വിദ്വേഷ മുദ്രാവാക്യം; കുട്ടിയുടെ പിതാവ് അറസ്റ്റിൽ

പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ അച്ഛനെ പോലീസ്‌ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മൂന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തു.

വിദ്വേഷ മുദ്രാവാക്യംവിളിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന കുട്ടിയും കുടുംബവും ശനിയാഴ്ച രാവിലെയാണ് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ തിരിച്ചെത്തിയത്. ഇതിനുപിന്നാലെ വീട്ടിലെത്തി കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് അഷ്‌കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്

മുദ്രാവാക്യം ഏറ്റുവിളിച്ചവരടക്കമുള്ള കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്‌തേക്കും. മുദ്രാവാക്യം വിളിയില്‍ സംഘാടകര്‍ക്കെതിരേ ശക്തമായനടപടി എടുക്കണമെന്ന് ഹൈക്കോടതിയും ആവശ്യപ്പെട്ടിരുന്നു.

കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനെ ന്യായീകരിച്ച് നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. ഇത് പുതിയ മുദ്രാവാക്യമൊന്നുമല്ലെന്നും എന്‍.ആര്‍.സി, സി.എ.എ പ്രതിഷേധത്തിലും ഇതേ മുദ്രാവാക്യം കുട്ടി വിളിച്ചിട്ടുണ്ടെന്നും പിതാവ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

എസ് എഫ് ഐയ്ക്ക് വനിതാ പ്രസിഡൻ്റ്

എസ്‌എഫ്‌ഐ 34-ാം സംസ്ഥാന സമ്മേളനം കെ അനുശ്രീയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. പി എം ആർഷൊയാണ്‌ സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ: ഡോ ഷെറീന സലാം (ആയുർവേദം), എ എ അക്ഷയ് (ആലപ്പുഴ), ഗോകുൽ ഗോപിനാഥ് (തിരുവനന്തപുരം), വി വിചിത്ര (പാലക്കാട്‌). ജോയിന്റ് സെക്രട്ടറിമാർ: അഞ്ജു കൃഷ്‌ണ ജി ടി (കൊല്ലം), കെ വി അനുരാഗ് (കോഴിക്കോട്), ഹസ്സൻ മുബാറഖ് (തൃശ്ശൂർ), ഇ അഫ്‌സൽ (മലപ്പുറം).

സെക്രട്ടറിയേറ്റ് അംഗങ്ങൾ: ജിഷ്‌ണു ഷാജി (വയനാട്), അമൽ എബ്രഹാം (പത്തനംതിട്ട), ടോണി കുരിയാകോസ് (ഇടുക്കി), ബിബിൻ രാജ് (കാസർഗോഡ്), സരിത (തൃശ്ശൂർ), വൈഷ്‌ണവ് മഹേന്ദ്രൻ (കണ്ണൂർ), മെൽവിൻ ജോസഫ് (കോട്ടയം), ജാൻവി സത്യൻ (കോഴിക്കോട്), ഒരു ഒഴിവ്.

പ്രസിഡന്റ്‌ അനുശ്രീ കണ്ണൂർ പിണറായി സ്വദേശിയാണ്. നിലവിൽ കണ്ണൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമാണ്. സംസ്‌കൃത യൂണിവേഴ്‌സിറ്റി പയ്യന്നൂർ സെൻ്ററിൽ എം എ വിദ്യാർത്ഥിയാണ്. സെക്രട്ടറി പി എം ആർഷോ മണ്ണാർക്കാട് സ്വദേശിയും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയുമാണ്. എസ്എഫ്ഐ എറണാകുളം ജില്ലാ സെക്രട്ടറിയാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്കാരം – 2022; രേവതിക്കും ബിജുമേനോനും ദിലീഷ് പോത്തനും അംഗീകാരം

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ആവാസവ്യൂഹം, നടി രേവതി, നടൻ ബിജുമേനോൻ,സംവിധായകൻ ദിലീഷ് പോത്തൻ.

29 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ പരിഗണിച്ചത്. ഹിന്ദി ചലച്ചിത്ര സംവിധായകന്‍ സയ്യിദ് അഖ്തര്‍ മിര്‍സയായിരുന്നു ജൂറി ചെയര്‍മാന്‍. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

മികച്ച ചിത്രം– ആവാസവ്യൂഹം
നടി– രേവതി- ഭൂതകാലം
നടന്‍– ബിജുമേനോന്‍ (ആര്‍ക്കറിയാം), ജോജു ജോര്‍ജ് ( ഫ്രീഡം ഫൈറ്റ്, മധുരം, നായാട്ട്)
സ്വഭാവനടി– ഉണ്ണിമായ- ജോജി
സ്വഭാവനടന്‍– സുമേഷ് മൂര്‍ – കള
സംവിധായകന്‍– ദിലീഷ് പോത്തന്‍ -ജോജി
രണ്ടാമത്തെ ചിത്രം– 1.) ചവിട്ട്, സജാസ് രഹ്‌മാന്‍- ഷിനോസ് റഹ്‌മാന്‍. 2.) നിഷിദ്ധോ -താരാ രാമാനുജന്‍
തിരക്കഥാകൃത്ത്(അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി
തിരക്കഥാകൃത്ത്– കൃഷാന്ത്- ആവാസവ്യൂഹം
ക്യാമറ– മധു നീലകണ്ഠന്‍- ചുരുളി
കഥ– ഷാഹി കബീര്‍- നായാട്ട്
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം– അന്തരം
എഡിറ്റ്– ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി
കുട്ടികളുടെ ചിത്രം– കാടകലം- സംവിധാനം സഹില്‍ രവീന്ദ്രന്‍
നവാഗത സംവിധായകന്‍– കൃഷ്‌ണേന്ദു
മികച്ച ജനപ്രിയ ചിത്രം– ഹൃദയം
നൃത്തസംവിധാനം– അരുണ്‍ലാല്‍ – ചവിട്ട്
വസ്ത്രാലങ്കാരം– മെല്‍വി ജെ- മിന്നല്‍ മുരളി
മേക്കപ്പ്ആര്‍ട്ടിസ്റ്റ്– രഞ്ജിത് അമ്പാടി- ആര്‍ക്കറിയാം
ജനപ്രിയചിത്രം-ഹൃദയം
ശബ്ദമിശ്രണം– ജസ്റ്റിന്‍ ജോസ്- മിന്നല്‍ മുരളി
കലാസംവിധാനം– ഗോകുല്‍ദാസ്- തുറമുഖം
ചിത്രസംയോജകന്‍– മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍- നായാട്ട്
ഗായിക-സിതാര കൃഷ്ണകുമാര്‍ – കാണെക്കാണെ
ഗായകന്‍– പ്രദീപ്കുമാര്‍- മിന്നല്‍ മുരളി
സംഗീതസംവിധായകന്‍ (ബി.ജി.എം)– ജസ്റ്റിന്‍ വര്‍ഗീസ്- ജോജി
സംഗീതസംവിധായകന്‍– ഹിഷാം- ഹൃദയം
ഗാനരചയിതാവ്– ബി.കെ ഹരിനാരായണന്‍- കാടകലം
തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി

ഹരിത വീണ്ടും പുകയുന്നു, ലീഗ് സംസ്ഥാന ജന.സെക്രട്ടറിക്കെതിരെ എംഎസ്എഫ് മുൻ നേതാക്കൾ

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാമിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയേയും പ്രതിക്കൂട്ടിൽ നിർത്തി എം.എസ്.എഫില്‍നിന്ന് പുറത്താക്കപ്പെട്ട മുന്‍ നേതാക്കള്‍.

ഹരിത വിഷയത്തില്‍ ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണവും എ.ആര്‍.നഗര്‍ ബാങ്ക് ഇടപാടില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയും കെ.ടി.ജലീലും കൂടിക്കാഴ്ച നടത്തിയ വിവരവും പുറത്ത് വന്നതിന് പിന്നിലെയാണ് പ്രതികരണം. ഇതിന് പിന്നിൽ

പി.എം.എ.സലാമാണെന്നാണ് ആരോപണം. എ.ആര്‍.നഗര്‍ ബാങ്കില്‍ പി.കെ.കുഞ്ഞാലിക്കുട്ടി പൊളിറ്റിക്കല്‍ സെറ്റില്‍മെന്റ് നടത്തി. ലീഗ് നേതാക്കളെ മോശമാക്കി ചിത്രീകരിച്ച് സ്വാധീനം ഉറപ്പിക്കാനാണ് പി.എം.എ.സലാമിന്റെ ശ്രമമെന്നും മുന്‍ എം.എസ്.എഫ്. നേതാക്കള്‍ പറയുന്നു.

ലീഗ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയാണ് മുന്‍ എം.എസ്.എഫ്. നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.

ഹരിത വിഷയത്തില്‍ എം.എസ്.എഫ്. സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസിനെതിരെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെ ആത്മവിശ്വാസം വര്‍ധിച്ചെന്നും നേതാക്കള്‍ പറയുന്നു. സത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ഹരിത വിവാദത്തില്‍ ഒറ്റക്കെട്ടായി നിന്നാണ് തീരുമാനം എടുത്തതെന്ന അവകാശവാദവും ഇതോടെ പൊളിഞ്ഞു.

പി.കെ.നവാസിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ പിന്തുണച്ചതിനാണ് ലത്തീഫ് തുറയൂര്‍, പി.പി.ഷൈജല്‍, കെ.എം ഫവാസ് തുടങ്ങിയ എംഎസ്എഫ് നേതാക്കളെ മുസ്ലിം ലീഗ് നേതൃത്വം ഇടപെട്ട് മുന്‍പ് പുറത്താക്കിയത്. ഹരിത തന്നെയും ഇല്ലാതാക്കിയിരുന്നു.

മഴക്കാലമെത്തി, മൺസൂൺ തിങ്കളാഴ്ച തുടങ്ങും

0

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 30 തിങ്കളാഴ്ചയോടെ എത്തും. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ലക്ഷദ്വീപ് മേഖലയിൽ എത്തിക്കഴിഞ്ഞു. പത്തനംതിട്ട മുതല്‍ വയനാട് വരെയുള്ള പത്ത് ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകള്‍ ഒഴികെ മറ്റ് ജില്ലകളിലെല്ലാം ഇന്ന് മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്ത് ജില്ലകളിലും യെല്ലോ അലേര്‍ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പില്‍ പറയുന്നു.

ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ വേട്ടയാടിയത് സംഘപരിവാർ – മുഖ്യമന്ത്രി

രാജ്യത്തെ ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ വേട്ടയാടിയത് സംഘപരിവാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ക്രൈസ്‌തവമത വിശ്വാസികൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ തൃക്കാക്കര തെരെഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ മുഖ്യമന്ത്രി കണക്കുകൾ സഹിതം വ്യക്തമാക്കി. ലോകമാകെ സംഘപരിവാർ നടപടിക്കെതിരെ തിരിഞ്ഞിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരിയിൽ തിരഞ്ഞെടുപ്പിൻ്റെ ഗതിയിൽ പുതിയ സംവാദം കൂട്ടി ചേർക്കയാണ്.

ആരാധനാലയങ്ങളും വിദ്യാലയങ്ങളും തീവച്ച് നശിപ്പിച്ചു. 2008 ലെ ഒഡിഷയിലെ കലാപത്തിൽ 38 പേർ മരിച്ചു. 40 തിൽ അധികം സ്ത്രീകൾ ബലാത്സംഗത്തിന് ഇരയായി.

വർഗീയ വിഷം ചീറ്റിയ ആൾക്കെതിരെ നടപടി സ്വീകരിച്ചപ്പോൾ അതിൽ വർഗീയത കലർത്താൻ ബി ജെ പി ശ്രമിച്ചു. അറസ്റ്റിലായ ആളുടെ മതം പറഞ്ഞ് വളരാൻ കഴിയുമോ എന്നാണ് ബി ജെ പി നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി സി ജോർജിൻ്റേത് ആർ എസ് എസിന്റെയും സംഘപരിവാറിൻ്റെയും ഭാഷയാണെന്നും അതുകൊണ്ടാണ് അയാൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ സംഘപരിവാർ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ യുഡിഎഫ് കേന്ദ്രങ്ങൾ കള്ളക്കഥ മെനയുകയാണ്. നിലവാരമില്ലാത്ത പ്രചാരണ രീതിയിലേക്ക് യുഡിഎഫ് കടക്കുന്നു. യുഡിഎഫ് വലിയ പ്രതിസന്ധിയിലാണ്. ഇടതു സ്ഥാനാർത്ഥിയുടെ സ്വീകാര്യത തകർക്കാൻ കള്ളക്കഥകൾ മെനയുന്നു. ജനവിധി എതിരാകുമെന്ന് അറിഞ്ഞതോടെ യു ഡി എഫ് അങ്കലാപ്പിലായെന്നും മുഖ്യമന്ത്രി തൃക്കാക്കരയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പറഞ്ഞു

പി സി ജോർജിന് ജാമ്യം

വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ഗോപിനാഥിന്റെ ബെഞ്ചാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.

വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗ കേസിലാണ് പി സി ജോർജ് അറസ്റ്റിലായിരുന്നത്.

ആര്യൻ ഖാന് മയക്കു മരുന്നു കേസിൽ പങ്കില്ലെന്ന് പ്രത്യേക അന്വേഷക സംഘം,

ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാന് ലഹരിമരുന്ന് കേസിൽ ക്ലീൻ ചിറ്റ് നൽകി നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) ആര്യൻ ഉൾപ്പെടെ ആറു പേർക്കെതിരെ തെളിവില്ലെന്ന് കോടതിയിൽ എൻ സി ബി പ്രത്യേക അന്വേഷക സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

നേരത്തെ റെയിഡ് നടത്തിയ എൻ സി ബി സംഘത്തിനെതിരെ അഴിമതിയും രാഷ്ട്രീയ ലക്ഷ്യവും ആരോപിച്ച് വിവാദങ്ങൾ കൊഴുത്തതോടെയാണ് പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചത്.

ലഹരി കേസിൽ 14 പേർക്കെതിരയാണ് എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചത്. 10 വാള്യങ്ങളിലായാണ് എൻ.സി.ബി. പ്രത്യേക കോടതിയിൽ നൽകിയ കുറ്റപത്രം. കഴിഞ്ഞ വർഷമാണ് മുംബൈ തീരത്ത് ആഡംബര കപ്പലിൽ ലഹരിമരുന്ന് പാർട്ടിയിൽ റെയിഡ് നടത്തിയത്. ആര്യൻ ഖാനും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നേരത്തേ എൻ സി ബി റിപ്പോർട്ട് ചെയ്തിരുന്നത്.

ആഡംബര കപ്പലില്‍ എന്‍.സി.ബി. സംഘം നടത്തിയ റെയ്ഡില്‍ തന്നെ വ്യാപക ക്രമക്കേടുകള്‍ നടന്നതായും ആരോപണമുണ്ടായിരുന്നു കപ്പലില്‍നിന്ന് കസ്റ്റഡിയിലെടുക്കുമ്പോള്‍ ആര്യന്‍ ഖാന്റെ കൈവശം ലഹരിമരുന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണോ ചാറ്റുകളോ പരിശോധിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

ചാറ്റുകളില്‍നിന്ന് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘവുമായുള്ള ബന്ധം അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. എന്‍.സി.ബി. നടത്തിയ റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയിരുന്നില്ല.

ഒട്ടേറെ പ്രതികളില്‍നിന്ന് കണ്ടെടുത്ത ലഹരിമരുന്നെല്ലാം ഒരൊറ്റ തൊണ്ടിമുതലായാണ് കേസില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍.സി.ബി.യുടെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍.സി.ബി.യുടെ പ്രത്യേകസംഘം ഏറ്റെടുത്തത്. രാഷ്ട്രീയമായ പകപോക്കലും വിലപേശലും ഇതിനു പിന്നിൽ ആരോപിക്കപ്പെട്ടിരുന്നു.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ആര്യൻ ഖാനെ ബ്ലാക് മെയിൽ ചെയ്യാൻ ശ്രമിക്കുന്ന രാഷ്ട്രീയ ബന്ധങ്ങളുള്ള വ്യക്തിയുടെ ചിത്രം സഹിതം വാർത്തകൾ ഉണ്ടായിരുന്നു. നേരത്തെ ഷാരൂഖ് ഖാൻ വർഗ്ഗീയതയ്ക്കും മതവിഭാഗീയതകൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരുന്നു.

സർവ്വകലാശാലകൾ പിടിച്ചെടുക്കാനുള്ള ശ്രമത്തിനെതിരെ മമതാ ബാനർജി, ഗവർണർക്ക് പകരം മുഖ്യമന്ത്രി ചാൻസിലറാവും

0

രാജ്യത്തിൻ്റെ ഫെഡറലിസം തകർക്കാനുള്ള ശ്രമത്തിനെതിരായ പോരാട്ടത്തിൽ പുതിയ രാഷ്ട്രീയവുമായി മമതാ ബാനർജി

പശ്ചിമ ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി കേന്ദ്രഭരണ കർത്താക്കളുടെ റിമോട്ട് കൺട്രോൾ തകർക്കാനിരിക്കയാണ് മമതാ ബാനര്‍ജി സര്‍ക്കാര്‍.

മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്‍കി. രാജ്യത്ത് നിലവില്‍ പാലിച്ചുവരുന്ന സമ്പ്രദായപ്രകാരം, സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെയാണ് നിയമിക്കാറ്.

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുക, മറ്റ് നിര്‍ണായക ഭരണതീരുമാനങ്ങള്‍ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങള്‍ ചാന്‍സലറുടെ ചുമതലയാണ്. നിലവിലെ ഈ സംവിധാനം മാറ്റി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ചാന്‍സലര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നീക്കം.

വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്ഭവന്റെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തോടെ മമതാ സര്‍ക്കാര്‍-ജഗദീപ് ധന്‍കാര്‍ പോരു മുറുകാനാണ് സാധ്യത.

ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രി ചാന്‍സലര്‍ സ്ഥാനത്തേക്കെത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്‍ പാസാക്കുകയും നിലവിലെ നിയമം മാറ്റുകയും വേണം. പാസായ ബില്‍ നിയമമാകാന്‍ ഗവര്‍ണറുടെ അംഗീകാരവും ആവശ്യമാണ്.

സംസ്ഥാന സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം ഇതാദ്യമല്ല. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്രാ സംസ്ഥാനങ്ങളില്‍ സമാനതര്‍ക്കം ഉടലെടുത്തിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനാധികാരവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍ തമിഴ്നാട്ടില്‍ കരട് നിയമം പാസാക്കിയിരുന്നു. മഹാരാഷ്ട്രയിലും സമാന സാഹചര്യമുണ്ടായിട്ടുണ്ട്. സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലും കൊമ്പുകോര്‍ത്തിരുന്നു.

രാജ്യത്തെ ഞെട്ടിച്ച് ഗുജറാത്തിൽ വീണ്ടും ഭീമൻ മയക്കു മരുന്ന് വേട്ട

 രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് കടത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് വീണ്ടും മയക്കുമരുന്ന് വേട്ട. വിദേശത്തുനിന്ന് കണ്ടെയ്‌നറില്‍ കടത്തിയ 56 കിലോ കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തുറമുഖത്ത് നടത്തിയ പരിശോധനയിലാണ് വിദേശത്തുനിന്നെത്തിയ കണ്ടെയ്‌നറില്‍നിന്ന് കൊക്കെയ്ന്‍ പിടികൂടിയത്. കണ്ടെയ്‌നറില്‍ ഇറക്കുമതി ചെയ്ത മറ്റുസാധനങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചനിലയിലാണ് കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്നത്.

കഴിഞ്ഞമാസം ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തുനിന്ന് 1300 കോടി രൂപയുടെ ഹെറോയിന്‍ ഡി.ആര്‍.ഐ. പിടികൂടിയിരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ മുന്ദ്ര തുറമുഖത്തുനിന്ന് 21000 കോടി രൂപയുടെ ഹെറോയിനും പിടിച്ചെടുത്തു. അഫ്ഗാനിസ്ഥാനില്‍നിന്ന് കടത്തിയ 3000 കിലോ ഹെറോയിനാണ് രണ്ട് കണ്ടെയ്‌നറുകളില്‍നിന്നായി പിടികൂടിയിരുന്നത്.