കൊച്ചു കുട്ടിയുടെ മതപ്രകോപന മുദ്യാവാക്യം പൊലീസ് അന്വേഷണം തുടങ്ങി

ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൊണ്ട് മത പ്രകോപന മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം. സാമൂഹിക മാധ്യമങ്ങളില്‍ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെയാണ് അന്വേഷണം.

പ്രകടനത്തിനിടെ മുതിർന്നയാളുടെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് പോപ്പുലര്‍ ഫ്രണ്ട്‌ നേതാക്കള്‍ ഇത് സംബന്ധിച്ച് പ്രസ്താവന നൽകിയത്.

അരിയും മലരും വാങ്ങി വീട്ടിൽ വെക്കണം, കുന്തിരിക്കം വാങ്ങി വീട്ടിൽ വെക്കണം എന്ന നിലയ്ക്കുള്ള മുദ്യാവാക്യമാണ്.

കുട്ടി വിളിക്കുന്ന മുദ്രവാക്യം മുതിര്‍ന്നവര്‍ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ കഴിഞ്ഞ ദിവസമാണ് ശ്രദ്ധയില്‍പ്പെട്ടത്, ഇത് സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

മത വിദ്വേഷ പ്രസംഗം, പി സി ജോർജിന് ഇടക്കാല ജാമ്യം

പാലാരിവട്ടം മത വിദ്വേഷ പ്രസംഗ കേസില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ. പി.സി. ജോര്‍ജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സര്‍ക്കാര്‍ എതിർപ്പ് കണക്കിലെടുത്ത് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരത്ത് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ അപ്പീല്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

പാലാരിവട്ടം വെണ്ണലയില്‍ മതവിദ്വേഷ പ്രസംഗം നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. പി. സി. ജോര്‍ജ് ഒളിവിലായിരുന്നു.

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനില്‍ക്കെയാണ് പി.സി.ജോര്‍ജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസ് എടുത്തത്. തിരുവനന്തപുരത്തെ കേസില്‍ അറസ്റ്റ് ചെയ്തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു.

കേസ് അട്ടിമറിക്കാൻ ശ്രമം, സർക്കാരിനെതിരെ ആക്രമിക്കപ്പെട്ട നടി

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. ആക്രമിക്കപ്പെട്ട നടി തന്നെയാണ് സര്‍ക്കാരിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഉന്നതതല ഇടപെടലുണ്ടായെന്നാണ് ഹര്‍ജിയിലെ ആരോപണം. തുടരന്വേഷണ റിപ്പോർട്ട് വേഗത്തില്‍ സമര്‍പ്പിക്കരുതെന്നും കൃത്യമായ അന്വേഷണം നടത്തി മാത്രമേ റിപ്പോര്‍ട്ട് നല്‍കാവൂ എന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസിന്റെ തുടക്കത്തില്‍ നീതിപൂര്‍വമായ അന്വേഷണമുണ്ടായി. എന്നാല്‍ ദിലീപിന്റെ അഭിഭാഷകരെ അടക്കം ചോദ്യംചെയ്യേണ്ട ഘട്ടമെത്തിയപ്പോള്‍ ഉന്നതതല ഇടപെടലുണ്ടായി. ഇതുവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന് അഭിഭാഷകരെ ചോദ്യംചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ക്രൈംബ്രാഞ്ച് മേധാവി മാറിയതോടെ അന്വേഷണം മരവിച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. അതിനാല്‍ വേഗത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുത്. ഇനിയും നിരവധി തെളിവുകള്‍ പരിശോധിക്കാനുണ്ട്. അതെല്ലാം പൂര്‍ത്തീകരിച്ച് കൃത്യമായ അന്വേഷണം നടത്തണം. അതിനുശേഷം മാത്രമേ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 31-നകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള നീക്കമായി ഇത് മാറുന്നതായി വിലയിരുത്തലുണ്ടായി. ഇതിനിടെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കമുണ്ടായെന്ന് ആരോപിച്ച് നടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

നടി ഹൈക്കോടതിയിൽ ആവശ്യപ്പെട്ടത്

കേസില്‍ ഉന്നതതല രാഷ്ട്രീയ ഇടപെടലുണ്ടായി. ഭരണമുന്നണിയും ദിലീപും തമ്മില്‍ അവിശുദ്ധബന്ധമാണുള്ളത്. മുഴുവന്‍ തെളിവുകളിലേക്കും അന്വേഷണം നടത്താതെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് മേല്‍ സമ്മര്‍ദമുണ്ട്. ആരോപണവിധേയരായ ദിലീപിന്റെ അഭിഭാഷകര്‍ക്ക് സര്‍ക്കാരുമായി അടുത്തബന്ധമാണുള്ളത്. പാതിവെന്ത കുറ്റപത്രം നല്‍കുന്നതിനെതിരേ കോടതിയുടെ അടിയന്തര ഇടപെടലുണ്ടാകണം. മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് കോടതിയെ സമീപിക്കുന്നത്. സത്യസന്ധമായ അന്വേഷണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയത് വേദനാജനകമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

വിചാരണ കോടതി ജഡ്ജി അന്വേഷണത്തെ തടസപ്പെടുത്തി പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുകയാണ്. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യു മാറിയിട്ടും അത് മറച്ചുവെച്ചു. മെമ്മറി കാര്‍ഡ് വീണ്ടും പരിശോധനയ്ക്ക് അയക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ജഡ്ജി അതില്‍ നടപടിയെടുത്തില്ലെന്നും നടി ആരോപിക്കുന്നു. അതിനാല്‍ വേഗത്തില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുത്. ഇനിയും നിരവധി തെളിവുകള്‍ പരിശോധിക്കാനുണ്ട്. അതെല്ലാം പൂര്‍ത്തീകരിച്ച് കൃത്യമായ അന്വേഷണം നടത്തണം. അതിനുശേഷം മാത്രമേ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നും നടിയുടെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ദിലീപിൻ്റെ സുഹൃത്ത് ശരത് 15ാം പ്രതി, റിപ്പോർട്ട് സമർപ്പിച്ചു

കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരെയും പ്രതി ചേര്‍ത്ത് അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ ശരത്തിനെ 15ാം പ്രതിയായി ഉള്‍പ്പെടുത്തിയാണ് റിപോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ശരത്തിന്റെ കൈയില്‍ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.തെളിവ് നശിപ്പിച്ചതിന് ശരത്തിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ട വിവരം കോടതിയെ അറിയിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതി ഈ റിപോര്‍ട്ട് സെഷന്‍സ് കോടതിക്ക് കൈമാറും.

ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടല്‍സ് ഉടമയുമാണ് ശരത്.നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആറാം പ്രതിയാണ് ശരത്.നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ശരത് ദിലീപിന്റെ വീട്ടില്‍ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.

നടക്കുന്നത് പിന്മാറ്റമോ അട്ടമറിയോ

തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസിൽ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണവും നിർത്തും. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് ക്രെെം ബ്രാഞ്ച് നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം നടത്തിയത്. തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തിരുന്നു.അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ആക്ഷേപമുയരുന്നുണ്ട്. ഭരണ രംഗത്ത് പ്രമുഖ സ്ഥാനങ്ങളിൽ ചില മാറ്റങ്ങൾ വന്നതോടെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്.

നിയമം അതിൻ്റെ വഴിക്ക് പോകും – ജയരാജൻ

ഇതിനിടെ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ നിയമവിരുദ്ധമായ ഒരു ഇടപെടലും കേസില്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും നടിക്ക് നീതി കിട്ടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

മകനെ കാണാതായ പതിനേഴാം വർഷത്തിൽ പിതാവ് ജീവനൊടുക്കി

 ആലപ്പുഴയിൽ നിന്ന് 17 വർഷം മുൻപ് കാണാതായ രാഹുലിൽ എന്ന കുട്ടിയുടെ അച്ഛൻ എ കെ രാജു ജീവനൊടുക്കി. മെയ് 18 ന് രാഹുലിനെ കാണാതായിട്ട് 17 വർഷം തികഞ്ഞിരുന്നു.

 ഇതിന് പിന്നാലെ രാജു കടുത്ത വിഷാദത്തിലായിരുന്നു. സി ബി ഐ വരെ അന്വേഷിച്ചിട്ടും കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല.

മരണ സമയത്ത് ഭാര്യ മിനി വീട്ടിലുണ്ടായിരുന്നില്ല. താൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് ഭാര്യ മിനിയെ ഫോണിൽ വിളിച്ച് അറിയിച്ച ശേഷം തൂങ്ങുകയായിരുന്നു. മിനി അയൽക്കാരെ വിവരം അറിയിച്ചുവെങ്കിലും എത്തിയപ്പോഴേക്കും മരിച്ചു.  

കുഞ്ഞിനെ കാണാതാകുമ്പോൾ വിദേശത്തായിരുന്നു രാജു. മകനെ കാണാതായതോടെ ജോലി മതിയാക്കി നാട്ടിലേക്ക് വന്നു. പിന്നീട് ശാരീരിക അസ്വാസ്ഥ്യങ്ങൾ നേരിട്ടു. മാനസികമായി തളർന്നു. ചികിത്സയിലായിരുന്നു.

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ രാഹുല്‍ നിവാസില്‍ രാജു-മിനി ദമ്പതികളുടെ മകനായ രാഹുലിനെ 2005 മേയ് 18നാണ് കാണാതായത്. കാണാതാകുമ്പോൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു രാഹുല്‍. ഇവിടെ നിന്നാണ് കാണാതായത്. ആലപ്പുഴ പൊലീസും ക്രൈം ഡിറ്റാച്ച്‌മെന്റ് സംഘവും അന്വേഷണം നടത്തിയിട്ടും ഒരു തുമ്പും കണ്ടെത്താനായില്ല. രാഹുലിന്റെ മുത്തച്ഛന്‍ ശിവരാമപണിക്കരുടെ പരാതിയെ തുടര്‍ന്ന് 2009 ൽ എറണാകുളം സി ജെ എം കോടതി കേസ് സിബിഐക്ക് വിട്ടു. എന്നാൽ സിബിഐക്കും കേസിൽ ഒന്നും കണ്ടെത്താനായില്ല.

രാഹുലിനെ കാണാതായ ശേഷം രാജു – മിനി ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു. ശിവാനി എന്ന് പേരുള്ള ഈ പെൺകുട്ടി ഇപ്പോൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഭര്യ മിനി കൺസ്യൂമർ ഫെഡിന്റെ നീതി സ്റ്റോറിൽ ജീവനക്കാരിയാണ്.

പെട്രോൾ വില കുറച്ചതിൽ ഒരു രൂപ കമ്പനികൾ അടിച്ചു മാറ്റി

പെട്രോളിനും ഡീസലിനും കേന്ദ്ര തീരുവ കുറയുകയും സംസ്ഥാന നികുതി ആനുപാതികമായി താഴുകയും ചെയ്തപ്പോൾ എണ്ണക്കമ്പനികളുടെ കയ്യിട്ടു വാരൽ . 10.41 രൂപയായിരുന്നു യഥാര്‍ത്ഥത്തില്‍ കുറയേണ്ടിരുന്നതെങ്കിലും കേരളത്തില്‍ കഴിഞ്ഞ ദിവസം കുറഞ്ഞത് 9.40 രൂപ മാത്രം. ഇതിനിടയിലെ ഒരു രൂപ എണ്ണക്കമ്പനികൾ അടിച്ചു മാറ്റി.

കേന്ദ്രം വില കുറച്ചതിന് പിന്നാലെ എണ്ണ കമ്പനികള്‍ കേരളത്തിലേക്ക് വരുന്ന പെട്രോളിന് വില വര്‍ധിപ്പിച്ചതാണ് ഈ ഒരു രൂപയുടെ കുറവിന് കാരണം. നികുതി കുറഞ്ഞ ദിവസം തന്നെ എണ്ണ കമ്പനികള്‍ കേരളത്തിലെത്തുന്ന ബില്ലിങ് വിലയില്‍ 79 പൈസ കൂട്ടിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ഇതിൻ്റെ നികുതിയടക്കം ചേര്‍ത്താണ് ഒരു രൂപയുടെ കുറവുണ്ടായിരിക്കുന്നത്. ഭീമമായ കാശാണ് ഒരോ ലിറ്ററിനും ഒരു രൂപ നിരക്കിൽ കമ്പനികൾ സ്വന്തമാക്കുന്നത്.

സംസ്ഥാനം നികുതികൂട്ടിയിട്ടില്ലെന്നും 30.8 ശതമാനത്തില്‍ത്തന്നെ നിലനിര്‍ത്തിയിരിക്കയാണെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേന്ദ്രം തീരുവകുറച്ചതിനുപിന്നാലെ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കൂട്ടി എന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നും അദ്ദേഹം കണക്കുകൾ സഹിതം വ്യക്തമാക്കി.

ഇപ്പോഴത്തെ വില

തിരുവനന്തപുരത്ത് 9.48 രൂപയാണ് പെട്രോളിന് ഞായറാഴ്ച കുറഞ്ഞത്. എറണാകുളം(9.31 രൂപ), കോഴിക്കോട് (9.42 രൂപ), കണ്ണൂര്‍ (9.54 രൂപ), വയനാട് (9.45 രൂപ), കാസര്‍കോട് (9.64 രൂപ) എന്നിങ്ങനെയാണ് കുറഞ്ഞത്. ഡീസലിന് കേന്ദ്രം ആറുരൂപകുറച്ചപ്പോള്‍ കേരളത്തില്‍ 1.36 രൂപയാണ് കുറഞ്ഞത്. രണ്ടുംചേര്‍ന്ന് 7.36 രൂപയാണ് കുറയേണ്ടിയിരുന്നത്. ഞായറാഴ്ച ഡീസല്‍വില ചില ജില്ലകളില്‍ 7.42 രൂപവരെ കുറഞ്ഞിരുന്നു.

കണക്കുകൾ ഇങ്ങനെ

കേന്ദ്രതീരുമാനത്തോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തില്‍ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വില്‍പ്പനനികുതി. ഇതിനുപുറമേ ഒരുരൂപവീതം അധികനികുതിയും ഒരുശതമാനം സെസുമുണ്ട്. ശനിയാഴ്ച 115 രൂപയ്ക്ക് പെട്രോള്‍ വാങ്ങുമ്പോള്‍ അടിസ്ഥാനവില കേരളത്തില്‍ 56.87 രൂപയായിരുന്നു. ഇതില്‍ ഏകദേശം ഒരുരൂപയ്ക്കടുത്ത് വര്‍ധനവന്നാലേ ഞായറാഴ്ചത്തെ വിലയുമായി പൊരുത്തപ്പെടൂ.

വിസ്മയയുടെ ആത്മഹത്യ പീഢനം മൂലം, ഭർത്താവ് കിരൺ കുറ്റക്കാരൻ

ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ആത്മഹത്യ ചെയ്യാനിടയായ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരന്‍ എന്നു കണ്ടെത്തി. വിവാദമായ കേസിൽ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റം കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി.

ജാമ്യം റദ്ദാക്കിയ സാഹചര്യത്തില്‍ കിരണ്‍ കുമാറിനെ ജയിലേക്ക് മാറ്റും. വിധി പ്രസ്താവം കേള്‍ക്കുന്നതിനായി വിസ്മയയുടെ അച്ഛനും കോടതി മുറിയിലെത്തിയിരുന്നു.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നു കിരണ്‍ കുമാര്‍. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി. കിരണ്‍ കുമാറും അച്ഛനും കോടതിയിലെത്തിയിരുന്നു.

ഭര്‍ത്താവ് കിരണ്‍ കുമാര്‍ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടര്‍ന്ന് 2021 ജൂണ്‍ 21-ന് ഭര്‍ത്തൃഗൃഹത്തില്‍ വിസ്മയ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്. സ്ത്രീധനമായി നല്‍കിയ കാറില്‍ വാഗ്ദാനം ചെയ്ത നിലവാരത്തിലല്ല, പറഞ്ഞുറപ്പിച്ച സ്വര്‍ണം നൽകിയില്ല എന്നിങ്ങനെയുള്ള പ്രശ്നങ്ങളിലായിരുന്നു പീഡനം

2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായിരുന്ന വിസ്മയയെ മോട്ടോര്‍വാഹനവകുപ്പില്‍ എ.എം.വി.ഐ. ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീധനം ആവശ്യപ്പെടല്‍ എന്നീ കുറ്റകൃത്യങ്ങൾ ശരിയാണെന്ന് കോടതി കണ്ടെത്തി.

പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിക്കുകയും 118 രേഖകള്‍ തെളിവില്‍ അക്കമിടുകയും 12 തൊണ്ടിമുതലുകള്‍ നല്‍കുകയും ചെയ്തു. പ്രതിയുടെ പിതാവ് സദാശിവന്‍ പിള്ള, സഹോദരപുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദുകുമാരി, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍ എന്നീ അഞ്ച് സാക്ഷികള്‍ വിസ്താരത്തിനിടെ കൂറുമാറിയിരുന്നു.

കിരണ്‍കുമാറിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്കയച്ചതില്‍ റെക്കോഡ് ചെയ്തിരുന്ന സംഭാഷണങ്ങള്‍ കണ്ടെത്തിയിരുന്നു. സ്ത്രീധനം സംബന്ധമായി നടത്തിയതുള്‍പ്പെടെ വിസ്മയയുമായുള്ള സംഭാഷണങ്ങള്‍ കോടതിയില്‍ തെളിവായി ഹാജരാക്കി.

റിഹാന അമ്മയായി, ആഢംബരങ്ങൾ വിട്ട് കുഞ്ഞുമായി ജന്മനാട്ടിലേക്ക്

പ്രശസ്ത ഗായികയും അഭിനേത്രിയും ഫാഷനിസ്റ്റുമായ റിഹാന അമ്മയായി. റിഹാനയ്ക്കും പങ്കാളി അസാപ് റോക്കിക്കും ആണ്‍കുഞ്ഞ് പിറന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. എന്നാൽ കുഞ്ഞിനെ ആഡംബര ലോകത്ത് നിന്നും രക്ഷിക്കുക എന്ന നിലാപാടിലാണ് റോബിൻ റിഹാന ഫെൻറി എന്ന റിഹാന.

കുഞ്ഞിനോടൊപ്പം ബാര്‍ബഡോസിലേക്ക് താമസം മാറുന്നതിനാണ് പ്ലാൻ. ജന്മദേശമായ ബാര്‍ബഡോസ് റിഹാനയ്ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. മകനും അവിടെത്തന്നെ വളരണമെന്നാണ് താരത്തിന്റെ ആഗ്രഹം. പാപ്പരാസികളുടെ കണ്ണില്‍പ്പെടാത ഗ്ലാമര്‍ ലോകത്തുനിന്ന് മാറി മകന്‍ സമാധാനത്തോടെ വളരണമെന്നും താരത്തിന്റെ ഈ പ്ലാനിന് പിന്നിലുണ്ട്. റിഹാനയുടേയും അസാപ് റോക്കിയുടേയും കുടുംബവും ബാര്‍ബഡോസിലാണ് താമസിക്കുന്നത്.

റിഹാനയും അസാപ് റോക്കിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഗര്‍ഭിണിയാണെന്ന വിവരം റിഹാന ആരാധകരെ അറിയിച്ചത്. നിറവയര്‍ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു താരം സന്തോഷവാര്‍ത്ത വെളിപ്പെടുത്തിയത്. പിങ്ക് നിറത്തിലുള്ള നീളന്‍ ജാക്കറ്റായിരുന്നു അന്ന് റിഹാന ധരിച്ചിരുന്നത്.

ബാര്‍ബഡോസിലെ സെയ്ന്റ് മൈക്കിളില്‍ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളര്‍ന്നത്. ദരിദ്രമായ ചുറ്റുപാടില്‍ വളര്‍ന്ന അവരെ അമേരിക്കന്‍ പ്രൊഡ്യൂസറായ ഇവാന്‍ റോഗേഴ്സാണ് സംഗീതമേഖലയില്‍ ഉയര്‍ത്തിക്കൊണ്ടുവന്നത്.

സംഗീതമേഖലയില്‍ ഗ്രാമി പുരസ്‌കാരനേടി. റിഹാന മേയ്ക്ക് അപ്, ഫാഷന്‍ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരില്‍ സൗന്ദര്യവര്‍ധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ് റിഹാന.

20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്

സംഗീത ജീവിതത്തിനിടയില്‍ എട്ട് ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്‌കാരങ്ങള്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയിലും ഇവരുടെ വിവരങ്ങൾ കൈമാറി.

“ഇറ്റാലിയൻ” പരിഹാസവുമായി രാഹുലിൻ്റെ ആക്രമണങ്ങളെ പ്രതിരോധിച്ച് അമിത്ഷാ

 കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ കടുത്ത പരിഹാസവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധികാരത്തില്‍ വന്നതിനു ശേഷം ഇന്ത്യയില്‍ ഉണ്ടായ വികസനം കാണമെങ്കില്‍ ഇറ്റാലിയന്‍ കണ്ണ ഊരിമാറ്റി, കണ്ണുതുറന്ന് നോക്കണമെന്ന് അമിത് ഷാ അഭിപ്രായപ്പെട്ടു. അരുണാചല്‍ പ്രദേശിലെ നാംസായില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

കോണ്‍ഗ്രസുകാര്‍ തുടര്‍ച്ചയായി ചോദിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ എട്ടു വര്‍ഷമായി മോദി സര്‍ക്കാര്‍ എന്തു ചെയ്തു എന്നാണ്. കണ്ണുകള്‍ അടച്ചുപിടിച്ചുകൊണ്ട് നോക്കിയാല്‍ ഒരാള്‍ക്ക് വികസനം കാണാന്‍ കഴിയുമോ? കണ്ണടച്ചുപിടിച്ച് വികസനം കാണാന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസുകാരെന്നും അമിത് ഷാ ആരോപിച്ചു.

” രാഹുല്‍ ബാബ, ദയവായി നിങ്ങളുടെ കണ്ണുകള്‍ തുറക്കുകയും ഇറ്റാലിയന്‍ കണ്ണട ഊരിമാറ്റുകയും ചെയ്യൂ, അപ്പോള്‍ നിങ്ങള്‍ക്കു കാണാം എട്ടുവര്‍ഷത്തിനിടയില്‍ എന്താണ് സംഭവിച്ചതെന്ന്. ഈ എട്ടുവര്‍ഷംകൊണ്ട് ടൂറിസവും ക്രമസമാധാന പാലനവും ശക്തിപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു എന്ന് അമിത് ഷാ അവകാശപ്പെട്ടു. കഴിഞ്ഞ 50 വര്‍ഷമായി സാധിക്കാതിരുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി പേമ ഖണ്ഡുവിനും സാധിച്ചു” എന്നും അമിത് ഷാ പറഞ്ഞു.

യു.കെ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധി, സംതൃപ്തവും സമാധാനപൂര്‍ണവുമായ ഒരു സാഹചര്യമല്ല ഇന്ത്യയില്‍ നിലവിലുള്ളതെന്ന് വ്യക്തമാക്കിയിരുന്നു. ബിജെപി ഭരണം രാജ്യത്തിന്റെ ഭരണഘടനയെ തകിടംമറിച്ചിരിക്കുന്നു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം ഇന്ത്യയില്‍ ചോദ്യംചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുകയാണെന്നും ‘ഐഡിയാസ് ഫോര്‍ ഇന്ത്യ’ കോണ്‍ക്ലേവില്‍ സംസാരിക്കവേ രാഹുല്‍ പറഞ്ഞിരുന്നു.

ആരോടും ചോദിക്കാതെ നികുതി കൂട്ടി ഇപ്പോൾ കുറയ്ക്കാൻ പറയുന്നു, ഇതാണോ ഫെഡറലിസമെന്ന് തമിഴ്നാട് ധനമന്ത്രി

സംസ്ഥാനങ്ങളോട് പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കാന്‍ ആവശ്യപ്പെട്ട കേന്ദ്രസര്‍ക്കാരിനെതിരെ തമിഴ്‌നാട് ധനമന്ത്രി പി. ത്യാഗരാജന്‍. സംസ്ഥാനങ്ങളോട് ചോദിക്കാതെ കേന്ദ്രം നികുതി വര്‍ധിപ്പിച്ചു. അതിനു ശേഷം ഇപ്പോള്‍ അത് കുറയ്ക്കാൻ സംസ്ഥാനങ്ങളോട് പറയുകയാണ്. ഇത് എന്ത് ഫെഡറലിസമാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.

‘2014 മുതല്‍ ഇന്ധന വില ഒരു മാനദണ്ഡവുമില്ലാതെ കൂട്ടികൊണ്ടിരിക്കയാണ്. ഒരു സംസ്ഥാനത്തിന്റെയും അഭിപ്രായം ചോദിക്കാതെയാണ് പെട്രോള്‍ ലിറ്ററിന് 23 രൂപയും ഡീസല്‍ ലിറ്ററിന് 29 രൂപയും കേന്ദ്രനികുതി വര്‍ധിപ്പിച്ചത്. ഇപ്പോള്‍ അവര്‍ വര്‍ധിപ്പിച്ചതിന്റെ 50 ശതമാനം കുറച്ചിരിക്കുന്നു. അവര്‍ സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാന്‍ അഭ്യര്‍ഥിക്കുകയാണ്. ഇതാണോ ഫെഡറിലിസം’ പി. ത്യാഗരാജൻ ചോദിച്ചു. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

കേന്ദ്രസര്‍ക്കാര്‍ 2021 നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും തീരുവ കുറയ്ക്കുന്നതിന് മുമ്പേ 2021 ഓഗസ്റ്റില്‍ ഡി.എം.കെ. സര്‍ക്കാര്‍ പെട്രോളിന്റെ വാറ്റ് കുറച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ നികുതി കുറച്ചതോടെ തമിഴ്‌നാട്ടില്‍ പെട്രോള്‍ ലിറ്ററിന് മൂന്ന് രൂപ കുറഞ്ഞെന്നും ഇത് ജനങ്ങള്‍ക്ക് ആശ്വാസകരമായെന്നും അന്ന് നികുതി കുറച്ചതോടെ വര്‍ഷം 1160 കോടി രൂപയാണ് സംസ്ഥാനത്തിന്റെ നഷ്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2006-11 കാലഘട്ടത്തിലും സാധാരണ ജനങ്ങള്‍ക്കുവേണ്ടി ഡി.എം.കെ. സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. പെട്രോള്‍ ലിറ്ററിന് എട്ടുരൂപയും ഡീസല്‍ ലിറ്ററിന് ആറുരൂപയുമാണ് എക്‌സൈസ് തീരുവ കുറച്ചത്. ഇതോടെ പെട്രോള്‍ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സ്വർണ്ണക്കടത്തിനൊപ്പം മാഫിയ ഗുണ്ടാ സംഘങ്ങൾ വളരുന്നു, നടപടികൾ ദുർബലം

കള്ളക്കടത്ത് വർധിക്കുന്നു, മാഫിയ സംഘങ്ങൾ പിടിമുറുക്കുന്നു, ഗുരുതര കുറ്റകൃത്യങ്ങൾ പതിവാകുന്നു

വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്തിനൊപ്പം ക്രിമിനൽ ക്വട്ടേഷൻ സംഘങ്ങളും വളരുന്നു. ഭീഷണി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങി കൊലപാതകങ്ങള്‍വരെ എത്തിയിരിക്കയാണ് കേരളത്തിൽ ഇപ്പോൾ. ഏറ്റവുമൊടുവിലായി അഗളി വാക്ക്യത്തൊടിയിലെ അബ്ദുള്‍ ജലീലിൽ കൊല്ലപ്പെട്ട സംഭവം വ്യക്തമാക്കുന്നത് ഏത് ഹീനകൃത്യവും നടത്താൻ മാത്രം വളർന്ന ഗുണ്ടാ സംഘങ്ങളായി ഇവ വളർന്നു കഴിഞ്ഞു എന്നതാണ്.

എന്നാൽ ഇത്തരം കേസുകളുടെ അന്വേഷണത്തിലും തുടർ നടപടികളിലും പൊലീസ് മെല്ലെ പോക്ക് ഗുണ്ടാ സംഘങ്ങളുടെ ബലം വർധിപ്പിക്കയാണ്.

കഴിഞ്ഞ ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചു യുവാക്കള്‍ മരിച്ച വാഹനാപകടത്തിന്റെ അന്വേഷണം ഇനിയും പൂര്‍ത്തിയായിട്ടില്ല. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍നിന്നായി 60-ഓളം പേരാണ് കേസില്‍ പിടിയിലായത്.

പിടിയിലായവരെല്ലാം ക്വട്ടേഷന്‍ സംഘാംഗങ്ങളോ മറ്റു ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരോ ആണ്. കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയിട്ടില്ല. പിടിയിലായവരെല്ലാം ജാമ്യത്തിലിറങ്ങി. പ്രധാന പ്രതികളായ മൂന്നുപേരെക്കൂടി പിടികൂടിയശേഷം കുറ്റപത്രം നല്‍കുെമന്നാണ് പോലീസ് പറഞ്ഞിരുന്നത്.

കള്ളക്കടത്ത് സ്വര്‍ണം പിടിക്കുമ്പോള്‍ പോലും ഇതിനു പിന്നിലെ റാക്കറ്റുകള്‍ രക്ഷപ്പെടുന്നത് പ്രോത്സാഹനമാവുകയാണ്. ക്വട്ടേഷന്‍ സംഘങ്ങളടക്കമുള്ളവരെ പിടികൂടാനോ, പിടികൂടിയാല്‍ത്തന്നെ സമയബന്ധിതമായി ശിക്ഷ ഉറപ്പാക്കാനോ കഴിയാത്തത് ഇവയുടെ വളർച്ചയ്ക്ക് വളം വെക്കുന്നു.

കരിപ്പൂരില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പോലീസും സംവിധാനമൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനിടെ 20 കിലോയിലേറെ സ്വര്‍ണമാണ് പോലീസ് മാത്രം കരിപ്പൂരില്‍നിന്ന് പിടികൂടിയത്. കരിപ്പൂരില്‍ കൂടുതല്‍പ്പേര്‍ പിടിയിലാകാന്‍ തുടങ്ങിയതോടെ സ്വര്‍ണമാഫിയ മറ്റുവിമാനത്താവളങ്ങളിലേക്കും പ്രവര്‍ത്തനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നെടുമ്പാശ്ശേരി വഴിയാണ് കൂടുതല്‍ കടത്ത് നടക്കുന്നത്.

കള്ളക്കടത്ത് സംഘങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ അന്വേഷണവും നടപടിയും ഉണ്ടായി എങ്കിലും ഈ കണ്ണികൾ ഇപ്പോഴും തുടരുന്നു എന്നാണ് സൂചന.

ശനിയാഴ്ച രാവിലെ ഒന്‍പതിന് ജിദ്ദയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ തിരൂരങ്ങാടി മമ്പുറം മുഗംവീട്ടില്‍ അബ്ബാസ് (52), സ്വീകരിക്കാനെത്തിയ കൊടുവള്ളി ആവിലോരം സ്വദേശികളായ അയ്യപ്പന്‍കണ്ടിയില്‍ ഷംനാദ് (29), തറമ്മല്‍ നൗഫല്‍ (29) എന്നിവരെയാണ് പൊലീസ് പിടികൂടിയതാണ് അവസാന വാർത്ത. ഇത് കസ്റ്റംസ് പരിശോധന പൂർത്തിയാക്കി ശേഷമായിരുന്നു.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിച്ച 1.103 കിലോ സ്വര്‍ണം പോലീസ് പിടികൂടി. ഇവര്‍ വന്ന കാര്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണം മിശ്രിതരൂപത്തില്‍ നാല് കാപ്സ്യൂളിലാക്കിയാണ് സ്വര്‍ണം ശരീരത്തിലൊളിപ്പിച്ചത്.