രാജ്യദ്രോഹക്കുറ്റ നിയമം ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിൽ മരവിപ്പിച്ചു കൂടെ എന്ന് സുപ്രീം കോടതി

0

പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന 124 എ വകുപ്പ് മരവിപ്പിച്ചുകൂടേയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അടുത്ത ദിവസം നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

നിലവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസുകളിലെ നടപടികള്‍ മരവിപ്പിക്കുന്നതിനെ കുറിച്ചും കേന്ദ്രം നിലപാട് വ്യക്തമാക്കണം. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നതായി അറ്റോര്‍ണി ജനറല്‍ തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

എൻ ഡി എ സർക്കാർ അധികാരത്തിൽ വന്നതോടെ വ്യാപകമായ തോതിൽ രാജ്യദ്രോഹ കുറ്റ നിയമം പ്രയോഗിക്കുന്നത് പ്രവണതയായി. ജനാധിപത്യ പ്രവർത്തകരെ വരെ അന്വേഷണ ഏജൻസികൾ രാഷ്ട്രീയമായി ഈ നിയമത്തിൻ്റെ മറവിൽ ലക്ഷ്യം വെക്കുന്നതായി പരക്കെ ചർച്ചകൾ ഉയർന്നു. ഈ സാഹരച്യത്തിലാണ് ബ്രിട്ടീഷ് ഭരണകാലത്തെ ജനാധിപത്യ വിരുദ്ധമായ ഈ നിയമത്തിനെതിരെ ഹരജികൾ ഉണ്ടായത്.

ഇതോടെ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പിന്റെ ചില വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ എത്രകാലത്തിനുള്ളില്‍ പുനഃപരിശോധന പൂര്‍ത്തിയാക്കും എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സോളിസിറ്റര്‍ ജനറലിന് കഴിഞ്ഞില്ല. മാത്രമല്ല കോടതി തത്ക്കാലം ഇതിൽ ഇടപെടരുത് എന്ന ആഭ്യർത്ഥനയാണ് നടത്തിയത്. ഈ സാഹചര്യത്തിലാണ് പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ 124 എ വകുപ്പ് മരവിപ്പിച്ചുകൂടെയെന്ന് കോടതി ആരാഞ്ഞത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലേയെന്ന് കോടതി ആരാഞ്ഞു. രാജ്യദ്രോഹക്കുറ്റം ദുരുപയോഗം ചെയ്യുന്നുവെന്ന ആശങ്ക പലര്‍ക്കുമുണ്ട്. ഹനുമാന്‍ ചാലീസ ചൊല്ലുന്നവര്‍ക്ക് എതിരേപോലും ഈ വകുപ്പ് ഉപയോഗിക്കുന്നു എന്ന ആശങ്ക അറ്റോര്‍ണി ജനറല്‍ തന്നെ പങ്കുവച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനങ്ങളാണ് 124 എ വകുപ്പ് ചുമത്തുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് കോടതി മരവിപ്പിക്കരുതെന്ന് സോളിസിസ്റ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.

ഒ എൻ വി പുരസ്കാരം ടി പത്മനാഭന്

0

2022 ലെ ഒ.എന്‍.വി സാഹിത്യ പുരസ്‌കാരം ടി. പദ്മനാഭന്.

ഡോ. എം.എം ബഷീര്‍, ഡോ. ജോര്‍ജ് ഓണക്കൂര്‍, പ്രഭാവര്‍മ്മ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി ഏകകണ്ഠമായാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒ.എന്‍.വി ജയന്തി ദിനമായ മെയ് 27 നു തിരുവനന്തപുരത്തു വച്ച് പുരസ്‌കാരം സമര്‍പ്പിക്കും.

മൂന്നു ലക്ഷം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഒ.എന്‍.വി കള്‍ച്ചറല്‍ അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്.

മലയാള കഥാസാഹിത്യത്തെ ലോക കഥാസാഹിത്യരംഗത്തുയര്‍ത്തുന്നതില്‍ നിസ്തുലമായ പങ്കു വഹിച്ച സര്‍ഗ്ഗധനനായ കഥാകാരനാണ് ടി പദ്മനാഭന്‍ എന്ന് ജൂറി വിലയിരുത്തി. ‘ഗൗരി’, ‘പ്രകാശം പരത്തുന്ന പെണ്‍കുട്ടി’, മഖന്‍ സിംഗിന്റെ മരണം, മരയ, തുടങ്ങിയ കഥകളിലൂടെ അതുവരെ അനുഭവിക്കാത്ത അനുഭൂതിയുടെ അഭൗമ മണ്ഡലങ്ങളിലേക്ക് ടി പദ്മനാഭന്‍ അനുവാചക മനസ്സുകളെ ഉയര്‍ത്തിയതായും ജൂറി അഭിപ്രായപ്പെട്ടു.

2021 ലെ ഒ.എന്‍.വി യുവസാഹിത്യ പുരസ്‌കാരത്തിന് അരുണ്‍കുമാര്‍ അന്നൂര്‍ രചിച്ച ‘കലിനളന്‍’ എന്ന കൃതിയും, 2022 ലെ പുരസ്‌കാരം അമൃത ദിനേശിന്റെ ‘അമൃതഗീത’ എന്ന കൃതിയും അര്‍ഹമായി. പ്രഭാവര്‍മ്മ, റോസ് മേരി, എസ്.മഹാദേവന്‍ തമ്പി എന്നിവര്‍ ഉള്‍പ്പെട്ട ജൂറി 152 കൃതികളില്‍ നിന്ന് ഏകകണ്ഠമായാണ് ഈ രണ്ടു കൃതികള്‍ തിരഞ്ഞെടുത്തത്. 50000 രൂപയും, ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് യുവസാഹിത്യ പുരസ്‌കാരം.

മഴ തുടുരുന്നു, തൃശ്ശൂർ പൂരം വെടിക്കെട്ട് മാറ്റി

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തൃശ്ശൂര്‍ പൂരത്തിൻ്റെ ഭാഗമായുള്ള വെടിക്കെട്ട് മാറ്റിവെച്ചു.

ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ എല്ലാം മഴയിൽ കുതിർന്നു. വെടിക്കെട്ടിൻ്റെ പുതുക്കിയ സമയം പിന്നീട് അറിയിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് രാത്രി വൈകിയും തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ തറവാടിന് തീയിട്ടു, ശ്രീലങ്കയിൽ പ്രതിഷേധം കത്തുന്നു

സര്‍ക്കാരിനെതിരെ അരങ്ങേറിയ പ്രക്ഷോഭങ്ങൾക്ക് തുടർച്ചയായി പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കുടുംബ വീടിന് തീവെച്ചു. പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു എങ്കിലും ഇതിനു പിന്നാലെ ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായി തുടരുകയുമാണ്.

രാജപക്‌സെയുടെ കുരുനഗലയിലെ തറവാട് വീടിനാണ് തീയിട്ടത്. എംപി മഹിപാല ഹെറാത്തിന്റെ കെഗല്ലെയിലെ വീടിനും എംപി ജോണ്‍സ്ടണ്‍ ഫെര്‍ണാണ്ടോയുടെ കുരുനഗലയിലെ വീടിനും തിസ്സ കുത്തിയാരച്ഛിയുടെ ഉടമസ്ഥതയിലുള്ള ചെറുകിട വ്യാപാര കേന്ദ്രത്തിനും പ്രതിഷേധക്കാര്‍ തീയിട്ടിട്ടുണ്ട്.

കലാപത്തിനിടെ ഭരണകക്ഷിയുടെ പാര്‍ലമെന്റംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എംപിയായ അമരകീര്‍ത്തി അത്തുകോറളയാണ് സംഘര്‍ഷത്തിനിടെ മരിച്ചത്. നിത്തംബുവയില്‍ തന്റെ കാര്‍ തടഞ്ഞ പ്രക്ഷോഭകര്‍ക്ക് നേരെ അമരകീര്‍ത്തി നിറയൊഴിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇതിനു തുടർച്ചയായി പ്രക്ഷോഭകർ ക്ഷുഭിതരായി.

തൊട്ടടുത്ത കെട്ടിടത്തില്‍ അഭയം തേടിയ അമരകീര്‍ത്തിയെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഇദ്ദേഹം രക്ഷപെടാനാവാതെ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്.

ജനജീവിതം ദുസ്സഹമായതോടെ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിനാളുകള്‍ തെരുവുകളിലേക്കിറങ്ങിയിരുന്നു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രസിഡന്റിന്റെ ഓഫീസിലേക്ക് പ്രക്ഷോഭകര്‍ ഇരച്ചുകയറുകയും സംഘര്‍ഷക്കാരും രാജപക്സെ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു.

വിവിധ അക്രമസംഭവങ്ങളില്‍ പന്ത്രണ്ടോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ജനങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കര്‍ഫ്യൂ രാജ്യവ്യാപകമാക്കി ഉത്തരവുണ്ടായി. വിവിധയിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റ 78 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കൊളംബോ നാഷണല്‍ ഹോസ്പിറ്റല്‍ വക്താവ് പുഷ്പ സോയ്സ അറിയിച്ചു.

കോവിഡ് വ്യാപനവും ഇന്ധനവില വര്‍ധനവും കൂടാതെ ജനസമ്മതി ഉറപ്പാക്കുന്നതിനായി രാജപക്സ സര്‍ക്കാര്‍ നടപ്പാക്കിയ നികുതി വെട്ടിച്ചുരുക്കലും സമ്പദ്ഘടനയെ ഏറെ പ്രതികൂലമായാണ് ബാധിച്ചത്. ഭക്ഷണം, ഇന്ധനം, മരുന്ന് എന്നിവയുടെ ഇറക്കുമതി ഏറെക്കുറെ നിലച്ചതോടെ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവുകളിലേക്കിറങ്ങിയത്. അഞ്ചാഴ്ചയ്ക്കിടെ രണ്ട് തവണ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

അവശ്യസാധനങ്ങള്‍ക്ക് പൊള്ളുന്ന വിലയാണ് ശ്രീലങ്കയില്‍. വിലക്കയറ്റവും ക്ഷാമവും കാരണം പെട്രോളിനും ഡീസലിനും നിയന്ത്രണമേര്‍പ്പെടുത്തുകയുണ്ടായി. പമ്പുകള്‍ക്ക് മുന്നിലെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ അധികൃതര്‍ പട്ടാളത്തെ ഇറക്കുകയും ചെയ്തു. തമിഴ് പ്രക്ഷോഭങ്ങളെ അടിച്ചമർത്തി മുന്നേറ്റത്തിന് ശ്രമിക്കയായിരുന്നു രാജ്യം.

ശബ്ധരേഖയിലെ വിവരങ്ങൾ നിഷേധിച്ചു, അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കാവ്യാ മാധവൻ

നടിയെ ആക്രമിച്ച കേസിലും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലും ബന്ധപ്പെട്ട സംഭവങ്ങളിൽ അറിവോ പങ്കാളിത്തമോ ഇല്ലെന്ന് കുറ്റം നിഷേധിച്ച് നടി കാവ്യാ മാധവന്‍.

കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തു. ദിലീപിന്റെ സഹോരദീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യങ്ങൾ. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്നു ശബ്ദ സന്ദേശം. എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ വെളിപ്പെടുത്തി. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. ഈ കേസുമായി ബന്ധപ്പെട്ട് നേരത്തെ കാവ്യയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. തുടരന്വേഷണം ആരംഭിച്ചതോടെയാണ് കാവ്യക്കെതിരേ ചില ശബ്ദരേഖകളും ഫോണ്‍സംഭാഷണങ്ങളും കണ്ടെടുത്തത്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യാ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു.

നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.

തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് എസ്.പി. മോഹനചന്ദ്രന്‍, ഡിവൈ.എസ്.പി. ബൈജു പൗലോസ് തുടങ്ങിയവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘം ‘പത്മസരോവരം’ വീട്ടിലെത്തിയത്. പോലീസ് സംഘം എത്തുന്നതിന് മുമ്പ് കാവ്യാ മാധവന്റെ അമ്മ ഉള്‍പ്പെടെയുള്ളവരും ആലുവയിലെ വീട്ടിലെത്തിയിരുന്നു.

ദേശീയപാത വികസനം, നഷ്ടപരിഹാരമായി നൽകിയത് 21,583 കോടി – മന്ത്രി മുഹമ്മദ് റിയാസ്

ദേശീയപാത വികസനപദ്ധതിയുടെ ഭാഗമായി 21,583 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് സമീപകാലത്ത് ഏറ്റവും കൂടുതല്‍ ഭൂമി ഏറ്റെടുത്ത് നടപ്പാക്കിയ വികസനമാണ് ദേശീയപാത വീതി കൂട്ടൽ.

1078.22 ഹെക്ടര്‍ ഭൂമി പദ്ധതിയ്ക്കായി ഏറ്റെടുത്തു. 51,780 പേര്‍ക്ക് നഷ്ടപരിഹാരം നൽകി കഴിഞ്ഞതായും മന്ത്രി പറഞ്ഞു.

നവീകരിച്ച കാട്ടാക്കട ആമച്ചല്‍ – ചായ്ക്കുളം മൈലോട്ടുമൂഴി റോഡിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലഖിംപൂരിൽ കർഷകരെ കാർ കയറ്റ് കൊന്ന കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് കോടതിയുടെ കടുത്ത വിമർശനം

കര്‍ഷകരെ ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നില്ലങ്കില്‍ ലഖിംപുര്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നുവെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. കര്‍ഷക കൂട്ടക്കൊല കേസിലെ നാല് പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ സുപ്രധാന പരാമര്‍ശം.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ്റെ നേതൃത്വത്തിലാണ് കർഷകരെ കാർ കയറ്റി കൊന്ന സംഭവം ഉണ്ടായത്. കർഷക പ്രതിഷേധകരെ വെല്ലുവിളിച്ച് കൊണ്ടായിരുന്നു ഇത്. തുർടന്ന് മകൻ നിരപരാധിയാണ് എന്ന് അവകാശപ്പെട്ട് മന്ത്രി എത്തി. കേസിൽ അകപ്പെട്ടാൽ മന്ത്രിസ്ഥാനം രാജിവെക്കും എന്നും പ്രഖ്യാപിച്ചു. പക്ഷെ പിന്നീട് സോഷ്യൽ മീഡിയ മന്ത്രിയുടെ മകൻ്റെ നേതൃത്വത്തിൽ നടന്ന ക്രൂരകൃത്യം വെളിച്ചത്ത് കൊണ്ടു വന്നു. ഇതോടെ മകൻ അറസ്റ്റ് ചെയ്യപ്പെട്ടു.

അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന രാഷ്ട്രീയക്കാര്‍ മാന്യമായ ഭാഷയിലായിരിക്കണം അഭിപ്രായം പറയേണ്ടത് എന്ന് സംഭവത്തിന് തുടർച്ചയായി കോടതി പറഞ്ഞു. തങ്ങളുടെ അഭിപ്രായം സമൂഹത്തില്‍ എന്ത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് നേതാക്കള്‍ക്ക് ബോധ്യമുണ്ടാകണം. നിരുത്തരവാദപരമായ പ്രസ്താവനകള്‍ ഉയര്‍ന്ന പദവികളിലുള്ളവര്‍ നടത്തരുതെന്നും ജസ്റ്റിസ് ദിനേശ് കുമാര്‍ സിങ് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിരോധനാജ്ഞ നിലനിന്ന സ്ഥലത്ത് എങ്ങനെയാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പങ്കെടുത്ത ഗുസ്തി മത്സരം നടന്നതെന്നും കോടതി ആരാഞ്ഞു. ഉപമുഖ്യമന്ത്രിക്ക് നിരോധനാജ്ഞ സംബന്ധിച്ച വിവരം മുന്‍കൂട്ടി ലഭിച്ചില്ലെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. നിയമം ലംഘിക്കാന്‍ നിയമം ഉണ്ടാക്കുന്നവര്‍ക്ക് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തെ കോടതി ഉത്തരവില്‍ പ്രശംസിച്ചിട്ടുണ്ട്.

ഷഹീൻബാഗിലെ ബുൾഡോസർ പ്രയോഗത്തിനെതിരായ സി പി എം ഹരജി പിൻവലിച്ചു; പരാതിക്കാർ വരട്ടെയെന്ന് കോടതി

ഷഹീന്‍ബാഗിലെ പൊളിച്ചുനീക്കലിനെതിരെ ഹര്‍ജിനല്‍കിയ സി.പി.എമ്മിന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്. കോടതിയെ രാഷ്ട്രീയ വേദിയാക്കരുതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊളിച്ചുനീക്കലിനെതിരെ ഷഹീന്‍ബാഗ് നിവാസികളല്ലേ തങ്ങളെ സമീപിക്കേണ്ടതെന്ന് കോടതി ആരാഞ്ഞു.

പൊളിച്ചുനീക്കലില്‍ പരാതി ഉണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. തുടര്‍ന്ന് സി.പി.എം. ഹര്‍ജി പിന്‍വലിച്ചു.പൊളിച്ചുനീക്കലിനെതിരെ അടിയന്തിരമായി ഇടപെടണമെന്ന സ.പി.എമ്മിൻ്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടിയായ സി.പി.എം. പൊളിച്ചുനീക്കലിനെതിരെ ഹര്‍ജി ഫയല്‍ ചെയ്യുന്നതെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു ആരാഞ്ഞു. പരാതിയുണ്ടെങ്കില്‍ പൊളിച്ചുനീക്കലില്‍ നഷ്ടം നേരിടുന്നവരല്ലേ കോടതിയെ സമീപിക്കേണ്ടതെന്നും ബെഞ്ച് ആരാഞ്ഞു. ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിയതുകൊണ്ടാണ് ഇടപെട്ടതെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍ ഷഹീന്‍ ബാഗില്‍ എന്താണ് പൊളിച്ചുനീക്കുന്നതെന്ന് കോടിതിക്ക് ഇതുവരെ വ്യക്തമല്ലെന്ന് നിരീക്ഷിച്ചു.

മുന്‍കൂര്‍ നോട്ടീസ് ഉള്‍പ്പടെ നല്‍കിയ ശേഷം പൊളിച്ചുനീക്കല്‍ നടത്തികൂടേയെന്ന് മുന്‍സിപ്പല്‍ കോര്‍പറേഷനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ആരാഞ്ഞു. എന്നാല്‍ വസ്തുതകള്‍ കോടതിയില്‍ തെറ്റായി അവതരിപ്പിക്കുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.

വീടുകള്‍ പൊളിച്ചുനീക്കിയെന്ന വിവരം എവിടെനിന്നാണ് ഹര്‍ജിക്കാർക്ക് ലഭിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ ആരാഞ്ഞു.

ഹൈക്കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി വിമര്‍ശിച്ചു.

രാജ്യദ്രോഹ നിയമം, സുപ്രീം കോടതിയിൽ കേന്ദ്രം നിലപാട് മാറ്റി; പുനപരിശോധനാ തീരുമാനം വരെ വിട്ടുനിൽക്കണമെന്ന് അഭ്യർഥന

രാജ്യദ്രോഹം ക്രിമിനൽ കുറ്റമാക്കുന്ന 124 എ വകുപ്പ്‌ സംബന്ധിച്ച നിലപാട്‌ മാറ്റി കേന്ദ്രസർക്കാർ. പ്രസ്തുത വകുപ്പ്‌ പുനഃപരിശോധിക്കാൻ തയ്യാറാണെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച പുതിയ സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു. ബന്ധപ്പെട്ട അധികൃതർ  ഈ വിഷയത്തിൽ  ഉചിതമായ തീരുമാനം എടുക്കുന്നത്‌ വരെ  124 എ വകുപ്പിന്റെ നിയമസാധുത പരിശോധിക്കുന്നതിൽ നിന്നും സുപ്രീംകോടതി വിട്ടുനിൽക്കണമെന്ന അഭ്യർത്ഥനയും ഇതോടൊപ്പം മുന്നോട്ട് വെച്ചു.

രാജ്യദ്രോഹക്കുറ്റം ശരിവെച്ച കേദാർനാഥ്‌സിങ്ങ്‌ കേസിലെ 1962 ലെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ്‌ കേന്ദ്രസർക്കാർ നേരത്തെ സ്വീകരിച്ചിരുന്നത്‌.

രാജ്യം സ്വാതന്ത്രത്തിന്റെ 75ാം വാർഷികം ആചരിക്കുന്ന അവസരത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ ബാക്കിപത്രമായ നിരവധി നിയമങ്ങളും നടപടിക്രമങ്ങളും ഒഴിവാക്കാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന്‌ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. 2014–-2015 മുതൽ ഏകദേശം 1,500 ഓളം പഴഞ്ചൻ നിയമങ്ങൾ റദ്ദാക്കി. സാധാരണക്കാർക്ക്‌ ബുദ്ധിമുട്ട്‌ സൃഷ്ടിച്ചിരുന്ന നിരവധി നടപടിക്രമങ്ങൾ ഒഴിവാക്കി. തുടർന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയുടെ ഭാഗമായി രാജ്യദ്രോഹം കുറ്റകരമാക്കുന്ന വകുപ്പിൻ്റെ നിയമസാധുതയും പരിശോധിക്കും.

124 വകുപ്പിനെ കുറിച്ച്‌ പൊതുസമൂഹത്തിൽ വ്യത്യസ്‌ത അഭിപ്രായങ്ങളാണുള്ളത്‌. മനുഷ്യാവകാശങ്ങൾക്കും പൗരസ്വാതന്ത്രത്തിനും എതിരാണ്‌ വകുപ്പിലെ വ്യവസ്ഥകളെന്ന അനുഭവം മുൻ നിർത്തിയാണ് ഇത്.

രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും നിലനിർത്താൻ സർക്കാരിന്‌ ബാധ്യതയുണ്ട്‌. ഈ സാഹചര്യത്തിൽ, എല്ലാവശങ്ങളും പരിശോധിച്ച ശേഷം ബന്ധപ്പെട്ട അധികൃതർ വിഷയത്തിൽ തീരുമാനമെടുക്കും. അതുവരെ, വകുപ്പിന്റെ നിയമസാധുത സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിൽ നിന്നും കോടതി വിട്ടുനിൽക്കണം–- കേന്ദ്രസർക്കാർ സത്യവാങ്ങ്‌മൂലത്തിൽ പറഞ്ഞു.

രാജ്യദ്രോഹക്കുറ്റത്തിന്റെ നിയമസാധുത ശരിവെച്ച വിധി വിശാലബെഞ്ചിന്റെ പുനഃപരിശോധനയ്‌ക്ക്‌ വിടണോയെന്ന കാര്യത്തിൽ ചീഫ്‌ജസ്‌റ്റിസ്‌ എൻ വി രമണ അദ്ധ്യക്ഷനായ ബെഞ്ച്‌ വിശദവാദം കേൾക്കാനിരിക്കുന്ന അവസരത്തിലാണ്‌ കേന്ദ്രസർക്കാർ പുതിയ നിലപാടുമായി രംഗത്തെത്തിയിട്ടുള്ളത്‌.

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവെച്ചു

ശ്രീലങ്കയിൽ പ്രതിഷേധം രൂക്ഷമായതോടെ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയും പ്രക്ഷോഭകർ തെരുവിലിറങ്ങുകയും ചെയ്തതോടെ രജപക്സെ രാജിവച്ചത്.

ഇതിനിടെ ഭരണപക്ഷ എംപി കൊല്ലപ്പെട്ടു. എംപി അമരകീർത്തി അത്തുകോറളയാണ് കൊല്ലപ്പെട്ടത്. തന്റെ കാർ തടഞ്ഞവർക്ക് നേരെ എംപി വെടിയുതിർത്തെന്നും പിന്നീട് പ്രതിഷേധക്കാരിൽ നിന്ന് രക്ഷപ്പെടാനായി അഭയം പ്രാപിച്ച കെട്ടിടത്തിൽ എംപിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പ്രധാനമന്ത്രി രാജിവയ്ക്കാതെ ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ പ്രക്ഷോഭകര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം നടത്തിയത് സ്ഥിതിഗതികള്‍ വഷളാക്കി. ഇതിനെ നേരിടാന്‍ രാജ്യമൊട്ടാകെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്നത്.

കഴിഞ്ഞ ദിവസം പ്രസിഡന്റിന്റെ വസതിയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ രാജിയാവശ്യം ഉയര്‍ന്നിരുന്നു. മന്ത്രിമാരായ പ്രസന്ന രണതുംഗ, നലക ഗോതഹേവ, രമേഷ്‌ പതിരണ എന്നിവരും പ്രധാനമന്ത്രിയുടെ രാജി തീരുമാനത്തോട്‌ യോജിച്ചു. സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരം രാജിയാണെങ്കിൽ സമ്മതമാണെന്ന്‌ മഹിന്ദ മുമ്പ് പ്രതികരിച്ചിട്ടുണ്ട്.

സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ സായുധസേനയ്‌ക്ക്‌ അധികാരം നൽകിയതിനെതിരെ പ്രതിപക്ഷത്തുനിന്നും വിദേശ സ്ഥാനപതികളിൽനിന്നും കടുത്ത വിമർശമാണ്‌ പ്രസിഡന്റ്‌ ഗോതബായ നേരിടുന്നത്‌. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാർഥികളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.