ബി ജെ പി വക്താവിൻ്റെ വിദ്വേഷ പരാമർശം; പ്രതിഷേധവുമായി വിദേശ രാജ്യങ്ങൾ

 ബിജെപി ദേശീയവക്താവ് നൂപുര്‍ ശര്‍മ പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ നടത്തിയ വിവാദപരാമര്‍ശം അന്താരാഷ്ട്ര തലത്തിലേക്ക്. പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിനും കുവൈത്തിനും ഇറാനും പുറമെ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. പാക്കിസ്ഥാനും ഈ അവസരത്തിൽ രംഗത്തു വന്നു.

നൂപുര്‍ ശര്‍മയുടെ പ്രസ്താവന അധിക്ഷേപകരമെന്ന് വിശേഷിപ്പിച്ച സൗദി അറേബ്യ മതങ്ങളോടും വിശ്വാസങ്ങളോടും ബഹുമാനം വേണമെന്ന് ആവശ്യപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയമാണ് പ്രസ്താവന ഇറക്കിയത്.

ഖത്തര്‍, കുവൈത്ത്, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതികളെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാപക പ്രചാരണങ്ങളും നടക്കുന്നുണ്ട്.

മുഹമ്മദ് നബിക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ദേശീയവക്താവ് നൂപുര്‍ ശര്‍മയെയും പാര്‍ട്ടിയുടെ ഡല്‍ഹി ഘടകത്തിൻ്റെ മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡലിനെയും ബി.ജെ.പി. പ്രാഥമികാംഗത്വത്തില്‍നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. നൂപുർ ശർമ്മ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ട്വീറ്റ് ന്യായീകരണ സ്വഭാവത്തിലും ആയിരുന്നു.

ഗ്യാന്‍വാപി വിഷയത്തില്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു നൂപുറിന്റെ വിവാദപരാമര്‍ശം. ഇതേച്ചൊല്ലിയാണ് വെള്ളിയാഴ്ച യു.പി.യിലെ കാന്‍പുരില്‍ വന്‍ സംഘര്‍ഷമുണ്ടായത്. 40 പേർക്ക് പരിക്കേറ്റ കലാപമായി.

വെറുപ്പ് വിദ്വേഷം മാത്രമേ വളർത്തൂ….രാഹുൽ

വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിട്ടുണ്ട്. വെറുപ്പ് വിദ്വേഷം മാത്രമേ വളര്‍ത്തൂ. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാതയിലൂടെ മാത്രമേ ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയൂ – രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഇന്ത്യയെ ഒന്നിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതേതര വ്യക്തികൾ ലജ്ജിതരായി – ശശി തരൂർ

ബിജെപിയുടെ രീതി കാരണം രാജ്യത്തെ എല്ലാ മതേതര പൗരന്‍മാരും ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പറഞ്ഞു. ഇപ്പോള്‍ പ്രവാസി ഇന്ത്യക്കാരും അതിനിരയായിരിക്കുകയാണ്. നാട്ടില്‍ മതഭ്രാന്ത് പ്രകടിപ്പിക്കുന്നവര്‍ വിദേശത്തെ അനന്തരഫലങ്ങളെ കുറിച്ച് അറിഞ്ഞിരിക്കണമെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കി.

പ്രവാചകനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ശരീഫും അപലപിച്ചു.

മോദിക്ക് കീഴില്‍ ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തെ ചവിട്ടിമെതിക്കുകയും മുസ്ലീങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് ആവര്‍ത്തിച്ച് പറഞ്ഞ പാക് പ്രധാനമന്ത്രി ലോകം ഇന്ത്യയെ കഠിനമായി ശാസിക്കണമെന്നും ആവശ്യപ്പെട്ടു.

ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗത്തിൽ റാഫേൽ നദാൽ

0

 ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടമണിഞ്ഞ് റാഫേല്‍ നദാല്‍. നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ തറപറ്റിച്ചത്. സ്‌കോര്‍ 6-3, 6-3, 6-0.

22-ാം ഗ്രാന്‍ഡ്സ്ലാം കിരീടവും ഒപ്പം ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന ഏറ്റവും പ്രായംചെന്ന പുരുഷതാരമെന്ന ബഹുമതിയും നദാല്‍ സ്വന്തമാക്കി.

ഫ്രഞ്ച് ഓപ്പണില്‍ 14 കിരീടങ്ങള്‍ക്കുടമയായി ഇതോടെ നദാല്‍. 2005-ല്‍ ഇതേ ടൂര്‍ണമെന്റില്‍ വിജയിച്ചുകൊണ്ട് തുടങ്ങിയ കരിയറില്‍ ആകെ 21 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേരത്തെ സ്വന്തമാക്കി. ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തുന്ന ആദ്യനോര്‍വേക്കാരനുമാണ്.

റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച് എന്നീ വമ്പന്മാരെ മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ കളിക്കാരൻ എന്ന റെക്കോഡും നേടി. ഫെഡറര്‍ക്കും ജോക്കോവിച്ചിനും 20 വീതം കിരീടങ്ങളുണ്ട്.

കനത്ത കളി

ഫൈനലിൽ എതിരാളിയിൽ നിന്ന് കാര്യമായ എതിർപ്പുകൾ നേരിടാതെ അനായാസമായാണ് റാഫേൽ നദാൽ 14ാം കിരീടത്തിലേക്ക് നീങ്ങിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും അദ്ദേഹം ആധിപത്യം പുലർത്തി. കാസ്പർ റൂഡിന്റെ സെർവുകൾ തകർത്ത് ഫ്രണ്ട് ഫൂട്ടിലൂടെയാണ് സ്‌പെയിൻകാരൻ മത്സരം ആരംഭിച്ചത്, രണ്ട് തവണ സ്വയം ഡബിൾ ഫോൾട്ട് വരുത്തിയെങ്കിലും പിന്നീട് ബ്രേക്ക് ചെയ്തു. ആദ്യ സെറ്റ് വലിയ വെല്ലുവിളികളാല്ലാതെ 6-3 എന്ന സ്‌കോറിൽ റാഫാ സ്വന്തമാക്കി.

രണ്ടാം സെറ്റിൽ നദാലിന്റെ സെർവ് ഭേദിച്ച് 3-1 ന് മുന്നിലെത്തിയ റൂഡ് മുന്നേറുമെന്ന് തോന്നിച്ചു. എന്നാൽ കളിയുടെ താളം വീണ്ടെടുത്ത സ്പാനിഷ് താരം അവിശ്വസനീയമായ തിരിച്ചുവരവ് നടത്തി. നോർവീജിയൻ താരത്തിന്റെ സെർവ് മൂന്ന് തവണ ഭേദിച്ച് രണ്ടാം സെറ്റ് 6-3ന് സ്വന്തമാക്കി.

മൂന്നാം സെറ്റിൽ എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട റൂഡിന് മുന്നിൽ നദാൽ വിജയത്തിലേക്ക് അനായാസം കയറുകയായിരുന്നു. റൂഡിന് തന്റെ എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ട മൂന്നാം സെറ്റിൽ ഒന്നു പിടിച്ചു നിൽക്കാൻ പോലുമായില്ല. അവസാന സെറ്റ് 6-0ന് ജയിച്ച് റാഫാ ഒരിക്കൽ കൂടി റോളങ് ഗാരോസിൽ രാജാവായി. നദാൽ വീണ്ടും തെളിയിച്ചു ‘കളിമണ്ണിന്റെ രാജാവ്’ താൻ തന്നെയാണെന്ന്.

മൂന്നാം സീഡുകാരനായ ജര്‍മന്‍ താരം അലക്‌സാണ്ടര്‍ സ്വരേവിനെ മറികടന്നാണ് നദാല്‍ ഫൈനലില്‍ എത്തിയത്. സെമിയില്‍ നദാല്‍ ആദ്യ സെറ്റ് നേടിയിരിക്കേ, സ്വരേവ് കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ് മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി നടന്ന സെമിഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ തോല്‍പ്പിച്ചാണ് (3-6, 6-4, 6-2, 6-2) റൂഡ് ഫൈനലില്‍ എത്തിയത്.

വിശദീകരിച്ച് നൂപൂർ ശർമ്മ, വിവാദ പ്രസ്താവനയെ തുർന്ന് സംഘർഷം

ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയേക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തിന് വിശദീകരണവുമായി ബി ജെ പി വക്താവ് നൂപുർ ശർമ.

ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് പറഞ്ഞ നൂപുര്‍ ശര്‍മ, തന്റെ വിശ്വാസത്തെ മുറിവേല്‍പിച്ചു എന്ന ന്യായീകരണമാണ് ട്വീറ്റ് ചെയ്തത്. ഇതു കാരണമാണ് പരാമര്‍ശം നടത്തിയതാണെന്നാണ് വിശദീകരണം. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ പറഞ്ഞു.

പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി.

നേരത്തെ, വിവാദ പരാമര്‍ശത്തിന്റെ പേരില്‍ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തിന് തുടർച്ചയായി സംഘർഷം പൊട്ടിപുറപ്പെട്ടിരുന്നു. വ്യാപകമായ പ്രതിഷേധവും തുടരുന്നതിനിടെയായിരുന്നു ബി.ജെ.പിയുടെ നടപടി.

നേരത്തെ, നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. ‘ഇന്ത്യയുടെ ആയിരക്കണക്കിന് വര്‍ഷത്തെ ചരിത്രത്തില്‍, എല്ലാ മതങ്ങളും വളരുകയും പന്തലിക്കുകയും ചെയ്തു. ഭാരതീയ ജനതാ പാര്‍ട്ടി എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഏതെങ്കിലും മതത്തിലെ ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ബി.ജെ.പി. ശക്തമായി അപലപിക്കുന്നു’, ബി.ജെ.പി. പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞയാഴ്ച ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടയിലാണ് നൂപുര്‍ ശര്‍മ, പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്. ഇതിനെതിരേ മുസ്ലിം സംഘടനകള്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രസ്താവനയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ വെള്ളിയാഴ്ച ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. 20 പോലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം 40 ഓളം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേല്‍ക്കുകയുണ്ടായി. സംഭവത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും 1500-ഓളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പ്രസ്താവന ട്വീറ്റ്

ചെക് ഡാമിൽ കുളിക്കാനിറങ്ങിയ ഏഴ് കുട്ടികൾ മുങ്ങി മരിച്ചു

ചെക് ഡാമിന് ചേർന്ന് പുഴയില്‍ കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. തമിഴ്നാട്ടിൽ കടലൂരിന് സമീപം കുച്ചിപ്പാളയത്ത് ഗെഡിലം പുഴയിലാണ് അപകടം. മരിച്ചവരെല്ലാം പത്തിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെക് ഡാമിന് ചേർന്നുള്ള കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.

ഒഴുക്കും ചുഴിയുമുള്ള വിശാലമായ പ്രദേശമാണ്. പടവുകൾ കഴിഞ്ഞ് ചെങ്കുത്തായ ഭാഗമാണ്.

എ. മോനിഷ(16), ആര്‍. പ്രിയദര്‍ശിനി (15), സഹോദരിയായ ആര്‍. ദിവ്യദര്‍ശിനി(10), എം. നവനീത(18), കെ. പ്രിയ(18), എസ്. സാങ്‌വി(16), എം. കുമുദ(18) എന്നിവരാണ് മരിച്ചത്. ഇവരെല്ലാം കൂടല്ലൂർ ജില്ലയിലെ നെല്ലിക്കുപ്പം സ്വദേശികളാണ്

ഉച്ചക്ക് 12.45-ഓടെയാണ് പെണ്‍കുട്ടികളെല്ലാം ചെക്ക് ഡാമില്‍ കുളിക്കാനെത്തിയത്. ഇതിനിടെ കൂട്ടത്തിലെ ചെറിയ കുട്ടികള്‍ ചുഴിയില്‍പ്പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മറ്റു പെണ്‍കുട്ടികളും അപകടത്തില്‍പ്പെട്ടത്.

അഗ്നിരക്ഷാസേന എത്തി ഏഴുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി.

ഭാര്യ വിറക് കൊള്ളി കൊണ്ട് അടിച്ചു, ഭർത്താവ് മരിച്ചു

കല്ലടിക്കോട്ട് ഭാര്യയുടെ അടിയേറ്റ് ഭര്‍ത്താവ് മരിച്ചു. ചുങ്കം സ്വദേശി ചന്ദ്രനാണ് മരിച്ചത്. ഭാര്യ ശാന്ത വിറക് കൊള്ളി കൊണ്ട് മർദ്ദിച്ചതാണ് മരണ കാരണം എന്ന് പൊലീസ് കണ്ടെത്തി. അടുപ്പ് കത്തിക്കാൻ വെച്ചിരുന്ന വിറക് കൊണ്ട് ഭര്‍ത്താവിന്റെ തലയ്ക്കടിച്ചെന്നാണ് വിവരം.

വീട്ടിലെ അടുക്കളയില്‍വെച്ച് ചന്ദ്രനും ശാന്തയും തമ്മില്‍ തര്‍ക്കമുണ്ടാവുക പതിവായിരുന്നു. ഇതിനിടെ വഴക്ക് വീണ്ടും തുുടങ്ങി. വിറക് കഷ്ണംകൊണ്ട് ശാന്ത ചന്ദ്രനെ മര്‍ദിച്ചു.. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഭാര്യ ശാന്ത പോലീസ് കസ്റ്റഡിയിലാണ്.

സൽമാൻ ഖാന് വധ ഭീഷണി

നടൻ സൽമാൻ ഖാനും പിതാവിനും ഊമക്കത്ത് വഴി വധ ഭീഷണി. സൽമാൻ്റെ പിതാവും എഴുത്തുകാരനുമായ സലിം ഖാനെ കൂടി ഉൾപ്പെടുത്തിയാണ് വധഭീഷണി. കത്തുവഴിയാണ് ഭീഷണി. ബാന്ദ്ര ബസ് സ്റ്റാൻഡ് പരിസരത്താണ് കത്ത് കണ്ടത്.

സലിം ഖാന്റെ സുരക്ഷാ ജീവനക്കാരനാണ് കത്ത് കണ്ടെത്തയത് എന്ന് പോലീസ് പറഞ്ഞു. സലിം ഖാൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ രാവിലെ ബസ് സ്റ്റാൻഡ് പ്രൊമനേഡിൽ നടക്കാൻ പോകാറുണ്ട്. അവർ ദിവസവും നടക്കാൻ പോകുമ്പോൾ വിശ്രമിക്കാറുള്ള സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കത്ത് കണ്ടെത്തിയത്

പഞ്ചാബി ​ഗായകൻ മൂസാവാലെയെ ചെയ്തതുപോലെ ചെയ്യും എന്നാണ് കത്തിലുണ്ടായിരുന്നതെന്ന് പോലീസ് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണ്.

ഇക്കഴിഞ്ഞ മെയ് 29 നാണ് സിദ്ധു മൂസാവാല എന്ന പഞ്ചാബി ഗായകൻ ശുഭ്ദീപ് സിങ് സിദ്ധുവിനെ അജ്ഞാതർ വെടിവച്ചു കൊന്നത്. പിതാവ് നോക്കിനിൽക്കേയായിരുന്നു ആക്രമണം നടന്നത്.

തൃക്കാക്കരയിൽ സിൽവർലൈൻ തൊട്ടില്ലെന്ന് എസ് രാമചന്ദ്രൻ പിള്ള

തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ലെന്ന് സിപിഐഎം നേതാവ് എസ് രാമചന്ദ്രൻ പിള്ള. തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി. ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു. തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും.

എസ് രാമചന്ദ്രൻ പിള്ള

‘ തൃക്കാക്കരയിൽ സിൽവർ ലൈൻ തിരിച്ചടിയായില്ല. തൃക്കാക്കര തോൽവിയെ കുറിച്ച് പ്രതികരിക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രതികരിക്കും. ഇപ്പോൾ അതിന്റെ ആവശ്യമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടേറിയറ്റ് യോഗം കൂടിയിരുന്നു. പാർട്ടിയുടെ പ്രതികരണം വന്നു. അതിൽ മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ പാർട്ടിയുടെ മൊത്തമുള്ള പ്രതികരണമുണ്ട്.തൃക്കാക്കര കോൺഗ്രസിന്റെ ഉറച്ച സീറ്റാണ് അത് അവർ നേടി ട്വന്റി-20 യുടെ പതിനയ്യായിരത്തോളം വോട്ട് കോൺഗ്രസിന് ലഭിച്ചു.’- .

ബൃന്ദ കാരാട്ട്

തൃക്കാക്കരയില്‍ ഭരണ വിരുദ്ധ വികാരമില്ലെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. എല്‍ ഡി എഫ് വിരുദ്ധ ശക്തികള്‍ തൃക്കാക്കരയില്‍ ഒന്നിച്ചു. 20-20 അടക്കമുള്ളവര്‍ യുഡിഎഫിനെ സഹായിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ഇതൊരു ബൈ ഇലക്ഷന്‍ മാത്രമാണ്, സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താനുള്ള ഇലക്ഷനല്ല. സില്‍വര്‍ ലൈന്‍ പരിസ്ഥിതിദോഷകരമല്ല, അതിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നുണ്ട്. ജനങ്ങളെ പരിഗണിച്ച് മാത്രമേ സര്‍ക്കാര്‍ തീരുമാനം എടുക്കുകയുള്ളൂ…

കാർലോസ് ടെവസ് ബൂട്ടഴിച്ചു, ഫുട്ബോൾ കോർട്ടിലെ മിന്നൽ

0

മുൻ അർജന്റീന ഫോർവേഡ്, കാർലോസ് ടെവസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. രണ്ട് ലോകകപ്പുകൾ ഉൾപ്പെടെ 76 മത്സരങ്ങള്‍ അർജന്റീനയ്ക്കായി ടെവസ് കളിച്ചു. മുന്നേറ്റ നിരയിലെ തിളങ്ങുന്ന താരമായി ആരാധകരുടെ ഹൃദയത്തിലിടം നേടിയ താരമാണ്.

2004 ഏഥൻസിൽ നടന്ന ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ നേടിയ ടീമിന്റെ ഭാഗമായിരുന്നു. ബൊക്ക ജൂനിയേഴ്‌സ് ക്ലബിന്റെ താരമായിരുന്ന ടെവസ് ഒരു വര്‍ഷമായി ടീമില്‍ ഉണ്ടായിരുന്നില്ല

പ്രതിഭ മുഴുവൻ ചിലവഴിച്ചു, ഇനി കുടുംബത്തോടൊപ്പം

തുടർന്നും കളിക്കാന്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെങ്കിലും, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 38 കാരൻ അറിയിച്ചു. തന്റെ ഉള്ളിലുള്ള പ്രതിഭ മുഴുവന്‍ ഫുട്‌ബോളിന് നല്‍കി കഴിഞ്ഞു. ഇനി ഒന്നും നല്‍കാനില്ലെന്നും താരം വ്യക്തമാക്കി.

അര്‍ജന്റീനയ്ക്കായി മിന്നും പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ടെവസ് യൂറോപ്പിലെ വമ്പന്‍ ക്ലബുകളുടെ മുന്നേറ്റങ്ങളിലും നിറഞ്ഞു നിന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ഇറ്റാലിയന്‍ മുന്‍ ചാമ്പ്യന്‍മാരായ യുവന്റസ്, അര്‍ജന്റീന ക്ലബ് കൊറിന്ത്യന്‍സ് ടീമുകള്‍ക്കായും താരം ബൂട്ടണിഞ്ഞു. ബൊക്ക ജൂനിയേഴ്‌സിനൊപ്പം 11 കിരീടങ്ങള്‍ നേടിയിട്ടുണ്ട്.

ബൊക്ക ജൂനിയേഴ്‌സിലൂടെ കരിയര്‍ തുടങ്ങി ആ ക്ലബില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ ടെവസിനായി.

പത്രപ്രവർത്തകനെ വെടിവെച്ച് കൊന്ന കേസിൽ മരിച്ചെന്ന് സിബിഐ പറഞ്ഞ സാക്ഷി കോടതിയിൽ

സിബിഐ മരിച്ചെന്ന് പറഞ്ഞ വനിത ജീവനോടെ കോടതിയിൽ ഹാജരായി. ബിഹാറിലെ മുസാഫർപൂറിലുള്ള കോടതിയിലാണ് പത്രപ്രവർത്തകൻ്റെ വധത്തിൽ സാക്ഷിയായ സ്ത്രീ നേരിട്ട് എത്തിയത്. 80 വയസുകാരിയായ ബാഡ്മി ദേവി എന്ന സാക്ഷി തെളിവുകൾ സഹിതം എത്തുകയായിരുന്നു.

മാധ്യമപ്രവർത്തകനായ രാജദിയോ രഞ്ജൻ്റെ കൊലപാതക കേസിലെ പ്രധാന സാക്ഷിയാണിവർ. ഇവർ മരിച്ചെന്ന് നേരത്തെ സിബിഐ കോടതിയെ അറിയിക്കുകയായിരുന്നു. വോട്ടർ ഐഡി കാർഡും പാൻ കാർഡും ഉൾപ്പെടെ ബാഡ്മി ദേവി കോടതിയിൽ ഹാജരാക്കി. കേസ് അട്ടിമറിക്കാൻ സി ബി ഐ ശ്രമിച്ചു എന്ന പരാതിക്ക് ഇതോടെ ബലമേറി.

ജൂൺ 20 നകം വിശദീകരണം നൽകാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു.

2016 മെയ് 13നാണ് ഹിന്ദുസ്താൻ പത്രത്തിന്റെ ബ്യൂറോ ചീഫ് ആയിരുന്ന രാജദിയോ രഞ്ജൻ ടൗണിലെ പച്ചക്കറി മാർക്കറ്റിനടുത്ത് ഓഫീസിലേക്കുള്ള വഴിയിൽ കൊല്ലപ്പെടുന്നത്.അഞ്ച് പേർ ഉൾപ്പെടുന്ന സംഘം വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവത്തിന് സാക്ഷിയാണ് ബാഡ്മി ദേവി. എം.പി ഉൾപ്പെടെ രാഷ്ട്രീയ ബന്ധങ്ങൾ ആരോപിക്കപ്പെട്ട കേസാണ്. ഉത്തർ പ്രദേശിന് ചേർന്നുള്ള സിവാൻ നഗരത്തിലായിരുന്നു സംഭവം.

കേസിലെ പ്രധാന സാക്ഷിയായ ബാഡ്മി ദേവിയെ വിസ്തരിക്കണമെന്ന ആവശ്യത്തിൽ കോടതി ഇവർക്ക് സമൻസ് അയക്കുകയായിരുന്നു. എന്നാൽ ബാഡ്മി ദേവി മരിച്ചെന്ന് കാണിച്ച് സിബിഐ മെയ് 24 കോടതിയിൽ ഡെത്ത് വേരിഫിക്കേഷൻ റിപ്പോർട്ട് സമർപ്പിച്ചു.

താൻ മരിച്ചുവെന്ന് സിബിഐ കോടതിയിൽ ബോധിപ്പിച്ചിരിക്കുകയാണെന്നത് പത്രവാർത്തകളിലൂടെയാണ് ബാഡ്മി ദേവി അറിയുന്നത്. തൊട്ടുപിന്നാലെ ബാഡ്മി കോടതിയിലെ സമീപിച്ചു. ആ സമയം കസേര ടോലിയിലെ വീട്ടിലായിരുന്നു ബാഡ്മി. കേസിൽ തന്നെ സിബിഐ പ്രധാസാക്ഷിയാക്കിയെങ്കിലും ആരും തന്നെ കാണാനോ തൻ്റെ മൊഴിയെടുക്കാനോ വന്നില്ലെന്ന് ബാഡ്മി ദേവി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

പത്രപ്രവർത്തക സംഘടനാ സംവിധാനങ്ങൾ മുഴുവൻ തകർക്കപ്പെട്ട സ്ഥലമാണ് ബീഹാർ. ഹോട്ടലുകളും സ്വകാര്യ ഹാളുകളും പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പത്രസമ്മേളനങ്ങൾ പോലും നടക്കുന്നത്.

രാജ്ദേവ് രഞ്ജൻ എന്നറിയപ്പെടുന്ന രാജ്ദിയോയുടെ വിവാഹ വാർഷികത്തിൻ്റെ തലേ ദിവസമായിരുന്നു ആക്രമണം. 45 കാരനായ ഇദ്ദേഹം ഭാര്യയും കുട്ടികൾക്കും ഒപ്പം സിവാനിലായിരുന്നു താമസം. കുറ്റ കൃത്യങ്ങളും അതിലെ രാഷ്ട്രീയ ബന്ധങ്ങളും വെളിച്ചത്ത് കൊണ്ടു വന്ന വാർത്തകളുടെ പേരിൽ ഇദ്ദേഹം പ്രസിദ്ധനായിരുന്നു.

ഇഷ്ടഗായിക ഷാക്കിറയും ഫുട്ബോൾ താരം പിക്വെയും വേർപിരിയുന്നു

ലോകത്തെ പ്രിയപ്പെട്ട പോപ് ​ഗായിക ഷാക്കിറയും സ്പാനിഷ്‌ ഫുട്‌ബോൾ താരം ജെറാർഡ് പിക്വെയും വേർപിരിയുന്നു. 12 വർഷമായി ഒരുമിച്ചു താമസിക്കുന്ന ഇവർ വിവാഹിതരല്ല. എങ്കിലും ഇപ്പോൾ പരസ്പര ബന്ധം ഒഴിവാക്കാനാണ് തീരുമാനം.

‘ഞങ്ങൾ വേർപിരിയുന്നുവെന്ന് സ്ഥിരീകരിക്കുന്നതിൽ ഖേദിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവർക്കാണ് പ്രാധാന്യം നൽകുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുന്നു. നിങ്ങൾ ഞങ്ങളെ മനസ്സിലാക്കുന്നതിന് നന്ദി.’ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

പിക്വെയും ഷാക്കിറയ്ക്കും രണ്ട് ആൺകുട്ടികളാണുള്ളത്. മൂത്തമകൻ മിലാന് ഒൻപതും ഇളയമകൻ സാഷയ്ക്ക് ഏഴുമാണ് പ്രായം.

2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫുട്‌ബോൾ ലോകകപ്പിനിടേയാണ്‌ ഇരുവരും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ ‘വക്ക വക്ക’ വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം 2011-ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്.

കഥകൾ പലത്, തീരുമാനം ഉറച്ച്

പിക്വെ തന്നെ വഞ്ചിച്ചുവെന്നും മറ്റൊരു സ്ത്രീയുമായി പിക്വെയ്ക്ക് ബന്ധമുണ്ടെന്നും ഷാക്കിറ പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുറച്ചുകാലമായി ഷാക്കിറ പിക്വെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറില്ലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഷാക്കിറ അവസാനമായി പിക്വെയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ഫുട്‌ബോൾ ലോകകപ്പിനിടേയാണ്‌ ഇരുവരും അടുക്കുന്നത്. ഷാക്കിറ അന്ന് പാടിയ ലോകകപ്പ് ഗാനമായ ‘വക്ക വക്ക’ വൻ ഹിറ്റായിരുന്നു. ലോകകപ്പിന് ശേഷം 2011-ലാണ് ഇരുവരും ഒരുമിച്ച് ജീവിക്കാനാരംഭിച്ചത്.

2019 ൽ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിൽ, രണ്ട് വർഷം മുമ്പ് തന്റെ ശബ്ദം താൽക്കാലികമായി നഷ്‌ടപ്പെട്ടത് ജീവിതത്തിലെ ഏറ്റവും ഇരുണ്ട നിമിഷം ആയിരുന്നുവെന്നും അത് തന്നെ ആഴത്തിൽ ബാധിച്ചുവെന്നും ഷാക്കിറ പറഞ്ഞത് വൻവാർത്തയായിരുന്നു. പിന്നീട് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ശസ്ത്രക്രിയയ്ക്ക് വിധേയമാകാതെ സ്വാഭാവികമായിത്തന്നെ അവർ ശബ്ദം വീണ്ടെടുക്കുകയും 2018-ൽ ഒരു ലോകപര്യടനം നടത്തുകയും ചെയ്തു.