തൊഴിൽ അവസരങ്ങളും പഠന സാധ്യകളും അറിയാൻ വിക്ടേഴ്സ് ചാനലിൽ വാട്ട്സ് എഹെഡ് പരമ്പര

വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസും ഒപ്പം തൊഴിൽ സാധ്യതയുള്ള പഠന മേഖലകൾ പരിചടപ്പെടുത്താനും ഉദ്ദേശിച്ച് കൈറ്റ്സ് വിക്ടേഴ്സ് ചാനലിൽ ക്ലാസുകൾ തുടങ്ങുന്നു.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ കുട്ടികള്‍ക്കായി ‘വാട്ട്സ് എഹെഡ്’ എന്ന പ്രത്യേക കരിയര്‍ ഗൈഡന്‍സ് പരിപാടി 11 മുതല്‍ എല്ലാ ദിവസവും വൈകീട്ട് ഏഴിന് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യും. വിദ്യാർഥികളെ ഉദ്ദേശിച്ചാണെങ്കിലും ആർക്കും പ്രയോജനപ്പെടുത്താം.

ദിവസവും അര മണിക്കൂർ ചിലവഴിക്കാം

അഞ്ഞൂറില്‍പ്പരം തൊഴില്‍മേഖലകളെക്കുറിച്ചും 25000-ത്തിലധികം കോഴ്സുകളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഓരോ ദിവസവും അരമണിക്കൂര്‍ സംപ്രേഷണം ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ കരിയര്‍ ഗൈഡന്‍സ് സെല്ലിലെ പരിശീലനം ലഭിച്ച അധ്യാപകരാണ് ‘വാട്ട്സ് എഹെഡ്’ പരിപാടിയിലെ ക്ലാസുകള്‍ അവതരിപ്പിക്കുന്നത്.

പ്ലസ്ടുവിനു ശേഷമുള്ള തുടര്‍പഠന സാധ്യതകള്‍, തൊഴില്‍സാധ്യതകള്‍, വിവിധ മേഖലകളിലെ പ്രവേശനപ്പരീക്ഷകള്‍, സ്‌കോളര്‍ഷിപ്പുകള്‍, പ്രമുഖ സ്ഥാപനങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ശരാശരി അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോകളാണ് സംപ്രേഷണം ചെയ്യുന്നതെന്ന് കൈറ്റ് സി.­ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

സൌജന്യമായി കാണാം

ലൈവായി കൈറ്റ് വിക്ടേഴ്സ് വെബ്സൈറ്റിലും (victers.kite.kerala.gov.in) തുടര്‍ന്ന് യുട്യൂബ് ചാനലിലും(itsvicters) പരിപാടി കാണാം. പുനഃസംപ്രേഷണം അടുത്ത ദിവസം കൈറ്റ് വിക്ടേഴ്സില്‍ രാവിലെ ഏഴിനും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ വൈകീട്ട് ഏഴിനും ആയിരിക്കും.

വാളുകൾക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി ആരെയാണ് ഭയപ്പെടുന്നത് – വി ഡി സതീശൻ

 ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

മുഖ്യമന്ത്രി എന്തിനാണ് കേരളത്തിൽ ഇത്രയും വലിയ സുരക്ഷയിൽ പോകുന്നത്. ഉമ്മൻ ചാണ്ടിയെ സിപിഎമ്മുകാർ കല്ലെറിഞ്ഞതുപോലെ കേരളത്തിലെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും കല്ലെറിയില്ല. എന്തിനാണ് ഇത്രയും വലിയ സുരക്ഷ ഏര്‍പ്പെടുത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത്. സർക്കാർ ഭയപ്പെടുന്നത് എന്തിനേയാണ്. എന്തിനാണ് മുഖ്യമന്ത്രി ഇത്രയും ഭയപ്പെടുന്നത്. ഊരിപ്പിടിച്ച വാളുകൾക്കിടയിൽ നടന്ന ആൾ എന്തിനാണ് ഇത്രയും ഭയപ്പെടുന്നതെന്നു വി.ഡി സതീശൻ ചോദിച്ചു.

സ്വർണ്ണക്കടത്ത് വിവാദങ്ങൾക്കിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമിടെ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പോലീസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയായിരുന്നു. 33 തവണയാണ് സംസ്ഥാന വിജിലന്‍സ് മേധാവി ഇയാളെ ഫോണില്‍ വിളിച്ചത്. മൊഴി കൊടുത്തത് നന്നായെന്ന് രാവിലെ പറഞ്ഞ ഇയാള്‍, പൊലീസിന്റെ നിർദേശപ്രകാരം കോടതിയില്‍ കൊടുത്ത മൊഴി പിന്‍വലിപ്പിക്കാന്‍ ശ്രമം നടത്തി.

മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവോ..

മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ മൊഴി പിന്‍വലിപ്പിക്കാനും മറ്റൊരു പ്രതിയെ തട്ടിക്കൊണ്ട് വരാനും ശ്രമിക്കില്ല. ഇടനിലക്കാരനായ മുന്‍ മാധ്യമ പ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ ഫ്‌ളാറ്റില്‍ നിന്നും ഗുണ്ടകളെ പോലെയെത്തി പിടിച്ചുകൊണ്ട് പോയ പൊലീസുകാര്‍ ഇയാളെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്? സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കുറ്റസമ്മത മൊഴി പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സമനില തെറ്റിയിരിക്കുകയാണെന്നും ഗൗരവതരമായ എന്തൊക്കെയോ പുറത്ത് വരാനുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

ബി ജെ പി കോഴക്കേസിൽ ഒത്തു കളി

സ്വപ്നയുടെ വെളിപ്പെടുത്തല്‍ വരുമെന്ന് കണ്ടാണ് സുരേന്ദ്രനെതിരെ ഒരു വര്‍ഷമായി എടുക്കാതിരുന്ന കേസെടുത്തത്. ഈ രണ്ടു കേസുകളിലും ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും വി.ഡി സതീശൻ ആരോപിച്ചു.

പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല. ഏത് കൊലകൊമ്പന്‍ അണിനിരന്നാലും…..മുഖ്യമന്ത്രി

എന്തും വിളിച്ചു പറയാന്‍ സാധിക്കുന്ന ഒരു നിലയല്ല നമ്മുടെ നാട്ടിലുള്ളതെന്ന് ഓർമ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ജി.ഒ.എ. സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പി സി ജോർജിന്

‘ലൈസന്‍സില്ലാത്ത നാക്കുകൊണ്ട് എന്തും പറയാമെന്ന നിലയെടുത്താല്‍ അതിന്റെ ഫലം എന്തായിരിക്കുമെന്ന് ഈ അടുത്ത നാളില്‍ നാം കണ്ടു. വിരട്ടാനൊക്കെ നോക്കി, അതങ്ങ് വെറെ വെച്ചാല്‍ മതി, അതൊന്നും ഇവിടെ ചെലവാകില്ല. ഈ നാടിന് ഒരു സംസ്‌കാരമുണ്ട്. ഒരു പൊതുവായ രീതിയുണ്ട്. അത് മാറ്റി വലിയ തോതില്‍ ഭിന്നത വളര്‍ത്തിക്കളയാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍, അവരുടെ പിന്നില്‍ ഏത് കൊലകൊമ്പന്‍ അണിനിരന്നാലും ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകും. ജനം അതാണ് ആഗ്രഹിക്കുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.

സ്വർണ്ണക്കടത്തിൽ

“പിപ്പിടി കാണിച്ചാലൊന്നും ഇങ്ങോട്ട് ഏശില്ല. ഏത് കൊലകൊമ്പന്‍ അണിനിരന്നാലും. വിരട്ടല്‍ ഇങ്ങോട്ട് വേണ്ട. നുണയുടെ മലവെള്ളപ്പാച്ചിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ്ടായത്. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ജനം തങ്ങളെ അധികാരത്തിലേറ്റിയത്. ഏത് തരത്തിലുള്ള പിപ്പിടി കാണിച്ചാലും അതൊന്നും ഇങ്ങോട്ട് ഏശില്ല. ഇതെല്ലാം പറഞ്ഞത്കൊണ്ട് അങ്ങനെ ഇളക്കിക്കിളയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. അതിനൊക്കെ വേറെ ആളെ നോക്കണം. ഞങ്ങള്‍ക്ക് ജനങ്ങളെ പൂര്‍ണ്ണവിശ്വാസമുണ്ട്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും. കൂടുതല്‍ കാര്യങ്ങള്‍ കെ.ജി.ഒ.എ. വേദിയില്‍ പറയുന്നില്ല.”- മുഖ്യമന്ത്രി പറഞ്ഞു.

വർഗ്ഗീയ വിഭജന ശ്രമങ്ങൾക്ക്

“രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഹിറ്റ്ലറേയാണ് ആർ.എസ്.എസും ബി.ജെപി.യും മാതൃകയാക്കുന്നത്. അതവര്‍ പച്ചയായി തുറന്ന് പറഞ്ഞിട്ടുമുണ്ട്. ഇപ്പോള്‍ നമ്മുടെ രാജ്യത്ത് നടക്കുന്ന സംഭവങ്ങള്‍ ഏതെങ്കിലും തരത്തില്‍ ഉണ്ടായതല്ല. മതമല്ല ഈ രാജ്യത്തെ പൗരത്വത്തിന്റെ അടിസ്ഥാനം. അത് മാറ്റിയെടുക്കുകയാണ്. വര്‍ഗീയതയെ പ്രീണിപ്പിച്ചുകൊണ്ട് മതനിരപേക്ഷതയെ സംരക്ഷിക്കാനാകില്ല. താത്കാലിക ലാഭത്തിന് വേണ്ടി വര്‍ഗീയ ശക്തികളുമായി കൂടാമെന്ന് വിചാരിച്ചാല്‍ അത് നാടിനും രാജ്യത്തിനും ആപത്ത് മാത്രമാണ് ഉണ്ടാക്കുക. മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്ന ശക്തികള്‍ക്ക് അധികാരമുണ്ടായിരുന്ന സ്ഥലങ്ങള്‍ ഇന്ന് ഇങ്ങനെ വര്‍ഗീയതയുടെ വിളനിലമായി മാറിയെന്ന് പരിശോധിക്കണം.”

“വര്‍ഗീയതയോട് മൃദുവായ സമീപനം, തൊട്ടുംതലോടലും എന്ന സമീപനമാണ് മതനിരപേക്ഷമാണെന്ന് അവകാശപ്പെടുന്നവര്‍ക്ക് വിനയായത്. തങ്ങള്‍ക്ക് പണ്ട് പറ്റിയത് അബദ്ധമായിരുന്നുവെന്ന് ഇപ്പോഴെങ്കിലും ചിന്തിക്കുന്നുണ്ടോ… ഇല്ല. ഇപ്പോഴും അതേ നിലയാണ്. തഞ്ചം കിട്ടിയാല്‍ ചാടാന്‍ കാത്ത് നില്‍ക്കുന്നവരാണ് ഇക്കൂട്ടര്‍. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും പരസ്പര പൂരകങ്ങളാണ്. ഒന്ന് വളരുമ്പോള്‍ മറ്റതിനേയും വളര്‍ത്തുകയാണ്. അത് നമ്മുടെ രാജ്യത്തിന്റേയും നാടിന്റേയും അനുഭവമാണ്. ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളുടെ ഭാഗമായി മാത്രമേ ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ നാടിന്റെ പ്രത്യേകത സംരക്ഷിച്ച് പോകാന്‍ നാം മുന്നോട്ട് വരണം. വര്‍ഗീയ ശക്തികളെ എല്ലാം ഒരുമിച്ച് കൂട്ടാന്‍ മതനിരപേക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ തയ്യാറാകുന്നത് ആരെ പ്രോത്സാഹിപ്പിക്കാനാണ്. അവര്‍ക്കിതിന്റെ ആപത്ത് മനസ്സിലാകാത്തത് നിറഞ്ഞ് നില്‍ക്കുന്ന ഇടതുപക്ഷം ഉള്ളത് കൊണ്ടാണ്. നാട്ടില്‍ വര്‍ഗീയമായ എന്തെങ്കിലും പ്രശ്നം വന്നാലും ഇടതുപക്ഷം ചാടിവീഴും. നാടിന്റെ പൊതുവായ വികാരമാണതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഷാജ് കിരൺ വിളിച്ചത് ശരി, സ്വപ്നയെ ഇൻ്റർവ്യൂ ചെയ്യാനായിരുന്നു – നികേഷ് കുമാർ

സ്വർണക്കടത്ത് വിവാദത്തിൽ തന്റെ പേര് വലിച്ചിഴയ്ക്കാൻ താത്പര്യമുള്ളവർ സ്വപ്‌നയ്ക്ക് പിന്നിലുണ്ടെന്ന് റിപ്പോർട്ടർ ടിവി എംഡി എം.വി നികേഷ് കുമാർ. ഇക്കാര്യത്തിൽ എച്ച്ആർഡിഎസിനെ സംശയമുണ്ടെന്നും എം.വി നികേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അടുത്ത് പരിചയമുണ്ട്, എന്നാൽ അദ്ദേഹത്തിന് വേണ്ടി മധ്യസ്ഥനാകാനില്ലെന്നും നികേഷ് കുമാർ പറഞ്ഞു.
‘സ്വപ്‌നാ സുരേഷ് ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞത് നികേഷ് കുമാർ മുഖ്യമന്ത്രിയുടെ ശബ്ദവും നാക്കുമാണെന്ന് ഷാജ് കിരൺ പറഞ്ഞു എന്നാണ്. ഷാജ് കിരൺ എന്നെ ബോധപൂർവം കുടുക്കാൻ വേണ്ടി ഒരു അഭിമുഖത്തിന് വേണ്ടി എന്നെ ക്ഷണിച്ചുവെന്ന നിലയിലാണ് ഞാൻ മനസിലാക്കുന്നത്. ഇന്ന് ഓഡിയോ ടേപ്പ് പുറത്ത് വിട്ടപ്പോൾ ഷാജ് കിരൺ അത്തരമൊരു കാര്യം പറയുന്നില്ല. കഴിഞ്ഞ ദിവസം രണ്ട് മൂന്ന് വട്ടം ഷാജ് കിരൺ എന്നെ ഫോണിൽ വിളിച്ചിരുന്നു. എനിക്ക് എടുക്കാൻ സാധിച്ചില്ല. സർ വെരി അർജന്റ്, സ്വപ്‌നാ സുരേഷ് കേസ് എന്ന് ഒരു മെസേജ് അയച്ചു. ഞാൻ എന്റെ 9 വരെ യുള്ള ഷോ കഴിഞ്ഞ ശേഷം ഈ മെസേജ് കണ്ട് ഷാജ് കിരണിനെ തിരികെ വിളിച്ചു. സ്വപ്നയെ കൊണ്ട് ഇതെല്ലാം പറയിക്കുന്നത് അഭിഭാഷകനാണെന്നും സന്നദ്ധ സംഘടനയുടെ തടവിലാണ് സ്വപ്‌നയെന്നും, അവർക്ക് കാര്യങ്ങൾ തുറന്ന് പറയണമെന്ന് ആഗ്രഹമുണ്ടെന്നും ഷാജ് പറഞ്ഞു. സ്വപ്‌നയുമായി അഭിമുഖം നടത്താൻ അങ്ങനെ തയാറായി. പക്ഷേ അവിടെ പോകാൻ സാധിച്ചില്ല. പോകാതിരുന്നത് നന്നായി’- നികേഷ് കുമാർ പറഞ്ഞു.

ഗ്രാമീണ ബാങ്ക് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, ബിരുദ ധാരികൾക്ക് അവസരം

കേരള ​ഗ്രാമീൺ ബാങ്ക് ഒഴിവുകളിലേക്ക് (Kerala Gramin Bank Recruitment) അപേക്ഷ ക്ഷണിച്ചു.  ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്), ഓഫിസർ തസ്തികകളിൽ (Common Recruitment) കോമൺ റിക്രൂട്ട്മെന്റിനായി (IBPS) ‘ഐ.ബി.പി.എസ്’ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  ഓഫിസർ തസ്തികയിൽ 84 ഒഴിവുകളും ഓഫിസ് അസിസ്റ്റന്റ് തസ്തികയിൽ 61 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. റിക്രൂട്ട്മെന്റ് വിജ്ഞാപനം http://www.ibps.in ൽ കാണാം

ഓരോ സംസ്ഥാനത്തിലെയും ബാങ്കുകളിൽ ഓരോ തസ്തികയിലും ലഭ്യമായ ഒഴിവുകളും യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും സംവരണവും സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. 

ഓഫീസർ (സ്കെയിൽ)/1 അസിസ്റ്റന്റ് മാനേജർ തസ്തികക്ക് ബിരുദമാണ് യോ​ഗ്യത മാനദണ്ഡം. അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ഫോറസ്ട്രി അനിമൽ ഹസ്‍ബന്ററി, വെറ്ററിനറി സയൻസ്, അഗ്രികൾച്ചറർ എൻജിനീയറിങ്, പിസികൾച്ചർ, അഗ്രികൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോഓപറേഷൻ, ഇൻഫർമേഷൻ ടെക്നോളജി മാനേജ്മെന്റ്, ലോ ഇക്കണോമിക്സ്, അക്കൗണ്ടൻസി എന്നിവയിൽ ബിരുദമുള്ളവർക്ക് മുൻഗണന. പ്രാദേശിക ഭാഷ പരിജ്ഞാനം, കമ്പ്യൂട്ടർ വർക്കിങ് നോളജ് എന്നിവ അഭിലഷണീയം. പ്രായപരിധി 21-32/40. സംവരണ വിഭാഗങ്ങൾക്ക്  പ്രായത്തിൽ നിയമാനുസൃത ഇളവുണ്ട്. ജനറൽ ബാങ്കിങ് ഓഫിസർ (സ്കെയിൽ II)/ മാനേജർ/സ്‍പെഷലിസ്റ്റ് ഓഫിസർ/ സീനിയർ മാനേജർ തസ്തികകൾക്ക് 1-5 വർഷംവരെ പരിചയം വേണം. 

അപേക്ഷ ഫീസ് 850 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി/ വിമുക്തഭടന്മാർ വിഭാഗങ്ങളിൽപെടുന്നവർക്ക് 175 രൂപയാണ് ഫീസ്. ഓഫിസ് അസിസ്റ്റന്റ് (മൾട്ടി പർപ്പസ്) തസ്തികക്ക്  അപേക്ഷിക്കാൻ ബിരുദവും പ്രാദേശിക ഭാഷാപരിജ്ഞാനവുമാണ് യോ​ഗ്യത.  കമ്പ്യൂട്ടർ വർക്കിങ് നോളജ് അഭിലഷണീയം. 18നും 28നും ഇടയിലായിരിക്കണം പ്രായം.  ഓൺലൈനിയിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 27 ആണ്  തിരഞ്ഞെടുപ്പിനായുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷ ആഗസ്റ്റിലും മെയിൻ പരീക്ഷ സെപ്റ്റംബർ/ഒക്ടോബർ മാസത്തിലും നടക്കും.

എട്ടാം ക്ലാസുകാർക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പ്രവേശനം, അപേക്ഷ ഇപ്പോൾ

സര്‍ക്കാര്‍ – എ‍യി‍ഡഡ് ഹൈസ്കൂളുകളില്‍ നിലവിലുള്ള ‘ലിറ്റില്‍ കൈറ്റ്സ്’ ക്ലബുകളില്‍ (little kites club) അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 21 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും ഓരോ സ്കൂളിലേയും ക്ലബുകളിലേക്ക് തിരഞ്ഞെടുക്കുന്നത് അഭിരുചി പരീക്ഷ വഴിയാണ്. ഇത് സംസ്ഥാനതലത്തില്‍ ജൂലൈ 2ന് നടക്കും.

അപേക്ഷ

സ്കൂളുകളില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തില്‍ കുട്ടികള്‍ പ്രഥമാധ്യാപകര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

സോഫ്റ്റ്‍വെയര്‍ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിരുചി പരീക്ഷയില്‍ ലോജിക്കല്‍, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്കായി  ജൂണ്‍ 23, 24, 25  തീയതികളില്‍ പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ അറിയിച്ചു.

വളരാൻ അവസരം, അവസരങ്ങൾ കണ്ടെത്താനും നല്ലത്

അംഗങ്ങളായി തെരഞ്ഞെടുക്കുന്നവര്‍ക്ക് ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ,  മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ- ഗവേണൻസ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നല്‍കും. സ്കൂൾപ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളില്‍ എ ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പത്താംക്ലാസ് പരീക്ഷയില്‍ ഗ്രേസ് മാര്‍ക്കും പ്ലസ്‍വണ്‍ പ്രവേശനത്തിന് ബോണസ് പോയിന്റും അനുവദിച്ചിട്ടുണ്ട്.

കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ‘ലിറ്റില്‍ കൈറ്റ്സ്’ ഐടി ക്ലബില്‍ ഇതുവരെ 2.89 ലക്ഷം കുട്ടികള്‍ അംഗങ്ങളായിട്ടുണ്ട്. രക്ഷകര്‍ത്താക്കള്‍ക്കുള്ള സൈബര്‍ സുരക്ഷാ പരിശീലനം, ഡിജിറ്റല്‍ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിലെ സ്കൂള്‍ വാര്‍ത്തകള്‍, പൊതുജനങ്ങള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കല്‍, സ്കൂള്‍ ടിവി തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ നടത്തിവരുന്നുണ്ട്.  വിശദാംശങ്ങള്‍ www.kite.kerala.gov.in-ല്‍ ലഭ്യമാണ്.

വിജിലൻസ് മേധാവിയെ മാറ്റി, തീരുമാനം സ്വപ്ന കേസിന് പിന്നാലെ

വിജിലന്‍സ് മേധാവി എം.ആര്‍ അജിത് കുമാറിനെ പദവിയിൽ നിന്നും മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആഭ്യന്തര വകുപ്പിന് ഇതു സംബന്ധിച്ച് നിര്‍ദേശം വന്നിരുന്നു. സ്വപ്‌ന സുരേഷ് വെളിപ്പെടുത്തൽ വിവാദത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി.

വിജിലന്‍സ് ഐജി എച്ച്. വെങ്കിടേഷിനാണ് പകരം ചുമതല. അജിത്ത് കുമാറിന് പുതിയ ചുമതല നല്‍കിയിട്ടില്ല.

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിവാദത്തില്‍ മധ്യസ്ഥാനായെത്തിയ ഷാജ് കിരണുമായി എം.ആര്‍ അജിത്ത് കുമാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് സ്വപന സുരേഷ് പറഞ്ഞിരുന്നു. തുടർന്ന് ഇത് സംബന്ധിച്ച് ഇന്റലിജന്‍സ് അന്വേണം നടത്തിയിരുന്നു.

സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയവും അജിത്ത് കുമാറിനെതിരേയുള്ള ആരോപണമായിരുന്നു.

ഷാജ് കിരണുമായി ഫോണിൽ സംസാരിച്ചെന്ന ആരോപണം എഡിജിപി വിജയ് സാഖറെ തള്ളിയിട്ടുണ്ട്. വിജിലൻസ് മേധാവി എം ആർ അജിത് കുമാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഷാജ് കിരൺ കൊച്ചിയിൽ മാധ്യമ പ്രവർത്തകനായിരിക്കെ സിറ്റി പൊലീസ് കമ്മീഷണർ ആയിരുന്നു എം ആർ അജിത് കുമാർ. സരിത്തിനെ കസ്റ്റഡിയിലടുത്ത വിവരം ഷാജ് കിരൺ ആദ്യമറിഞ്ഞത് എം ആർ അജിത് വഴിയാണെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. അതേസമയം സ്വപ്ന ആത്മഹത്യ ചെയ്യുമെന്ന് പേടിച്ചാണ് വിജിലൻസിനേയും നികേഷ് കുമാറിനേയും വിളിച്ചതെന്നും തനിക്ക് വിജിലൻസ് മേധാവിയുടെ നമ്പർ കിട്ടിയത് ഇന്റർനെറ്റിൽ നിന്നുമാണെന്നും ഷാജ് കിരൺ പറഞ്ഞു. സ്വപ്‌ന ആത്മഹത്യ ചെയ്താൽ താൻ പെടുമെന്ന് പേടിച്ചാണ് അഭിമുഖത്തിന് വേണ്ടി നികേഷ് കുമാറിനെ വിളിച്ചത്. താൻ ആരുടേയും ദൂതനല്ലെന്നും സിപിഐഎമ്മുമായി ബന്ധമില്ലെന്നും ഷാജി കിരൺ പറഞ്ഞു.

https://www.reporterlive.com/kerala/vigilance-director-mr-ajith-kumar-has-replaced-following-allegations-of-swapna-82890

ബിരുദതല പരീക്ഷ, ഉദ്യോഗാർഥികളെ വലച്ച് കേരള പി എസ് സി

  42 തസ്തികളിലേക്കായി പി.എസ്.സി നടത്തിയ ബിരുദതല പ്രാഥമിക പരീക്ഷയുടെ ഫലം ഇനിയും തയ്യാറായില്ല. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എസ്.ഐ., എക്‌സൈസ്ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങി തസ്തികകളിലേക്ക് നടന്ന പരീക്ഷയുടെ ഫലം ഇനിയെന്നുവരുമെന്ന കാത്തിരിപ്പിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

കഴിഞ്ഞ രണ്ടുവര്‍ഷമായി വിവിധ തസ്തികകള്‍ക്ക് അപേക്ഷിച്ചവരാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്. മെയ് അവസാനം ബിരുദതല പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നുമാണ് പി.എസ്.സി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ പരീക്ഷയുടെ ഘട്ടങ്ങൾ പൂർത്തിയാക്കാൻ പോലും കഴിഞ്ഞിട്ടില്ല.

കാത്തിരിപ്പ് അഞ്ചു വർഷം നഷ്ടമാക്കും

മൂന്ന് ഘട്ടമുണ്ടായിരുന്ന പ്രാഥമിക പരീക്ഷയുടെ രണ്ട് ഘട്ടം മാത്രമാണ് ഇതുവരെ നടന്നത്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ്, സെക്രട്ടേറിയറ്റ്/പി.എസ്.സി.അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിച്ച നാലാം കാറ്റഗറി ഭിന്നശേഷിക്കാര്‍ക്കാണ് മൂന്നാംഘട്ടമായി പരീക്ഷ നടത്തേണ്ടത്. ജൂലൈ 23 നാണ് ഈ പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷയുടെ മൂല്യനിര്‍ണയം കഴിഞ്ഞാലേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനാകൂ.

നോട്ടിഫിക്കേഷൻ മുതൽ നിയമനം, വരെ യുവത്വം തീരും

നോട്ടിഫിക്കേഷന്‍ വന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് പരീക്ഷ നടന്നത്. രണ്ടുഘട്ട പരീക്ഷാസമ്പ്രദായത്തില്‍ ആദ്യഘട്ടം തന്നെ ഇത്ര വൈകുന്നതാണ് ഉദ്യോഗാര്‍ത്ഥികളെ വലയ്ക്കുന്നത്. പ്രാഥമിക പരീക്ഷയ്ക്ക് പുറമേ മെയിന്‍ പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിങ്ങനെ നിരവധി കടമ്പകളാണ് എസ്.ഐ, എക്‌സൈസ്ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ജയിലര്‍ തുടങ്ങിയ തസ്തികകള്‍ക്കുള്ളത്. ഫലത്തില്‍ അഞ്ച് വര്‍ഷത്തോളമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാത്തിരിക്കേണ്ടി വരിക

എൻ്റെ സെക്സ് വീഡിയോ ഉണ്ടെങ്കിൽ ദയവായി എല്ലാവരും കാണണം, ശരിയാണോ എന്ന് അന്വേഷിക്കണം- സ്വപ്ന സുരേഷ്

അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സ്വപ്‌ന സുരേഷ്. ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. തന്റെ ബാത്‌റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് അറിയില്ല.

ഇനി അതല്ലെങ്കിൽ എല്ലാവരും അത് കാണണം. സത്യം അന്വേഷിച്ചറിയണം എന്നും അവർ തുടർന്നു.

‘മാധ്യമ പ്രവര്‍ത്തകരോടെല്ലാം എന്റെ സെക്‌സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരണ്‍ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങള്‍ പറഞ്ഞാണ്. ബാത്‌റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കില്‍ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതില്‍ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാന്‍ പറയുന്നില്ല. ആരും എന്നെ സഹായിക്കാന്‍ പോകുന്നില്ല’, സ്വപ്‌ന പറഞ്ഞു.

‘ഇനി ഷാജ് പറയുന്നത് പോലെ. അങ്ങനെയൊരു സെക്‌സ് വീഡിയോ ഉണ്ടെങ്കില്‍ ദയവായി എല്ലാവരും അത് കാണണമെന്ന് അഭ്യര്‍ഥിക്കുന്നു. 100 ശതമാനം കണ്ടുകഴിഞ്ഞിട്ട് അത് ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഒരുപെണ്‍കുട്ടിയെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്’, സ്വപ്‌ന പറഞ്ഞു.

ആത്മഹത്യാ ഭീഷണിയല്ല

മാനസികമായി തളര്‍ന്നതുകൊണ്ടാണ് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്. ഷാജ് കിരണിന്‍റെയെല്ലാം ഭീഷണി കാരണം സത്യങ്ങളൊന്നും വെളിയില്‍ വരില്ലെന്ന് മനസിലായതോടെ മനംമടുത്തു. ആ ഘട്ടത്തിലാണ് ഷാജ് കിരണിനോട് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞതെന്നും സ്വപ്‌ന പറഞ്ഞു.

ഷാജ് കിരണ്‍ പറയുന്ന ഒന്നാം നമ്പറുകാരന്‍ മുഖ്യമന്ത്രി തന്നെയാണ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകള്‍ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്‌സ് ചര്‍ച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ. (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റഗുലേഷന്‍ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ശബ്ദരേഖ പുറത്തുവിട്ടത് കേസില്‍നിന്ന് രക്ഷപ്പെടാനല്ല. തന്റെ സത്യസന്ധത തെളിയിക്കാനാണ്. തന്നെ ആക്രമിക്കാന്‍ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നല്‍കിയതെന്നും സ്വപ്‌ന വെളിപ്പെടുത്തി. സുഹൃത്തായ ഷാജിനെ കുടുക്കാന്‍ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഭയന്നുപോയി. ഷാജ് കിരണിനെ വര്‍ഷങ്ങള്‍ക്ക് മുമ്പെ അറിയാമെന്നും പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്‌ന പറഞ്ഞു.

മുഖ്യമന്ത്രി മാറി നിൽക്കണം – വി ഡി സതീശൻ

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങളില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായ മറുപടി പറയണം. ഇത്രയേറെ ആരോപണങ്ങള്‍ വന്നിട്ടും കേന്ദ്ര ഏജന്‍സികള്‍ മൗനത്തിലാണ്. ബിജെപിയുമായുള്ള ധാരണയാണ് ഇതിന് പിന്നിലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി


ഇടനിലക്കാരനായ മാധ്യമപ്രവര്‍ത്തകനെ ചോദ്യം ചെയ്യണം. കേന്ദ്ര ഏജന്‍സികളെ വിശ്വാസമില്ലെന്നും സ്വപ്ന സുരേഷിന്റെ ശബ്ദരേഖയിലുള്ള കാര്യങ്ങള്‍ ഹൈക്കോടതി നേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിവാദത്തില്‍ ക്ലീഷേ വാചകങ്ങള്‍ പറയാതെ കൃത്യമായി സിപിഐഎമ്മും മുഖ്യമന്ത്രിയും കൃത്യമായി മറുപടി പറയണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകന്‍ ഷാജ് കിരണ്‍ പൊലീസ് വിട്ട ഇടനിലക്കാരന്‍ ആയിരുന്നോ എന്നും സംശയം പ്രകടിപ്പിച്ചു. ഇങ്ങനെയാണോ പൊലീസ് ഈ കേസ് കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.