2013 ലെ പരാതിയിൽ ജൂൺ 13 ന് രാഹുൽ ഗാന്ധി ഹാജരാവണം; ഇ ഡി നോട്ടീസ് നൽകി

കോൺഗ്രസ്‌ നിയന്ത്രണത്തിലുള്ള നാഷണൽ ഹെറാൾഡ്‌ പത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ‍ഡി) രാഹുൽ ​ഗാന്ധിക്ക് നോട്ടീസ് നൽകി. ജൂൺ 13ന് അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ് നൽകിയത്.

നേരത്തെ ജൂൺ ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാവാൻആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദേശത്തായതിനാൽ ഇഡിക്ക് മുന്നിൽ ഹാജരാവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് 13 ഹാജരാവണമെന്ന് ആവശ്യപ്പെട്ട് ഇഡി പുതിയ നോട്ടീസ് നൽകിയത്.

നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ്‌ ജേണൽ ലിമിറ്റഡ്‌ (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ്‌ (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ്‌ അന്വേഷണം.

2010ൽ 50 ലക്ഷം രൂപയ്‌ക്ക്‌ എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന്‌ കൈമാറിയത്‌ വിവാദമായി. 2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരിഉടമകളുമുള്ള സ്വത്താണ്‌ എജെഎല്ലിൻ്റെത് എന്നാണ് മൂല്യ നിർണ്ണയം ചെയ്യപ്പെട്ടിരുന്നത്.

ഇടപാടിനെതിരെ ബിജെപി നേതാവ്‌ സുബ്രഹ്മണ്യൻസ്വാമി 2013ലാണ് പരാതി നൽകിയത്‌. ഈ പരാതിയെ തുടർന്ന് ഇപ്പോഴാണ് ഇഡി നടപടി.

25016, ഉമാ തോമസിൻ്റേത് റെക്കോഡ് ഭൂരിപക്ഷം

0

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയം നേടി യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. എല്ലാ ഘട്ടത്തിലും വ്യക്തമായ ലീഡ് മുൻ നിർത്തിയായിരുന്നു മുന്നേറ്റം.

25016 വോട്ടുകളുടെ ലീഡോടെ മണ്ഡലത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെ പരാജയപ്പെടുത്തിയത്.

എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു വോട്ടെണ്ണല്‍. പോസ്റ്റല്‍ വോട്ടുകള്‍ മുതല്‍ അവസാന വോട്ടിങ് മെഷീനിലെ വോട്ടെണ്ണുന്നത് വരെ ഉമാ തോമസ് എതിരാളികളെ മറികടക്കാന്‍ അനുവദിച്ചില്ല.

2021ല്‍ പി.ടി.തോമസ് 14329 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. മണ്ഡലം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ ബെന്നി ബെഹനാന്‍ നേടിയ 22406 വോട്ടിന്റെ ലീഡായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അത് മറികടന്നിരിക്കുകയാണ് ഉമാ തോമസ്.

ഉമാ തോമസ്  72770

ജോ ജോസഫ്  47754

എ എൻ രാധാകൃഷ്ണൻ 12957

അനിൽ നായർ 100

ജോമോൻ ജോസഫ് 384

സി പി ദിലീപ് നായർ 36

ബോസ്കോ കളമശേരി 136

മന്മഥൻ 101

നോട്ട 1111.

നാലാമത്തെ ഉപതിരഞ്ഞെടുപ്പിൽ ഇടതു മോഹം തകർന്നു

പാലായും വട്ടിയൂര്‍ക്കാവും കോന്നിയും ആവര്‍ത്തിക്കാമെന്ന എല്‍ഡിഎഫ് മോഹമാണ് തൃക്കാക്കരയിൽ തകർന്നത്.

 ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുനടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ കുത്തക മണ്ഡലങ്ങളായ വട്ടിയൂര്‍ക്കാവ്, കോന്നി, പാല എന്നിവ പിടിച്ചെടുക്കാനായി. കെ.എം മാണിയുടെ മരണത്തിന് ശേഷം പാലായില്‍ ഉണ്ടാകാതിരുന്ന സഹതാപതരംഗം തൃക്കാക്കരയില്‍ ഉണ്ടാകില്ലെന്ന എല്‍ഡിഎഫ് കണക്കുകൂട്ടല്‍ തെറ്റി. പി ടിയുടെ രാഷ്ട്രീയ വ്യക്തി പ്രഭാവത്തെ കണക്കിലെടുക്കാതെയുള്ള ആത്മവിശ്വാസമായിരുന്നു.

ബൂത്ത് അടിസ്ഥാനത്തില്‍ നിരവധി കുടുംബയോഗങ്ങളിലാണ് തുടര്‍ച്ചയായി രണ്ടാഴ്ചത്തോളം ഓരോ എംഎല്‍എമാരും പങ്കെടുത്തത്. കടുത്ത യുഡിഎഫ് അനുഭാവികളുടെ വീടുകളില്‍ പോലും എംഎല്‍എമാര്‍ ഒന്നിലധികം തവണ സന്ദര്‍ശനം നടത്തി വോട്ടുറപ്പിക്കാന്‍ ശ്രമം നടത്തി. ഇത്തരം സന്ദര്‍ശനങ്ങളിലൂടെ നിക്ഷ്പക്ഷ വോട്ടുകളില്‍ വലിയൊരു പങ്ക് സ്വന്തമാക്കുകയെന്നതായിരുന്നു എല്‍ഡിഎഫിന്‍റെ ലക്ഷ്യം. ഈ കാടിളക്കിയുള്ള പ്രചാരണവും കെ.വി തോമസ് എന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വരവും ഇടത്പക്ഷത്തെ തുണച്ചില്ല.

ഹാജിമാർക്ക് സ്മാർട് കാർഡുകൾ ഏർപ്പെടുത്തുന്നു

ഹജ്ജ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി ഈ വര്‍ഷം മുതല്‍തന്നെ നടപ്പിലാക്കുമെന്ന് സൗദി അറേബ്യ. ഹജജിന്റെ പ്രധാന കര്‍മ്മങ്ങള്‍ നടക്കുന്ന മിനായിലും അറഫയിലും തീര്‍ഥാടകരുടെ സഞ്ചാരം പ്രയാസരഹിതവും വേഗത്തിലുമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സ്മാര്‍ട്ട് കാര്‍ഡ് പദ്ധതി.

ഹജജ് തീര്‍ഥാടകരുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇത് പ്രയോജനപ്പെടും. സൗദിക്കകത്തുനിന്നും വിദേശത്തുനിന്നുമുള്ള പത്തു ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം ഹജജ് കര്‍മ്മത്തിന് അനുമതിയുള്ളത്.

തീര്‍ത്ഥാടകരുടെ താമസം, യാത്ര തുടങ്ങിയവയെല്ലാം ഇ-സേവനം വഴി മുന്‍കൂട്ടിതന്നെ തീര്‍ത്ഥാടകര്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരമുണ്ട്. യാത്രയ്ക്കും താമസത്തിനും കമ്പനികളുമായി ധാരണയിലെത്താന്‍ തീര്‍ത്ഥാടകര്‍ക്ക് സാധിക്കും.

ഒരേ സമയം തിരിച്ചറിയൽ കാർഡും യൂടിലിറ്റി കാർഡുമായിരിക്കും ഇത്. സൌദി വിഷൻ 2030 പദ്ധതിയുടെ ഭാഗമായ പരിഷ്കാരങ്ങളാണ്.

ഉംറ വിസ കാലാവധി മൂന്നു മാസമാക്കി, നേരിട്ട് അപേക്ഷിക്കാം

ഉംറ കര്‍മ്മത്തിനുള്ള വിസ കാലാവധി ഒരു മാസത്തില്‍നിന്നും മൂന്നു മാസമാക്കി ഉയര്‍ത്തി. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ സൗദി എംബസിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സൗദി ഹജജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅ ആണ് ഇക്കാര്യം അറിയിച്ചത്.

മുമ്പ് ഉംറ വിസയിലുള്ളവര്‍ക്ക് മക്ക, മദീന പുണ്യ നഗരങ്ങളില്‍ മാത്രമാണ് സഞ്ചരിക്കുവാന്‍ അനുമതിയുണ്ടായിരുന്നത്. എന്നാല്‍ തീര്‍ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് ഉംറ വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് സൗദിയിലെ എല്ലാഭാഗത്തും സഞ്ചരിക്കാമെന്ന് ഡോ. തൗഫീഖ് അല്‍റബീഅ കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യക്ക് പുറത്ത് നിന്നുള്ള വ്യക്തിഗത ഉംറ തീര്‍ഥാടകര്‍ക്ക് ഉംറ വിസയ്ക്ക് അപേക്ഷിക്കാന്‍ ഇലക്ട്രോണിക് സേവനം ആരംഭിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉംറ കമ്പനികളെ ആശ്രയിക്കാതെതന്നെ സൗദി അറേബ്യക്ക് പുറത്ത് നിന്ന് ഉംറ വിസയ്ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാമെന്നും മന്ത്രി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് സമയം നീട്ടി നൽകി, ദിലീപിന് തിരിച്ചടി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്‍കി. പ്രോസിക്യൂഷൻ്റെ ആവശ്യം പരിഗണിച്ച് ഒന്നരമാസം കൂടിയാണ് നീട്ടി നല്‍കിയത്.

തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി അനുവദിച്ച സമയം 30-ന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കൂടുതല്‍ സമയം തേടിയത്. വിചാരണക്കോടതിയിലുള്ള, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായതിനാല്‍ ഫൊറന്‍സിക് പരിശോധന ആവശ്യമാണ്. നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായില്ല. എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്.

വിചാരണ വൈകിക്കാനാണ് കൂടുതല്‍ സമയം ആവശ്യപ്പെടുന്നത്. ഏതു വിധേനയും കസ്റ്റഡിയില്‍ വാങ്ങുകയും ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയെന്ന് വരുത്തിത്തീര്‍ക്കുകയുമാണ് പൊലീസിന്റെ ലക്ഷ്യം എന്നിങ്ങനെയാണ് ദിലീപിൻ്റെ പക്ഷത്തു നിന്നുള്ള വാദം

തൃക്കാക്കരയിലെ ട്വൻ്റി 20 വോട്ടുകൾ വീണത് എവിടെ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്‍റി 20 വോട്ടുകള്‍ ആർക്കാണ് വീണത്. 2021-ലെ തിരഞ്ഞെടുപ്പില്‍ 13897 വോട്ടുകൾ ട്വന്റി 20 നേടിയിരുന്നു.

ഇത്തവണ ട്വന്റി 20 മത്സര രംഗത്ത് ഇല്ലായിരുന്നു. തൃക്കാക്കര തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പ്രാധാന്യമില്ലെന്നായിരുന്നു അവരുടെ കണ്ടെത്തൽ. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്നുമായിരുന്നു നിലപാട്. ആം ആദ്മി പാര്‍ട്ടിയുമായി ചേര്‍ന്നാണ് ട്വന്റി 20 രാഷ്ട്രീയം വ്യക്തമാക്കിയത്.

കണക്കുകൾ ചെന്നെത്തുന്നത് ഉമ തോമസിൽ

2016-ലെ തിരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ പി.ടി.തോമസ് ജയിച്ചത് 11996 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

അന്ന് കോണ്‍ഗ്രസിന് 61451,

ഇടതുപക്ഷത്തിന് 49455,

ബി.ജെ.പി.ക്ക് 21247

എന്ന നിലയിലായിരുന്നു വോട്ടുകള്‍. 2021 ആയപ്പോഴാണ് ട്വന്റി 20 മത്സരരംഗത്ത് എത്തുന്നത്. അന്ന് തിരഞ്ഞെടുപ്പില്‍ പതിമൂവായിരത്തിലേറെ വോട്ടുകള്‍ നേടാനും ട്വന്റി ട്വന്റിക്കായി. അവരുടെ സാന്നിധ്യം കാരണം യു.ഡി.എഫിന് 2016-ലേതിനേക്കാള്‍ 2000-ഓളം വോട്ടുകളും എല്‍.ഡി.എഫിന് 5000-ഓളം വോട്ടുകളും ബി.ജെ.പി.ക്ക് 6000-ഓളം വോട്ടുകളുമാണ് നഷ്ടമായത്. പി.ടി.തോമസ് തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി ജെ.ജേക്കബിനേക്കാള്‍ 14329 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

പി ടി തോമസിൻ്റെ ലീഡും മറികടന്ന് ഉമാ തോമസ് തൃക്കാക്കരയിൽ 15000 കടന്നു

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ആധികാരിക വിജയത്തിലേക്ക്. മണ്ഡലത്തിൽ ഉമ തോമസിൻ്റെ ലീഡ് 15,000 കടന്നു. 7 ഘട്ടങ്ങൾ എണ്ണിത്തീർന്നപ്പോൾ 16,253 വോട്ടുകളുടെ ലീഡാണ് ഉമ തോമസിനുള്ളത്. കഴിഞ്ഞ തവണ പിടി തോമസിനു ലഭിച്ച ലീഡിനെക്കാൾ കൂടുതലാണ് ഇത്. 14,329 വോട്ടുകൾക്കാണ് 2021ൽ പിടി ജയിച്ചുകയറിയത്.

യുഡിഎഫിന് ആകെ 44640 വോട്ടുകളുണ്ട്. 28387 വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥി ജോ ജോസഫിനു ലഭിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടമാവുമെന്ന വിലയിരുത്തലുകളെയൊക്കെ നിഷ്പ്രഭമാക്കിയാണ് യുഡിഎഫിൻ്റെ കുതിപ്പ്.

1.96 ലക്ഷം വോട്ടർമാരിൽ 1.35 ലക്ഷം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ പോളിങ് ശതമാനം 68.77 ശതമാനമാണ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം താരതമ്യേന ഏറ്റവും കുറഞ്ഞ പോളിങ് ആണ് ഉപതെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്

സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി; മധുവിധു ഗോവയിൽ

0

സ്വയം വിവാഹം കഴിക്കാനൊരുങ്ങി യുവതി. ജൂൺ 11നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത്. ഗുജറാത്ത് സ്വദേശിനി ക്ഷമ ബിന്ദുവാണ് സ്വയം വിവാഹിതയാവാനൊരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യത്തെ സോളോഗമിയാണ്. ഒരു വിവാഹത്തിൻ്റെ എല്ലാ ചടങ്ങുകളും ഇതിലുണ്ടാവും.

ക്ഷമ ബിന്ദു പറയുന്നു……

“ഇന്ത്യയിൽ ഈ തരത്തിൽ ഏതെങ്കിലും വിവാഹം നടന്നിട്ടുണ്ടോ എന്ന് ഞാൻ നോക്കിയിരുന്നു. പക്ഷേ, ഒന്നും കണ്ടെത്താനായില്ല. ചിലപ്പോ, ഞാൻ ആവാം ഇത് ചെയ്യുന്ന ആദ്യത്തെ ആൾ. വിവാഹം കഴിക്കാൻ ഒരിക്കലും ഞാൻ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, ഒരു വധു ആവാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് സ്വയം വിവാഹം കഴിക്കാൻ ഞാൻ ആഗ്രഹിച്ചു. സ്വയം വിവാഹം കഴിക്കുക എന്നാൽ നിങ്ങൾക്കായി നിങ്ങൾ എപ്പോഴും ഉണ്ടായിരിക്കുക എന്നതും സ്വയം സ്നേഹിക്കുക എന്നതുമാണ്. തങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെയാണ് ഓരോരുത്തരും വിവാഹം കഴിക്കുക. ഞാൻ എന്നെ സ്നേഹിക്കുന്നു.

വിവാഹത്തിനു ശേഷം രണ്ട് ആഴ്ച ഗോവയിലേക്ക് സ്വയം മധുവിധുവിനു പോകും.”

സൗദിയില്‍ നിന്ന് പുറപ്പെടുന്ന യാത്രികർ ബാഗേജിൽ സംസം വെക്കുന്നത് വിലക്കി

സൗദിയില്‍ നിന്ന് പുറപ്പെടുന്ന വിമാനയാത്രികര്‍ ലഗേജില്‍ സംസം വെള്ളകുപ്പികള്‍ വയ്ക്കുന്നത് സൗദി സിവില്‍ ഏവിയേഷന്‍ വിലക്കി. എന്നാല്‍, യാത്രക്കാര്‍ക്ക് ഹാന്‍ഡ് ബാഗേജില്‍ കൊണ്ടുപോകാം.

ലഗേജില്‍ സംസം കുപ്പികള്‍ വയ്ക്കാന്‍ അനുവദിക്കരുതെന്ന് സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ (ജിഎസിഎ) സ്വകാര്യ വിമാനക്കമ്പനികള്‍ ഉള്‍പ്പെടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ വിമാനക്കമ്പനികള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

സര്‍ക്കുലറുകള്‍ പാലിക്കാത്തത് സര്‍ക്കാര്‍ ഉത്തരവുകളുടെ വ്യക്തമായ ലംഘനമായി കണക്കാക്കും. നിയമ ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കമെന്നും സിവില്‍ ഏവിയേഷന്‍ അറിയിച്ചു. നിരോധനത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.

ഉംറയും ഹജ്ജും നിര്‍വ്വഹിക്കുന്ന വിദേശ തീര്‍ഥാകര്‍ സ്വന്തം രാജ്യത്തേക്ക്് തിരിച്ചുപോകുമ്പോള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനമായി സംസം വെള്ളക്കുപ്പികള്‍ കൊണ്ടുപോകുക പതിവാണ്. ഹജ്ജിന് മാസം മാത്രം ബാക്കിനില്‍ക്കെയാണ് തീരുമാനം. അടിയന്തിര സുരക്ഷാ കാരണങ്ങളാവാം എന്നാണ് അനുമാനം.

മോശമായ സ്പർശം തിരിച്ചറിയാൻ പഠിക്കണം, ഹാൻഡ് ബുക്കുമായ് ശിശുക്ഷേമ വകുപ്പ്

0

കുട്ടികളെ ചൂഷണം തിരിച്ചറിയാൻ സഹായിക്കുന്ന നിര്‍ദേശങ്ങളുമായി വനിതാ ശിശുവികസന വകുപ്പ്. ഏതൊരു കുട്ടിക്കും പകർന്നു കൊടുക്കേണ്ട വിവരങ്ങളാണ്.

  • മറ്റൊരാളുടെ പെരുമാറ്റവും സ്പര്‍ശനവും നല്ല ഉദ്ദേശ്യത്തോടുകൂടിയുള്ളതാണോ
  • മോശമായ പെരുമാറ്റം ഉണ്ടായാല്‍ എന്തുചെയ്യണം,
  • സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ പെരുമാറ്റം എങ്ങനെ തിരിച്ചറിയാം

ജില്ലാശിശുസംരക്ഷണ യൂണിറ്റ്, സെക് ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ തയ്യാറാക്കിയ ലഘുലേഖ മലപ്പുറം തൃക്കാവ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പ്രവേശനോത്സവച്ചടങ്ങില്‍ പുറത്തിറക്കി.

മൂന്നുവയസ്സ് മുതലുള്ള കുട്ടികള്‍ക്ക് അവരുടെ ഭാഷയില്‍ പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ട കാര്യങ്ങളാണ് ഇതില്‍.

നമ്മുടെ മക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശ്രദ്ധിക്കുക. ഇങ്ങനെ സംഭവിച്ചാൽ

• നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ തൊടാന്‍ ശ്രമിച്ചാല്‍, ഉടുപ്പില്ലാത്ത ചിത്രങ്ങളോ വീഡിയോയോ കാണിച്ചാല്‍, നിങ്ങളുടെ സമ്മതമില്ലാതെ ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചാല്‍.

• ഇഷ്ടമില്ലാത്ത രീതിയില്‍ പെരുമാറിയാല്‍. കെട്ടിപ്പിടിച്ചാലും ഉമ്മവെച്ചാലും എടുത്താലും.

• ഉടുപ്പിട്ട ഭാഗങ്ങളില്‍ ആരെങ്കിലും തൊട്ടാല്‍. അവരുടെ ഉടുപ്പിട്ട് മറച്ച ഭാഗങ്ങള്‍ കാണിച്ചുതരുകയോ അവിടെ തൊടന്‍ പറയുകയോ ചെയ്താല്‍.

• ആരുമില്ലാത്ത സ്ഥലത്തേക്ക് വരാന്‍ പറഞ്ഞാല്‍. ഉമ്മ തരാന്‍ പറഞ്ഞാല്‍.

ഇങ്ങനെ ചെയ്യണം

• ഇങ്ങനെ ചെയ്യുന്നവരോട് വീട്ടുകാരോടോ അധ്യാപകരോടോ പറയുമെന്നു പറയണം.

എന്നിട്ടും ചെയ്യാന്‍ ശ്രമിച്ചാല്‍ ഉറക്കെ കരയുകയോ ആളുകളുള്ള സ്ഥലത്തേക്ക് ഓടിപ്പോകുകയോ ചെയ്യണം.

കൈയില്‍ മുറുകെപ്പിടിച്ചാല്‍ കൈയില്‍ കടിച്ചശേഷം ഓടിപ്പോകണം.

• ഇങ്ങനെ ആരെങ്കിലും ചെയ്യുകയോ വീട്ടില്‍ പറയരുത് എന്നു പറയുകയോ സമ്മാനങ്ങള്‍ തരുകയോ ചെയ്താല്‍ വീട്ടിലോ അധ്യാപകരോടോ പറയണം. വീട്ടില്‍നിന്നുണ്ടായാല്‍ സ്‌കൂളിലും സ്‌കൂളില്‍നിന്നുണ്ടായാല്‍ വീട്ടിലും പറയാന്‍ മടിക്കരുത്.

ഇതുകൂടി

• മറ്റുള്ളവര്‍ പരിചയപ്പെടുമ്പോള്‍ നമ്മുടെ സമ്മതത്തോടുകൂടി ഹസ്തദാനം കൊടുക്കുന്നത് സുരക്ഷിതമായ സ്പര്‍ശനമാണ്.

• മാതാപിതാക്കള്‍ കൂടെയുള്ളപ്പോള്‍ ഡോക്ടര്‍മാര്‍ പരിശോധനയ്ക്കായി ഉടുപ്പിട്ട് മറച്ച ഭാഗങ്ങളില്‍ നമ്മുടെ അനുവാദത്തോടെ തൊടുന്നതില്‍ കുഴപ്പമില്ല.

• നിങ്ങള്‍ പറയുന്നത് മുതിര്‍ന്നവര്‍ വിശ്വസിക്കാതിരുന്നാല്‍ വേറേ മുതിര്‍ന്നവരോടു പറഞ്ഞുകൊടുക്കണം.

• ചൈല്‍ഡ്‌ലൈന്‍ നമ്പറായ 1098ല്‍ വിളിച്ച് കാര്യങ്ങള്‍ പറയാം. സഹായത്തിനു വേണമെങ്കില്‍ പോലീസും വരും.

• മറ്റുള്ളവരോട് സുരക്ഷിതമല്ലാത്ത രീതിയില്‍ പെരുമാറരുത്. മറ്റുള്ളവര്‍ അരുത് എന്നു പറയുന്ന കാര്യങ്ങള്‍ ചെയ്യരുത്.

മകളെ പീഡിപ്പിച്ച പിതാവിനും കൂട്ടുനിന്ന മാതാവിനും പൊലീസ് സംരക്ഷണം, മൂന്നു വർഷമായിട്ടും നടപടി എടുത്തില്ലെന്ന് പെൺകുട്ടി

 പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പ്രതിയായ പിതാവിനെ പോലീസ് പിടികൂടിയില്ലെന്ന പരാതിയുമായി പെണ്‍കുട്ടി. കേരളത്തിൽ കാസര്‍കോട് ജില്ലയിലാണ് പൊലീസിനെതിരെ ഗുരുതരമായ വീഴ്ച ആരോപിച്ച് ഇരയായ പെൺകുട്ടി തന്നെ രംഗത്ത് എത്തിയത്.

ചന്തേര പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2019 നവംബറില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് പ്രതിയെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുന്നത്. പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്നും മാതാവ് ഇതിന് കൂട്ടുനിന്നെന്നും ആരോപിച്ചാണ് പെണ്‍കുട്ടി 2019-ല്‍ പരാതി നല്‍കിയത്. പോലീസ് പിതാവിനെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തെങ്കിലും മൂന്നുവര്‍ഷമായിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കുക പോലും ചെയ്തിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നാണ് പോലീസിന്റെ മറുപടി.

എന്നാൽ കേസിൽ ഒരു പുരോഗതിയും ഇല്ല.

‘ഒറ്റതവണ മാത്രമല്ല, മൂന്നാംക്ലാസ് തൊട്ട് ആറാംക്ലാസ് വരെ പലതവണ ഉപ്പ ഇങ്ങനെ ചെയ്തിട്ടുണ്ട്. അത്രയുംവര്‍ഷങ്ങള്‍ രാത്രി കിടക്കുമ്പോള്‍ അങ്ങനെ ചെയ്തിരുന്നു. രാത്രി ഉപ്പാന്റെ കൂടെ കിടക്കാതിരുന്നാല്‍ പ്രശ്‌നമാക്കും. ഉമ്മയും പ്രശ്‌നമുണ്ടാക്കും. മോള്‍ താഴെ കിടക്കണമെന്നാണ് ഉമ്മ പറയാറ്. പക്ഷേ, ആ ചെറിയ പ്രായത്തില്‍ എനിക്ക് ഇതൊന്നും പുറത്തുപറയാന്‍ അറിയുമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് പ്രതികരിക്കാതിരുന്നത്.

പിന്നീട് പരാതി നല്‍കി. മജിസ്‌ട്രേറ്റിന് മൊഴിയെല്ലാം നല്‍കി. എന്നിട്ടും അവര്‍ കേസ് അന്വേഷിക്കുന്നില്ല. കേസ് കൊടുക്കുമ്പോള്‍ ഉപ്പ നാട്ടില്‍ തന്നെയുണ്ടായിരുന്നു. അന്വേഷണം മെല്ലെയായതോടെയാണ് ഉപ്പ മുങ്ങിയത്. പോലീസ് ഉരുണ്ട് കളിക്കുകയാണ്. കേസ് കൊടുത്തതിന് ഉമ്മയും മാനസികമായി തളര്‍ത്തുകയാണ്.

റെസ്ക്യൂ ഹോമിലും പീഡനം

റെസ്‌ക്യൂ ഹോമിലാണ് ഇപ്പോള്‍ കഴിയുന്നത്. നിലവില്‍ അവധിക്കാലമായതിനാല്‍ ഇളയമ്മയുടെ വീട്ടിലാണ്. റെസ്‌ക്യൂഹോമിലും വലിയ പീഡനമാണ്. അവിടെ നില്‍ക്കാനും കഴിയില്ല. പെണ്‍കുട്ടി പറഞ്ഞു.

മൂന്നാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ മൂന്നുവര്‍ഷത്തോളം പിതാവ് നിരന്തരം ലൈംഗികപീഡനത്തിനിരയാക്കിയെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. മാതാവ് ഇതിന് കൂട്ടുനിന്നെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍ പിതാവിനെതിരേ കേസെടുത്തെങ്കിലും പ്രതിയെ പിടികൂടാന്‍ മാത്രം പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ കാണാനില്ലെന്നും കോടതിയെ സമീപിച്ച് വാറന്റ് പുറപ്പെടുവിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നുമാണ് ചന്തേര പോലീസിന്റെ പ്രതികരണം.

അതേസമയം, പ്രതികളെ സംരക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് പെണ്‍കുട്ടിയുടെ മാതൃസഹോദരിയും ആരോപിച്ചു. നിലവില്‍ ഇവരുടെ സംരക്ഷണയിലാണ് പെണ്‍കുട്ടി.

അന്വേഷണം എന്തായി എന്ന് ചോദിക്കുമ്പോള്‍ കേസ് കേസിന്റെ വഴിക്ക് പോകട്ടെ എന്നാണ് പോലീസിന്റെ മറുപടി. മാതാവും കേസില്‍ പ്രതിയാണെന്നറിഞ്ഞിട്ടും അവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാതാവിന്റെ ഫോണിലേക്ക് പിതാവ് എന്നും വിളിക്കുന്നുണ്ട്. പ്രതി എവിടെയാണെന്ന് മാതാവിനറിയാമെന്നും ഇവര്‍ പറഞ്ഞു.

രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് കുട്ടിയുടെ മാതാവ് കേസ് പിന്‍വലിപ്പിക്കാന്‍ നീക്കം നടത്തിയതായും അവർ വെളിപ്പെടുത്തി.