ഹൈദരബാദ് കൂട്ട ബലാത്സംഗം, എംഎൽഎയുടെ മകനുൾപ്പെടെ ആറ് കുട്ടികൾ അറസ്റ്റിൽ

ഹൈദരബാദ് കൂട്ടബലാത്സംഗ കേസിൽ എം എൽ എയുടെ മകൻ അറസ്റ്റിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എഐഎം ഐഎം പാർട്ടി എംഎല്‍എയുടെ മകന്‍ അടക്കമുള്ളവരാണ് അറസ്റ്റിലായത്. എല്ലാവരും സമപ്രായക്കാരാണ്. രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. പിടിയിലായവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്.

കേസ് രാഷ്ട്രീയമായി അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്ന പരാതിക്കിടെയാണ് അറസ്റ്റുകൾ.

പ്രായപൂര്‍ത്തി ആകാത്തവരില്‍ ഒരാള്‍ എഐഎംഐഎം എംഎല്‍എയുടെ മകനും മറ്റൊരാള്‍ എംഎല്‍എയുടെ ബന്ധുവുമാണ്. അറസ്റ്റിലായ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും എംഎല്‍എയുടെ മകനെതിരെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്.

പബ്ബിൽ വെച്ച് പരിചയപ്പെട്ടു, കാറിൽ കയറ്റി ആക്രമിച്ചു

മേയ് 28-ാം തീയതിയാണ് പബ്ബില്‍നിന്ന് പാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ 17-കാരിയെ പ്രതികള്‍ കാറിലിട്ട് കൂട്ടബലാത്സംഗം ചെയ്തത്. പബ്ബില്‍നിന്ന് പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ആഡംബര കാറില്‍ കയറ്റിക്കൊണ്ടുപോവുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. യാത്രയ്ക്കിടെ പെണ്‍കുട്ടിയെ ആഡംബര കാറില്‍നിന്ന് മറ്റൊരു കാറിലേക്ക് മാറ്റി. തുടര്‍ന്ന് ബഞ്ചറഹില്‍സിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തി കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

എല്ലാവരും കുട്ടികളാണ്. ഇവരിൽ ഒരാൾ മാത്രമാണ് 18 തികഞ്ഞത്. പിന്നീട് രാത്രി 7.30-ഓടെയാണ് ഇവര്‍ പെണ്‍കുട്ടിയെ തിരികെ പബ്ബില്‍ എത്തിച്ചത്. കേസുമായി ബന്ധപ്പെട്ട രണ്ട് കാറുകള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതില്‍ രണ്ടാമത്തെ വാഹനം മൊയ്നാബാദിലെ ഫാംഹൗസില്‍നിന്നാണ് കണ്ടെടുത്തത്. ഈ ഫാംഹൗസ് ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുള്ള ഒരു സ്ത്രീയുടെ ഉടമസ്ഥതയില്‍ ഉളളതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ രാഷ്ട്രീയവിവാദങ്ങളും കത്തിപ്പടരുകയാണ്. സംസ്ഥാന സര്‍ക്കാരും ആഭ്യന്തര വകുപ്പും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

പബ്ബ് ബുക്ക് ചെയ്തത് കുട്ടികൾ, സ്കൂൾ തുറക്കുന്നതിന് മുൻപുള്ള പാർട്ടി

ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്തു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയാകുന്നതിലേക്ക് വഴിയൊരുക്കിയത് ഒരു പബ്ബില്‍ നടന്ന പാര്‍ട്ടിയായിരുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്ന 17 കാരിയാണ് ഉപദ്രവിക്കപ്പെട്ടത്. ഇപ്പോള്‍ ദേശീയമാധ്യമമായ എന്‍ഡിവി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്, അന്ന് പാര്‍ട്ടി നടന്ന പബ്ബ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു വിദ്യാര്‍ത്ഥികള്‍ മൊത്തമായി ബുക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നാണ്. സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായിട്ടുള്ള ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പബ്ബ് ബുക്ക് ബുക്ക് ചെയ്തത്. ഒരാള്‍ക്ക് 900 മുതല്‍ ആയിരം രൂപ വരെയുള്ള നിരക്കിലാണ് പബ്ബിനുള്ളില്‍ അവര്‍ സ്ഥലം ബുക്ക് ചെയ്തത്. അതിനുശേഷം അവര്‍ ചെയ്തത്, പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വന്നവരില്‍ നിന്നും ഒരാള്‍ക്ക് 1,300 രൂപ വീതം ഈടാക്കുകയായിരുന്നു. ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാനാണ് 17 കാരിയും സുഹൃത്തുക്കളും വരുന്നത്. പബ്ബില്‍ വച്ച് പരിചയപ്പെട്ടവരാണ് വീട്ടില്‍ കൊണ്ടുചെന്നു വിടാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കാറില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

ആരോപിക്കപ്പെട്ട രാഷ്ട്രയീ ബന്ധങ്ങൾ

പ്രായപൂര്‍ത്തിയാകാത്ത പ്രതികളില്‍ ഒരാളുടെ പിതാവ് തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(ടിആര്‍എസ്) പാര്‍ട്ടിയുടെ പ്രമുഖ നേതാവും സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഒരു ന്യൂനപക്ഷ സ്ഥാപനത്തിന്റെ ചെര്‍മാനുമാണ്. മറ്റൊരു പത്രിയും ടിആര്‍എസ് നേതാവിന്റെ മകനാണ്. മൂന്നാമത്തെ പ്രതി ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ(ജിഎച്ച്എംസി) കൗണ്‍സിലറുടെ മകനാണ്.

സംസ്ഥാന ആഭ്യന്തര മന്ത്രിക്കു നേരെയും ഈ കേസില്‍ ആരോപണം ഉയര്‍ന്നിരുന്നു. ആഭ്യന്തരമന്ത്രി മഹമ്മൂദ് അലിയുടെ ചെറുമകനും ചേര്‍ന്നായിരുന്നു പബ്ബ് ബുക്ക് ചെയ്തതെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഈ ആരോപണം പാടെ നിഷേധിക്കുകയാണ് തെലങ്കാന ആഭ്യന്തര മന്ത്രി. തന്റെ ചെറുമകന്‍ ആ സമയത്ത് വീട്ടിലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ അതിനു തെളിവായുണ്ടെന്നുമാണ് ആഭ്യന്തര മന്ത്രി പറയുന്നത്.

മറ്റൊരു വാര്‍ത്ത ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന പരാതിയില്‍ ബിജെപി എംഎല്‍എയ്‌ക്കെതിരേ കേസ് ചാര്‍ജ് ചെയ്തതാണ്. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എ രുഘുനന്ദന്‍ റാവു ആരോപണങ്ങളുമായി രംഗത്തു വന്നിരുന്നു. എം ഐ എം പാര്‍ട്ടിയുടെ എംഎല്‍എയുടെ മകനും കൂട്ടബലാത്സംഗ കേസില്‍ പ്രതിയാണെന്നും എംഎല്‍എയുടെ മകന്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും തെളിവുകളായി ഉണ്ടെന്നും അവകാശപ്പെട്ടു.

വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ചാനലുകള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു.

അമ്മയും അവരുടെ ഭർത്താവും പതിനാറുകാരിയുടെ അണ്ഡം വില്പന നടത്തി, ഫെർറ്റിലിറ്റി ക്ലിനിക്കുകളും തട്ടിപ്പിന് കൂട്ട്

തമിഴ്‌നാട്ടിലെ ഈറോഡില്‍ അമ്മയും അവരുടെ ഭർത്താവും ചേർന്ന് പതിനാറുകാരിയുടെ അണ്ഡം വില്‍പ്പന നടത്തി. ഫെർടിലിറ്റി ക്ലിനിക്കുകളുമായ് ഒത്തു ചേർന്ന ക്രൂരത ആവർത്തിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എട്ട് തവണയോളം ഇരുവരും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വ്വം കുട്ടിയുടെ അണ്ഡം വിറ്റുവെന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ കുട്ടിയുടെ അമ്മ ഇന്ദ്രാണി ദേവി (33) രണ്ടാനച്ഛന്‍ സയ്യിദ് അലി(40) ഇവര്‍ക്ക് സഹായം നല്‍കിയ മാലതി (30) എന്നിവരെ അറസ്റ്റ് ചെയ്തു.

വീട്ടില്‍ കടുത്ത പീഡനം നേരിട്ട പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ ലൈഗിംകമായി പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി ഋതുമതി ആയതു മുതല്‍ അണ്ഡം വില്‍ക്കാന്‍ ഇരുവരും ശ്രമിച്ചിരുന്നു. ഓരോ തവണയും വില്‍പ്പനയിലൂടെ 20,000 രൂപയാണ് സമ്പാദിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെ തടവില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി സേലത്തുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിയതോടെയാണ് മാതാപിതാക്കളുടെ ക്രൂരത പുറത്തറിയുന്നത്. പിന്നീട് അടുത്ത ബന്ധുക്കളുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പെൺകുട്ടിക്ക് വയസറിയിച്ച കാലം മുതൽ തന്നെ അണ്ഡം ദാനം ചെയ്യാൻ അമ്മ നിർബന്ധിക്കുന്നുണ്ടെന്ന് ഈറോഡ് സൗത്ത് പോലീസ് ഇൻസ്പെക്ടർ പി വിജയ പറഞ്ഞു. ഇതിൽ പ്രതികളായ മൂന്ന് പേർക്കും പങ്കുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഓരോ തവണയും അണ്ഡം ദാനം ചെയ്യുമ്പോൾ സുമയ്യയ്ക്ക് 20,000 രൂപയും മാലതിക്ക് 5,000 രൂപയും കമ്മീഷനായി ലഭിച്ചതായും പി വിജയ കൂട്ടിച്ചേർത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. പെൺകുട്ടിയെ നിലവിൽ കൂടുതൽ വൈദ്യ പരിശോധനക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഫെർട്ടിലിറ്റി ക്ലിനിക്കുകളും സംശയ നിഴലിൽ

തട്ടിപ്പിന് വ്യാപകമായ തോതിൽ ഫെർടിലിറ്റി ക്ലിനിക്കുകൾ കൂട്ടു നിന്നു എന്നതും വെളിപ്പെട്ടു.

കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിലെ ആറംഗ ഉന്നതതല സംഘം പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. സംസ്ഥാനത്തെ വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളിലെത്തി പെണ്‍കുട്ടിയുടെ അണ്ഡം വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് സംഘം കണ്ടെത്തി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവിധ ഫെര്‍ട്ടിലിറ്റി സെന്ററുകളില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്.

ഫെര്‍ട്ടിലിറ്റി സെന്ററുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടെങ്കില്‍ അവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുമെന്നും ഇതില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരേ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്ന് തെളിയിക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡും ഇവര്‍ നിര്‍മിച്ചിരുന്നു. ഇതിന് സഹായം നല്‍കിയത് മാലതിയായിരുന്നു. പോക്‌സോ ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് മൂന്നു പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്ദ്രാണിക്ക് ആദ്യവിവാഹത്തിലുണ്ടായ കുട്ടിയാണിത്. ആദ്യ ഭര്‍ത്താവുമായി ഇവര്‍ നേരത്തെ പിരിഞ്ഞിരുന്നു.

എന്നാൽ തട്ടിപ്പിൽ മുഖ്യ പങ്ക് വഹിച്ച ഫെർട്ടിലിറ്റി ക്ലിനിക്കുകൾക്ക് എതിരായ നടപടി വ്യക്തമല്ല. അണ്ഡ ദാനവുമായി ബന്ധപ്പെട്ട് വൻ ഏജൻസി ശൃഖല തന്നെ പ്രവർത്തിക്കുന്നതായാണ് വിവരം. ആരോഗ്യവതികളായ യുവതികളെ പണം നൽകി പ്രലോഭിപ്പിച്ച് സർജിക്കൽ പ്രൊസീഡ്യറിന് വഴക്കിയാണ് അണ്ഡ കൈമാറ്റം നടത്തുന്നത്.

സ്പ്രിൻ്റ് ടീം മുഖ്യ പരിശീലകൻ മോശമായി പെരുമാറി, പരാതി പറഞ്ഞ വനിതാ താരത്തെ തിരിച്ചയച്ചു

സ്ലൊവേനിയയില്‍ നടന്ന ഒരു ക്യാമ്പിനിടെ ദേശീയ സ്പ്രിന്റ് ടീം മുഖ്യപരിശീലകന്‍ ആര്‍.കെ ശര്‍മ മോശമായി പെരുമാറിയെന്ന ആരോപണവുമായി പ്രമുഖ ഇന്ത്യന്‍ സൈക്ലിങ് താരം. ജൂണ്‍ 18 മുതല്‍ 22 വരെ ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പ് ക്യാമ്പില്‍വെച്ചാണ് പരിശീലകനില്‍ നിന്നും മോശം അനുഭവമുണ്ടായതെന്ന് താരം പരാതിപ്പെട്ടു.

പരാതി വിവരം പുറത്തായതോടെ സുരക്ഷാ കാരണങ്ങൾ ഉന്നയിച്ച് വനിതാ താരത്തെ ഉടന്‍ തന്നെ ഇന്ത്യയിലേക്ക് തിരികെ അയക്കുകയും ചെയ്തു. പരാതിയില്‍ അന്വേഷണം നടത്താന്‍ സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സായിയും പ്രത്യേക അന്വേഷണ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ സൈക്ലിസ്റ്റ് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സായ്) പരാതി അയച്ചതായാണ് റിപ്പോര്‍ട്ട്.

സൈക്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആര്‍.കെ ശര്‍മ പരിശീലക സ്ഥാനത്തെത്തുന്നത്. 2014 മുതല്‍ സൈക്ലിങ് ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്ന ശര്‍മ, മുന്‍ എയര്‍ഫോഴ്‌സ് എച്ച്.ആര്‍ മാനേജര്‍ കൂടിയാണ്.

മുഖ്യമന്ത്രിക്കെതിരെ അതീവഗുരതരമായ ആരോപണവുമായി സ്വപ്ന സുരേഷ്; ആരാണ് പിന്നിൽ

 സ്വര്‍ണ കടത്ത് കേസില്‍ ഇതുവരെയില്ലാത്ത ആരോപണവുമായി സ്വപ്‌ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുന്‍ മന്ത്രി കെ.ടി. ജലീല്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതായാണ് വെളിപ്പെടുത്തൽ. ഇക്കാര്യങ്ങൾ എന്നു പറഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.

‘മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍മന്ത്രി കെ.ടി.ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്‌തെന്നുമുള്ളത് രഹസ്യമൊഴിയില്‍ നല്‍കിയിട്ടുണ്ട്.

ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോള്‍ രഹസ്യമൊഴി നല്‍കിയതെന്നും കേസുമായി ബന്ധമുള്ളവരില്‍നിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്‌ന പറഞ്ഞു.

2016-ല്‍ മുഖ്യമന്ത്രി ദുബായില്‍പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാന്‍ കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് എത്തിക്കണമെന്നായിരുന്നു ആവശ്യം. കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നു. കോണ്‍സുലേറ്റിലെ സ്‌കാനിങ് മെഷീനില്‍ ആ ബാഗ് സ്‌കാന്‍ ചെയ്തിരുന്നു. അങ്ങനെയാണ് കറന്‍സിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.

നിരവധി തവണ കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍നിന്ന് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം ബിരിയാണി പാത്രങ്ങള്‍ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടിട്ടുണ്ട്. അതില്‍ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളില്‍ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല.

ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജന്‍ഡയില്ല. നേരത്തെ പറഞ്ഞത് തന്നെയാണ് പറയുന്നത് എന്നും അവർ അവകാശപ്പെട്ടു. മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞിട്ടില്ല എന്നു മാത്രം.

അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടല്‍ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാന്‍ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നില്‍വന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതല്‍കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങള്‍ അന്വേഷിക്കൂ’- എന്നാണ് പറഞ്ഞത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ തുടരും

ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിൽ ബോറിസ് ജോണ്‍സണ്‍  തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പക്ഷത്തെ വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി തുടരാന്‍ ബോറിസ് ജോണ്‍സണ് അവസരമൊരുങ്ങിയത്.

59 ശതമാനം പിന്തുണ നേടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി വിശ്വാസ വോട്ടെടുപ്പില്‍ വിജയം നേടിയത്. വോട്ടെടുപ്പില്‍ 211 അനുകൂല വോട്ടുകളാണ് ബോറിസ് നേടിയത്. 148 പേര്‍ എതിര്‍ത്തു.

കോവിഡ് വിലക്കുകൾക്ക് ഇടയിലും മദ്യസൽക്കാരങ്ങൾ നടത്തുകയും പങ്കാളിയാവുകയും ചെയ്ത സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.

ഇപ്പോൾ, രാജ്യത്ത് മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കാണ് വിരാമമാകുന്നത്. കൊവിഡ് ലോക്‌ഡൗണ്‍ കാലത്ത് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലടക്കം ചട്ടം ലംഘിച്ച് മദ്യസല്‍ക്കാരങ്ങള്‍ നടന്നതായി അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു
ഇതിനെ തുടര്‍ന്ന് ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ എംപിമാരുള്‍പ്പെടെ പ്രതിഷേധിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡോണിങ് സ്ട്രീറ്റ് ഉദ്യാനത്തില്‍ ബോറിസ് ജോണ്‍സന്‍ അടക്കമുള്ളവര്‍ പങ്കെടുത്ത മദ്യസല്‍ക്കാരത്തിന്റെ ഫോട്ടോ ‘ദ് ഗാര്‍ഡിയന്‍’ ദിനപത്രം പുറത്തുവിട്ടു.

മദ്യവിരുന്നില്‍ പങ്കെടുത്തതായി സമ്മതിച്ച ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം ഭരണപക്ഷ എംപിമാരും ജോണ്‍സന്റെ രാജി ആവശ്യപ്പെട്ടു രംഗത്തെത്തി.തുടര്‍ന്നാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കഴിഞ്ഞയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

മഞ്ചേശ്വരം കോഴക്കേസ്, കെ സുരേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ്

മഞ്ചേശ്വരം കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി. പട്ടികജാതി-പട്ടിക വര്‍ഗം അതിക്രമം തടയല്‍ വകുപ്പുകള്‍ കൂടിയാണ് സുരേന്ദ്രനെതിരെ ചുമത്തിയത്.

കോഴക്കേസില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് ജാമ്യമില്ലാ വകുപ്പ് കൂടി ചേര്‍ത്തിട്ടുള്ളതായി വിവരം നൽകിയത്.

ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും പട്ടികജാതി-പട്ടിക വര്‍ഗ വകുപ്പുകള്‍ കൂടി ചേര്‍ക്കണമെന്നും നേരത്തെ സ്‌പെഷ്യല്‍ പബ്ലക് പ്രോസിക്യൂട്ടര്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് വകുപ്പുകള്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടരലക്ഷം രൂപയും സ്മാര്‍ട്ട്‌ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

തിങ്കളാഴ്ചയാണ് കേസിന്റെ ഇടക്കാല റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ സുരേന്ദ്രനും ബിജെപി നേതാക്കളും ഉള്‍പ്പടെ ആറ് പ്രതികളാണ് ഉള്ളത്. ഇതില്‍ അഞ്ചു പേര്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തും. കെ.സുരേന്ദ്രനാണ് കേസില്‍ മുഖ്യപ്രതി.

മതപഠനത്തിനെത്തിയ കുട്ടികളെ പീഡിപ്പിച്ചു; അധ്യാപകനും മുതിർന്ന വിദ്യാർഥിയും അറസ്റ്റിൽ

പാനൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പോക്‌സോ കേസില്‍ ദർസ് അധ്യാപകനെയും മുതിർന്ന വിദ്യാർഥിയേയും അറസ്റ്റു ചെയ്തു. മതപഠനത്തിനെത്തിയ മൂന്ന് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.

അധ്യാപകന്‍ മട്ടന്നൂര്‍ ചാവശ്ശേരി പൊറോറ സ്വദേശി അബ്ദുള്‍റഷീദ് (46), മുതിര്‍ന്ന വിദ്യാര്‍ഥി കാസര്‍കോട് ഉപ്പളയിലെ മുഹമ്മദ് ബിലാല്‍ (24) എന്നിവരാണ് പ്രതികൾ.

പാനൂര്‍ സി.ഐ. എം.പി.ആസാദ്, ലതീഷ്, മനോഹരന്‍, രാജീവന്‍ ഒതയോത്ത്, സുനില്‍കുമാര്‍, ഷാജു, രാജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇവരെ അറസ്റ്റുചെയ്തത്.

മൂന്ന് വിദ്യാര്‍ഥികളെ പീഡിപ്പിച്ച സംഭവത്തില്‍ നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ മൂന്ന് കേസും അബ്ദുള്‍ റഷീദിനെതിരെയാണ്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.

പരിസ്ഥിതി സംരക്ഷണത്തിൽ ഏറ്റവും പിന്നിലായി 180 ാം സ്ഥാനത്ത് ഇന്ത്യ

180 രാജ്യങ്ങള്‍ അണിനിരന്ന ലോക പരിസ്ഥിതി പ്രവൃത്തി സൂചികയില്‍ (Environment performance Index) മറ്റു അവികസിത രാജ്യങ്ങളെക്കാൾ പിന്നിലായി ഏറ്റവും അവസാനത്തിൽ ഇന്ത്യ.

ഇതിൽ ഒന്നാമതായി ലോകത്തെ ഏറ്റവും സുസ്ഥിര രാജ്യമായി ഡെന്‍മാര്‍ക്കിനെ അടയാളപ്പെടുത്തി. ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ 180ാം സ്ഥാനത്താണ്.

ഡെന്‍മാര്‍ക്ക്, യുകെ, ഫിന്‍ലന്‍ഡ്, മാള്‍ട്ട, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ അഞ്ച് സ്ഥാനം കരസ്ഥമാക്കിയത്. ആദ്യ പത്ത് സ്ഥാനങ്ങള്‍ നേടിയ രാജ്യങ്ങളുടെ പോയിന്റ് നില 77 മുതല്‍ 65 വരെയുള്ള നിലവാരം കാത്തു സൂക്ഷിച്ചപ്പോൾ 180ാം സ്ഥാനത്തെത്തിയ ഇന്ത്യക്ക് 18 പോയിന്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ശ്രീലങ്ക-34.7 പോയിന്റ്, പാക്‌സ്താന്‍-24.6 പോയിന്റ്, ബംഗ്ലാദേശ്- 23.1 പോയിന്റ് എന്നിങ്ങനെയാണ് നേടിയത്.

വീക്ഷണങ്ങളിൽ പോലും മാറ്റം വരാതെ ഇന്ത്യ

2012ല്‍ 19.5 പോയിന്റുമായി 179ാം സ്ഥാനത്തായിരുന്ന ഇന്ത്യ പത്ത് വര്‍ഷം കൊണ്ട് .6 പോയിന്റ് കുറഞ്ഞാണ് ഏറ്റവും ഒടുവലത്തെ സ്ഥാനത്തെത്തിയത്. 2020-ല്‍ 168ാം സ്ഥാനമുണ്ടായിരുന്ന ഇന്ത്യ 2021ല്‍ 177ാം സ്ഥാനത്തേക്കും 2022-ല്‍ ഏറ്റവും പിന്നിലായി 180ാം സ്ഥാനത്തേക്കും പിന്തള്ളപ്പെടുകയായിരുന്നു.

ഒരു രാജ്യത്തിന്റെ കാലാവസ്ഥാ നയം, ആവാസവ്യവസ്ഥയുടെ ചൈതന്യം, ആരോഗ്യം എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിസ്ഥിതി പ്രവൃത്തി സൂചിക കണക്കാക്കുന്നത്. 2002-ലാണ് ഈ സൂചിക കണക്കാക്കിത്തുടങ്ങിയത്. വായു മലിനീകരണം, ജല മലിനീകരണം, പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്കായുള്ള മുതല്‍മുടക്ക്, പരിഗണന എന്നിവ കൂടി പരിഗണിച്ചാണ് പരിസ്ഥിതി പ്രവൃത്തി സൂചിക തയ്യാറാക്കുന്നത്.

ഓരോ ഘടകത്തിലും പിന്നിലായി

  • മലിനജല സംസ്‌കരണത്തിൽ 2 പോയിന്റുമായി 112ാം സ്ഥാനം,
  • കാലാവസ്ഥാ നയത്തില്‍ 21 പോയിന്റ് മാത്രം നേടി 165ാം സ്ഥാനം,
  • പുല്‍മേടുകളുടെ നഷ്ടത്തില്‍ 35 പോയിന്റുമായി 116ാം സ്ഥാനം,
  • മരങ്ങളുടെ നഷ്ടത്തില്‍ 17.20 പോയിന്റുമായി 75ാം സ്ഥാനം എന്നിങ്ങനെ പോകുന്നു ഇന്ത്യയുടെ റാങ്കിങ്

ഡെന്‍മാര്‍ക്ക്, യുകെ തുടങ്ങിയ രാജ്യങ്ങൾ ഹരിതഗൃഹ വാതക ന്യൂട്രാലിറ്റി 2050-ഓടെ കൈവരിക്കുമെന്ന് റിപ്പോർട്ട് പ്രതീക്ഷിക്കുമ്പോള്‍ ചൈന, ഇന്ത്യ, യുഎസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളാകും ലോകത്തിൽ തന്നെ ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുക. 2050-ഓടെ ലോകത്തിന്റെ ആകെ ഹരിതഗൃഹ വാതക ബഹിർഗമനത്തിൽ 50 ശതമാനവും ഈ രാജ്യങ്ങളാവും സംഭാവനയും ചെയ്യുക. അതിൽ തന്നെ രണ്ടാം സ്ഥാനത്തായിരിക്കും ഇന്ത്യ. മാത്രമല്ല, ഇന്ത്യപോലുള്ള രാജ്യങ്ങൾ പുറപ്പെടുവിക്കുന്ന ഹരിത ഗൃഹ വാതക തോത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു. 2019-ഉം ആയി താരതമ്യം ചെയ്യുമ്പോള്‍ 2020-ല്‍ ഇന്ത്യയുടെയും ചൈനയുടെയും ഹരിതഗൃഹ വാതക പുറന്തള്ളലിൽ വര്‍ധനയുണ്ടായിട്ടുണ്ട്.

സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളായ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവ സുസ്ഥിര വികസനത്തിന് ഏറ്റവും കുറഞ്ഞ പ്രാധാന്യമാണ് കൊടുക്കുന്നത് എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

മൊബൈൽ നൽകിയില്ല വിദ്യാർഥിനി ജീവനൊടുക്കി

 മൊബൈൽ ഫോണിൽ പാട്ട് റെക്കോഡ് ചെയ്യാൻ സമ്മതിക്കാത്തതിന് പിണങ്ങി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കൊല്ലം ജില്ലയിലാണ് പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയത്. ഫോണിൻ്റെ അമിത ഉപയോഗം വിലക്കിയതിന് തുടർച്ചയായാണ് കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.

പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശിവാനി പാട്ട് പാടി മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ സ്‌കൂള്‍ തുറന്നതോടെ വീട്ടുകാര്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വിലക്കി. ഇതോടെ കുട്ടി ഏറെ നിരാശയിലായിരുന്നു. കഴിഞ്ഞദിവസം വിദേശത്തുള്ള അച്ഛന്‍ വിളിച്ചപ്പോഴും ശിവാനി ഇക്കാര്യം പറഞ്ഞിരുന്നു. കൊറോണ കാരണം വീട്ടിലായതിനാൽ മൊബൈൽ നിരന്തരം സ്വാതന്ത്ര്യത്തോടെ ഉപയോഗിച്ച് വന്നതാണ്.

മൊബൈല്‍ ഫോണ്‍ നല്‍കണമെന്നും പാട്ട് റെക്കോഡ് ചെയ്യണമെന്നുമായിരുന്നു കുട്ടി അച്ഛനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കഴിഞ്ഞദിവസം അമ്മ വീണ്ടും മൊബൈല്‍ഫോണ്‍ നല്‍കി. എന്നാല്‍ അല്പസമയത്തിന് ശേഷം ഇത് തിരികെവാങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ശിവാനി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കരുതൽ കുറയുന്നു, അവസരം കാത്ത് കൊറോണ വൈറസ്; കേരളത്തിലും വർധന

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. ഞായറാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 4370 പേർക്ക് രോഗം സ്ഥിരീകരിച്ചു.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് കൂടുതൽ രോഗബാധ. രണ്ടുസംസ്ഥാനങ്ങളിലും 1500-ലധികം കേസുകളാണ് റിപ്പോർട്ടുചെയ്തത്.

സ്വയം സൂക്ഷ്മത പുലർത്തുക

മാസ്ക് ഉപയോഗവും സൂക്ഷ്മതയും കുറഞ്ഞിരിക്കയാണ്. ഇത് മറ്റ് രോഗങ്ങളുള്ള പ്രതിരോധ ശേഷി കുറവുള്ള വ്യക്തികൾക്ക് ഗുരുതരമായ വെല്ലുവിളിയാവും. സ്വയം കരുതൽ വളരെ പ്രധാനമാണ്. ഇത്തരം വ്യക്തികൾ പൊതു ഇടങ്ങളിൽ കൃത്യമായും ദൂരം സൂക്ഷിക്കണം.

ഒരുശതമാനത്തിനുമുകളിലാണ് രോഗസ്ഥിരീകരണനിരക്ക്. 34 ദിവസത്തിനുശേഷമാണ് പോസിറ്റിവിറ്റി നിരക്ക് ഒന്നിനുമുകളിൽ എത്തുന്നത്. എന്നാൽ, കേസുകളിലെ വർധനയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും നാലാംതരംഗത്തിന്റെ സൂചനയല്ല ഇതെന്നും ഐ.സി.എം.ആർ. അഡീഷണൽ ഡയറക്ടർ ജനറൽ സമീരൻ പാണ്ഡ പറഞ്ഞു.

അഞ്ചുസംസ്ഥാനങ്ങളിലെ ഏതാനുംജില്ലകളിൽ മാത്രമാണ് കേസുകൾ വർധിക്കുന്നതെന്നും ഈ സംസ്ഥാനങ്ങളിൽ മൊത്തത്തിൽ രോഗവ്യാപനം റിപ്പോർട്ടുചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെസ്റ്റുകൾ വളരെ കുറവാണ്. ഇപ്പോൾ രോഗ ബാധിതർ തന്നെ അവഗണിക്കുന്ന അവസ്ഥയുമുണ്ട്. കേരളം പോലുള്ള സംസ്ഥാനങ്ങളിലാണ് അല്പമെങ്കിലും പരിശോധനകൾ നടക്കുന്നത്.

ചെന്നൈയിൽ 12 പേർക്ക് കോവിഡ് ഉപവകഭേദം

തമിഴ്‌നാട്ടിൽ 12 പേർക്ക് കോവിഡ് ഉപവകഭേദം ബാധിച്ചതായി ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.

കോവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.4 നാലുപേർക്കും ബിഎ.5 എട്ടുപേർക്കുമാണ് ബാധിച്ചത്.

മേയ് 21-നും 26-നും ഇടയിൽ ശേഖരിച്ച സാംപിളുകൾ ജനിതകപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉപവകഭേദം ബാധിച്ചതായി കണ്ടെത്തിയത്.

ചെന്നൈയിലും സമീപജില്ലകളായ ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം എന്നീ ജില്ലകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ്ബാധിതരുടെ എണ്ണം വർധിക്കുകയാണ്.

ചെന്നൈ, ചെങ്കൽപ്പെട്ട് ജില്ലകളിലെ കോളേജുകളിലെ വിദ്യാർഥികൾക്ക് കൂട്ടത്തോടെ കോവിഡ് ബാധിച്ചിരുന്നു. കേരളത്തിലും ഇത്തരം ക്ലസ്റ്ററുകൾ റിപ്പോർട് ചെയ്യുകയുണ്ടായി

ബിഎ.4, ബിഎ.5 എന്നീ ഉപവകഭേദങ്ങൾ പല സംസ്ഥാനങ്ങളിലും അതിവേഗം പടരുന്നുണ്ട്. മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.