ഇന്ത്യൻ രൂപ പിന്നെയും കൂപ്പു കുത്തി, ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി

രാജ്യത്തിൻ്റെ സാമ്പത്തിക നിലയിൽ ആശങ്ക പെരുകുന്നു. രൂപയുടെ മൂല്യം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേയ്ക്ക് എത്തി. ഡോളറിനെതിരെ 77.40 നിലവാരത്തിലാണ് തിങ്കളാഴ്ച രാവിലെ വ്യാപാരം നടന്നത്. ഒരു അമേരിക്കൻ ഡോളര്‍ ലഭിക്കാന്‍ 77.40 രൂപ നൽകേണ്ടി വരും.

നോട്ട് നിരോധനവും കോവിഡ് അനന്തര ലോക സാഹചര്യവും എല്ലാം ഇന്ത്യൻ രൂപയെ തകർത്തു.

വെള്ളിയാഴ്ച 77.05 നിലവാരത്തിലായിരുന്നു ക്ലോസിങ് എങ്കിലും തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചതോടെ 77.42ലെത്തി. താരതമ്യേന സുരക്ഷിത കറന്‍സിയായ ഡോളറിലേയ്ക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെട്ടതാണ് രൂപയ്ക്ക് തിരിച്ചടിയായത് എന്നാണ് വാദിക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയതിനുശേഷം വിതരണ ശൃംഖലയിലെ തടസ്സങ്ങളെതുടര്‍ന്ന് ആഗോളതലത്തില്‍ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിക്കുക കൂടി ചെയ്തതോടെ ഇന്ത്യയ്ക്ക് കടുത്ത പ്രതിസന്ധിയായി. അതിനെതുടര്‍ന്നുള്ള നിരക്കുവര്‍ധനവും സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിച്ചേക്കാമെന്ന ഭീതിയും നിലനിൽക്കുന്നു.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കില്‍ അരശതമാനം വര്‍ധനവരുത്തിയത് തുടര്‍ച്ചയായി അഞ്ചാമത്തെ ആഴ്ചയും ഡോളറിന് കുതിപ്പേകി. നിലവില്‍ ഇന്ത്യൻ രൂപയ്ക്ക് എതിരെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് ഡോളര്‍.

ഡൽഹിയിൽ വീണ്ടും ബുൾഡോസർ പ്രയോഗം; സി എ എ വിരുദ്ധ പ്രക്ഷോഭം നടന്ന ഷഹീൻബാഗിൽ പൊളിക്കൽ തുടങ്ങി

ഷഹീന്‍ബാഗില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷൻ നൊട്ടീസ് നൽകിയ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. കനത്ത പോലീസ് സന്നാഹത്തോടെയാണ് നടപടി. പ്രതിഷേധവുമായി പ്രദേശവാസികള്‍ നിസ്സഹായമായ ചെറുത്തു നിൽപ്പും തുടങ്ങി.

നേരത്തെ ജഹാംഗിർപുരിയിൽ ബലമായി ബുൾഡോസർ ഉപയോഗിച്ചുള്ള നടപടി കോടതി ഇടപെട്ട് നിർത്തിവെക്കുകയായിരുന്നു. രാജ്യവ്യാപകമായി, മധ്യപ്രദേശ്, ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമാന രീതിയിൽ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കൽ നടപടികൾ ഉണ്ടായി. ഇതിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങളും ഉയർന്നു.

സിഎഎ വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ ഷഹീന്‍ബാഗിലാണ് നിലവില്‍ ബുൾഡോസർ പ്രയോഗം നടക്കുന്നത്. ന്യൂനപക്ഷവിഭാഗങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള സംഘടിത നീക്കങ്ങള്‍ എന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടി കാട്ടി. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ബി ജെ പി നിയന്ത്രണത്തിലാണ്. അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ മാത്രമാണ് നീക്കുന്നതെന്നാണ് വാദം.

സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രത്യക്ഷത്തിൽ സമരം നടത്തുകയും നിയമപരമായ പരിഹാരം തേടാനുമുള്ള ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ബിജെപി അധികാരത്തിലുള്ള സർക്കാരുകളും പ്രാദേശിക ഭരണകൂടങ്ങളും പ്രതികാര നടപടി തുടരുകയാണ് ചെയ്തത്

കാവ്യാ മാധവനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യംചെയ്യുന്നു. ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍വെച്ചാണ് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യുന്നത്. രാവിലെ 11.30-ഓടെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ആലുവയിലെ വീട്ടിലെത്തി.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ചോദ്യംചെയ്യലിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വീട്ടില്‍വെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യാ മാധവന്റെ നിലപാട്. സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ബുദ്ധിമുട്ടും സൗകര്യക്കുറവും ചൂണ്ടിക്കാണിച്ച് ക്രൈംബ്രാഞ്ച് സംഘം അന്ന് ചോദ്യംചെയ്യല്‍ മാറ്റി.

ചോദ്യംചെയ്യലിനായി മറ്റൊരിടം തിരഞ്ഞെടുക്കണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടെങ്കിലും കാവ്യാ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നു. ഇതോടെയാണ് ചോദ്യംചെയ്യലിന് ഹാജരാകുന്ന സ്ഥലം ഉള്‍പ്പെടെ അറിയിക്കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്‍കിയത്. കാവ്യാ മാധവന്റെ അമ്മ അടക്കമുള്ളവര്‍ വീട്ടിലുണ്ട്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യാ മാധവന്‍. കേസില്‍ തുടരന്വേഷണം നടക്കുന്നതിനിടെയാണ് കാവ്യാ മാധവനെയും ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കാവ്യാ മാധവനെക്കുറിച്ച് പരാമര്‍ശിക്കുന്ന ചില ശബ്ദരേഖകളും മറ്റും പുറത്തുവന്നതിന് പിന്നാലെ നടിയെ വിശദമായി തന്നെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനമെടുക്കുകയായിരുന്നു.

ഗ്യാസ്, ദഹനക്കേട്, ഗ്ലൂട്ടൻ എന്ന വില്ലനെ അറിയാം

0

ഗോതമ്പ് പോലുള്ള ധാന്യങ്ങളി ഉള്ളടങ്ങിയ ഒരു പ്രോട്ടീനാണ് ഗ്ലൂട്ടന്‍. ചിലധാന്യങ്ങളില്‍ പ്രകൃത്യാതന്നെ ഇവ ഉണ്ട്. പാക്കഡ് ഫുഡിൽ പ്രോട്ടീന്‍ കൂട്ടിച്ചേര്‍ക്കുന്നതിന്റെ ഭാഗമായി ഗൂട്ടന്‍ കൂട്ടും. പ്രോട്ടീന്‍ റിച്ച് ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.

ബാക്കി എല്ലാ പ്രോട്ടീനും മിനറല്‍സും കൃത്യമായി പ്രവര്‍ത്തിക്കയും ദഹിക്കയും ചെയ്യുമ്പോൾ ഗ്ലൂട്ടന്‍ ദഹിക്കാതെ കിടക്കുംചിലര്‍ക്ക് ഗോതമ്പ്, മൈദ, എന്നിവയെല്ലാം കഴിച്ചുകഴിഞ്ഞാല്‍ വയറു വേദനിക്കുന്നതും ചൊറിച്ചില്‍ അനുഭവപ്പെടുന്നതും വയറ്റില്‍ ഗ്യാസ് നിറഞ്ഞ് അസ്വസ്ഥതകള്‍ രീപപ്പെടുന്നതുമെല്ലാം ഗ്ലൂട്ടൻ വികൃതിയാണ്.

ഗോതമ്പിലൂടെയും മറ്റും ശരീരത്തിലെത്തുന്ന ഗ്ലൂട്ടന്‍ പ്രോട്ടീന്‍ കുറച്ച് ദഹിക്കും. കുറച്ച് ദഹിക്കാതെ അസ്വസ്ഥതകള്‍ ഉണ്ടാക്കും. ഗ്ലൂട്ടന്‍ അടങ്ങിയ എന്ത് ഭക്ഷണം കഴിച്ചാലും നിങ്ങളുടെ ശരീരം തുടര്‍ച്ചയായി അസ്വസ്ഥതകള്‍ കാണിക്കുന്നുവെങ്കില്‍ അതിനെ സീലിയാക് ഡിസീസ് എന്ന് വിളിക്കും. ഈ ഒരു അവസ്ഥയിലേയ്‌ക്കെത്തിയാല്‍ നിങ്ങളുടെ ശരീരത്തിന് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കാതിരിക്കുകയും ചെയ്യും. അതുകണ്ടുതന്നെ സീലിയാക് ഡിസീസ് ചികിത്സിച്ചു മാറ്റേണ്ട ഒരു അവസ്ഥയാണ്.

ചിലഭക്ഷണങ്ങള്‍ കഴിച്ചുകഴിഞ്ഞാല്‍ വയര്‍ ആകെ നിറഞ്ഞ് ചീര്‍ത്ത് വരുന്നതുപോലെ നിങ്ങള്‍ക്ക് തോന്നാറുണ്ടോ? ഉണ്ടെങ്കില്‍ ഇത് സീലിയാക് ഡിസീസിന്റെ ലക്ഷണമാണ്. കുറച്ച് കഴിക്കുമ്പോഴേയ്ക്കും വയര്‍ നിറഞ്ഞിരിക്കുന്നതുപോലെ തോന്നുകയും പിന്നീട് ഒന്നും കഴിക്കാന്‍ പറ്റാതെ ശ്വാസം മുട്ടുന്ന അവസ്ഥ തോന്നാം. ഇന്ന് മിക്കവര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. എന്നാല്‍, ഡോക്ടറെ സമീപിക്കുന്നതിനുപകരം ഇത് ഗ്യാസിന്റെ പ്രശ്‌നമാണ് എന്നും പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. ഇത്തരം പ്രശ്‌നങ്ങളെ പരിഗണിക്കാതെ പൂര്‍ണ്ണമായും അവഗണിക്കുന്നതോടെ പിന്നീട്, കാര്യമായ പ്രശ്‌നങ്ങളിലേയ്ക്ക് ഇവ വഴിവെയ്ക്കും.

ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറിളകി പോകുന്നത് സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ഒരു ദിവസത്തില്‍ തന്നെ രണ്ടും മൂന്നും വട്ടം വയറിളകുക. അമിതമായി ക്ഷീണം തോന്നുക ഇതെല്ലാം സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളാണ്. കൂടാതെ, ലൂസായോ അല്ലെങ്കില്‍ നല്ല കട്ടിയിലോ മലം പോകുന്നതിനോടൊപ്പംതന്നെ ദുര്‍ഗന്ധവും ഉണ്ടാകും. തുടര്‍ച്ചയായി ഇത്തരത്തില്‍ പോകുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണിച്ച് കൃത്യമായ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ നിര്‍ജലീകരണം സംഭവിച്ച് തളര്‍ന്നുപോകുവാനുള്ള സാധ്യതയുണ്ട്.

വയറിളക്കം, മലബന്ധം

വയറ്റിളക്കം പോലെതന്നെ മലബന്ധവും സീലിയാക് ഡിസീസിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. ചിലര്‍ക്ക്് പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ വയറ്റില്‍ നിന്നും പോകുവാന്‍ ബുദ്ധിമുട്ടനുഭവപ്പെടാറുണ്ട്. രണ്ട് ദിവസം കൂടുമ്പോള്‍ പോകുന്നതുമെല്ലാം ചികത്സ തേടേണ്ട അസുഖങ്ങളാണ്. ദിവസേന രാവിലെ മലം പോകാതിരിക്കുന്നത് നമ്മളുടെ ഒരു ദിവസം തന്നെ ഇല്ലാതാക്കാം. ഇതുവഴി വയറുവേദനയും പല അസ്വസ്ഥതകളും മാനസികാസ്വസ്ഥതയും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇവ ചികിത്സിക്കാതെ വെച്ചുകൊണ്ടിരുന്നാല്‍ പല അസുഖങ്ങളലേയ്ക്കും ഇവ വഴിതെളിക്കും.

ഗ്യാസ്

ചിലര്‍ക്ക് ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ വയറ്റില്‍ ഗ്യാസ് നിറഞ്ഞ് ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ഇത്തരത്തില്‍ ഗ്യാസ് നിറയുന്നത് തുടര്‍ച്ചയായി ഏമ്പക്കം ഇടുന്നതിനും കീഴ്‌വായു ശല്യം രൂപപ്പെടുന്നതിനും കാരണമാകും. എന്നാല്‍ ഒട്ടുമിക്ക ആളുകളും തനിക്ക് ദഹനത്തിന്റെ പ്രശ്‌നമാണ് എന്നും പറഞ്ഞ് സ്വയം ചികിത്സിച്ച് വീട്ടില്‍ അടങ്ങിയിരിക്കും. കൂടാതെ അമിതമായി ഇത്തരം പ്രശ്‌നം കാണുന്നവരില്‍കുടലിന് പ്രശ്‌നം രൂപപ്പെടുന്നതിനും അള്‍സറിനും വരെ കാരണമാകാം.

ലാക്‌റ്റോസ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് പ്രത്യേകിച്ച് ബ്രഡ്, കേക്ക്, ബിസ്‌ക്കറ്റ്, സൂപ്പ്‌സ്, ചിപ്‌സ് പ്രോസസ്സ്ഡ് മീറ്റ്‌സ് എന്നിവ കഴിക്കുക വഴി പലര്‍ക്കും പല ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചതിനുശേഷം ഛര്‍ദ്ദിക്കുവാന്‍ തോന്നുകയും വയറ്റില്‍ അസ്വസ്ഥതയും വേദനയും അനുഭവപ്പെടുകയും ചെയ്യാം. അതേപോലെതന്നെ, മറ്റുചിലര്‍ക്ക് വയറ്റില്‍ മൊത്തം ഗ്യാസ്‌നിറഞ്ഞ് ഒന്നും കഴിക്കുവാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും വയറ്റിളക്കം മുതലായ അവസ്ഥയിലേയ്ക്കുവരെ എത്തിച്ചേരാറുണ്ട്. ഇത്തരം അസ്വസ്ഥതകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് ലാക്ടോസ് അലര്‍ജി മാത്രമല്ല, അതുവഴി സീലിയാക് ഡിസീസിലേയ്ക്കും വഴിവെയ്ക്കാം.

സീലിയാക് ഡിസീസ് വന്നാല്‍ മുതിര്‍ന്നവര്‍ക്കായാലും കുട്ടികള്‍ക്കായാലും ശരീരത്തിലേയ്ക്ക് വേണ്ടത്ര പോഷകകങ്ങള്‍ ലഭിക്കാതിരിക്കുകയും അത് മറ്റു പല അസുഖങ്ങളിലേയ്ക്കും വഴിവെയ്ക്കുകയും ചെയ്യും. പ്രത്യേകിച്ച് കുട്ടികളില്‍ വളരെ ചെറുപ്പത്തില്‍തന്നെ ഇത്തരം അസുഖങ്ങള്‍ ബാധിച്ചാല്‍ പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതായത്, പല്ലുകളുടെ ഇനാമലിന് പല ക്ഷതങ്ങളും സംഭവിക്കാം. പെണ്‍കുട്ടികളില്‍ ആര്‍ത്തവം ഉണ്ടാകുന്നതിന് കാലതാമസമെടുക്കാം. പ്രായത്തിനൊത്ത തൂക്കം കുട്ടികളില്‍ ഉണ്ടാവാതിരിക്കാം. പലതരത്തിലുള്ള മാനസിക അസ്വസ്ഥതകളും പ്രയാസങ്ങളും കാണിച്ചെന്നുവരാം, ഉയരം വെയ്ക്കാതെ വളര്‍ച്ച മുരടിച്ചുപോകുവാനുള്ള സാധ്യതവരെ കാണാം

ഇത്തരം പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് അതിന് വേണ്ട കൃത്യമായ ഡയറ്റും മെഡിസിനും എടുക്കേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, ഗ്ലൂട്ടന്‍ ഫ്രീയായിട്ടുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതായിരിക്കും ഉത്തമം. ഗോതമ്പില്‍ മാത്രമല്ല, നമ്മളില്‍ പലരും രാത്രികാലങ്ങളില്‍ സൂപ്പ് കഴിക്കുവാന്‍ ഇഷ്ടപ്പെടുന്നവരാണ്. വീട്ടില്‍ ഉണ്ടാക്കുന്ന സൂപ്പല്ലാതെ റെഡിമേയ്ഡായി ലഭിക്കുന്ന സൂപ്പില്‍ ഗ്ലൂട്ടന്റെ അംശം കണ്ടുവരുന്നുണ്ട്. അതേപോലെ സാലഡ്, ഐസ്‌ക്രീം, കാന്‍ഡി, ഇന്‍സ്റ്റന്റ് കോഫി, ടിന്നുകളില്‍ ലഭിക്കുന്ന മാംസങ്ങള്‍, കെച്ചപ്പ്, പാസ്ട്രീസ്, പാസ്ത, തൈര് എന്നിവയിലെല്ലാം ഗ്ലൂട്ടന്‍ അംശം ഉള്ളതിനാല്‍ ഇത്തരം അലര്‍ജിയുള്ളവര്‍ ഈ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.

ടു ജിബി ഫയലുകൾ, ഗ്രൂപ്പിൽ 512 പേർ; വാട്ട്സ്ആപ്പ് മുഖം മിനുക്കുന്നു

വാട്ട്സ്ആപ്പ് പുതിയ സവിശേഷതകളുമായി മുഖം മിനുക്കുന്നു. വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്ദേശമയയ്ക്കല്‍ ആപ്ലിക്കേഷനില്‍ 2 ജിബി വരെയുള്ള ഫയലുകള്‍ അയക്കാം. ഒപ്പം, ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് 512 അംഗങ്ങളെ വരെ ചേര്‍ക്കാനും അനുവദിക്കും.

മെറ്റാ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വാട്ട്സ്ആപ്പിലെ ഇമോജി പ്രതികരണങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതെന്ന് അറിയിച്ചത്. വാട്ട്സ്ആപ്പ് എതിരാളികളായ സിഗ്‌നല്‍, ടെലികോം, ഐമെസേജ് എന്നിവയില്‍ ഇമോജി പ്രതികരണ ഫീച്ചര്‍ ലഭ്യമാണ്. വാസ്തവത്തില്‍, മെറ്റായുടെ ഉടമസ്ഥതയിലുള്ള മറ്റ് സന്ദേശമയയ്ക്കല്‍ പ്ലാറ്റ്ഫോമുകളിലും ഇമോജി പ്രതികരണ സവിശേഷതയുണ്ട്. വാട്ട്സ്ആപ്പ് ഈ സവിശേഷതയില്‍ വളരെക്കാലമായി പ്രവര്‍ത്തിക്കുന്നു. ബീറ്റാ ടെസ്റ്റുകള്‍ക്കിടയില്‍, ടെസ്റ്റര്‍മാര്‍ ആപ്പില്‍ ഈ ഫീച്ചര്‍ കണ്ടെത്തിയിരുന്നു. മെസേജിംഗ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാകുമെന്ന് വാട്ട്സ്ആപ്പ് അറിയിച്ചു.

”ഇമോജി പ്രതികരണങ്ങള്‍ ഇപ്പോള്‍ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ലഭ്യമാണെന്നത് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പ്രതികരണങ്ങള്‍ രസകരവും വേഗമേറിയതുമാണ്, മാത്രമല്ല അവ ഗ്രൂപ്പുകളിലും കൂടുതല്‍ വിപുലമായ പദപ്രയോഗങ്ങള്‍ ചേര്‍ത്തു മെച്ചപ്പെടുത്തുന്നത് തുടരും,” വാട്ട്സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു.

2GB വരെ ഫയലുകള്‍ കൈമാറുക

വാട്ട്സ്ആപ്പിനുള്ളില്‍ ഒരേസമയം 2ജിബി വരെ വലുപ്പമുള്ള ഫയലുകള്‍ അയയ്ക്കാനുള്ള സാധ്യതയും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഫയലുകള്‍ക്ക് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. മുമ്പത്തെ സജ്ജീകരണം ഉപയോക്താക്കള്‍ക്ക് ഒരേ സമയം 100MB മാത്രമേ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുവദിച്ചിട്ടുള്ളൂ, അത് മതിയാകുമായിരുന്നില്ല. വര്‍ദ്ധിപ്പിച്ച പരിധി ഉപയോഗിച്ച്, ഒരുപാട് വീഡിയോകളും ഫയലുകളും ഒരുമിച്ച് കൈമാറുന്നത് ഉപയോക്താക്കള്‍ക്ക് ഇനി ഒരു പ്രശ്‌നമായിരിക്കില്ല. എന്നാലും, വലിയ ഫയലുകള്‍ക്കായി വൈഫൈ ഉപയോഗിക്കാന്‍ വാട്‌സാപ്പ് ശുപാര്‍ശ ചെയ്യുന്നു. അപ്ലോഡ് ചെയ്യുമ്പോഴോ ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ, കൈമാറ്റം എത്ര സമയമെടുക്കുമെന്ന് ഉപയോക്താക്കളെ അറിയിക്കുന്നതിനായി അത് ഒരു കൗണ്ടര്‍ പ്രദര്‍ശിപ്പിക്കുമെന്ന് സൂചിപ്പിച്ചു.

ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേര്‍ക്കുക 

ഒരു ഗ്രൂപ്പിലേക്ക് 512 പേരെ വരെ ചേര്‍ക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് വാട്ട്സ്ആപ്പ് അറിയിക്കുന്നു. മെസേജിംഗ് ആപ്പ് നിലവില്‍ ആളുകളെ ഒരു ഗ്രൂപ്പിലേക്ക് 256 പേരെ മാത്രമേ ചേര്‍ക്കാന്‍ അനുവദിക്കൂ. എന്നാലും, പുതിയ ഫീച്ചര്‍ പതുക്കെ പുറത്തിറക്കുമെന്ന് വാട്ട്സ്ആപ്പ് പറഞ്ഞതിനാല്‍ മാറ്റങ്ങള്‍ ഉടനടി കണ്ടെത്താനാവുമോ എന്ന് ഉറപ്പില്ല. ‘സ്വകാര്യവും സുരക്ഷിതവുമായ കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതിന് ഇത് ആവശ്യമാണ്, ഈ മെച്ചപ്പെടുത്തലുകള്‍ ആളുകളെയും ഗ്രൂപ്പുകളെയും പരസ്പരം അടുത്ത് നില്‍ക്കാന്‍ സഹായിക്കുമെന്ന് കരുതുന്നു,’ വാട്ട്സ്ആപ്പ് കുറിച്ചു.

കെ-ഫോൺ വരുന്നു; ഉപയോക്താക്കളെ കണ്ടെത്തിയതിൽ അവ്യക്തത

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം നൽകുന്ന കെ-ഫോൺ പദ്ധതി ലക്ഷ്യത്തിലേക്ക്. ആദ്യ ഘട്ടത്തിൽ ബി.പി.എൽ. പട്ടികയിൽ ഉൾപ്പെട്ട 14,000 ഉപയോക്താക്കളെ കണ്ടെത്തി. ഒരു നിയോജക മണ്ഡലത്തിൽ നൂറുപേർ എന്ന തരത്തിലാണ് ഉപയോക്താക്കളെ കണ്ടെത്തിയത്.

മണ്ഡലത്തിൽ 500 വീതം 70,000 സൗജന്യ കണക്‌ഷനുകൾ ആദ്യ ഘട്ടത്തിൽ നൽകും. ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ പ്രാദേശിക ഇന്റർനെറ്റ് സേവനദാതാക്കളിൽനിന്ന് സർക്കാർ ടെൻഡർ വിളിച്ചു. ടെൻഡർ സമർപ്പിക്കാനുള്ള അവസാനത്തീയതി ഈ മാസം 16 ആണ്. 17-ന് ടെക്‌നിക്കൽ ബിഡ് തുറക്കും.

സെക്കൻഡിൽ 100 മെഗാബൈറ്റ് വേഗത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ദിവസം ഒരു കുടുംബത്തിന് ഒന്നര ജി.ബി. ഡേറ്റ ഉപയോഗിക്കാനാകും. തദ്ദേശസ്ഥാപനങ്ങളാണ് സൗജന്യ ഇന്റർനെറ്റ് ലഭ്യമാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്നത്. ഉപയോക്താക്കളെ കണ്ടെത്തിയ മാനദണ്ഡം വ്യക്തമല്ല. കക്ഷി രാഷ്ട്രീയ താത്പര്യക്കാരുടെ പട്ടികയാവുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ഈ പട്ടിക പ്രാദേശിക ഇന്റർനെറ്റ് സേവനദാതാവിന് കൈമാറുകയാണ് ചെയ്യുന്നത്.

ഒരു ജില്ലയിൽ ഒരു സേവനദാതാവിന് അവകാശം നൽകാനാണ് തീരുമാനം. കണക്‌ഷൻ നൽകാനുള്ള തുകയും മാസ തുകയും കേരളാ സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വഹിക്കും.

കേബിൾ ശൃംഖലാ പദ്ധതിയായ കെ-ഫോണിന് 34,961 കിലോമീറ്റർ ദൈർഘ്യത്തിലാണ് കേബിൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ പിണറായി സർക്കാരിന്റെ അവസാനകാലത്ത് ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോഴാണ് ഉപയോക്താക്കൾക്ക് ഇന്റർനെറ്റ് സൗകര്യം നൽകുന്നതിലേക്ക് നീങ്ങുന്നത്. 1548.08 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കെ.എസ്.ഇ.ബി. പോസ്റ്റുകളിലൂടെയാണ് കെ-ഫോൺ കേബിളുകൾ സ്ഥാപിക്കുന്നത്. കോർ ലൈനുകൾക്ക് ട്രാൻസ്മിഷൻ ടവറുകളാണ് ഉപയോഗിക്കുന്നത്. എല്ലാ ജില്ലകളിലെയും ഒരു കെ.എസ്.ഇ.ബി. സ്റ്റേഷൻ പ്രധാനശൃംഖലയുമായി ബന്ധിപ്പിക്കും. ഇതാണ് കോർ പോയന്റ് ഓഫ് പ്രസൻസ്. എല്ലാ ജില്ലകളെയും പരസ്പരവും ബന്ധിപ്പിക്കും.

കൊച്ചി ഇൻഫോ പാർക്കിൽ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററും വൈദ്യുതഭവനിൽ ഡിസാസ്റ്റർ റിക്കവറി സെന്ററും തയ്യാറാക്കിയിട്ടുണ്ട്. ഇൻഫോ പാർക്കിലെ ഓപ്പറേറ്റിങ് സെന്ററിനാണ് സാങ്കേതിക ഏകോപനച്ചുമതല.

30,000 ഓഫീസുകളിൽ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കാനും പരസ്പരം ബന്ധിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി 375 കോർ പോയന്റ് ഓഫ് പ്രസൻസ് ആണ് പൂർത്തിയാക്കുന്നത്.

പ്ലസ് ടു കഴിഞ്ഞാൽ ഇൻ്റഗ്രേറ്റഡ് മാസ്റ്റേഴ്സ്

പ്ലസ് ടു കഴിഞ്ഞാൽ ബിരുദം മൂന്നു വർഷം, ബിരുദാനന്തര ബിരുദം രണ്ടു വർഷം. ഇവ രണ്ടും ഒന്നിച്ച് ചെയ്യാവുന്ന കോഴ്സുകളുണ്ട്. ഈ രണ്ടു വ്യത്യസ്തഘട്ടങ്ങളും സംയോജിപ്പിച്ചുള്ള പ്രോഗ്രാമാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ഇന്റഗ്രേറ്റഡ് എം.എ./ഇന്റഗ്രേറ്റഡ് എം.എസ്‌സി./ഇന്റഗ്രേറ്റഡ് എം.കോം. എന്നിങ്ങനെയാണ് ആ കോഴ്സുകൾ.

പ്ലസ്ടു കഴിഞ്ഞുപോകാവുന്ന ബി.എ./ബി.എസ്‌സി./ബി.കോം എന്നിങ്ങനെയുള്ള സാധാരണ ബിരുദപ്രോഗ്രാമുകളുടെ ദൈര്‍ഘ്യം മൂന്നുവര്‍ഷമാണ്. ത്രിവത്സരബിരുദം കഴിഞ്ഞ് ബിരുദാനന്തരബിരുദം വേണമെന്നുള്ളവര്‍ക്ക്, തുടര്‍ന്ന് രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള എം.എ./എം.എസ്‌സി./എം.കോം. തുടങ്ങി മാസ്റ്റേഴ്‌സ് പ്രോഗ്രാമില്‍ ചേര്‍ന്നു പഠിക്കാം. അതിന് മറ്റൊരു അപേക്ഷ നൽകലും പ്രവേശനവും പ്രവേശന പരീക്ഷയും എല്ലാം വേണം.

ഇപ്രകാരം അഞ്ചുവര്‍ഷത്തെ പഠനം രണ്ടുഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമ്പോള്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദം ലഭിക്കുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ഇവയുടെ ഇൻ്റഗ്രേറ്റഡ് കോഴ്സുകൾ ഇപ്പോൾ പഠിക്കാം

ഇൻ്റഗ്രേറ്റഡ് കോഴ്സുകൾ

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (നൈസര്‍) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എസ്‌സി., മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) നടത്തുന്ന ഇന്റഗ്രേറ്റഡ് എം.എ. തുടങ്ങിയവ ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് (പി.ജി.) പ്രോഗ്രാമുകളാണ്. ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാം ഒരു പി.ജി. പ്രോഗ്രാമാണ്.

ബിരുദ പ്രോഗ്രാം, ബിരുദാനന്തരബിരുദ പ്രോഗ്രാം എന്നിങ്ങനെ രണ്ടു ഘട്ടമായി പൂര്‍ത്തിയാക്കുന്ന പി.ജി. പ്രോഗ്രാമുകള്‍ക്കു തുല്യമാണ് ഇന്റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകള്‍.

ഡ്യുവൽ ഡിഗ്രി

ഇന്റഗ്രേറ്റഡ് പ്രോഗ്രാം രണ്ടു വ്യത്യസ്ത പ്രോഗ്രാമുകള്‍ചേര്‍ന്ന ഒരു പ്രോഗ്രാമായതിനാല്‍ ചില സ്ഥാപനങ്ങളില്‍ ഇത് ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാം എന്നപേരിലും അറിയപ്പെടുന്നു. ഉദാഹരണത്തിന് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ബാച്ച്‌ലര്‍ പ്രോഗ്രാം (ബി.ബി.എ.), മാസ്റ്റേഴ്‌സ് പ്രോഗ്രാം (എം.ബി.എ.) എന്നിവചേരുന്ന പ്രോഗ്രാം, ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് (ഐ.പി.എം.) എന്ന് അറിയപ്പെടുന്നു. ഇന്‍ഡോര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തുന്ന ഐ.പി.എം ബിരുദത്തിനുശേഷമുള്ള എം.ബി.എ.ക്ക് തത്തുല്യമാണ്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ഐസര്‍) നടത്തുന്ന ബി.എസ്.എം.എസ്. പ്രോഗ്രാം ഒരു ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമാണ്. ചില ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍, ആദ്യഘട്ടമായ ബിരുദതലം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്, ബിരുദവുമായി കോഴ്‌സില്‍നിന്നും പുറത്തുവരാന്‍ അവസരം നല്‍കാറുണ്ട്. എക്‌സിറ്റ് ഓപ്ഷന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. കേന്ദ്ര സർക്കാരിൻ്റെ പുതിയ വിദ്യാഭ്യാസ നയത്തിൽ ഇത് എല്ലായിടത്തും സാധ്യമാക്കണം എന്ന് നിർദ്ദേശിക്കുന്നുണ്ട്.

പക്ഷെ ഇത് സാർവ്വത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല. അതിനാൽ ഇപ്പോൾ പലയിടത്തും എക്സിറ്റ് ഓപ്ഷന്‍ ഇല്ലാത്ത ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളില്‍ പ്രവേശനം നേടുന്നവര്‍ അഞ്ചുവര്‍ഷവും പഠിച്ച് കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷമേ പുറത്തുവരാന്‍ കഴിയൂ. സിലബസ് തുടര്‍ച്ച, ഇടയ്ക്കുള്ള സ്ഥാപനമാറ്റം ഒഴിവാക്കല്‍ തുടങ്ങിയവയൊക്കെ ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകളുടെ മേന്‍മയാണ്.

തുടര്‍ച്ചയായി അഞ്ചുവര്‍ഷം ഒരു പ്രോഗ്രാമില്‍ പഠിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ബിരുദത്തിനുശേഷം മറ്റൊരു മേഖലയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ഇന്റഗ്രേറ്റഡ്/ഡ്യുവല്‍ ഡിഗ്രി പ്രോഗ്രാമുകള്‍ അനുയോജ്യമാകണമെന്നില്ല. എന്നാൽ നേരിട്ട് പിജി വരെ പഠിക്കാൻ ഇത് സൌകര്യമാണ്. കേന്ദ്ര വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ നിലവിൽ വരുന്നതോടെ ഈ അസൌകര്യം മാറും എന്ന പ്രതീക്ഷയുണ്ട്. ബിരുദ തലത്തിൽ രണ്ടു വർഷം പഠിച്ചാൽ ഡിപ്ലോമ, ഒരു വർഷം പഠിച്ചാൽ സർട്ടിഫിക്കറ്റ് എന്നിങ്ങനെ നിർദ്ദേശങ്ങളുമുണ്ട്.

ലണ്ടനിൽ 1500, ഇന്ത്യയിലെത്തിയാൽ 6100; നികുതി ഭീകരമെന്ന് ഷിവാസ് റീഗൾ കമ്പനി

മദ്യം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതിയില്‍ ഇളവ് വേണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാരിനെ സമീപിച്ച് ഫ്രഞ്ച് സ്പിരിറ്റ് ഭീമന്‍ പെര്‍നോഡ് റിക്കാര്‍ഡ്. വളരെ ഉയര്‍ന്ന ഇറക്കുമതി ചുങ്കം തങ്ങളുടെ മദ്യത്തില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുവെന്നാണ് പെര്‍നോഡ് പരാതിപ്പെട്ടിരിക്കുന്നത്. ഷിവാസ് റീഗല്‍ അടക്കമുള്ള ബ്രാന്‍ഡുകളുടെ നിര്‍മാതാക്കളാണ് പെര്‍നോഡ് റിക്കാര്‍ഡ്.

ഇറക്കുമതി ചെയ്ത മദ്യത്തിനുള്ള 150 ശതമാനം നികുതി പെര്‍നോഡ് ഉള്‍പ്പെടെയുള്ള മദ്യഭീമന്മാര്‍ക്ക് മുന്നില്‍ വെല്ലുവിളിയാകുന്നുണ്ട്. 150 ശതമാനം നികുതിയെന്നത് മറ്റ് വിപണികളെ അപേക്ഷിച്ച് വളരെക്കൂടുതലാണെന്നാണ് കമ്പനിയുടെ വാദം.

കര്‍ണാടയില്‍ ഷിവാസ് റീഗല്‍ ബോട്ടില്‍ ഒന്നിന് 6100 ഓളം രൂപ വിലവരുമ്പോള്‍ ലണ്ടനില്‍ വെറും 30 ഡോളര്‍ (1500 രൂപ) മാത്രമേ വിലവരുന്നുള്ളൂ. സോഷ്യലായി മദ്യപിക്കുന്നതിന് ഇന്ത്യയിലടക്കം സാമൂഹ്യ അംഗീകാരം ലഭിച്ചുവരുന്ന ഈ പശ്ചാത്തലത്തില്‍ അധിക നികുതിയുടെ ഈ ഭാരം തങ്ങളുടെ പ്രീമിയം ഉല്‍പ്പന്നങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ അകറ്റുന്നുവെന്നാണ് കമ്പനിയുടെ വാദം.

വലിപ്പവും ജനസംഖ്യയും അനുസരിച്ച് നോക്കിയാല്‍ ഇന്ത്യ ഷിവാസ് റീഗല്‍ അടക്കമുള്ള മദ്യങ്ങളുടെ സുപ്രധാന വിപണിയാണെന്നും ഉയര്‍ന്ന നികുതി തങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതിനും അപ്പുറമാണെന്നും പെര്‍നോഡ് റിക്കാര്‍ഡ് പറയുന്നു. ഉയര്‍ന്ന നികുതിക്കൊപ്പം വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും മദ്യനയങ്ങളിലെ വ്യത്യാസവും തങ്ങള്‍ക്ക് പ്രതിസന്ധിയാകാറുണ്ടെന്ന് പെര്‍നോഡ് റിക്കാര്‍ഡ് കൂട്ടിച്ചേര്‍ത്തു.

രാജ്യദ്രോഹ കുറ്റ നിയമത്തിൻ്റെ സാധുത പുനപരിശോധിക്കേണ്ടതില്ലെന്ന് കേന്ദ്രം

രാജ്യദ്രോഹ കുറ്റ നിയമത്തിൻ്റെ സാധുത ശരിവച്ച 1962 ലെ അഞ്ച് അംഗ ഭരണഘടന ബെഞ്ച് വിധി പുനഃപരിധോധിക്കേണ്ടതില്ലെന്ന് കേന്ദ്രം. സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. രാജ്യദ്രോഹ കുറ്റം നിലനിൽക്കുന്നതാണെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ചംഗ ഭരണഘടന ബെഞ്ച് കേദാർ നാഥ്‌ സിംഗ് കേസിൽ 1962 ൽ പുറപ്പടുവിച്ച വിധിയിൽ രാജ്യദ്രോഹ കുറ്റം ഭരണഘടനപരമായി സാധുവാണെന്ന് വിധിച്ചിരുന്നു. ഈ വിധി ഇപ്പോഴും നിലനിൽക്കുകയാണ്. അതിനാൽ തന്നെ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചിന് രാജ്യദ്രോഹ കുറ്റത്തിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കാൻ കഴിയില്ലെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വാദിച്ചു.

വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെങ്കിൽ അതിനുള്ള കാരണം മൂന്നംഗ ബെഞ്ച് വ്യക്തമാക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കേന്ദ്ര സർക്കാരിന് വേണ്ടി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റപ്പെട്ട അവസരങ്ങളിൽ ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റം ചുമത്താൻ അധികാരം നൽകുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124 A വകുപ്പ് പുനഃപരിശോധിക്കേണ്ടതില്ല. ദുരുപയോഗം തടയുന്നതിനുള്ള പരിഹാര മാർഗ്ഗം കണ്ടെത്തുക എന്നതാണ് ആവശ്യമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അവകാശപ്പെട്ടു.

ഈ വാദങ്ങൾ ഒന്നും സ്വീകാര്യമല്ലെങ്കിൽ കേന്ദ്ര നാഥ് കേസിലെ വിധി പുനഃപരിശോധിക്കാൻ വിശാല ബെഞ്ചിന് വിടാവുന്നതാണെന്നാണ് കേന്ദ്ര നിലപാട് അറിയിച്ചിട്ടുള്ളത്. ഇവ വ്യക്തമാക്കുന്ന കേന്ദ്രത്തിന്റെ സത്യവാങ്മൂലം സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

മീനിലും മായം, നാല് പേർക്ക് ഭക്ഷ്യവിഷ ബാധയേറ്റു

മീൻ വാങ്ങി കറിവെച്ച് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. തിരുവനന്തപുരം കല്ലറ പഴയചന്തയില്‍ നിന്ന് മീൻ വാങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ബിജു എന്നയാളാണ് വാങ്ങിയത്. ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 200 രൂപയുടെ കൊഴിയാള മീനാണ് ബിജു കടയില്‍ നിന്ന് വാങ്ങിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ബിജുവിന്റെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദന അനുഭവപ്പെട്ടു. ഇതിന് പിന്നാലെ നാല് പേര്‍ക്കും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടേണ്ടി വന്നു.

അതിനിടെ ഇന്ന് വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് ചൂര മീനില്‍ നിന്ന് പുഴുവിനെ ലഭിച്ചു. തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെട്ടു. വെഞ്ഞാറംമൂട് പോലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

പഴകിയ മീനാണ് കഴിഞ്ഞ ദിവസവും ലഭിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു മാസത്തിനിടെ മീനിൽ നിന്നും വിഷബാധയേൽക്കുന്ന രണ്ടാമത്തെ സംഭവമാണ്.

ഇതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും ആരോഗ്യ വകുപ്പിൻ്റെയും പ്രവർത്തനം സംബന്ധിച്ച് പരക്കെ വിമർശനം ഉയരുകയാണ്. ചട്ടപ്പടി അനുമതികൾ അല്ലാതെ തദ്ദേശ സ്വയംഭരണ സ്ഥാനങ്ങൾക്ക് കീഴിലുള്ള ആരോഗ്യ സംവിധാനങ്ങളും നിർജ്ജീവമാണ് എന്ന് വിമർശനം ശക്തമാണ്.