.

ദേശീയ സ്ഥാപനത്തിൽ നഴ്സിങ് പഠിക്കാം, അപേക്ഷ ഇപ്പോൾ

നാലുവര്‍ഷ ബി.എസ്സി. നഴ്‌സിങ് (പെണ്‍കുട്ടികള്‍ക്കു മാത്രം),

രണ്ടുവര്‍ഷ ബി.എസ്സി, നഴ്‌സിങ് (പോസ്റ്റ് ബേസിക്) (കോ-എജ്യുക്കേഷന്‍) കോഴ്‌സുകള്‍ ദേശീയപ്രാധാന്യമുള്ള സ്ഥാപനത്തില്‍ പഠിക്കാന്‍ അവസരം.

ചണ്ഡീഗഢ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചി (പി.ജി.ഐ.എം.ഇ.ആര്‍.)ലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് എജ്യുക്കേഷന്‍ (എന്‍.ഐ.എന്‍.ഇ.) ആണ് അവസരം ഒരുക്കുന്നത്.

പ്ലസ് ടു/തത്തുല്യ പരീക്ഷ, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിച്ച് മൊത്തം 50 ശതമാനം മാര്‍ക്കുവാങ്ങി ജയിച്ചവര്‍ക്ക് ബി.എസ്സി. നഴ്‌സിങ് പ്രോഗ്രാമിന് അപേക്ഷിക്കാം. പരീക്ഷാഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രതിവര്‍ഷം 250 രൂപമാത്രം ട്യൂഷന്‍ ഫീ നല്‍കി നഴ്സിങ് പഠനം പൂർത്തിയാക്കാം എന്നതാണ് പ്രത്യേകത

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രോഗ്രാമിന് അപേക്ഷിക്കാന്‍ പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. കൂടാതെ, ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്‌സ്, 50 ശതമാനം മാര്‍ക്കോടെ ജയിക്കണം. നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ വേണം. കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ ജൂലായ് 28-ന്.

കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി എന്നിവയില്‍നിന്ന് 25 വീതവും ഇംഗ്ലീഷ്, ജനറല്‍ നോളജ്/കറന്റ്് അഫയേഴ്സ് എന്നിവയില്‍നിന്ന് യഥാക്രമം 15-ഉം 10-ഉം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ശരിയുത്തരത്തിന് ഒരു മാര്‍ക്കുവീതം കിട്ടും. ഉത്തരം തെറ്റിയാല്‍ കാല്‍മാര്‍ക്കുവീതം നഷ്ടമാകും.

ബി.എസ്സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്) പ്രവേശന പരീക്ഷയ്ക്കും ഒരു മാര്‍ക്കുവീതമുള്ള 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ (ജനറല്‍ നഴ്‌സിങ് നിലവാരമുള്ളവ) ഉണ്ടാകും. പരീക്ഷയുടെ വിശദമായ ഘടന pgimer.edu.in -ല്‍ ഇന്‍ഫര്‍മേഷന്‍ ഫോര്‍ കാന്‍ഡിഡേറ്റ്‌സിലെ പ്രോഗ്രാം പ്രവേശന ലിങ്കുവഴി ലഭിക്കുന്ന പ്രോസ്‌പെക്ടസില്‍ മനസിലാക്കാം.

എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യാം

ജൂലായ് നാലിന് നടക്കുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയുടെ അഡ്മിറ്റ് കാർഡ്  ഡൗൺലോഡ് ചെയ്യാം.

കാർഡ് ലഭിക്കാത്തവർ കാരണം പരിശോധിക്കണം. ഇത് എളുപ്പം അറിയാം

അപ്‌ലോഡ് ചെയ്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവയിൽ അപാകമുള്ള അപേക്ഷകരുടെയും ഫീസിന്റെ ബാക്കിതുക അടയ്ക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ് ലഭ്യമാക്കിയിട്ടില്ല.

ഇത്തരം അപേക്ഷകർ പ്രൊഫൈൽ പേജിൽ ലഭ്യമായ Memo Details എന്ന മെനു ക്ലിക്ക്‌ ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ന്യൂനതകൾ പരിഹരിക്കാൻ ജൂൺ 21-ന് ഉച്ചയ്ക്കുശേഷം മൂന്നുവരെ സമയം അനുവദിച്ചു.

ഡൌൺ ലോഡ് ലിങ്ക് www.cee.kerala.gov.in