വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ചു

പൂനെയിൽ വാഷിംഗ് മെഷീൻ പൊട്ടിത്തെറിച്ച് അപകടം. ഭവാനി പേഠിലുണ്ടായ പൊട്ടിത്തെറിയിൽ ഫ്ലാറ്റിൻ്റെ ജനൽ ചില്ലകളും തകർന്നു. ആർക്കും പരുക്കില്ല. എന്നാൽ വൻ സ്ഫോടനമാണ് നടന്നത് എന്ന് പരിസരവാസികൾ പറഞ്ഞു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് മെഷീൻ നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്. ഇലക്ട്രീഷ്യൻ കൂടിയായ യുവാവ് വാഷിംഗ് മെഷീൻ നന്നാക്കുമ്പോഴാണ് സംഭവം. കോയിലിൽ വെൽഡിംഗ് നടത്തുന്നതിനിടെയാണ് പൊട്ടിത്തെറി സംഭവിച്ചത്.

സ്ഫോടന ശബ്ദം കേട്ട് തൊട്ടടുത്തുള്ളവർ പൊലീസിൽ അറിയിച്ചു.തുടർന്ന് ബോംബ് ഡിറ്റക്ഷൻ ആന്റ് ഡിസ്‌പോസൽ സ്‌ക്വാഡ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.

നിലവിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ജോയിന്റ് കമ്മീഷ്ണർ അറിയിച്ചു. ഫ്ലാറ്റിൽ നിന്ന് 12 സിം കാർഡുകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കയാണ്.

മുടി നരച്ചില്ല, മുഖ്യമന്ത്രിയടെ പരിപാടിയിൽ നിന്നും വിട്ട്നിന്ന് പ്രവീൺ കുമാർ

0

മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ട് നിന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺ കുമാർ. കോഴിക്കോട് രൂപതയുടേയും സഹകരണ ആശുപത്രിയുടെയും പരിപാടികൾക്ക് ക്ഷണം ഉണ്ടായിരുന്നുവെങ്കിലും പ്രവീൺ കുമാർ പരിപാടികളിൽ പങ്കെടുത്തില്ല.

ഇപ്പോഴും കറുത്ത മുടി

കറുപ്പിനോടുള്ള മുഖ്യമന്ത്രിയുടെ അലർജി പരിഗണിച്ച് വിട്ടു നിൽക്കുന്നുവെന്ന് അഡ്വ.കെ. പ്രവീൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആത്മാഭിമാനത്തോടൊപ്പം പാരമ്പര്യമായി കിട്ടിയ ഒരു സാദനം തലയിലുണ്ട് – നല്ല കറുകറുത്ത മുടി… ഇല്ല മുഖ്യമന്ത്രീ നൂറോളം പൊലീസുകാർ കാത്തു സൂക്ഷിക്കുന്ന അങ്ങയുടെ ഇരട്ടച്ചങ്കിൽ ചൊറിച്ചുലുണ്ടാക്കാൻ ഈ കറുത്ത മുടിയുമായി ഞാൻ വരുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

ടി. സിദ്ദീഖ് എംഎൽഎ പരിപാടിയിൽ പങ്കെടുത്തു.

എഫ് ബി പോസ്റ്റ്

കറുത്തവൻ്റെ വേദനക്കൊപ്പം നിൽക്കുന്നവർ എന്നാണല്ലോ എന്നും സി.പി.എം സ്വയം ഊറ്റം കൊള്ളാറുള്ളത്…

അതേ സി.പി.എമ്മിൻ്റെ, സ്വന്തം മുഖ്യമന്ത്രി പിണറായി സഖാവിന് പക്ഷേ കറുപ്പെന്ന് കേട്ടാൽതന്നെ ഇപ്പോൾ വെറുപ്പാണത്രെ…

കറുത്ത നിറമുള്ള ബാഡ്ജ്, കൊടി, റോഡ്, ബൂട്ട്,ആന,കുട, കരിമീൻ പൊരിച്ചത് എന്തിന് കറുത്ത മാസ്ക്ക് പോലും അലർജിയായിരിക്കുന്നു…

എല്ലാം ചില കറുത്ത ‘സ്വപ്ന’ങ്ങളെന്ന് താത്വികമായി സമാധാനിക്കാം…

കോൺഗ്രസിൻ്റെ ജില്ലാ അദ്ധ്യക്ഷൻ എന്ന നിലയിൽ ഇന്ന് മുഖ്യമന്ത്രിക്കൊപ്പം കോഴിക്കോട് രൂപതയുടേയും ജില്ലാ സഹകരണ ആശുപത്രിയുടേയും രണ്ടു വ്യത്യസ്ത ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായിരുന്നു ; പഷേ മുഖ്യമന്ത്രിയുടെ അലർജി പരിഗണിച്ച് തീരുമാനം മാറ്റുകയാണ്…

ആത്മാഭിമാനത്തോടൊപ്പം പാരമ്പര്യമായി കിട്ടിയ ഒരു സാദനം തലയിലുണ്ട് – നല്ല കറുകറുത്ത മുടി…ഇല്ല മുഖ്യമന്ത്രീ നൂറോളം പോലീസുകാർ കാത്തു സൂക്ഷിക്കുന്ന അങ്ങയുടെ ഇരട്ടച്ചങ്കിൽ ചൊറിച്ചുലുണ്ടാക്കാൻ ഈ കറുത്ത മുടിയുമായി ഞാൻ വരുന്നില്ല…

രണ്ടു പ്രോഗ്രാമുകൾക്കും എല്ലാ വിധ ആശംസകളും…

സ്നേഹപൂർവ്വം, അഡ്വ.കെ.പ്രവീൺകുമാർ (വാൽക്കഷ്ണം : മുടിയെ പല വാക്കുകളിൽ വ്യാഖ്യാനിച്ച് സൈബർ സഖാക്കൾ വരുമെന്നറിയാം ; ക്യാപ്സൂൾ സംസ്ക്കാരത്തിന് ‘നല്ല നമസ്ക്കാരം’)

വീണ്ടും വെളിപ്പെടുത്തലിന് സ്വപ്ന സുരേഷ് ഒരുങ്ങുന്നു, കെ ടി ജലീലിനെ കുറിച്ച് രണ്ടു ദിവസത്തിനകം…

കെ.ടി.ജലീലിനെതിരെ മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയെന്ന് സ്വപ്‌ന സുരേഷ്. കെ.ടി.ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങളെ കുറിച്ച് മൊഴി നല്‍കി. കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു. അഭിഭാഷകന്‍ കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന 

ഗുഢാലോചന നടത്തിയത് താനല്ല. കെ.ടി.ജലീല്‍ ആണ്. ഒരു ഗൂഢാലോചനയും താന്‍ നടത്തിയിട്ടില്ല. രഹസ്യമൊഴിയില്‍ കെ.ടി.ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ രണ്ട് ദിവസത്തിനകം വെളിപെടുത്തുമെന്നും കെ.ടി.ജലീലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും സ്വപ്ന പറഞ്ഞു. ജലീല്‍ എന്തൊക്കെ കേസ് കൊടുക്കുമെന്ന് കാണട്ടെയെന്നും അവര്‍ വെല്ലുവിളിച്ചു. തന്നെ പൊലീസ് പിന്തുടരേണ്ട കാര്യമില്ലെന്നും അവരെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. തന്റെ സുരക്ഷ താന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. കേരള പൊലീസ് സംരക്ഷണം വേണ്ടെന്നും സ്വപ്ന പ്രതികരിച്ചു.

ആർ ഡി ഒ കോടതിയിലെ തൊണ്ടിമുതൽ കവർന്നത് ഉന്നത ഉദ്യോഗസ്ഥൻ

തിരുവന്തപുരം ആര്‍.ഡി.ഒ കോടതിയിലെ തൊണ്ടിമുതല്‍ കവര്‍ന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ എന്നു തിരിച്ചറിഞ്ഞു. സ്വര്‍ണം കവര്‍ന്നത് 2020-ലെ സീനിയര്‍ സൂപ്രണ്ടെന്ന് വകുപ്പ് തല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയെ പേരൂര്‍ക്കട പൊലീസ് നിരീക്ഷണത്തിലാക്കി.

നിലവിൽ സർവ്വീസിൽ നിന്നും പിരഞ്ഞ വ്യക്തിയാണ്. ഇയാള്‍ക്കെതിരെ നടപടി നിര്‍ദേശിച്ച് സബ് കളക്ടര്‍ മാധവിക്കുട്ടി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47,000 രൂപയുമാണ് ഇയാള്‍ ആര്‍ഡിഒ കോടതിയില്‍ നിന്ന് മോഷ്ടിച്ചത്. ഇത്തരത്തില്‍ മോഷ്ടിച്ച സ്വര്‍ണം പണയം വെച്ചതായി സൂചനയുണ്ട്.

മോഷണം സംഘടിതം

ഒറ്റയ്ക്ക് ഇത്തരം കവര്‍ച്ച നടത്താന്‍ സാധ്യത കുറവാണെന്ന നിരീക്ഷണമാണ് അന്വേഷണ സംഘത്തിനുള്ളത്. പുറമേനിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് നിഗമനം.

പ്രകാശൻ പറക്കട്ടെ; ട്രെയിലർ പടയപ്പ

ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്യുന്ന ‘പ്രകാശൻ പറക്കട്ടെ’ സിനിമയുടെ ട്രെയ്‌ലർ ന്യൂ ജെൻ പടപ്പായി പരക്കുന്നു. ജൂൺ 17 മുതൽ ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്.
പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ധ്യാൻ ശ്രീനിവാസന്റെ അസ്സോസിയേറ്റ് ഡയറക്ടറായിരുന്ന ഷഹദിന്റെ ആദ്യ ചിത്രമാണിത്. മനു മഞ്ജിത്തിന്റെയും, BK ഹരി നാരായണന്റെയും വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു.

ഛായാഗ്രഹണം – ഗുരുപ്രസാദ്, എഡിറ്റർ – രതിൻ രാധാകൃഷ്ണൻ, സൗണ്ട് – ഷെഫിൻ മായൻ, കല – ഷാജി മുകുന്ദ്, ചമയം – വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം – സുജിത് സി എസ്, സ്റ്റിൽസ് – ഷിജിൻ രാജ് പി, പരസ്യകല – മനു ഡാവിഞ്ചി, പ്രൊജക്ട് ഡിസൈനർ – ദിനിൽ ബാബു, നിർമ്മാണ നിർവ്വഹണം – സജീവ് ചന്തിരൂർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, അഭിലാഷ് ശ്രീരംഗൻ, പി ആർ ഒ – മഞ്ജു ഗോപിനാഥ്.

സോണിയ ഗാന്ധിക്കും രാഹുലിനും നൊട്ടീസ് കിട്ടിയത് കോൺഗ്രസ് അറഞ്ഞില്ലേയെന്ന് മുഖ്യമന്ത്രി

കോണ്‍ഗ്രസിനെതിരെ കടുത്ത പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സോണിയ ഗാന്ധിക്കും രാഹുലിനും ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇ ഡി നൊട്ടീസ് നൽകിയത് മുൻ നിർത്തിയാണ് കോൺഗ്രസ് പ്രതിഷേധത്തെ മുഖ്യമന്ത്രി കളിയാക്കുന്നത്.

രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജന്‍സികളെ കൊണ്ട് നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഏറ്റവും ഒടുവിലായി സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നു. പക്ഷേ ആ സംഭവം ഇവിടുത്തെ യുഡിഎഫുകാര്‍ പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടേയില്ല. അങ്ങനെ ഒരു സംഭവം ഉണ്ടോ എന്ന് അവര്‍ ചോദിക്കുന്ന സ്ഥിതിയാണ്. അതേക്കുറിച്ച് അവര്‍ മിണ്ടുന്നേയില്ല- മുഖ്യമന്ത്രി പറഞ്ഞു.

ഏശാതെ പതറാതെ പിണറായി

സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപക പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. കോൺഗ്രസ് ഈ രാഷ്ട്രീയ അവസരം നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിനും ബിജെപിക്കുമെന്ന് പിണറായി വിമര്‍ശിച്ചു.

അണികളെ ഇളക്കി, ആവേശത്തോടെ കോൺഗ്രസ്

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ കറുപ്പ് നിറത്തിലുള്ള മാസ്‌ക നിരോധിച്ചതിനെതിരെയും കോൺഗ്രസ് പ്രതിഷേധം തിരിച്ചു വിട്ടു. പിണറായി വിജയന്‍ പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും ഇനി കറുപ്പ് നിറം നിരോധിക്കുമോയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചോദിച്ചു.

മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. നാല്‍പതിലധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്സ് വണ്ടി, മെഡിക്കല്‍ ടീം, ആംബുലന്‍സ് അടങ്ങി 35-40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പോകുന്നത്.

ഏത് ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പോലീസുകാരെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് നിയോഗിക്കേണ്ട സ്ഥിതിയാണെന്നും സതീശന്‍ ആരോപിച്ചു.

വില നിലവാരം സംബന്ധിച്ച ഊഹ വാർത്തകൾ വിലക്കയറ്റം സൃഷ്ടിക്കുന്നു

വിപണിയെ കുറിച്ചോ ഉൽപന്നങ്ങളെ കുറിച്ചോ യാതൊരു ധാരണയും ഇല്ലാതെ പത്രങ്ങളിൽ പടച്ചു വിടുന്ന വാർത്തകൾ വിനയാവുന്ന. അടുത്ത കാലത്ത് കപ്പ വില സംബന്ധിച്ച് ഏതോ ലേഖകൻ സങ്കൽപിച്ചു വിട്ട വാർത്ത കർഷകരെ തന്നെയും ഞെട്ടിച്ചു. ഇപ്പോൾ എത്തപ്പഴ വിപണി സംബന്ധിച്ചും നിലവിൽ ഇല്ലാത്ത വിലയുടെ വാർത്ത പടച്ചു വിട്ടാണ് ഇത് തുടരുന്നത്.

കപ്പ വില കിലോ 60 രൂപ വരെയായി എന്നായിരുന്നു ഒരു വാർത്ത. 12 രൂപയ്ക്ക് സർക്കാർ ഏജൻസികൾ സംഭരണം തുടങ്ങിയതോടെ വില കുതിച്ചു എന്നും എഴുതി വിട്ടു. പൊതുവെ മാർക്കറ്റിൽ ഉണ്ടായ വിലക്കയറ്റം കപ്പ വിലയിലും ഉണ്ടായിട്ടുണ്ട്. കാർഷിക മേഖലയിൽ കോവിഡ് ഉണ്ടാക്കിയ നിശ്ചലത പ്രതിഫലിക്കുന്നുമുണ്ട്.

ഇതൊന്നും പരിഗണിക്കാതെ വിപണിയെ അറിയാതെ വരുന്ന വാർത്തകളാണ് വിനയാവുന്നത്. ഇടുക്കിയിൽ കപ്പ വില 60 ആയി എന്നു കണ്ടെത്തി കണ്ണൂരിലെയും വില അങ്ങിനെയാണെന്ന് സാമാന്യവൽക്കരിച്ച് എഴുതുകയാണ്. ഇത് മാർക്കറ്റിൽ ഒരേ സമയം വാങ്ങുന്നവനും വിൽക്കുന്നവനും ആശയ കുഴപ്പം സൃഷ്ടിക്കുന്നു.

കർഷകരും ഇതുമൂലം ഉല്പന്നങ്ങൾ കൈ മാറുന്ന വേളകളിൽ അനിശ്ചിതത്വത്തിലാവുന്നു. ഏത്തപ്പഴത്തിന് 75 രൂപയായി എന്നാണ് പുതിയ വാർത്ത. ഇത് ഏതെങ്കിലും ഹൈ ഫൈ സൂപ്പർ മാർക്കറ്റിലെ മുന്തിയ ഇനത്തിൻ്റെ കണക്കാവാം എന്നാണ് കർഷകരും കച്ചവടക്കാരും പറയുന്നത്. ഞാലിപ്പൂവന് വാർത്തയിൽ 80 രൂപവരെ വിലയിട്ടിട്ടുണ്ട്.

കപ്പയുടെയും കായയുടെയും വില നിലവാരം പലപ്പോഴും വിപണിക്ക് അടുത്തുള്ള കാർഷിക മേഖലയുമായി ബന്ധപ്പെട്ട് മാറും. ഉൽപാദനം കുറയുമ്പോൾ ഇതര സംസ്ഥാനങ്ങളെ ആശ്രയിച്ചും മാറ്റം ഉണ്ടാവാറുണ്ട്. ഇതിനെ എല്ലാം സാമാന്യവൽക്കരിച്ച് കേരളത്തിന് പൊതുവായി കണ്ട് വാർത്ത വരുമ്പോഴാണ് കർഷകർ ആശയ കുഴപ്പത്തിലാവുന്നത്.

കാലിക്കറ്റ് സർവ്വകലാശാല രാഷ്ട്രീയക്കാരുടെ നിർജീവ വേദിയാവുന്നു

വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പും കലോത്സവവും കാലിക്കറ്റ് സർവ്വകലാശാല അറിഞ്ഞില്ല. പതിവ് പോലെ രാഷ്ചട്രീയ കെടുകാര്യസ്ഥതയുടെ പ്രതീകമാവുകായണ് ഈ കലാശാലം. കോവിഡ് കാരണമാണ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് മുടങ്ങിയത്. യൂണിയനില്ലാത്തതിനാല്‍ കലോത്സവങ്ങളും നടന്നില്ല. ഇക്കാലയളവില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കലാ-കായിക-സാഹിത്യ മേഖലകളില്‍ അവസരം നഷ്ടമായി. കലോത്സവം നടക്കാത്തതിനാല്‍ ഗ്രേസ് മാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും.

കാലിക്കറ്റ് ഒഴികെ എല്ലാവരും റെഡി

കോവിഡിന്റെ പേരുപറഞ്ഞാണ് കാലിക്കറ്റില്‍ തിരഞ്ഞെടുപ്പ് നടത്താത്തതെങ്കില്‍ കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ക്കും അത് ബാധമാകേണ്ടതല്ലേ എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. 2022-ലെ ആദ്യ മൂന്നുമാസങ്ങളിലായി കേരള, കണ്ണൂര്‍, എം.ജി. യൂണിവേഴ്സിറ്റികളില്‍ തിരഞ്ഞെടുപ്പും തുടര്‍ന്ന് കലോത്സവവും നടന്നിരുന്നു. കാലിക്കറ്റില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും അനക്കമൊന്നുമില്ല.

കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് സാമൂഹികഇടപെടലിനുള്ള അവസരങ്ങള്‍ കുറയ്ക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു പരിപാടിയും നടക്കാത്ത, നിര്‍ജീവമായ കാമ്പസ്ജീവിതംകൊണ്ട് എന്തുകാര്യമെന്നാണ് ചോദ്യം. പി.ജി.ക്ക് കണ്ട യൂണിവേഴ്സിറ്റിയല്ല ഇപ്പോഴത്തെ സർവ്വ കലാശാല.

സ്വർണ്ണക്കടത്ത് കേസിൽ സാക്ഷിയായി സരിതയും, രഹസ്യ മൊഴി രേഖപ്പെടുത്തും

സ്വർണക്കടത്ത് കേസിലെ ഗൂഢാലോചന സംബന്ധിച്ച് സരിതാ എസ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്താൻ നീക്കം. പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ സാക്ഷി മൊഴിയാണ് രഹസ്യ മൊഴിയായി രേഖപ്പെടുത്തുക. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക.

പി സി ജോർജിൻ്റെ പങ്ക്

ഫെബ്രുവരി മുതൽ സ്വപ്‌നാ സുരേഷ് ഗൂഡാലോചന നടത്തിയതായി അറിയാമെന്നും സ്വപ്നക്ക് നിയമ സഹായം നൽകുന്നത് പി സി ജോർജാണെന്നും സരിത മൊഴി നൽകിയിരുന്നു. ജോർജുമായി സ്വപ്‌നാ സുരേഷ് നേരിൽ കണ്ട് ഗൂഢാലോചന നടത്തിയെന്നും സരിത മൊഴി നൽകി. താനും സ്വപ്‌നാ സുരേഷുമായി സംസാരിച്ചിട്ടില്ലെന്നും സരിത മൊഴി നൽകി.

പിസി ജോർജും സരിതയും തമ്മിൽ സംസാരിക്കുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സരിതയെ കേസിൽ സാക്ഷിയാക്കിയത്. സരിതയുടെ മൊഴി നിർണായകമാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ ആദ്യമായാണ് ഒരാളുടെ മൊഴി രേഖപ്പെടുത്തുന്നത്.

സ്വപ്ന പറഞ്ഞത് സരിതയെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിച്ചു

അതിനിടെ, മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും സ്വപ്ന സുരേഷ് ഉയർത്തുന്ന ആരോപണം തന്നെക്കൊണ്ട് പറയിപ്പിക്കാനായിരുന്നു നീക്കമെന്ന് സരിത ട്വന്റിഫോർ ന്യൂസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു. പിസി ജോർജ് വഴിയാണ് നീക്കം നടന്നത്. എന്നാൽ, തെളിവില്ലെന്ന് മനസിലാക്കിയതോടെ താൻ പിന്മാറി. പിസി ജോർജും സ്വപ്ന സുരേഷും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സരിത കൂട്ടിച്ചേർത്തു.

24 അഭിമുഖത്തിൽ പറഞ്ഞത്

‘ഇന്നലെ മൊഴിയെടുത്തു, പ്രത്യേക അന്വേഷണ സംഘമായിരുന്നു. പിസി ജോർജിന്റെ ഫോൺ സംഭാഷണം ചോർന്ന് പുറത്തുവന്നല്ലോ. അതേപ്പറ്റിയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. പിസി ജോർജ് സംസാരിച്ച കാര്യങ്ങൾ ഒന്നുകൂടി വ്യക്തമാക്കാമോ എന്ന് ചോദിച്ചു. അത് വിവരിച്ചു. ഗൂഢാലോചന എന്നുപറയാൻ കാരണം, അവരുടെ കയ്യിൽ തെളിവില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം ജയിലിൽ വച്ച് ഇവര് ഒളിച്ചു സംസാരിക്കുന്നുണ്ടായിരുന്നു. തെളിവില്ലാത്തതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഇവർ പറഞ്ഞിരുന്നു. രണ്ടാമത്, മുഖ്യമന്ത്രിക്ക് പങ്കില്ല. ശിവശങ്കറിനാണ് പങ്കെന്നും പറഞ്ഞിരുന്നു. എന്നാൽ, ശിവശങ്കറിനെതിരെ പോലും ഒന്നും സംസാരിക്കാൻ തന്റെ കയ്യിലില്ല എന്നും പറഞ്ഞു.’ സരിത എസ് നായർ അഭിമുഖത്തിൽ പറഞ്ഞു

കടൽ കൊള്ളക്കാരെ തളച്ചു, കളക്ടറെയും നിയമത്തിൻ്റെ വരയിൽ നിർത്തി; പക്ഷെ സ്വപ്ന കേസിൽ ഇടറി

കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കപ്പലിലെത്തി പിടികൂടിയത് എം ആർ അജിത്ത് കുമാർ എന്ന പൊലീസ് ഓഫീസറുടെ മിടുക്കായിരുന്നു. കൊല്ലത്ത് എസ്.പി.യായിരിക്കെ കളക്ടര്‍ക്കെതിരേ ഗതാഗത നിയമ ലംഘനത്തിന് നടപടിയെടുപ്പിച്ച റിപ്പോര്‍ട്ടും ഇദ്ദേഹത്തിൻ്റെ ആയിരുന്നു. ആരെയും കൂസാത്ത പോലീസ് ഉദ്യോഗസ്ഥനെന്ന പേര് നക്ഷത്രമായി. ഇപ്പോൾ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് തുടർച്ചയായി എം.ആര്‍. അജിത് കുമാറിന് കസേര തെറിച്ചു.

വിജിലൻസ് ഡയറക്ടർ പദവി പോയ വഴി

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ഷാജ് കിരണുമായി ബന്ധമുണ്ടെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് എം.ആര്‍.അജിത് കുമാറിനെ സര്‍ക്കാര്‍ അതിവേഗം മാറ്റിയത്. ആരോപണങ്ങള്‍ക്ക് പിന്നാലെ ഇക്കാര്യങ്ങള്‍ സ്ഥിരീകരിച്ച് ഇന്റലിജന്‍സും അജിത്കുമാറിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ നടപടി.

മാധ്യമ സൌഹൃദം വിനയുമായി

തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനെത്തിയ ഷാജ് കിരണെ വിജിലന്‍സ് ഡയറക്ടര്‍ ഒട്ടേറെത്തവണ വാട്‌സാപ്പില്‍ വിളിച്ചുവെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഇതിനൊപ്പം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കസ്റ്റഡിയിലെടുത്ത നീക്കങ്ങളും അദ്ദേഹത്തിന്റെ സ്ഥാനചലനത്തിന് കാരണമായി. ഷാജ് കിരണ്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകനായിരിക്കെ സിറ്റി പോലീസ് കമ്മിഷണര്‍ ആയിരുന്നു അജിത്കുമാര്‍. സരിത്തിനെ കസ്റ്റഡിയിലെടുത്ത വിവരം ഷാജ് കിരണ്‍ ആദ്യമറിഞ്ഞത് അജിത്കുമാര്‍ പറഞ്ഞാണെന്നും സ്വപ്‌ന ആരോപിച്ചിരുന്നു.

കടൽ കൊള്ളക്കാരുടെ ഇറ്റാലിയൻ ഹുങ്ക് അടക്കി

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കെയാണ് എം.ആര്‍. അജിത്കുമാര്‍ കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരെ കസ്റ്റഡിയിലെടുക്കുന്നത്. അന്തര്‍ദേശീയതലത്തില്‍ വലിയ വാര്‍ത്തയായ സംഭവത്തില്‍ കേരള പോലീസിന്റെ കരുതലോടെയുള്ള നീക്കങ്ങള്‍ അന്ന് ഏറെ ചര്‍ച്ചയായിരുന്നു. കൊച്ചി പോലീസിന്റെ ഉറച്ച നിലപാടും കൃത്യമായ ഇടപെടലും ഏറെ പ്രശംസ നേടി. വെടിവെയ്പുണ്ടായ ഉടന്‍ കപ്പല്‍ സ്ഥലംവിടുന്നതിന് മുമ്പ് തിടുക്കത്തില്‍ നീങ്ങി അത് തടഞ്ഞ നടപടി വലിയ രീതിയില്‍ പ്രശംസിക്കപ്പെട്ടിരുന്നു. നാവികരുടെ അറസ്റ്റ് വൈകുന്നുവെന്ന ആക്ഷേപം ശക്തമായ വേളയിലായിരുന്നു കൊച്ചി പോലീസ് കപ്പലിലെത്തി രണ്ട് നാവികരെയും കസ്റ്റഡിയിലെടുത്തത്.

കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരുന്ന എം.ആര്‍. അജിത്കുമാറാണ് നാവികരുടെ അറസ്റ്റ് നടപടികള്‍ ഏകോപിപ്പിച്ചത്. കൊല്ലം പോലീസിനൊപ്പം ചേര്‍ന്ന് അദ്ദേഹം ഓരോ നടപടികളും മുന്നോട്ടുനീക്കി. രാജ്യാന്തരതലത്തില്‍തന്നെ വലിയ പ്രത്യാഘാതമുണ്ടാക്കിയേക്കാവുന്ന വിഷയമായിട്ടും നാവികരെ അറസ്റ്റ് ചെയ്യണമെന്ന നിലപാടില്‍ പോലീസ് ഉറച്ചുനിന്നു. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒറ്റക്കെട്ടായി ഇത് അംഗീകരിച്ചു. ഇതോടെയാണ് 2012 ഫെബ്രുവരി 19-ാം തീയതി കപ്പലിലെത്തി എം.ആര്‍. അജിത്കുമറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് നാവികരെയും കസ്റ്റഡിയിലെടുത്തത്. എറണാകുളം റേഞ്ച് ഐ.ജി. പദ്മകുമാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.

ഫെബ്രുവരി 19-ന് രാവിലെ എട്ട് മണിയോടെ കപ്പലിലെത്തിയ പോലീസ് സംഘം വൈകിട്ട് നാലുമണിയോടെയാണ് രണ്ട് നാവികരുമായി കരയിലെത്തിയത്. ഇതിനിടെ കപ്പലിലുണ്ടായിരുന്നവരുടെ വിശദമായ മൊഴിയും പോലീസ് സംഘം രേഖപ്പെടുത്തിയിരുന്നു.

പിടികിട്ടാപ്പുള്ളികൾ വിറച്ചു

അജിത്കുമാര്‍ കൊല്ലം എസ്.പി.യായിരിക്കെയാണ് ജില്ലയില്‍ ഏറ്റവും അധികം പിടികിട്ടാപ്പുള്ളികളെ അറസ്റ്റ് ചെയ്തത്. മൂന്നുതവണയാണ് കൊല്ലം ജില്ലാ പോലീസിന്റെ തലപ്പത്ത് അദ്ദേഹം ജോലിചെയ്തത്. ഇക്കാലയളവില്‍ രാഷ്ട്രീയക്കാര്‍ക്കെതിരേയും മറ്റും മുഖംനോക്കാതെ നടപടിയെടുത്തതിന് ആരെയും കൂസാത്ത ഉദ്യോഗസ്ഥനെന്ന പേരും നേടി. അജിത് കുമാര്‍ കൊല്ലത്ത് എസ്.പി.യായിരിക്കെയാണ് ഒരു ജില്ലാ കളക്ടര്‍ പോലീസിനെതിരേ പരാതി ഉന്നയിച്ചത്. കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനില്‍ സിഗ്നല്‍ നല്‍കാതെ റോഡില്‍ കുടുക്കി ആക്ഷേപിച്ചെന്നായിരുന്നു കളക്ടറുടെ പരാതി. ഡി.ജി.പി.യ്ക്കും മുഖ്യമന്ത്രിക്കും അടക്കം ഈ പരാതി പോയി. ഇതോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എസ്.പി.യായ അജിത്കുമാറിനോട് റിപ്പോര്‍ട്ട് തേടി. എന്നാല്‍ സംഭവത്തില്‍ കളക്ടര്‍ തന്നെയാണ് കുറ്റക്കാരനെന്നായിരുന്നു എസ്.പി.യുടെ റിപ്പോര്‍ട്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന അജിത്കുമാറിനെ അടുത്തിടെയാണ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. ഇതിനുപിന്നാലെയാണ് ഷാജ് കിരണുമായുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹത്തിന് സ്ഥാനചലനമുണ്ടായിരിക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍, തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി, തെക്കന്‍മേഖല ഐ.ജി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ തുടങ്ങിയ പദവികളിലും അജിത്കുമാര്‍ ജോലിചെയ്തിട്ടുണ്ട്.