പി സി ജോർജിനെ തേടി പൊലീസ്, മുൻകൂർ ജാമ്യത്തിന് ശ്രമം

അറസ്റ്റ് ഭയന്ന് മുങ്ങിയ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

പി.സി.ജോര്‍ജ് വീട്ടില്‍ നിന്ന് കടന്ന മാരുതി എസ് ക്രോസ് കാര്‍ ബന്ധുവായ ഡെജോ പ്ലാന്തോട്ടത്തിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ഡെജോയുടെ ഫോണ്‍ ഇന്നലെ മുതല്‍ സ്വിച്ച് ഓഫ് ആണ്. ഇയാളുടെ വീട്ടിലും പോലീസ് പരിശോധന നടത്തി.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പി.സി.ജോര്‍ജ് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പുറത്തുപോയത്. തനിക്കൊപ്പം വരേണ്ടതില്ലെന്ന് ഗണ്‍മാനോട് ജോര്‍ജ് നിര്‍ദേശിച്ചിരുന്നു. പി.സി.ജോര്‍ജുമായി പുറത്തുപോയ മാരുതി എസ് ക്രോസ് കാര്‍ ഒരു മണിക്കൂറിന് ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ജോര്‍ജ് അതിലുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിലേക്ക് മാറി പി.സി.ജോര്‍ജ് കടന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കേരളം വിടാനുള്ള സാധ്യതയും പോലീസ് തള്ളികളയുന്നില്ല. ആ നിലയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ജോര്‍ജിന്റെ സഹോദരന്‍ ചാര്‍ളിയുടെ വീട്ടിലും പോലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകാനാണ് ശ്രമം. എന്നാൽ ഒരു കേസിൽ ജാമ്യത്തിലിറങ്ങി അതേ വിദ്വേഷ പ്രസംഗം തുടരുകയാണ് പി സി ജോർജ് ചെയ്തത്.

പി.സി. ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്. വെണ്ണലയില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ പ്രകോപന പരാമര്‍ശങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

വെണ്ണലയിലെ ക്ഷേത്രത്തില്‍ സപ്താഹയജ്ഞത്തോടനുബന്ധിച്ചായിരുന്നു പ്രസംഗം. പ്രസംഗം മതവിദ്വേഷം വളര്‍ത്തുന്നതാണെന്ന ആരോപണത്തെത്തുടര്‍ന്ന് പാലാരിവട്ടം പോലീസാണ് കേസെടുത്തത്. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗം നടത്തിയെന്ന കുറ്റം നിലനില്‍ക്കില്ലെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

തിരുവനന്തപുരത്ത് സമാനമായ സംഭവത്തില്‍ കേസെടുത്ത കാര്യവും കോടതി ചൂണ്ടിക്കാട്ടി. മതവികാരം മുറിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന വ്യവസ്ഥയിലാണ് അന്ന് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ജാമ്യത്തിലിറങ്ങി 10 ദിവസത്തിനകം ജോര്‍ജ് ഈ നിര്‍ദേശം ലംഘിച്ചു. ഇതെല്ലാം മുന്‍കൂര്‍ജാമ്യം നല്‍കാന്‍ തടസ്സമാണെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ട്രൂകോളർ വേണ്ട, വിളിക്കുന്നയാളുടെ പേര് പ്രദർശിപ്പിക്കുന്ന സംവിധാനം പരിഗണനയിൽ

0

ട്രൂകോളര്‍ പോലുള്ള ആപ്പുകളുടെ സാന്നിധ്യം ഒഴിവാക്കി ഫോൺ നമ്പർ എടുത്തയാളുടെ പേര് വിവരങ്ങൾ കാൾ ചെയ്യുമ്പോൾ പ്രദർശിപ്പിക്കുന്ന പദ്ധതിയുമായി ട്രായ്. ഫോണ്‍ നമ്പര്‍ എടുക്കുമ്പോള്‍ നല്‍കിയ കെ.വൈ.സി. രേഖകളിലെ പേര് ഫോണുകളില്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ സംവിധാനത്തിനുള്ള സാധ്യത ട്രായ് പരിഗണിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രായ് ചെയര്‍മാന്‍ പിഡി വഗേല പറഞ്ഞു.

‘ഇതിനുള്ള നിര്‍ദേശം മാത്രമാണ് ലഭിച്ചിട്ടുള്ളത്. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. ആരെങ്കിലും വിളിക്കുമ്പോള്‍ കെവൈസി അടിസ്ഥാനമാക്കിയായിരിക്കും പേര് കാണിക്കുക.’ വഗേല പറഞ്ഞു.

ട്രൂകോളറിനേക്കാള്‍ കൂടുതല്‍ വിശ്വാസ്യത നല്‍കുന്നതായിരിക്കും പുതിയ സംവിധാനം. ഫോണ്‍ നമ്പര്‍ നല്‍കുമ്പോള്‍ കമ്പനികള്‍ ശേഖരിച്ച രേഖകളിലെ പേരാണ് ഇതില്‍ കാണിക്കുക. നമ്പറിന്റെ യഥാര്‍ത്ഥ ഉടമയുടെ പേരായിരിക്കും ഇത്. ഓരോ വ്യക്തിയുടെയും ഫോണ്‍ കോണ്‍ടാക്റ്റ് ലിസ്റ്റ് മുഴുവന്‍ ശേഖരിച്ചെടുത്താണ് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

പി സി ജോർജ് ഒളിവിൽ,

മുന്‍ എം.എല്‍.എ പി.സി ജോര്‍ജിനെ പോലീസ് തിരയുന്നു. പാലാരിവട്ടം വെണ്ണലയില്‍ നടത്തിയ വർഗ്ഗീയ വിദ്വേഷ പ്രസംഗത്തിലാണ് അറസ്റ്റിന് ഒരുങ്ങുന്നത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി രാവിലെ പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഈരാറ്റുപേട്ടയിലെ വീട്ടില്‍ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി എങ്കിലും പിസി ജോർജിനെ കണ്ടെത്താനായില്ല. അറസ്റ്റ് ഭയന്ന് എംഎൽഎ ഒളിവിൽ പോയതായാണ് സൂചന.

അനുസരിക്കാൻ പിണറായിയുടെ ശമ്പളക്കാരൻ അല്ലാല്ലോ. സർക്കാരിന്റെ ഭാഗത്ത് നിന്നും പോലീസിന്റെ ഭാഗത്ത് നിന്നും നീതി കിട്ടിയില്ലെങ്കിൽ ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് നീതി കിട്ടുമോ എന്നാണ് നോക്കുന്നതെന്ന് ഇദ്ദഹത്തിൻ്റെ മകൻ ഷോൺ ജോർജ് പ്രതികരിച്ചു . തിങ്കളാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നും പറഞ്ഞു.

ഇതോടെ തത്ക്കാലം പി സി ജോർജ് ഒളിവിൽ പോയിരിക്കയാണ് എന്ന് വ്യക്തമായി. പൊലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു എങ്കിലും കഴിഞ്ഞില്ല.

സ്വർണ്ണക്കടത്തു സംഘങ്ങൾ പുത്തൻ അധോലോകമാവുന്നു, പ്രവാസിയെ മർദ്ദിച്ചു കൊന്നവർ പിടിയിൽ

നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്വർണ്ണക്കടത്ത് സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റിലായി.

സ്വര്‍ണക്കടത്ത് അധോലോക സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മരിച്ച അബ്ദുള്‍ ജലീലിന് ക്രൂരമായ മര്‍ദനമേറ്റിരുന്നു. 15-ാം തീയതി മുതല്‍ 18-ാം തീയതി വരെ ഇയാള്‍ പ്രതികളുടെ കസ്റ്റഡിയിലായിരുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും മര്‍ദനമേറ്റിട്ടുണ്ട്. ദേഹം മുഴുവന്‍ മുറിവുകളാണ്. വടിയും ഇരുമ്പ് വടിയും ഉപയോഗിച്ചാണ് പ്രതികള്‍ ജലീലിനെ ആക്രമിച്ചത്.

അലിമോന്‍, അല്‍ത്താഫ്, റഫീഖ്, അനസ്ബാബു, മണികണ്ഠന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയെന്ന് കരുതുന്ന യഹിയ ഒളിവിലാണെന്നും സംഭവത്തില്‍ കൂടുതല്‍പേര്‍ പ്രതികളാകുമെന്നും മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.

ഒളിവിലുള്ള പ്രതി യഹിയക്ക് കുഴല്‍പ്പണം, സ്വര്‍ണക്കടത്ത് ഇടപാടുകളില്‍ പങ്കുണ്ടെന്നാണ് വിവരം. പിടിയിലായ അല്‍ത്താഫ്, അലിമോന്‍, റഫീഖ് എന്നിവര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. പ്രതികളെ രക്ഷപ്പെടാനും മറ്റും ഒട്ടേറെപേര്‍ സഹായിച്ചിട്ടുണ്ട്. ഇവരും കേസിലെ പ്രതികളാകുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

15-ാം തീയതി ജിദ്ദയില്‍നിന്ന് നാട്ടിലെത്തിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീലി(42)നെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ ഒരുസംഘം തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് അബ്ദുള്‍ ജലീലിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അബോധാവസ്ഥയിലായ ജലീലിനെ വ്യാഴാഴ്ച രാവിലെയാണ് യഹിയ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍നിന്നും രക്ഷപെട്ടു.

ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന അബ്ദുള്‍ ജലീല്‍ 15-ാം തീയതി രാവിലെയാണ് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. വിമാനമിറങ്ങിയെന്ന വിവരം വീട്ടിൽ വിളിച്ചറിയിച്ചിരുന്നു. വീട്ടുകാര്‍ ജലീലിനെ കൂട്ടാനായി പുറപ്പെട്ടെങ്കിലും അവരോട് തിരികെ മടങ്ങാനാണ് ജലീല്‍ പറഞ്ഞത്. കൂട്ടുകാരനൊപ്പം വീട്ടിലെത്താമെന്നും അറിയിച്ചു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല.

കാണാതായതോടെ വീട്ടുകാര്‍ അഗളി പോലീസില്‍ പരാതി നല്‍കി. പിറ്റേദിവസം വീട്ടുകാര്‍ ജലീലിനെ വിളിച്ചപ്പോള്‍ ഫോണില്‍ ലഭിക്കുകയും പരാതി നല്‍കിയ കാര്യം അറിയിക്കുകയും ചെയ്തു. പരാതി പിന്‍വലിക്കാനും അടുത്തദിവസം വീട്ടില്‍ വരുമെന്നുമായിരുന്നു ജലീലിന്റെ മറുപടി.

എന്നാല്‍ ഇതിനുശേഷം ജലീലിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയാണ് ജലീലിനെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് അജ്ഞാതന്‍ ഫോണ്‍വിളിച്ച് അറിയിച്ചത്. ജലീലിനെ ആശുപത്രിയില്‍ എത്തിച്ച് ഒളിവില്‍പോയ യഹിയ തന്നെയാണ് വീട്ടിലേക്ക് വിളിച്ച് വിവരമറിയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.

വിലക്കയറ്റം പരിധിവിട്ടു, ജനരോഷം ഭയന്ന് ഇന്ധന നികുതി കുറച്ചു, പിന്നാലെ കേരളവും

കേന്ദ്ര സർക്കാരിന് പിന്നാലെ സംസ്ഥാന സർക്കാരും പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തും എന്ന് പ്രഖ്യാപിച്ചു. പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാനം കുറവ് വരുത്തുമെന്ന് കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

രാജ്യത്ത് പണപെരുപ്പം രൂക്ഷമായതോടെ ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ ആശ്വാസ പ്രഖ്യാപനത്തിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്ന് വ്യക്തമാക്കിയത്. കേന്ദ്ര എക്‌സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനം.

ഇതിനു പിന്നാലെ, കേന്ദ്ര സർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ ഡീസൽ നികുതിയിൽ ഭാഗികമായി കുറവു വരുത്തിയതിനെ സംസ്ഥാന സർക്കാർ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

കേന്ദ്രസർക്കാർ ഭീമമായ തോതിൽ വർധിപ്പിച്ച പെട്രോൾ/ഡീസൽ നികുതിയിൽ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണ്. ഇതിനെ സംസ്ഥാസർക്കാർ സ്വാഗതം ചെയ്യുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ നികുതി 2.41 രൂപയും ഡീസൽ നികുതി 1.36 രൂപയും സംസ്ഥാന സർക്കാർ കുറയ്ക്കുന്നതാണ് എന്ന് കേരള ധനമന്ത്രി പ്രഖ്യാപിച്ചു.

പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതി കുറയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു. ലോക വിപണിയിൽ ക്രൂഡോയിൽ വില കുറയുമ്പോഴും ഇന്ധന വില വർധിപ്പിക്കുന്ന നിലപാടാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇത് രൂക്ഷമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇപ്പോൾ വിലക്കയറ്റവും പണപ്പെരുപ്പവും കൈ വിട്ടതോടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നടപടി വേണ്ടി വന്നിരിക്കയാണ്.

ദത്തു വിവാദം മറികടന്ന്, അനുപമയും കുഞ്ഞും യൂട്യൂബിൽ വൈറലാവുന്നു

ദത്തുവിവാദത്തിലൂടെ വാര്‍ത്തകളിലും ഹൃദയങ്ങളിലും ഇടംപിടിച്ച അനുപമ എസ് ചന്ദ്രനും ഭര്‍ത്താവ് അജിത് കുമാറും മകന്‍ എയ്ഡനും യു ട്യൂബിൽ താരമാവുന്നു. മൂന്നു പേരും ഒന്നിച്ചുള്ള ഫാമിലി വ്‌ളോഗുകൾ പതിനായിര കണക്കിന് ലൈക്കുകളുമായി മുന്നേറുകയാണ്.

‘അനുപമ അജിത് വ്‌ളോഗുകള്‍’ എന്ന പേരിലാണ് യുട്യൂബ് അക്കൗണ്ടുള്ളത്.

ഞങ്ങളുടെ ഒരു ദിവസത്തെ വിശേഷങ്ങള്‍ എന്ന തലക്കെട്ടില്‍ രണ്ടു മാസം മുമ്പാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ മൂന്നു ലക്ഷത്തില്‍ അധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഇതിനകം ആറു ഫാമിലി വ്‌ളോഗുകള്‍ ചെയ്തു. ഇരുവരുടേയും പ്രണയകഥയും കൂട്ടുകുടുംബത്തെ പരിചയപ്പെടുത്തുന്നതുമെല്ലാം വീഡിയോകളിലുണ്ട്.

ഒന്നര വയസുകാരനായ ഏബുവിനൊപ്പം (എയ്ഡന്‍) ശംഖുമുഖത്തേക്കുള്ള യാത്രയുടെ വീഡിയോയും ലൈക്കിൽ നിറഞ്ഞു.

ലോകമെങ്ങുമുള്ള ഒട്ടേറെപ്പേര്‍ കുഞ്ഞിന്റെ വിശേഷങ്ങള്‍ തിരക്കി വിളിക്കാറുണ്ട്. എങ്കില്‍ എന്തുകൊണ്ട് അവന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ എല്ലാവരുമായും പങ്കുവെച്ചുകൂടാ എന്ന ചിന്തയില്‍ നിന്നാണ് വ്‌ളോഗ് എന്ന ആശയത്തിലേക്ക് എത്തിയത് എന്നവർ പറയുന്നു.

പേരൂര്‍ക്കടയിലെ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്നു അജിത് ജോലിയില്‍ തിരികെ പ്രവേശിച്ചിട്ടുണ്ട്. ബിരുദം പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് അനുപമ. ചെമ്പഴന്തി എസ്എന്‍ കോളേജില്‍ അവസാന വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥിനിയാണ്. തിരുമല വലിയവിളയിലാണ് താമസം. അജിത്തിന്റെ മാതാപിതാക്കളും സഹോദരന്റെ കുടുംബവും ഉൾപ്പെടുന്ന വീടാണ്.

“ഇതാ ഞാനാണ് നിഖാത് സരീൻ” പുഛവും സദാചാര ഗുണ്ടാ വിലക്കും മറികടന്ന ലോക കിരീടം

നിഖാത് സരീൻ ലോകത്തിന് മുന്നിൽ നിൽക്കുന്നത് ഒരു പെൺകുട്ടിയെ വരിഞ്ഞ് മുറുക്കാനായി ഒന്നിച്ച എല്ലാം ശക്തികളെയും ഇടിച്ചു തകർത്താണ്.

ബോക്സിംഗില്‍ ചരിത്രനേട്ടമാണ് അവർ കെെയ്യിലൊതുക്കിയത്. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍(Women’s Boxing Championships) തായ്‌ലന്‍ഡിന്‍റെ ജുറ്റ്മാസ് ജിറ്റ്പോങിനെ തറപറ്റിച്ചു. സ്വര്‍ണം നേടി. തായ് എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സരീന്‍റെ സ്വര്‍ണനേട്ടം. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്‍.

സ്വര്‍ണനേട്ടത്തിന് പിന്നാലെ സരീന് കായികലോകത്തു നിന്ന് അഭിനന്ദനപ്രവാഹമാണ്. വനിതാ ബോക്സിംഗില്‍ മേരി കോമിന്‍റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്. എന്നാലിപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സരീന്‍ മേരി കോമിന്‍റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.

ബോക്സിം​ഗിൽ നിഖാത് സ്വർണം നേടിയപ്പോൾ വീണ്ടും ഉയർന്നു വന്ന ചോദ്യമാണ്. ആരാണ് ഈ നിഖാത് സരീൻ? ഇന്ത്യൻ കായിക ലോകം അടുത്ത് കാലത്ത് കേട്ട ഏറ്റവും പ്രശസ്തമായ ഒരു ചോദ്യമായിരുന്നു ഇത്.

ഈ ചോദ്യം ചോദിച്ചതോ ബോക്സിങ് ഇതിഹാസ താരം മേരി കോമും. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് മേരി കോ ഈ ചോദ്യം ചോദിച്ചത്. തന്നെ ബോക്സിങ് വേദിയിൽ വെല്ലുവിളിക്കാനെത്തിയ യുവതാരത്തോടുള്ള പുച്ഛമായിരുന്നു അന്ന് മേരി കോമിന്റെ ആ ചോദ്യത്തിൽ. എന്നാൽ ഇന്ന് രാജ്യം മുഴുവൻ ഈ ചോദ്യം ആവർത്തിക്കുകയാണ്. വിസ്മയത്തോടെയും ആദരവോടെെയും മാത്രമാണ് എന്നുമാത്രം.

പിതാവിൻ്റെയും മകളുടെയും പോരാട്ടവും മധുര പ്രതികാരവും

മുന്‍ ക്രിക്കറ്റ് താരവും ഫുട്‌ബോള്‍ താരവുമായ മുഹമ്മദ് ജമീലിൻ്റെ നാല് പെണ്‍മക്കളില്‍ നടുവിലത്തവളാണ് നിഖാത്. ജീവിത പ്രാരാബ്ധങ്ങളുമായി സൗദി അറേബ്യയിലേക്ക് ജോലി തേടിപ്പോയ ജമീലിന് കായിക കരിയര്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നതാണ്. പക്ഷെ മകളിലൂടെ കായിക സ്വപ്നങ്ങൾ തിരിച്ചു പിടിച്ചു.

ഇതിനിടയിൽ വെല്ലുവിളികൾ പല കോണുകളിൽ നിന്നായിരുന്നു. ബോക്‌സിങ്ങിനായി ഷോര്‍ട്‌സും ട്രെയ്‌നിങ് ഷര്‍ട്ടും ധരിക്കുന്നത് ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ എതിർത്തു. സദാചാര പൊലീസിങ്ങിന് വിധേയമായി. പക്ഷെ സ്പോർട്സ് പ്രേമം അവർ കൈവെടിഞ്ഞില്ല.

എന്നാല്‍ അവരുടെ വാക്കുകളൊന്നും ജമീലും ഭാര്യ പര്‍വീണ്‍ സുല്‍ത്താനയും കാര്യമായെടുത്തില്ല. മകള്‍ക്കൊപ്പം ഉറച്ചുനിന്നു. പതുക്കെ പതുക്കെ എതിര്‍പ്പുകള്‍ മുറുമുറപ്പുകളായി മാറി. പിന്നീട് അത് കെട്ടടങ്ങി.

അമ്മാവന്‍ സംസമുദ്ദീന്റെ മക്കളായ ഇത്ഷാമുദ്ദീനും ഇതിഷാമുദ്ദീനും ബോക്‌സര്‍മാരാണ്. അതുകൊണ്ടു വീട്ടിനുള്ളില്‍തന്നെ നിഖാത് ബോക്‌സിങ് റിങ് കണ്ടെത്തി

‘ബോക്‌സിങ് താരം ആകാനുള്ള അവളുടെ താത്പര്യത്തെ കുറിച്ച് നിഖാത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഷോര്‍ട്‌സും ട്രെയ്‌നിങ് ഷര്‍ട്ടും ധരിക്കുന്നതിനെതിരേ പ്രതിഷേധമുണ്ടായി. പക്ഷേ ഞങ്ങള്‍ അവളോടൊപ്പം നിന്നു. ലോക ചാമ്പ്യന്‍ഷിപ്പിലെ മകളുടെ ഈ മെഡല്‍ രാജ്യത്തെ ഓരോ പെണ്‍കുട്ടിക്കും ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാനുള്ള പ്രചോദനമാകും. ഒരു കുട്ടി, അവര്‍ ആണോ പെണ്ണോ ആകട്ടെ, അവരുടേതായ വഴി കണ്ടെത്താനുള്ള അവസരമൊരുക്കി കൊടുക്കണം. നിഖാത് അവളുടെ സ്വന്തം വഴി കണ്ടെത്തി ലോകചാമ്പ്യനായി.’ ജമീലും പര്‍വീണും പറയുന്നു.

ജമീലിന്റെ പിന്തുണയില്‍ വളര്‍ന്ന നിഖാതിന്റെ ആയുധം ക്ഷമയായിരുന്നു. മേരി കോം എന്ന ഇതിഹാസ താരത്തിന്റെ നിഴലില്‍ നിന്ന് പുറത്തു കടക്കുന്ന ഒരു ദിവസമുണ്ടാകുമെന്നും അതിനായി കാത്തിരിക്കണമെന്നും ജമീല്‍ മകളോട് പറഞ്ഞു. എന്നാല്‍ 2017-ല്‍ തോളെല്ലിനേറ്റ പരിക്ക് അവളുടെ ഒരു വര്‍ഷം കവര്‍ന്നെടുത്തു. ആ പരിക്കിന് അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മകള്‍ ലോകചാമ്പ്യനായി മാറിയപ്പോള്‍ വേദനയും നിരാശയുമെല്ലാം ഓര്‍മയായി മാറിയെന്നും ജമീല്‍ അഭിമാനത്തോടെ പറഞ്ഞു.

ആദ്യം അത്‌ലറ്റിക്‌സിലാണ് നിഖാത് പരീക്ഷണം നടത്തിയത്. സ്പ്രിന്റ് ഇനങ്ങളില്‍ സംസ്ഥാന ചാമ്പ്യനായി. എന്നാല്‍ അവളുടെ മേഖല ബോക്‌സിങ്ങാണെന്ന ജമീല്‍ വൈകാതെ തിരിച്ചറിഞ്ഞു. ആ കണക്കുകൂട്ടല്‍ പിഴച്ചില്ല. 14-ാം വയസ്സില്‍ ലോക യൂത്ത് ബോക്‌സിങ്ങില്‍ ചാമ്പ്യനായി. 11 വര്‍ഷങ്ങള്‍ക്കിപ്പുറം ലോക വനിതാ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പിലും ഈ തെലങ്കാനക്കാരി സുവർണ്ണ താരമായി.

ബിനീഷ് കൊടിയേരിക്ക് സുപ്രീം കോടതി നൊട്ടീസ്

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജിയി പ്രകാരം സുപ്രീം കോടതി നോട്ടീസ് അയച്ചു. ലഹരി ഇടപാട് കേസിലെ കള്ളപ്പണം വെളുപ്പിച്ചെന്ന ഇ ഡി കുറ്റപത്ര പ്രകാരമാണ് ബിനീഷിന് നൊട്ടീസ് നൽകിയത്.

ജസ്റ്റിസുമാരായ ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

കള്ളപ്പണ ഇടപാടില്‍ ബിനീഷിനെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് ഇ.ഡിക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് വാദിച്ചു. വരവില്‍ കവിഞ്ഞ സ്വത്തുക്കളുടെ സ്രോതസ് വ്യക്തമാക്കാന്‍ ഇനിയും ബിനീഷിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം. അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ ചോദ്യംചെയ്യലിന് ഇതുവരെയും ഹാജരായിട്ടില്ലെന്ന സാഹചര്യത്തിലാണിത്. ഐ.ഡി.ബി.ഐ., എച്ച്.ഡി.എഫ്.സി., എസ്.ബി.ഐ., ഫെഡറല്‍ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് വ്യക്തമാക്കിയിട്ടില്ലെന്ന് ഇ ഡി വാദിച്ചു.

പറന്നുയർന്ന വിമാനത്തിൻ്റെ എഞ്ചിൻ നിലച്ചു, എയർ ഇന്ത്യ 320 നിയോ തിരിച്ചിറക്കി

സാങ്കേതിക തകരാർ സംഭവിച്ചത് കാരണം എയര്‍ ഇന്ത്യയുടെ എയര്‍ബസ് 320 നിയോ വിമാനം തിരിച്ചിറക്കി. മുംബൈ വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന വിമാനം 27 മിനുട്ട് പറന്ന ശേഷമാണ് പ്രശ്നം ശ്രദ്ധയിൽ പെട്ടത്. വിമാനത്തിന്റെ രണ്ട് എന്‍ജിനുകളില്‍ ഒന്ന് പ്രവർത്തന സജ്ജമല്ലെന്ന് കണ്ടെത്തി.

മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട വിമാന. വെള്ളിയാഴ്ച രാവിലെ 9.43ന് പറന്നുയര്‍ന്ന് മാണ്. അല്‍പസമയത്തിനു ശേഷം പൈലറ്റിന് സാങ്കേതിക തകരാറിനെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് 10.10 ഓടെയാണ് വിമാനം താഴെയിറക്കിയത്.

യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ബെംഗളൂരുവിലേക്ക് അയച്ചതായി എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം ആരംഭിച്ചു. ഗുരുതരമായ പിഴവായാണ് എഞ്ചിൻ നിശ്ചലതയെ കാണുന്നത്.

മസാജ് ചെയ്യുമ്പോൾ അരയിലെ വസ്ത്രം മാറ്റി പ്രലോഭനം, ഒതുക്കാൻ കോടികൾ; ഇലോൺ മസ്കിനെതിരെ മി ടൂ….

സ്‌പേസ് എക്‌സ് ജീവനക്കാരിയോട് ഇലോണ്‍ മസ്‌ക് ലൈംഗികാതിക്രമം നടത്തിയതായി ജീവനക്കാരിയുടെ കൂട്ടുകാരി. പുറത്തുപറയാതിരിക്കാനായി കമ്പനി 2.5 ലക്ഷം ഡോളര്‍ നല്‍കിയതായും വെളിപ്പെടുത്തല്‍. ഫ്‌ളൈറ്റ് അറ്റന്റായ ജീവനക്കാരിയ്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും ലൈംഗികചുവയോടെ സംസാരിച്ചുവെന്നും സ്പര്‍ശിച്ചുവെന്നും ജീവനക്കാരിയുടെ കൂട്ടുകാരിയെ ഉദ്ദരിച്ച് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌പേസ് എക്‌സ് കോര്‍പ്പറേറ്റ് ജെറ്റ് ക്രൂ അംഗമായ കരാര്‍ ജീവനക്കാരിയോട് പ്രലോഭകരമായി പെരുമാറി. 2016-ലാണ് സംഭവം.

യാത്രയ്ക്കിടെ മസ്‌ക് ജീവനക്കാരിയോട് മുഴുവന്‍ ശരീരവും തടവിത്തരാന്‍ ആവശ്യപ്പെടുകയായിരുന്നു. മസ്‌ക് തന്റെ അരയ്ക്ക് താഴെ മറച്ചിരുന്ന ഷീറ്റ് മാറ്റി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്താല്‍ ഒരു കുതിരയെ വാങ്ങിത്തരാമെന്ന് മസ്‌ക് പറഞ്ഞു. ഇതിനിടെ ജീവനക്കാരിയുടെ തുടയിൽ തടവി. ജീവനക്കാരി കൂട്ടുകാരിയോട് വെളിപ്പെടുത്തി.

മസ്‌കിന് മസാജ് ചെയ്തുകൊടുക്കുന്നതിന് വേണ്ടി മസാജ് ചെയ്യുന്നവര്‍ക്കുള്ള ലൈസന്‍സ് നേടാന്‍ സ്‌പേസ് എക്‌സ് ജീവനക്കാരിയെ പ്രോത്സാഹിപ്പിച്ചിരുന്നു. അതിനുള്ള ചിലവെടുക്കാമെന്നും കമ്പനി വാഗ്ദാനം ചെയ്കു. മസാജ് മസ്‌കിന് ഇഷ്ടപ്പെട്ടാല്‍ ഗുണം ചെയ്യുമെന്നും നിര്‍ദേശിച്ചു.

കുതിര സവാരി ഇഷ്ടപ്പെടുന്നയാളയിരുന്നു ജീവനക്കാരി. ഇതറിഞ്ഞുകൊണ്ടായിരുന്നു മസ്‌കിന്റെ വാഗ്ദാനം. എന്നാല്‍ ഈ വാഗ്ദാനം നിരസിച്ച ജീവനക്കാരി. ലൈംഗികമായി വഴങ്ങണമെന്ന മസ്‌കിന്റെ ആവശ്യം അംഗീകരിക്കാതെ സാധാരണ മസാജ് തുടർന്നു. ജീവനക്കാരിയുടെ പേരും മറ്റ് വിവരങ്ങളും തങ്ങള്‍ക്ക് അറിയാമെന്നും എന്നാല്‍ അത് വെളിപ്പെടുത്തില്ലെന്നും ഇന്‍സൈഡര്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിഷയത്തില്‍ നേരിട്ട് പ്രതികരിക്കാനും ജീവനക്കാരി തയ്യാറായില്ല.

ഇത് കഥ മാത്രമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് മസ്‌കിന്റെ പ്രതികരണം. ലണ്ടനിലേക്കുള്ള ഒരു യാത്രയ്ക്കിടെയാണ് ജീവനക്കാരി തന്നോട് ഈ ദുരനുഭവം പറഞ്ഞത് എന്ന് കൂട്ടുകാരി പറയുന്നു. അവള്‍ ആകെ മാനസിക പ്രയാസത്തിലായിരുന്നു. അതുവരെ അവള്‍ ഏറെ ആരാധനയോടെ കണ്ട വ്യക്തിയായിരുന്നു മസ്‌ക്. സംഭവത്തിന് ശേഷം അവളാകെ വിഷമത്തിലായി.

എങ്കിലും ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറി ജോലി തുടര്‍ന്ന ജീവനക്കാരിക്ക് കമ്പനിയില്‍ നിന്ന് പ്രതികാരനടപടികള്‍ നേരിടേണ്ടി വന്നു. ജോലി സമയങ്ങള്‍ വെട്ടിക്കുറച്ചു. മസ്‌കിന്റെ ഇംഗിതത്തിന് വഴങ്ങാത്തതിന് തന്നെ പതിയെ ശിക്ഷിച്ച് പുറത്താക്കാനുള്ള ശ്രമമാണോ എന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. സ്‌പേസ് എക്‌സില്‍ അവള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞുവന്നു. ഇതോടെ അവര്‍ ഒരു അഭിഭാഷകയെ സമീപിക്കുകയും കമ്പനിയുടെ എച്ച് ആര്‍ വകുപ്പില്‍ തന്റെ ദുരനുഭവം വിശദമാക്കി പരാതി നല്‍കുകയും ചെയ്തു.

2018-ല്‍ 2.5 ലക്ഷം ഡോളറിന് ഇരു കക്ഷികളും തമ്മില്‍ പരാതിയുമായി മുന്നോട്ട് പോവില്ലെന്നും ഒന്നും പുറത്ത് പറയില്ലെന്നുമുള്ള വ്യവസ്ഥയില്‍ നോണ്‍ ഡിസ്‌ക്ലോഷര്‍ കരാറില്‍ ഒപ്പിട്ടു.

ഇരയായ ജീവനക്കാരിയോട് ചോദിക്കാതെ സംഭവം പുറത്തുവിടാന്‍ സ്വയം തീരുമാനിക്കുകയായിരുന്നുവെന്ന് കൂട്ടുകാരി പറഞ്ഞു. അത് തന്റെ ഉത്തരവാദിത്വമാണെന്ന് തോന്നിയെന്നും തടസമായി തനിക്ക് മസ്‌കുമായി യാതൊരു വിധ കരാറുമില്ലെന്നും അവര്‍ പറഞ്ഞു.

അതേസമയം, സ്‌പേസ് എക്‌സ് ആസ്ഥാനമായ കാലിഫോര്‍ണിയയില്‍ ജീവനക്കാരിയും മസ്‌കും ഒപ്പിട്ട കരാറിന് നിയമ സാധുതയില്ലെന്ന് കൂട്ടുകാരി മനസിലാക്കി. ഈ കരാറൊപ്പിടലിന് ശേഷം അതേ വര്‍ഷം തന്നെ ഗവര്‍ണറായ ജെറി ബ്രൗണ്‍ ‘നോണ്‍ ഡിസ്‌ക്‌ളോഷര്‍ ആക്റ്റിന്’ എതിരായി നിയമം പാസാക്കിയിരുന്നു. ഇതുവഴി ലൈംഗികചൂഷണങ്ങളുമായി ബന്ധപ്പെട്ടുള്ള കരാറുകള്‍ക്ക് നോണ്‍ ഡിസ്‌ക്ലോഷര്‍ ആക്റ്റിന് കീഴില്‍ സംരക്ഷണമുണ്ടാവില്ല.