എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടുന്നതിനെതിരെ നിലപാട് കടുപ്പിച്ച് എൻ എസ് എസ്. നിയമനങ്ങള്‍ പിഎസ്‍സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിൽ വ്യക്തമാക്കി.
എസ്എന്‍ഡിപ്പിക്കെതിരെ പരോക്ഷ വിമര്‍ശനമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പി എസ് സിക്ക് വിടുന്നതിൽ അനുകൂല അഭിപ്രായം പറഞ്ഞിരുന്നു. മുൻ മന്ത്രി ഏ കെ ബാലൻ്റെ പ്രസ്താവനയ്ക്ക് തുടർച്ചയായാണ് സർക്കാർ ശമ്പളം നൽകുന്ന വിദ്യാലയങ്ങളിലെ നിയമനം പി സ് സിക്ക് വിടണം എന്ന ആവശ്യത്തിന് പിന്തുണ അറിയിച്ചത്. എം ഇ എസും ഇതിനെ അനുകൂലിച്ച് രംഗത്ത് എത്തി.
എന്നാൽ എൻ എസ് എസും കെസിബിസിയും എതിർപ്പ് അറിയിച്ചു.
നിയമനം പിഎസ്‍സിക്ക് വിട്ടാല്‍ സംവരണം നടപ്പാക്കേണ്ടിവരും. അങ്ങനെ സംവരണസമുദായങ്ങളിലെ പ്രബലവിഭാഗങ്ങള്‍ക്ക് തന്നെ ആനുകൂല്യം ലഭിക്കും. ഇതിന് ആക്കം കൂട്ടുന്നതിന് വേണ്ടിയാണ് തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങളെല്ലാം പിഎസ്‍സിക്ക് വിട്ടുനല്‍കാന്‍ തയ്യാറാണെന്നെന്ന വാഗ്ദാനം ഒരു വിഭാഗം മുന്നോട്ട് വെച്ചതെന്നാണ് സുകുമാരന്‍ നായരുടെ പ്രസ്താവന.
ആവശ്യം ശക്തമായതോടെ മന്ത്രി ശിവൻ കുട്ടിയും കോടിയേരി ബാലകൃഷ്ണനും ഇത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് ഇതിന് അനുകൂലമായ നിലപാടാണ് എന്നാണ് എ കെ ബാലൻ വ്യക്തമാക്കിയത്.
ഭീമമായ കോഴയാണ് അധ്യാപക നിയമനത്തിന് നൽകിവരുന്നത്. സർക്കാർ ശമ്പളം നൽകുകയും സ്കൂൾ മാനേജ്മെൻ്റ്റുകൾ കോഴ വാങ്ങുകയും ചെയ്യുന്ന സാഹചര്യമാണ്.
ലൈംഗിക പീഡന അനുഭവങ്ങൾ തുറന്നു പറയുന്നവർക്കെതിരെ അധിക്ഷേപകരമായി പ്രതികരിച്ച സംഭവത്തിൽ മാപ്പു പറഞ്ഞ് നടൻ സുമേഷ് മൂർ. തന്റെ ആൺ ബോധത്തിൽ നിന്ന് വന്നതാണെന്നും സുഹൃത്തുക്കൾ വിളിച്ചു സംസാരിച്ചപ്പോഴാണ് തന്റെ പരാമർശങ്ങളിലെ പ്രശ്നം മനസിലായത് എന്നുമാണ് സുമേഷ് മൂർ തുറന്ന മനസോടെ വിശദീകരിക്കുന്നത്.
അത്തരമൊരു പരാമര്‍ശം ഒരു കാരണവശാലും തന്റെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലാത്തതായിരുന്നു. അതില്‍ അത്മാര്‍ത്ഥമായി കുറ്റബോധമുണ്ട്. അത് എത്ര ഗുരുതരമായ തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്നും താരം പറഞ്ഞു.
എന്റെ ഭയങ്കരമായ മണ്ടത്തരത്തില്‍ നിന്നും അബദ്ധത്തില്‍ നിന്നുമുണ്ടായ സ്റ്റേറ്റ്‌മെന്റാണത്. അത് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തിട്ടുണ്ട്. കാരണം എനിക്കറിയാം ഗാര്‍ഹിക പീഡനം എന്നതൊക്കെ എത്ര സയലന്റായാണ് നടക്കുന്നത് എന്ന്. അതില്‍ പ്രതികരിക്കാന്‍ പോലും ആളുകള്‍ക്ക് വലിയ പ്രശ്‌നമാണ്. ഒരു സ്ത്രീയത് മനസിലാക്കി പ്രതികരിക്കുന്ന സമയത്ത് അത്തരം പരാമര്‍ശം ഉണ്ടാകാന്‍ പാടില്ലായിരുന്നു. പ്രത്യേകിച്ച് സ്റ്റേറ്റ് അവാര്‍ഡ് ഒക്കെ കിട്ടിയതിന്റെ ഉത്തരവാദിത്തം ഞാന്‍ കാണിക്കേണ്ടതായിരുന്നു. – സുമേഷ് മൂർ പറഞ്ഞു.
ഒരു സ്ത്രീ അവര്‍ക്ക് സംഭവിച്ച പ്രശ്‌നം പറയുന്ന സമയത്ത് എന്റെയൊക്കെ ചിന്തയില്‍ പോലും ഒരു ആണ്‍ബോധം കിടപ്പുണ്ട്. ഒരാണ് ഒരു സ്ത്രീ പറയുന്നതിനോട് പ്രതികരിക്കുന്നതാണിത്. അത് അങ്ങനെ തന്നെ നമ്മള്‍ മനസിലാക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ചില സുഹൃത്തുക്കള്‍ ഈ സ്റ്റേറ്റ്‌മെന്റ് കണ്ടതിന് ശേഷം വിളിച്ചു സംസാരിച്ചപ്പോഴാണ് തന്റെ പ്രശ്‌നത്തിന്റെ വ്യാപ്തി കൂടുതല്‍ മനസിലാകുന്നതെന്നും മൂർ പറഞ്ഞു.
ആദ്യത്തെ പ്രാവശ്യം തന്നെ പറഞ്ഞുകൂടായിരുന്നോ എന്നൊക്കെ പറയുന്നത് വലിയ പ്രശ്‌നമുള്ള സ്റ്റേറ്റ്‌മെന്റാണ്. തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നം മനസിലാക്കാത്ത സ്ത്രീകളുണ്ട്.വിവാദമാകുമെന്ന സൂചനയുള്ളത് കൊണ്ടല്ല ഇപ്പോള്‍ തിരുത്തുന്നത്. വിവാദമൊന്നും എനിക്കൊരു പ്രശ്‌നമല്ല. സിനിമ പോകുമോ, വിജയ് ബാബുവിന്റെ സിനിമ കിട്ടില്ലേ ഇതൊന്നും എന്റെ വിഷയമല്ല. അങ്ങനെ വിചാരിച്ചിട്ടല്ല ഞാന്‍ പറഞ്ഞിട്ടുള്ളത്. ഞാന്‍ പറഞ്ഞത് എന്റെ ഒരു ആണ്‍ബോധത്തില്‍ നിന്നുള്ള കാര്യമാണ്. ആ ആണ്‍ബോധത്തില്‍ നിന്ന് വിവരമുള്ള മനുഷ്യരോട് സംസാരിക്കുമ്പോഴാണ് അതിലൊരു ക്ലാരിറ്റി എനിക്ക് കിട്ടിയിട്ടുള്ളത്. വിവാദമാകുമെന്ന പേടിയല്ല, തിരിച്ചറിവാണ്. സിനിമാ മേഖലയില്‍ അതിജീവിത നടത്തുന്ന പോരാട്ടത്തെ പോലും അധിക്ഷേപിക്കുന്ന തരത്തിലുള്ളൊരു സ്റ്റേറ്റ് പോലെയായി പോയി എന്റേത്. അത് ഞാന്‍ തിരുത്തുകയാണ്. ക്ഷമ പറയുകയാണ്.- താരം കൂട്ടിച്ചേർത്തു.
മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിനു പിന്നാലെ നൽകിയ അഭിമുഖത്തിലാണ് സുമേഷ് മൂർ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. അവൾക്കൊപ്പം എന്ന് പറയുന്നത് ട്രെൻഡായി മാറിയെന്നും താൻ അവനൊപ്പമാണെന്നുമാണ് സുമേഷ് പറഞ്ഞത്. ആണുങ്ങൾക്ക് മിണ്ടാൻ പറ്റാത്ത അവസ്ഥയാണെന്നും മിണ്ടിയാൽ മീടുവോ റേപ്പോ ആകും. ഒരുവട്ടം പീഡിപ്പിക്കപ്പെട്ടാല്‍ അപ്പോള്‍ തന്നെ പ്രശ്‌നമാക്കിയാല്‍ പോരെ. എന്തിനാണ് പിന്നെയും നിരന്തരമായിട്ട് അങ്ങോട്ട് പീഡിപ്പിക്കപ്പെടാന്‍ വേണ്ടി പോയിക്കൊണ്ടിരിക്കുന്നതെന്നും താരം ചോദിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. കേന്ദ്രമന്ത്രിമാരായ നിര്‍മ്മല സീതാരാമൻ കർണ്ണാടകയിൽ പിയൂഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും.
16 സ്ഥാനാര്‍ത്ഥികളാണ് ബിജെപിക്കുള്ളത്. 57 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 10ന് നടക്കും. ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവയുള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണ് ഇപ്പോൾ രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്.
കാലാവധി പൂര്‍ത്തിയാക്കിയ അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരുടെ പേരുകള്‍ പട്ടികയിലില്ല.
57ല്‍ പതിനൊന്ന് സീറ്റുകള്‍ ഉത്തര്‍പ്രദേശിലാണ്. കോണ്‍ഗ്രസ് വിട്ട കപില്‍ സിബല്‍ ഉത്തര്‍പ്രദേശില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്നുണ്ട്. മുതിര്‍ന്ന നേതാവ് ജാവേദ് അലിയും എസ്പി മേധാവി അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവും മത്സരിക്കും.
തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ആറു സീറ്റുകള്‍ വീധമുണ്ട്. നേരത്തെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയും എഎപിയും അഞ്ച് സീറ്റുകള്‍ വീതം നേടിയിരുന്നു.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസെവാലയെ വെടിവെച്ച് കൊന്നു. പഞ്ചാബിലെ ജവഹര്‍കേയിലെ മാന്‍സയില്‍ വെച്ചാണ് സിദ്ദുവിന് വെടിയേറ്റത്. സിദ്ദുവും സുഹൃത്തുക്കളും കാറില്‍ സഞ്ചരിക്കുമ്പോള്‍ അജ്ഞാതസംഘം വെടിയുതിര്‍ക്കുകയായിരുന്നു.
വെടിവെപ്പില്‍ സിദ്ദു ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സിദ്ദു പിന്നീട് മരണത്തിന് കീഴടങ്ങി.
അടുത്തിടെ മൂസെവാല ഉള്‍പ്പെടെ 424 പേരുടെ സുരക്ഷ പഞ്ചാബ് പൊലീസ് പിന്‍വലിച്ചിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മാന്‍സ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. അന്ന് സിദ്ദു മൂസെവാല എ.എ.പിയുടെ വിജയ് സിംഗ്ലയോട് 63,000 വോട്ടുകള്‍ക്ക് തോൽക്കുകയായിരുന്നു.
തന്റെ പാട്ടുകളിലൂടെ തോക്കിനെയും ആക്രമത്തെയും മഹത്വവത്കരിച്ചുവെന്ന് ആരോപിച്ച് 29കാരനായ സിദ്ദു മൂസെവാലക്കെതിരെ പരാതികൾ ഉണ്ടായിരുന്നു.
ആരാണ് സിദ്ദു മൂസെവാല
നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സിദ്ദു. 29 വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുവെങ്കിലും ചുരുങ്ങിയ കാലയളവില്‍ തന്നെ സംഗീതമേഖലയിലും അഭിനയരംഗത്തും രാഷ്ട്രീയത്തിലും കത്തി തെളിഞ്ഞു.
2017-ല്‍ പുറത്തിറങ്ങിയ ‘സോ ഹൈ’ എന്ന ആല്‍ബത്തിലൂടെയാണ് സിദ്ദു ശ്രദ്ധ നേടിയത്. ആല്‍ബങ്ങളെ ജനപ്രിയതയുടെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്ന ബില്‍ബോര്‍ഡ് കനേഡിയന്‍ ആല്‍ബം ലിസ്റ്റില്‍ 2018-ല്‍ സിദ്ദുവിന്റെ സംഗീതവും ഇടം നേടിയിരുന്നു. ശുഭ്ദീപ് സിങ്ങ് സിദ്ദു എന്നാണ് യഥാര്‍ഥ പേര്. പഞ്ചാബിലെ മാന്‍സ ജില്ലയാണ് സ്വദേശം. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സിദ്ദുവിന്റെ ഉപരിപഠനം കാനഡയിലായിരുന്നു.
ലെജണ്ട്, ഡെവിള്‍, ജസ്റ്റ് ലിസണ്‍, ടിബെയാന്‍ ദാ പുട്ട്, ജട്ട് ദ മുക്കാബല, ബ്രൗണ്‍ ബോയ്‌സ്, ഹാത്യാര്‍ തുടങ്ങിയവയാണ് സിദ്ദുവിന്റെ പ്രധാനപ്പെട്ട ഹിറ്റ് സംഗീത ആല്‍ബങ്ങള്‍. ‘സോ ഹൈ’ ആല്‍ബത്തിന്റെ ജനപ്രിയതയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. 481 മില്ല്യണ്‍ ആണ് യൂട്യൂബില്‍ ‘സോ ഹൈ’ ആല്‍ബത്തിന്റെ കാഴ്ചക്കാരുടെ എണ്ണം. പഞ്ചാബി ചിത്രങ്ങളായ മൂസ ജട്ട്, യെസ് ഐ ആം സ്റ്റുഡന്റ് എന്നിവയിലാണ് സിദ്ദു അഭിനയിച്ചത്.
യൂട്യൂബില്‍ മാത്രം ഒരു കോടിക്കടുത്താണ് സിദ്ദുവിന്റെ സബ്‌സ്‌ക്രൈബേര്‍സിന്റെ എണ്ണം. ഇന്‍സ്റ്റഗ്രാമില്‍ ഇത് 70 ലക്ഷത്തിനടുത്താണ്. ആല്‍ബത്തിലെ ഉള്ളടക്കം പതിവായി വിമര്‍ശിക്കപ്പെട്ടിരുന്നു. ആക്രമണത്തേയും തോക്കുകളുടെ ഉപയോഗത്തേയും ലഹരിമരുന്ന് ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് സിദ്ദുവിന്റെ ആല്‍ബങ്ങള്‍ എന്നായിരുന്നു പ്രധാന വിമര്‍ശനം.
സംഗീതത്തിലെന്നപോലെ വിവാദങ്ങളിലും താരമായിരുന്നു സിദ്ദു. കോവിഡ് കാലത്ത് ഫയറിങ് റേഞ്ചില്‍ എ.കെ 47 ഉപയോഗിച്ച് പരിശീലനം നടത്തുന്ന സിദ്ദുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പിന്നാലെ സിദ്ദുവിനെതിരേ പോലീസ് കേസ് ഫയല്‍ ചെയ്തു. ‘തോക്ക് സംസ്‌കാരം’ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് 2020-ല്‍ അമരീന്ദര്‍ സര്‍ക്കാര്‍ സിദ്ദുവിനെതിരേ ‘ആംസ് ആക്ട്‌സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ‘പഞ്ച് ഗോലിയാന്‍’ എന്ന ആല്‍ബം പുറത്തിറങ്ങിയ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ നടപടി.
18-ാം നൂറ്റാണ്ടിലെ സിഖ് യോദ്ധാവായിരുന്ന മായി ഭാഗോയുടെ പേര് സംഗീത ആല്‍ബത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും സിദ്ദുവിനെതിരേ ഉയര്‍ന്നിരുന്നു. സിഖുകാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും വ്യാപക ആവശ്യം ഉയര്‍ന്നു. വിവാദം ശക്തമായതിനെ തുടര്‍ന്ന് സിദ്ദു പിന്നീട് ക്ഷമാപണം നടത്തി.
പഞ്ചാബ് തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് നവംബറിലാണ് സിദ്ദു കോണ്‍ഗ്രസില്‍ ചേര്‍ന്നത്. യുവജനങ്ങള്‍ക്ക് മാതൃകയാക്കാവുന്ന അന്താരാഷ്ട്ര വ്യക്തിത്വമാണ് സിദ്ദു എന്നാണ് സിദ്ദുവിനെ സ്വാഗതം ചെയ്തുകൊണ്ട് അന്നത്തെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ്ങ് സിദ്ദു, മൂസേ വാലയെക്കുറിച്ച് പറഞ്ഞത്.
ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രതിഷേധത്തിലും സിദ്ദു പങ്കെടുത്തിട്ടുണ്ട്. ഇത് വലിയ വാർത്താ പ്രാധാന്യം നേടി.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഹാജരാവാനുള്ള പൊലീസിൻ്റെ ആവശ്യം തള്ളി പി സി ജോർജ്. പിന്നാലെ എന്തു ചെയ്യണം എന്നറിയാതെ പൊലീസ്.
ജാമ്യോപാധി ലംഘിച്ചെന്ന വിലയിരുത്തലില്‍ പി.സി. ജോര്‍ജിനെതിരേ നിയമനടപടി സ്വീകരിക്കും എന്നാണ് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും പി.സി. ജോര്‍ജ് ഹാജരാവാത്തത് ജാമ്യോപാധിയുടെ ലംഘനമാണെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കാനൊരുങ്ങുകയാണ് ചെയ്യുന്നത്. പൊലീസ് ആവശ്യം നിരസിച്ച് പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുകയാണ് പി സി ജോർജ് ചെയ്തത്.
തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് പി.സി. ജോര്‍ജിനോട് ഹാജരാവാന്‍ ഫോര്‍ട്ട് പോലീസ് എ.സി.പി. നോട്ടീസ് നല്‍കിയത്. എന്നാല്‍ ഹാജരാവാന്‍ കഴിയില്ലെന്ന് പി.സി. ജോര്‍ജ് അറിയിച്ചു. തുടര്‍ന്ന് ഞായറാഴ്ച രാവിലെ 11 മണിക്ക് ഹാജരാവണമെന്ന് കാണിച്ച് മറ്റൊരു നോട്ടീസ് കൂടി നല്‍കിയെങ്കിലും ഹാജരാവാന്‍ കഴിയില്ലെന്നായിരുന്നു പി.സി. ജോര്‍ജിന്റെ മറുപടി.
ഹാജരാവാന്‍ കഴിയില്ലെന്ന് അറിയിച്ച് പി.സി .ജോര്‍ജ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തൃക്കാക്കരയിലേക്ക് പോവുകയായിരുന്നു. അവിടെ പരസ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
വിദേഷ്വ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാവുമെന്ന ഉപാധിയിലാണ് പി.സി. ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്.
കോഴിക്കോട് ജില്ലയിലെ താഴെ തിരുവമ്പാടി വാപ്പാട്ട് പേനക്കാവിനു സമീപം മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. കാടു മൂടിയ സ്ഥലത്താണ് മനുഷ്യൻ്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.
സമീപത്തുള്ള മരത്തില്‍ കുരുക്കിട്ടനിലയില്‍ ജീര്‍ണിച്ച തുണിയും അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹാവശിഷ്ടങ്ങള്‍ക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.
ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ റബര്‍ എസ്‌റ്റേറ്റിനു ചേർന്ന ഭാഗത്ത് വിറക് ശേഖരിക്കാന്‍ പോയ ആളാണ് അസ്ഥികളും തലയോട്ടിയും ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടം അടക്കമുള്ള തുടര്‍നടപടികൾക്ക് ശേഷം അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു.
സ്വന്തം കുട്ടികളെ ഗുണ്ടകളോ കലാപകാരികളോ ബലാത്സംഗികളോ ആക്കണമെന്നാഗ്രഹിക്കുന്നവര്‍ അവരെ ബിജെപിയിലേക്ക് പറഞ്ഞയച്ചാല്‍ മതിയെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍.
“മക്കളെ ഡോക്ടറോ എന്‍ജിനീയറോ അഭിഭാഷകനോ ആക്കണമെന്നുള്ളവര്‍ ഞങ്ങള്‍ക്കൊപ്പം വരൂ, അതേസമയം മക്കളെ ഗുണ്ടയോ കലാപകാരിയോ ബലാത്സംഗിയോ ആക്കണമെന്നുള്ളവര്‍ ബിജെപിയിലേക്ക് പോകൂ. അത്തരത്തിലുള്ള എല്ലാ സംഗതികളും ബിജെപിയിലുണ്ട്.
നിങ്ങളുടെ കുട്ടികള്‍ക്ക് അവര്‍ ഒരിക്കലും തൊഴിലവസരം ഉണ്ടാക്കിത്തരില്ല. കാരണം, അവരുടെ പാര്‍ട്ടിയ്ക്ക് തൊഴില്‍രഹിതരായ കുറേ ഗുണ്ടകളെയാണ് ആവശ്യം. കലാപമുണ്ടാക്കാന്‍ ബിജെപി നിങ്ങളുടെ മക്കള്‍ക്ക് പരിശീലനം നല്‍കിയശേഷം അവരെ രാജ്യത്തിന് പുറത്തേക്ക് പറഞ്ഞയയ്ക്കും”, കെജ് രിവാള്‍ പറഞ്ഞു.
2024-ല്‍ നടക്കാനിരിക്കുന്ന ഹരിയാണ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കുരുക്ഷേത്രയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.
ഹരിയാണയിലെ ബിജെപി സര്‍ക്കാരിനെ നിശിതമായി ആക്രമിച്ചു കൊണ്ടായിരിന്നു തുടക്കം. സര്‍ക്കാര്‍ സർവ്വീസിലേക്ക് നടത്തിയ പരീക്ഷയുടെ ചോദ്യക്കടലാസ് ചോര്‍ന്നതിനെ ചോദ്യം ചെയ്തു. ഒരു പരീക്ഷ പോലും ശരിയായരീതിയില്‍ നടത്താന്‍ കഴിയാത്ത മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ എങ്ങനെ ഒരു സര്‍ക്കാരിനെ മുന്നോട്ടുകൊണ്ടുപോകുമെന്ന് കെജ്‌രിവാള്‍ ചോദിച്ചു.
എന്നാൽ, വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടിയാണ് എഎപിയെന്നും കുറ്റംചെയ്യുന്നത് തന്റെ മകനാണെങ്കില്‍കൂടി തക്കതായ ശിക്ഷ പാര്‍ട്ടി നല്‍കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലും പഞ്ചാബിലും അഴിമതി തുടച്ചുനീക്കിയതുപോലെ ഹരിയാണയിലും എഎപി അഴിമതി ഇല്ലാതാക്കുമെന്ന് കെജ്‌രിവാള്‍ ഉറപ്പുനല്‍കി.
ഹരിയാണയിലെ സര്‍ക്കാര്‍ സ്‌കൂളുകളും അന്താരാഷ്ട്രനിലവാരത്തിലേക്കുയര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ഹരിയാണയില്‍ ആരോഗ്യമേഖലയിലെ സേവനങ്ങളും വൈദ്യുതിവിതരണവും സൗജന്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. ഏതെങ്കിലും മത രാഷ്ട്രീയവുമായി സഖ്യത്തിലേര്‍പ്പെടുന്നതിനേക്കാള്‍ ഇന്ത്യയെ ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റാന്‍ ഇവിടത്തെ 130 കോടി ജനങ്ങളുമായി സഖ്യത്തിലേര്‍പ്പെടാനാണ് തനിക്ക് താത്പര്യമെന്നും കെജ് രിവാള്‍ റാലിയിൽ പ്രഖ്യാപിച്ചു.
നേപ്പാളില്‍ 22 പേരുമായി യാത്രാമധ്യേ കാണാതായ വിമാനം തകര്‍ന്നുവീണതായി കണ്ടെത്തി. മുസ്തങ്ങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്നാണ് വിവരം.
യാത്രക്കാരിൽ നാല് ഇന്ത്യക്കാരും രണ്ട് ജര്‍മന്‍ പൗരന്‍മാരും 13 നേപ്പാളി യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മൂന്ന് ജീവനക്കാരെയും കാണാതായിട്ടുണ്ട്.
പ്രദേശവാസികളാണ് വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായി നേപ്പാള്‍ സൈന്യത്തെ അറിയിച്ചത്. എന്നാൽ മുഖ്യ ഭാഗങ്ങൾ പർവ്വത ഭാഗങ്ങളിലാണ്. പൈലറ്റിൻ്റെ ഫോൺ ട്രേസ് ചെയ്താണ് ഇത് സ്ഥിരീകരിച്ചത്. 12 മണിക്കൂർ എങ്കിലും നടന്ന് എത്താവുന്ന ദൂരത്താണ് ഇവയെന്നാണ് നേപ്പാൾ സേനയെ ഉദ്ദരിച്ച് റിപ്പോർട്ടുകൾ. വിമാനത്തിലെ യാത്രക്കാരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഇവർക്ക് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല.
ലാംചെ നദിയ്ക്ക് സമീപത്തുവച്ച് വിമാനം തകര്‍ന്നുവീണെന്നാണ് പ്രദേശവാസികള്‍ സൈന്യത്തെ അറിയിച്ചതെന്ന് നേപ്പാള്‍ സൈനിക വക്താവിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനായി നേപ്പാള്‍ സൈന്യം കര, വ്യോമ മാര്‍ഗം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 വര്‍ഷം പഴക്കമുള്ള 9 എന്‍-എഇടി ഇരട്ട എന്‍ജിന്‍ വിമാനമാണിത്. നേപ്പാളിലെ പൊഖാറയില്‍നിന്നും ജോംസമിലേക്ക് രാവിലെ 9.55ഓടെയാണ് വിമാനം യാത്ര പുറപ്പെട്ടത്.
15 മിനിറ്റുകള്‍ക്കകം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള വിമാനത്തിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു. യാത്രക്കാരായ നാല് ഇന്ത്യക്കാരും മുംബൈ സ്വദേശികളാണെന്നാണ് പ്രഥമിക അറിയിപ്പ് ലഭിച്ചിട്ടുള്ളത്.
സ്മാര്‍ട്‌ഫോണുകള്‍ ആശയവിനിമയ ഉപകരണം അല്ലാതായി മാറുമെന്ന് നോക്കിയ സിഇഒ പെക്ക് ലുദ്മാർക്ക്. 2030 ഓടെ സ്മാരർട് ഫോണുകൾ സാധാരണ ആശയ വിനിമയത്തിന് ഉപയോഗിക്കാതാവും. ദാവോസില്‍ നടന്ന വേള്‍ഡ് എക്കോണമിക് ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലുദ്മാർക്ക്
2030-ഓടുകൂടി 6ജി നെറ്റ് വര്‍ക്ക് നിലവില്‍ വരും. അപ്പോഴേക്കും സാധാരണ ആശയവിനിമയ ഉപകരണം ഫോണുകൾ അല്ലാതായി മാറും അദ്ദേഹം പറഞ്ഞു. അത്തരം സാങ്കേതിക വിദ്യകള്‍ നമ്മുടെ ശരീരത്തിലേക്ക് നേരിട്ട് തന്നെ നിര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ നടക്കാന്‍ പോവുന്നത് എന്താകും എങ്ങനെയാകും എന്നത് സംബന്ധിച്ച് കൂടുതല്‍ വെളുപ്പെടുത്താനായിട്ടില്ല.
കമ്പനികള്‍ ഇതിനകം 6ജിയ്ക്ക് വേണ്ടി വലിയ രീതിയിലുള്ള നീക്ഷേപം തുടങ്ങിയതായാണ് വിവരം. ലോകത്തെ മുന്‍നിര സാങ്കേതിക വിദ്യാ കമ്പനികളായ ക്വാല്‍കോം, ആപ്പിള്‍, ഗൂഗിള്‍, എല്‍ജി തുടങ്ങിയവയെല്ലാം ഈ രംഗത്ത് ഒറ്റയ്‌ക്കോ കൂട്ടായോ ഉള്ള ശ്രമങ്ങളിലാണ്.
റേഷൻകട വഴി ജൂൺ ഒന്നുമുതൽ ജയ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ആദ്യ ഘട്ടത്തിൽ 60 ശതമാനം കാർഡുടമകൾക്കെങ്കിലും ജയ ലഭ്യമാക്കും. ഇതിനായി ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിൽനിന്നുള്ള അരി സംസ്ഥാനത്തെ എഫ്‌സിഐ ഗോഡൗണിൽ എത്തി. പൊതുവിതരണവകുപ്പ് വജ്രജൂബിലി ആഘോഷത്തിനിടെ മന്ത്രി അറിയിച്ചു.
1000 കെ സ്റ്റോറുകൾ
ഗ്രാമീണമേഖലകളിൽ 1000 കെ–- സ്‌റ്റോർ ആരംഭിക്കും. ജൂണിൽ പദ്ധതി യാഥാർഥ്യമാക്കും. ഭക്ഷ്യവകുപ്പിന്റെ സബ്‌സിഡി ഉൽപ്പന്നങ്ങൾക്കു പുറമെ ബാങ്ക്, എടിഎം, അക്ഷയ, മിൽമ, സപ്ലൈകോ, ഗ്യാസ് ഏജൻസി തുടങ്ങിയ സൗകര്യങ്ങൾ അടങ്ങുന്നതാണ് കെ–- സ്‌റ്റോർ.
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയിട്ടില്ല. ജയ അരി, മുളക് എന്നിവയുടെ വിലയിൽ മാത്രമാണ് വ്യത്യാസം ഉണ്ടായത് എന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പായതോടെ ഭക്ഷ്യധാന സബ്‌സിഡി ആനുകൂല്യം 43 ശതമാനം പേർക്കായി പരിമിതപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവുപ്രകാരം ജൂൺ ഒന്നുമുതൽ 57 ശതമാനം പേർക്ക് ഗോതമ്പ് കിട്ടില്ല. മണ്ണെണ്ണയും കേന്ദ്രം പരിമിതപ്പെടുത്തി. -മന്ത്രി പറഞ്ഞു.