മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഭിത്തി തുരന്ന് പുറത്തു കടന്ന തടവുകാരൻ മോഷ്ടിച്ച ബൈക്കിൽ രക്ഷപ്പെടുന്നതിനിടെ അപകടത്തിൽ മരിച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭിത്തി തുരന്ന് ചാടിപ്പോയ അന്തേവാസി ബൈക്ക് അപകടത്തില്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ 22-കാരൻ ഇര്‍ഫാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെയാണ് വാര്‍ഡ് മൂന്നിലെ സെല്ലിനുള്ളിലെ ബാത്ത് റൂമിലെ ഭിത്തി സ്പൂണ്‍ ഉപയോഗിച്ച് തുരന്ന് ഇർഫാൻ പുറത്ത് കടന്നത്.

ഇവിടെ നിന്ന് പുറത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. പോകുന്നതിനിടെ മലപ്പുറത്ത് വെച്ച് ബൈക്ക് അപകടത്തില്‍പെടുകയായിരുന്നു. തുടര്‍ന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. മോഷണക്കേസുകളില്‍ പ്രതിയായി ഇയാള്‍ കോഴിക്കോട് ജില്ലാ ജയില്‍ റിമാന്‍ഡിലായിരുന്നു. അവിടെ നിന്നും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പത്ത് ദിവസം മുമ്പ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്

കോൺഗ്രസ് വിട്ട ഹാർദിക് പട്ടേൽ ബിജെപിയിലേക്ക്. ജൂൺ രണ്ടിന് ഹാർദിക് ഔദ്യോഗികമായി ബിജെപി അംഗത്വം എടുക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ബിജെപിയിൽ ചേരില്ലെന്ന് കഴിഞ്ഞ ദിവസം ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. ഇതിനു വിപരീതമാണ് ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടുകൾ.

ഗുജറാത്തിൽ പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡൻ്റായിരുന്ന ഹാർദ്ദിക് പട്ടേൽ ഈ മാസം 28നാണ് പാർട്ടി വിട്ടത്. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയ ഹാർദിക് പട്ടേൽ ഗുജറാത്ത് ജനതയ്ക്കായി പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. നരേഷ് പട്ടേലിനെ കോൺഗ്രസിലെത്തിക്കാനുള്ള നീക്കത്തിൽ ഹാർദ്ദിക് പട്ടേൽ അതൃപ്തനായിരുന്നു.

”കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഗുജറാത്തിന് വേണ്ടി ശരിക്കും ക്രിയാത്മകമായി പ്രവർത്തിക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു” -കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്ററിൽ കുറിച്ചു.

ഹാർദിക് ട്വിറ്ററിൽ നിന്ന് നേരത്തെ കോൺഗ്രസ് വർക്കിംഗ് പ്രസിഡൻറ് എന്ന വിവരം ഒഴിവാക്കിയിരുന്നു. എന്നാൽ ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയിൽ ഹാർദിക് എത്തിയിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസിലെത്തിയത്.

സംസ്ഥാന തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് കോൺഗ്രസിന് തിരിച്ചടിയായി പട്ടേൽ നേതാവ് ഹർദിക് പട്ടേൽ രാജിവെച്ചത്. 

ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനും ഹിന്ദുമത വിശ്വാസത്തെ തകർക്കാനും കോൺ​ഗ്രസ് ശ്രമിക്കുകയാണെന്ന് പാർട്ടിയിൽ നിന്ന് രാജിവെച്ച ശേഷം ഹാർദിക് പട്ടേൽ പറഞ്ഞിരുന്നു. ജനങ്ങളുടെ വികാരം വ്രണപ്പെടുത്താനാണ് കോൺഗ്രസ് പാർട്ടി പ്രവർത്തിക്കുന്നത്. ഹിന്ദു മതവിശ്വാസത്തെ തകർക്കാനാണ് എപ്പോഴും ശ്രമിക്കുന്നതെന്നും പട്ടേൽ നേതാവ് ആവർത്തിച്ചു.

രഹസ്യ ബന്ധമെന്ന് സംശയം; ഭർത്താവിൻ്റെ സുഹൃത്തിനെ ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ നൽകിയ യുവതിയും കൂട്ടാളികളും പിടിയിൽ

രഹസ്യബന്ധമുണ്ടെന്ന സംശയത്തിൽ ഭർത്താവിൻ്റെ സുഹൃത്തായ യുവതിയെ വാടകഗുണ്ടകളെ കൊണ്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ പരാതിയിൽ ഭാര്യയും ക്വട്ടേഷൻ സംഘത്തിലെ ആഞ്ചു പേരും പൊലീസ് പിടിയിലായി.

ഹൈദരാബാദിന് സമീപം കൊണ്ടാപൂരിലെ ശ്രീരാമനഗര്‍ കോളനിയില്‍ താമസിക്കുന്ന ഗായത്രിയെയും വാടക ഗുണ്ടകളായ അഞ്ചുപേരെയുമാണ് സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവിന്റെ സുഹൃത്തായ യുവതിയെ കൂട്ടബലാത്സംഗം ചെയ്യാന്‍ ഗായത്രി ക്വട്ടേഷന്‍ നല്‍കി. പ്രതികള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയെ ഭീഷണിപ്പെടുത്തിയതായും പോലീസ് പറഞ്ഞു.

ഗായത്രിയുടെ ഭര്‍ത്താവ് ശ്രീകാന്തിന്റെ സുഹൃത്തായ യുവതിയെയാണ് പ്രതികള്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തത്. മേയ് 26-ാം തീയതി വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.

ബലാത്സംഗത്തിനിരയായ യുവതിയും ശ്രീകാന്തും ദീര്‍ഘനാളായി സുഹൃത്തുക്കളായിരുന്നു. യു.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് ഇരുവരു എന്നാണ് വിശദീകരണം. പഠനത്തിൻ്റെ പലതവണ യുവതി ശ്രീകാന്തിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പഴയ വസ്ത്രങ്ങൾ വിൽക്കുന്ന ജോലിയായിരുന്ന ഇവർക്കെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. അവിടെ വെച്ചാണ് ഇരുവരും പരിചയത്തിലാവുന്നത്.

2021 ഒക്ടോബര്‍ മുതല്‍ 2022 ഫെബ്രുവരി വരെ ശ്രീകാന്തിന്റെ വീട്ടില്‍ താമസിച്ചു. ഇതോടെയാണ് ഗായത്രി ഭര്‍ത്താവിനെ സംശയിച്ച് തുടങ്ങിയത്. സുഹൃത്തായ യുവതിയും ഭര്‍ത്താവും തമ്മില്‍ രഹസ്യബന്ധമുണ്ടെന്നായിരുന്നു ഗായത്രിയുടെ സംശയം. ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ പലതവണ വഴക്കുണ്ടായി. ഇതോടെ സഹപാഠിയായ യുവതി ശ്രീകാന്തിന്റെ വീട്ടില്‍നിന്ന് താമസം മാറുകയും ചെയ്തു.

എന്നാല്‍,ഗായത്രിയുടെ സംശയം തീർന്നില്ല. തുടര്‍ന്നാണ് യുവതിയെ ക്വട്ടേഷന്‍ ബലാത്സംഗത്തിനിരയാക്കാന്‍ തീരുമാനിച്ചത്. ഇതിനായി അഞ്ചംഗ ഗുണ്ടാസംഘത്തെയാണ് ഗായത്രി സമീപിച്ചത്. തുടര്‍ന്ന് ഇവര്‍ വിശദമായ പദ്ധതി ആസൂത്രണം ചെയ്തു.

മേയ് 26-ാം തീയതി ഗായത്രി തന്നെയാണ് യുവതിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ക്ഷണം സ്വീകരിച്ച് വീട്ടിലെത്തിയ യുവതിയെ അവിടെ കാത്തിരുന്ന അഞ്ചംഗ ഗുണ്ടാസംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പോലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു പ്രതികളുടെ ഭീഷണി.

എന്നാല്‍ ബലാത്സംഗത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി. പിന്നീട് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തിയ സൈബരാബാദ് പോലീസാണ് ഗായത്രി ഉള്‍പ്പെടെ ആറ് പ്രതികളെയും പിടികൂടിയത്.

ഇതിനിടെ ഗായത്രിക്കും ഭർത്താവ് ശ്രീകാന്തിനും എതിരെ ഗായത്രിയുടെ മാതാപിതാക്കൾ രംഗത്ത് എത്തി. തങ്ങളുടെ വീടും സ്ഥലവും കൈക്കലാക്കി എന്നായിരുന്നു പരാതി.

എസ്എസ്എൽസി ഫലം 10ന്, പ്ലസ് ടു 15 നും

എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 10ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി വി ശിവന്‍കുട്ടി. പ്ലസ് ടു പരീക്ഷാഫലം ജൂണ്‍ 20ന് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം ജൂണ്‍ 15ന് പ്രഖ്യാപിക്കുമെന്നാണ് മുന്‍പ് അറിയിച്ചിരുന്നത്.

12986 വിദ്യാലയങ്ങളിൽ പ്രവേശനോത്സവം

നാളെയാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവം നടക്കുന്നത്. 12986 സ്‌കൂളുകളിലാണ് പ്രവേശനോത്സവം നടക്കുന്നത്. സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്തെ കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. സ്‌കൂളുകള്‍ തുറക്കുന്നതിനു സജ്ജമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകരയിൽ യുവതിയെ അലമാരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവും പിതാവും അറസ്റ്റിൽ

വടകരയിൽ യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നാം തീയതിയാണ് ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രണ്ട് വർഷം മുൻപാണ് ഷംനാസും റിസ്വാനയും വിവാഹിതരായത്.

ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം വകുപ്പുകൾ ചുമത്തിയാണ് ഷംനാസിനെയും അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഷംനാസിൻ്റെ മാതാവും സഹോദരിയും കേസിലെ പ്രതികളാണ്. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.

റിസ്വാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബമാണ് വടകര റൂറൽ എസ് പിക്ക് പരാതി നൽകിയത്. ലോക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തെങ്കിലും കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ഭർത്താവിൻ്റെ വീട്ടിൽ ശാരീരികവും മാനസികവുമായി പീഡനമേൽക്കുന്നതായി റിസ്വാന കൂട്ടുകാരോടും പറഞ്ഞിരുന്നു. ഇതും കേസിൽ വഴിത്തിരിവായി.

റിസ്വാനയെ ഷംനാസിന് സംശയമായിരുന്നു എന്ന് മാതാവ് ഹയറുന്നീസ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അവൾ സ്വയം ജീവനൊടുക്കില്ല. മകൾ മാനസിക-ശാരീരിക പീഡനം നേരിട്ടിരുന്നു. ഭർത്താവിൻ്റെ ഭക്ഷണം കഴിക്കണമെങ്കിൽ അടി കൊള്ളേണ്ടിവരുമെന്ന് ഷംനാസിൻ്റെ പിതാവ് പറഞ്ഞിരുന്നതായി ഹയറുന്നീസ ട്വന്റിഫോർ ന്യൂസിൽ വെളിപ്പെടുത്തി. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇതിനിടയിലാണ് അറസ്റ്റ്

എൻഡോസൾഫാൻ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ ജീവിതം അവസാനിപ്പിച്ചു

കാസര്‍കോട് ചാമുണ്ഡിയില്‍ എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി അമ്മ മരിച്ചു. രാജപുരം ചാമുണ്ഡിയിലെ വിമലകുമാരി(58), മകള്‍ രേഷ്മ(28) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം.

ചാമുണ്ഡിക്കുന്ന് സ്‌കൂളിലെ പാചകത്തൊഴിലാളിയാണ് മരിച്ച വിമലകുമാരി. മകളെ കഷ്ടപ്പെട്ടാണ് വളർത്തിയത്. ഇവര്‍ വീടിന് പുറകില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. രേഷ്മയെ അകത്തെ കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. രേഷ്മയുടെ കഴുത്ത് ഞെരിച്ചതിന്റെ പാടുണ്ട്. രേഷ്മയ്ക്ക് മാനസികവൈകല്യമുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. 28 വർഷം നോക്കി വളർത്തി.

വൈകീട്ട് വിമലയുടെ മകന്റെ ഭാര്യയാണ് രണ്ടുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജപുരം പോലീസ് സ്ഥലത്തെത്തി.

ഡൽഹി ആരോഗ്യ മന്ത്രിയെ ഇ ഡി അറസ്റ്റ് ചെയ്തു

കള്ളപ്പണ ഇടപാട് ആരോപിച്ചുള്ള കേസിൽ ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. 2015-16 കാലത്ത് സത്യേന്ദ്ര ജെയിന്റെ കമ്പനികള്‍ വഴി 4.81 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ഇ.ഡി കണ്ടെത്തിയതായാണ് കേസ്.

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം സത്യേന്ദ്ര ജെയിനെ വൈകുന്നേരത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ജെയിന്റെ കമ്പനികളുടെ അക്കൗണ്ടിലേക്ക് ഇത്രയും തുക ക്രെഡിറ്റ് ചെയ്തു. ഇത് പിന്നീട് കൊല്‍ക്കത്തെ ആസ്ഥാനമായുള്ള ബ്രോക്കര്‍മാര്‍ക്ക് കൈമാറി. അതുപയോഗിച്ച് ഭൂമി വാങ്ങി. ഈ പണം തന്നെ ഡല്‍ഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി കൃഷിഭൂമി വാങ്ങിയതിന്റെ വായ്പാ തുക തിരിച്ചടയ്ക്കാനും വിനിയോഗിച്ചതായാണ് കണ്ടെത്തല്‍.

ജെയിന്റെ ഉടമസ്ഥയിലുള്ള കമ്പനികളുടെ 4.81 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തെ തന്നെ ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതിനു ശേഷം ഇപ്പോഴാണ് അറസ്റ്റ്.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. 2014 മുതല്‍ അരവിന്ദ് കെജ്രിവാള്‍ മന്ത്രിസഭയില്‍ അംഗമാണ് സത്യേന്ദ്ര ജയിന്‍.

2017ല്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി സത്യേന്ദ്ര ജയിനിനും ഏതാനും പേര്‍ക്കുമെതിര കേസ് ചാർജ് ചെയ്തത്. 2009ലും 2011ലും നിഴല്‍ കമ്പനികളില്‍ നിന്നും പണം കൈപ്പറ്റിയെന്നാണ് കേസ്.

കഴിഞ്ഞ ദിവസം ബി ജെ പിക്കെതിരെ കടുത്ത വിമാർശനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ രംഗത്ത് എത്തിയിരുന്നു.

വയനാട്ടിൽ നടു റോഡിൽ കുടുവ; യാത്രികർക്ക് മുന്നറിയിപ്പ്

വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. പനമരം-ബീനാച്ചി റോഡിൽ വിനോദ യാത്രക്കാർ കടുവയെ നേരിൽക്കണ്ടു. രാത്രി വാളവയലിലേക്ക് പോയ കാർ യാത്രികരാണ് കടുവയെ കണ്ടത്.

കടുവയുടെ സാന്നിധ്യമുള്ള മേഖലകളിൽ വനംവകുപ്പ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച കടുവയെ കണ്ട പനമരം-ബീനാച്ചി റോഡിലും ക്യാമറ സ്ഥാപിക്കും. കടുവയെ റോഡിൽ കണ്ടാൽ വാഹനത്തിൽ നിന്നും ഇറങ്ങുകയോ ബഹളം കൂട്ടുകയോ ചെയ്യരുത്.

നേരത്തെയും സുൽത്താൻ ബത്തേരിയിലെ വിവിധ മേഖലകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ക്യാമറ മാത്രമല്ല കടുവയെ കുടുക്കാനുള്ള കൂടും ഇവിടെ വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ജനവാസ മേഖലയിൽ കടുവയെത്തിയത് പ്രദേശവാസികളെ ഭീതിയിലാക്കിയിട്ടുണ്ട്.

വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേട്ടു പഠിച്ചതാണെന്ന കുട്ടിയുടെ മൊഴിക്ക് വിരുദ്ധമായാണ് പൊലീസ് റിപ്പോർട്ട്. എസ്ഡിപിഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

പിതാവിന്റെ അടുത്ത സുഹൃത്തും അവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനുമാണ് സുധീര്‍. ഇയാളടക്കമുള്ളവരെ പോലീസ് കഴിഞ്ഞ ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിപ്പിക്കുന്നതില്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

തിങ്കളാഴ്ച റിമാന്‍ഡ് ചെയ്യപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങള്‍ക്കെതിരെ പുതിയൊരു കേസ് കൂടി പോലീസ് രജിസ്റ്റര്‍ ചെയ്തു. ആലപ്പുഴ എസ്പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നടത്തിയ വിവാദ പരാമര്‍ശങ്ങളിലാണ് കേസ്. ഐപിസി 505 വകുപ്പ് അടക്കം ചുമത്തിയാണ് കേസ്. ജഡ്ജിമാരെ പൊതുജനമധ്യത്തിലടക്കം ആക്ഷേപിക്കുന്നു എന്നതുള്‍പ്പടെയാണ് യഹിയ തങ്ങള്‍ക്കെതിരെയുള്ള കുറ്റം

വനിതാ ക്രിക്കറ്റ് താരങ്ങൾ കാതറീൻ ബ്രണ്ടും നാറ്റ് സ്കീവറും വിവാഹിതരായി

ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. മുന്‍ ഇംഗ്ലണ്ട് പേസര്‍ ഇസ ഗുഹ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇരുവരുടെയും വിവാഹ ചിത്രം പങ്കുവെച്ചു. ട്വിറ്ററിലൂടെ ഇരുവരേയും ഇംഗ്ലണ്ട് ക്രിക്കറ്റ് സമിതിയും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചു.

2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും. രണ്ടുപേരും തമ്മില്‍ അഞ്ചു വര്‍ഷത്തെ പ്രണമുണ്ട്. 2019 ഒക്ടോബറിലായിരുന്നു വിവാഹ നിശ്ചയം. 2020 സെപ്റ്റംബറില്‍ വിവഹം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം നീട്ടിവെക്കുകയായിരുന്നു.

ദക്ഷിണ ആഫ്രിക്കയുടെ മരിസാന്‍ കാപ്പ്-ഡെയിന്‍ വാന്‍ നീകെര്‍ക്ക്, ന്യൂസിലന്‍ഡിന്റെ അമി സാറ്റര്‍ത്ത്‌വെയ്റ്റ്- ലിയ തഹുഹു എന്നിങ്ങനെ ക്രിക്കറ്റ് കളത്തിലെ സ്വവര്‍ഗ ദമ്പതികളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും.