തുരങ്കത്തിനകത്ത് 11 ദിവസം, അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതീക്ഷയുടെ 12 മീറ്റർ ദൂരം

0

ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നുവീണ് 11 ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്കരികില്‍ ബുധനാഴ്ച രാത്രി തന്നെ എത്തിച്ചേരാൻ കഴിയുമെന്ന് പ്രതീക്ഷ. പഴഞ്ചൻ നിർമ്മാണ മാർഗ്ഗങ്ങൾ സ്വീകരിച്ചതായി പരാതി ഉയന്നതോടെ പ്രതിരോധത്തിലായ അധികാരികൾ ഒടുവിൽ മുൾമുനയിലായി. തൊഴിലാളികളുടെ ജീവൻ രാഷ്ട്രീയ പ്രശ്നമായും മാറും എന്ന ഘട്ടത്തിലെത്തി. വീഴ്ച ആരുടേത് എന്നത് മറന്ന് തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള പ്രാർത്ഥനിയിലാണ് രാജ്യം.

ഇന്ന് ബുധനാഴ്ച രാത്രി 11.30 യോടെ തൊഴിലാളികൾക്ക് അടുത്ത് എത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ നിര്‍ണായകഘട്ടത്തിലേക്കെത്തിയതായി ഉത്തരാഖണ്ഡ് ടൂറിസം വകുപ്പിലേക്ക് നിയോഗിക്കപ്പെട്ട പ്രത്യേക ഉദ്യോഗസ്ഥനായ ഭാസ്‌കര്‍ ഖുല്‍ബെ വ്യക്തമാക്കി.

രക്ഷാദൗത്യസംഘത്തിലെ ദേശീയ ദുരന്ത നിവാരണ സേനാ അംഗങ്ങള്‍ ഓക്‌സിജന്‍ മാസ്‌കുകള്‍ ധരിച്ച് കുഴലുകളിലൂടെ തുരങ്കത്തിലേക്ക് നീങ്ങിയെന്നതാണ് പ്രതീക്ഷയുയര്‍ത്തുന്ന ഏറ്റവും പുതിയ വിവരം. തുരങ്കത്തിനുള്ളില്‍ അവശിഷ്ടങ്ങള്‍ക്കപ്പുറം കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആറ് മീറ്റര്‍ ഇപ്പുറം എന്‍ഡിആര്‍എഫ് അംഗങ്ങള്‍ എത്തിച്ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ദിവസങ്ങളോളം സൂര്യവെളിച്ചമേല്‍ക്കാതേയും സാധാരണഭക്ഷണമോ പുറംലോകത്തെ വായുവോ അനുഭവിക്കാനാകാതെ നിസ്സഹായതിയിലായിരുന്നു തൊഴിലാളികൾ.

ദേശീയപാതാ വിഭാഗം പ്രതിക്കൂട്ടിലായി, എല്ലാ തുരങ്കങ്ങളിലും പരിശോധന തുടങ്ങി

രാജ്യത്ത് നിര്‍മാണത്തിലിരിക്കുന്ന എല്ലാ തുരങ്കങ്ങളിലും സുരക്ഷാ പരിശോധന നടത്താന്‍ തീരുമാനിച്ച്‌ ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ). ഉത്തരകാശിയിലെ സില്‍കാരയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിനകത്ത് തൊഴിലാളികള്‍ കുടുങ്ങിപ്പോയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കരാറുകാരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ആധുനിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തി എന്ന ആരോപണത്തിന് ഇടയിലാണ് പരിശോധനാ നിർദ്ദേശം.

രാജ്യത്തുടനീളം 29 തുരങ്കങ്ങളാണ് നിര്‍മാണത്തിലിരിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന 29 തുരങ്കങ്ങളില്‍ 12 എണ്ണം ഹിമാചല്‍പ്രദേശിലാണ്. ആറെണ്ണം ജമ്മു കശ്മീരിലും രണ്ടെണ്ണം വീതം മഹാരാഷ്ട്രയിലും ഒഡിഷയിലും രാജസ്ഥാനിലും സ്ഥിതി ചെയ്യുന്നു. മധ്യപ്രദേശ്, കര്‍ണ്ണാടക, ഛത്തീസ്ഗഢ്, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഓരോ തുരങ്കം വീതമാണുള്ളത്‌.

തുരങ്ക നിർമ്മാണത്തിന് ആധുനിക മാനദണ്ഡങ്ങളും സാങ്കേതിക സൌകര്യങ്ങളുമുണ്ട്. ഇവ പാലിക്കാതെ കരാറുകാർ തൊഴിലാളികളുടെ ജീവൻ പരിഗണിക്കാതെ പഴഞ്ചൻ മാർഗ്ഗങ്ങൾ സ്വീകരിച്ചു എന്ന വിമർശനം ഉയർന്നിരുന്നു. പതിനൊന്ന് ദിവസമായിട്ടും 41 തൊഴിലാളികളെ രക്ഷിക്കാനായില്ല.

എന്‍.എച്ച്.എ.ഐക്ക് കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന തുരങ്കങ്ങളുടെ ഡിസൈന്‍, ഡ്രോയിങ്, സുരക്ഷയുടെ വിവിധ വശങ്ങള്‍ എന്നീ കാര്യങ്ങള്‍ കെ.ആര്‍.സി.എല്‍. പുനഃപരിശോധിക്കും.

നാലുദിവസത്തെ വെടിനിർത്തലിന് സമ്മതം, ഹമാസ് 50 ബന്ദികളെ വിട്ടയക്കും, ജയിലിലടച്ച 150 പലസ്തീൻ സ്ത്രീകളെയും കുട്ടികളെയും ഇസ്രയേൽ മോചിപ്പിക്കും

0

ഹമാസുമായുള്ള താത്കാലിക വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ മന്ത്രിസഭ വഴങ്ങി. ബന്ദികളുടെ മോചനത്തിനായി എന്ന നിലയ്ക്കാണ് നാലുദിവസത്തേക്ക് വെടിനിര്‍ത്തൽ ധാരണയായിരിക്കുന്നത്.

ഈ സമയത്തിനുള്ളില്‍ 50 ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പിന്നീട് ഓരോ പത്ത് ബന്ദികളുടെ മോചനത്തിനും ഓരോദിവസം അധികം വെടിനിര്‍ത്തലുണ്ടാവും. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള ബന്ദികളെയാണ് മോചിപ്പിക്കുക.

മൂന്നുവയസ്സുള്ള കുട്ടിയടക്കം മൂന്ന് അമേരിക്കന്‍ പൗരന്മാരായ ബന്ദികളെ വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. അറിയിച്ചു. കൂടുതല്‍ ബന്ദിമോചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കരാര്‍. തങ്ങള്‍ മോചിപ്പിക്കുന്ന 50 പേര്‍ക്ക് പകരമായി സ്ത്രീകളും കുട്ടികളുമായി 150 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വെറുതേവിടുമെന്ന് ഹമാസും അറിയിച്ചു. ഇസ്രയേൽ ജയിലിലടച്ചവരാണ് ഇത്.

കരാര്‍ പ്രകാരം മാനുഷികസഹായങ്ങളും മരുന്നുകളും ഇന്ധനവും ഗാസയിലേക്ക് എത്തുമെന്ന് ഹമാസ് പറയുന്നു. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ളപ്പോള്‍ ഗാസയിലുള്ള ഒരാളേയും ഇസ്രയേല്‍ അക്രമിക്കുകയോ അറസ്റ്റ് ചെയ്യുകയോ ഉണ്ടാവില്ല. ഹമാസിൻ്റെ തടവിലുള്ള സിവിലിയൻമാരെ മാത്രമാവും വിട്ടയക്കുക.

വെടിനിര്‍ത്തല്‍ സമയത്ത് തെക്കന്‍ഗാസയില്‍ ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെക്കും. വടക്കന്‍ഗാസയില്‍ രാവിലെ പത്തുമുതല്‍ നാലുവരെ ആറുമണിക്കൂര്‍ ഗതാഗതനിയന്ത്രണമുണ്ടാവുമെന്നും ഹമാസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയതിനെ യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ സ്വാഗതംചെയ്തു. മുഴുവന്‍ ബന്ദികളേയും തിരിച്ചെത്തിക്കാനും ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ഗാസയില്‍നിന്ന് ഇസ്രയേലിന് തുടര്‍ ഭീഷണികളില്ലെന്ന് ഉറപ്പുവരുത്താനുമുള്ള പോരാട്ടം തുടരുമെന്നും ഇസ്രയേൽ പ്രസ്താവനയില്‍ പറയുന്നു.

രാഹുൽ വയാനാടിനെ കൈവിടുമോ, അമേഠിയിൽനിന്ന് മത്സരിക്കുമെന്ന് യു പി കോൺഗ്രസ് അധ്യക്ഷൻ

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്ന പ്രതീക്ഷ വീണ്ടും പങ്കുവച്ച് യു.പി. കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായ്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷ വര്‍ഷ ഗെയ്ക്‌വാദിനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘ഗാന്ധി കുടുംബം തലമുറകളായി അമേഠിയിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. രാഹുല്‍ ഗാന്ധി തീര്‍ച്ചയായും അമേഠിയില്‍ നിന്ന് തന്നെ മത്സരിക്കും.’ -അജയ് റായ് പറഞ്ഞു.

2019 തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് 55000 വോട്ടിന് അമേഠി സീറ്റ് നഷ്ടപ്പെട്ടതാണ്. എന്നാൽ വയനാട്ടിൽ 4.31 ലക്ഷം വോട്ടുകൾ നേടിയാണ് ജയിച്ചത്. റായി നേരത്തെ ലക്നോവിലും രാഹുൽ തിരിച്ചു വരും എന്ന അഭിപ്രായം പറഞ്ഞിരുന്നു. വാരണാസിയിൽ നരേന്ദ്ര മോഡിക്ക് എതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്നും അഭിപ്രായപ്പെട്ടിരുന്നു. രാഹുൽ വയനാട് കൈവിടാൻ കാത്തിരിക്കുന്ന രാഷ്ട്രീയവും നിലനിൽക്കുമ്പോഴാണ് ഇത്.

വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനവും അജയ് റായ് ഉന്നയിച്ചു. ‘അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്. അല്ലാതെ മഹാസംഭവമാക്കേണ്ട കാര്യമല്ല. മതിയായ വിശ്വാസമുണ്ടെങ്കില്‍ ഒരു വിളക്കോ ഒരു പൂവോ തന്നെ ധാരാളമാണ്. എന്നാല്‍ ബി.ജെ.പി. ഇതൊരു മഹാസംഭവമാക്കി ചിത്രീകരിച്ച് ജനങ്ങളെ വിഡ്ഢികളാക്കുകയാണ്.’ -അദ്ദേഹം പറഞ്ഞു.

‘ഉത്തര്‍പ്രദേശിലെ രാഷ്ട്രീയക്കാര്‍ അസ്വസ്ഥരാണ്. അവര്‍ ഹലാലിനെ കുറിച്ചും മദ്രസയെ കുറിച്ചും പറയുന്നു. പക്ഷേ ഒരിക്കലും തൊഴിലില്ലായ്മയെ കുറിച്ചും ഗ്യാസ് വിലയെ കുറിച്ചും വര്‍ധിച്ചുവരുന്ന പണപ്പെരുപ്പത്തെ കുറിച്ചും സംസാരിക്കുന്നില്ല. ഹലാല്‍ പ്രശ്‌നം മനുഷ്യരെ ഉപദ്രവിക്കാന്‍ മാത്രമായുള്ളതാണ്.’ -അജയ് റായ് പറഞ്ഞു.

ബ്രസീല്‍ – അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ പൊരിഞ്ഞ തല്ല്, ലാത്തി ചാർജ്, മെസി പിണങ്ങി

ബ്രസീല്‍ – അര്‍ജന്റീന ലോകകപ്പ് യോഗ്യതാ മത്സരം തുടങ്ങും മുൻപേ ഗാലറിയില്‍ ആരാധകര്‍ തമ്മില്‍ പൊരിഞ്ഞ അടി. പൊലീസ് കയറി ലാത്തി ചാർജ് ചെയ്തിട്ടും ആരാധകർ അടങ്ങിയില്ല. സംഘർഷത്തിൽ മത്സരം അര മണിക്കൂര്‍ വൈകി.

ഇന്ത്യന്‍ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം 6.30-നാണ് തുടങ്ങിയത്‌. മാറക്കാന ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിലാണ് കൈയാങ്കളി അരങ്ങേറിയത്‌.

മത്സരത്തില്‍ അര്‍ജന്റീന ഒരു ഗോളിന് ജയിച്ചു. 63-ാം മിനിറ്റില്‍ നിക്കോളസ് ഓട്ടമെന്‍ഡി നേടിയ ഗോളിലാണ് അര്‍ജന്റീന ബ്രസീലിനെ വീഴ്ത്തിയത്‌. ഹെഡറിലൂടെയായിരുന്നു ഗോള്‍. അര്‍ജന്റൈന്‍ മധ്യനിരക്കാരന്‍ ഡി പോളിനെ ഫൗള്‍ ചെയ്തതിന് 81-ാം മിനിറ്റില്‍ ബ്രസീലിന്റെ ജോലിന്‍ടണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.

ദേശീയഗാനങ്ങൾക്കിടെ കളിഭ്രാന്ത് കയ്യാങ്കളിയായി

മത്സരത്തിനായി ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനാ താരങ്ങള്‍ ഗ്രൗണ്ടിലിറങ്ങിയപ്പോഴും അടിപിടി തുടരുകയായിരുന്നു. ഗാലറിയില്‍ സംഘര്‍ഷമൂത്തതോടെ പൊലീസ് അർജൻ്റീന ആരാധകരെ അടിച്ച് തുരത്തി. ഇത് കണ്ട് ടീം തിരികെക്കയറി. തുടര്‍ന്ന് സ്ഥിതിഗതികള്‍ ശാന്തമായതോടെയാണ് വീണ്ടും കളിക്കാനെത്തിയത്.

ഇരുരാജ്യങ്ങളും ദേശീയ ഗാനം ചൊല്ലുന്നതിനായി അണിനിരന്നപ്പോഴാണ് ഗാലറിയില്‍ സംഘര്‍ഷമുണ്ടായത്. ലാത്തിച്ചാര്‍ജില്‍ നിരവധി അര്‍ജന്റീന ആരാധകര്‍ക്ക് പരിക്കേറ്റു. ഇത് ലയണല്‍ മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിനെ പ്രകോപിപ്പിച്ചു. ഏറ്റുമുട്ടല്‍ നടന്ന ഇടത്തേക്ക് വിരല്‍ ചൂണ്ടി അധികൃതരുമായി മെസി എന്തോ സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. ‘ഞങ്ങള്‍ കളിക്കുന്നില്ല, പോകുന്നു’വെന്ന് മൈതാനം വിടുന്നതിനു മുന്‍പായി മെസി കട്ടായം പറഞ്ഞു.

ഇരു കൂട്ടരെയും ഒരുവിധം ശാന്തരാക്കിയാണ് കളി തുടർന്നത്. അപ്പോഴേക്കും കളി തുടങ്ങാതെ അരമണിക്കൂർ കടന്നു പോയി. ഗ്യാലറിയിലെ അടി നേരത്തെ തുടങ്ങി വെച്ചിരുന്നു.

അടിയുടെ ദൃശ്യങ്ങൾ എക്സിൽ

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേർ കസ്റ്റഡിയിൽ

0

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട ജില്ലയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ അടൂരിലാണ് നാല് പേർ കസ്റ്റഡിയിലായത്. ഇവരിലൊരാൾ പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അഭി വിക്രമാണ്. ഫെനി, ബെനിൽ ബിനു എന്നിങ്ങനെ മറ്റ് മൂന്ന് പേരും കസ്റ്റഡിയിലുണ്ട്.

കേസിൽ അടൂരിൽ അഭി വിക്രം അടക്കമുള്ള നേതാക്കളുടെ വീടുകളിൽ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയെന്നാണ് സംശയം. നിലവിൽ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനാണ് അഭി വിക്രം. 


ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. പിന്നാലെ  തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അതൃപ്തരായ യൂത്ത് കോൺഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാൻ ഉതകുന്ന വിവരങ്ങളുമായി എത്തി. കൂടുതൽ  ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. 

പന്തളത്ത് നിന്ന് പിടിച്ചെടുത്ത രണ്ട് ലാപ്ടോപ്പുകൾ രണ്ടു ദിവസത്തിനകം തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർവ്വറിലെ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട്  വരണാധികാരിയായിരുന്ന പി വി രതീഷിനും, തെരെഞ്ഞെടുപ്പ് വിശദാംശങ്ങള്‍ നൽകാനായി യൂത്ത് കോൺഗ്രസ് കേന്ദ്ര തെരെഞ്ഞെടുപ്പ് അതോററ്റിക്കും നോട്ടീസ് നൽകി.

വ്യാജ രേഖയിൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയില്ല. മൂന്നു ദിവസമെന്ന സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. നിയമപരമായ തുടര്‍ നടപടികൾ ഉണ്ടാകുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്, സിപിഐ നേതാവ് ഭാസുരാംഗനും മകനും അറസ്റ്റിൽ

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ബാങ്ക് മുന്‍ പ്രസിഡന്റും സി.പി.ഐ. നേതാവുമായിരുന്ന ഭാസുരാംഗനും മകന്‍ അഖില്‍ജിത്തും അറസ്റ്റില്‍. ചൊവ്വാഴ്ച രാത്രിയായിരുന്നു അറസ്റ്റ്.

ഇരുവരേയും ചൊവ്വാഴ്ച രാവിലെ മുതൽ ഇ.ഡി. ചോദ്യം ചെയ്തതിരുന്നു. മൂന്നാം തവണയാണ് ഭാസുരാം​ഗനെ ചോദ്യം ചെയ്യുന്നത്. ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരത്ത് ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും അടക്കം ഇ ഡി റെയ്ഡ് നടത്തി. സാമ്പത്തിക ഇടപാടുകള്‍ അടങ്ങിയ കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കും ബാങ്കിലെ നിക്ഷേപകരുടെയും വായ്പക്കാരുടെയും വിവരങ്ങള്‍ അടങ്ങിയ രജിസ്റ്ററും ഉള്‍പ്പെടെ ഇ.ഡി. ശേഖരിച്ചിരുന്നു.

നവംബർ 17ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാവാൻ ഇഡി ആവശ്യപ്പെട്ടുവെങ്കിലും ഭാസുരാംഗനും മകനും ഹാജരായിരുന്നില്ല. തുടർന്നാണ് ഇന്ന് ചോദ്യം ചെയ്യൽ ആരംഭിച്ചത്. നേരത്തെ, ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. 

പ്രതികളുടെ മൊഴികൾ തമ്മിൽ വലിയ പൊരുത്തക്കേടുണ്ടെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. 100 കോടിയിൽ അധികം രൂപയുടെ തട്ടിപ്പ് ബാങ്കുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. ഓഡിറ്റ് നടത്തിയതില്‍ വലിയ ക്രമക്കേടുകള്‍ വ്യക്തമാണ്. ഇരുവരുടേയും പേരിലുള്ള സ്വത്തുക്കളുടെ സ്രോതസ്സ് വ്യക്തമല്ലെന്നും ഇ.ഡി അറിയിച്ചു.

ഭാസുരാംഗന്‍റെ മകന്‍ അഖിൽ ജിത്തിന്‍റെ നിക്ഷേപം, ചുരുങ്ങിയ കാലയളവിലുണ്ടായ സാമ്പത്തിക സ്രോതസ്, ബിസിനസ് വളർച്ച എന്നിവ സംബന്ധിച്ച രേഖകളും ഇഡി ശേഖരിച്ചിരുന്നു.

ബുധനാഴ്ച ഭാസുരാം​ഗനെ കോടതിയിൽ ഹാജരാക്കും. പിന്നാലെ, കസ്റ്റഡിയിൽ വാങ്ങിയതിന് ശേഷം വിശദമായി ചോദ്യം ചെയ്‌തേക്കും.

ഇ.ഡി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ സി.പി.ഐ ഭാസുരാംഗനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഭാസുരാംഗനായിരുന്നു മൂന്ന് പതിറ്റാണ്ടുകാലമായി ബാങ്കിന്റെ ഭരണസമിതിയുടെ തലപ്പത്ത്.

ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഖത്തറിനോട് മൂന്ന് ഗോൾ വഴങ്ങി ഇന്ത്യ

0

ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഖത്തറിനോട് പരാജയം ഏററുവാങ്ങി ഇന്ത്യ. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തറിനോട് ഇന്ത്യ അടിയറവ് പറഞ്ഞത്. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തില്‍ കുവൈത്തിനെ തോല്‍പ്പിച്ചതിൻ്റെ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ രണ്ടാം റൗണ്ടിന് ഇറങ്ങിയത്.

നാലാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക് ആഘാതമേല്‍പ്പിച്ച് ഖത്തറിന് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കാനായി. മികച്ച ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഖത്തര്‍ ഗോളപോസ്റ്റിലേക്ക് എത്തിയില്ല. ആദ്യ പകുതി തുടക്കത്തില്‍ തന്നെ ഗോൾ വഴങ്ങി. ആദ്യ ഇലവനില്‍ ഇടംപിടിക്കാതിരുന്ന മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് 63-ാം മിനിറ്റിലാണ് കളത്തിലിറങ്ങിയത്.

ഇത്തിരി കുഞ്ഞൻ രാജ്യം മൂന്ന് ഗോളിന്……

തമീം മന്‍സൂറിന്റെ പാസില്‍ നിന്ന് മുസ്തഫ താരീഖാണ് ഖത്തറിനായി ആദ്യ സ്‌കോര്‍ ചെയ്തത്. അല്‍മോയെസ് അലിയുടെ വകയാണ് ഖത്തറിന്റെ രണ്ടാമത്തെ ഗോള്‍. രണ്ടാം പകുതി ആരംഭിച്ചയുടന്‍ 47-ാം മിനിറ്റിലായിരുന്നു ഈ ഗോള്‍. 86-ാം മിനിറ്റിലായിരുന്നു ഖത്തറിൻ്റെ അവസാന ഗോൾ. മുഹമ്മദ് വാദ് നീട്ടി നല്‍കിയ പന്ത് ഹെഡറിലൂടെ യൂസുഫ് അബ്ദുറിസാഗാണ് വലയിലെത്തിച്ചത്.

ഒഡീഷയിലെ കലിംഗ സ്റ്റേഡിയത്തിലായിരുന്നു മത്സരം. യോഗ്യതാ റൗണ്ടിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഖത്തര്‍ അഫ്ഗാനിസ്താനെ 8-1ന് തകര്‍ത്തിരുന്നു.

ഷമിയുടെ മാതാവ് ആശുപത്രിയിൽ, സമ്മർദ്ദം താങ്ങാനാവാതെ അവശയായി

0

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനൽ കണ്ടുകൊണ്ടിരിക്കെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മാതാവ് ആശുപത്രിയിലായി. സമ്മർദ്ദം താങ്ങാൻ വയ്യാതെ ഇവർ അസ്വസ്ഥയായിരുന്നു എന്നാണ് റിപ്പോർട്ട്.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷമിയുടെ മാതാവിൻ്റെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കളിക്കുമ്പോള്‍ ഗ്രാമവാസികള്‍ക്കൊപ്പം കളി കാണുകയായിരുന്നു അവർ. ഗ്രാമം മുഴുവനും കളിയുടെ ലഹരിയിൽ ആയിരുന്നു.

ഇന്ത്യയും ഓസ്ട്രേലിയയും ലോകകപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഷമിയുടെ മാതാവ് അനും ആരയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. പനിയും സമ്മര്‍ദ്ദവും കണ്ടെത്തി. ബന്ധുക്കള്‍ ഉത്തര്‍ പ്രദേശിലെ അംരോഹ ജില്ലയിലെ ശേഷാപുര്‍ ഗ്രാമത്തിലുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു .ഇവിടെ പ്രാഥമിക ചികിത്സ നല്‍കി. പക്ഷെ നില മെച്ചപ്പെട്ടില്ല. തുടർന്ന് മെച്ചപ്പെട്ട സൗകര്യങ്ങളുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

ലോകകപ്പ് ഫൈനല്‍ മത്സരം കാണാനായി ആംരോഹ ജില്ലയിലെങ്ങും വലിയ സ്ക്രീനുകള്‍ സജ്ജീകരിച്ചിരുന്നു. ഗ്രാമത്തിലും ഉത്സവത്തിൻ്റെ അന്തരീക്ഷമായിരുന്നു.

ഫൈനലില്‍ ഒരു വിക്കറ്റ് മാത്രമെ വീഴ്ത്തിയുള്ളൂവെങ്കിലും ഷമി ലോകകപ്പ് വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. ലോകകപ്പിലെ ആദ്യ നാലു കളികളിലും പ്ലേയിംഗ് ഇലവനില്‍ അവസരം നൽകിയിരുന്നില്ല. പക്ഷെ ഷമി പിന്നീട് കളിച്ച കളികളിൽ 24 വിക്കറ്റ് സ്വന്തമാക്കി.

കോൺഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി, പിടിച്ചെടുത്തത് 751.9 കോടിയുടെ വസ്തുവകകൾ

കോൺഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിൻ്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി Enforcement Directorate. 661 കോടിയുടെ സ്വത്തും 90.21കോടിയുടെ ഓഹരികളും പിടിച്ചെടുത്തു. ഡൽഹി മുംബൈ ലക്നൗ എന്നിവിടങ്ങളിലെ ആകെ 751.9 കോടിയുടെ സ്ഥാവര സ്വത്തുവകകളാണ് ഇത്. സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരാണ് യംഗ് ഇന്ത്യയുടെ ഡയറക്ടർമാർ.

ഖാർഗെയും സാം പിത്രോഡയും അസോസിയേറ്റ് ജേർണലിന്റെ ഡയറക്ടർമാരാണ്. കള്ളപ്പണം വെളുപ്പിക്കൽ എന്ന വകുപ്പിൽ റജിസ്ത്ര് ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ഇഡി നീക്കം.

കോൺ​ഗ്രസ് മുഖപത്രമായ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ പ്രസാധകരാണ് അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ്. അതിന്റെ ഹോൾഡിംഗ് കമ്പനിയാണ് യങ് ഇന്ത്യ. 2013ൽ ഡൽഹി കോടതിയിൽ ബിജെപിയുടെ സുബ്രഹ്മണ്യൻ സ്വാമി നൽകിയ സ്വകാര്യ പരാതി വീണ്ടും പരിഗണിച്ചാണ് കേസ്.‌ വഞ്ചനയും ഫണ്ട് ദുരുപയോ​ഗവും ആരോപിച്ചായിരുന്നു പരാതി.

കേസിൽ സോണിയ​ഗാന്ധിക്കും രാഹുൽ ​ഗാന്ധിക്കും 2015 ഡിസംബറിൽ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇരുവരുടെയും മൊഴികൾക്കൊപ്പം കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയുടെയും മൊഴി ഇ ഡി നേരത്തെ രേഖപ്പെടുത്തിയിരുന്നു. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും എൻഫോർസ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന സൂചനകളുമുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുന്നോടിയായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി. തയ്യാറെടുക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടും എന്നായപ്പോൾ ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ പ്രതികാരം ചെയ്യുകയാണെന്ന് കോൺഗ്രസ് വിമർശിച്ചു.

ബലാത്സംഗക്കേസ് പിൻവലിച്ചില്ല, യു.പി.യിൽ പെൺകുട്ടിയെ നടുറോട്ടിൽ വെട്ടിക്കൊന്നു

ഉത്തര്‍പ്രദേശില്‍ ബലാത്സംഗക്കേസിലെ പ്രതി അതിജീവിതയെ പട്ടാപ്പകല്‍ റോഡിലിട്ട് വെട്ടിക്കൊന്നു. കൗശാംബി ജില്ലയിലെ ദെര്‍ഹ ഗ്രാമത്തിൽ ലൈംഗികാക്രമണത്തിന് ഇരയായ 19-കാരിയാണ് കൊല്ലപ്പെട്ടത്. കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നത് സംബന്ധിച്ച് പരാതിപ്പെട്ട് സ്റ്റേഷനിൽ നിന്നും തിരികെ വരുമ്പോഴാണ് മഴുകൊണ്ട് വെട്ടിക്കൊന്നത്.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിലായിരുന്ന പ്രതി പവന്‍ നിഷാദും സഹോദരന്‍ അശോക് നിഷാദും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയശേഷം ഇരുവരും ഒളിവില്‍പോവുകയും ചെയ്തു.

മൂന്നു വർഷം മുൻപ് കാലികളെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടി തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതി ആക്രമിച്ചത്. ഈ കേസിൽ പവന്‍ നിഷാദ്. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ജയിലില്‍നിന്നിറങ്ങിയതിന് പിന്നാലെ കേസില്‍നിന്ന് പിന്മാറാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി തുടങ്ങി. പലരീതിയിലും സമ്മര്‍ദം ചെലുത്തി. പെണ്‍കുട്ടി ഇതിന് കൂട്ടാക്കിയില്ല.

ഇതോടെയാണ് പവനും സഹോദരനായ അശോകും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കണ്ടെത്തിയത്. കേസിലെ കൂട്ടുപ്രതിയായ അശോക് നിഷാദ് നേരത്തെ ഒരു കൊലക്കേസില്‍ ഉള്‍പ്പെട്ട് ജയിലിലായിരുന്നു. രണ്ടുദിവസം മുന്‍പാണ് ഇയാള്‍ കൊലക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതെന്നും ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.