ട്രെയിൻ യാത്രയിലും ലഗേജുകൾക്ക് പണം നൽകണം, റെയിൽവേ നീക്കം ചർച്ചയാവുന്നു

വിമാനത്തിലെ എന്നപോലെ ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണവും കാശും ഏര്‍പ്പെടുത്തുന്നു. അനുവദിച്ചിട്ടുള്ളതില്‍ അധികം ലഗേജ് കൊണ്ടുപോകാന്‍ ഇനി യാത്രക്കാര്‍ പണം നല്‍കണം. ബുക്ക് ചെയ്യാതെ അധികം ലഗേജുമായി യാത്ര ചെയ്താല്‍ പിഴ ഈടാക്കും. ഇനി ലഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനം.

ഇത് എങ്ങിനെ സുഗമമാവും എന്നതിൽ വ്യക്തതയില്ല. ഇപ്പോൾ തന്നെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ സ്വകാര്യ ഏജൻസികളെ ഏല്പിച്ചത് വൻ ആശയ കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. ഓൺലൈനിൽ കാശ് പോയാലാണ് പാസ് വേർഡും യുസർ നെയിമും ചോദിക്കുക. ക്യാപ്ച എന്ന പേരിലുള്ള പരീക്ഷ യാത്രക്കാരൻ പാസാവുക പാടാണ്. കാശ് പോകും ടിക്കറ്റും കിട്ടില്ല. സ്വകാര്യ ഏജൻസികളുടെ സൈറ്റിനകത്താണ് ഇത് .

ഇപ്പോൾ ലഗേജുമായി യാത്ര ചെയ്യുന്ന ക്ലാസുകള്‍ക്ക് അനുസരിച്ച് 25 മുതല്‍ 70 കിലോ വരെ ഭാരമുള്ള വസ്തുക്കൾ അനുവദിക്കും. ഇതിന് പുറമെയുള്ളവ യാത്രയ്ക്ക് മുമ്പ് അധിക ലഗേജായി ബുക്ക് ചെയ്യണം. എ.സി ഫസ്റ്റ് ക്ലാസില്‍ 70 കിലോ വരെയും എ.സി ടു ടയറില്‍ 50 കിലോ വരെയുമുള്ള ലഗേജ് സൗജന്യമായി കൊണ്ടുപോകാം. എ.സി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍ ക്ലാസ് എന്നിവയില്‍ 40 കിലോയാണ് പരിധി. സെക്കന്‍ഡ് ക്ലാസില്‍ 25 കിലോ ലഗേജും കൈയില്‍ കരുതാം.

ലഗേജ് അധികമായാല്‍ പാഴ്‌സല്‍ ഓഫീസില്‍ പോയി ലഗേജ് ബുക്ക് ചെയ്യണം. 30 രൂപയാണ് അധിക ലഗേജിനുള്ള മിനിമം ചാര്‍ജ്. അതേസമയം രജിസ്റ്റര്‍ ചെയ്യാതെ അനുവദിച്ചതിലും അധികം ലഗേജുമായാണ് യാത്രയെന്ന് കണ്ടെത്തിയാല്‍ ആറിരിട്ടി തുക വരെ പിഴയിടാക്കും.

യാത്ര ചെയ്യുന്ന അതേ ട്രെയിനില്‍ തന്നെ ലഗേജ് കൊണ്ടുപോകാന്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ലഗേജ് ബുക്കിങ് സ്റ്റേഷനിലെ ലഗേജ് ഓഫീസില്‍ എത്തിക്കണം. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് ലഗേജും മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ലഗേജ് നിയമങ്ങള്‍ കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ അധിക ലഗേജുമായി ട്രെയിനില്‍ യാത്ര ചെയ്യരുതെന്ന് നേരത്തെ റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു. ലഗേജ് കൂടുതലാണെങ്കില്‍ യാത്രക്കാരുടെ ആസ്വാദനം പകുതിയായി കുറയുമെന്നും കൂടുതല്‍ ലഗേജുമായി യാത്ര ചെയ്യരുതെന്നുമാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.

ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം ഇഗാ സ്വിയാടെകിന്; തുടർ നേട്ടങ്ങളിൽ വീനസ് വില്യംസിനൊപ്പം

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്വിയാടെകിന്. ഫൈനലില്‍ അമേരിക്കയുടെ കൊക്കോ ഗാഫിനെ പരാജയപ്പെടുത്തിയാണ് ഇഗ ചാമ്പ്യനായത്. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.

ശനിയാഴ്ച വൈകീട്ട് നടന്ന കലാശപ്പോരില്‍ പതിനെട്ടുകാരിയായ കൊക്കോയെ നേരിട്ടുള്ള സെറ്റുകളില്‍ 6-1, 6-3ന് അനായാസം കീഴടക്കിയാണ് ഇഗ കിരീടം ചൂടിയത്. 18-ാം സീഡായ എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെ ഇഗ കളംനിറഞ്ഞതോടെ ഒരുമണിക്കൂറും എട്ട് മിനിറ്റും മാത്രമേ കലാശപ്പോര് നീണ്ടുനിന്നുള്ളു.

വീനസിനൊപ്പം ഇഗ

വിജയത്തോടെ ഈ നൂറ്റാണ്ടില്‍ വനിതാ ടെന്നീസ് സിംഗിള്‍സില്‍ ഏറ്റവും കുടുതല്‍ തുടര്‍വിജയങ്ങള്‍ നേടിയ താരമെന്ന റെക്കോഡില്‍ വീനസ് വില്യംസിനൊപ്പമെത്താനും ഇഗയ്ക്ക് സാധിച്ചു. ഇഗയുടെ തുടര്‍ച്ചയായ 35-ാം വിജയമാണിത്. വീനസ് വില്യംസ് 2000-ത്തില്‍ തുടര്‍ച്ചയായി 35 മത്സരം ജയിച്ചിരുന്നു.

ഇതിന് മുമ്പ് 2020 ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഇഗ സ്വന്തമാക്കിയിരുന്നു.

അസം മുഖ്യമന്ത്രിയുടെ പിപി കിറ്റ് അഴിമതി പൊളിച്ച് ഡൽഹി ഉപമുഖ്യമന്ത്രി

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ കോവിഡ് പിപിഇ കിറ്റില്‍ അഴിമതി നടത്തിയെന്ന കണ്ടെത്തൽ വെളിപ്പെടുത്തി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുടുംബവുമായി ബന്ധമുള്ള കമ്പനിക്ക് വൻ തുക അധികം ഈടാക്കി പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ ഹിമന്ത ബിശ്വ ശര്‍മ നല്‍കിയെന്നാണ് വെളിപ്പെടുത്തൽ.

ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്റെ അറസ്റ്റിന് പിന്നാലെയാണ് ആരോപണവുമായി സിസോദിയ രംഗത്തെത്തിയത്. ഇതേ അഴിമതി നേരത്തെ ദ വയർ ഓൺലൈൻ ന്യൂസ് സംഘം പുറത്ത് കൊണ്ടു വന്നിരുന്നു.

‘ഹിമന്ത ബിശ്വ ശര്‍മ തന്റെ ഭാര്യയുടെ കമ്പനിക്കാണ് കരാര്‍ നല്‍കയത്. ഒരു പിപിഇ കിറ്റിന് 900 രൂപയാണ് ശര്‍മ നല്‍കിയത്. എന്നാല്‍ മറ്റുള്ളവര്‍ അതേ ദിവസം മറ്റൊരു കമ്പനിയില്‍ നിന്ന് 600 രൂപയ്ക്ക് കിറ്റുകള്‍ വാങ്ങിയിരുന്നു.

ഇതൊരു വലിയ കുറ്റകൃത്യമാണ്’, സിസോദിയ പറഞ്ഞു. ഇതിന്റെ തെളിവുകള്‍ പക്കലുണ്ടെന്നും സിസോദിയ അവകാശപ്പെട്ടു. തങ്ങളുടെ നേതാവിനെതിരേ അ
ഴിമതി വെളിവായതിനാഠൽ നടപടി സ്വീകരിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ അഴിമതി ആരോപണമുന്നയിച്ച മനീഷ് സിസോദിയക്കെതിരേ ഹിമന്ത ബിശ്വ ശര്‍മ രംഗത്തെത്തി. ആരോപണം തുടര്‍ന്നാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നാണ് വാദം. ‘രാജ്യം മുഴുവന്‍ കോവിഡ് മഹാമാരിയുടെ ഭീതിയിലായിരുന്ന സമയത്ത് അസമില്‍ പിപിഇ കിറ്റ് ലഭ്യമായിരുന്നില്ല. ആ സമയത്ത് എൻ്റെ ഭാര്യ ധൈര്യപൂര്‍വം മുന്നോട്ട് വന്ന് ജീവന്‍ രക്ഷിക്കാനായി 1500 കിറ്റ് സംഭാവന ചെയ്തു. അതിന് ഒരു പൈസപോലും വാങ്ങിയിരുന്നില്ല’, എന്നാണ് വാദം.

ഭാര്യയുടെ കമ്പനിക്കാണ് 600 പകരം 900 രൂപ കിറ്റ് ഒന്നിന് നൽകിയതായി കണ്ടെത്തിയത്.

രണ്ട് ദിവസം മുമ്പ് ദ വയര്‍ ആണ് അഴിമതി വാര്‍ത്ത പുറത്തുവിട്ടത്. ഹിമന്ത ബിശ്വ ശര്‍മയുടെ ഭാര്യയുടെയും കുടുംബസുഹൃത്തിൻ്റെയും ഉടമസ്ഥതയിലുള്ള മൂന്ന് സ്ഥാപനങ്ങള്‍ക്കാണ് അസം സര്‍ക്കാര്‍ പിപിഇ കിറ്റ് നിര്‍മിക്കാനുള്ള കരാര്‍ നല്‍കിയത്. ശര്‍മ്മയുടെ ഭാര്യ റിനികി ഭുയാന്‍ ശര്‍മയും വാർത്ത നിഷേധിച്ചു.

കോവിഡ് കേസുകൾ കൂടുന്നു, കേരളത്തിന് മുന്നറിയിപ്പ്

രാജ്യത്ത് കൊവിഡ് കേസുകൾ വർധിച്ച പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻ്റെ ജാഗ്രതാ നിർദേശം കേരളം, തമിഴ്‌നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് ജാഗ്രത പാലിക്കാൻ നിർദേശം നൽകിയത്.

രോഗികൾ വർധിക്കുന്നു

ശനിയാഴ്ച 4,033 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങൾക്ക് മുൻപ് മാർച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തിൽ എത്തിയത്.

ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വർധനയാണ് രാജ്യത്തെ കൊവിഡ് വർധനയ്ക്ക് കാരണമായിരിക്കുന്നത്. ഇതുവഴി ഇത്ര നാൾ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ അറിയിച്ചു.

കേന്ദ്ര സർക്കാർ ഏപ്രിൽ 18ന് സംസ്ഥാനങ്ങൾക്ക് നൽകിയ കത്തിലെ നിർദേശങ്ങൾ അനുസരിച്ച് വാക്‌സിനേഷൻ, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയവ കർശനമായി പാലിക്കണമെന്ന് രാജേഷ് ഭൂഷൻ വ്യക്തമാക്കി.

ശാന്തൻപാറ കാണാനെത്തിയ കൂട്ടൂകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ കൂടി പിടിയിലായി

ശാന്തൻപാറ കൂട്ട ബലാത്സംഗക്കേസിൽ രണ്ടു പേരെ കൂടി അറസ്റ്റു ചെയ്തു. പെൺകുട്ടിയുടെ സുഹൃത്തുക്കളാണ് അറസ്റ്റിലായത്. മധ്യപ്രദേശ് സ്വദേശികളായ മഹേഷ് കുമാർ യാദവ്, കേം സിംഗ് എന്നിവരാണ് അറസ്റ്റിലായത്. രാജകുമാരി, പൂപ്പാറ എന്നിവിടങ്ങളിൽ വച്ചാണ് ഇവർ കുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടി കൗൺസിലിംഗിൽ നൽകിയ മൊഴിയെ തുടർന്നാണ് അറസ്റ്റ്. ഇതോടെ കേസിൽ എട്ടു പേർ പൊലീസ് പിടിയിലായി

നേരത്തെ, കേസുമായി ബന്ധപ്പെട്ട് പൂപ്പാറ സ്വദേശികളായ ശിവ, സുഗന്ധ് എന്നിവരുടെ അറസ്റ്റ് ചൊവ്വൊഴ്ച രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച പിടിയിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് തമിഴ്‌നാട്ടിലേക്ക് കടന്ന ഈ രണ്ടുപേരെ പറ്റി വിവരം ലഭിച്ചത്. തുടർന്ന് ശാന്തൻപാറ പൊലീസ് തമിഴ്‌നാട്ടിൽ എത്തി പുലർച്ചയോടെ പ്രതികളെ പിടികൂടുകയായിരുന്നു. കേസിൽ പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.

മെയ് 29നാണ് പെൺകുട്ടിയെ തേയിലത്തോട്ടത്തിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ ഇരുക്കുമ്പോഴായിരുന്നു ക്രൂരത. പെൺകുട്ടിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ശാന്തൻപാറ പൊലീസിൽ വിവരമറിയിച്ചത്. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ സഹായം നൽകി. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രതികളെ രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിക്കുന്നുണ്ട്.

കുവൈറ്റിൽ ഭൂചലനം

കുവൈറ്റിൽ നേരിയ ഭൂചലനം. അൽ അഹ്മദിയിൽ നിന്ന് 24 കിമി അകലെ തെക്ക് പടിഞ്ഞാറ് ദിശയിലായാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 4.5 രേഖപ്പെടുത്തിയ ചലനം കുറച്ച് മിനിറ്റുകളോളം അനുഭവപ്പെട്ടു.

ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് ഭൂചലനം സ്ഥിരീകരിച്ചു.പുലർച്ചെ 4.28ന് (പ്രാദേശിക സമയം) ആയിരുന്നു ഭൂകമ്പം. അൽ അഹ്മദിയാണ് പ്രഭവകേന്ദ്രം. നേരിയ ഭൂചലനമായിരുന്നതുകൊണ്ട് തന്നെ പ്രദേശവാസികൾക്ക് ചെറിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു.

എന്നാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ജോലി സമ്മർദ്ദം, പൊലീസുകാരൻ മരിച്ച നിലയിൽ

പോലീസുകാരനെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട പെരുമ്പട്ടി പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. അനീഷിനെയാണ് ചെങ്ങന്നൂര്‍ പ്രാവിന്‍കൂട്ടിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി സമ്മർദ്ദം മൂലം മാനസിക പ്രശ്നം അനുഭവിച്ചിരുന്നതായി പറയുന്നു.

ശനിയാഴ്ച രാവിലെയാണ് അനീഷ് ജോലി കഴിഞ്ഞ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. തുടര്‍ന്ന് ജോലിയുടെ സമ്മര്‍ദത്തെക്കുറിച്ച് അമ്മയോട് പരാതി പറഞ്ഞിരുന്നു. വീടിൻ്റെ മുകള്‍നിലയിലെ മുറിയിലേക്ക് പോയ മകനെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഉച്ചയ്ക്ക് ഒന്നരയോടെ അമ്മ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് അനീഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അമ്മയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാര്‍ അനീഷിനെ താഴെയിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ജോലിയില്‍ നേരിടുന്ന സമ്മര്‍ദത്തെക്കുറിച്ച് അനീഷ് നേരത്തെ ബന്ധുക്കളോടും സുഹൃത്തുക്കളോടും പരാതി പറഞ്ഞിരുന്നതായാണ് വിവരം. മൂന്നുദിവസം മുമ്പ് ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. അതേസമയം, ആത്മഹത്യാക്കുറിപ്പോ മറ്റോ കണ്ടെടുത്തിട്ടില്ല.

മുക്താർ അബ്ബാസ് നഖ്‌വിക്ക് സീറ്റില്ല; ബി ജെ പിയുടെ ഏക ന്യൂനപക്ഷ അംഗവും പുറത്താവും

ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിക്ക് ബിജെപി സീറ്റ് നിഷേധിച്ചു. ഉത്തര്‍പ്രദേശിലെ റാംപുര്‍ മണ്ഡലത്തില്‍ ഗന്‍ശ്യാം ലോധിയെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഇതോടെ കേന്ദ്രമന്ത്രി സഭയില്‍ നഖ്‌വിക്ക് തുടരാനാവില്ല എന്ന സാഹചര്യം ആയി.

രാജ്യസഭാ സീറ്റ് നേരത്തെ നഖ്‌വിക്ക് നിഷേധിച്ചിരുന്നു. ജൂലായ് ഏഴിനാണ്‌ നഖ്‌വിയുടെ രാജ്യസഭാ കാലാവധി അവസാനിക്കുന്നത്. മോദി മന്ത്രിസഭയിലെ ഏക മുസ്ലീം അംഗമായ നഖ്‌വി പടിയിറങ്ങുന്നതോടെ രാജ്യസഭയിലും ലോക്‌സഭയിലും ബിജെപിക്ക് മുസ്ലീം എംപിമാര്‍ ആരുമുണ്ടാകില്ല. ഉപരാഷ്ട്രപതി സ്ഥനം ലഭിച്ചേക്കും എന്ന വാർത്തകൾ ഉണ്ടായി. എങ്കിലും സ്ഥിരീകരണമില്ല.

പാര്‍ലമെന്റില്‍ പാര്‍ട്ടിക്ക് മുസ്ലീം പ്രാതിനിധ്യം ഇല്ലാതാകുമെന്നതിനാല്‍ ലോക്‌സഭാ ഉപതിരഞ്ഞടുപ്പില്‍ റാംപുരില്‍ നിന്ന് നഖ്‌വിയെ മത്സരിപ്പിക്കുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ രാംപൂരില്‍ പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയായി ഗന്‍ശ്യം ലോധിയെ പ്രഖ്യാപിച്ചതോടെ ആ വഴിയും അടഞ്ഞു. ഇതോടെ രാജ്യസഭാ കാലാവധി കഴിയുന്നതിന് മുമ്പ് നഖ്‌വിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് മന്ത്രിസ്ഥാനത്ത് തുടരാനുള്ള സാധ്യതയും ഇല്ലാതായി.

രാജ്യസഭയിലുണ്ടായിരുന്നത് മൂന്ന് മുസ്ലീം വിഭാഗക്കാരാണ്. ഇവരുടെ കാലാവധി ആഴ്ചകള്‍ക്കകം അവസാനിക്കും. ജൂണ്‍ 10ന് നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ 20 ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാന്‍ സാധിക്കും

അതേസമയം, എന്‍ഡിഎയ്ക്ക് ഒരു മുസ്ലിം എംപിയുണ്ട്. ഖഗാരിയ മണ്ഡലത്തില്‍ നിന്ന് ജയിച്ച ലോക്‌സജനശക്തി പാര്‍ട്ടിയുടെ മെഹ്ബൂബ് അലി കൈസര്‍ ആണ് എന്‍ഡിഎയുടെ ഏക മുസ്ലിം എംപി.

കോൺഗ്രസ് ജയിച്ചു കയറിയ വഴി

തൃക്കാക്കരയില്‍ കോൺഗ്രസ് പ്രവർത്തന ചിട്ട പൊളിച്ചെഴുതിയാണ് വിജയപീഠം കയറിയത്. മൂന്നോ നാലോ നേതാക്കളിൽ ഊന്നുന്ന പതിവ് സ്റ്റേജ് പെർഫോമൻസ് സമീപനം മാറ്റി. വി.ഡി. സതീശനും ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസും എല്ലാം കളത്തിലിറങ്ങി. എന്നാൽ അതിനെക്കാൾ ഊർജ്ജം ഏറ്റവും താഴെ തട്ടിലായിരുന്നു.

യുവനിരയാണ് കളത്തിലിറങ്ങി കളിച്ചതും വോട്ടുറപ്പിക്കാന്‍ മത്സരിച്ചതും. പ്രാശാന്ത് കിഷോറിൻ്റെ തന്ത്രങ്ങളിൽ പ്രധാനമായത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ പതിറ്റാണ്ടുകൾക്ക് മുൻപ് പരീക്ഷിച്ച് ജയം നേടിയ നമ്പറാണ്. ബൂത്ത് തലം മുതൽ ഓരോ വോട്ടിൻ്റെയും ചരിത്രവും വർത്തമാനവും ചാഞ്ചാട്ടവും എല്ലാം മനപ്പാഠമാക്കി വെക്കും.

അതു വെച്ചാണ് വിശകലനം എവിടെ പോകണം എവിടെ പോകേണ്ട എവിടെ പോയിട്ടും കാര്യമില്ല എന്നെല്ലാം ഈ സ്ഥിതവിവര ചരിത്രത്തിലുണ്ടാവും. ഐ ഐ ടി യുവാക്കളുടെ നിരയെ ഉപോയോഗിച്ചാണ് ഈ വിശകനല കല പ്രശാന്ത് കിഷോർ നടപ്പാക്കി എടുത്തത്.

ഇത്തവണ തൃക്കാക്കരയിൽ ഈ തുടർച്ച കാണാമായിരുന്നു. കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് തിരിച്ചറിഞ്ഞ്ടീം വര്‍ക്കിന്റെ മെറിറ്റിലേക്ക് ചുവടുമാറ്റി. ഗ്രൂപ്പ് മാനേജര്‍മാര്‍ക്കും റോള്‍ കുറഞ്ഞു.

സി.പി.എമ്മില്‍നിന്ന് പഠിച്ച പാഠങ്ങൾ നന്നായി പ്രയോഗിച്ചു. കെ. സുധാകരൻ കാലത്തെ സെമി കേഡർ പ്രഖ്യാപനം പാഴായില്ല. സംഘടന ഇല്ലാതാവുന്നു എന്ന തിരിച്ചറിവ് കേരളത്തിലെ അണികൾക്ക് പുതിയ ജീവൻ നൽകി. നേതാക്കള്‍ മാത്രമായി ചുരുങ്ങിക്കൊണ്ടിരുന്ന പാര്‍ട്ടി, പ്രവര്‍ത്തകരെ ആശ്രയിച്ച് താഴേത്തട്ടിലുള്ള നേതാക്കളെ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് മെഷീന്‍ ഓടിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ സ്ഥാനാര്‍ഥി റെഡി. കൊച്ചി സീറ്റിന് ക്ലെയിമുണ്ടെന്ന് പറയാന്‍ ഒരു മടിയും കാട്ടാത്ത ഡൊമനിക്കിനെ മെരുക്കി. ഇതൊന്നും കോണ്‍ഗ്രസില്‍ പതിവുള്ളതല്ല.

സി.പി.എം. പാര്‍ട്ടിക്കാരല്ലാത്തവരെ വച്ച് കളി ജയിക്കാനുള്ള വളഞ്ഞ വഴി സ്വീകരിച്ചതും സൌകര്യമായി. സഭയുടെ സ്ഥാപനത്തില്‍, അതും ഒരു വൈദികന്റെ സാന്നിധ്യത്തില്‍ സ്ഥാനാര്‍ഥിയെ അവതരിപ്പിച്ച് സി പി എം ഇതോ ജനങ്ങളെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു.

കര്‍ദിനാള്‍ ആശീര്‍വദിച്ചാല്‍ എറണാകുളം-അങ്കമാലി അതിരൂപത പിണങ്ങും. അതിരൂപതയെ ഇണക്കിയാല്‍ കര്‍ദിനാള്‍ തെറ്റും എന്ന ചൊല്ലാണ് എറണാകുളത്തുള്ളത്. പക്ഷെ സി പി എമ്മിൻ്റെ ഹൃദയ പക്ഷം ജനങ്ങളെ മതവും ജാതിയും വെച്ച് പി ടി തോമസിൻ്റെ മണ്ഡലത്തിലും വിലയിരുത്തി.

തൃക്കാക്കര മിനികേരളമാണെന്നാണ് സി.പി.എം. നേതാക്കള്‍ പറഞ്ഞത്. നഗരകേന്ദ്രമാണ്. വ്യവസായം. സ്മാര്‍ട് സിറ്റി. മാളുകൾ നഗര സംസ്കാരം എല്ലാം . ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇതൊന്നും അല്ലാത്തവരും. എല്ലാ സമുദായക്കാരും ഉണ്ട്. അതേ സമയം സമുദായം ഇല്ലാത്തവരുടയും മണ്ഡലം. അങ്ങനെയുള്ള ഒരു മണ്ഡലത്തില്‍ ഒരു വോട്ടുബാങ്കിനെ മാത്രം ലക്ഷ്യമിട്ടാല്‍ മറ്റൊരു വോട്ടുബാങ്കില്‍ വിള്ളല്‍ വീഴും. മത-ജാതിസമവാക്യങ്ങള്‍ എതിരാവും. സി.പി.എമ്മും ബി.ജെ.പിയും നീട്ടിക്കൊടുത്ത കയറിന്റെ മറുവശത്താണ് പക്ഷെ ആളു കൂടിയത്.

കെ റെയില്‍ വന്നാലും ഇല്ലെങ്കിലും പി.സി ജോര്‍ജ് ചേരി ഇനിയും മാറിയാലും ഇല്ലെങ്കിലും കേരളം മതനിരപേക്ഷമാണ് എന്ന പാഠം എല്ലാവര്‍ക്കുമായി തൃക്കാക്കരക്കാര്‍ പറയുന്നുണ്ട്.

എന്തായാലും കോൺഗ്രസിന് തൃക്കാക്കരയിൽ ലഭിച്ച ഊർജ്ജം ചെറുതല്ല. രാജ്യത്ത് തന്നെ പാർട്ടി മുങ്ങി താഴുകയാണ്. കച്ചു തുരുമ്പ് എന്ന് പറയാനില്ല. പക്ഷെ കച്ച കെട്ടിയാൽ ബലാബലത്തിന് ഇപ്പോഴും സാധ്യതയുണ്ട് എന്ന് തെളിയുകയാണ്.

തൃക്കാക്കരയിലെ കരച്ചിൽ ആരുടേതാണ്

വെൻറിലേറ്ററിൽ പ്രാണവായുവില്ലാതെ പിടയുന്ന കോൺഗ്രസിനുള്ള ഓക്സിജൻ കിറ്റാണ് ഈ വിജയം.
ദുരിതകാലത്ത് എൽ ഡി എഫ് സർക്കാർ ജനങ്ങൾക്കു കൊടുത്ത കിറ്റുകളെക്കാൾ പ്രധാനമാണീ കിറ്റ്.

ഷാജി വി.വി. എഴുതുന്നു

യു ഡി എഫിന്റെ വിജയത്തെ എൽ എ ഡി എഫിന്റെ പരാജയം എന്ന നിലയ്ക്ക് പരമ്പരാഗത മട്ടിൽ അടിസ്ഥാന രഹിതമായ വിശകലനം നടത്തുന്നവരെക്കുറിച്ച് ഒന്നും പറയാനില്ല. ഉമ തോമസിന്റെ വിജയം യു ഡി എഫിന്റെ വിജയമായി ദുർവ്യാഖ്യാനം ചെയ്യുന്ന മാധ്യമങ്ങളെക്കുറിച്ച് എന്തു പറയാൻ? വിചിത്ര വാദം തന്നെ.
ഉമ തോമസിന്റെ വിജയം പിടി തോമസിന്റെ വിജയമാണെന്നും പിടി തോമസിന്റെ വിജയം പരേതാത്മാക്കൾക്ക് അവരവരുടെ മണ്ഡലത്തിലുള്ള സ്വാധീനശക്തിയുടെ വിജയമാണെന്നും പ്രത്യേകിച്ചു പറയേണ്ടതില്ല.

തൃക്കാക്കരക്കാർ മണ്ടൻമാരാണ് എന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ട സത്യമാണുതാനും.
അടുത്ത തെരഞ്ഞെടുപ്പു ലക്ഷ്യംവെച്ചുള്ള ആസൂത്രിതമായ നീക്കമാവണം എൽ ഡി എഫിന്റെത്. ചെറിയ ഡോസിലുള്ള ഷോക് ട്രീറ്റ്മെന്റ് സി പി എമ്മിനു അനിവാര്യമാണെന്ന് പോളിറ്റ് ബ്യുറോ വിലയിരുത്തിയിട്ടുണ്ടാവണം. തുടർ ഭരണം ആന്തരികമായ ഒരലസത ഉണ്ടാക്കിയിട്ടുണ്ട്.
എതിരാളികളില്ലാത്ത റിലേക്കളിക്കാർ ഓടുന്നതിനിടെ കോട്ടുവായിടുന്നതു പോലെ നേതാക്കളിലും പ്രവർത്തകരിലും പ്രാഥമിക ഘട്ടത്തിലുള്ള മണ്ഡരി ബാധ ദർശനീയമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണമായിരുന്നു ഡോക്ടറെ മൽസരിപ്പിക്കുക എന്നത്. മിടുക്കൻമാരായ കാർഡിയോളജിസ്റ്റുകളിലും വൈദ്യശാസ്ത്രേതരവിഷയങ്ങളിൽ മണ്ടന്മാരുണ്ട് എന്ന് മലയാളികൾ മനസ്സിലാക്കി എന്നതും വിദ്യാഭ്യാസ പ്രക്രീയ എന്ന നിലയിൽ സ്വാഗതാർഹമാണ്. ഡോക്ടറെ നിന്ദിക്കുന്നത് ന്യായമല്ല. വകതിരിവ് മെഡിക്കൽ കോളേജിലെ പഠന വിഷയമല്ല. ഡോക്ടർ വാസ്തവത്തിൽ ഒരു ബലി വസ്തുവായിരുന്നു. ഈ ഉപതെരഞ്ഞെടുപ്പിലെ തോൽവി വരാനിരിക്കുന്ന പ്രധാന തെരഞ്ഞെടുപ്പുകളിൽ എൽ ഡി എഫിനെ പോരാട്ട വീര്യമുള്ളവരാക്കിത്തീർക്കും.
ഡോക്ടർ സങ്കടപ്പെടാനൊന്നുമില്ല. കാർഡിയോളജിസ്റ്റെന്ന നിലയിൽ തൃക്കാക്കരക്കാരുടെ പ്രൈമറി ഓപ്ഷൻ ഡോക്ടറല്ലാതെ മറ്റാരുമല്ല. രാഷ്ട്രീയത്തിനു പാകമല്ലാത്ത അളവിൽ ഡോക്ടർക്ക് ഹൃദയ നൈർമല്യമുണ്ട്.
നൂറു തികയ്ക്കുക എന്നതുപോലത്തെ സംഖ്യാശാസ്ത്രപരമായ കടുംപിടുത്തം ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ശൈലിയല്ല. അത്തരം ഒബ്സെഷനുകൾ കൗമാരക്കാർക്കു ചേരും. നൂറു തികയ്ക്കുക എന്നത് ഒരു ഫ്യൂഡൽ അഭിലാഷമാണ്.
സെഞ്ച്വറി അടിച്ചയുടൻ ഒരു ക്രിക്കറ്റ് ബാറ്റ്സ്മാൻ പുറത്താവാനുള്ള സാധ്യത വളരെ കൂടുതലാണ്. വൃക്ഷത്തണൽ കൂടിയുണ്ടെങ്കിൽ കൊടുമുടികളിൽ കഥ കെട്ടുറങ്ങി പോകും. ബി ജെ പി ആവിഷ്ടകാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ഉറങ്ങാനാവില്ല.
മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. വെൻറിലേറ്ററിൽ പ്രാണവായുവില്ലാതെ പിടയുന്ന കോൺഗ്രസിനുള്ള ഓക്സിജൻ കിറ്റാണ് ഈ വിജയം. ദുരിതകാലത്ത് എൽ ഡി എഫ് സർക്കാർ ജനങ്ങൾക്കു കൊടുത്ത കിറ്റുകളെക്കാൾ പ്രധാനമാണീ കിറ്റ്. ഒരു ജനാധിപത്യ പ്രസ്ഥാനമെന്ന നിലയിൽ കോൺഗ്രസ് ഇന്ത്യയിൽ നിലനിൽക്കേണ്ടതുണ്ടെന്ന ദീർഘവീക്ഷണമുള്ള രാഷ്ട്രീയ ഭാവനയിൽ നിന്നാണ് എൽഡിഎഫ് നേതൃത്വം തൃക്കാക്കരയിൽ യു ഡി എഫ് ജയിക്കേണ്ടതുണ്ട് എന്ന നിലപാടിൽ എത്തിച്ചേർന്നത്.
നിങ്ങളെ ജയിപ്പിച്ചത് ഞങ്ങളാണ് .

നൂറു തികയ്ക്കുക എന്നത്
ഒരു ഫ്യൂഡൽ അഭിലാഷമാണ്.

ഇത് കെ റെയിലിനെതിരായ വിധിയെഴുത്ത് എന്നല്ലാം വികാരാധീനരാകുന്ന സി പി എം വിരുദ്ധ വ്യാജ ബുദ്ധിജീവികൾ ഒരു കാര്യം മനസ്സിലാക്കിയാൽ നന്ന്. നിങ്ങളെപ്പോലെ മണ്ടൻമാരല്ല ജനങ്ങൾ. സി പി എമ്മിനെ വിമർശിക്കുകയെന്നതല്ലാതെ രണ്ട് പൊറോട്ട ചവച്ചരച്ചു തിന്നാനുള്ള ആർജവം പോലുമില്ലാത്ത നിങ്ങളെ ജനങ്ങൾ വകവെക്കില്ല.
ചില ചരിത്ര ഘട്ടങ്ങളിൽ പരാജയം തെരഞ്ഞെടുക്കേണ്ടി വരും.
ജനാധിപത്യ പ്രസ്ഥാനങ്ങളെ ചേർത്തു നിർത്തി ദേശീയ തലത്തിൽ ബിജെപിയെ അട്ടിമറിക്കാനുള്ള ഗ്രൗണ്ട് വർക്ക് നടത്തുന്ന ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം അണിചേരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.