മതാടിസ്ഥാനത്തിൽ പൗരത്വനിർണയം വേണ്ട, ആവർത്തിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

മതാടിസ്ഥാനത്തിൽ പൗരത്വനിർണയം വേണ്ട എന്നതാണ് സർക്കാരിൻ്റെ ഉറച്ച നിലപാടെന്നും മുഖ്യമന്ത്രി ആവർത്തിച്ചു. എൽ.ഡി.എഫ്. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ രാജ്യം ഭരണഘടനാപരമായി മതനിരപേക്ഷത അംഗീകരിച്ച ഒരു രാഷ്ട്രമാണ്. പക്ഷെ, ആ മതനിരപേക്ഷത ഏതെല്ലാം രീതിയിൽ തകർക്കാനാകും, അതിനാണ് രാജ്യത്ത് ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. അതോടൊപ്പം വലിയ തോതിൽ വർഗീയ ശക്തികൾക്ക് പ്രോത്സാഹനവും ലഭിക്കുന്നു. ഇതിന്റെ ഫലമായി വലിയ ആശങ്കയിൽ കഴിയേണ്ടി വരുന്ന ഒരു അവസ്ഥ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളിൽ ഉണ്ടാകുന്നു. അതിന്റെ ഭാഗമായി പല നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്ന് തന്നെ വരുന്നു. അതിൽ ഏറ്റവും വിമർശിക്കപ്പെട്ടതും നമ്മുടെ രാജ്യത്തിന് ചേരാത്തതുമായ ഒരു നടപടി ആയിരുന്നു മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുക എന്നത്. നമ്മുടെ പൗരത്വം മതാടിസ്ഥാനത്തിൽ നിർണയിക്കേണ്ട ഒന്നല്ല. ഞങ്ങൾ അതുമായി മുന്നോട്ട് പോകും എന്ന് കേന്ദ്ര സർക്കാർ നിലപാട് എടുത്തപ്പോൾ, രാജ്യത്ത് ആദ്യമേ തന്നെ ഒരു തരത്തിലുമുള്ള അറച്ച് നിൽപ്പുമില്ലാതെ കേരളം നിലപാട് പരസ്യമായി പറഞ്ഞു. അത് പൗരത്വനിമയഭേദഗതി സംസ്ഥാനത്ത് നടപ്പാക്കില്ല എന്നായിരുന്നു.

മനുഷ്യരെ ആകെ ഒരുമയോടെ നിർത്തുക, ഒരുമയുള്ള സമൂഹമായി നിൽക്കുക എന്നത് നാം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. കേരളത്തിലെ നവോത്ഥാന കാലത്ത് തന്നെ ഉയർന്നു വന്ന മുദ്രാവാക്യം ജാതിഭേദവും മതദ്വേഷവുമില്ലാതെ എല്ലാവരും സോദരത്വേന വാഴുന്ന ഇടമായി നാട് മാറണമെന്നുള്ളതാണ്.

വലിയ അഭിപ്രായങ്ങൾ പൌരത്വനിയമവുമായി ബന്ധപ്പെട്ട് ഉയർന്നുവന്നു. ഒരു നിലപാട് കേന്ദ്രം എടുത്താൽ അതിൽ നിന്ന് വ്യത്യസ്തമായ നിലപാട് സംസ്ഥാനത്തിന് സ്വീകരിക്കാനാകുമോ എന്നതരത്തിൽ അഭിപ്രായങ്ങൾ ഉയർന്നുവന്നു. അവിടെയാണ് ബദലിന്റെ കാമ്പ്. നമ്മുടെ ഭരണഘടന മതനിരപേക്ഷത സംരക്ഷിക്കാനാണ് നിലകൊള്ളുന്നത്. മതനിരപേക്ഷതയാണ് ഉറപ്പു നൽകുന്നത്.

ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പൗരത്വം നിർണ്ണയിക്കാൻ ആർക്കും ഇവിടെ അധികാരമില്ല. അത്തരം ഒരു പ്രശ്നം ഉയർന്നു വരുമ്പോൾ ഭരണഘടനയാണ് ഉയർന്നു നിൽക്കുക. ആ ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾ വെച്ചുകൊണ്ട് തന്നെയാണ് സംസ്ഥാനം നിലപാട് സ്വീകരിച്ചത്.

പലഘട്ടങ്ങളിലായി ഈ പറയുന്ന ഒരുപാട് പ്രഖ്യാപനങ്ങൾ ഉത്തരവാദപ്പെട്ട പലരിൽ നിന്നും പൗരത്വ ഭേദഗതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ആ ഘട്ടങ്ങളിലെല്ലാം സംസ്ഥാനം സംസ്ഥാനത്തിന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ചെയ്തിട്ടുള്ളത്. ഇനിയും അത് തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്ത് പലയിടങ്ങളിലായി പലതരത്തിലുള്ള സർവേ നടക്കുകയാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള സർവേകൾ കൂടിയാണ്. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള സർവേകൾ നടന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ വരുന്നു. നമ്മളും ഇവിടെ സർവേകൾ നടത്തുന്നുണ്ട്. ആ സർവേകൾ ഏതെങ്കിലും തരത്തിൽ ജനങ്ങളെ ചേരിതിരിക്കാനുതകുന്നതല്ല. ജനങ്ങളുമായി ബന്ധപ്പെട്ടത് തന്നെയാണ്. നമ്മുടെ സമൂഹത്തിലെ പരമദരിദ്രരായ കുടുംബങ്ങൾ ഏതൊക്കെയാണ് എന്ന് കണ്ടെത്താനുള്ള സർവേ സംസ്ഥാനത്ത് പൂർത്തിയായിട്ടുണ്ട്. അതിലൂടെ ആ കുടുംബങ്ങളെ ആകെ കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വലതുപക്ഷ അജണ്ടയ്ക്ക് കൃത്യമായ ബദലുണ്ടെന്ന് തെളിയിക്കാനായി. കേന്ദ്രം പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കുമ്പോൾ സംസ്ഥാനം അത് ഏറ്റെടുത്ത് നടത്താനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

നടൻ വിജയ് ബാബുവിൻ്റെ ഇടക്കാല ജാമ്യം തുടരും, എല്ലാം ഉഭയസമ്മത പ്രകാരം എന്നു വാദം

നടിയെ പീഡിപ്പിച്ച കേസില്‍ വിജയ്ബാബുവിൻ്റെ ഇടക്കാല ജാമ്യം തുടരും.

അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിജയ്ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ജൂണ്‍ ഏഴിലേക്ക് മാറ്റി.

കഴിഞ്ഞദിവസം തുടര്‍ച്ചയായ ഒമ്പത് മണിക്കൂറാണ് പോലീസ് സംഘം വിജയ്ബാബുവിനെ ചോദ്യംചെയ്തത്. കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു വിജയ്ബാബുവിന്റെ മൊഴി. പരസ്പര സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. തെളിവായി നടിയുമായുള്ള വാട്സാപ്പ് ചാറ്റുകള്‍, മെസേജുകള്‍ എന്നിവ കാണിച്ചു.

പരാതിക്കാരിക്ക് താന്‍ പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെയാണ് പരാതിയുമായി രംഗത്തെത്തിയതെന്നും വിജയ് ബാബു അന്വേഷണ സംഘത്തോടു പറഞ്ഞു.

ഹൈക്കോടതി അറസ്റ്റ് വിലക്കിയതോടെയാണ് വിജയ് ബാബു ബുധനാഴ്ച മടങ്ങിയെത്തിയത്. 39 ദിവസമായി വിദേശത്തായിരുന്നു വിജയ് ബാബു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വിമാനത്തില്‍ ബുധനാഴ്ച രാവിലെ 8.58-ന് കൊച്ചിയില്‍ വന്നിറങ്ങി. വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ വിഭാഗം വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പോലീസ് ആവശ്യപ്പെട്ടതനുസരിച്ച് പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരമായിരുന്നു നടപടി.

മീടു ലേഖനം പാളി, ആംബർ ഹേർഡ് നടൻ ജോണിക്ക് നഷ്ടപരിഹാരം നൽകണം

0

ദീർഘമായ വാദ പ്രതിവാദങ്ങൾക്കൊടുവിൽ മാനനഷ്ടക്കേസിൽ ഹോളിവുഡ് താരം ജോണി ഡെപ്പിന് അനുകൂല വിധി. നടിയും ജോണി ഡെപ്പിന്റെ ഭാര്യയുമായ ആംബർ ഹേർഡ് എഴുതിയ ലേഖനം ജോണി ഡെപ്പിന് മാനഹാനി വരുത്തിയെന്ന് ഏഴം​ഗ ജ്യൂറി വിലയിരുത്തി. 2018 ൽ പ്രസിധീകരിച്ച ലേഖനത്തിൻ്റെ പേരിൽ വിർജീനിയ കോടതിയാണ് വിധി പ്രഖ്യാപിച്ചത്.

വാഷിം​ഗ്ടൺ പോസ്റ്റിന്റെ ഓപ്-എഡ് പേജിലായിരുന്നു ആംബർ ഹേർഡിന്റെ ലേഖനം.

ആംബർ ഹേർഡ് ജോണി ഡെപ്പിന് നഷ്ടപരിഹാരമായി 15 മില്യൺ ഡോളർ നൽകണമെന്ന് കോടതി ഉത്തരവിട്ടു. വിധി തന്നെ തകർത്തുവെന്ന് ആംബർ ഹേർഡ് പ്രതികരിച്ചു.

സെക്ഷ്വൽ വയലൻസ് എന്ന പേരിലെഴുതിയ ലേഖനത്തിൽ ​ഗാർഹിക പീഡനത്തിന്റെ ഇരയായാണ് ഹേർഡ് സ്വയം ചിത്രീകരിച്ചത്.

ലേഖനത്തിൽ ഡെപ്പിന്റെ പേര് പരാമർശിക്കുന്നില്ല. എങ്കിലും താനാണ് ലേഖനത്തിൽ പ്രതി സ്ഥാനത്തെന്ന് മനസിലാക്കാവുന്നതായി ചൂണ്ടിക്കാട്ടി 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസുമായി ജോണി ഡെപ്പ് കോടതിയെ സമീപിക്കുകയായിരുന്നു.

ആംബർ ഹേർഡിൻ്റെ വാദങ്ങൾ കളവാണെന്ന് ഡെയ് ലി മെയിൽ മാധ്യമത്തോട് പ്രതികരിച്ച ഡെപ്പിന്റെ അഭിഭാഷകന്റെ പരാമർശം വന്നതോടെ ആംബർ ഹേർഡ് തിരികെയും മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

100 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസാണ് ജോണി ഡെപ്പിനെതിരെ നൽകിയത്. ഈ കേസിൽ കോടതി ജോണി ഡെപ്പിന് 2 മില്യൺ ഡോളറാണ് പിഴ ചുമത്തിയത്.

2015 ലായിരുന്നു ജോണി ഡെപ്പും ആംബർ ഹേർഡും വിവാഹിതരായത്. തുടർന്ന് 2017 ൽ ഇരുവരും വേർപിരിഞ്ഞു.

ബൂസി ആപ്പ് റെഡി, കൊൽക്കത്തയിൽ 10 മിനുട്ടിനകം കുപ്പി വീട്ടിലെത്തും

കൊൽക്കത്തയിൽ ഇനി മുതൽ 10 മിനിറ്റിനുള്ളിൽ മദ്യം വീട്ടിലെത്തും. ഹൈദരാബാദിൽ നിന്നുള്ള ‘ബൂസി’ എന്ന സ്റ്റാർട്ടപ്പാണ് കൊൽക്കത്തയിൽ ദ്രുത സേവന വാഗ്ദാനവുമായി എത്തിയത്. സേവനത്തിന് പശ്ചിമ ബംഗാൾ സ്റ്റേറ്റ് എക്സൈസ് വകുപ്പിൽ നിന്ന് അനുമതി ലഭിച്ചു.

അടുത്തുള്ള മദ്യശാലകളിൽ നിന്ന് ഉൽപ്പന്നങ്ങൾ എടുത്ത് ഉപഭോക്താവിന് എത്തിക്കുന്ന ഒരു സപ്ലൈ അഗ്രഗേറ്റർ പ്ലാറ്റ്‌ഫോമാണ് ബൂസി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യത പ്രയോജനപ്പെടുത്തിയാണ് വിതരണ ശൃഖല മുറിയാതെ കാക്കുന്നതെന്ന് കമ്പനി അറിയിച്ചു.

10 മിനിറ്റിനുള്ളിൽ മദ്യം വിതരണം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ഇതെന്നാണ് വിശദീകരണം

മദ്യത്തിന്റെ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ നീക്കാൻ സംവിധാനവും ഉണ്ടെന്ന് കമ്പനി സിഇഒയും സഹസ്ഥാപകനുമായ വിവേകാനന്ദ ബാലിജെപള്ളി പറഞ്ഞു.

സ്കൂൾ വളപ്പിൽ നാലാം ക്ലാസുകാരന് പാമ്പുകടിയേറ്റു

തൃശൂർ വടക്കാഞ്ചേരി ആനപ്പറമ്പിൽ സ്കൂൾ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു. നാലാം ക്ലാസ് വിദ്യാർത്ഥിക്കാണ് സ്ക്കൂളിലേക്ക് ബസ് ഇറങ്ങുന്നതിനിടെ കടിയേറ്റത്.

അണലിയുടെ കടിയേറ്റ കുമരനെല്ലൂർ സ്വദേശി ആദേശിനെ(9) മെഡിക്കൽ കോളജിലേക്ക് മാറ്റി.

വടക്കാഞ്ചേരി ഗവ.ബോയ്സ് എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. ഇവിടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വിദ്യാർത്ഥികളെ ആനപ്പറമ്പ് സ്കൂളിലേക്ക് മാറ്റുകയായിരുന്നു.

ഇതിനിടെ രാവിലെ സ്കൂൾ വളപ്പിൽവച്ചാണ് ആദേശിന് പാമ്പുകടിയേറ്റത്. ബസ് ഇറങ്ങുന്നതിനിടെയാണ് കടിയേറ്റത്. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

പുരുഷനു നേരെുള്ള ബലാത്സംഗങ്ങളും നിയമപരിധിയിൽ വരേണ്ടതാണെന്ന് ചൂണ്ടികാട്ടി ഹൈക്കോടതി

ബലാത്സംഗ കുറ്റങ്ങള്‍ ചുമത്തുന്നതില്‍ ലിംഗവിവേചനം പാടില്ലെന്ന് കേരള ഹൈക്കോടതി. വിവാഹമോചിതരായ ദമ്പതികള്‍ തങ്ങളുടെ കുട്ടിയുടെ സംരക്ഷണത്തെ സംബന്ധിച്ച് നല്‍കിയ കേസിൽ തീര്‍പ്പ് കല്‍പ്പിക്കുമ്പോഴാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ് നിയമത്തിലെ വിവേചനം ഒഴിവാക്കേണ്ടുന്നതിനെ കുറിച്ച് പറഞ്ഞത്.

കേസിലെ ഭര്‍ത്താവ് ഒരിക്കല്‍ ബലാത്സംഗക്കേസില്‍ പ്രതിയാണെന്ന കാര്യം കോടതിയില്‍ ഉന്നയിച്ചിരുന്നു. എന്നാൽ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണെന്നും വ്യാജ വിവാഹ വാഗ്ദാനത്തില്‍ ലൈംഗികാരോപണം ഉന്നയിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്നത്തെ കേസെന്നും ഭര്‍ത്താവിന്റെ അഭിഭാഷകന്‍ വാദിച്ചു.

തുടര്‍ന്നാണ്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376-ാം വകുപ്പിന് (ബലാത്സംഗത്തിനുള്ള ശിക്ഷ) ലിംഗ സമത്വമില്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയത്‌

‘376-ാം വകുപ്പില്‍ ലിംഗ സമത്വമില്ല. വിവാഹ വാഗ്ദാനം നല്‍കി ഒരു സ്ത്രീ പുരുഷനെ കബളിപ്പിച്ചാല്‍, അവള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ല. എന്നാല്‍ ഒരു പുരുഷന്‍ സമാനമായ കുറ്റം ചെയ്താല്‍ അയാളുടെ പേരില്‍ കേസ് ചുമത്തപ്പെടും. ഇത് എന്ത് നിയമമാണ്. നിയമം ലിംഗ സമത്വമുള്ളതായിരിക്കണം’ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.

ബലാത്സംഗ കുറ്റത്തിന്റെ നിയമപരമായ വ്യവസ്ഥകള്‍ ലിംഗവിവേചനമുള്ളതാണെന്ന് ഈ വര്‍ഷമാദ്യം മറ്റൊരു വിധിന്യാത്തിലും ജസ്റ്റിസ് മുഷ്താഖ് സൂചിപ്പിച്ചിരുന്നു.

ഒരു സ്ത്രീ, വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദ്ധാനത്തില്‍ പരസ്പര സമ്മതത്തോടെ ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ബലാത്സംഗത്തിന് ശിക്ഷിക്കാനാവില്ല. എന്നാല്‍ ഒരു പുരുഷന്‍, ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദ്ധാനം ചെയ്യുകയും ആ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നത് ബലാത്സംഗത്തിനുള്ള കേസ് നടപടികളിലേക്ക് കേസിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം ഇതിന് അടിസ്ഥനമായി ഉന്നയിച്ചു.

ഗാംഗുലി തിരുത്തി, രാഷ്ട്രീയത്തിലേക്കല്ല വിദ്യാഭ്യാസ രംഗത്തേക്ക്

0

ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനുമായി സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന വാര്‍ത്തയിൽ ട്വിസ്റ്റ്. രാഷ്ട്രീയത്തിലേക്കല്ല വിദ്യാഭ്യാസ രംഗത്തേക്കാണ് പ്രവേശനം എന്ന് താരം തന്നെ വാർത്തകളെ തിരുത്തി.

കഴിഞ്ഞി ദിവസം ഗാംഗുലിയുടെ ട്വീറ്റ് അടിസ്ഥാനമാക്കിയാണ് വാർത്തകൾ പ്രചരിച്ചത്. ഇതോടൊപ്പം ഗാംഗുലിയുടെ വീട്ടിലെത്തി അമിത് ഷാ ഭക്ഷണ സത്കാരത്തിൽ പങ്കെടുത്തതും കൂട്ടി വായിക്കപ്പെട്ടി.

ട്വീറ്റും വാർത്തയും ഇങ്ങനെ

‘1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയുടെ 30-ാം വാര്‍ഷികമാണ് 2022. അന്നുതൊട്ട് ക്രിക്കറ്റ് എനിക്ക് പലതും നല്‍കി. പ്രത്യേകിച്ച് നിങ്ങള്‍ ഓരോരുത്തരുടെയും പിന്തുണ. ഈ യാത്രയില്‍ എനിക്കൊപ്പമുണ്ടായിരുന്ന ഓരോരുത്തരോടും നന്ദിപറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരുപാടുപേരെ സഹായിക്കാനാകുന്ന പുതിയൊരു കാര്യം ഞാന്‍ ഇന്ന് തുടങ്ങുന്നു. നിങ്ങളുടെ പിന്തുണ തുടര്‍ന്നും പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്.

ഇതോടെ, ബി.സി.സി.ഐ. പ്രസിഡന്റ്സ്ഥാനത്തുനിന്ന് ഗാംഗുലി രാജിവെച്ചുവെന്ന വാര്‍ത്തപരന്നു. രാജ്യസഭയിലേക്ക് ഒട്ടേറെ ഒഴിവുകള്‍വരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ആ സ്ഥാനത്തേക്ക് നിയോഗിക്കുമെന്നും കൂട്ടിവായിച്ചു. എന്നാല്‍ ഇത്തരം വാര്‍ത്തകളെ തള്ളിക്കൊണ്ട് ഗാംഗുലി ട്വീറ്റിന്റെ പൊരുളെന്തെന്ന് വ്യക്തമാക്കി.

ഗാംഗുലിയുടെ തിരുത്ത്

ജീവിതത്തിലെ പുതിയ അധ്യായം രാഷ്ട്രീയമല്ല മറിച്ച് താന്‍ സ്വന്തമായി ഒരു വിദ്യാഭ്യാസ ആപ്പ് ആരംഭിക്കാന്‍ പോകുകയാണെന്ന് ഗാംഗുലി വ്യക്തമാക്കി. ‘ ഞാന്‍ ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിട്ടില്ല. ഞാന്‍ പുതുതായി ആഗോളതലത്തില്‍ ഒരു വിദ്യാഭ്യാസ ആപ്ലിക്കേഷന്‍ പുറത്തിറക്കും. അതുമായി ബന്ധപ്പെട്ടാണ് ട്വീറ്റ് ചെയ്തത്. ആ ട്വീറ്റിന് രാജിയുമായി ഒരു ബന്ധവുമില്ല’- ഗാംഗുലി പറഞ്ഞു.

ഗാംഗുലിയുടെ ട്വീറ്റിന് വിശദീകരണവുമായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഗാംഗുലി പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നാണ് ജയ് ഷാ അറിയിച്ചത്.

ആർഡിഒ ലോക്കറിൽ നിന്നും നഷ്ടമായത് കോടികളുടെ സൂക്ഷിപ്പുകൾ; കള്ളൻ അകത്തു തന്നെയെന്ന് പൊലീസ്

അസ്വാഭാവിക മരണത്തിന് ഇരയായവരുടെ വസ്തുവകകൾ സൂക്ഷിച്ച ആർ ഡി ഓ ലോക്കറിൽ നിന്നും കോടികളുടെ സ്വർണ്ണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍നിന്നും അസ്വാഭാവിക മരണ കേസുകളിൽ സൂക്ഷിക്കാൻ ഏല്പിച്ച പത്തു വർഷത്തോളമായുള്ള വസ്തുക്കളാണ് കവർച്ച ചെയ്യപ്പെട്ടത്.

ആത്മഹത്യ ചെയ്യുന്നവരുടെയും മരണകാരണം വ്യക്തമാകാത്ത സംഭവങ്ങളിലും ലഭിക്കുന്ന സ്വര്‍ണവും പണവുമാണ് ഇന്‍ക്വസ്റ്റിനു ശേഷം ആര്‍.ഡി.ഒ. കോടതികളില്‍ സൂക്ഷിക്കുന്നത്. തര്‍ക്കങ്ങളുള്ളപ്പോഴും അവകാശികളില്ലാത്തപ്പോഴും ഇവ ലോക്കറിലേക്കു മാറ്റുന്നതാണ് പതിവ്. ഇത്തരത്തില്‍ 2010 മുതല്‍ 2019 വരെ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് നഷ്ടമായത്.

മോഷ്ടാക്കൾ ഉത്തരവാദപ്പെട്ടവർ തന്നെ

ലോക്കറുകള്‍ക്ക് കേടുപാടൊന്നുമില്ലാത്തതിനാല്‍ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍തന്നെയാണ് മോഷണത്തിനു പിന്നിലെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം.

ലോക്കറിലുണ്ടായിരുന്ന 72 പവന്‍ സ്വര്‍ണവും 146 ഗ്രാം വെള്ളിയും 48500 രൂപയും നഷ്ടമായതായാണ് പേരൂര്‍ക്കട പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുള്ളത്. കോടതി കേസുകള്‍ അവസാനിച്ച് ആര്‍.ഡി.ഒ.യ്ക്ക് അപേക്ഷ നല്‍കുമ്പോഴാണ് തൊണ്ടിമുതലുകള്‍ അവകാശികള്‍ക്ക് തിരികെ നല്‍കുന്നത്. എന്നാല്‍, പലപ്പോഴും ലക്ഷങ്ങള്‍ വിലമതിക്കുന്ന തൊണ്ടിമുതലുകള്‍ക്ക് പോലും അവകാശികള്‍ എത്താറില്ല. ഇത് സർക്കാർ ഉത്തരവാദിത്തത്തിലാണ്.

2010-ലെ ഒരു കേസിലെ തൊണ്ടിമുതല്‍ തിരികെ നല്‍കാന്‍ ലഭിച്ച അപേക്ഷയാണ് തട്ടിപ്പു കണ്ടെത്താന്‍ കാരണമായത്. ഈ അപേക്ഷപ്രകാരം ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ട് ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോൾ സ്വര്‍ണം കണ്ടെത്താനായില്ല.

തുടര്‍ന്ന് സബ്കളക്ടര്‍ മാധവിക്കുട്ടി ലോക്കറുകളിലെ തൊണ്ടിമുതലുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടതോടെയാണ് വർഷങ്ങളായുള്ള മോഷണം കണ്ടെത്തുന്നത്.

1982 മുതല്‍ 2022 വരെയുള്ള 40 വര്‍ഷത്തെ തൊണ്ടിമുതലുകള്‍ സൂക്ഷിച്ചിരുന്ന ചെസ്റ്റുകളാണ് (പണവും സ്വര്‍ണവും സൂക്ഷിക്കുന്ന ലോക്കറുകള്‍) തുറന്ന് പരിശോധിച്ചത്. അപ്പോഴാണ് 2010 മുതല്‍ 2019 വരെയുള്ള ഒമ്പതുവര്‍ഷത്തെ തൊണ്ടിമുതലുകള്‍ നഷ്ടമായത് കണ്ടെത്തിയത്.

പ്രതികൾ ആരാവും, ചുമതല വഹിച്ചത് 26 പേർ

2019 മുതല്‍ ലോക്കറുകളുടെ ചുമതലയുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനാണ് പ്രാഥമിക തീരുമാനം. ലോക്കറുകളുടെ ചുമതലയുണ്ടായിരുന്ന അഞ്ച് സീനിയര്‍ സൂപ്രണ്ടുമാരെയാണ് ചോദ്യംചെയ്യുക. 2019-ന് ശേഷമാകാം സ്വര്‍ണം നഷ്ടപ്പെട്ടതെന്നാണ് വകുപ്പുതല അന്വേഷണസംഘത്തിന്റെയും പോലീസിന്റെയും നിഗമനം.

വര്‍ഷങ്ങളായി നടന്ന തട്ടിപ്പല്ലെന്നാണ് പ്രാഥമിക അന്വേഷണസംഘങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുങ്ങിയകാലം കൊണ്ട് തവണയായി സ്വര്‍ണം മുഴുവന്‍ കടത്തിയിരിക്കാമെന്ന് സംശയിക്കുന്നുണ്ട്.

സബ്കളക്ടറും എ.ഡി.എമ്മും അടങ്ങുന്ന സംഘമാണ് വകുപ്പുതല അന്വേഷണത്തിനു നേതൃത്വം നല്‍കുന്നത്. പേരൂര്‍ക്കട പോലീസും ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ്.

ലോക്കറിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥരുടെയും ഈ വിഭാഗത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. മോഷണംപോയ വസ്തുവകകള്‍ സൂക്ഷിച്ച കാലഘട്ടത്തില്‍ ലോക്കറിന്റെ ചുമതല വഹിച്ചത് 26 സീനിയര്‍ സൂപ്രണ്ടുമാരാണ്. ആദ്യഘട്ട ചോദ്യംചെയ്യലിനു ശേഷം ആവശ്യമെങ്കില്‍ എല്ലാവരെയും ചോദ്യംചെയ്യും.

വിജിലന്‍സ് അന്വേഷിക്കും- മന്ത്രി

ആര്‍.ഡി.ഒ. കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ മന്ത്രി കെ.രാജന്‍ ശുപാര്‍ശ ചെയ്തു.

ലോക്കറില്‍ സീല്‍ ചെയ്ത് സൂക്ഷിച്ച സ്വര്‍ണവും പണവും നഷ്ടപ്പെട്ടെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സിനു ശുപാര്‍ശ നല്‍കിയത്. പോലീസ് അന്വേഷണവും വകുപ്പുതല അന്വേഷണവും നടക്കുന്നുണ്ട്.

നീറ്റ് പിജി പരീക്ഷാ ഫലം പ്രസിധീകരിച്ചു

നീറ്റ് പിജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന് കഴിഞ്ഞ് പത്തു ദിവസത്തിനുള്ളിലാണ് ഫലം പ്രഖ്യാപിച്ചത്. ജനറൽ വിഭാഗത്തിന് 275 മാർക്കാണ് കട്ട് ഓഫ് നിശ്ചയിച്ചിരിക്കുന്നത്. ഒബിസി വിഭാഗത്തിലും എസ് സി, എസ് ടി വിഭാഗത്തിലും 245 മാർക്കാണ് കട്ട് ഓഫ്. 

എൻബിഇ https://nbe.edu.in/ വെബ്സൈറ്റിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഫലം അറിയാനാവും. വ്യക്തിഗത മാർക്ക് ഉൾപ്പെടെയുള്ളവ ഈ മാസം എട്ടു മുതൽ ഡൗൺലോഡ് ചെയ്യാനാവും.

നാഷണൽ ബോർഡ് ഓഫ് എജുക്കേഷനാണ് പരീക്ഷ നടത്തിയത്. മെഡിക്കൽ രംഗത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് വേണ്ടിയുള്ള യോഗ്യതാ പരീക്ഷയാണിത്. ഇക്കഴിഞ്ഞ മെയ് 21 നാണ് പരീക്ഷ നടന്നത്. ഈ പരീക്ഷാ ഫലം അനുസരിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് ബിരുദാന്തര ബിരുദ പഠനത്തിന് ചേരാനാവും.
ഫലമറിയാം:https://nbe.edu.in/

ഷൂട്ടിങ്ങിനിടെ നടൻ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. കയ്യ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈപ്പിനില്‍ നടന്ന ഷൂട്ടിങ്ങിനിടെ തിളച്ച എണ്ണ കയ്യിലേക്ക് മറിയുകയായിരുന്നു.

അടിയന്തരമായി ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നടന് പ്ലാസ്റ്റിക് സര്‍ജറി നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ് എന്നിവർ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.