അവശ്യ വസ്തുക്കളുടെ വിലക്കയറ്റം 118 ശതമാനം വരെ, പട്ടികയുമായി കേന്ദ്രസർക്കാരിനെതിരെ ശശി തരൂർ

ബി ജെ പി മുന്നണി ഭരണകാലത്തെ രൂക്ഷമായ വിലക്കയറ്റം താരതമ്യ കണക്കു സഹിതം ചൂണ്ടികാട്ടി ശശിതരൂർ. കോണ്‍ഗ്രസ് ഭരണകാലത്തും ബിജെപി ഭരണകാലത്തുമുള്ള ഭക്ഷ്യ വസ്തുക്കളുടെ വില വ്യത്യാസം പട്ടിക സഹിതം വിവരിച്ചാണ് എം പിയുടെ ആക്രമണം.

അരി, ഗോതമ്പ്, പച്ചക്കറി, പാല്‍, എണ്ണ തുടങ്ങി ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.

‘യുപിഎയും എന്‍ഡിഎയും തമ്മിലുള്ള മറ്റൊരു വ്യത്യാസം കൂടിയാണിത്. നിങ്ങള്‍ ഇത് ദിവസവും അനുഭവിക്കുന്നു’,

യുപിഎയും എന്‍ഡിഎയും തമ്മിലുള്ള മറ്റൊരു വ്യത്യാസം കൂടിയാണിത്. നിങ്ങള്‍ ഇത് ദിവസവും അനുഭവിക്കുന്നു’,- പട്ടികയോടൊപ്പം തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

2014-ലേയും 2022-ലേയും ഭക്ഷ്യവസ്തുക്കളുടെ വില വ്യത്യാസമാണ് അദ്ദേഹം പട്ടികപ്പെടുത്തിയിട്ടുള്ളത്.

അരി, ഗോതമ്പ്, പരിപ്പ്, പഞ്ചാസാര, പാല്‍, തേയില, ഉപ്പ്, ഉരുളക്കിഴങ്ങ്, തക്കാളി, ഉള്ളി, തുടങ്ങിയ ഭക്ഷ്യഉത്പന്നങ്ങള്‍ക്ക് പത്ത് മുതല്‍ 60 ശതമാനംവരെയാണ് വില വര്‍ധനവുണ്ടായിട്ടുള്ളതെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്ത പട്ടികയില്‍ പറയുന്നു. എല്ലാ വിഭാഗം ജനങ്ങളുടെയും നടുവൊടിക്കുന്ന വർധനവാണ്.

വനസ്പതിക്ക് 118 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. 2014-ല്‍ 73.47 രൂപ ഉണ്ടായിരുന്ന വനസ്പതിക്ക് ഇന്ന് 160.17 രൂപയാണ്. 118 ശതമാനം വിലക്കയറ്റം . പാംഓയിലിന്റെ വിലയില്‍ 109 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. 74.58 രൂപയുണ്ടായിരുന്ന പാം ഓയിലിന് ഇന്നത്തെ വില 155.89 രൂപയാണ്

അരിക്കും ഗോതമ്പിനും 37 ശതമാനം വരെ വില ഉയർന്നു കഴിഞ്ഞു. ഉപ്പിന് പോലും 31 ശതമാനം വിലക്കയറ്റം ഈ കാലയളവിൽ ഉണ്ടായി. പരിപ്പ് വർഗ്ഗങ്ങളുടെ വില വർധിച്ചിരിക്കുന്നത് 50 ശതമാനത്തോളമാണ്. ഉത്തരേന്ത്യയിൽ കൂടുതലായി ഉപയോഗിക്കുന്ന കടുക് എണ്ണയുടെ വില ഏകദേശം ഇരട്ടിയായി. 92 ശതമാനമാണ് വർധന.

ശശതരൂരിൻ്റെ ട്വീറ്റ് വൈറൽ ആയിരിക്കയാണ്

സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാനത്ത് പുതിയ അന്വേഷക സംവിധാനം

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിന സംസ്ഥാന പൊലീസിന് കീഴിൽ ഇക്കണോമിക് ഒഫന്‍സസ് വിങ്ങ് നിലവില്‍വന്നു. പുതിയ വിങ്ങിന്റെ പ്രവര്‍ത്തനത്തോടെ സംസ്ഥാനത്ത് നടക്കുന്ന പലതരത്തിലുമുളള സാമ്പത്തികത്തട്ടിപ്പുകള്‍ക്ക് അറുതിയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിനന്റെ പുതിയ ആസ്ഥാന മന്ദിരം, പുളിങ്കുന്ന് പൊലീസ് സ്‌റ്റേഷന്‍ കെട്ടിടം, വിവിധ ജില്ലകളിലെ ഫോറന്‍സിക് സയന്‍സ് ലാബുകള്‍, പൊലീസ് സ്‌റ്റേഷനുകളിലെ വനിത ശിശു സൗഹൃദ ഇടങ്ങള്‍, കാസര്‍കോട്ടെ നവീകരിച്ച ജില്ലാ പൊലീസ് ആസ്ഥാനം എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കയായിരുന്നു മുഖ്യമന്ത്രി.

സാക്ഷരതയിലും സാങ്കേതിക അവബോധത്തിലും മുന്നിലാണെങ്കിലും മലയാളികളാണ് എറെയും സാമ്പത്തിക തട്ടിപ്പില്‍പ്പെടുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടും മലയാളികള്‍ വീണ്ടും ചതിക്കുഴികളില്‍ പെടുന്നു. ഉടനടി വായ്പ ലഭ്യമാക്കുന്ന ആപ്പുകള്‍ മുഖേന വായ്പ എടുത്ത് തട്ടിപ്പിന് ഇരയാകുന്നവരും നിരവധിയാണ്. ഇത് ഉള്‍പ്പെടെയുളള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനാണ് സാങ്കേതിക പരിജ്ഞാനവും സാമ്പത്തിക കുറ്റാന്വേഷണത്തില്‍ മുന്‍പരിചയവുമുളള ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍ക്കൊളളിച്ച് ഇക്കണോമിക് ഒഫന്‍സസ് വിങ്ങിന് രൂപം നല്‍കിയത്. ഇതിനായി 226 എക്‌സിക്യുട്ടീവ് തസ്തികകളും ഏഴ് മിനിസ്റ്റീരിയല്‍ തസ്തികകളും സൃഷ്ടിച്ചകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ നില ശ്രീലങ്കൻ പ്രതിസന്ധിക്ക് തുല്യമെന്ന് കണക്കുകളുമായി രാഹുൽ ഗാന്ധി

ഇന്ത്യയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയുടേതിന് സമാനമാണെന്ന് രാഹുൽ ഗാന്ധി. ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി വിവരിക്കുന്ന ഗ്രാഫുകൾ സഹിതമാണ് കടുത്ത വിമർശനവുമായി രാഹുൽ.

രൂക്ഷമായി കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ, നിയന്ത്രണമില്ലാത്ത പെട്രോള്‍ വില, ആവർത്തിക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങൾ എന്നിവയില്‍ ഇരുരാജ്യങ്ങളുടേയും ഗ്രാഫ് ഒരുപോലെയാണെന്ന് രാഹുൽ കണക്കുകൾ കാണിക്കിക്കുന്നു. ട്വിറ്ററിൽ ഇവയുടെ എല്ലാം ചിത്രങ്ങളും പോസ്റ്റ് ചെയ്ട്ടുണ്ട്.

ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതു കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്ന് രാഹുൽ മുന്നറിയിപ്പും നൽകി.

2017 മുതല്‍ 2021 വരേയുള്ള കണക്കുകള്‍ മുഴുവൻ വിശകലനം ചെയ്താണ് ട്വീറ്റ് തയാറാക്കിയിട്ടുള്ളത്.

താമരശ്ശേരി ചുരത്തിൽ ടാങ്കർ മറിഞ്ഞു, ഗതാഗതം നിലച്ചു

താമരശ്ശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. ഇതേ തുടര്‍ന്ന് ചുരത്തിൽ വന്‍ഗതാഗതക്കുരുക്ക്. ചുരത്തിന്റെ ആറാം വളവിലാണ് ലോറി മറിഞ്ഞത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്.

മറിഞ്ഞത് വലിയ വാഹനമായതിനാല്‍ ഗതാഗതം ഏറെക്കുറെ നിശ്ചലമായി. ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധനചോര്‍ച്ചയില്ലെന്നാണ് പ്രാഥമികവിവരം. ഇന്ധന ചോർച്ച വൻ ദുരന്തത്തിലേക്ക് നയിക്കും എന്ന ആശങ്കയുണ്ടായിരുന്നു. വാഹനങ്ങൾ അനങ്ങൻ പറ്റാത്ത നിലയിൽ കുടുങ്ങിയിരിക്കയാണ്.

പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തടസ്സം നീക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

രാജീവ് ഗാന്ധി വധക്കേസിൽ 31 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷം പേരറിവാളൻ മോചിതനായി, ജീവിതം ജയിലിൽ തീർന്നത് അറിയാത്ത കുറ്റത്തിന്

“ഞാനിപ്പോള്‍ പുറത്തിറങ്ങിയിട്ടേയുള്ളൂ, മുപ്പത്തിയൊന്ന് കൊല്ലം നീണ്ട നിയമപോരാട്ടമായിരുന്നു. ഇനി കുറച്ച് ശുദ്ധവായു ശ്വസിക്കണം, അതിന് ശേഷം ഭാവിപദ്ധതികളെ കുറിച്ച് ആലോചിക്കാം…”.

രാജീവ്ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന പേരറിവാളന് മോചനം. ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് പേരറിവാളനെ വിട്ടയക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. 31 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷമാണ് വിട്ടയക്കാനുള്ള തീരുമാനം.

പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018-ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.

രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്‍കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍ ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി.

മകന്റെ മോചനത്തിനായി പോരാടിയ അമ്മ അര്‍പ്പുതമ്മാളും മറ്റ് ബന്ധുക്കളും പേരറിവാളന്റെ ഒപ്പമുണ്ടായിരുന്നു.

പേരറിവാളന്റെ മോചനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടതോടെ പേരറിവാളന്റെ ജോലാര്‍പേട്ടയിലെ വീട്ടിലേക്ക് ബന്ധുക്കളെത്തി. പേരറിവാളനും അമ്മയും പരസ്പരം മധുരം നല്‍കി ആനന്ദം പങ്കിട്ടു. വിവരമറിഞ്ഞെത്തിയ പേരറിവാളന്റെ സഹോദരി ആനന്ദക്കണ്ണീരണിഞ്ഞാണ് സഹോദരന്റെ മോചനം ആഘോഷിച്ചത്. അച്ഛന്‍ കുയില്‍ദാസനും ഏറെ സന്തുഷ്ടനായിരുന്നു. ‘പരിചയവുമില്ലാത്ത നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പം നിന്നു, എന്റെ മകന്റെ മോചനത്തിന് വേണ്ടി വാദിച്ചു. അവരോടെല്ലാം ഏറെ കടപ്പാടുണ്ട്’. അര്‍പ്പുതമ്മാള്‍ പ്രതികരിച്ചു. ജയില്‍മോചിതനായതില്‍ സന്തോഷം പ്രകടിപ്പിക്കുന്ന വിധത്തില്‍ പുരാതനതമിഴ് വാദ്യോപകരണമായ പാറൈ(തപ്പ്)യില്‍ പേരറിവാളന്‍ തന്റെ വിരലുകളാല്‍ താളം പിടിച്ചു.

1991 മേയ് 21 ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാജീവ് ഗാന്ധി വധം ഉണ്ടാവുന്നത്. സ്‌ഫോടനത്തിന്റെ മുഖ്യആസൂത്രകനായ ശിവരശന് ബെല്‍റ്റ് ബോംബ് നിര്‍മിക്കാനുള്ള ബാറ്ററി നല്‍കിയത് പേരറിവാളനാണെന്ന് കണ്ടെത്തിയാണ് അറസ്റ്റ് ചെയ്തത്.

കേസില്‍ പേരറിവാളന്‍ ഉള്‍പ്പെടെ 26 പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് വിധിച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ട് പേരറിവാളന്‍ നല്‍കിയ ദയാഹര്‍ജിയില്‍ തീരുമാനമുണ്ടായത് 2011 ലാണ്. ദയാഹര്‍ജി പരിഗണിക്കുന്നതില്‍ കോടതി വരുത്തിയ കാലതാമസം പരിഗണിച്ച് സുപ്രീം കോടതി പേരറിവാളന്റേയും മറ്റ് രണ്ടുപ്രതികളുടേയും ശിക്ഷ ഇളവുചെയ്ത് ജീവപര്യന്തമാക്കി. 14 വര്‍ഷത്തെ നല്ല നടപ്പ് പരിഗണിച്ച് ജീവപര്യന്ത തടവുകാരുടെ ശിക്ഷ ഇളവുചെയ്യാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് 2014 ല്‍ പേരറിവാളന്‍ അടക്കം ഏഴ് പേരെ മോചിപ്പിക്കാന്‍ ജയലളിത സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷെ സുപ്രീം കോടതി തീരുമാനം തടഞ്ഞു. തുടര്‍ന്ന് പേരറിവാളന്‍ ഗവര്‍ണര്‍ക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു.

2017 ല്‍ അന്വേഷണ ഉദ്യോഗസ്ഥനായ ത്യാഗരാജന്റെ നിര്‍ണായക വെളിപ്പെടുത്തലാണ് പേരറിവാളന്റെ മോചനത്തിന് വഴിയൊരുക്കിയത്. എന്താവശ്യത്തിനാണ് വാങ്ങുന്നതെന്നറിയാതെയാണ് ബാറ്ററികള്‍ വാങ്ങിയതെന്ന പേരറിവാളന്റെ മൊഴി രേഖകളില്‍ നിന്ന് മനഃപൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്ന ത്യാഗരാജന്‍ വെളിപ്പെടുത്തല്‍ പേരറിവാളന് അനുകൂലമായ വികാരം ഉളവാക്കാന്‍ ഇടയാക്കി. ചെയ്യാത്ത കുറ്റത്തിന് ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടി വന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന ആവശ്യം ശക്തമായി. പല ഘട്ടങ്ങളിലായി കേസിലെ ഏഴ് പ്രതികളുടെ മോചനം തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ആവശ്യം മന്ത്രിസഭയുടെ തീരുമാനമായി ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ ഗവര്‍ണര്‍ മാറി. പുതിയ ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ആവര്‍ത്തിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പേരറിവാളന്‍ പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചു. ഭരണഘടനയുടെ 142-ാം അനുച്ഛേദം ഉപയോഗിച്ച് കോടതി പേരറിവാളന്റെ മോചനത്തിന് ഉത്തരവിട്ടു.

ഭൂസമരം വാറങ്കലിൽ ബിനോയ് വിശ്വം എം പി അറസ്റ്റിൽ

തെലങ്കാനയിലെ വാറങ്കലില്‍ ഭൂസമരത്തിനിടെ രാജ്യസഭാ എം.പി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള സിപിഐ നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. സമരസ്ഥലത്തേക്ക് പോകാന്‍ ഇവര്‍ക്ക് പോലീസ് അനുമതി നല്‍കിയിരുന്നില്ല. വിലക്ക് ലംഘിച്ച് ബിനോയ് വിശ്വം എംപിയും തക്കലപ്പള്ളി ശ്രീനിവാസ റാവു തുടങ്ങിയവര്‍ സമരസ്ഥലത്തേക്ക് പോകാന്‍ ശ്രമിച്ചതോടെ വാറങ്കല്‍ സുബദാരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എംപിയെ വാറങ്കലിലെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.

വാറങ്കലില്‍ ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്‍കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരം നടത്തുന്നത്.

സ്കൂൾ ബസ്സൂകൾക്ക് മാർഗ്ഗ നിർദ്ദേശം

വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതിന് വാഹനങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. വാഹനത്തിന്റെ മുമ്പിലും പുറകിലും വിദ്യാഭ്യാസ സ്ഥാപന വാഹനം എന്ന് വ്യക്തമായി പ്രദര്‍ശിപ്പിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. മറ്റ് വാഹനങ്ങളില്‍ സ്‌കൂള്‍ ഡ്യൂട്ടി എന്ന് ബോര്‍ഡും പ്രദര്‍ശിപ്പിക്കണം. അധ്യാപകനോ അനധ്യാപകനോ റൂട്ട് ഓഫിസറായി വാഹനത്തിലുണ്ടാകണം. വാതിലുകളുടെ എണ്ണത്തിന് തുല്യമായ അറ്റന്‍ഡര്‍മാര്‍ വേണം. സ്പീഡ് ഗവര്‍ണറും ജിപിഎസ് സംവിധാനവും വാഹനത്തില്‍ സ്ഥാപിക്കണം.

മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍:

സീറ്റുകളുടെ എണ്ണത്തിനനുസരിച്ച് മാത്രമേ കുട്ടികളേ കയറ്റാവൂ. കുട്ടികളെ നിന്ന് യാത്ര ചെയ്യാന്‍ അനുവദിക്കരുത്

12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാം.

ഡ്രൈവര്‍ വെള്ള ഷര്‍ട്ടും കറുപ്പ് പാന്റും തിരിച്ചറിയല്‍ കാര്‍ഡും ധരിക്കണം.

ഡ്രൈവര്‍ക്ക് 10 വര്‍ഷത്തെ ഡ്രൈവിംഗ് പരിചയം ഉണ്ടായിരിക്കണം. കൂടാതെ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും വലിയ വാഹനം ഉപയോഗിച്ച് പരിചയം വേണം.

മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ചതിന് ശിക്ഷിക്കപ്പെട്ടയാളെ ഒരു കാരണവശാലും സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ ഏല്‍പ്പിക്കരുത്.

ഡ്രൈവര്‍ മാതൃകാപരമായി വാഹനം ഓടിക്കണം. ലഹരി വസ്തുക്കള്‍ ഉപയോഗിക്കരുത്.

സ്‌കൂള്‍ വാഹനം സ്‌കൂള്‍ തുറക്കും മുന്‍പ് അറ്റകുറ്റപണികള്‍ നടത്തി പരിശോധനയ്ക്ക് വിധേയമാക്കണം.

മന്ത്രി സമരം പഠിപ്പിക്കാൻ വരേണ്ടെന്ന് കെഎസ്ആർടിസി യൂണിയൻ

കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കിടെ മന്ത്രിക്കെതിരെ വിമർശനവുമായി യൂണിയൻ. പ്രശ്നം പരിഹരിക്കാൻ ഗതാഗതമന്ത്രി ആന്റണി രാജുവിന് ഉത്തരവാദിത്വമുണ്ട്. ശമ്പള വിഷയത്തിൽ ജീവനക്കാർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞ മന്ത്രിയുടെ പ്രസ്താവന തൊഴിലാളി വിരുദ്ധമാണ് എന്നിങ്ങനെയാണ് വിമർശനം. സിഐടിയും. സിഐടിയു ജനറൽ കൗൺസിലിലാണ് മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷവിമർശനം ഉയർന്നത്.

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനോ മന്ത്രിക്കോ ഉത്തരവാദിത്വമില്ല, ഉത്തരവാദിത്വം പൂർണ്ണമായും കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനാണ് എന്നായിരുന്നു മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന. എന്നാൽ സി.ഐ.ടി.യു പറയുന്നത് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ പൂർണ്ണമായും ഉത്തരവാദിത്വം സർക്കാരിനും ഗതാഗത മന്ത്രിക്കുമുണ്ടെന്നാണ്.

മന്ത്രി നടത്തുന്ന പ്രസ്താവനകൾ വളരെ നിരുത്തരവാദിത്തപരമാണ് എന്നാണ് സിഐടിയു ജനറൽ കൗൺസിലിൽ ഉയർന്ന പൊതുവികാരം. എങ്ങനെ പണിമുടക്കണമെന്ന് മന്ത്രി തങ്ങളെ പഠിപ്പിക്കേണ്ട എന്ന രീതിയിലുള്ള അഭിപ്രായം അടക്കം ജനറൽ കൗൺസിൽ യോഗത്തിൽ ഉയർന്നു.

സദാചാര ട്രോളു കഴിഞ്ഞെങ്കിൽ ഇതും കൂടി കണ്ടോളൂ….. കൂടുതൽ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാൻ

ബിക്കിനി ഇട്ട് പിറന്നാൾ ആഘോഷിച്ചതിന് ട്രോളും ശകാരവുമായി എത്തിയ സദാചാര പടയെ കടന്നാക്രമിച്ച് ഇറാഖാൻ. കഴിഞ്ഞ ദിവസങ്ങളായി ബോളിവുഡിലെ ചര്‍ച്ച മുഴുവന്‍ ഈ പിറന്നാള്‍ ആഘോഷത്തെ കുറിച്ചായിരുന്നു. ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാൻ ജന്മദിനത്തിലെ സ്വിമ്മിങ് പൂള്‍ പാര്‍ട്ടിയില്‍ ബിക്കിനി അണിഞ്ഞാണ് ആഘോഷത്തിനെത്തിയത്.

ഇതിനു പിന്നാലെ താരപുത്രിക്ക് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. പിതാവിനു മുമ്പില്‍ ഇത്തരം വസ്ത്രം ധരിച്ചു നില്‍ക്കാന്‍ നാണമില്ലേ?, ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണോ വിചാരം?, സംസ്‌കാരമില്ലാത്തവള്‍’ എന്നിങ്ങനെ നിരവധി അധിക്ഷേപ വാക്കുകള്‍ ഇൻസ്റ്റ് ചിത്രങ്ങൾക്ക് കമൻ്റായി നിറഞ്ഞു.

പിറന്നാളാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചുകൊണ്ടാണ് ഇറ മറുപടി കൊടുത്തത് .’എല്ലാവരും പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കില്‍ ഇതാ കുറച്ചുകൂടി..’ ഇറയുടെ കാമുകനും ഫിറ്റ്‌നസ് പരിശീലകനുമായ നൂപുര്‍ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇതും പറഞ്ഞ് പുതുതായി പങ്കുവെച്ചത്.

ഇറയുടെ 25-ാം ജന്മദിനമായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും മകളുടെ ജന്മദിനം ആഘോഷമാക്കാന്‍ ആമിര്‍ ഖാന്റെ മുന്‍ ഭാര്യമാരായ റീനാ ദത്തയും കിരണ്‍ റാവുവും ആഘോഷത്തിനെത്തിയിരുന്നു. മകന്‍ ആസാദ് റാവുവിന് ഒപ്പമാണ് കിരണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്.

ഡൽഹിയിൽ 63 ലക്ഷം കെട്ടിടങ്ങൾ തകർക്കേണ്ടി വരും. ബിജെപിയുടെ ബുൾഡോസർ പ്രയോഗം തിരഞ്ഞെടുപ്പ് അടുത്തതോടെ – കെജിരിവാൾ

രാജ്യതലസ്ഥാനത്ത് ബുൾഡോസർ രാഷ്ട്രീയം പ്രയോഗിക്കുന്ന ബി ജെ പി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. ഇത്തരത്തിൽ ഒഴിപ്പിക്കൽ തുടർന്നാൽ ഡൽഹിയിലെ 63 ലക്ഷത്തിലേറെ വരുന്ന ആളുകൾക്ക് വീടും കടകളും നഷ്ടപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. എഎപി എംഎൽഎമാരുടെ യോഗത്തില്‍ സംസാരിക്കവെയാണിത്.

63 ലക്ഷം വരുന്ന ആളുകളെ ഭവനരഹിതരാക്കാന്‍ വേണ്ടിയുള്ള ബിജെപി പദ്ധതിയാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. ജനങ്ങൾ ദയക്ക് വേണ്ടി യാചിക്കുകയാണ്. രേഖകൾ അവർ കാണുന്നില്ല, ബുൾഡോസറുകൾ നേരിട്ടെത്തി ഇടിച്ചു തകർക്കുന്നു. കോളനികളിൽ താമസിക്കുന്നവർക്കും ചേരികളിൽ താമസിക്കുന്നവർക്കും വീടുകൾ നൽകാം എന്ന് ബിജെപി നേരത്തെ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഇപ്പോൾ അവർ എല്ലാം ഇടിച്ചു നിരത്തുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനാണ് ബുൾഡോസർ പ്രയോഗത്തിന് പിന്നിൽ. പൌരത്വ നിയമ ഭേദഗതിക്ക് എതിരെ പോരാട്ടം നടന്ന സ്ഥലങ്ങൾ തിരഞ്ഞു പിടിച്ചാണ് ബുൾഡോസർ പ്രയോഗം നടത്തിയത്.

എന്നാൽ ഡൽഹിയുടെ 80 ശതമാനത്തിലേറെയും അനധികൃത കെട്ടിടങ്ങളാണ്. അത്തരത്തിൽ അവയെല്ലാം ഇടിച്ചു തകര്‍ക്കുമോ എന്ന് കെജ്‌രിവാള്‍ ചോദിച്ചു.

അവർ ബുൾഡോസറുകളുമായിട്ടാണ് കോളനികളിൽ എത്തുന്നത്. കടകളും വീടുകളും അതുപയോഗിച്ച് നിരത്തുന്നു. കെട്ടിടം നിർമ്മിച്ചിരിക്കുന്നത് അനധികൃതമായിട്ടല്ല എന്ന് ചൂണ്ടിക്കാട്ടിയാലും അവർ അത് അംഗീകരിക്കുന്നില്ല. 63 ലക്ഷത്തിലേറെ പേരുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് നിരത്തേണ്ടി വരും. ഇത് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ പൊളിച്ചു നീക്കൽ ആയിരിക്കുമെന്നും യോഗത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 15 വർഷമായി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരിക്കുന്നത് ബിജെപിയാണ്. മെയ് 18 ഓടു കൂടി അവരുടെ കാലാവധി കഴിയുകയാണ്. ഇത്തരത്തിൽ ഒരു വലിയ തീരുമാനം എടുക്കാൻ ഭരണഘടനാപരമായി എന്ത് അധികാരമാണുള്ളത്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമാണ് പാർട്ടി തീരുമാനങ്ങളെടുക്കുന്നത്. എല്ലാവർക്കും അറിയാം കോർപ്പറേഷനിൽ ആംആദ്മി പാർട്ടി അധികാരത്തിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജയിലിൽ പോകേണ്ടി വന്നാലും ജനങ്ങൾക്കൊപ്പം നിൽക്കാൻ എംഎൽഎമാർക്ക് കെജ്രിവാൾ നിർദ്ദേശം നൽകുകയും ചെയ്തു.