നടിയെ ആക്രമിച്ച കേസിലെ വി ഐ പി, ദിലീപിൻ്റെ സുഹൃത്ത് ശരത്ത് അറസ്റ്റിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ക്രൈം ബ്രാഞ്ച് അറസ്റ്റു ചെയ്തു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ കൈവശം വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.

ദിലീപിന്റെ അടുത്ത സുഹൃത്തും സൂര്യ ഹോട്ടൽസ് ഉടമയുമാണ് ശരത്. കേസിൽ ആദ്യം ദിലീപ് അറസ്റ്റിലാകുമ്പോൾ ഒപ്പം തന്നെ ഉണ്ടായിരുന്ന വ്യക്തിയാണ്. തെളിവ് നശിപ്പിച്ചതായുള്ള കുറ്റമാണ് ശരത്തിൽ കണ്ടെത്തിയത്.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ശരത് ദിലീപിന്റെ വീട്ടിൽ എത്തിച്ചുവെന്നും ദിലീപിന്റെ വീട്ടിൽ വെച്ച് ദിലീപും സുഹൃത്തുക്കളും ചേർന്ന് ഇത് പരിശോധിച്ചു എന്നും സംവിധായകൻ ബാലചന്ദ്രകുമാർ നേരത്തെ മൊഴി നൽകിയിരുന്നു. അതോടൊപ്പം തന്നെ അഭിഭാഷകർ ദൃശ്യങ്ങൾ പലതവണ കണ്ടിട്ടുള്ളതായുള്ള ശബ്ദരേഖകൾ പുറത്തുവന്നിരുന്നു.

ഇതിൻ്റെ അടിസ്ഥാനത്തിൽ ശരത് ദൃശ്യങ്ങൾ ദിലീപിന് കൈമാറി എന്നും പിന്നീട് ദൃശ്യങ്ങൾ നശിപ്പിച്ചു എന്നുമാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ ദിലീപിന്റെ വീട്ടിൽ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്.

സൌദിയിലെ സ്വതന്ത്ര വിസ്മയ വിനോദ നഗരം നിയോം ഒരുങ്ങുന്നു

അമ്പതിനായിരം ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവി നഗരം വിസ്മയങ്ങളുമായി ഒരുങ്ങുന്നു. നിയോം എന്ന പേരിലുള്ള നഗരത്തിൽ 2024 മുതല്‍ സ്ഥിരവാസത്തിന് ആളുകൾ എത്തി തുടങ്ങും. 2030ഓടെ ദശലക്ഷക്കണത്തിന് പേര്‍ ‘നിയോം’ സ്വന്തം മേല്‍വിലാസമാക്കി മാറ്റും. അടുത്ത പതിറ്റാണ്ടോടെ 20 ലക്ഷം പേരെങ്കിലും നിയോമില്‍ താമസമാക്കുമെന്ന് പദ്ധതിയുടെ ടൂറിസം വിഭാഗം മേധാവിയായ ആന്‍ഡ്രൂ മക്ഇവോയ് പറഞ്ഞു. 

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനെത്തിയ ആന്‍ഡ്രൂ മക്ഇവോയുമായി യുഎഇ മാധ്യമമായ ‘ദ നാഷണല്‍’ പ്രതിനിധി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം പദ്ധതിയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2024 മുതല്‍ നിയോമിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാവും. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ടൂറിസം കേന്ദ്രങ്ങളും പിന്നാലെ പ്രവര്‍ത്തനം തുടങ്ങും.

സൌദിയുടെ നിയമങ്ങൾക്ക് പുറത്തുള്ള സ്വതന്ത്രാധികാര മേഖലയാവും ഇത്. ലോകത്തിലെ എല്ലാ തരം വിനോദ വ്യവസായ സഞ്ചാരികൾക്കും താവളമാവും. നിയോമിനെക്കുറിച്ചുള്ള ആന്‍ഡ്രൂ മക്ഇവോയുടെ ചില വെളിപ്പെടുത്തലുകൾ സൗദി അധികൃതര്‍ തള്ളിക്കളഞ്ഞു.

26,500 ചതുരശ്ര കിലോമീറ്റർ വ്യാപ്തിയിലാണ് പുതുമകളുടെ നിയോം പരന്നു കിടക്കുക. ഈ മേഖലയിലെ പരമ്പരാഗത നിവാസികളെ സൌദി ഭരണകൂടം ബലം പ്രയോഗിച്ച് ഒഴിപ്പിക്കുന്നത് വാർത്തയായിരുന്നു. ഈ നടപടി പരക്കുന്നത് തടയാൻ അമേരിക്ക ആസ്ഥാനമായുള്ള ലോബിയിങ് ഏജൻസിയെ ഏല്പിച്ചു എന്നതും വിവാദത്തിന് തിരികൊളുത്തി.

2026ഓടെ സ്‍കൈ സ്ലോപ്പ്, മൌണ്ടന്‍ ബൈക്കിങ്, വാട്ടര്‍ സ്‍പോര്‍ട്സ് സംവിധാനങ്ങള്‍ തുടങ്ങി പുത്തൻ സൌകര്യങ്ങൾ സജ്ജമാവും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പര്‍വത കേന്ദ്രവും നിയോമിലുണ്ട്. 

ശുദ്ധമായ ഊര്‍ജം മാത്രം ഉപയോഗപ്പെുടുത്തുന്ന സ്‍മാര്‍ട്ട് സിറ്റിയായിട്ടാണ് നിയോം വിഭാവന ചെയ്‍തിരിക്കുന്നത്. പറക്കും ടാക്സികള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്താനുള്ള പദ്ധതികളിലൂടെ നേരത്തെ തന്നെ നിയോം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണമായ ഉടമസ്ഥതയിലാണ് നിയോമെന്നും സൗദി അറേബ്യയുടെ പരമാധികാരവും നിയമങ്ങളും അവിടെ ബാധകമായിരിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കി.

ഊര്‍ജം, ആരോഗ്യം, ജലം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിദഗ്ധര്‍ നിയോമില്‍ താമസിക്കാനെത്തും. ഇപ്പോള്‍ തന്നെ ഉന്നതരായ നിരവധിപ്പേരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ നിയോം പൂര്‍ണമായി കാര്‍ രഹിതമാക്കാനും പദ്ധതിയുണ്ട്. പൂര്‍ണമായും കാര്‍ രഹിതമാവുന്ന തരത്തിലാണ് നിയോം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിലേക്കുള്ള മാറ്റത്തിന് അല്‍പം സമയം ആവശ്യമായി വരും.

ഇലക്ട്രിക് ഹൈബ്രിഡ് ഉള്‍പ്പെടെ ഒട്ടേറെ ഭാവിയില്‍ അധിഷ്‍ഠിതമായ ഗതാഗത സംവിധാനങ്ങള്‍ അവിടെയുണ്ടാവും. പറക്കും ടാക്സികള്‍ പോലുള്ളവയും അവിടെ പരീക്ഷിക്കുന്നുണ്ട്. ഭാവിയിലേക്കുള്ള ടൂറിസം സാധ്യതകളാണ് നിയോം പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്നും വീതം വെപ്പിന് കൊണ്ടു പോയ 10 ലക്ഷം കൈക്കൂലി പണം പിടിച്ചു

എക്സൈസ് ഡിവിഷണൽ ഓഫീസ് ഉദ്യോഗസ്ഥനിൽ നിന്ന് വിജിലൻസ് പത്ത് ലക്ഷത്തിലധികം രൂപ പിടികൂടി. കൈക്കൂലിയായി കിട്ടിയ 10,23,600 രൂപയാണ് നൂറുദ്ദീൻ എന്ന ഉദ്യോഗസ്ഥനിൽ നിന്ന് പിടികൂടിയത്. കള്ളുഷാപ്പ് ലൈസൻസികളിൽ നിന്ന് കൈക്കൂലി വാങ്ങിയതാണ് പണമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വിജിലൻസ് ഡിവൈഎസ്‍പി ഗംഗാധരൻ പറഞ്ഞു. 

കള്ള് വിതരണവുമായി ബന്ധപ്പെട്ട് വൻ തുകയാണ് ഇങ്ങനെ കൈ മറിയപ്പെടുന്നത്. കള്ള് കേരളത്തിൻ്റെ തനത് പാനീയമാക്കുക. വിനോദ സഞ്ചര രംഗത്ത് പ്രയോജനപ്പെടുത്തുക എന്നിങ്ങനെ സർക്കാരുകൾ മാറിമാറി പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. എങ്കിലും വൻ അഴിമതിയും കൃത്രിമവുമാണ് ഈ രംഗത്ത് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും ഒത്താശയോടെ നടക്കുന്നത്. ഇത് വല്ലപ്പോഴുമുള്ള ഒരു പരിശോധനയിൽ പുറത്തു വരുമ്പോൾ മാത്രമാണ് ജനം അറിയുന്നത്. രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് മറയിടുന്നത്.

കാടാംകോട് ജംഗ്ഷനിൽ നിന്നാണ് വാഹനത്തിൽ നിന്ന് പണം പിടികൂടിയത്.  ചിറ്റൂരിലെ വിവിധ എക്സൈസ് ഓഫീസുകളിലേക്ക് വീതം വെപ്പിന് കൊണ്ട്പോകുകയായിരുന്നു പണമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡിവിഷണൽ ഓഫീസിലെ ഉദ്യോഗസ്ഥരെ രാവിലെ മുതൽ നിരീക്ഷിച്ച് വരികയായിരുന്നു വിജിലൻസ്. 

കല്ലിടൽ നിർത്താൻ പറഞ്ഞിട്ടില്ലെന്ന് കെ റെയിൽ

സില്‍വര്‍ ലൈന്‍ കല്ലിടല്‍ നിര്‍ത്തിക്കൊണ്ടുള്ള റവന്യൂ വകുപ്പിന്റെ ഉത്തരവില്‍ വിശദീകരണവുമായി കെ-റെയില്‍. ജിയോടാഗ് സംവിധാനം വഴി അതിരടയാളം രേഖപ്പെടുത്താനും സാമൂഹികാഘാത പഠനത്തിന് ജിപിഎസ് സംവിധാനം ഉപയോഗിക്കാനുമാണ് ഉത്തരവ് നൽകിയത്. ഇതിൽ കല്ലിടല്‍ നിര്‍ത്തിവെക്കണമെന്ന നിര്‍ദേശമില്ലെന്നാണ് കെ-റെയിലിന്റെ വ്യാഖ്യാനം.

പദ്ധതി വേഗത്തിലാക്കാനുള്ള റവന്യൂ ബദല്‍ നിര്‍ദേശമാണ് ഉത്തരവിലുള്ളത്. ഈ ഉത്തരവില്‍ കല്ലിടരുതെന്ന് പറയുന്നില്ലെന്നാണ് കെ-റെയില്‍ വിശദീകരിക്കുന്നത്.

കെ-റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ജിപിഎസ് സംവിധാനം ഉപയോഗിച്ച് അതിരടയാളം നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി മെയ് അഞ്ചിന് കെ-റെയില്‍ എംഡി റവന്യൂ വകുപ്പിന് കത്ത് നല്‍കിയിരുന്നു. ഭൂമിയുടെ ഉടമകള്‍ അനുവദിക്കുന്ന സ്ഥലങ്ങളില്‍ കല്ലിടാമെന്നും മറ്റുള്ള സ്ഥലങ്ങളില്‍ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ സര്‍വേ നടത്താമെന്നുമാണ് കെ-റെയില്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കത്തിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.

കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തി പകരം ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം വന്നത്.

തൃക്കാക്കരയിൽ എട്ട് സ്ഥാനാർഥികൾ മത്സര രംഗത്ത്

തൃക്കാക്കരയില്‍ മത്സര രംഗത്തുള്ളത് എട്ട് സ്ഥാനാര്‍ഥികള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമ തോമസ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ഡോ.ജോ.ജോസഫ്, ബി.ജെ.പി സ്ഥാനാര്‍ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ എന്നിവരാണ് മൂന്ന് മുന്നണികളുടെ സ്ഥനാര്‍ഥികളായിട്ടുള്ളത്.

നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞതോടെ ഔദ്ധ്യോഗിക ചിത്രമായി.

അഞ്ചുപേര്‍ സ്വതന്ത്രരായും മത്സരിക്കുന്നുണ്ട്. സ്വതന്ത്രനായി മത്സരിക്കുന്ന ജോമോന്‍ ജോസഫ് മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പേരിനോട് സാമ്യമുള്ള സ്ഥാനാര്‍ഥി. അനില്‍ നായര്‍, സി.പി ദിലീപ് കുമാര്‍, ബോസ്‌കോ കളമശ്ശേരി, മന്മഥന്‍ എന്നിവരാണ് മത്സരിക്കുന്ന മറ്റ് സ്വതന്ത്രര്‍.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമാ തോമസാണ് പട്ടികയില്‍ ഒന്നാമതായുള്ളത്. രണ്ടാമതായി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫും, മുന്നാമതായി ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും ഇടം പിടിച്ചിരിക്കുന്നു.

കെ റെയിൽ കല്ലിടൽ നിർത്തി, പകരം ജി പി എസ് സർവെ

കെ-റെയില്‍ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായുള്ള കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍. പകരം ജിപിഎസ് സംവിധാനത്തിലൂടെ സര്‍വേ നടത്താനാണ് റവന്യൂ വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനിടെയാണ് സര്‍ക്കാരിന്റെ തിരുത്തല്‍.

സംസ്ഥാനത്തുടനീളം കല്ലിടല്‍ നടന്നപ്പോഴുണ്ടായ സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് ജിപിഎസ് സംവിധാനം ഉപയോഗിച്ച് സര്‍വേ നടത്താനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. കല്ലിടലിനെതിരേയുള്ള കടുത്ത പ്രതിഷേധം മറികടക്കാനുള്ള നിര്‍ണായക നീക്കം കൂടിയാണിത്.

കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പോലീസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നുമുള്ള ആവശ്യം കെ-റെയില്‍ നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഈ ബുദ്ധിമുട്ടുകള്‍ കൂടി കണക്കിലെടുത്താണ് കല്ലിടല്‍ പൂര്‍ണമായും നിര്‍ത്തി പകരം ജിപിഎസ് സംവിധാനത്തിലുള്ള സർവേയിലേക്ക് വന്യൂ വകുപ്പ് തിരിയുന്നത്.

മുല്ലപ്പൂവിന് പൊള്ളുന്ന വില, കിലോയ്ക്ക് 1000 കടന്നു

തമിഴ്നാട്ടിലും കേരളത്തിലും വിവാഹ സീസൺ ആയതോടെ മുല്ലപ്പൂവിന്‍റെ വില കുതിച്ച് ഉയര്‍ന്നു. കിലോയ്ക്ക് 600 രൂപ വരെ എത്തി. അടുത്ത ദിവസങ്ങൾക്കുള്ളിൽ കിലോയ്ക്ക് 1000 രൂപയായി. വരും ദിവസങ്ങളില്‍ ഇനിയും വില കൂടാനാണ് സാധ്യത.

സാധാരണ ഈ സമയത്ത് കിലോയ്ക്ക് 400 രൂപ നിരക്കിലാണ് വില്‍പ്പന നടന്നിരുന്നത്. വിവാഹങ്ങളും ഉത്സവങ്ങളും കൂടിയതോടെ പൂവിന്‍റെ വിലയും ഉയര്‍ന്നു. മുൻവർഷങ്ങളിൽ ഇല്ലാതിരുന്ന പ്രവണതയാണിത്. കൊവിഡ് കാലത്തിന് ശേഷം ഉത്സവങ്ങളും, വലിയ ആഘോഷത്തോടെയുള്ള വിവാഹങ്ങളും ഒന്നിച്ച് വന്നതോടെ മുല്ലപ്പൂവിന് ആവശ്യക്കാർ ഏറി. ഉൽപാദനത്തിൽ സാധാരണയിൽ കൂടുതൽ വർധനവ് ഉണ്ടായിട്ടില്ല.

കൊവിഡിന് മുന്‍പ് മെയ് മാസത്തില്‍ കിലോയ്ക്ക് 700 രൂപവരെ വില്‍പ്പന നടന്നിട്ടുണ്ട്. കൊയമ്പത്തൂരില്‍ നിന്നും മാത്രം 500 കിലോ മുല്ലപ്പൂ കേരളത്തിലേക്ക് അയക്കുന്നുണ്ടെന്നാണ് കണക്ക്. ഓഫ് സീസണുകളില്‍ മുല്ലപ്പൂ കിലോയ്ക്ക് 100 രൂപ വരെ താഴാറുണ്ട്. സത്യമംഗലം ഭാഗത്ത് നിന്നാണ് കൊയമ്പത്തൂരിലേക്ക് പ്രധാനമായും മുല്ലപ്പൂ എത്തുന്നത്. 

മെയ് മാസത്തില്‍ തുടര്‍ച്ചയായി മഴയുണ്ടായത് പൂ ഉത്പാദനത്തെ ബാധിക്കും. ഇത് വിപണിയിൽ വീണ്ടും വിലക്കയറ്റമായി പ്രതിഫലിക്കും എന്നാണ് വിലയിരുത്തൽ.

ഹൈവേ നിർമ്മാണം നിർത്തി വെച്ചു, വിരിഞ്ഞിറങ്ങിയത് 15 പെരുമ്പാമ്പിൻ കുഞ്ഞുങ്ങൾ

ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ പെരുമ്പാമ്പിന്റെ മുട്ടകൾ  വിരിഞ്ഞു. 15 പാമ്പിൻ കുഞ്ഞുങ്ങൾ പുറത്തെത്തി. ചൗക്കി സിപിസിആർഐക്ക് സമീപം ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്ക്‌ നിർമിക്കുമ്പോഴാണ്‌  പെരുമ്പാമ്പ്‌ അടയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്‌. 24 മുട്ടകൾ ഉണ്ടായിരുന്നു. ഇവിടെനിന്ന്‌ പാമ്പിനെ മാറ്റിയാൽ മുട്ടകൾ നശിച്ചുപോകുന്നതിനാൽ  വിരിയുന്നതുവരെ കാത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി  നിർമാണ പ്രവൃത്തികൾ നിർത്തുകയും ചെയ്‌തു.

അന്നത്തെ ഡിഎഫ്ഒ ആയിരുന്ന ധനേഷ്കുമാറിന്റെ നേതൃത്വത്തിലാണ്‌  മുട്ട വിരിയുന്നതുവരെയുള്ള  കാര്യങ്ങൾ ചെയ്‌തത്‌. മഹീന്ദ്ര വൈൽഡ് ലൈഫ് ഫൗണ്ടേഷൻ ചെയർമാനും ദുബായ്‌ ജോൺസൂസ് അക്വാടിക് സൊല്യൂഷൻ ചീഫ് സുവോളജിസ്റ്റുമായ മവീഷ് കുമാർ ആവശ്യമായ സഹായങ്ങൾ ചെയ്‌തു.   ഇടയ്‌ക്കിടെ സ്ഥിഗതികൾ പരിശോധിച്ചു.

  വിരിഞ്ഞാൽ പാമ്പിൻകുഞ്ഞുങ്ങൾ റോഡിലേക്ക്‌ പോകുമെന്നുകണ്ട്‌ എല്ലാ മുട്ടകളും പെട്ടികളിലാക്കി വനം വകുപ്പ്‌  റെസ്‌ക്യൂവർ അടുക്കത്ത്‌ബയലിലെ അമീന്റെ വീട്ടിലേക്ക് മാറ്റി. മുട്ട വിരിഞ്ഞതോടെ വനം വകുപ്പ് റാപിഡ് റെസ്‌പോൺസ് ടീം (ആർആർടി) പാമ്പിൻകുഞ്ഞുങ്ങളെ ബോവിക്കാനം വനത്തിൽ വിട്ടു. ബാക്കിയുള്ള ഒമ്പതെണ്ണം രണ്ട്‌ ദിവസത്തിനകം വിരിയുമെന്നാണ്‌ പ്രതീക്ഷ.  
സാധാരണ  62 മുതൽ – 75 ദിവസമാണ്‌ മുട്ട വിരിയാൻ വേണ്ട സമയം.  ഷെഡ്യൂൾഡ് ഒന്ന് വിഭാഗത്തിൽപ്പെടുന്ന ഇനമായതിനാൽ ഏറെ ജാഗ്രതയോടെയായിരുന്നു പരിചരണം.

ആം ആദ്മി – ട്വൻ്റി ട്വൻ്റി സഖ്യം പ്രഖ്യാപിച്ചു, രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

ട്വന്റി ട്വന്റിയുമായുള്ള സഖ്യം ഔദ്ധ്യോഗികമായി പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍. കിഴക്കമ്പലത്ത് നടന്ന ജനസംഗമം പരിപാടിയിലാണ് ട്വന്റി ട്വന്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയത്. ഇതോടെ കേരളത്തിൽ ഒരു പുതു സംഖ്യ എന്ന അവകാശമാണ് ഉന്നയിക്കുന്നത്. ക്ഷേമവും വികസനവും ആഗ്രഹിക്കുന്ന ജനങ്ങള്‍ ട്വന്റി ട്വന്റിക്കും ആം ആദ്മി പാര്‍ട്ടിക്കുമൊപ്പം നില്‍ക്കണമെന്ന് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു. ജനക്ഷേമ സഖ്യം എന്നാണ് സ്വയം വിശേഷിപ്പിച്ചത്.

രാജ്യത്ത് ആം ആദ്മി പാര്‍ട്ടി വളരുന്നത് അതിവേഗമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മിയുടെ വളര്‍ച്ച ഒരു മാജിക്കാണ്. ഡല്‍ഹിയില്‍ മൂന്നുവട്ടം സര്‍ക്കാരുണ്ടാക്കി. പഞ്ചാബിലും നേട്ടമുണ്ടാക്കി. ഡല്‍ഹിയും പഞ്ചാബും പിടിക്കാമെങ്കില്‍ കേരളത്തിലും ആം ആദ്മി പാര്‍ട്ടി വരും. ജനങ്ങള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ നാല് രാഷ്ട്രീയ സഖ്യങ്ങളാണുള്ളത്. എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ, ഞങ്ങളുടെ സഖ്യം ജനക്ഷേമ സഖ്യം എന്നറിയപ്പെടുമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി.

ഡല്‍ഹി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കെജ്‌രിവാള്‍ എണ്ണിപ്പറഞ്ഞു. ഡല്‍ഹി സര്‍ക്കാര്‍ സൗജന്യമയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. സൗജന്യ വൈദ്യുതി എല്ലാവര്‍ക്കും നല്‍കുന്നതിനാല്‍ അവിടെയുള്ള ഇന്‍വേര്‍ട്ടര്‍, ജനറേറ്റര്‍ കടകള്‍ അടച്ചുപൂട്ടി. പൂജ്യം രൂപയുടെ ബില്ലാണ് ആളുകള്‍ക്ക് ലഭിക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യുതി വേണ്ടേ എന്ന് അദ്ദേഹം ചോദിച്ചു.

മറു ചോദ്യങ്ങളുമായി സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയ രാഷ്ട്രീയ നിലപാടുകളാണ് ആവശ്യപ്പെടുന്നത്. സൌജന്യ വാഗ്ദാനങ്ങൾക്ക് അപ്പുറത്തെ രാഷ്ട്രീയം എന്താണെന്നാണ് പതിവ് പോലെ കേരളത്തിലെ രാഷ്ട്രീയ പ്രബുദ്ധത ഉന്നയിക്കുന്ന ചോദ്യം. ഇതിനു പുറമെ ഹിന്ദിയിൽ പ്രസംഗിച്ചതും കമൻ്റുകൾക്ക് വിധേയമായി.

ചർച്ച ചെയ്യപ്പെട്ട ഒരു എഫ് ബി കുറിപ്പ് ചുവടെ

പ്രിയപ്പെട്ട മി: അരവിന്ദ് കെജ്രിവാൾ …
താങ്കളുടെ സൗജന്യ വൈദ്യുതി വേണ്ടേ .. സ്ത്രീകൾക്ക് സൗജന്യ യാത്ര വേണ്ടേ എന്ന വെൽഫെയർ സ്റ്റൈറ്റിൻ്റെ ചോക്കളേറ്റ് മുദ്രാവാക്യം ഇന്ത്യയിൽ സ്വീകാര്യമായിരിക്കും …
പക്ഷേ ദയവായി ഒരു മറുപടി …
ഞാനുപയോഗിക്കുന്ന വൈദ്യുതിക്ക് ഞാൻ പൈസ കൊടുത്തോളാം ..
യാത്ര സൗജന്യവുമാക്കണ്ട …
CAA വിഷയത്തിലും , റിസർവേഷൻ വിഷയത്തിലും , കേന്ദ്ര സർക്കാരിൻ്റെ കാർഷിക ബന്ധ ബില്ലിൻ്റെ വിഷയത്തിലും , UAPA അടക്കമുള്ള ജനാധിപത്യവിരുദ്ധ ബില്ലിലും ഉള്ള നിങ്ങളുടെ ദേശീയ നേതൃത്വത്തിൻ്റെ നിലപാട് ഒന്നു കമൻ്റ് ചെയ്യാമോ ???
കേരളത്തിലെ A AP സുഹൃത്തുക്കളുടെ വ്യക്തിപരമായ പരാമർശങ്ങൾക്കപ്പുറം നിങ്ങളുടെ അഖിലേന്ത്യാ ബോഡി സ്വീകരിച്ച നിലപാട് ദയവായി കമൻ്റു ചെയ്യൂ…

  • ശ്രേയസ് കണാരൻ എഫ് ബി കുറിപ്പ്

കെജ്‍‍രിവാള്‍ നടത്തിയ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

കേരളം ദൈവത്തിന്‍റെ സ്വന്തം നാടാണ്. ദൈവങ്ങൾ കേരളത്തെ ഏത്രമേൽ സ്നേഹിക്കുന്നു. എത്ര സുന്ദരമാണ് ഈ നാട്. ദൈവം എന്നെയും അനുഗ്രഹിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. കാരണം ഒരു മാജിക് പോലെ തോന്നിയ അവസരങ്ങൾ എന്‍റെ ജീവിതത്തിലുണ്ടായിട്ടുണ്ട്.  ഒരു എംഎൽഎയാവാൻ പോലും പല‍ർക്കും ഒരു ജീവിതം മുഴുവനാണ് കഷ്ടപ്പെടേണ്ടി വരിക. 10 വർഷങ്ങൾക്ക് മുൻപ് അരവിന്ദ് കെജ‍്‍രിവാളിനെയോ ആംആദ്മി പാർട്ടിയെക്കുറിച്ചോ ആർക്കും അറിയില്ലായിരുന്നു. അന്ന് ഞങ്ങൾ ഒരു പാർട്ടി തുടങ്ങി ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ അധികാരത്തിലേറിയത്. അത് മാജിക്കല്ലേ? ജനങ്ങൾ പറയുന്നു കെജ‍്‍രിവാളാണ് ഇത് സാധ്യമാക്കിയതെന്ന്. അങ്ങനെയല്ല, ഇത് ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ടാണ്. ഒരിക്കലല്ല. മൂന്ന് തവണ സ‍‍ർക്കാരുണ്ടാക്കി. പഞ്ചാബിലും സർക്കാരുണ്ടാക്കി. കേരളത്തിലും സ‍ർക്കാരുണ്ടാക്കണ്ടേ?

ഞങ്ങൾ സത്യസന്ധതയുടെ വഴിയിലൂടെയാണ് പോവുന്നത്. മനുഷ്യത്വത്തിന്‍റെ വഴിയിലൂടെയാണ് പോവുന്നത്. അതുകൊണ്ടാണ് ദൈവത്തിന്‍റെ അനുഗ്രഹം ഉള്ളത്. എന്‍റെ ജീവിതത്തിൽ പല മാജിക്കുകളും നടന്നെന്ന് പറഞ്ഞല്ലോ. അതിലൊന്നായിരുന്നു അണ്ണാ ഹസാരെയ്ക്കൊപ്പം നടത്തിയ നിരാഹാര സത്യഗ്രഹം. അന്ന് 15 ദിവസം നിരാഹാരം കിടന്നു. എനിക്ക് കടുത്ത പ്രമേഹമുണ്ട്.  ഭക്ഷണം കഴിക്കാതെ മൂന്ന് മണിക്കൂർ  നിന്നാൽ പോലും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞ് മരണം വരെ സംഭവിക്കാം. 15 ദിവസം നിരാഹാരം കിടന്നാൽ മരിച്ച് പോവുമെന്ന് എല്ലാ ഡോക്ടർമാരും അന്ന് പറഞ്ഞു . ഇന്നിതാ ഞാൻ നിങ്ങൾക്ക് മുന്നിൽ ജീവനോടെ നിൽക്കുന്നു. ഇത് മാജിക്കല്ലേ?

ദില്ലിയിൽ ഞങ്ങൾ അന്ന് തെരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ ഒരു പുതിയ പാർട്ടിയായിരുന്നു. പണമില്ല കയ്യിൽ. സ്ഥാനാർഥികൾ പോലുമില്ല. ഷീലാ ദീക്ഷിത്തിനെ പോലെ  ദില്ലിയിൽ നാലും അഞ്ചും തവണ എംഎൽഎമാർ ആയ ആളുകളാണ് മറുവശത്ത്. ഞങ്ങളുടെ സ്ഥാനാർഥികൾ ആരൊക്കെയാണെന്ന് അറിയാമോ. ശാലിമാർ മാർഗ് മണ്ഡലത്തിൽ ഒരു വീട്ടമ്മ. അവർ നാല് തവണ എംഎൽഎയായ ആളെ തോൽപിച്ചു. അഖിലേഷ് തൃപാഠിയെന്ന ഒരു വിദ്യാ‍‍ർഥിയുണ്ടായിരുന്നു, മോഡൽ ടൗണിൽ. അദ്ദേഹവും നാല് തവണ എംഎൽഎയായ ആളെ തോൽപിച്ചു. ഇപ്പോൾ പഞ്ചാബിൽ തെരഞ്ഞെടുപ്പ് നടന്നു. ഭഗവന്ത് മാന്‍ പഞ്ചാബ് മുഖ്യമന്ത്രിയായി. മൊബൈൽ ഫോൺ നന്നാക്കുന്ന കടയിലെ ടെക്നീഷ്യൻ ആണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രിയായി. അമൃത്സറിൽ ന‍വ്‍ജ്യോത് സിംഗ് സിന്ധുവായിരുന്നു കോൺഗ്രസ് സ്ഥാനാർഥി. അകാലി ദളിന്‍റെ കരുത്തനായ മജീദിയ ആയിരുന്നു മറ്റൊരു സ്ഥാനാർഥി. ഇവരെ രണ്ട് പേരെയും ഈ മണ്ഡലത്തിൽ തോൽപിച്ചത് നമ്മുടെ ഒരു ചെറിയ വനിതാ പ്രവർത്തകയാണ്. സത്യത്തിന്‍റെ വഴിയിൽ പോയാൽ ദൈവം നിങ്ങൾക്കൊപ്പമെന്നതിന് തെളിവാണിത്.

നമ്മുടെ രാജ്യത്തെ ഭരണ സംവിധാനം അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ഞങ്ങൾ ദില്ലിയിൽ ആദ്യം ചെയ്തത് അഴിമതി അവസാനിപ്പിക്കുകയാണ്.  ദില്ലിയിൽ എന്തെങ്കിലും സർക്കാർ സേവനം ലഭിക്കണമായിരുന്നെങ്കിൽ മുൻപ് കൈക്കൂലി നൽകണമായിരുന്നു. കേരളത്തിലും ഉണ്ടോ ഇത് പോലെ അഴിമതി? ഇന്ന് ദില്ലിയിൽ സർക്കാർ സേവനങ്ങൾക്ക് പണം നൽകേണ്ടതില്ല. എങ്ങനെയാണ് അത് സാധ്യമാക്കിയത്.? 1076എന്നൊരു ഫോൺ നമ്പർ ജനങ്ങൾക്ക് നൽകി. സർക്കാരിൽ നിന്ന് എന്ത് സേവനം വേണമെങ്കിലും ജനങ്ങൾക്ക് ഈ നമ്പറിൽ വിളിക്കാം. ഉദാഹരണത്തിന് വൈദ്യുതി കണക്ഷൻ വേണമെന്ന് വിചാരിക്കുക. ഈ നമ്പറിൽ വിളിച്ചാൽ കണക്ഷനായി എന്തൊക്കെ രേഖകൾ വേണമെന്ന് പറഞ്ഞത് തരും. ഏത് സമയം കണക്ഷൻ നൽകാൻ വീട്ടിൽ വരണമെന്ന് പോലും ചോദിക്കും. അവധി എടുത്ത് കാത്ത് നിൽക്കേണ്ട അവസ്ഥയില്ല, സർക്കാർ ഓഫീസിൽ ക്യൂ നിൽക്കേണ്ട. ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകേണ്ട. സർക്കാർ സേവനം വീട്ടിൽ വന്ന് സൗജന്യമായി നൽകും.

ഞങ്ങൾ വലിയ അഴിമതികളും അവസാനിപ്പിച്ചു. മുൻപ് 100 കോടിയുടെ പദ്ധതി 1000 കോടിക്കാണ് ചെയ്ത് കൊണ്ടിരുന്നത്. അധിക തുക രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമെല്ലാം വീതം വച്ചെടുക്കും. ഇന്ന് ഞങ്ങൾ ഒരു രൂപ പോലും ഇത്തരത്തിൽ തട്ടാൻ അനുവദിക്കുന്നില്ല. ഇങ്ങനെ ലാഭിക്കുന്ന പണം കൊണ്ട് വൈദ്യുതി സൗജന്യമായി നൽകുന്നു. പണ്ട് ഓരോ എട്ട് മണിക്കൂറിലും പവർ കട്ടായിരുന്നു. 5000ഉം 10000ഉം ഒക്കെയായിരുന്നു ജനങ്ങൾക്ക് കിട്ടിയിരുന്ന ബിൽ. എന്നാൽ ദില്ലിയിൽ ഇന്ന് പവർ കട്ടില്ല. എല്ലാവർക്കും സൗജന്യ വൈദ്യുതി. ദില്ലിയിൽ ഇൻവേർട്ടറിന്‍റെയും ജനറേറ്ററിന്‍റെ കച്ചവടം പോലും പൂട്ടിപ്പോയി.! കേരളത്തിനും വേണ്ടേ സൗജന്യ വൈദ്യുതി.?? ദില്ലിയിൽ സാധിക്കുമെങ്കിൽ ഇവിടെയും സാധിക്കും. ഒന്ന് മാത്രം മതി. സത്യസന്ധതയുള്ള സർക്കാർ.

ദില്ലിയിൽ രണ്ട് കോടി ജനങ്ങളുണ്ട്. ജാതിയോ മതമോ ലിംഗമോ വ്യത്യാസമില്ലാതെ എല്ലാവരുടേയും ചികിത്സ ഞങ്ങൾ സൗജന്യമാക്കി. ദില്ലിയിലെ മൊഹല്ലാ ക്ലിനിക്കുകളെ കുറിച്ച് കേട്ടിട്ടുണ്ടോ? ഇവിടെ മരുന്നും ചികിത്സയും ടെസ്റ്റും എല്ലാം സൗജന്യമാണ്. അർബുദം വന്നെന്ന് വിചാരിക്കുക അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വേണമെന്ന് കരുതുക. 30ഉം 40 ലക്ഷം ചെലവ് വന്നാൽ പോലും പേടിക്കേണ്ട. ദില്ലി സർക്കാർ മുഴുവൻ പണവും നൽകും. ദില്ലിക്കാരുടെ എന്ത് ചികിത്സയും സർക്കാ‍‍ർ ആശുപത്രികളിൽ സൗജന്യമാണ്. ഗുരുതരമായ അസുഖം വന്നാൽ എല്ലാം വിറ്റ് ചികിത്സ നടത്തേണ്ടി വരുമായിരുന്നു ഇടത്തരം കുടുംബങ്ങൾക്ക് പോലും. അവരുടെയെല്ലാം പ്രാർഥനയാണ് ഇന്ന് ഞങ്ങൾക്കൊപ്പമുള്ളത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് ഞാൻ സമ്പാദിച്ചത് ഇത് മാത്രമാണ്. 

മുൻപ് ദില്ലിയിലെ സ‍‍ർക്കാർ സ്കൂളുകൾ വളരെ മോശമായിരുന്നു. 14 ലക്ഷം കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിൽ സൗകര്യങ്ങൾ ഒന്നുമില്ലായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ. ഡെസ്കുകളും ബെഞ്ചുകളും ആവശ്യത്തിനില്ല. അധ്യാപകർ പോലും മര്യാദയ്ക്ക് വരില്ല. പാവങ്ങളുടെ മക്കളായിരുന്നു ഇവിടെ പഠിച്ചിരുന്നവരിൽ ഭൂരിഭാഗം. അവരുടെ ഭാവി എന്താണ്? റിക്ഷക്കാരന്‍റെ മകൻ റിക്ഷക്കാരൻ, തൊഴിലാളിയുടെ മകൻ തൊഴിലാളി . ഇതായിരുന്നു സംഭവിച്ച് കൊണ്ടിരുന്നത്. പക്ഷേ അഞ്ച് വ‌ർഷം കൊണ്ട് ഞങ്ങൾ ഈ അവസ്ഥ മാറ്റി മറിച്ചു. ഇന്ന് സർക്കാർ സ്കൂളുകൾ മികച്ച നിലവാരത്തിലാണ്. വിജയ ശതമാനം 99.9 ശതമാനത്തിലെത്തി. ഈ വർഷം നാല് ലക്ഷം കുട്ടികളാണ് സ്വകാര്യ സ്കൂളുകളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് എത്തിയത്. ആലോചിച്ച് നോക്കൂ ഈ 14 ലക്ഷം കുട്ടികളുടെ രക്ഷിതാക്കളുടെ പ്രാർഥന ‌ഞങ്ങൾക്കൊപ്പമില്ലേ? ഇതാണ് ദൈവത്തിന് നൽകേണ്ട യഥാർഥ പൂജ.

ദില്ലിയിൽ കുറഞ്ഞത് 15,000 രൂപ മാസ വരുമാനമുള്ളയാൾക്കും ഇന്ന് അന്തസ്സോടെ ജീവിക്കാം. മക്കളുടെ വിദ്യാഭ്യാസം സൗജന്യമാണ്, വൈദ്യുതി സൗജന്യമാണ്, വെള്ളം സൗജന്യമാണ്, ചികിത്സ സൗജന്യമാണ്, റേഷൻ സൗജന്യമാണ്, സ്ത്രീകൾക്ക് പൊതുഗതാഗതം സൗജന്യമാണ്. ഇതൊന്നും നടപ്പാക്കാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. ദില്ലിയിൽ സത്യത്തിന്‍റെ മാർഗത്തിൽ പോവുന്ന ഒരു സർക്കാരുള്ളത് കൊണ്ടാണ്.

ദില്ലിയിൽ കഴിഞ്ഞ അഞ്ച് വ‌ർഷത്തിനുള്ള 12 ലക്ഷം യുവാക്കൾക്ക് ജോലി നൽകി. കേരളത്തിൽ 40 ലക്ഷം പേരാണ് തൊഴിലില്ലാതെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റ‍ർ ചെയ്തിരിക്കുന്നത്. ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിയും ജോലി നൽകില്ല. അവർക്ക് തല്ലുണ്ടാക്കാനും ഗുണ്ടാപണി ചെയ്യാനും ആളുവേണം. അതുകൊണ്ടാണ്.

സാബു എം ജേക്കബ് വിജയിച്ച ഒരു വ്യവസായി ആണ്. വലിയ വ്യവസായിയാണ്. വൻകിട വ്യവസായികളെ വേറെയും നമുക്ക് അറിയാം. പക്ഷേ ഇദ്ദേഹം കിഴക്കമ്പലം പഞ്ചായത്തിൽ നല്ല റോഡുണ്ടാക്കുന്നു. പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്നു. സ്കൂളുകൾ നന്നാക്കുന്നു. അദ്ദേഹത്തിന്‍റെ പ്രവർത്തനങ്ങളിൽ ഞാൻ ആശ്ചര്യവാനാണ്. ഇങ്ങനെയുള്ള നല്ല മനുഷ്യരുടെ സഖ്യമാണ് വേണ്ടത്.  കേരളത്തിൽ ആംആദ്മി പാർട്ടിയും ട്വന്‍റിട്വന്‍റി പാർട്ടും സഖ്യമുണ്ടാക്കാൻ പോവുന്നു. എല്ലാവരെയും ഒപ്പം ചേർത്ത് കേരളത്തിലും സർക്കാരുണ്ടാക്കാൻ പോവുന്നു. ദില്ലിയിലും പഞ്ചാബിലും കൊണ്ട് വന്ന മാറ്റം കേരളത്തിനും വേണ്ടേ?

എ എ റഹീം അഖിലേന്ത്യാ പ്രസിഡൻ്റായി തുടരും, ഡി വൈ എഫ് ഐ കേന്ദ്രകമ്മിറ്റിയിലേക്ക് മൂന്നു വനിതകളും

0

ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എ.എ റഹീം തുടരും. ഹിമാങ് രാജ് ഭട്ടാചാര്യ ആണ് പുതിയ ജനറല്‍ സെക്രട്ടറി. കേന്ദ്ര കമ്മിറ്റിയിലേക്ക് ചിന്ത ജെറോം ഉള്‍പ്പടെ കേരളത്തില്‍ നിന്ന് മൂന്ന് വനിതകളെ തിരഞ്ഞെടുത്തു.

കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഡി.വൈ.എഫ്.ഐ ദേശീയ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശിയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു.

വി.കെ സനോജ്, ജെയ്ക് സി തോമസ് എന്നിവര്‍ ദേശീയ ജോയിന്റ് സെക്രട്ടറിമാരായി. ഇതില്‍ ജെയ്ക് സി തോമസ് ദേശീയ സെന്റര്‍ കേന്ദ്രീകരിച്ചാകും ഇനി പ്രവര്‍ത്തിക്കുക.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, സംസ്ഥാന അധ്യക്ഷന്‍ വി. വസീഫ്, അരുണ്‍ ബാബു, ഡോ ചിന്ത ജെറോം, ഗ്രീഷ്മ അജയ് ഘോഷ്, ഡോ. ഷിജു ഖാന്‍, എം. ഷാജര്‍, രാഹുല്‍, ശ്യാമ, എം. വിജിന്‍ എന്നിവരെയാണ് കേരളത്തില്‍ നിന്ന് കേന്ദ്ര കമ്മിറ്റിയിലേക്ക് തെരെഞ്ഞെടുത്തിരിക്കുന്നത്.