ചാരവൃത്തി കേസിൽ മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചതിൽ ഇന്ത്യയുടെ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി

ചാരവൃത്തി ആരോപിക്കപ്പെട്ട കേസിൽ ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെയാണ്  കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്.

വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല.  ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് എട്ടുപേര്‍ക്കെതിരായ കുറ്റമെന്നാണ് വിവിധ ഇന്ത്യന്‍, അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.

ഖത്തറിൻ്റെ സ്വകാര്യ മുങ്ങിക്കപ്പൽ പ്രോജക്ടിലായിരുന്നു അറസ്റ്റിലായ ഉദ്യോഗസ്ഥർ. ഖത്തര്‍ നാവികസേനയ്ക്ക് പരിശീലനം നല്‍കുന്നതിനായി കരാറില്‍ ഏര്‍പ്പെട്ട ദഹ്‌റ ഗ്ലോബല്‍ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഭാഗമായാണ് ഇവര്‍ ദോഹയിലെത്തിയത്. ചാരവൃത്തി സംശയിച്ച് അല്‍ ദഹ്റ കമ്പനി പൂട്ടി മറ്റ് 75 ജീവനക്കാരെ ഖത്തര്‍ തിരിച്ചയച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഡൽഹിയിലെ അഫ്ഗാൻ എംബസി പൂട്ടി

0

ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ അഫ്ഗാനിസ്താന്‍ എംബസി അടച്ചുപൂട്ടി. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്നുള്ള നിരന്തരമായ വെല്ലുവിളികളെത്തുടര്‍ന്നാണ് അടച്ചുപൂട്ടലെന്ന് അഫ്ഗാന്‍ എംബസി അറിയിച്ചു. നവംബര്‍ 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായും എംബസി വ്യക്തമാക്കി.

രണ്ടാം തവണയാണ് എംബസി അടച്ചുവെന്ന പ്രസ്താവന അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥർ പുറത്തിറക്കുന്നത്. നവംബർ ഒന്നിനും സമാനമായ നിലയിൽ പ്രസ്താവയിറക്കിയിരുന്നു. ദില്ലിയിലുളള എംബസി അഫ്ഗാനിൽ ഭരണത്തിലുളള താലിബാന് കൈമാറണോ എന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാം. നിലവിൽ താലിബാൻ ഭരണത്തോട് നയതന്ത്ര ബന്ധം വേണ്ടെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ദില്ലിയിലുളള അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നയതന്ത്ര പരിരക്ഷ നൽകുന്നതിലും കേന്ദ്രം തീരുമാനമെടുത്തിരുന്നില്ല.  

നേരത്തേ സെപ്റ്റംബര്‍ 30-ന് എംബസി താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരില്‍നിന്ന് അനുകൂല സമീപനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഈ നീക്കം. ഇപ്പോള്‍ സ്ഥിരമായി അടച്ചുപൂട്ടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു.

എല്ലാ അഫ്ഗാന്‍ നയതന്ത്രജ്ഞരും ഇന്ത്യ വിട്ടു. കഴിഞ്ഞ 22 വര്‍ഷമായി അഫ്ഗാന്‍ എംബസി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2021-ല്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണം പിടിച്ചശേഷം ഡല്‍ഹിയിലെ എംബസിക്കകത്തുണ്ടായ ആഭ്യന്തര പ്രശ്‌നങ്ങളും നയ-താത്പര്യങ്ങളിലുണ്ടായ മാറ്റങ്ങളും വാർത്തയായിരുന്നു. താലിബാൻ അനുകൂലവും എന്നാൽ പഴയ ഗവൺമെൻ്റിൽ കൂറുള്ളതുമായ നിലപാടുകൾ ഉണ്ടായി.

ഗാസയിൽ ആക്രമണത്തിന് ഇടവേള, നാലു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചു

0

ഇസ്രയേൽ – ഹമാസ് യുദ്ധത്തിന് ഇടവേള. നാലുദിവസത്തെ വെടിനിര്‍ത്തലിനാണ്‌ ഖത്തറിന്റെ മധ്യസ്ഥതയിൽ ചേർന്ന യോഗത്തിൽ ഇരുവിഭാഗങ്ങളും സമ്മതിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ഇസ്രയേൽ ആക്രമണം നിർത്തിവെച്ചു. വെടിനിർത്തലിന് തൊട്ട് മണിക്കൂറുകൾ മുമ്പ് വരെ ഗാസയിലെ ആശുപത്രിയിൽ ഇസ്രയേൽ ബോംബ് വര്‍ഷിച്ചു.
ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ആണ് ആക്രണണം റിപ്പോര്‍ട്ട് ചെയ്തത്.

ആദ്യഘട്ടത്തിൽ, ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുന്ന 13 പേരെയാണ് മോചിപ്പിക്കുക. ഇസ്രയേൽ ജയിലിൽ കഴിയുന്ന പലസ്തീനികളെയും വിട്ടുനൽകുമെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴ് മണിമുതലാണ് വെടിനിര്‍ത്തല്‍ ആരംഭിക്കുക.

വൈകുന്നേരം നാലുമണിയോടു കൂടിയായിരിക്കും ആദ്യഘട്ടത്തിൽ ബന്ദി കൈമാറ്റം. അടുത്ത നാല് ദിവസങ്ങളിലായി 50 ബന്ദികളെ ഹമാസ് മോചിപ്പിക്കും. ഇന്ധനം അടക്കമുള്ള അവശ്യവസ്തുക്കളടങ്ങിയ 200 ഓളം ട്രക്കുകൾ ഗാസയിൽ എത്തുമെന്ന് ഹമാസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ട് ചെയ്തു.

അതേസമയം, ഹമാസ് ബന്ദികളെ പാർപ്പിച്ചിരിക്കുന്ന സങ്കേതങ്ങൾ അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി സന്ദർശിക്കണമെന്ന് നിർദിഷ്ട വെടിനിർത്തൽക്കരാറിൽ പറയുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടു.

വെടിനിർത്തലിന് മുൻപ് കനത്ത ആക്രമണം അഴിച്ചു വിട്ട് ഇസ്രയേൽ

ജബലിയ അഭയാർഥിക്യാമ്പിനുനേരെയും ബെയ്ത് ഹനൂനിലെ ജനവാസകേന്ദ്രം, പള്ളി എന്നിവയ്ക്കുനേരെയും വ്യാഴാഴ്ച ആക്രമണമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മുന്നൂറിലേറെ ഹമാസ് താവളങ്ങൾ തകർത്തതായി ഇസ്രയേൽസേന അവകാശപ്പെട്ടു.

പലസ്തീനികൾക്ക് അഭയം നൽകുന്ന യുഎൻആർഡബ്ല്യുഎ സ്കൂളിലും ആക്രമണമുണ്ടായി. പോരാട്ടം നിർത്തുന്നതിന് മുന്നോടിയായി ഇന്തോനേഷ്യൻ ആശുപത്രിയിൽ തീവ്രമായ ബോംബാക്രമണമുണ്ടായതായി ഗാസയിലെ പലസ്തീൻ ആരോഗ്യമന്ത്രാലയ വക്താവ് അഷ്റഫ് അൽ ഖുദ്ര പറഞ്ഞു.

ഗാസ മുനമ്പിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ താൽക്കാലിക ഉടമ്പടി ബാധകമാകും. മോചിപ്പിക്കപ്പെടുന്നവരെല്ലാം സ്ത്രീകളും കുട്ടികളുമാണ്. ഗാസ മുനമ്പിലെ ഭയാനകമായ മാനുഷിക സാഹചര്യങ്ങളെക്കുറിച്ച് സഹായ ഏജൻസികൾ തുടർച്ചയായ മുന്നറിയിപ്പുകൾ നൽകുന്നതിനാൽ വിവിധ തരത്തിലുള്ള സഹായങ്ങളും കരാറിന്റെ ഭാഗമായി ഗാസയിലെത്തിക്കും.

കരാർ പ്രകാരം വെടിനിർത്തൽ ആരംഭിച്ചാൽ ഗാസയിലേക്ക് പ്രവേശിക്കാൻ ഏകദേശം 1,300 ടൺ ഭക്ഷ്യ വസ്തുക്കളുമായി നൂറിലധികം ട്രക്കുകൾ തയാറാണെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം അറിയിച്ചിട്ടുണ്ട്. താൽക്കാലിക വെടിനിർത്തൽ ഒരു പ്രധാന ചുവടുവയ്പാണെങ്കിലും സമ്പൂർണ വെടിനിർത്തലിന് മാത്രമേ ഗാസയിലെ മാനുഷികാവശ്യങ്ങൾ ശരിയായി നിറവേറ്റാൻ സാധ്യമാക്കൂയെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ മിഡിൽ ഈസ്റ്റ് വക്താവ് അബീർ എറ്റെഫ പറഞ്ഞു.

130,000 ലിറ്റർ ഡീസലും നാല് ട്രക്കുകളിൽ ഗ്യാസും നാല് ദിവസത്തെ വെടിനിർത്തലിൽ ഗാസയിലേക്ക് ദിവസവും എത്തിക്കുമെന്ന് ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈജിപ്ത് 75,000 ലിറ്റർ ഇന്ധനം ഗാസയിലേക്ക് നൽകിയിരുന്നു.

ഒന്നരമാസമായിത്തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 14,500 കടന്നു. 13,300 പലസ്തീൻ ജനങ്ങളാണ് കൊല്ലപ്പെട്ടത്. ഇതിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ഹമാസ് തുടങ്ങി വെച്ച ആക്രമണത്തിൽ 1200 ഇസ്രയേൽ പൌരൻമാരും കൊല്ലപ്പെട്ടു.

വൻ പൊലീസ് സന്നാഹത്തോടെ റോബിൻ ബസ് പിടിച്ചെടുത്തു, എ ആർ ക്യാമ്പിലേക്ക് മാറ്റി

0

മോട്ടോർ വാഹനവകുപ്പും റോബിന്‍ ബസ് സർവ്വീസ് ഉടമകളുമായുള്ള പ്രശ്‌നത്തില്‍ കടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ റോബിന്‍ ബസ് വീണ്ടും എം.വി.ഡി. പിടിച്ചെടുത്തു. മാത്രമല്ല വന്‍ പോലീസ് സന്നാഹത്തോടെ എത്തിയാണ് ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്. ഒരു ബസിനെതിരെ സംസ്ഥാനത്ത് ഉണ്ടാവുന്ന ഏറ്റവും വലിയ സന്നാഹത്തോടെയുള്ള നടപടിയാണ്.

ഹൈക്കോടതി ഉത്തരവ് മറികടക്കും വിധം തുടര്‍ച്ചയായി പെര്‍മിറ്റ് ലംഘനം നടത്തിയെന്ന നടപടി ചൂണ്ടികാട്ടിയാണ് പിടിച്ചെടുക്കൽ. മാത്രമല്ല ബസ് വൻ കുറ്റവാളിയെ പോലെ പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റി. തുടര്‍ച്ചയായി നിയമലംഘനം ആവര്‍ത്തിച്ചാല്‍ വാഹനം പിടിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ടെന്നാണ് വകുപ്പ് വിശദീകരണം.

പൂരിപ്പിക്കാനാവാതെ കേന്ദ്ര സംസ്ഥാന നിയമങ്ങൾക്ക് ഇടയിലെ പഴുത്

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം. എന്നാല്‍, ഏത് പോയിന്റില്‍ നിന്നും ആളുകളെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണം.

അതിർത്തി മുതൽ അകമ്പടി, പിടിച്ചെടുക്കൽ

കോയമ്പത്തൂരില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട വാഹനം പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് ഏകദേശം 250 മീറ്റര്‍ മുന്‍പാണ് ഈ ബസ് പിടിച്ചെടുത്തത്. ജില്ലാ അതിര്‍ത്തിയില്‍നിന്ന് തന്നെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ബസിനെ പിന്തുടരുന്നുണ്ടായിരുന്നു. സ്റ്റാന്‍ഡിന് സമീപത്ത് എത്തിയതോടെ ബസ് പിടിച്ചെടുക്കുകയും പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റുകയുമായിരുന്നു. സുരക്ഷിതമായ പാര്‍ക്കിങ്ങ് കണക്കിലെടുത്താണ് പൊലീസ് ക്യാമ്പിലേക്ക് തന്നെ വൻ കുറ്റവാളിയെ കൊണ്ടുപോയത് എന്നാണ് വിശദീകരണം.

ബസ് പിടിച്ചെടുക്കാന്‍ പാടില്ല എന്ന ഹൈക്കോടതി വിധിയുടെ ലംഘനമാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയിരിക്കുന്നതെന്നാണ് റോബിന്‍ ബസുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

നിയമലംഘനം ചൂണ്ടിക്കാട്ടി ബസിന്റെ ഉടമസ്ഥനെതിരേ മോട്ടോര്‍വാഹന വകുപ്പ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, റോബിന്‍ ബസിലെ തൊഴിലാളികളായ മൂന്ന് ഡ്രൈവര്‍മാരുടെയും ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയും സ്വീകരിക്കുമെന്നാണ് വാർത്തകൾ. നിയമ വശങ്ങൾ പരിഗണിച്ച് ബസിൻ്റെ പെർമിറ്റ് തന്നെയും റദ്ദാക്കാനും ആലോചനയുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോബിന്‍ ബസിനെതിരേ തുടര്‍ച്ചയായ നടപടികളാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോസ്ഥര്‍ സ്വീകരിച്ച് വരുന്നത്.

ദിവസവും വൻ പിഴ അവസാനം കസ്റ്റഡി

ഇന്നലെയും മടക്കയാത്രയിൽ റോബിനെ എംവിഡി തടഞ്ഞിരുന്നു. പെർമിറ്റ് ലംഘനമെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപ പിഴും ചുമത്തിയിരുന്നു. മുൻപ് ചുമത്തിയ പിഴയടക്കം 15,000 രൂപ ഈടാക്കിയ ശേഷമാണ് ബസ് വിട്ടയച്ചത്. പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിൻ ബസിനെ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ബസ് വാളയാർ അതിർത്തി കടന്നപ്പോഴാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ബസ് 10,000 രൂപ പിഴ അടച്ചതിന് ശേഷമാണ് ഉടമയായ ഗിരീഷിന് വിട്ടുനൽകിയത്.

കെ എസ് ആർ ടിസിക്ക് വേണ്ടി

പത്തനംതിട്ടയിലെ റോബിൻ ബസിന്‍റേത് നിയമവിരുദ്ധ സ‍ർവ്വീസ് എന്ന് കെഎസ്ആർടിസി ഹൈക്കോടതിയിൽ. മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരായ റോബിൻ ബസിന്റെ ഹർജിയിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി കോടതിയിൽ അപേക്ഷ നൽകി. കെഎസ്ആർടിസിക്കും, സംരക്ഷിത പെർമിറ്റുടമകൾക്കും മാത്രം സർവ്വീസ് നടത്താൻ അനുമതി ഉള്ള ദേശസാത്കൃത റൂട്ടിൽ റോബിൻ ബസ്സിനെ അനുവദിക്കരുതെന്ന് കെഎസ്ആർടിസി കോടതിയിൽ ആവശ്യപ്പെട്ടു. മുൻകൂർ ബുക്ക് ചെയ്ത യാത്രക്കാരുമായി രണ്ടാഴ്ച സർവ്വീസ് നടത്താൻ റോബിൻ ബസിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല അനുമതി നൽകിയിരുന്നു. പിന്നാലെയാണ് കെഎസ്ആർടിസി ഹൈക്കോടതിയിലെത്തിയത്.  

മോഡിക്കെതിരായ ദുശ്ശകുനം പരാമർശത്തിൽ രാഹുലിന് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നൊട്ടീസ്

 പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മുൻനിർത്തിയുള്ള ദുശ്ശകുനം പരാമർശത്തിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ്. ഇന്ത്യ മികച്ച നിലയിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ദുശ്ശകുനം എത്തിയതിന് പിന്നാലെയാണ് പരാജയം ഉണ്ടായതെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

രാഹുൽ​ഗാന്ധി മറ്റന്നാൾ ആറ് മണിക്കുള്ളിൽ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമർശം.

‘ദുശ്ശകുനം’ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ദില്ലി പൊലീസിൽ പരാതി നൽകിയാണ് നീക്കം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കുറിക്ക് കൊള്ളുന്ന പരിഹാസം രാഹുല്‍ നടത്തിയത്. ഇന്ത്യന്‍ ടീം നല്ല രീതിയില്‍ കളിച്ച് വരികയായിരുന്നു. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്‍റെ താളം തെറ്റുകയും കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്സ്മാന്‍മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുൽ തിരിച്ചടി നല്‍കിയത്.

41 തൊഴിലാളികളുടെ ജീവൻ 11 ദിവസമായി തുരങ്കത്തിനകത്ത്, രക്ഷാ പ്രവർത്തനത്തിലെ അനിശ്ചിതത്വം തുടരുന്നു

ഉത്തരകാശിയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് തൊഴിലാളികൾ അകപ്പെട്ട സംഭവത്തിൽ രക്ഷാപ്രവർത്തനം അനിശ്ചിതത്വത്തിൽ തുടരുന്നു. ഡ്രില്ലിങ് മെഷീൻ പ്രവർത്തനം തടസ്സപ്പെട്ടിരിക്കയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ അടുത്തേക്ക് രക്ഷാപ്രവർത്തകർ മണിക്കൂറുകൾക്കുള്ളിൽ എത്തിയേക്കുമെന്നാണ് ഇപ്പോഴും ദേശീയ ദുരന്തനിവാരണസേന പറയുന്നത്. ഡ്രില്ലിങ് പ്രവൃത്തിയിൽ അപ്രതീക്ഷിത തടസ്സം നേരിട്ടതാണ് രക്ഷാപ്രവർത്തനം വൈകാൻ ഇടയാക്കിയത് എന്നാണ് പതിനൊന്നാമത്തെ ദിവസത്തെയും വിശദീകരണം.

കഴിഞ്ഞ ദിവസം രാത്രി ദൌത്യം പൂർത്തീകരിക്കും എന്നാണ് ഉറപ്പ് പറഞ്ഞിരുന്നത്. പിന്നീട് രാവിലെ എന്നായി. 11 ദിവസം കഴിഞ്ഞിട്ടും എത്തിപ്പെടാൻ പറ്റാത്ത നിസ്സഹായതയിലാണ് തൊഴിലാളികൾ കുരുങ്ങിപ്പോയിരിക്കുന്നത്. ഹൈവേ അതോറിറ്റി ആധുനിക മാനദണ്ഡങ്ങൾ ഉറപ്പ് വരുത്തിയില്ല എന്ന പരാതിയാണ് ഉയർന്നത്. അന്താരാഷ്ട്ര ടണൽ വിദഗ്ധൻ ആർനോൾഡ് ഡിക്സ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. എന്നാൽ നിശ്ചിതമായി ഒന്നും പറയാനാവുന്ന സാഹചര്യമല്ല എന്നാണ് വാർത്തകൾക്ക് അപ്പുറം അദ്ദേഹം പ്രതികരിക്കുന്നത്.

ഏറെ ശ്രദ്ധയോടെയാണ് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതെന്നാണ് വിശദീകരണം. വെള്ളിയാഴ്ചയ്ക്കുള്ളിൽ കുടുങ്ങിയ തൊഴിലാളികളുടെ അടുത്ത് എത്താനാകുമെന്നാണ് വിദഗ്ധരെ ഉദ്ദരിച്ച് വാർത്ത നൽകുന്നത്. രാവിലെ തൊഴിലാളികളുടെ അടുത്ത് എത്താൻ കഴിയും എന്ന് പറഞ്ഞിരുന്നു. എന്നാൽ ഡ്രില്ലിങ് ജോലികളിൽ തടസ്സം നേരിട്ടതിനെത്തുടർന്ന് രക്ഷാപ്രവർത്തനം താത്ക്കാലികമായി നിർത്തിവച്ചിരുന്നു. ഡ്രില്ലിങ്ങിനിടെ ഇനിയും തടസ്സങ്ങൾ ഉണ്ടാവാം എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.

വ്യാഴാഴ്ച രാവിലെ തൊഴിലാളികളെ പുറത്തെത്തിക്കാനാകുമെന്നായിരുന്നു ആദ്യം റിപ്പോർട്ടുകൾ. എന്നാൽ, അവശിഷ്ടങ്ങൾക്കിടയിലുണ്ടായിരുന്ന ഇരുമ്പുദണ്ഡുകൾ ശ്രമത്തിന് വിഘാതമായി. തുടർന്ന് ഡ്രില്ലിങ് നിർത്തി വയ്ക്കേണ്ടിവന്നിരുന്നു.

ദിവസങ്ങളോളം സൂര്യവെളിച്ചമേൽക്കാതെയും സാധാരണഭക്ഷണമോ പുറംലോകത്തെ വായുവോ ശ്വസിക്കാതെയും കഴിയുന്ന തൊഴിലാളികളുടെ നില ആശങ്കാ ജനകമാണ്.

നവംബർ 12 പുലർച്ചെ 5.30-നായിരുന്നു ഉത്തരാഖണ്ഡിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്നത്. നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ ഭാഗമാണ് തകർന്നുവീണത്. തുടർന്ന്, ദേശീയ ദുരന്തനിവാരണസേനയും സംസ്ഥാന ദുരന്തനിവാരണസേനയും ചേർന്ന് ആരംഭിച്ച രക്ഷാപ്രവർത്തനമാണ് 12-ാം ദിവസവും തുടരുന്നത്.

ടണലിനുള്ളിൽ തകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ ഡ്രിൽ ഉപയോഗിച്ച് ദ്വാരം ഉണ്ടാക്കി സ്റ്റീൽ പൈപ്പ് കടത്തിവിടാനും ഇതുവഴി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷപ്പെടുത്താനുമായിരുന്നു ആദ്യശ്രമം. 900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റിയത്. ഇതിനിടയിലും പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായി.

ഉത്തരകാശിയിലെ ദണ്ഡൽഗാവിനേയും സിൽക്യാരയേയും ബന്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.

ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ല, ഭരണഘടനാ മുന്നറിയിപ്പുമായി സുപ്രീം കോടതി

ഗവർണർ രാജിനുള്ള ശ്രമങ്ങൾക്ക് എതിരെ ജനാധിപത്യപരമായ മുന്നറിയിപ്പുമായി സുപ്രീം കോടതി. ഇന്ത്യൻ ഭരണഘടന പ്രകാരം ബില്ലുകള്‍ തടഞ്ഞുവച്ചുകൊണ്ട് ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കേസിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെ സുപ്രധാന വിധി.

ബില്ലുകള്‍ മുന്നിലെത്തുമ്പോള്‍ മൂന്ന് സാധ്യതകളാണ് ഗവര്‍ണർക്കുള്ളത്. ഒന്നുകിൽ ബില്ലിന് അനുമതി നല്‍കുക. അല്ലെങ്കില്‍ ബില്ല് തടഞ്ഞുവയ്ക്കാം. ഇവ രണ്ടുമല്ലെങ്കില്‍ രാഷട്രപതിയുടെ അഭിപ്രായം തേടാം. ഭരണഘടനാ അനു​ച്ഛേദം 200 പ്രകാരം ബില്ലുകള്‍ നിയമസഭയ്ക്കുതന്നെ തിരിച്ചയച്ച് മാറ്റങ്ങള്‍ നിര്‍ദേശിക്കാനുള്ള സ്വാതന്ത്ര്യവും ഗവര്‍ണര്‍ക്കുണ്ട്. മാറ്റങ്ങൾ ഉൾപ്പെടുത്തിയോ അല്ലാതെയോ നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കാണ് അധികാരമെന്നും സുപ്രീംകോടതി പറഞ്ഞു. രാഷട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവര്‍ണര്‍. തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് നിയമനിർമാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവാദിത്തമെന്നും സുപ്രീംകോടതി ആവർത്തിച്ചു.

ഗവർണർമാർ വഴി പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തുടർച്ചയായി അനിശ്ചിതത്വം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പ്രശ്നം സുപ്രീം കോടിതിക്ക് മുന്നാലെ എത്തിയത്.

ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപനം ചർച്ചകളിൽ ഒതുങ്ങി

0

ഗസ്സയിലെ വെടിനിർത്തൽ വ്യാഴാഴ്ച രാവിലെ 10 മുതൽ ആരംഭിക്കുമെന്ന ധാരണ പാഴായി. ഗസ്സയിലെ ബന്ദികളെ വെള്ളിയാഴ്ചക്ക് മുമ്പ് മോചിപ്പിക്കില്ലെന്ന് ഇസ്രയേൽ വ്യക്തമാക്കി. നാല് ദിവസത്തെ കരാർ ഹമാസും ഇസ്രയേലും അംഗീകരിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നാണ് ഇസ്രയേൽ നിപലാട്.

വ്യോമാക്രമണവും കനത്ത ഷെല്ലാക്രമണവും തുടരുകയാണ്. നാല് ദിവസത്തെ ഇടവേള എപ്പോൾ ആരംഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. വെള്ളിയാഴ്ചക്ക് മുൻപ് ബന്ദികളെ മോചിപ്പിക്കാനാകില്ലെന്നാണ് ഇസ്രയേൽ വ്യക്തമാക്കിയത്.

48 ദിവസം നീണ്ട യുദ്ധത്തിന് ഒടുവിൽ ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്​ഥതയിലാണ് ഇസ്രായേല്‍ താൽകാലിക വെടിനിർത്തൽ കരാർ അംഗീകരിച്ചത്. 150 ഫലസ്​തീൻ തടവുകാർക്കു പകരം ഹമാസ്​ പിടിയിലുള്ള ബന്ദികളിൽ നിന്ന്​ 50 സ്​ത്രീകളെയും കുട്ടികളെയും കൈമാറാനാണ്​ കരാർ വ്യവസ്​ഥ.

വെടിനിർത്തലിന് പുറമേ, ഈ ദിവസങ്ങളിൽ ഗസ്സയിലേക്ക് ഇന്ധന ട്രക്കുകളും ദുരിതാശ്വാസ വാഹനങ്ങളും പ്രവേശിക്കാൻ അനുവദിക്കും. ഒക്‌ടോബർ ഏഴു മുതൽ ഗസ്സയിൽ 14,500-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിൽ ഹമാസിന്റെ ആക്രമണത്തിൽ ഔദ്യോഗികമായി മരിച്ചവരുടെ എണ്ണം 1,200 ആണ്.

“വഴിതെറ്റുന്ന യുവത്വം, വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ” സോഷ്യൽ മീഡിയയിൽ നിറഞ്ഞാടിയ ഉസ്താദ് പ്രകൃതി വിരുദ്ധ പീഡനത്തിന് അകത്തായി

മലപ്പുറത്ത് പതിമൂന്നുകാരനെ പീഡിപ്പിച്ച മത പ്രഭാഷകൻ തൻ്റെ പദവി ഉപയോഗിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനം നടത്തിയത്. സ്‌കൂൾ അധ്യാപികയോടാണ് പീഡനവിവരം വിദ്യാർത്ഥി പങ്കുവെച്ചത്. ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാൻ പേടിയായിരുന്നുവെന്നും കുട്ടി പറയുന്നുണ്ട്. തന്നെ ഇത്തരത്തിൽ നിരവധി തവണ ഭീഷണിപ്പെടുത്തി ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് പതിമൂന്നുകാരൻ മൊഴി നൽകിയത്.

സംഭവത്തില്‍ മമ്പാട് സ്വദേശി മുഹമ്മദ് ഷാക്കിർ ബാഖവിയാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് വലിയ ആശങ്കയായി മാറുകയാണ്. എല്ലാതരം വിദ്യാകേന്ദ്രങ്ങളിലും കൌൺസിലിങ് കേന്ദ്രങ്ങളും ഇത്തരത്തിലുള്ള സംവിധാനങ്ങളും വേണം എന്ന ആവശ്യ ശരിവെക്കുന്ന സാഹചര്യമാണ്. മാത്രമല്ല ഇത്തരം കേസുകൾ മറച്ചു വെക്കുന്നവർക്ക് ശിക്ഷ ഉറപ്പ് വരുത്തണമെന്നും ആവശ്യം ഉയരുന്നു.

മതവിശ്വാസത്തിൻ്റെ കുത്തക ഏറ്റെടുത്ത ക്രിമിനൽ, വാഴ്ത്താൻ അനുയായികൾ

പതിമൂന്നുകാരൻ്റെ തുറന്നു പറച്ചിലിനെ തുടർന്ന് സ്കൂൾ ടീച്ചർ ഇക്കാര്യം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ വഴിക്കടവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ പരാതിയിൽ ശരിയാണെന്ന് കണ്ടെത്തി. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങും.

സാമൂഹ്യ മാധ്യമങ്ങളിൽ സജീവമായ പ്രതി മുഹമ്മദ് ഷാക്കിർ മത വിഷയങ്ങളിൽ ആധികാരിക ഉപദേശങ്ങൾ നൽകിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ വഴിതെറ്റുന്ന യുവത്വം, ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയ്ക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ഇയാൾ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. അതേ സമയം വിമർശനങ്ങൾക്കും ട്രോളുകൾക്കും വിധേയമായിരുന്നു. നെഗററീവ് പബ്ലിസിറ്റിയെയും ഇയാൾ തന്ത്രപരമായി ഉപയോഗിക്കുകയായിരുന്നു.

ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു, സുപ്രീം കോടതിയിൽ ജസ്റ്റീസ് പദവിയിൽ എത്തിയ ആദ്യ വനിത

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജസ്റ്റിസ് എം. ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മരണം. തമിഴ്‌നാട് മുന്‍ ഗവര്‍ണറുമാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗവുമായിരുന്നിട്ടുണ്ട്.

1950-ല്‍ അഭിഭാഷകയായി എൻറോൾ ചെയ്ത ഫാത്തിമ ബീവി 1958-ലാണ് മുന്‍സിഫ് ജഡ്ജിയായി നിയമിതയായത്. 1968-ല്‍ സബ് ജഡ്ജായും 1972-ല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റായും ഉയർന്നു. 1974-ല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയായി. 1983-ലാണ് ഹൈക്കോടതി ജഡ്ജിയായത്. 1989-ല്‍ സുപ്രീംകോടതിയില്‍ രാജ്യത്തെ ആദ്യത്തെ വനിതാ ജസ്റ്റിസായി. മൂന്നുവര്‍ഷം സുപ്രീംകോടതിയില്‍ തുടർന്നു. 1989 ഏപ്രിൽ 29-ന്‌ ഹൈക്കോടതിയിൽനിന്ന് വിരമിച്ചെങ്കിലും ഒക്ടോബർ ആറിന് സുപ്രീം കോടതിയിൽ ജഡ്ജിയായി നിയമനം ലഭിക്കുകയായിരുന്നു.

1992 ഏപ്രിൽ 29ന് വിരമിച്ചു. 1980 കാലഘട്ടത്തിൽ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണലിലെ ജുഡീഷ്യൽ അംഗമായിരുന്നിട്ടുണ്ട്. പിന്നാക്ക വിഭാഗം കമ്മീഷന്റെ ആദ്യ അധ്യക്ഷയാണ്. രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഗവർണറും ഫാത്തിമ ബീവിയായിരുന്നു. ഏഷ്യയിൽ തന്നെ പരമോന്നതകോടതികളിൽ ജഡ്ജിയായ വനിത എന്ന ബഹുമതിയും ഫാത്തിമ ബീവിയ്ക്കുണ്ട്.

1997 മുതല്‍ 2001 വരെയുള്ള കാലയളവിലാണ് തമിഴ്‌നാട് ഗവര്‍ണറായി പ്രവര്‍ത്തിച്ചത്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായും പ്രവര്‍ത്തിച്ചിരുന്നു. ഈവര്‍ഷം കേരള സര്‍ക്കാര്‍ ‘കേരള പ്രഭ’ പുരസ്‌കാരം നല്‍കി ഫാത്തിമ ബീവിയെ ആദരിച്ചിരുന്നു. സാമൂഹികരംഗത്തെയും സിവില്‍സര്‍വീസിലെയും സംഭാവനകള്‍ക്കാണ് ഫാത്തിമ ബീവിക്ക് ‘കേരളപ്രഭ’ പുരസ്‌കാരം സമ്മാനിച്ചത്.

അവിവാഹിതയാണ്. ഖബറടക്കം നാളെ ഉച്ചക്ക് 12ന് പത്തനംതിട്ട ജുമാ മസ്ജിദിൽ.