ഹിറ്റ്ലർ മാതൃകയിൽ വംശീയ ശുദ്ധി പഠിക്കാൻ കേന്ദ്രം, ആദ്യം തൊഴിൽ സുരക്ഷ ഉറപ്പാക്കൂ എന്ന് രാഹുൽ

 ‘വംശീയശുദ്ധി’യെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സർക്കാർ പദ്ധതി. ഇതിനായി സാംസ്‌കാരിക മന്ത്രാലയം ഒരുങ്ങുന്നെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ നരേന്ദ്ര മോദിസര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘വംശീയമായ ശുദ്ധി’ പഠിക്കാനായി മുമ്പ്‌ ഒരു രാജ്യം, സാംസ്‌കാരിക മന്ത്രാലയത്തിന് രൂപം നല്‍കിയതിൻ്റെ അന്ത്യം ശുഭകരമായിരുന്നില്ല എന്ന് അദ്ദേഹം ഒർമ്മപ്പെടുത്തി. ഹിറ്റ്ലറുടെ പദ്ധതിയെ മുൻ നിർത്തിയാണ് പരാമർശം.

പ്രധാനമന്ത്രി, ഇന്ത്യ ആവശ്യപ്പെടുന്നത് ‘വംശീയമായ ശുദ്ധി’യല്ല. തൊഴില്‍ സുരക്ഷയും സാമ്പത്തിക അഭിവൃദ്ധിയുമാണ്- തുടർന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

സാംസ്‌കാരിക മന്ത്രാലയം ഇന്ത്യക്കാരുടെ ‘വംശീയശുദ്ധി’യെ കുറിച്ച് പഠിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പ്രതികരണം

അണക്കെട്ടിനകത്തെ അശ്ലീല വീഡിയോ ചിത്രീകരണം, പൂനം പാണ്ഡേക്കും ഭർത്താവിനും കുറ്റപത്രം

അശ്ലീലവീഡിയോ ചിത്രീകരിച്ചെന്ന കേസിൽ നടിയും മോഡലുമായ പൂനം പാണ്ഡേക്കും മുൻ ഭർത്താവ് സാം ബോംബേക്കുമെതിരെ ​ഗോവ പോലീസിന്റെ കുറ്റപത്രം. കാനക്കോണയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനാണ് കുറ്റപത്രം സമർപ്പിച്ചത്.

അശ്ലീലത, അതിക്രമിച്ച് കടക്കൽ, അശ്ലീല വീഡിയോ പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് കാനക്കോണ പൊലീസ് ഇൻസ്‌പെക്ടർ പ്രവീൺ ഗവാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. 39 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും കോടതിയിൽ വിചാരണസമയത്ത് ഇവരെ വിസ്തരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാനക്കോണിൽ സംസ്ഥാനത്തിന് കീഴിൽ വരുന്ന ചപോലി അണക്കെട്ടിന് സമീപം അശ്ലീലവീഡിയോ ചിത്രീകരിച്ചു എന്നതാണ് നടിക്കും മുൻഭർത്താവിനുമെതിരെയുള്ള കുറ്റം. രണ്ടുപേരേയും നേരത്തെ അറസ്റ്റുചെയ്യുകയും ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 447 (ക്രിമിനൽ അതിക്രമം), 292, 293 (അസഭ്യത), 294 (പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീലച്ചുവയുള്ള പാട്ടോ വാക്കുകളോ ചൊല്ലുകയോ പറയുകയോ ചെയ്യുക), സ്ത്രീകളെ അപകീർത്തിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളും പാണ്ഡെയ്ക്കും മുൻഭർത്താവിനുമെതിരെ ചുമത്തിയിട്ടുണ്ട്.

കേസും കലഹവും

കങ്കണ റണാവത്ത് അവതാരകയായി എത്തിയ ലോക് അപ്പിൽ മത്സരാർത്ഥിയായിരുന്നു പൂനം പാണ്ഡെ. പരിപാടിക്കിടയിൽ തനിക്കു നേരിട്ട അതിക്രമങ്ങളെക്കുറിച്ച് താരം മനസു തുറന്നിരുന്നു. വിവാഹ ശേഷം ഞാന്‍ അയാളുടെ പൂര്‍ണനിയന്ത്രണത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിച്ചില്ല. രാവിലെ മുതല്‍ രാത്രി വരെ മദ്യപിക്കും. ശാരീരികമായി ഉപദ്രവിക്കും. മര്‍ദ്ദനമേറ്റ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുകയും വൈദ്യസഹായം തേടുകയും ചെയ്തു. ഇപ്പോഴും തലയിലെ പരിക്ക് മാറിയിട്ടില്ല. എനിക്ക് അയാളുടെ അനുവാദമില്ലാതെ വീടിന് പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നു.- പൂനം പറഞ്ഞു. 

2020ലാണ് പൂനം പാണ്ഡെയും സാം ബോംബെയും വിവാഹിതരാവുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ചക്കു ശേഷം ഭർത്താവിനെതിരെ പരാതിയുമായി താരം പൊലീസിനെ സമീപിച്ചു. തന്നെ ലെെം​ഗികമായി പീഡിപ്പിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞായിരുന്നു പരാതി. തുടർന്ന് സാമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പൂനം തന്നെ കേസ് പിന്‍വലിക്കുകയും ഇയാള്‍ക്കൊപ്പമുള്ള ജീവിതം തുടരുകയും ചെയ്തു. 

സർക്കാർ സർവ്വീസിൽ നിന്നും കൂട്ട വിരമിക്കൽ; മേയിൽ മാത്രം 11,100 പേർ; അവസരങ്ങൾ വർധിക്കും

ഇത്തവണ മേയ് 31-ന് വിരമിക്കുന്നത് സര്‍ക്കാര്‍ജീവനക്കാരും അധ്യാപകരും ഉള്‍പ്പെടെ 11,100 പേരാണ്. എല്ലാ മാസങ്ങളിലും ജീവനക്കാര്‍ വിരമിക്കാറുണ്ടെങ്കിലും മേയ് മാസത്തിലാണ് കൂട്ടവിരമിക്കല്‍ പതിവ്. പൊതുമേഖലാസ്ഥാപനങ്ങള്‍ ഒഴികെയുള്ള കണക്കു പ്രകാരമാണ് 11,100 പേർ.

കഴിഞ്ഞ മേയില്‍ 9205 പേരാണ് വിരമിച്ചത്. അതിനെക്കാൾ കൂടുതലാണ് ഇത്തവണ. സർക്കാർ സർവ്വീസിൽ നിന്നും വര്‍ഷം ഏകദേശം 20,000 പേരാണ് വിരമിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം വിവിധ മാസങ്ങളിലായി 21,083 പേര്‍ വിരമിക്കുമെന്നാണ് ശമ്പളക്കമ്മിഷന്‍ റിപ്പോര്‍ട്ടിലെ കണക്ക്

ഈ വർധന പുതിയ അവസരങ്ങൾ തുറക്കുമോ എന്നാണ് ഉദ്യോഗാർഥികളുടെ പ്രതീക്ഷ. അധ്യാപക ഒഴിവുകളും വർധിച്ചിട്ടുണ്ട്. കൂട്ട വിരമിക്കലിൻ്റെ വർഷമാണ് ഇനിയുള്ളത്.

വർഷം വിരമിക്കല്‍ ആനുകൂല്യം നല്‍കാന്‍ 4000 കോടിരൂപ വേണം. ഇത് എല്ലാവര്‍ക്കും ഒരുമിച്ച് നല്‍കേണ്ടിവരില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അക്കൗണ്ടന്റ് ജനറല്‍ അംഗീകരിക്കുന്ന മുറയ്ക്കാണ് ആനുകൂല്യം നല്‍കുന്നത്. അതിനാല്‍ പെട്ടെന്നൊരു സാമ്പത്തികസമ്മര്‍ദം ഉണ്ടാകില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

ഫലം വെള്ളിയാഴ്ച, തൃക്കാക്കരയിൽ 68.75 ശതമാനം പോളിങ്

0

ഒരു മാസത്തിലേറെ നീണ്ട ചൂടൻ പ്രചാരണങ്ങൾക്കൊടുവിൽ വിധിയെഴുതി തൃക്കാക്കരയിലെ വോട്ടർമാർ. പോളിങ് സമയം പൂര്‍ത്തിയായപ്പോള്‍ 68.75 ശതമാനം പേര്‍ വോട്ട് ചെയ്തു. 1,96,805 വോട്ടര്‍മാരില്‍ 1,35,320 പേരാണ് വോട്ടു ചെയ്തത്. വെള്ളിയാഴ്ചയാണ് ഫലം അറിയുക

രാവിലെ മുതല്‍ കനത്ത പോളിങാണ് തൃക്കാക്കരയില്‍ രേഖപ്പെടുത്തിയത്. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെട്ടത്.

കോൺഗ്രസ് സ്വയം മെച്ചപ്പെടുത്താൻ ശേഷിയില്ലാത്ത അവസ്ഥയിലായി, ഇനി ഒന്നിച്ച് പോവാനാവില്ല – പ്രശാന്ത് കിഷോർ

കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന നിലപാട് തുറന്നടിച്ച് തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വർഷങ്ങളായി തിരഞ്ഞെടുപ്പു വിജയത്തിൽ താനുണ്ടാക്കിയെടുത്ത ട്രാക്ക് റെക്കോഡ് തന്നെ കോണ്‍ഗ്രസ് തകര്‍ത്തു. അതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച ആര്‍.ജെ.ഡി. നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിൻ്റെ ബിഹാറിലെ വൈശാലിയിലുള്ള വസതിയില്‍ തുടക്കമിട്ട ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് പ്രശാന്ത് കിഷോർ വ്യക്തമാക്കിയത്.

2011 മുതല്‍ 2021 വരെ 11 തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ ബിഹാറില്‍ ജയിച്ചു. 2017-ല്‍ പഞ്ചാബില്‍ വിജയിച്ചു. 2019-ല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ വിജയിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും വിജയിച്ചു.

11 വര്‍ഷത്തിനിടെ ഒരേയൊരു തിരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്, 2017-ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍. അതുകൊണ്ടാണ് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത് പ്രശാന്ത് കിഷോര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അഭിവൃദ്ധിയുണ്ടാകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയോടു ബഹുമാനമുണ്ട്. പക്ഷെ നിലവിലത്തെ അവസ്ഥയില്‍, ആ പാര്‍ട്ടിക്ക് സ്വയം മെച്ചപ്പെടാനുള്ള കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്, നമ്മളെയും മുക്കിക്കളയും- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

നടൻ വിജയ് ബാബുവിനെ നേരത്തെ അറസ്റ്റു ചെയ്യാഞ്ഞതെന്ത്, ഒത്തു കളിയാണോ എന്ന് കോടതി

 നടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

പ്രോസിക്യൂഷന്റെ ധാരണകള്‍ക്കൊപ്പമല്ല കോടതിയെന്നും നിയമം നടപ്പാക്കാനാണ് കോടതിയെന്നും ജഡ്ജി പറഞ്ഞു. എന്തുകൊണ്ട് ഇത്രയുംനാള്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും കോടതി ചോദിച്ചു. പ്രതി തിരിച്ചെത്തുന്നത് തടയുകയല്ല വേണ്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിജയ്ബാബുവുമായി ഒത്തുകളിക്കുകയാണോ എന്നുപോലും സംശയിക്കുന്നതായും കോടതി പറഞ്ഞു. വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കാം. എന്നാല്‍ കോടതിക്ക് ഒരു സാധാരണക്കാരന്‍ മാത്രമാണെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്നാണ് അറസ്റ്റ് തടയുന്നതായി ഉത്തരവിട്ടത്.

ചൊവ്വാഴ്ച വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചപ്പോള്‍ നാട്ടിലെത്തിയാല്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പ്രതി നാട്ടിലെത്തുകയാണ് പ്രധാനമെന്നും ഉടന്‍ തിരിച്ചെത്തിയാല്‍ അറസ്റ്റ് തടയുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. എന്നാല്‍ ഇതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. ഇതോടെയാണ് പ്രോസിക്യൂഷനെതിരേ കോടതിയുടെ പരാമര്‍ശങ്ങളുണ്ടായത്

വിജയ്ബാബു തിരിച്ചെത്തിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. അന്വേഷണസംഘത്തിന് വിശദമായി ചോദ്യംചെയ്യാം. മൊഴി രേഖപ്പെടുത്താം. എന്നാല്‍ വ്യാഴാഴ്ച ജാമ്യഹര്‍ജി വീണ്ടും പരിഗണിച്ചശേഷമേ അറസ്റ്റിലേക്ക് നീങ്ങാനാകൂ എന്നും കോടതി വ്യക്തമാക്കി.

ബുധനാഴ്ച ദുബായില്‍ നിന്ന് കൊച്ചിയിലെത്തുന്ന വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പേരുണ്ട്. രാവിലെ 9.15-നെത്തുന്ന എമിറേറ്റ്‌സ് വിമാനത്തിലാണ് വിജയ് ബാബുവും യാത്രക്കാരനായുള്ളത്.

വേനലിൽ പെയ്തത് 85 ശതമാനം അധിക മഴ

കേരളത്തിൽ ഇത്തവണ ലഭിച്ചത് 85 ശതമാനത്തിലധികം വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാലത്തെ കണക്കാണിത്. സാധാരണ ഈ കാലയളവില്‍ 361.5 മില്ലീമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇത്തവണ ലഭിച്ചത് 668.5 മില്ലിമീറ്റര്‍ മഴയാണ്.

കഴിഞ്ഞ വര്‍ഷം ഇതിലും അധികം ലഭിച്ചു. 108 ശതമാനം (751 മില്ലിമീറ്റര്‍) കൂടുതലായിരുന്നു.

എല്ലാ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. 92 ദിവസം നീണ്ട സീസണില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് എറണാകുളം ജില്ലയിലാണ്. 1007.6 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. 971.6 മില്ലിമീറ്റര്‍ മഴ ലഭിച്ച കോട്ടയവും 944.5 മില്ലിമീറ്റര്‍ മഴ ലഭിച്ച പത്തനംതിട്ടയുമാണ് തൊട്ടുപിറകില്‍.

പാലക്കാട് (396.8 മില്ലീമീറ്റര്‍), കാസര്‍ഗോഡ് (473 മില്ലീമീറ്റര്‍) എന്നീ ജില്ലകളിലാണ് ഇതിൽ അല്പം കുറവ് മഴ രേഖപ്പെടുത്തിയത്.

അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വ, ബുധൻ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആദിലയ്ക്കും ഫാത്തിമയ്ക്കും ഒന്നിച്ചു ജീവിക്കാം, ഇരുവരേയും ഹൈക്കോടതി ഒന്നിച്ചു വിട്ടു

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു.

തന്റെ പങ്കാളിയായ ഫാത്തിമയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപിച്ച് ഇന്നു രാവിലെയാണ് ആദില കോടയില്‍ ഹര്‍ജി നല്‍കിയത്. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ വിലക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സുപ്രീംകോടതി വിധി പ്രകാരം തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അവകാശമുണ്ടെന്നും കോടതിയും പോലീസും തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ആദില ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ആലുവയിലുള്ള ആദിലയുടെ ബന്ധുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസിച്ചത്. ഇവിടെനിന്നാണ് മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് ഫാത്തിമ്മയെ കടത്തിക്കൊണ്ടുപോയത്. ഇതിനുപിന്നാലെയാണ് ആദില കോടതിയെ സമീപിച്ചത്.

പ്ലസ് ടു ക്ലാസിൽ തുടങ്ങിയ പ്രണയം

സൗദിയിലെ പഠനത്തിനിടെയാണ് 22കാരിയായ ആദില നസ്രിന്‍ താമരശ്ശേരി സ്വദേശിനിയായ 23കാരി ഫാത്തിമ നൂറയുമായി പ്രണയത്തിലാകുന്നത്. ബന്ധം വീട്ടിലറിഞ്ഞപ്പോള്‍ കടുത്ത എതിര്‍പ്പ് നേരിട്ടു. തത്ക്കാലം വേർപിരിഞ്ഞു. ബിരുദം പഠനം പൂർത്തിയാക്കി. തുടര്‍ന്നാണ് ഒരുമിച്ച്‌ ജീവിക്കാന്‍ തീരുമാനിച്ചത്.

വനജ കളക്ടീവ് ഇതു സംബന്ധിച്ച് ഷെയർ ചെയ്ത പോസ്റ്റ്

LGBTIQ+ ന്റെയും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട ഗ്രൂപ്പുകളുടെയും “രോഗശാന്തിയിലും ക്രിയാത്മക പര്യവേക്ഷണത്തിലും” ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയാണ് വനജ കളക്ടീവ്

അവരുടെ പോസ്റ്റ്

19 – 05- 2022 നാണ് ഫാത്തിമ നൂറ, ആദില നസിറിൻ എന്ന് പേരായ രണ്ടുപേർ (ലെസ്ബിയൻ കപ്പിൾ) വീടുകളിൽ നിന്ന് ഒളിച്ചോടി വനജ കലക്റ്റീവിലേക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ട് വന്നത്. ധന്യയാണ് ഞങ്ങളുടെ സംഘടനയെക്കുറിച്ച് അവരെ അറിയിക്കുന്നതും അവരിവിടെ എത്തിപ്പെടുന്നതും. അന്ന് അവരുടെ വീട്ടുകാരോട് ഞങ്ങൾ സംസാരിച്ചു. അതിൽ നൂറയുടെ വീട്ടുകാർ ഒരുപാടുപേരെ കൂട്ടി വരികയും ഈ പരിസരത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. നൂറയെ കൊന്നാലും ആദിലയുടെ കൂടെ ജീവിക്കാൻ അനുവദിക്കില്ല എന്നായിരുന്നു അവരുടെ നിലപാട്. തുടർന്ന് ഇവിടെ ഒരു സാമൂഹ്യ പ്രശ്നം ഉണ്ടാവുകയും നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഞങ്ങൾ പോലീസിനെ വിളിച്ചു. പോലീസിന്റെ സാന്നിദ്ധ്യത്തിലും വീട്ടുകാരുടെ കൂടെ പോകാൻ തയ്യാറല്ലെന്നും അവർ അപകടകാരികളാണെന്നും നൂറ ആവർത്തിച്ചു. പോലീസിന്റെ നിർബന്ധിച്ചിട്ടും നൂറയുടെ വീട്ടുകാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. അതിനുശേഷം ആദിലയുടെ ഉമ്മയും ബന്ധുക്കളും എത്തിച്ചേരുകയും നൂറയെ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുമെന്നും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കുമെന്നും അവരുടെ പൂർണ ഉത്തരവാദിത്തത്തിലാണ് കൊണ്ടുപോകുന്നതെന്നും എഴുതിത്തന്ന് അവർ രണ്ടുപേരെയും കൊണ്ടുപോയി. പിന്നീടാണ് ഈ രണ്ടുവീട്ടുകാരെയും പറ്റി വിശദമായി ആദിലയുടെ voice message ഇൽ നിന്ന് ഞങ്ങൾ അറിയുന്നത്… അന്ന് രാത്രി ഈ രണ്ടുപേരും ഏതെങ്കിലും വീട്ടുകാരുടെ കൂടെ പോയില്ലെങ്കിൽ 3 ലക്ഷം രൂപ കൊടുത്ത് കൊട്ടേഷൻ ടീമിനെ ഏർപ്പാടാക്കിയിരുന്നു എന്നും അന്നു രാത്രി തന്നെ വനജ കലക്റ്റീവ് ഓഫീസ് തകർത്ത് അവരെ കൊണ്ടുപോകാനായിരുന്നു പ്ലാൻ എന്നും. ഈ രണ്ടുപേരുടെ വീട്ടുകാരും ആദ്യമേ സുഹൃത്തുക്കളാണ് എന്നും കാര്യങ്ങൾ ഒരുമിച്ച് പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു എന്നും.

ആദിലയുടെ വീട്ടിൽ വച്ച് ഈ രണ്ടുപേരും നിരന്തരം വൈകാരിക ബ്ലാക്ക്മെയിലിംഗിന് ഇരയായി. പല രാത്രികളിലും ഉറങ്ങാൻ പോലും അനുവദിക്കാതെ അവരോട് പ്രണയം ഉപേക്ഷിക്കാൻ ആദിലയുടെ വീട്ടുകാർ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. 23 – 05 – 2022 ന് നൂറയുടെ ഉമ്മ ആദില നൂറയെ തട്ടിക്കൊണ്ടുപോയി, അതിലാൽ നൂറയെ തിരിച്ചുകിട്ടാൻ പോലീസിന്റെ സഹായം ആവശ്യമാണെന്നും ഒരു പരാതി തലശ്ശേരി പോലീസ് സ്റ്റേഷനിൽ നൽകി. അതു പ്രകാരം അന്നേ ദിവസം ആദിലയെയും നൂറയെയും ബിനാനിപുരം പോലീസ് സ്റ്റേഷനിൽ വിളിപ്പിക്കുകയും സ്വസമ്മതപ്രകാരം ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന പ്രായപൂർത്തിയായവരാണെന്ന് മനസിലാക്കി പോലീസ് പരാതി സ്വീകരിക്കാതിരിക്കുകയും ചെയ്തു. 24 ന് പോലീസിന്റെ സഹായം ലഭിക്കില്ലെന്നു മനസിലാക്കി നൂറയുടെ ഉമ്മയും മറ്റു ചിലരും ചേർന്ന് ആദിലയുടെ വീട്ടിലെത്തി ആദിലയെ ശാരീരികമായി ആക്രമിച്ച് നൂറയെ പിടിച്ചുകൊണ്ടുപോയി. 

അതുവരെ ഞങ്ങളോടും ധന്യയോടും ഒക്കെ സംസാരിച്ചുകൊണ്ടിരുന്ന ആദിലയും നൂറയും പെട്ടന്ന് ഫോണിൽ കിട്ടാതായപ്പോൾ ഞങ്ങൾ ബിനാനിപുരം സി ഐയെ വിളിച്ച് അവർ അപകടാവസ്ഥയിലാണെന്നും അവരെ രക്ഷിക്കണം എന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം വനിതാ പോലീസ് ആദിലയുടെ വീട്ടിലെത്തിയപ്പോൾ ആദില മാത്രമാണ് അവിടെ ഉണ്ടായിരുന്നത്, ശാരീരികമായി അതിക്രമിക്കപ്പെട്ട അവസ്ഥയിൽ. അവൾ പോലീസ് ജീപ്പിൽ കയറി പോലീസ് സ്റ്റേഷനിലെത്തുകയും വീട്ടിൽ അവൾ സുരക്ഷിതയല്ല അതുകൊണ്ട് പോലീസ് സംരക്ഷണം വേണം എന്നാവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ ആലുവയിലെ ഷോട്ട് സ്റ്റേ ഹോമിലാണ് ആദില. അവൾ ഇതിനെക്കുറിച്ച് ആരോടും സംസാരിക്കാനും തയ്യാറുമാണ്.

27ന് വനജ കലക്റ്റീവിൽ നിന്ന് താമരശ്ശേരി പോലീസ് സ്‌റ്റേഷനിൽ പോയി അന്വേഷിച്ചപ്പോൾ ഉമ്മയും ഉപ്പയും മക്കളെ അടിച്ചാൽ പോലീസിന് എന്തുചെയ്യാൻ പറ്റും എന്നാണ് മറുപടി കിട്ടിയത്. ഇതേ ദിവസം ആദില ബിനാനിപുരം സ്റ്റേഷനിൽ വച്ച് പലരായി ഫോർവേഡ് ചെയ്ത നൂറയുടെ വീഡിയോ കണ്ടു – അത് വിശ്വാസയോഗ്യമായി അവൾക്ക് തോന്നിയില്ല. ഇന്ന്, 28. നൂറയുടെ ജീവൻ തന്നെ അപകടത്തിലാണ്.  ഈ വിഷയത്തിൽ ഞങ്ങളെ സഹായിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ചെയ്യുക. ഈ വിഷയത്തിലേക്ക പൊതുജന ശ്രദ്ധ ക്ഷണിക്കാനാണ് ഈ പോസ്റ്റ്.

എൽ പി സ്കൂൾ റാങ്ക് പട്ടിക ജൂൺ ഒന്നിന് പ്രസിധീകരിക്കും; നിയമനവും ജൂണിൽ തന്നെ

എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടിക ജൂൺ ഒന്നിന് പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം നിർദേശം നൽകി. റിപ്പോർട്ടുചെയ്ത ഒഴിവിലേക്ക് ഈ മാസം അവസാനം തന്നെ നിയമനശുപാർശ അയക്കും.

2019 ഡിസംബറിൽ വന്ന വിജ്ഞാപനത്തിന്റെ റാങ്ക്പട്ടികയാണ് ഇപ്പോൾ തയ്യാറാക്കുന്നത്. എൽ.പി. റാങ്ക്പട്ടികയ്ക്ക് പിന്നാലെ യു.പി. അധ്യാപകരുടേതും പ്രസിദ്ധീകരിക്കും. ചില ജില്ലകളിലെ യു.പി. അധ്യാപക അഭിമുഖം പൂർത്തിയായിട്ടില്ല എന്നതാണ് വൈകാൻ കാരണം.

കോവിഡിനുമുമ്പാണ് അധ്യാപക നിയമനം നടന്നത്. ഒരുവർഷത്തിലേറെയായി പട്ടിക നിലവിലില്ല. സ്കൂളുകൾ തുറക്കുന്നത് പരിഗണിച്ച് ഒഴിവുകളിൽ അധികൃതർ താത്കാലികനിയമനം നടത്തുകയാണ്. സ്ഥിരം ഒഴിവുകൾ വേഗം നികത്തണമെന്ന് വിദ്യാഭ്യാസവകുപ്പും ആവശ്യപ്പെട്ടിരുന്നു.

പ്രകൃതിചികിത്സ മെഡിക്കൽ ഓഫീസർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് തുടങ്ങി 43 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം അംഗീകരിച്ചു.

ജൂൺ 15-ന്റെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതിനുശേഷം ഓൺലൈനിലൂടെ ജൂലായ് 20 വരെ അപേക്ഷിക്കാം.

മോട്ടോർ മെക്കാനിക്, ഇൻവെസ്റ്റിഗേറ്റർ, കംപ്യൂട്ടർ അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ചീഫ് സ്റ്റോർ കീപ്പർ തുടങ്ങിയവയാണ് മറ്റു തസ്തികകൾ.

മോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ ശിഷ്യർക്ക് ജീവപര്യന്തം; കേസിൽ വഴിത്തിരിവായത് പ്രതിയുടെ അച്ചൻ നൽകിയ സൂചന

ചീമേനി പുലിയന്നൂരില്‍ മോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. പുലിയന്നൂരിലെ റിട്ട. അധ്യാപികയായ ജാനകിയെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാം പ്രതി വിശാഖ്(32) മൂന്നാം പ്രതി അരുണ്‍കുമാര്‍(30) എന്നിവരെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായി 17 വര്‍ഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്.

ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. കേസിലെ രണ്ടാംപ്രതിയായിരുന്ന റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിടുകയും ചെയ്തു. കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

2017 ഡിസംബര്‍ 13-നാണ് ചീമേനി പുലിയന്നൂരിലെ വീട്ടില്‍ മോഷണത്തിനിടെ ജാനകി കൊല്ലപ്പെട്ടത്. ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്നതാണ് കേസ്. ജാനകിയുടെ പഴയ രണ്ട് വിദ്യാര്‍ഥികളുള്‍പ്പെടുന്ന നാട്ടുകാരായ മൂന്നംഗ സംഘമായിരുന്നു കേസിലെ പ്രതികള്‍. ഒന്നാം പ്രതി വിശാഖും മൂന്നാം പ്രതി അരുണും ചേര്‍ന്ന് ജാനകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം 17 പവന്റെ ആഭരണവും 92,000 രൂപയും കവരുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് കെ. കൃഷ്ണനെയും പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു.

മോഷണത്തിനിടെ മുഖം മൂടി അഴിഞ്ഞ പ്രതികളിൽ ഒരാളെ ടീച്ചർ തിരിച്ചറിഞ്ഞിരുന്നു. മകനേ നീയോ എന്ന് ചോദിച്ചതാണ് കൊലപ്പെടുത്തുക എന്ന തീരുമാനത്തിലേക്ക് നയിച്ചത് എന്നാണ് മൊഴി.

കൃത്യം നടന്ന് രണ്ടുമാസത്തിനുശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തുന്നത്. ഇതിനിടെ അന്വേഷണം വഴിമാറിയത് ഉറപ്പു വരുത്തി ഗൾഫിലേക്ക് കടന്നു. അന്വേഷണ സമയത്ത് എല്ലാം പ്രതികൾ പൊലീസിന് ഒപ്പം ഭാവഭേദമില്ലാതെ സ്ഥലത്തുണ്ടായിരുന്നു.

കേസില്‍ പ്രതികളെ കണ്ടെത്താനാകാതെ കുഴങ്ങുന്നതിനിടെ ഒന്നാം പ്രതി വിശാഖിന്റെ അച്ഛനുണ്ടായ സംശയമാണ് അറസ്റ്റിലേക്ക് നയിച്ചത്. പ്രതി നടത്തിയ സ്വര്‍ണ ഇടപാടുകളുടെ രശീത് കണ്ടെത്തിയതാണ് പിതാവിൽ സംശയം ഉണർന്നത്. തുടർന്ന് രശീതി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അന്നത്തെ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, ഡിവൈ.എസ്.പി. കെ. ദാമോദരന്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതി റിനീഷിനെ വെറുതെവിട്ടതിനെതിരേ മേല്‍ക്കോടതിയെ സമീപിക്കുന്ന കാര്യമുള്‍പ്പെടെ അഭിഭാഷകനുമായി ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്ന് കുടുംബം പറഞ്ഞു.