കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണ്ണ വേട്ട, കസ്റ്റംസിനും മുകളിൽ പൊലീസ് പിടിമുറുക്കുന്നു

പൊലീസ് സേന രംഗത്ത് എത്തിയതോടെ കരിപ്പൂരിൽ വീണ്ടും ഒരു കോടി രൂപയുടെ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി രണ്ടര കിലോ സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി എത്തിയ അഞ്ച് പേരെയും ഇവരെ കൂട്ടാനെത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ക്യാപ്സ്യൂളുകളായി ശരീരത്തിനുള്ളിലൂടെയും സ്വർണമിശ്രിതമാക്കിയുമാണ് കടത്ത്. ഇതിന് പുറമേ കാലിൽ വെച്ചുകെട്ടിയ നിലയിലും ലഗേജിൽ ഒളിപ്പിച്ച നിലയിലും സ്വർണം കണ്ടെത്തി. കസ്റ്റംസ് പരിശോധന പൂർത്തിയാക്കി പുറത്തിറങ്ങിയ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് കടത്ത് സജീവമായി നിലനിർക്കുന്നത് എന്ന ആരോപണത്തിന് ബലം പകരുന്നതാണ് പൊലീസിൻ്റെ സ്വർണ്ണ വേട്ട. നാല് കാറുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ വയനാട് സ്വദേശി അബ്ദുല്‍ റസാഖാണ് തരികളാക്കിയ 1600 ഗ്രാം സ്വര്‍ണം കാലില്‍ വച്ചു കെട്ടി കടത്തിയത്. കാലിൽ പുരട്ടി ഇൻസലേഷൻ ടാപ്പ് ഒട്ടിച്ച നിലയിലായിരുന്നു.

ഇയാളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുബൈറും ഫഹദും പിന്നാലെ കാര്‍ സഹിതം പൊലീസിൻ്റെ വലയിലായി.

തൊട്ടുപിന്നാലെ സ്പൈസ് ജെറ്റ് വിമാനത്തില്‍ ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്‍ കോഴിക്കോടുകാരൻ മജീദ് പിടിയിലായി. കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ പൊന്നാനി സ്വദേശികളായ ഹംസ ഫര്‍ദാൻ എന്നിവരെ കാറടക്കം ഇതിനു പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ആഭരണ രൂപത്തിലാക്കി ലഗേജില്‍ ഒളിപ്പിച്ചു കടത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അര്‍ഷാദും കൂട്ടിക്കൊണ്ടുപോകാനെത്തിയ അംനാനും പിന്നാലെ വലയിലായി.

വളകളാക്കി സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ സംഘവും കൂട്ടാളികളും പിന്നാലെ പിടിയിലായി. മലപ്പുറത്തുകാരയ ഹബീബ് റഹ്മാനും നൈഷാദ് ബാബുവുമാണ് ആഭരക്കടത്തു തന്നെ നടത്തിയത്. ഇവരെ കൂട്ടിക്കൊണ്ടുപോകാനെത്തിയ കോഴിക്കോട്ട് പയ്യോളി സ്വദേശി മുഹമ്മദ് ഹനീഫ്, നവാസ് എന്നിവരും വാഹന സഹിതം പിടിയിലായി.

രണ്ട് കിലോയോളം വരുന്ന സ്വർണ്ണമാണ് പിടിച്ചെടുത്തത്. ഏപ്രിൽ 16 ന് പൊലീസ് സമാനമായ പരിശോധന നടത്തിയിരുന്നു. അന്ന് 2.67 കി.ഗ്രാം സ്വർണ്ണം കടത്തിയ മൂന്നു പേരും കടത്തുകാരായ ഏഴ് പേരും പിടിയിലായി. മൂന്നു കാറുകളും കസ്റ്റഡിയിൽ എടുത്തു. ഇതും കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ സംഘമായിരുന്നു.

ഏപ്രിൽ 13 ന് രണ്ട് യാത്രക്കാരില്‍ നിന്നായി ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു.ഷാര്‍ജയില്‍ നിന്നെത്തിയ മണ്ണാര്‍ക്കാട് സ്വദേശി വിഷ്ണുദാസ്, ബഹറിനില്‍ നിന്നെത്തിയ വടകര സ്വദേശി ഷിജിത്ത് എന്നിവരാണ് സ്വര്‍ണം കടത്തിയത്.

സ്വര്‍ണം കടത്താനായി കൊണ്ടുവന്ന രണ്ട് കാറുകളും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.ഉരുളകളാക്കി ശരീരത്തിലെ രഹസ്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് പരിശോധനയുടെ എല്ലാ സ്‌റ്റേജുകളും പൂര്‍ത്തിയാക്കി പുറത്തിറങ്ങിയതിന് ശേഷമാണ് സ്വര്‍ണം പിടികൂടിയത്. വിഷ്ണുദാസിനും,ഷിജിത്തിനും പുറമെ ഇവരെ കൂട്ടിക്കൊണ്ടു പോകാനെത്തിയ ഷബീന്‍, ഷബീല്‍, ലത്തീഫ്, സലിം എന്നിവരും പോലിസ് പിടിയിലായി.

നെറ്റ്ഫ്ലിക്സ് പാസ് വേഡ് പങ്കുവെക്കൽ സൌകര്യം നിർത്തുന്നു

പാസ്‌വേഡ് പങ്കുവെക്കൽ അവസാനിപ്പിക്കാനൊരുങ്ങി ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ ഇടിവിനെ മറികടക്കുകയാണ് ലക്ഷ്യം. നേരത്തെ തന്നെ ഈ പരീക്ഷണത്തിന് തീരുമാനം ഉണ്ടായിരുന്നു. ഉപയോക്താക്കളുടെ ചോർച്ച കൂടിയതോടെ പെട്ടെന്ന് നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു.

“പാസ്‌വേഡ് പങ്കുവക്കുന്നത് കൂടുതൽ ആളുകളിലേക്ക് നെറ്റ്ഫ്ലിക്സ് എത്താനും കൂടുതൽ പേർ ഇത് ആസ്വദിക്കാനും സഹായകമാവും. ഒരു വീട്ടിൽ താമസിക്കുന്ന അംഗങ്ങൾക്കിടയിൽ പാസ്‌വേഡ് പങ്കുവെക്കൽ എളുപ്പമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇതേപ്പറ്റി ചില ആശങ്ക നിലനിൽക്കുന്നുണ്ട്.”- എന്നാണ് നെറ്റ്ഫ്ലിക്സ് ഇതിനെ വിശദീകരിക്കുന്നത്.

വീടിനു പുറത്തേക്ക് അക്കൗണ്ട് വിവരങ്ങൾ പങ്കുവെക്കാൻ അധിക തുക ഈടാക്കാനാണ് നെറ്റ്ഫ്ലിക്സിൻ്റെ നീക്കം. എങ്ങനെയാണ് ഇത് കണ്ടെത്തുക എന്നതിൽ വ്യക്തതയില്ല. നിലവിൽ പലർ ചേർന്ന് നെറ്റ്ഫ്ലിക്സ് അക്കൗണ്ട് എടുത്ത് പാസ്‌വേഡ് പങ്കുവച്ച് ഉപയോഗിക്കുകയാണ് പതിവ്.

നെറ്റ്ഫ്ലിക്സ് പ്ലാനുകളിലും കാതലായ മാറ്റങ്ങൾ ഉണ്ടായേക്കും. ഇന്ത്യയിൽ നിലവിൽ പ്രീമിയം നെറ്റ്ഫ്ലിക്സ് അക്കൗണ്ടിന് 649 രൂപയാണ്. ഇതിൽ സാധാരണയായി ഒരേ സമയം നാല് പേർക്കാണ് അനുവദിക്കുക. ആളുകൾക്ക് പല ഉപകരണങ്ങളിൽ നിന്ന് നെറ്റ്ഫ്ലിക്സ് ലോ​ഗിൻ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നുണ്ട്.

പരസ്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കുറഞ്ഞ നിരക്കിലുള്ള സബ്സ്ക്രിപ്ക്ഷൻ പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനി ആലോചിച്ചിരുന്നു. ഹുലു, ഡിസിനി പ്ലസ്, എച്ച്.ബി.ഒ തുടങ്ങിയ സേവനങ്ങൾക്ക് ഈ രീതി നടപ്പിലാക്കിയിട്ടുണ്ട്. ഇതല്ലെങ്കിലൽ അടുത്ത രണ്ട് വർഷത്തേക്ക് ഇപ്പോൾ സംഭവിച്ചിരിക്കുന്ന ഈ ഒരു ഇടിവിനെ മറികടക്കുന്നതിനു വേണ്ടി പരസ്യത്തിന്റെ പിന്തുണയോടെ സബ്സ്ക്രിപ്ഷൻ നിരക്ക് കുറച്ച് സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂട്ടുക എന്ന നിർദ്ദേശവും പരിഗണിക്കുന്നുണ്ട്.

ജഹാംഗിർപുരിയിൽ സി പി ഐ നേതാക്കളെ തടഞ്ഞു വെച്ചു

0

ജഹാംഗിർപുരിയിൽ ബുൾഡോസറുകൾ ഉപയോഗിച്ച് പ്രദേശവാസികളെ കുടിയിറക്കിയ സ്ഥലം സന്ദർശിക്കാൻ എത്തിയ സിപിഐ നേതാക്കളെ പൊലീസ് തടഞ്ഞു. നേതാക്കളുടെ സുരക്ഷ പരിഗണിച്ചാണ് തടയൽ എന്ന വിശദീകരണവുമായാണ് തടഞ്ഞു വെച്ചത്. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിലുള്ള സംഘമാണ് സംഘർഷത്തിൽ ഇരകളാക്കപ്പെട്ടവരെ കാണാനായെത്തിയത്. എക്സിക്യൂട്ടീവ് അംഗവും ദേശീയ മഹിളാഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, ബിനോയ് വിശ്വം എംപി, പല്ലബ് സെൻ ഗുപ്ത, ഇൻസാഫ് ജനറൽ സെക്രട്ടറി ഡോ. എ എ ഖാൻ എന്നിവരും ഉൾപ്പെട്ട സംഘം തുടർന്ന് റോഡിൽ കുത്തിയിരുന്നു.

ഇരകളെ കണ്ട് ഐക്യദാർഢ്യം അറിയിക്കാനാണ് എത്തിയതെന്നും തടയരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും വന്‍ പൊലീസ് സന്നാഹം നേതാക്കളെ ബാരിക്കേഡ് വച്ച് തടയുകയായിരുന്നു. ദേശീയ നേതാക്കളായ ഇവരുടെ സുരക്ഷയെ കരുതിയാണ് അങ്ങോട്ട് പോവാൻ അനുവദിക്കാത്തതെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിയില്‍ ഇരകളാക്കപ്പെട്ട സാധാരണ ജനങ്ങളുടെ ദുരിതമാണ് തങ്ങൾക്ക് വലുതെന്ന് നേതാക്കളും മറുപടി നല്‍കി. നിലപാടിലുറച്ച് സ്ഥലത്ത് കുത്തിയിരിപ്പ് തുടരുകയാണ്.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ കാണണമെന്നും കെട്ടിടങ്ങൾ പൊളിച്ച് മാറ്റിയ സ്ഥലങ്ങൾ കണ്ടേ മടങ്ങൂ എന്നും സിപിഐ നേതാവ് ഡി രാജ പറഞ്ഞു. കേന്ദ്രം വലിയ അതിക്രമമാണ് പ്രദേശത്ത് നടത്തിയത്. ആളുകളെ കാണാതെ മടങ്ങില്ല. കേന്ദ്രത്തിന്റെ അതിക്രമങ്ങൾ പുറത്ത് വരാതിരിക്കാനാണ് നേതാക്കളെ തടയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡി വൈ എഫ് ഐ പ്രസിഡൻ്റ് സ്ഥാനത്തേക്ക് വനിതയെ കൊണ്ടുവരാനുള്ള നീക്കം തർക്കത്തിൽ

സിപിഎം സംസ്ഥാന സമിതി അംഗമായതിന് തൊട്ടുപിന്നാലെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കൂടെ ചിന്താ ജെറോമിന്റെ പേര് ഉയര്‍ന്ന് വന്നതോടെയാണ് എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുള്ളത്. ഇത്ര പെട്ടെന്ന് മറ്റൊരു പദവി കൂടി നല്‍കിയാല്‍ ഇരട്ട പദവി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്ന് വരുമെന്നാണ് ഈ വിഭാഗം ഉന്നയിക്കുന്ന തർക്കം.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് സ്ഥാനം ഒരു വനിതയ്ക്ക് നല്‍കുക എന്ന തീരുമാനമാണ് ഇരട്ടപദവി വാദത്തിൽ തടയിടുന്നത്. യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണായ ചിന്ത ജെറോമിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കൊണ്ടുവരണമെന്ന് നേരത്തെതന്നെ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിനുള്ള ചരടുവലികള്‍ നടക്കുന്നതിനിടെയാണ് ഭിന്നാഭിപ്രായം ഉയര്‍ത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഫ്രാക്ഷന്‍ യോഗം നടന്നിരുന്നു. നിലവിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ വി.വസീഫിന്റെ പേരാണ് പ്രസിഡന്റ് പദവിയിലേക്ക് ഡിവൈഎഫ്‌ഐ നേതൃത്വം മുന്നോട്ട് വെച്ചത്. ഡിവൈഎഫ്‌ഐ തീരുമാനം പാര്‍ട്ടി അംഗീകരിച്ചാല്‍ ചിന്തയ്ക്ക് പകരം വസീഫ് പ്രസിഡന്റ് ആകാനാണ് സാധ്യത. അല്ലെങ്കില്‍ സെക്രട്ടറി സ്ഥാനത്തേക്ക് വസീഫ് പരിഗണിക്കപ്പെടും. നിലവിലെ സെക്രട്ടറിയായ വികെ സനോജിന്റെ പേരും സാധ്യതാ പട്ടികയിലുണ്ട്.

എന്നാൽ ചിന്താ ജെറോമിൻ്റെ പേര് നേതൃത്വം ആഗ്രഹിച്ചത് പോലെ ഉയർന്നു വന്നില്ല. ഇത് മറികടന്ന് വനിത നേതൃപദവിയിൽ എന്ന മാറ്റത്തിലേക്ക് പോകുമോ എന്നാണ് കാത്തിരിക്കുന്നത്.

കെ-റെയിൽ എതിർപ്പ് ഉന്നയിച്ച വിദഗ്ദ്ധരുമായി സർക്കാർ ചർച്ചയ്ക്ക്

 സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിന്റെ സാങ്കേതിക വശത്തെ കുറിച്ച് ശക്തമായ എതിര്‍പ്പ് ഉന്നയിച്ച മുന്‍ റെയില്‍വേ എന്‍ജിനിയീര്‍ അലോക് വര്‍മയടക്കമുള്ളവരുമായി സർക്കാർ ചർച്ചയ്ക്ക്. മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ അവസരം തേടിയിട്ടും അവസരം ലഭിച്ചിരുന്നില്ല എന്ന പരാതികൾക്ക് ഒടുവിലാണ് ക്ഷണം. 28-ാം തീയതി നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാനുള്ള ക്ഷണം അലോക് വര്‍മസുബോധ് ജെയിന്‍, ആര്‍.വി.ജി മേനോന്‍, ജോസഫ് സി മാത്യു എന്നിവർക്ക് ലഭിച്ചു.

സില്‍വര്‍ ലൈനില്‍ സ്റ്റാന്‍ഡേഡ് ഗേജ് പ്രായോഗികമല്ലെന്നും ബ്രോഡ്‌ഗേജില്‍ ചെയ്യാനുമായിരുന്നു അലോക് വര്‍മ ആവശ്യപ്പെട്ടത്. ജിയോളജിക്കല്‍ സര്‍വേ നടത്തിയിട്ടില്ലെന്നും തട്ടിക്കൂട്ട് ഡി.പി.ആറാണെന്നും കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പുറമെ സില്‍വര്‍ ലൈനിന് പിന്നില്‍ ചില താല്‍പര്യമുണ്ടെന്നും അലോക് വര്‍മ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഏതെങ്കിലും ഉദ്യോഗസ്ഥനേയോ കാണാനുള്ള അനുമതി തരണമെന്നായിരുന്നു ആവശ്യം.

അലോക് വര്‍മയുടെ നേതൃത്വത്തിലായിരുന്നു അര്‍ധ അതിവേഗ റെയില്‍വേക്കായി ആദ്യം പഠനം നടത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ‘ബ്രോഡ്‌ഗേജ്’ രീതി സ്വീകരിക്കാതെ ‘സ്റ്റാന്റേര്‍ഡ് ഗേജി’ല്‍ പദ്ധതി നടപ്പാക്കുന്നത് ഗുണകരമാവില്ലെന്ന് അലോക് വര്‍മ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ഇങ്ങനെയൊരു റിപ്പോര്‍ട്ടേ കിട്ടിയില്ലെന്നാണ് കെ.റെയില്‍ എം.ഡി ഇപ്പോള്‍ പറയുന്നത്. ഈ റിപ്പോര്‍ട്ടിന് അഞ്ചുപേജുള്ള ഒരു മറുപടി കെ-റെയില്‍ എം.ഡി. ഒപ്പിട്ടുതന്നിട്ടുണ്ടെന്നും അലോക് വര്‍മ പറയുന്നുണ്ട്.

സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോലും കെ.റെയില്‍ പ്രധാന ചര്‍ച്ചയായിട്ടും ജനങ്ങളെ ഇതിന്റെ എല്ലാ വശങ്ങളേയും കുറിച്ച് കൃത്യമായി ബോധിപ്പിക്കാനായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്. ഇതിന് തുടർച്ചയായാണ് സാങ്കേതിക വശങ്ങളെ കുറിച്ച് എതിര്‍പ്പ് ഉന്നയിക്കുന്ന അലോക് വര്‍മ അടക്കമുള്ളവരെ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ വിളിച്ചിരിക്കുന്നത്.

എ പി അബ്ദുള്ളക്കുട്ടി ദേശീയ ഹജ്ജ് കമ്മിറ്റി ചെയർമാൻ

ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി.

മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍. ആദ്യമായാണ് രണ്ട് വനിതകള്‍ ഹജ്ജ് കമ്മറ്റി വൈസ് ചെയര്‍പേഴ്‌സണ്‍മാരാകുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.

മകൻ്റെ ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ചു പിതാവ് മരിച്ചു

0

തെലങ്കാനയില്‍ വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു. 80-കാരനായ രാമസ്വാമിയാണ് മരിച്ചത്. മകൻ്റെ സ്കൂട്ടർ ബാറ്ററി വീടിനകത്ത് ചാർജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചാണ് അപകടം. രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്ക്‌ പരിക്കേൽക്കയും ചെയ്തു.

തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ബുധനാഴ്ച രാത്രിയായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് എടുത്തുമാറ്റി വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ബാറ്ററി പൊട്ടിത്തെറിച്ച് തീപടരുകയായിരുന്നു. രാമസ്വാമിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഭാര്യയ്ക്കും മകനും മരുമകള്‍ക്കും പൊള്ളലേറ്റത്.

രാമസ്വാമിയുടെ മകന്‍ പ്രകാശ് ഉപയോഗിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. കഴിഞ്ഞ ഒരുവര്‍ഷമായി ഈ ഇലക്ട്രിക് സ്‌കൂട്ടറാണ് പ്രകാശ് ഉപയോഗിച്ചിരുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമർശനം ശക്തമായി. കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഇതിനെതിരെ പ്രതികരിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ പൊട്ടിത്തെറിച്ചുള്ള അപകടങ്ങള്‍ അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചതായും സമിതി ആവശ്യമായ നടപടികള്‍ ശുപാര്‍ശ ചെയ്യുമെന്നും മന്ത്രി വ്യാഴാഴ്ച പറഞ്ഞു.

കമ്പനികള്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും തകരാറുള്ള മുഴുവന്‍ വാഹനങ്ങളും തിരിച്ചുവിളിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ഉത്തരവിടുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കമ്പനികൾ ആവശ്യമായ മുൻകരുതലുകൾ ഇല്ലാതെ വിപണിയിലെ ആവശ്യം മുൻനിർത്തി ഇലക്ട്രിക് വണ്ടികൾ ഇറക്കുന്നത് ദുരന്തമായി മാറുകയാണ്.

ഗംഗുഭായ് കത്തിയവാഡി 26 ന് നെറ്റ്ഫ്ലിക്സിൽ

ആലിയ ഭട്ട് നായികയായെത്തിയ സഞ്ജയ് ലീല ബന്‍സാലി ചിത്രം ഗംഗുഭായ് കത്തിയവാഡി ഏപ്രിൽ 26 മുതൽ ഒ ടി ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സില്‍ സ്ട്രീം ചെയ്യും.
ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംപിടിച്ചിരുന്നു. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന ചിത്രം ഈ നേട്ടം സ്വന്തമാക്കി എന്ന സവിശേഷത കൂടിയുണ്ട് ഈ ചിത്രത്തിന്.

കാമാത്തിപ്പുര പശ്ചാത്തലമാക്കുന്ന ചിത്രമാണ് ​ഗം​ഗുഭായ് കത്തിയവാഡി. ‘പദ്‍മാവതി’നു ശേഷം എത്തുന്ന ബന്‍സാലി ചിത്രമാണ്. ഹുസൈന്‍ സെയ്‍ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്‍തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ ജീവിതകഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രം.
ബന്‍സാലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് നിര്‍മ്മാണം

ഫെബ്രുവരി 25ന് തീയറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം നേടിയത് 10.50 കോടിയായിരുന്നു. അടുത്തദിവസം 13.32 കോടിയും നേടിയിരുന്നു. ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം ആദ്യവാരം നേടിയ കളക്ഷന്‍ 68.93 കോടി രൂപയായിരുന്നു

ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തി, ഗുജറാത്തിലെ ചേരികൾ വീണ്ടും മൂടുപടമണിഞ്ഞു

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ്റെ ഇന്ത്യ സന്ദർശനം വാർത്തകളിൽ സ്ഥാനം പിടിച്ചതിനൊപ്പം ഗുജറാത്തിലെ ചേരികൾ വീണ്ടും ചർച്ചയാവുന്നു. ബോറിസ് ജോൺസൻ കടന്നുപോകുന്ന വഴികളിലെ ചേരികൾ തുണികെട്ടി മറച്ചിരിക്കുകയാണ് അധികൃതർ. രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിന് എത്തിയതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി. അതിന്റെ ഭാഗമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് ബോറിസ് ജോൺസൻ എത്തിയത്. തുടന്നാണ് സബർമതി ആശ്രമത്തിലേക്ക് പോയത്. ഈ പാതയ്ക്ക് സമീപത്തെ ഗ്രാമങ്ങളിലെ ചേരികളാണ് തുണികെട്ടി മറച്ചത്. ഇതിന്റെ ചിത്രങ്ങൾ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുകയാണ്.

മാധ്യമപ്രവർത്തകനായ ഡി.പി.ഭട്ട ട്വിറ്ററിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എക്കണോമിക് ടൈംസിലെ മാധ്യമ പ്രവര്‍ത്തകനായ ഇദ്ദേഹമാണ് ചേരികള്‍ തുണി ഉപയോഗിച്ച് മറച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്.വെള്ള തുണികൊണ്ടാണ് റോഡിൽ നിന്നുള്ള ചേരികളുടെ കാഴ്ചകൾ മറച്ചിരിക്കുന്നത്.

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദർശിച്ചപ്പോഴും ഇതുപോലെ ചേരികൾ മതിൽകെട്ടി മറച്ചിരുന്നു. അന്ന് ഏറെ ചർച്ചകൾക്ക് വഴിവെച്ച സംഭവമായിരുന്നു അത്. എന്നാൽ അന്നത്തെ പോലെ ഇത്തവണ മതിൽ നിർമ്മാണം നടത്തിയിട്ടില്ല.

സബർമതി സന്ദർശന വേളയിൽ സമ്മാനമായി ബോറിസ് ജോൺസന് ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്തകം സമ്മാനിച്ചു. കൂടാതെ മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്തകവും സമ്മാനിച്ചു.സന്ദർശന വേളയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബോറിസ് ജോൺസന് ഒപ്പമുണ്ടായിരുന്നു. ഫ്രീ ട്രേഡ് എഗ്രിമെന്റ് (എഫ്ടിഎ) ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യും. ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് വലിയ സ്വീകരണമാണ് ഒരുക്കിയത്. നഗരത്തില്‍ ഉടനീളം അദ്ദേഹത്തെ സ്വാഗതം ചെയ്ത് ഹോര്‍ഡിങ്ങുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

KSRTC SWIFT ഹിറ്റാവുന്നു

ദീര്‍ഘദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ യാത്ര വാഗ്ദാനം ചെയ്യുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ പത്ത് ദിവസത്തെ വരുമാനം 61 ലക്ഷം രൂപ (61,71,908) കടന്നു. സര്‍വ്വീസ് ആരംഭിച്ച ഏപ്രില്‍ 11 മുതല്‍ 20 വരെ 1,26,818 കിലോമീറ്റര്‍ സര്‍വീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തില്‍ വരുമാനം ലഭിച്ചത്.

എ.സി സ്ലീപ്പര്‍ ബസില്‍ നിന്നും 28,04,403 രൂപയും, എ.സി സീറ്ററിന് 15,66,415 രൂപയും, നോണ്‍ എ.സി സര്‍വ്വീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്.

നിലവില്‍ 30 ബസുകളാണ് സര്‍വീസ് നടത്തുന്നത്. എ.സി സ്ലീപ്പര്‍ സര്‍വ്വീസിലെ എട്ട് ബസുകളും ബാഗ്ലൂര്‍ സര്‍വീസാണ് നടത്തുന്നത്. എ.സി സീറ്റര്‍ ബസുകള്‍ പത്തനംതിട്ട-ബാഗ്ലൂര്‍, കോഴിക്കോട്-ബാഗ്ലൂര്‍ എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളില്‍ ചെന്നൈയിലേക്കും, തിരുവനന്തപുരം-കോഴിക്കോട് റൂട്ടിലുമാണ് സര്‍വീസ് നടത്തിയത്. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവടങ്ങിലേക്കാണ് നോണ്‍ എ.സി സര്‍വ്വീസ് നടത്തുന്നത്.

ബസുകളുടെ പെര്‍മിറ്റിന് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ പെര്‍മിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ തന്നെ 100 ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് മാനേജ്‌മെന്റ് അറിയിച്ചു.