പെൺ സുഹൃത്ത് കൊല്ലപ്പെട്ട കേസിൽ കുടുക്കി വൈദ്യശാസ്ത്ര വിദ്യാർഥിയായ ആദിവാസി യുവാവിനെ ജയിലിലടച്ചത് 13 വർഷം

കൊലപാതകക്കേസില്‍ കുരുക്കപ്പെട്ട ആദിവാസി എം.ബി.ബി.എസ്. വിദ്യാര്‍ഥിയെ 13 കൊല്ലത്തിനുശേഷം മധ്യപ്രദേശ് ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒരുക്കിയ ജാതിക്കെറുവിൻ്റെ ചതിയിൽ യുവാവ് ഇരയാവുകയായിരുന്നു. കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ ഹേമന്ത് വര്‍മ എന്ന സവർണ്ണ വിദ്യാർഥിയുടെ പ്രതികാരത്തിന് പാത്രമായതാണ് കാരണം. യൌവ്വനകാലം മുഴുവൻ ജയിലിലടക്കപ്പെട്ടു.

വൈകിലഭിച്ച നീതിക്കുള്ള നഷ്ടപരിഹാരമായി വിദ്യാര്‍ഥിക്ക് 42 ലക്ഷം രൂപ നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ജോണ്ട് വിഭാഗത്തില്‍പ്പെട്ട ചന്ദ്രേഷ് മര്‍സ്‌കോളെയ്ക്കാണ് ചെയ്യാത്ത കുറ്റത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നത് . ഇപ്പോൾ 34 വയസായി.

കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധിക്കെതിരേ ചന്ദ്രേഷ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഭോപാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗാന്ധി മെഡിക്കല്‍ കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് കേസ്. 2008-ൽ മെഡിക്കല്‍ വിദ്യാര്‍ഥിനിയായ പെണ്‍സുഹൃത്ത് കൊല്ലപ്പെട്ട കേസിലാണ് ചന്ദ്രേഷ് അറസ്റ്റിലാകുന്നത്. കാണാതായി മൂന്നാംദിവസം യുവതിയുടെ മൃതദേഹം പച്മറിയില്‍നിന്ന് കണ്ടെത്തുകയായിരുന്നു.

കേസില്‍ ചന്ദ്രേഷിനെ കുടുക്കാന്‍ പോലീസ് മനഃപൂര്‍വം പ്രവര്‍ത്തിച്ചതായി കോടതി നിരീക്ഷിക്കുകയും ചെയ്തു. കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തിനിടെ പ്രോസിക്യൂഷന്‍ സാക്ഷി ഹേമന്ത് വര്‍മയ്ക്ക് ചന്ദ്രേഷിനോടുണ്ടായ വിരോധമാണ് കള്ളക്കേസിനുപിന്നില്‍ എന്ന് കണ്ടെത്തി. ഭോപാല്‍ പോലീസ് ഐ.ജി. ഷൈലേന്ദ്ര ശ്രീവാസ്തവ ഇതിന് കൂട്ടു നിന്നു. ഐ ജിയുമായുള്ള വ്യക്തിബന്ധം ഹേമന്ത് ഉപയോഗപ്പെടുത്തിയതായും കോടതി വിലയിരുത്തി.

കൊലപാതകത്തില്‍ ഹേമന്തിനും ഷൈലേന്ദ്രയ്ക്കും പങ്കുണ്ടാകാമെന്ന സംശയവും കോടതി പ്രകടിപ്പിച്ചു.

ജസ്റ്റിസുമാരായ അതുല്‍ ശ്രീധരന്‍, സുനിത യാദവ് എന്നിവരുടേതാണ് വിധി. ‘നിരപരാധിയായ ചന്ദ്രേഷിന് 4740 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു. ഇതിന് നഷ്ടപരിഹാരമായി ഉത്തരവിറങ്ങി 90 ദിവസത്തിനുള്ളില്‍ 42 ലക്ഷം രൂപം അദ്ദേഹത്തിനുനല്‍കണം. ഇതിനുകഴിഞ്ഞില്ലെങ്കില്‍ പണം നല്‍കുന്ന ദിവസംവരെ പ്രതിവര്‍ഷം ഒമ്പതുശതമാനം നിരക്കില്‍ പലിശ നല്‍കേണ്ടിവരും’

ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞന്‍ നന്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയും ജഡ്ജിമാര്‍ ഉദ്ധരിച്ചു.

നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരാവുന്നു

സംവിധായകന്‍ വിഘ്‌നേഷ് ശിവനും നടി നയന്‍താരയും വിവാഹിതരാകുന്നു.ജൂണ്‍ 9 ന് ആണ് വിവാഹം. മാലിദ്വീപില്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി വിവാഹവിരുന്ന് സംഘടിപ്പിക്കും. ഏഴ് വര്‍ഷത്തെ പ്രണയമാണ് വിവാഹത്തിലെത്തിയത്. തിരുപ്പതി ക്ഷേത്രത്തിലാണ് ചടങ്ങ്

2011-ല്‍ പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന ചിത്രത്തോടെ അഭിനയരംഗത്തു നിന്ന് വിടപറഞ്ഞതാണ് നയന്‍താര. 2015 ല്‍ വിഘ്നേശ് ശിവൻ ഒരുക്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചു വരവ്. വിഘ്‌നേശിന്റെ കന്നി സംവിധാനമായിരുന്നു. ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. വിഘ്‌നേശിന്റെ സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ആ ചിത്രം.

‘കാതുവാക്കിലെ രണ്ടു കാതല്‍’ എന്ന ചിത്രമാണ് ഇരുവരുടേതുമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. വിഘ്‌നേഷ് ശിവന്റെ സംവിധാനത്തില്‍ നയന്‍താരയ്‌ക്കൊപ്പം വിജയ് സേതുപതിയും സാമന്തയും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

കെ ജി എഫ് താരം മോഹൻ ജുനേജ അന്തരിച്ചു

0

കന്നട സിനിമ താരം മോഹന്‍ ജുനേജ (54) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ ഇന്ന് ശനിയാഴ്ച നടക്കും.

കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. ഹാസ്യനടന്‍ എന്ന നിലയില്‍ ശ്രദ്ധേയനായ മോഹന്‍ ജുനേജ കന്നഡയ്ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും വേഷമിട്ടതോടെ മോഹന്‍ ഏറെ ശ്രദ്ധനേടി. കെജിഎഫ് രണ്ടാം ഭാഗം പ്രദര്‍ശനം തുടരുമ്പോഴാണ് നടൻ്റെ മരണം.

2500 കോടി രൂപയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ലഭിച്ചെന്ന് കർണാടക എം എൽ എ

 2500 കോടി രൂപ നൽകിയാൽ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി ചിലർ സമീപിച്ചുവെന്ന വെളിപ്പെടുത്തലുമായി ബസനഗൗഡ പാട്ടീൽ യത്നൽ.കർണാടകത്തിലെ മുതിർന്ന ബി.ജെ.പി. എം.എൽ.എ.യും മുൻ കേന്ദ്രമന്ത്രിയുമാണ് ഇദ്ദേഹം. ഡൽഹിയിൽനിന്നെത്തിയവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് പകരം പണം ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭാതിരഞ്ഞെടുപ്പിൽ സീറ്റ് തരപ്പെടുത്തിത്തരാം എന്നാണ് ആദ്യ വാഗ്ദാനം. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായും ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും അവർ വാഗ്ദാനം ചെയ്തിരുന്നതായി യത്നൽ പറഞ്ഞു. ബെലഗാവിയിലെ ഒരു പൊതുയോഗത്തിൽ പ്രസംഗിക്കവേയാണ് വെളിപ്പെടുത്തൽ

വിജയ്പൂർ സിറ്റിയിൽ നിന്നുള്ള ബി ജെ പി എം എൽ എയാണ് ഇദ്ദേഹം. ടെക്സ്റ്റൈൽസ്, റെയിൽവേ വകുപ്പുകളിൽ കേന്ദ്ര സഹ മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.

ആരോപണത്തെപ്പറ്റി അന്വേഷണമാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. മുൻ കേന്ദ്രമന്ത്രിയായ യത്നലിന്റെ ആരോപണത്തെ ഗൗരവമായെടുക്കണമെന്ന് കർണാടക.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞു.

വായനാ ദിനത്തിൽ ഓർക്കേണ്ടത് ആരെയാണ്, പിരപ്പൻകോട് മുരളിയുടെ പുസ്തകം വിവാദമാവുന്നു

0

കേരള ഗ്രന്ഥശാലാസംഘത്തിൻ്റെ ചരിത്രം തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി.യുടെ നിര്‍മിതിയാണെന്ന ആരോപണവുമായി മുതിര്‍ന്ന സി.പി.എം. നേതാവും ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകനുമായ പിരപ്പന്‍കോട് മുരളിയുടെ പുസ്തകം.

ഗ്രന്ഥശാലാസംഘം പിറവിയെടുത്തത് മലബാറിലാണ്. കെ. ദാമോദരനാണ് അതിന് നേതൃത്വം നല്‍കിയത്. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന പി.എന്‍. പണിക്കര്‍ യഥാർത്ഥത്തിൽ സര്‍ സി.പി. രാമസ്വാമി അയ്യര്‍ നിയോഗിച്ച ജീവനക്കാരൻ മാത്രമായിരുന്നു.

കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആഘോഷിക്കപ്പെടുന്നതു പോലെ പി.എൻ. പണിക്കരല്ലെന്ന് രേഖകളുടെ പിൻബലത്തോടെ സമർത്ഥിക്കയാണ് കവിയും നാടകകൃത്തും സി.പി.എം നേതാവുമായ പിരപ്പൻകോട് മുരളി തൻ്റെ പുതിയ പുസ്തകത്തിൽ.

പ്രസ്ഥാനത്തിന്റെ ജന്മവും വളർച്ചയും നേരിട്ട പ്രതിസന്ധികളുമെല്ലാം സമഗ്രമായി വിവരിക്കുന്ന ഒരു പുസ്തകമാണ് ഇദ്ദേഹത്തിൻ്റേതായി പുറത്തിറങ്ങിയിരിക്കുന്നത്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് കേരള “ഗ്രന്ഥശാലാ പ്രസ്ഥാനം” എന്ന ഈ പുസ്തകത്തിന്റെ പ്രസാധകർ. രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ വലിയ സംവാദത്തിന് വഴി തുറക്കാവുന്ന വെളിപ്പെടുത്തലുകളാണ് പിരപ്പൻകോട് നടത്തുന്നത്.

അമ്പലപ്പുഴ പ്രൈമറി സ്‌കൂളില്‍ അധ്യാപകനായിരുന്ന പി.എന്‍. പണിക്കരെ 50 രൂപ അലവന്‍സും 30 രൂപ യാത്രപ്പടിയും നല്‍കിയാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന്റെ സെക്രട്ടറിയായി സര്‍ സി.പി. നിയമിച്ചത്. മലബാറിലുണ്ടായ കേരളഗ്രന്ഥശാലാസംഘത്തെ തിരുവിതാംകൂറില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നിരോധിക്കുകയല്ല, തനിക്കനുകൂലമായ ഗ്രന്ഥശാലാസംഘത്തെ സൃഷ്ടിച്ച് കേരളമെന്ന ആശയത്തെത്തന്നെ തടയാനും സ്വതന്ത്ര തിരുവിതാംകൂര്‍ മോഹം സഫലമാക്കാനുമാണ് സര്‍ സി.പി. ആഗ്രഹിച്ചത് പുസ്തകത്തില്‍ പറയുന്നു.

1937 ജൂണ്‍ 11ന് കോഴിക്കോട് ടൗണ്‍ഹാളിലായിരുന്നു കേരളത്തിലെ സംഘടിത ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ രൂപവത്കരണയോഗം നടന്നത്. 1945 സെപ്റ്റംബര്‍ 14ന് അമ്പലപ്പുഴയിലാണ് തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം രൂപവത്കരിക്കുന്നത്. സര്‍ സി.പി.യാണ് അത് ഉദ്ഘാടനംചെയ്തത്.

2006-11ലെ വി.എസ് ഭരണകാലത്ത് ഗ്രന്ഥശാലാ സഹകരണസംഘം സ്വദേശാഭിമാനിയുടെ സമ്പൂർണകൃതികൾ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചപ്പോൾ പാർലമെന്ററികാര്യമന്ത്രിയായിരുന്ന എം. വിജയകുമാറിൽ നിന്നുണ്ടായ അലസമായ അവഗണന. ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കുന്ന നീക്കങ്ങൾ ഭരണതലത്തിൽ പലപ്പോഴായി നടന്നതിന്റെ ചരിത്രവഴികൾ എന്നിവ ചർച്ച ചെയ്യുന്നു.

പുസ്തകത്തിൽ പി.എൻ. പണിക്കരുടെ നിലപാടുകളിലെ ആത്മാർത്ഥതയെയും പിരപ്പൻകോട് മുരളി ചോദ്യം ചെയ്യുന്നുണ്ട്. കേരളത്തിൽ ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനം തുടങ്ങിവച്ചത് 1829ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന സ്വാതിതിരുനാൾ ആണെന്ന് പിരപ്പൻകോട് വിവരിക്കുന്നു. തിരുവനന്തപുരത്തെ പബ്ലിക് ലൈബ്രറി സ്ഥാപിച്ചുകൊണ്ടായിരുന്നു അത്. എന്നാൽ കേരളത്തിലെ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ തുടക്കം കേരളത്തിന്റെ വടക്കേയറ്റമായ മലബാറിലായിരുന്നു. 1937ൽ. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ നിന്ന് കേരളത്തിലെ ഗ്രന്ഥശാലകൾക്കുള്ള സവിശേഷത, അതിന്റെ ജനകീയ അടിത്തറയും സംഘടിത സ്വഭാവവുമാണ്. അതിനെ അട്ടിമറിക്കാൻ പോന്ന നിയമനിർമാണങ്ങൾക്ക് കേരളത്തിലെ ചില പിൽക്കാലസർക്കാരുകൾ മുതിർന്നതും അതിനെ ചെറുത്തുതോല്പിച്ചതുമെല്ലാം പുസ്തകത്തിൽ നാടകീയമായി അവതരിപ്പിക്കുന്നുണ്ട്.

കേരളത്തിൽ മാത്രമുള്ള ജനകീയ ഗ്രന്ഥശാലകളുടെ കൂട്ടായ്മയായ സംഘടിത ഗ്രന്ഥശാലാ സംഘത്തിന്റെ സവിശേഷത ഉൾക്കൊള്ളാൻ തയാറാവാത്തവരിൽ തിരുവിതാംകൂർ ദിവാനായിരുന്ന സർ സി.പിക്ക് പുറമേ പിന്നീടുണ്ടായ ജനകീയസർക്കാരുകളുമുണ്ടായതായി തുറന്നു പറയുന്നു.

മാർക്സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ള തന്നെയും കൂട്ടി പ്രൊഫ.ജോസഫ് മുണ്ടശ്ശേരിയെ കാണാൻ ചെന്നതാണ് ഗ്രന്ഥശാലാ പ്രസ്ഥാനചരിത്രാന്വേഷണത്തിൽ തനിക്ക് നാഴികക്കല്ലായതെന്നാണ് മുരളി വിവരിക്കുന്നത്. പി.ജി മുണ്ടശ്ശേരിക്ക് തന്നെ പരിചയപ്പെടുത്തി. ഗ്രന്ഥശാലാസംഘം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണെന്ന് കേട്ടപ്പോൾ പൊട്ടിച്ചിരിയോടെ ആ കൗശലക്കാരൻ പണിക്കരെയൊക്കെ അടുത്തറിയാമല്ലോയെന്ന് മുണ്ടശ്ശേരി ചോദിച്ചു. പണിക്കരുടെ പെറ്റാണ് മുരളിയെന്ന് പി.ജിയുടെ മറുപടി. താൻ പറയുന്നത് തനിക്ക് വിഷമമാകുമെങ്കിൽ ക്ഷമിക്കൂവെന്ന് പറഞ്ഞ് മുണ്ടശ്ശേരി വിവരിച്ചു. “ഇപ്പോൾ നിങ്ങൾ കൊട്ടിഘോഷിച്ച് നടക്കുന്ന ഈ ഗ്രന്ഥശാലാസംഘമുണ്ടല്ലോ, അത് യഥാർത്ഥ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിന്തുടർച്ചയല്ല. സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർ ഗ്രന്ഥശാലാസംഘത്തിന്റെ പിന്തുടർച്ചയാണ്.”

ഞെട്ടലോടെയാണ് ഞാനത് കേട്ടത്. വ്യക്തമായി പറയണമെന്ന് പറഞ്ഞു. മുണ്ടശ്ശേരി തുടർന്നു: എടോ, പണ്ട് ആർക്കിമിഡിസ് യുറേക്കാ കണ്ടുപിടിച്ച പോലെ ഗ്രന്ഥശാലാപ്രസ്ഥാനം തങ്ങളുടെ കണ്ടുപിടുത്തമാണെന്ന് പറഞ്ഞ് നടക്കുന്ന കൂട്ടരില്ലേ. അവർ സർ സി.പിയുടെ സ്വതന്ത്ര തിരുവിതാംകൂർവാദത്തിന്റെ ചട്ടുകങ്ങളാണ്. യഥാർത്ഥത്തിൽ കേരളത്തിൽ സംഘടിത ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ആദ്യമായി രൂപം നൽകിയത് 1937ൽ കെ. ദാമോദരന്റെ മലബാർ വായനശാലാ സംഘമാണ്. ദാമോദരൻ ശുദ്ധാത്മാവാണ്. കമ്യൂണിസ്റ്റുകാർക്ക് പോലും ഇന്നയാളെ ഇഷ്ടമല്ല. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു ആ പ്രസ്ഥാനം. ഒരു ഘട്ടത്തിൽ ദാമോദരനടക്കം അതിന്റെ നേതാക്കളിൽ പലരും ജയിലിലും ഒളിവിലുമായപ്പോൾ അവശേഷിച്ചവർ 1943ൽ അത് കേരളമാകെ വ്യാപിപ്പിക്കാൻ കേരള ഗ്രന്ഥാലയസംഘമാക്കി പുന:സംഘടിപ്പിച്ചു. അത് മുതലാണ് ഞങ്ങളൊക്കെ അതിന്റെ പ്രവർത്തകരായത്.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായ കേരള ഗ്രന്ഥാലയസംഘം തിരുവിതാംകൂറിൽ കടക്കാതിരിക്കാനാണ് 1940ൽ തിടുക്കപ്പെട്ട് സിൽബന്ധികളെ ഉപയോഗിച്ച് സർ സി.പി അഖിലതിരുവിതാംകൂർ ഗ്രന്ഥശാലാസംഘം തട്ടിക്കൂട്ടിയത്. സി.പി ഭക്തന്മാർ സ്വാതന്ത്ര്യാനന്തരം കോൺഗ്രസ് മന്ത്രിമാരെ സംഘം പ്രസിഡന്റുമാരാക്കി. ഗാന്ധിയന്മാരും ദേശീയവാദികളുമായി സ്വയം മാറി.

1937കാലത്തെ മാതൃഭൂമിയും 40കളിലെ തിരുവിതാംകൂർ രാഷ്ട്രീയവും പഠിച്ച് താല്പര്യമുണ്ടെങ്കിൽ ഒരന്വേഷണം നടത്തി ഇതേക്കുറിച്ചെഴുതൂവെന്ന് അന്ന് മുണ്ടശ്ശേരി ഉപദേശിച്ച് വിട്ടപ്പോൾ തുടങ്ങിയ മോഹമാണ് പ്രസ്ഥാനത്തിന്റെ ചരിത്രാന്വേഷണം. സംഘർഷഭരിതവും സംഭവബഹുലവുമായിരുന്ന അന്നത്തെ ഗ്രന്ഥശാലാക്കാലത്ത് അതിന് സന്ദർഭം കിട്ടിയില്ല. ഇപ്പോഴുമത് ചെയ്തില്ലെങ്കിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ വയറ്റുപിഴപ്പിന്റെ മറ്റൊരു മതമാക്കിയേക്കാനും മതി. അതൊഴിവാക്കാനാണ് ഈ ചരിത്രാന്വേഷണമെന്നും പിരപ്പൻകോട് വിശദീകരിക്കുന്നു.

സർ സി.പി തട്ടിക്കൂട്ടിയ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെ ആദ്യയോഗം നടന്ന അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ സെക്രട്ടറിയായിരുന്നു പി.എൻ. പണിക്കർ. ആദ്യ സെക്രട്ടറിയായത്, അതിന്റെ പിൻബലത്തിലാണ്. ” 1957ലെ ആദ്യ കമ്യൂണിസ്റ്റ്സർക്കാർ വന്നപ്പോൾ വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയെയും, തുടർന്ന് അതതുകാലത്തെ മന്ത്രിമാരെയും സംഘത്തിന്റെ പ്രസിഡന്റാക്കി.

സംഘത്തിൽ തന്നിഷ്ടം നടപ്പാക്കിയിരുന്ന സൂത്രശാലിയും സമന്വയനുമായ സംഘം ജനറൽസെക്രട്ടറി പി.എൻ. പണിക്കർ മന്ത്രിമാരെ സന്ദർശിച്ച്, കീഴ്വഴക്കമനുസരിച്ച് സംഘത്തിന്റെ പ്രസിഡന്റാക്കണമെന്ന് അഭ്യർത്ഥിച്ചു. മന്ത്രിക്ക് പിടിപ്പത് പണിയുണ്ടെന്നും സംഘത്തിന്റെ കാര്യം നോക്കാൻ ഗ്രന്ഥശാലാ പ്രവർത്തകരിൽ പ്രാപ്തിയുള്ള ഒരാളെ പ്രസിഡന്റാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിരോധമില്ലെങ്കിൽ അന്ന് എം.എൽ.എയും യുവാവുമായിരുന്ന പി. ഗോവിന്ദപിള്ളയെ പോലൊരാളെ പ്രസിഡന്റാക്കരുതോയെന്നും സ്വകാര്യസംഭാഷണത്തിൽ അദ്ദേഹം ചോദിച്ചു. ആലോചിക്കാമെന്ന് അർദ്ധോക്തിയിൽ മറുപടി കൊടുത്ത് അദ്ദേഹം തടിതപ്പിയെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അവിടെ തുടങ്ങുന്നു സംഘത്തിലെ വലതുപക്ഷകലാപം. “- പിരപ്പൻകോട്.

ഗ്രന്ഥശാലാ സംഘത്തിന്റെ ജനകീയസ്വഭാവം തകർത്ത് ലൈബ്രറിബോർഡ് സ്ഥാപിക്കാനുള്ള ബിൽ നിയമസഭയിൽ കൊണ്ടുവന്നതും കോഴിക്കോട്ടെ ഗ്രന്ഥശാലാ പ്രവർത്തകരുടെ സംസ്ഥാന സമ്മേളനത്തിൽ വച്ച് ബില്ലിന്റെ യഥാർത്ഥ ചതിക്കുഴികൾ തിരിച്ചറിഞ്ഞ സി. അച്യുതമേനോന്റെ ഇടപെടലിൽ അത് പിന്നീട് മരവിപ്പിക്കപ്പെട്ടതുമെല്ലാം പുസ്തകത്തിലുണ്ട്. പി. ഗോവിന്ദപ്പിള്ളയുമൊത്ത്, അന്നത് അച്യുതമേനോനെ ബോദ്ധ്യപ്പെടുത്തിയ ആളെന്ന നിലയ്ക്കുള്ള നേരനുഭവത്തിന്റെ സത്യസന്ധത ഇതിലറിയാം. പിൽക്കാലത്ത് ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ജനകീയത നിലനിറുത്താനുതകുന്ന സമഗ്രനിയമം 1987ലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖരനെക്കൊണ്ട് അംഗീകരിപ്പിച്ചെടുക്കാനായതും വിവരിക്കുന്നു.

കല്ലുവാതുക്കൽ മദ്യദുരന്തം, മണിച്ചൻ്റെ മോചനത്തിന് സർക്കാർ നൽകിയ മുദ്രവെച്ച സന്ദേശം സുപ്രീം കോടതി മടക്കി

കല്ലുവാതുക്കല്‍ മദ്യദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന്റെ മോചനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിച്ച സന്ദേശം സുപ്രീം കോടതി സ്വീകരിക്കാന്‍ വിസമ്മതിച്ചു. അറിയിക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ അറിയിച്ചാല്‍ പോരേയെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് സുപ്രീം കോടതി ആരാഞ്ഞു.

ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മണിച്ചന്‍ ഇരുപത് വര്‍ഷത്തിലധികമായി ജയിലിലാണ്. അതിനാല്‍ ശിക്ഷ ഇളവ് അനുവദിക്കണമെന്നാണ് മണിച്ചന്റെ ആവശ്യം. ഈ ആവശ്യത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന ജയില്‍ ഉപദേശക സമിതിയോട് സുപ്രീം കോടതി ഫെബ്രുവരിയില്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തിലുള്ള നടപടി വിലയിരുത്താന്‍ ഇന്ന് ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് ഹമീദ് മുദ്രവെച്ച കവറിലെ സന്ദേശം സുപ്രീം കോടതിക്ക് കൈമാറാന്‍ ശ്രമിച്ചത്.

സന്ദേശം മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അപേക്ഷ നല്‍കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിനായി ഒരാഴ്ചത്തെ സമയം കോടതി അനുവദിച്ചു.

എന്നാല്‍, ഇക്കാര്യത്തില്‍ രഹസ്യമായി ഒന്നുമില്ലെന്ന് ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. സര്‍ക്കാരിന് തങ്ങളുടെ തീരുമാനം സത്യവാങ്മൂലത്തിലൂടെ അറിയിക്കാമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സന്ദേശത്തിലെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ടതിനാലാണ് മുദ്രവെച്ച കവറില്‍ കൈമാറാന്‍ ശ്രമിക്കുന്നതെന്ന് സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

മണിച്ചന്റെ ഭാര്യ ഉഷ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

കല്ലുവാതുക്കൽ വിഷമദ്യക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്ന വിനോദ് കുമാർ, മണികണ്ഠൻ (കൊച്ചനി) എന്നിവരെ ശിക്ഷാ ഇളവു നൽകി ജയിലിൽനിന്ന് കഴിഞ്ഞ നവംബറിൽ വിട്ടയച്ചിരുന്നു . അബ്കാരിയും കേസിലെ പ്രതിയുമായ മണിച്ചന്റെ സഹോദരങ്ങളാണ് ഇരുവരും. സംസ്ഥാന ജയിൽ ഉപദേശക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണു തീരുമാനം. ഇരുവരും ഇനി മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ബോണ്ട് സമർപ്പിക്കണം.

2000 ഒക്ടോബർ 21ന് ഉണ്ടായ ദുരന്തത്തിൽ 31പേരാണ് മരിച്ചത്. അഞ്ഞൂറിലധികം പേർ ആശുപത്രികളിലായി.

20 വർഷമായി വിനോദ് കുമാറും മണികണ്ഠനും ജയിലിൽ കഴിഞ്ഞു. വിനോദ് കുമാറിന് ഇതിനിടയിൽ 8 വർഷത്തെ ശിക്ഷാഇളവ് ലഭിച്ചു. മണികണ്ഠന് 9 വർഷവും. ജീവപര്യന്തം ശിക്ഷയിൽ ഇളവു നൽകണമെന്ന വിനോദ് കുമാറിന്റെ ആവശ്യം 9 തവണയും മണികണ്ഠന്റേത് 12 തവണയും ജയിൽ ഉപദേശകസമിതി നിരസിച്ചിരുന്നു.

തുടർന്ന്, ഇരുവരുടെയും ഭാര്യമാർ സുപ്രീംകോടതിയെ സമീപിച്ചു. ജയിൽ ഉപദേശക സമിതിയോടു തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചു. മദ്യവ്യാപാരത്തിൽ ഏർപ്പെടില്ലെന്ന ഉറപ്പു വാങ്ങി ജയിൽ മോചിതരാക്കാമെന്ന നിർദേശമാണു ജയിൽ ഉപദേശക സമിതി നൽകിയത്

കേസിലെ ഏഴാം പ്രതിയായ മണിച്ചൻ ഇപ്പോഴും ജയിലിലാണ്. ജീവപര്യന്തം തടവിനു പുറമേ 43 വർഷം തടവും അനുഭവിക്കണം. മുഖ്യപ്രതി താത്ത എന്നറിയപ്പെടുന്ന ഹൈറുന്നിസ ശിക്ഷ അനുഭവിക്കുന്നതിനിടെ 2009ൽ കരൾരോഗം കാരണം മരിച്ചു. മണിച്ചന്റെ ഗോഡൗണിൽനിന്നും എത്തിച്ച് ഹൈറുന്നിസയുടെ വീട്ടിൽ വിതരണം ചെയ്ത മദ്യം കഴിച്ച് കല്ലുവാതുക്കൽ, പട്ടാഴി, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ ആളുകളാണു മരിച്ചത്

കോവിഡ് തരംഗം തീർന്നാൽ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

രാജ്യത്ത് കോവിഡ് രോഗ തരംഗം കഴിഞ്ഞാലുടന്‍ പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളില്‍ ഒരു പൊതു പരിപാടിയിലാണ് ആഭ്യന്തര മന്ത്രിയുടെ ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ. കേന്ദ്രത്തിന്റെ അജണ്ടയില്‍ നിയമം നടപ്പിലാക്കുന്നത് നിലനില്‍ക്കുന്നുവെന്ന സൂചനയാണ് അമിത് ഷാ നൽകിയത്. രാജ്യത്ത് ഈ നിയമം നടപ്പിലാക്കില്ലെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്ന കുറ്റപ്പെടുത്തലിൻ്റെ രൂപത്തിലായിരുന്നു പ്രസ്താവന.

‘രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിക്കുകയാണ്. ഇത് തെറ്റാണ്. കോവിഡ് കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരും’- അമിത് ഷാ പറഞ്ഞു. സിഎഎ ഒരു യാഥാര്‍ഥ്യമാണെന്നും അത് നടപ്പിലാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മമത ബാനര്‍ജി രംഗത്തെത്തി. ‘എന്തുകൊണ്ടാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തത് എന്നവർ ചോദിച്ചു. 2024ല്‍ ഭരണത്തില്‍ എത്താന്‍ പോകുന്നില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. രാജ്യത്തെ ഒരു പൗരാവകാശത്തിന് നേരെയും ഒരു കടന്നുകയറ്റവും അനുവദിക്കാന്‍ കഴിയില്ല. ഐക്യമാണ് രാജ്യത്തിന്റെ ശക്തി. ഇപ്പോള്‍ അമിത് ഷാ ഒരു വര്‍ഷത്തിന് ശേഷം ബംഗാളിലേക്ക് വന്നിരിക്കുന്നു. ഓരോ തവണ വരുമ്പോഴും വിടുവായത്തം പറയുകയെന്നത് അമിത് ഷായുടെ ശീലമാണ്’- മമത തിരിച്ചടിച്ചു.

നിയമം നടപ്പിലാക്കുന്നതിനെതിരെ 2019 അവസാനവും 2020 ആദ്യവും വലിയ പ്രതിഷേധങ്ങളുണ്ടായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ഡൗണും പ്രഖ്യാപിച്ചതോടെ പ്രതിഷേധങ്ങള്‍ക്ക് തത്കാല ശമനമായി. ആഗോള തലത്തിൽ കടുത്ത വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്നോട്ട് പോകുകയും ചെയ്തിരുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ 15 പീഡകരുടെ പേരുകളെന്ന് മാക്ട

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരണമെന്ന് മാക്ട. സർക്കാർ പീഡകരെ സംരക്ഷിക്കയാണെന്ന ആശങ്കയും പങ്കു വെച്ചു. മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള യോഗങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് മാക്ട ഫെഡറേഷനെ ഒഴിവാക്കിയെന്നും സംഘടന ആരോപിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നും മാക്ട വ്യക്തമാക്കി

മാക്ടയിൽ 19 യൂണിയനുകളിലായി 6000 അംഗങ്ങളുണ്ട്.

മാക്ട പുറത്തിറക്കിയ കുറിപ്പ്

മലയാള സിനിമാ വ്യവസായത്തിലെ തൊഴിലാളികളുടെ ഏറ്റവും വലിയ സംഘടനയായ മാക്ട ഫെഡറേഷനെ സര്‍ക്കാരിന്റെ ഇന്നേവരെയുള്ള എല്ലാ മീറ്റിങ്ങുകളിലും പങ്കെടുപ്പിച്ചിരുന്നു. എന്നാല്‍ ശ്രീ രഞ്ജിത്ത്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ആയതിനുശേഷം സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും മാക്ട ഫെഡറേഷനെ ഒഴിവാക്കിയിരിക്കുന്നു.

സര്‍ക്കാരിന് കീഴിലുള്ള ചലച്ചിത്ര അക്കാദമി, കോര്‍പൊറേഷന്‍സ് തുടങ്ങിയവയില്‍ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആരുടെയെങ്കിലും പേരുകള്‍ സംരക്ഷിക്കാന്‍ ആണോ ഇത് ചെയ്യുന്നത് എന്നാണ് മാക്ട ഫെഡറേഷന്റെ സംശയം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തി വെക്കരുത് അത് പുറത്തുവിടണം. സിനിമാരംഗത്തുള്ള പ്രമുഖരായ 15 പേരുടെ പേരുകള്‍ അടങ്ങുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. ഈ കാട്ടുകള്ളന്മാര്‍ ആരായാലും അവരെ പൊതുജനമധ്യത്തില്‍ കൊണ്ടുവരേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അത് ചെയ്യാതെ പീഡകരെ മുഴുവന്‍ സംരക്ഷിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍ എന്ന് സംശയിച്ചാല്‍ അതില്‍ തെറ്റില്ല. ആയതുകൊണ്ട് പരാതിക്കാരുടെ പേരുകള്‍ ഒഴിച്ച് പീഡകരുടെയും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞ ആളുകളുടെയും പേരുകള്‍ പുറത്തുകൊണ്ടുവരണമെന്ന് മാക്ട ഫെഡറേഷന്‍ ആവശ്യപ്പെടുന്നു. രഞ്ജിത്തിന്റെ ഈ മാതിരിയുള്ള പ്രവര്‍ത്തനങ്ങള്‍ മാക്ട ഫെഡറേഷന്‍ ആശങ്കയുളവാക്കുന്നു.

മഞ്ജു വാര്യരെ ശല്യം ചെയ്തു;സംവിധായകൻ സനൽകുമാർ ശശിധരൻ കസ്റ്റഡിയിൽ

നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍. പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്ന പരാതിയിലാണ് കേസ്‌. അറസ്റ്റ് ഉടനെ രേഖപ്പെടുത്തും. മഞ്ജു നായികയായ കയറ്റം എന്ന സിനിമയുടെ സംവിധായകനാണ് സനല്‍കുമാര്‍ ശശിധരന്‍. നെയ്യാറ്റിന്‍കരയില്‍ സനൽകുമാറിനെ കസ്റ്റഡിയിലെടുത്തത്.

മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ആരുടെയോ തടവറയിലാണെന്നും സൂചിപ്പിച്ചുകൊണ്ട് സനല്‍കുമാര്‍ പങ്കുവച്ച ഫെയ്‌സ്ബുക് പോസ്റ്റുകള്‍ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മഞ്ജു വാര്യരുടെ മൊഴിയെടുത്തതിനു തൊട്ടുപിന്നാലെയാണ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതെന്നും സനല്‍കുമാര്‍ കുറിച്ചു. ഈ സാഹചര്യത്തില്‍ മഞ്ജു ഉള്‍പ്പെടെയുള്ളവരുടെ ജീവന്‍ തുലാസിലാണെന്ന് സംശയിക്കുന്നതായും സനല്‍ ആരോപിച്ചിരുന്നു.

ഭീഷണിപ്പെടുത്തല്‍, ഐടി ആക്ട് വകുപ്പുകള്‍ എന്നിവ ചേര്‍ത്ത് എളമക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ട് എത്തിയാണ് മഞ്ജു പരാതി നല്‍കിയത്

ആർക്കെതിരേയാണ് മഞ്ജു പരാതിനല്‍കിയതെന്ന് പോലീസ് വ്യക്തമാക്കിയില്ലെങ്കില്‍ അത് തന്റെ അഭിമാനത്തെ ബാധിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മഞ്ജു അങ്ങനെ ഒരു പരാതി നല്‍കിട്ടുണ്ടെങ്കില്‍ കേസെടുക്കണം. എനിക്കെതിരേ ആണെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യുകയോ അറിയിക്കുകയോ ചെയ്യണം, എന്നും സനൽ കുമാർ ശശിധരന്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

എനിക്ക് കേരളത്തില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. സ്‌റ്റേറ്റ് എനിക്ക് സംരക്ഷണം നല്‍കുന്നില്ല. രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും പരാതി നല്‍കിയിട്ടുണ്ട്. മാഫിയയ്ക്ക് അനുസരിച്ചാണ് ഇവിടെ പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും സനല്‍കുമാർ ആരോപിക്കയുണ്ടായി.

ആം ആദ്മി ട്വൻ്റി 20 ലയന നീക്കം; കേരളത്തിലേക്ക് കണ്ണെറിഞ്ഞ് കെജരിവാൾ

കേരളത്തിലും ചുവടുറപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടി. തൃക്കാക്കരയില്‍ ട്വന്റി 20യുമായി ചേര്‍ന്ന് ലയനത്തിന് ഉപായങ്ങൾ തേടി. പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായതോടെ ലയന ചര്‍ച്ചയിലേക്കുകൂടി കടക്കുകയാണ്.ട്വന്റി 20 നേതാവ് സാബു എം ജേക്കബ് ലയന ചർച്ച എന്ന സൂചന നിഷേധിക്കുന്നുണ്ട്.

മെയ് 15-ന് ആംആദ്മി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ കൊച്ചിയിലെത്തുന്നുണ്ട്. കിഴക്കമ്പലത്ത് ട്വന്റി 20 സംഘടിപ്പിക്കുന്ന ബഹുജന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. ഈ യോഗത്തില്‍ ലയന സാധ്യത തെളിയുമെന്നാണ് വിലയിരുത്തൽ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നെ കേരളത്തില്‍ ചുവടുറപ്പിക്കുകയാണ് ആം ആദ്മിയുടെ ലക്ഷ്യം. ഇതിനുള്ള ഒരു ചവിട്ട് പടിയായിട്ടാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനേയും കാണുന്നത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ ചുവടുറുപ്പിക്കുക എന്ന കൃത്യമായ ലക്ഷ്യം അരവിന്ദ് കെജ്‌രിവാളിനുണ്ട്. കര്‍ണാടക സന്ദര്‍ശനവും പാർട്ടി വിപുലീകരണം ലക്ഷ്യമാക്കിയായിരുന്നു.

കേരള രാഷ്ട്രീയത്തിൽ ട്വൻ്റി 20 ഇനിയും വളർച്ച കൈവരിക്കാൻ സാധ്യത കുറവാണ്. എന്നാൽ എ എ പി കൂടി എത്തുന്നതോടെ മറ്റു മേഖലകളിലേക്കും സാന്നിധ്യമാവും. ഇത് പുതുവഴി തുറക്കാം എന്ന പ്രതീക്ഷ ഇരുപാർട്ടികളിലും ഉണ്ട്. കെജരിവാൾ സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ ദുർബലമാണെന്ന വിലയിരുത്തലുണ്ട്. ട്വൻ്റി 20 വഴി വ്യത്യസ്തമായ ഒരു പ്രവേശനത്തിന് കേരളത്തിൽ സാധ്യത തേടലാവും ഉണ്ടാവുക.

പ്രായോഗികതയുടെ ആദർശം

അവസരത്തിനൊത്ത രാഷ്ട്രീയം പ്രയോഗിക്കുക എന്നതാണ് കെജ്‌രിവാൾ മോഡൽ രാഷ്ട്രീയത്തിന്റെ പ്രധാന പ്രത്യേകത. വലിയ സിദ്ധാന്തങ്ങൾക്കും കൂറ്റൻ പ്രൊജക്ടുക്കും പകരം അടിസ്ഥാന പ്രശ്‌നങ്ങളിലാകും ശ്രദ്ധ. അതോടൊപ്പം ഭൂരിപക്ഷം എന്ത് ചിന്തിക്കുന്നോ അതിനൊപ്പമായിരിക്കും ഓരോ പ്രശ്‌നങ്ങളിലേയും രാഷ്ട്രീയ നിലപാട്. ഡൽഹി കലാപ സമയത്ത് ഇത് കണ്ടതാണ്. കാർഷിക ബിൽ അവതരിപ്പിക്കുന്ന വേളയിലും ഇത് ദൃശ്യമായിരുന്നു. പിന്നീട് പ്രക്ഷോഭത്തിനൊപ്പമാണ് ആൾക്കൂട്ടമെന്ന് കണ്ടതോടെയാണ് കർഷക പ്രക്ഷോഭകർക്കായി ഡൽഹിയിൽ സൗകര്യങ്ങളൊരുക്കുമെന്ന് കെജ്‌രിവാൾ പ്രഖ്യാപിച്ചത്. 

പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന് രാജ്യത്ത് രണ്ട് മുഖ്യ മന്ത്രിമാരാണുള്ളത്. ഇപ്പോൾ ഇക്കാര്യത്തിൽ എ എ പിക്കും തുല്യ ശക്തിയുണ്ട്. ഇതാദ്യമായല്ല എ എ പി ദേശീയ തലത്തിലേക്ക് പോകാൻ ശ്രമിക്കുന്നത്. നേരത്തേയും ഈ അഭിലാഷവുമായി പലവട്ടം ഡൽഹിക്ക് പുറത്തേക്കിറങ്ങിയിരുന്നു. പരാജയമായിരുന്നു ഫലം. എങ്കിലും പഞ്ചാബിലെ ആം ആദ്മി പാർട്ടിയുടെ വലിയ വിജയം കണക്കിലെടുക്കുമ്പോൾ ഇത് അവസരമാണ്. ഈ വൻ വിജയത്തിന് ശേഷം ആളുകൾ ആം ആദ്മി പാർട്ടിയെ വ്യത്യസ്തമായി കാണുമെന്നും ഡൽഹിയിലെ സർക്കാറിന്റെ പ്രവർത്തനത്തിന് സമാനമായി പഞ്ചാബിലും പ്രവർത്തിച്ചാൽ ദേശീയ തലത്തിലുള്ള വ്യാപനം സാധ്യമാകുമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പായി പ്രതിപക്ഷ സഖ്യം സാധ്യമായാൽ എ എ പിക്ക് വിലപേശൽ ശേഷി വർധിക്കും. ഗുജറാത്തിലും മറ്റ് സംസ്ഥാനങ്ങളിലും എ എ പിയുടെ രംഗപ്രവേശനം പ്രഥമ ഭീഷണി ഉയർത്തുന്നത് കോൺഗ്രസ്സിനാണ്. കേരളത്തിൽ ഇത് ഇടതുപക്ഷത്തും ചലനങ്ങൾ സൃഷ്ടിക്കാം.

കെജ്‌രിവാൾ ഭൂരിപക്ഷ സമുദായത്തോടൊപ്പം നിലകൊള്ളുന്നു, പക്ഷേ മുസ്‌ലിം വിരുദ്ധനല്ല എന്ന പ്രതിഛായയാണ് സൃഷ്ടിക്കുന്നത്.

2012ലെ “ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ’ എന്ന പ്രസ്ഥാനത്തിൽ നിന്നാണ് എ എ പി പിറവിയെടുക്കുന്നത്. യു പി എ കാലത്ത് നടന്ന അഴിമതിക്കെതിരെ ഡൽഹി കേന്ദ്രീകരിച്ച് നടന്ന പ്രക്ഷോഭമായിരുന്നു ഇന്ത്യ എഗയ്ൻസ്റ്റ് കറപ്ഷൻ. അന്നാ ഹസാരെയായിരുന്നു ഇത് നയിച്ചിരുന്നത്. പിന്നീട് ഇത് ബി ജെ പിയെ അധികാരത്തിൽ ഏറ്റുന്നതിനും കോൺഗ്രസിൻ്റെ തകർച്ചയ്ക്കും സഹായിച്ചു. അന്നാ ഹസാരെ തന്നെ ആരോപണ നിഴലിലായി.

ജൻ ലോക്പാൽ ആവശ്യമുയർത്തിയുള്ള അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ സംഘാടകനായി കടന്നുവന്ന കെജ്‌രിവാളും സഹ നേതാക്കളും ചേർന്നാണ് എ എ പി രൂപവത്കരിച്ചത്. 2013ൽ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ എ എ പി ഡൽഹിയിലെ ഏറ്റവും വലിയ രണ്ടാമത്ത ഒറ്റക്കക്ഷിയായി. ബി ജെ പിയായിരുന്നു ഏറ്റവും വലിയകക്ഷി. എങ്കിലും കേവല ഭൂരിപക്ഷമില്ലായിരുന്നു. കോൺഗ്രസ്സിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ എ എ പി സർക്കാറുണ്ടാക്കിയാണ് ആദ്യമായി അധികാരത്തിലേറുന്നത്.

കെജ്‌രിവാൾ മുഖ്യമന്ത്രിയായി. എന്നാൽ, ജൻ ലോക്പാൽ ബില്ലിനെതിരെ നിയമസഭയിൽ എതിർത്ത് കോൺഗ്രസ്സ് വോട്ട് ചെയ്തതോടെ 49 ദിവസം മാത്രം പ്രായമുള്ള സർക്കാറിനെ ഉപേക്ഷിച്ച് കെജ്‌രിവാൾ രാജിവെച്ച് തരംഗം പുതുക്കി.

2015 ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും നേടി തൂത്തുവാരി. പാർട്ടിയുടെ പ്രമുഖ നേതാക്കളായിരുന്ന യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ എന്നിവരെ പാർട്ടിയിൽ നിന്ന് പുറത്തു ചാടിച്ചതോടെ എ എ പി കെജരിവാൾ പാർട്ടിയായി. 2019ൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ എ പിക്ക് ഡൽഹിയിൽ ഒരു ചലനവും സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നില്ല.

2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റും നേടി വീണ്ടും വിജയിച്ചതോടെ പാർട്ടിയുടെ പ്രതീക്ഷകൾ സജീവമായി. വെള്ളം, വൈദ്യൂതി എന്നിവ കുറഞ്ഞ വിലയ്ക്ക് നൽകി. ഗെറ്റോകളിൽ താമസിക്കുന്ന മനുഷ്യരെ സാധാരണ പൗരൻമാരെ പോലെ പരിഗണിച്ചു. റിക്ഷാവാലകൾക്ക് സമ്മേളനങ്ങളിൽ ഇടം നൽകി. കമ്മ്യൂണിസ്റ്റ് പാർട്ടികൾ വൈറ്റ് കോളർ രാഷ്ട്രീയ പാർട്ടി ലേബൽ ഏറ്റു വാങ്ങിയപ്പോൾ എ എ പി ജനങ്ങളിലേക്ക് തെരുവിലേക്ക് ഇറങ്ങി.

റേഷൻ ഷോപ്പുകൾ വിപുലീകരിച്ചും മൊഹല്ല ക്ലിനിക്കുകൾ സ്ഥാപിച്ചും ഡൽഹിയിലെ സാധാരണക്കാരനിലേക്ക് എ എ പി വളരെ കൂടുതൽ അടുക്കുകയും ചെയ്തു. ഏറ്റവും അവസാനം നടന്ന തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പും ജനകീയ പദ്ധതികളിൽ ശ്രദ്ധ വിട്ടില്ല. അതിലൊന്നായിരുന്നു ബസുകളിലെ സ്ത്രീകൾക്കുള്ള സൗജന്യ ടിക്കറ്റ്.

കേരളം പക്ഷെ വ്യത്യസ്ത രാഷ്ട്രീയ ബോധം നിലനിൽക്കുന്ന പ്രദേശമാണ്. ഇടത്തരം മധ്യവർഗ്ഗങ്ങളുടെ സംസ്ഥാനവുമാണ്. ഈ സാമൂഹിക മനശാസ്ത്രം എ എ പിയുടെ ഇപ്പോഴത്തെ തന്ത്രങ്ങൾ കൊണ്ട് എങ്ങിനെ ഭേദിക്കും എന്നത് പ്രധാനമാവും.