ചെറിയപരുന്നാൾ ചൊവ്വാഴ്ച

0

മാസപ്പിറവി കാണാത്തതിനാല്‍ സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ചൊവ്വാഴ്ചയായിരിക്കും ആഘോഷിക്കുക. റംസാനിലെ 30 വ്രതങ്ങളും പൂര്‍ത്തിയാക്കിയാണ് ഇത്തവണ ചെറിയ പെരുന്നാള്‍ എത്തുന്നത്.

വന്ധ്യതാ തുള്ളിമരുന്നുമായ് പി സി ജോർജ് ഉറച്ചു തന്നെ

ഹിന്ദു മഹാസമ്മേളനത്തിലെ പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പി.സി. ജോര്‍ജ്. അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും തീവ്രവാദികള്‍ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു. മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായി കോടതിയില്‍നിന്ന് ജാമ്യം ലഭിച്ചതിന് ശേഷമായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം. ഹിന്ദുമഹാസമ്മേളനത്തില്‍ ലുലു ഗ്രൂപ്പ് ഉടമ യൂസഫലിക്കെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നതായും പി.സി. ജോര്‍ജ് അറിയിച്ചു.

എന്നാൽ വന്ധീകരണത്തിന് തുള്ളിമരുന്ന് എന്ന പ്രഖ്യാപനത്തെ കുറിച്ച് പ്രതികരിച്ചില്ല.

‘ബഹുമാനപ്പെട്ട കോടതി എനിക്ക് ജാമ്യം തന്നു. സാക്ഷിയെ സ്വാധീനിക്കരുത്, വിദ്വേഷമുണ്ടാക്കരുത് എന്നാണ് കോടതി പറഞ്ഞത്. ഞാന്‍ എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടോ അതില്‍ ഉറച്ചുനില്‍ക്കുന്നയാളാണ്. ഇന്നുവരെ ഞാന്‍ ഏതെങ്കിലും കാര്യം പറഞ്ഞത് പിന്‍വലിച്ചിട്ടുണ്ടോ.

കഴിഞ്ഞദിവസം ഹിന്ദുമഹാസമ്മേളനത്തില്‍ ഹാളില്‍ നടത്തിയ പ്രസംഗമാണ്.മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ട, ഇന്ത്യാരാജ്യത്തെ സ്‌നേഹിക്കാത്തവന്‍, അത് മുസല്‍മാനായാലും ക്രൈസ്തവനായാലും ഹൈന്ദവനായാലും എനിക്ക് വേണ്ട എന്ന് പറഞ്ഞ ഞാന്‍ എങ്ങനെ വര്‍ഗീയവാദിയാകും.

എന്നെ ഫോണില്‍ വിളിച്ചാല്‍ ഞാന്‍ കോടതിയില്‍ വരില്ലേ, പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി വിളിച്ച് പറഞ്ഞാല്‍ പോരെ പോലീസുകാരോട്, ഞാന്‍ വരുമല്ലോ. അതിനാണ് പാതിരായ്ക്ക് പത്തമ്പത് പോലീസുകാര്‍ ഇവിടെനിന്ന് വണ്ടിയും വിളിച്ച് ഈരാറ്റുപേട്ട വന്നിരിക്കുന്നത്.

പുലര്‍ച്ചെ 4.50-ന് ബെല്ലടിക്കുന്നത് കേട്ടാണ് വീടിന്റെ വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ പോലീസുകാര്‍. ആ പാവങ്ങള്‍ പറഞ്ഞു ഞങ്ങള്‍ ഇതിനുവന്നതാണെന്ന്, എനിക്ക് സങ്കടം തോന്നി. ഫോണില്‍വിളിച്ചാല്‍ പോരെ, ഞാന്‍ വരുമല്ലോ എന്ന് പറഞ്ഞപ്പോള്‍ തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം ഇതാണെന്നായിരുന്നു മറുപടി. അവരെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഞാന്‍ ഒന്ന് കുളിച്ചോട്ടെയെന്ന് പറഞ്ഞു. ശേഷം പല്ലുതേച്ച് കുളിച്ച് സന്തോഷമായിട്ട് അവരോടൊപ്പം ഇങ്ങോട്ടുപോന്നു. വരുന്നവഴിക്ക് കൊട്ടാരക്കര ഹോട്ടലില്‍ കയറി ഭക്ഷണവും കഴിച്ചു.

മുസ്ലീങ്ങള്‍ അവരുടെ ഹോട്ടലുകളില്‍ ഇതരമതരസ്ഥര്‍ക്ക് നല്‍കുന്ന ആഹാരങ്ങളില്‍ വന്ധ്യത വരുത്തുന്നതിനുള്ള തുള്ളിമരുന്ന് ചേര്‍ക്കുന്നുണ്ടെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

തുള്ളിമരുന്നിനെക്കുറിച്ച് പറഞ്ഞതില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. എന്റെ അറിവനുസരിച്ചെന്നാണ് ഞാന്‍ അക്കാര്യം പറഞ്ഞത്. വയനാട്ടുകാരനായ ഇപ്പോള്‍ കോഴിക്കോട് താമസിക്കുന്ന ഒരു ചെറുപ്പക്കാരന്‍ കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞ കാര്യമാണ് പറഞ്ഞത്. അവന്‍ അസുഖബാധിതനായി കിടക്കുകയാണ്. ഒരു ലേഖനത്തിലും ഇക്കാര്യം വായിച്ചിട്ടുണ്ട്. കോണ്‍ഗ്രസും എല്‍ഡിഎഫും ഒന്നാണ്. ഞാന്‍ പറഞ്ഞത് അവര്‍ക്ക് കൊണ്ടു. രണ്ടുപേരുടെയും പിന്തുണ മുസ്ലീം തീവ്രവാദികളുടേതാണ്. അതിന് എതിരായി പറഞ്ഞത് കൊണ്ടാണ് എന്നെ പിടിച്ച് ജയിലിലിടാന്‍ നോക്കിയത്’- അദ്ദേഹം വിശദീകരിച്ചു.

വ്യാജ കള്ള് ലോബി ബന്ധം, ആരോപണത്തിനെതിരെ പി ശശിയുടെ വക്കീൽ നൊട്ടീസ്

 മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസയച്ചു. മീണയുടെ പുസ്തകത്തിലെ പരാമർശങ്ങൾ മാനഹാനി ഉളവാക്കുന്നു എന്നാണ് വാദം

‘തന്നെ മനപൂര്‍വം തേജോവധം ചെയ്യാനാണ് ശ്രമം. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും പിന്‍മാറുകയും മാധ്യമങ്ങളിലൂടെ മാപ്പ് പറയുകയും വേണം – വക്കീല്‍ നോട്ടീസില്‍ പറയുന്നു. മാനഹാനിക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകനായ കെ.വിശ്വന്‍ മുഖാന്തിരമാണ് വക്കീല്‍ നോട്ടീസയച്ചത്.

മുന്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയുടെ ആത്മകഥയിൽ പി.ശശിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന്റെ പേരിൽ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് മീണയുടെ വെളിപ്പെടുത്തൽ. വയനാട് കളക്ടറായിരിക്കെ സസ്പെൻഡ് ചെയ്തതിന് പിന്നിലും പി.ശശിയാണെന്ന് ടിക്കാറാം മീണയുടെ ‘തോൽക്കില്ല ഞാൻ’ എന്ന ആത്മകഥയിലുണ്ട്. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ ആരോപിക്കുന്നു.

ഇടത് വലത് സർക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവർത്തിച്ചതിന്റെ പേരിൽ നേരിട്ട സമ്മർദ്ദങ്ങളും ദുരനുഭവങ്ങളുമാണ് മീണയുടെ ആത്മകഥയുടെ ഹൈലൈറ്റ്. നിലവിൽ പിണറായി വിജയന്റേയും നേരത്തെ ഇ.കെ നായനാരുടെയും പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന പി. ശശിക്കെതിരെയാണ് പ്രധാന വിമർശനം. തൃശ്ശൂർ കളക്ടറായിരിക്കെ വ്യാജകള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയടുത്തതിന് പിന്നാലെ സ്ഥലം മാറ്റി. വ്യാജകള്ള് നിർമാതാക്കളെ പിടികൂടിയതിന് അന്നത്തെ എക്സൈസ് മന്ത്രി നേരിട്ട് വിളിച്ച് എതി‍ർപ്പ് പറഞ്ഞു. കേസ് അട്ടിമറിക്കാനായി അന്നത്തെ ജില്ലാ പോലീസ് മേധാവിയായിരുന്നു ബി. സന്ധ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താനും ശ്രമമുണ്ടായി. ഇതിനെല്ലാം തലസ്ഥാനത്ത് നിന്ന് ചുക്കാൻ പിടിച്ചത് അന്നത്തെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയിരുന്ന പി. ശശി ആയിരുന്നുവെന്നാണ് മീണയുടെ ആത്മകഥയിലെ ആരോപണം.

സ്ഥലം മാറി വയനാട് എത്തിയപ്പോഴും പ്രതികാരനടപടി തുടർന്നു. നിർമ്മിതി കേന്ദ്രത്തിന്റെ ഫണ്ടുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്നത്തിൽ സസ്പെൻഡ് ചെയ്തു. പൊളിറ്റിക്കൽ സെക്രട്ടറിയുടെ നീക്കങ്ങളായിരുന്നു സസ്പെൻഷനിലേക്കും നയിച്ചത്. എല്ലാം പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമെന്ന് ഇ.കെ. നായനാർ തന്നെ, തനിക്കായി വാദിച്ചവരോട് പറഞ്ഞെന്നാണ് ആത്മകഥയിലെ തുറന്നുപറച്ചിൽ. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് അടിമപ്പെടാതിരുന്നതിന്റെ പേരിൽ മാസങ്ങളോളം ശമ്പളവും പദവിയും നിഷേധിക്കപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത് സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ ഗോതമ്പ് തിരിമറി പുറത്തുകൊണ്ടുവന്നതിന് ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച്. മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറി. സർവീസിൽ മോശം കമന്റെഴുതി. മോശം പരാമർശം പിൻവലിപ്പിക്കാൻ പിന്നീട് മുഖ്യമന്ത്രിയായ എ.കെ. ആന്റണിയെ രണ്ട് തവണ കണ്ട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും എടുത്തില്ലെന്നും ആത്മകഥയില്‍ പറയുന്നു.

മാധ്യമപ്രവർത്തകൻ എം.കെ.രാംദാസിനൊപ്പം ചേർന്നാണ് ടീക്കറാം മീണ പുസ്തകമെഴുതിയിരിക്കുന്നത്. മെയ് രണ്ടിനാണ് പ്രകാശനം. കേരളത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന കാലത്തെ അനുഭവങ്ങൾ പുസ്തകത്തിന്റെ അടുത്ത ഭാഗത്തിലായിരിക്കുമെന്നാണ് സൂചന.

ഗൾഫിൽ തിങ്കളാഴ്ച പെരുന്നാൾ

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമസാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കും. സൗദിയിലും മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ പെരുന്നാള്‍ -ഈദുൽ ഫിതർ തിങ്കളാഴ്ചയായിരിക്കുമെന്ന് ചന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.

യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ എവിടെയും മാസപ്പിറവി കാണാന്‍ കഴിഞ്ഞില്ലെന്ന് മാസപ്പിറവി നിരീക്ഷകര്‍ വെളിപ്പെടുത്തി.

ഒമാനില്‍ ഒരു ദിവസം വൈകിയാണ് നോമ്പു തുടങ്ങിയത്. അതിനാല്‍, തിങ്കളാഴ്ച മാത്രമേ ചന്ദ്ര നിരീക്ഷണ കമ്മിറ്റി ചേര്‍ന്ന് മാസപ്പിറവി സ്ഥിരീകരിക്കുകയുള്ളൂ. തിങ്കളാഴ്ച മാസപ്പിറവി കണ്ടില്ലെങ്കില്‍ 30 പൂര്‍ത്തിയാക്കി ചൊവ്വാഴ്ചയാകും പെരുന്നാള്‍.

പീഡന കേസ്, വിജയ് ബാബുവിനെ നാട്ടിലെത്തിക്കാൻ പൊലീസ്

യുവനടിയെ പീഡിപ്പിച്ചതായുള്ള കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായി അറസ്റ്റ് നടപടികളുമായി പൊലീസ്

വിജയ് ബാബുവിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ദുബായിൽ ഒളിവിൽ കഴിയുന്നതായാണ് പ്രഥമ വിവരം.

പാസ്പോർട്ട് കണ്ടുകെട്ടി നാട്ടിൽ എത്തിക്കയാണ് പൊലീസ് നീക്കം. 24 നാണ് കേസ് വിവാദമായതോടെ നടൻ നാടുവിട്ടത്. ഇതിനിടെ മുൻകൂർ ജാമ്യത്തിനും ശ്രമം തുടങ്ങി.

കായിക രംഗത്തും കേരള മോഡൽ; കേരള ഒളിമ്പിക്സിന് തുടക്കമായി

കേരള ഒളിമ്പിക് അസോസിയേഷൻ്റെ പ്രഥമ കേരള ഗെയിംസ് 2022 -ന് തുടക്കമായി. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമിട്ട മാർച്ച് പാസ്റ്റ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

ഇന്ത്യൻ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ മേരി കോമും പി.ആര്‍. ശ്രീജേഷും രവികുമാര്‍ ദഹിയയും ബജ്രംഗ് പൂനിയയും മലയാളി ഒളിമ്പ്യന്മാരായ സജന്‍ പ്രകാശും അലക്സ് ആന്റണിയും കെ.ടി. ഇര്‍ഫാനും എം.പി. ജാബിറും തുറന്ന ജീപ്പിലേറി മാര്‍ച്ച് പാസ്റ്റിന്റെ ഭാഗമായി. പിന്നാലെ 14 ജില്ലകളില്‍ നിന്നുമുള്ള കായിക താരങ്ങളും കായിക പ്രേമികളും അണിനിരന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുന്നേറിയ മാര്‍ച്ച് പാസ്റ്റ് ആറു മണിയോടെ ഉദ്ഘാടനവേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ എത്തി.

കേരള ഒളിമ്പിക് അസോസിയേഷന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിനര്‍ഹയായ ബോക്സര്‍ മേരി കോമിന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവാര്‍ഡും പ്രശസ്തി പത്രവും സമ്മാനിച്ചു. 2020ലെ ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ ജേതാക്കളായ പി.ആര്‍. ശ്രീജേഷിനും, രവി കുമാര്‍ ദഹിയക്കും, ബജ്‌റംഗ് പൂനിയക്കും മന്ത്രിമാരായ വി.ശിവന്‍കുട്ടിയും, ജി.ആര്‍ അനിലും അന്റണി രാജുവും അവാര്‍ഡുകള്‍ സമ്മാനിച്ചു. മലയാളി ഒളിംപ്യന്മാരായ സജന്‍ പ്രകാശും കെ.ടി. ഇര്‍ഫാനും അലക്സ് ആന്റണിയും എം.പി. ജാബിറും ആദരം ഏറ്റുവാങ്ങി.

‘എല്ലാവര്‍ക്കും നമസ്‌കാരം’ എന്നു പറഞ്ഞുകൊണ്ടു മലയാളത്തിലാണ് മേരി കോം സംസാരം ആരംഭിച്ചത്. നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ടെങ്കില്‍ കായിക രംഗത്ത് ഉയരങ്ങള്‍ കീഴടക്കാനാകുമെന്ന് അവര്‍ താരങ്ങളോട് പറഞ്ഞു. കായിക രംഗത്തെ തന്റെ യാത്ര തടസങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നുവെന്നും നിശ്ചയ ദാര്‍ഢ്യം കൊണ്ടാണ് അതിനെയൊക്കെ മറികടന്നതെന്നും മേരി കോം വ്യക്തമാക്കി. കേരള ഗെയിംസ് മികച്ച തുടക്കമാണെന്നും മേരി കോം പറഞ്ഞു.

ഒളിമ്പിക് മെഡല്‍ സ്വപ്നം കാണാന്‍ കേരള ഗെയിംസ് കായിക താരങ്ങള്‍ക്ക് പ്രചോദനം നല്‍കട്ടേ എന്ന് പി.ആര്‍. ശ്രീജേഷ് ആശംസിച്ചു. ഗെയിംസിലെ മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കും. മെയ് 10 വരെയാണ് മത്സരങ്ങൾ

ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനനികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല- മുഖ്യമന്ത്രി

0

ഇന്ധനവില നികുതിയുമായി ബന്ധപ്പെട്ട് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളെ പഴിച്ച് ലഘൂകരിക്കാനാവുന്നതല്ല ഇന്ധന വിലവര്‍ധനയുടെ ഫലമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതമെന്ന് അദ്ദേഹം പറഞ്ഞു.

കേരളമുള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളുടെ പേരു പറഞ്ഞ് ആ സംസ്ഥാനങ്ങള്‍ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പന നികുതി കുറക്കുന്നില്ല എന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചതായി കണ്ടു. കോ ഓപ്പറേറ്റീവ് ഫെഡറലിസത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും കേരളം പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള വില്‍പ്പനനികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല എന്ന് വ്യക്തമാക്കട്ടെ- മുഖ്യമന്ത്രി പറഞ്ഞു.

2014 മുതലുള്ള കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ 14 തവണ പെട്രോളിയം ഉത്പന്നങ്ങളുടെ മേലുള്ള നികുതി വര്‍ധിപ്പിച്ചപ്പോള്‍ നാലുതവണ നികുതിയില്‍ കുറവു വരുത്തി. കേന്ദ്രം വരുത്തുന്ന വര്‍ധന സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്ന അടിസ്ഥാന എക്സൈസ് ഡ്യൂട്ടി അല്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 2014-ല്‍ പെട്രോളിന് മേലുള്ള ആകെ എക്സൈസ് തീരുവ 9.48 രൂപയായിരുന്നു. അത് ക്രമേണ 32.98 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 27.9 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഡീസലിന്റേത് 3.56 രൂപയില്‍നിന്നും 31.83 രൂപയായി വര്‍ദ്ധിപ്പിക്കുകയും നിലവില്‍ 21.8 രൂപയായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.

കേന്ദ്രം നടത്തുന്നത് ധനകാര്യ കമ്മീഷന്‍ ശുപാശ മറികടന്നുള്ള വര്‍ധന

സര്‍ചാര്‍ജ്ജുകളും സെസ്സുകളും കേന്ദ്രത്തിന്റെ മൊത്തം നികുതി വരുമാനത്തിന്റെ 15 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം സര്‍ചാര്‍ജ്ജുകളും സെസ്സുകളും സംസ്ഥാനങ്ങളുമായി വിഭജിക്കപ്പെടേണ്ട നികുതികളുടെ ഗണത്തില്‍പ്പെടുന്നില്ല. ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്ന നികുതിവിഹിതത്തില്‍പ്പെടാത്ത രീതിയിലാണ് കേന്ദ്രം നികുതി വര്‍ധിപ്പിക്കുന്നത്- മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

ജി.എസ്.ടി. നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള വിഹിതം സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നതില്‍ കാലവിളംബം നടത്തുന്നതുവഴി കോവിഡ് സാഹചര്യത്തില്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങളെ വീണ്ടും സാമ്പത്തിക ഞെരുക്കത്തിലാക്കുകയാണ്. ഇത് കോ ഓപ്പറേറ്റീവ് ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് അനുസൃതമല്ലെന്നും പിണറായി

14 തവണ നികുതി വര്‍ധിപ്പിച്ച ശേഷം നാലു തവണ കുറവ് വരുത്തുമ്പോള്‍ നികുതി വര്‍ധനവ് ഒരിക്കല്‍പോലും വരുത്താത്ത കേരളം പോലുള്ള സംസ്ഥാനത്തെ അസാന്ദര്‍ഭികമായി വിമര്‍ശിക്കുന്നത് ഖേദകരമാണ്. സാമൂഹികക്ഷേമ ചെലവുകളുടെ ഗണ്യമായ ഭാഗം വഹിക്കുന്ന സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക നിലയെക്കുറിച്ച് നല്ല ധാരണയുള്ള ഭരണാധികാരിയില്‍നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്

പല കാരണങ്ങളാല്‍ രാജ്യത്തുണ്ടായിട്ടുള്ള വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം സാമ്പത്തിക മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനല്ല, മറിച്ച് ചില സംസ്ഥാനങ്ങള്‍ക്കാണ് എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഫെഡറല്‍ സംവിധാനത്തില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകാതിരിക്കണം. അതിന് ക്രമാതീതമായ നികുതി വര്‍ദ്ധന ഒഴിവാക്കിയേ തീരൂ. അതിനനുസൃതമായ നയങ്ങളിലൂടെ അടിക്കടിയുള്ള ഇന്ധന വര്‍ധന പിടിച്ചുനിര്‍ത്താനുള്ള നടപടികളാണ് രാജ്യതാത്പര്യം മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്ന് അഭ്യര്‍ഥിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂട് കൂടുന്നു, ഉഷ്ണതരംഗത്തിന് സാധ്യത

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലാണ് അത്യുഷ്ണത്തിന് സാധ്യത.

ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനിലയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസോളം താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങളില്‍ അടുത്ത മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാമെന്നും കാലാവസ്ഥാനിരീക്ഷണവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. മുംബൈയിലെ താപനില ഒരു ഡിഗ്രിയിലധികം വര്‍ധിക്കാനും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് 80-90 ശതമാനമാകാനും സാധ്യത

സമതലപ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലധികമാവുകയും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ്‌ ഉഷ്ണ തരംഗസാധ്യതയുണ്ടാകുന്നത്.

സാധാരണ അനുഭവപ്പെടുന്ന കൂടിയ താപനിലയേക്കാള്‍ 4.5-6.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തുമ്പോള്‍ ഉഷ്ണതരംഗമായി കണക്കുന്നു. കൂടാതെ, ഒരു പ്രത്യേക പ്രദേശത്തിന്റെ താപനില 45 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ആകുമ്പോള്‍ ഉഷ്ണതരംഗമായി കണക്കാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പറയുന്നു. താപനില 47 ഡിഗ്രി സെല്‍ഷ്യസിലധികമാവുമ്പോള്‍ അതിരൂക്ഷ ഉഷ്ണതരംഗമായി കണക്കാക്കും. .

കേരളത്തിലും പൊള്ളുന്ന ചൂട്‌

കേരളത്തിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന നിലയില്‍ തുടരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചെങ്കിലും പകല്‍ നേരത്തെ താപനില 32-34 ഡിഗ്രി സെല്‍ഷ്യസായി തുടരുരുകയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പവും പകല്‍നേരത്തെ താപനിലയിലെ വര്‍ധനവിന് കാരണമാകുന്നു. എങ്കിലും കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ച അഭിഭാഷകരുടെ ശബ്ധരേഖകൾ കൈമാറി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൗണ്‍സിലില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. കേസ് അട്ടിമറിക്കാന്‍ അഭിഭാഷകര്‍ ഇടപെട്ടതുമായി ബന്ധപ്പെട്ട ശബ്ദരേഖകളാണ് ഇരയാക്കപ്പെട്ട നടി ബാര്‍ കൗണ്‍സിലിന് കൈമാറിയത്.

ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരേ പുറത്തുവന്ന ശബ്ദരേഖകളാണ് ഇത്.

അഭിഭാഷകരായ ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുകൊണ്ട് നടി നരത്തെ തന്നെ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും കേസ് അട്ടിമറിക്കാനും ശ്രമിച്ചു എന്നത് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോള്‍ ബാര്‍ കൗണ്‍സിലിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്.

നേരത്തെ ഹൈക്കോടതിയില്‍ അടക്കം പ്രോസിക്യൂഷന്‍ ഹാജരാക്കിയ ശബ്ദരേഖകളുടെ പകര്‍പ്പാണ് നടി ബാര്‍കൗണ്‍സിലിനും കൈമാറിയിരിക്കുന്നത്. പ്രശ്നത്തിൽ അഭിഭാഷകരോട് ബാര്‍ കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. ഇതിനിടയിലാണ് നടി പുതിയ തെളിവുകള്‍ ബാര്‍ കൗണ്‍സിലിനു മുമ്പാകെ ഹാജരാക്കിയിരിക്കുന്നത്.

ബാര്‍ കൗണ്‍സിലിന്റെ മുഴുവന്‍ അംഗങ്ങളും ഉള്‍പ്പെട്ട യോഗം ഇത് വിശദമായി ചര്‍ച്ചചെയ്യും. മറുപടി ലഭിച്ച ശേഷം അഭിഭാഷകരുടെ ഭാഗത്തുനിന്ന് ഏതെങ്കിലും വിധത്തിലുള്ള ചട്ടലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. പ്രഥമദൃഷ്ട്യാ അത്തരത്തലെന്തെങ്കിലും കണ്ടെത്തിയാല്‍ ബാര്‍ കൗണ്‍സിലിന്റെ അച്ചടക്ക സമിതിക്ക് അത് കൈമാറും.

കേരളത്തിൽ വീണ്ടും ഷിഗെല്ല

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ജില്ലയിലെ പുതിയാപ്പയിലാണ് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയാണ് രോഗം കണ്ടെത്തിയത്.

ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. പുതിയാപ്പയിലെ എരഞ്ഞിക്കല്‍ എന്ന സ്ഥലത്തുള്ള ആറ് വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ മാസം 16നാണ് കുട്ടിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ഛര്‍ദ്ദിയും പനിയും വിട്ടുമാറാതെ മലത്തിൽ രക്തവും കണ്ടു ഇതോടെ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. എന്നാല്‍ കുട്ടി ഇപ്പോള്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

മറ്റൊരു കുട്ടിയ്ക്ക് കൂടി രോഗമുള്ളതായി ആരോഗ്യ വകുപ്പ് സംശയിക്കുന്നുണ്ടെങ്കിലും ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തലക്കുളത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ പരിധിയിലാണ്.