നടക്കുക, വിഷാദത്തിലേക്ക് വീഴാതെ സ്വയം കാക്കുക

0

വിഷാദം അത്ര ദൂരത്തല്ല. എപ്പോഴും മനസിനെ കീഴടക്കാം. ഏറ്റവും പ്രിയപ്പെട്ടതായി മനസിൽ മുദ്രണം ചെയ്തത് മാറിപ്പോകുമ്പോഴും, അവഗണനകളും പരിഹാസങ്ങളും നിരാസവും നിറയ്ക്കുന്ന ഇരുട്ടിലും മനസിലെ കേവല ശൂന്യതയിലും എല്ലാം വിഷാദം കയറിവരാം.

എന്നാൽ വിഷാദത്തിന് ആദ്യത്തെ ചികിത്സ നൽകേണ്ടത് സ്വയം തന്നെയാണ്. എന്താണ് എവിടെയാണ് മനസ് പോകുന്നത് എന്ന് കണ്ടെത്തുക. ഉണർവിൻ്റെ വഴികളിലേക്ക് സ്വയം നടത്തി കൊണ്ട് പോകുക.

മാത്രമല്ല ശരീരത്തെ നടത്തി കൊണ്ട് പോകുന്നതും വിഷാദത്തിൽ നിന്നും അകലാനും സാന്ത്വനം കണ്ടെത്താനും സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

ഒരു കാര്യവും ചെയ്യാതെ ഇരിക്കുന്നതിൽ നിന്ന് അൽപമെങ്കിലും വ്യായാമം ചെയ്യുന്ന അവസ്ഥയിലേക്ക് മാറുക. അത് ഏതുമാവാം. ദൈനം ദിനമായി വന്നു ചേരുന്ന മനസ് കൊടുക്കാവുന്ന കായിക ജോലികൾ ആവാം. ഇതു മൂലം ശരീരത്തിൽ ഉണ്ടാവുന്ന മാറ്റം വിഷാദത്തോട് പൊരുതാൻ സഹായിക്കുമെന്നാണ് പഠനം.

ഇതിൽ ഏറ്റവും ഉത്തമമാണ് നടത്തം. ചടുലനടത്തം പോലുള്ള വ്യായാമങ്ങൾ‌ വിഷാദത്തെ കുറയ്ക്കുമെന്ന് ​ഗവേഷകർ തെളിവ് നൽകുന്നു. ആഴ്ചയിൽ 1.25 മണിക്കൂറുള്ള ചടുലനടത്തം വിഷാദരോ​ഗത്തിനെതിരെ പൊരുതാൻ 18 ശതമാനത്തോളം സഹായിക്കുമെന്നാണ് പുതിയൊരു പഠനത്തിൽ പറയുന്നത്.

1,90,000 പേരിൽ നടത്തിയ പതിനഞ്ചോളം പഠനങ്ങൾക്കൊടുവിലാണ് വിഷാദത്തെ കുറയ്ക്കാൻ വ്യായാമം സഹായകമാകുമെന്ന കണ്ടെത്തലിലേക്കെത്തിയത്. കേംബ്രിജ്, സി‍ഡ്നി സർവകലാശാലകളിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. വ്യായാമം ഒട്ടും ചെയ്യാത്തവരെ അപേക്ഷിച്ച് ആഴ്ചയിൽ മൂന്നുതവണ നടക്കുന്നതുപോലും മാനസികാരോ​ഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്ന് ​​ജനങ്ങൾക്കിടയിൽ നടത്തിയ പഠന ഫലം പറയുന്നു.

ആഴ്ചയിൽ മൂന്നു മുതൽ അഞ്ചുതവണയെങ്കിലും മുക്കാൽ മണിക്കൂറോളം വ്യായാമം ചെയ്യുന്നത് മാനസികാരോ​ഗ്യത്തിന് ​ഗുണകരമാണെന്ന് പഴയ പഠനം ഉണ്ട്. ഓട്ടം, നടത്തം, പെയിന്റിങ്, ചെറിയ ജോലികളിൽ ഏർപ്പെടുക തുടങ്ങിയ ചലനങ്ങൾ പോലും മാനസികാരോ​​ഗ്യത്തിന് നല്ലതാണെന്നും ​ഗവേഷകർ വ്യക്തമാക്കുന്നു.വീട്ടുജോലിയിൽ ഏർപ്പെടുന്നതു പോലും വിഷാദദിനങ്ങളെ പത്തുശതമാനത്തോളം കുറയ്ക്കുമെന്ന് ​ഗവേഷകർ കണ്ടെത്തിയിട്ടുള്ളതാണ്. 

പുതിയ പഠനം പറയുന്നത് ഇതൊന്നും വയ്യാത്ത അവസ്ഥയിൽ ഇറങ്ങി നടക്കുക എന്നതാണ്. ചടുലമായി നടക്കുക. രക്ത ചംക്രമണത്തിനും ഞരമ്പുകളുടെ ഉത്തേജനത്തിനും ഇത് സഹായിക്കും. ശരീരത്തോടൊപ്പം മനസും ഉണരും. ഹോർമോണുകളുടെ അസംതുലിതത്വം കുറയും.

തൊഴിൽ വകുപ്പിലെ ഫയലുകൾ ഏപ്രിൽ 30 നകം തീർപ്പാക്കണം – മന്ത്രി

തൊഴിൽ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ ഏപ്രിൽ മുപ്പതിനുള്ളിൽ തീർപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. ലേബർ കമീഷണറേറ്റിൽ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദേശം. ഫയൽ തീർപ്പാക്കാൻ അദാലത്തു നടത്തണം. തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ, അവകാശങ്ങൾ എന്നിവ ഉറപ്പുവരുത്തണം. വകുപ്പിലെ ജീവനക്കാരിൽ ചെറിയൊരു വിഭാഗം ഉത്തരവാദിത്തങ്ങളിൽനിന്ന്‌ ഒഴിഞ്ഞുമാറുന്നുണ്ട്‌. അത്‌ പാടില്ല. അഴിമതിക്കാരോട്‌ കർക്കശമായ സമീപനം സ്വീകരിക്കും. മികച്ച ഉദ്യോഗസ്ഥർക്ക് പ്രോത്സാഹനം നൽകും.

തൊഴിൽ തർക്കങ്ങളിൽ സമയബന്ധിതമായി ഇടപെട്ടു ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണം. പരിഹരിക്കാനാവാത്തവ ലേബർ കോടതികളുടെയോ ട്രിബ്യുണലുകളുടെയോ പരിഗണനയ്ക്കു വിടണം. ട്രേഡ്‌യൂണിയനുകൾ റഫറണ്ടത്തിന് സമർപ്പിക്കുന്ന അപേക്ഷകളിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു. ലേബർ കമീഷണറേറ്റ് പൂർണമായും ഇ ഫയലിങ്ങിൽ ആയതിന്റെ പ്രഖ്യാപനവും ലേബർ കമ്മീഷണറേറ്റിന്റെ പുതുക്കിയ വെബ് സൈറ്റിന്റേയും ഇന്റഗ്രറ്റെഡ് കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. തൊഴിൽ സെക്രട്ടറി മിനി ആന്റണി, ലേബർ കമീഷണർ ഡോ എസ് ചിത്ര എന്നിവർ പങ്കെടുത്തു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലെത്തി

രണ്ടുദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റതിനുശേഷം ആദ്യമായാണ് ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കുന്നത്. ​ഗുജറാത്തിലെ അഹമ്മദാബാദിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ഗവർണർ ആചാര്യ ദേവവ്രതും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ചേർന്ന് സ്വീകരിച്ചു. തുടർന്ന് സബർമതി ആശ്രമം സന്ദർശിച്ച ബോറിസ് ജോൺസണ് ​ഗാന്ധിജിയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ‘ഗൈഡ് ടു ലണ്ടൻ’ എന്ന പുസ്‌തകം സമ്മാനമായി നൽകി. മീരാബെന്നിന്റെ ആത്മകഥയായ ‘ദി സ്‌പിരിറ്റ്സ് പിൽഗ്രിമേജ്’ എന്ന പുസ്‌തകവും സമ്മാനിച്ചു.

സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. വ്യവസായി ഗൗതം അദാനിയുമായും  അദ്ദേഹം കൂടിക്കാഴ്ച നടത്തി.  പ്രമുഖ വ്യവസായശാലകളും സന്ദർശിച്ചു. വെള്ളിയാഴ്ച രാവിലെ രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഔദ്യോ​ഗിക വരവേൽപ്പിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശ മന്ത്രി എസ് ജയ്‌ശങ്കറുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യയും യുകെയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാർ, ഇന്തോ- പസഫിക്കിലെ സഹകരണം വർധിപ്പിക്കൽ,  പ്രതിരോധ ബന്ധം മെച്ചപ്പെടുത്തൽ എന്നിവ സംബന്ധിച്ച് ഇരുരാജ്യവും തമ്മിൽ ചർച്ച നടക്കും. വിവിധ കരാറിലും  ഒപ്പുവച്ചേക്കും.

ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം  ലക്ഷ്യമിടുന്നതെന്ന് കഴിഞ്ഞദിവസം അദ്ദേഹം ബ്രിട്ടനിൽ പറഞ്ഞിരുന്നു. നേരത്തേ ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം കാരണം  മാറ്റിവയ്ക്കുകയായിരുന്നു.

സ്വപ്ന സുരേഷിൻ്റെ ശമ്പളം തിരിച്ചു നൽകില്ല, ആവശ്യം കൂപ്പേഴ്സ് തള്ളി

സ്വപ്‌ന സുരേഷിൻ്റെ ശമ്പളം തിരിച്ച് നല്‍കാനാകില്ലെന്ന് പ്രൈവ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് കെ.എസ്.കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ലിമിറ്റഡിനെ അറിയിച്ചു. 19 ലക്ഷം രൂപയാണ് ശമ്പള ഇനത്തില്‍ ആകെ നല്‍കിയത്.

സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന പ്രതിയായതോടെയാണ് ഇവരെ പിരിച്ച് വിടാനും ശമ്പള ഇനത്തില്‍ നല്‍കിയ തുകയും തിരിച്ച്പിടിക്കാനും തീരുമാനിച്ചത്. എന്നാല്‍ ശമ്പള ഇനത്തില്‍ നല്‍കിയ തുക തിരിച്ച് നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍ കമ്പനി അറിയിക്കുന്നത്.

സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതിന് തുടര്‍ന്ന് നല്‍കിയ ശമ്പളം തിരിച്ച് പിടിക്കാനുള്ള കെ.എസ്.ഐ.ടി.ഐ.എൽ നീക്കം ഇതോടെ മുടങ്ങി.

ശമ്പളം നല്‍കിയ തുക തിരിച്ച് വേണം എന്നാണ് കത്തിലൂടെ കെ.എസ്.ഐ.ടി.ഐ.എല്‍ ആവശ്യപ്പെട്ടത്. ഇത് തിരിച്ച് നല്‍കാനാകില്ലെന്ന് അറിയച്ചതോടെ നിയമോപദേശവും തേടിയിരിക്കുകയാണ് കെ.എസ്.ഐ.ടി.ഐ.എല്‍. അതോടൊപ്പം തന്നെ കെ-ഫോണ്‍ പദ്ധതിയുടെ ഭാഗമായി പി.ഡബ്ല്യു.സിക്ക് നല്‍കാനുള്ള ഒരു കോടിയോളം രൂപ നല്‍കേണ്ടതില്ലെന്നാണ് ഇപ്പോഴത്തെ തീരുമാനം. ശമ്പളം നൽകിയത് തിരിച്ചു പിടിക്കുക സ്വഭാവികമായും നിയമ പ്രശ്നമായി തീരും. ഇതല്ലെങ്കിൽ ക്രമക്കേടിന് ഉത്തരവാദികളായവരെ ഇരയാക്കുക എന്നതിലേക്ക് കടക്കേണ്ടി വരും.

ജഹാംഗിർപുരിയിൽ തൽസ്ഥിതി തുടരണം – സുപ്രീം കോടതി

ജഹാംഗിര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കുള്ള സ്റ്റേ തുടരുമെന്ന് സുപ്രിംകോടതി ഉത്തരവ് നൽകി. ജഹാംഗിര്‍പുരി പ്രദേശത്ത് തല്‍സ്ഥിതി തുടരണം. രണ്ടാഴ്ചക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നത് വരെയാണ് ഇത്. ഒഴിപ്പിക്കുന്നതിന് നോട്ടിസ് ലഭിച്ചോയെന്ന് ഹര്‍ജിക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. ഉത്തരവിന് ശേഷവും പൊളിക്കല്‍ തുടര്‍ന്നത് ഗൗരവകരമായി കാണുന്നുവെന്നാണ് കോടതി പറഞ്ഞത്. 

മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ്റെ ജഹാംഗീര്‍പുരിയിലെ പൊളിക്കല്‍ നടപടിക്കെതിരായ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. നോട്ടിസില്ലാത്ത ഒഴിപ്പിക്കല്‍ നടപടി നിയമ വാഴ്ചയ്‌ക്കെതിരെന്ന് ദുഷ്യന്ത് ദവെ കോടതിയില്‍ വാദിച്ചു. ജീവിക്കാനുള്ള അവകാശത്തില്‍ പാര്‍പ്പിടത്തിനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന വാദമാണ് വാദിഭാഗം പ്രധാനമായും ഉന്നയിച്ചത്. പൊളിക്കല്‍ നടപടി പൂര്‍ണമായും സ്റ്റേ ചെയ്യണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ഹര്‍ജികള്‍ ജസ്റ്റിസുമാരായ എല്‍എന്‍ റാവു, ബിആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്.

ഭരണഘടനാപരവും ദേശീയവുമായ പ്രാധാന്യമുള്ള ദൂരവ്യാപകമായ ചോദ്യങ്ങള്‍ ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കല്‍ ഉയര്‍ത്തുന്നുണ്ടെന്ന് ദുഷ്യന്ത് ദവെ സുപ്രീം കോടതിയെ അറിയിച്ചു. 11 മണിക്കാണ് വാദം ആരംഭിച്ചത്. ഇത് ജഹാംഗീര്‍പുരിയുടെ മാത്രം വിഷയമല്ല. സാമൂഹ്യ നീതിയുടെ പ്രശ്‌നമാണ്. ഇത്തരിത്തിലുള്ള വിദ്വേഷ നടപടികൾ അനുവദിക്കുന്നത് നിയമവ്യവസ്ഥ അപ്രസക്തമാകുന്നതിന് തുല്യമായിരിക്കുമെന്നും വ്യക്തമാക്കി.

ഒഴിപ്പിക്കല്‍ നടപടിക്കെതിരായ സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ ഹര്‍ജികളും സുപ്രിംകോടതി പരിഗണിച്ചു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ വര്‍ഗീയ രാഷ്ട്രീയത്തിലെ കരുനീക്കമാണ് ഈ ഒഴിപ്പിക്കല്‍ നടപടിയെന്ന് ഹര്‍ജിയിലൂടെ ബൃന്ദ കാരാട്ട് കോടതിയെ അറിയിച്ചു. ഒഴിപ്പിക്കല്‍ നടപടി 1957ലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ നിയമത്തിന് വിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു.

ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നീക്കം ബൃന്ദ കാരാട്ട് ഇന്നലെ നേരിട്ട് തടഞ്ഞിരുന്നു. കെട്ടിടങ്ങള്‍ പൊളിക്കുന്നത് തടഞ്ഞ് സുപ്രിം കോടതി ഉത്തരവിട്ടിട്ടും കോര്‍പ്പറേഷന്‍ പൊളിക്കല്‍ നടപടിയുമായി മുന്നോട്ട് പോയതോടെയാണ് ബൃന്ദ കാരാട്ട് പ്രതിഷേധവുമായി രംഗത്തെത്തിയത്. പൊളിക്കല്‍ നിര്‍ത്തി വെക്കാന്‍ സുപ്രിം കോടതി നിര്‍ദേശം നല്‍കിയിട്ടും കോപ്പി കയ്യില്‍ കിട്ടിയില്ല എന്ന കാരണം പറഞ്ഞാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത് തുടര്‍ന്നത്.

വാഹനം ദുരുപയോഗം ചെയ്തു, കെഎസ്ഇബി യൂണിയൻ നേതാവിന് 6,72,560 രൂപ പിഴയിട്ടു

കെഎസ്ഇബിയില്‍ വിലക്ക് ലംഘിച്ച് സമരം ചെയ്തതിന് നടപടി നേരിട്ട ഇടതു യൂണിയന്‍ നേതാവിന് വന്‍ തുക പിഴയിട്ടു. കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന അധ്യക്ഷനും മുൻ വൈദ്യുതി മന്ത്രി എം എം മണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന എം ജി സുരേഷ് കുമാറിനാണ് കെഎസ്ഇബി 6,72,560 രൂപ പിഴയിട്ടിരിക്കുന്നത്. അനധികൃതമായി കെസ്ഇബിയുടെ വാഹനം ഉപയോഗിച്ചതിനാണ് നടപടി. കെഎസ്ഇബി ചെയര്‍മാന്‍ ബി അശോകാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

മുന്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സമയത്ത് സുരേഷ് കുമാര്‍ കെസ്ഇബിയുടെ വാഹനം അനധികൃതമായി ഉപയോഗിച്ചെന്നാണ് ആരോപണം. ഈ മാസം 19നാണ് തീയതിയാണ് ബോര്‍ഡ് ചെയര്‍മാന്‍ ബി അശോക് സുരേഷിനോട് പിഴ അടക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ഉത്തരവിറക്കിയത്.

അതേസമയം, സംഭവം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് എം ജി സുരേഷ് കുമാർ ന്യൂസ് 18നോട് പറഞ്ഞു. നോട്ടീസ് കിട്ടിയിട്ടില്ല. തനിക്കെതിരെ വാർത്തയുണ്ടാക്കാൻ ശ്രമം നടന്നു. തന്നോട് വിശദീകരണം ചോദിക്കാതെ മീഡിയക്ക് നൽകിയത് വ്യക്തിഹത്യ നടത്താനാണ്. ഈ നിമിഷം വരെ വിശദീകരണം ചോദിച്ചിട്ടില്ല. വ്യക്തിപരമായ ആരോപണം സംഘടനയുമായി കൂട്ടി കെട്ടണ്ട. ഇത് പ്രതികാര നടപടിയാണോ എന്ന് കാണുന്ന വർക്ക് അറിയാം. ഓഫീസിന്റെ പ്രവർത്തനങ്ങൾക്കായാണ് വാഹനം ഉപയോഗിച്ചത്. ഔദ്യോഗിക യാത്രക്കിടയിൽ വീട്ടിൽ പോയത് തെറ്റല്ലെന്നും മന്ത്രിയുടെ അനുമതിയോടെയാണ് പോയതെന്നും സുരേഷ് കുമാർ പറഞ്ഞു.

എന്നാല്‍ കെ കെ സുരേന്ദ്രന്‍ എന്നായാളുടെ പരാതിയില്‍ ബോര്‍ഡ് ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്നാണ് പിഴ വിധിച്ചിരിക്കുന്നതെന്നുമാണ് ചെയര്‍മാന്റെ വിശദീകരണം. കെഎസ്ഇബി വാഹനം സ്വകാര്യ ആവശ്യങ്ങള്‍ക്കടക്കം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍.

മോഡിക്കെതിരെ ട്വീറ്റ്, ജിഗ്നേഷ് മേവാനിയെ അറസ്റ്റ് ചെയ്തു

ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനിയെ അറസ്റ്റു ചെയ്തു. അസം പോലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30 ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

ജിഗ്നേഷിനെതിരെ എന്ത് കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. എഫ്.ഐ.ആറിലെ വിവരങ്ങളും പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് നടപടി എന്നാണ് വാർത്തകൾ. ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദ്ദത്തിനും അഭ്യർത്ഥിക്കണമെന്നായിരുന്ന് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. അസം സ്വദേശിയായ അനൂപ് കുമാർ ദേ എന്നായാൾ ഇതു സംബന്ധിച്ച് പരാതി നൽകിയിരുന്നു.

രാത്രി തന്നെ പാലംപൂരില്‍ നിന്ന് അഹമ്മദബാദിലെത്തിച്ച മേവാനിയെ ഇന്ന് തന്നെ ട്രെയിന്‍ മാര്‍ഗം ഗുവാഹട്ടിയിലേക്ക് കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. ദളിതുകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ജിഗ്നേഷ് മേവാനി കഴിഞ്ഞ വര്‍ഷമാണ് കനയ്യ കുമാറിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നത്‌.

മാരുതി കാറുകളുടെ വില വീണ്ടും കൂട്ടി, വാഹന വിപണിയിലും വിലക്കയറ്റം

പ്രമുഖ വാഹനനിര്‍മ്മാതാക്കളായ മാരുതിയുടെ എല്ലാ മോഡല്‍ കാറുകളുടെയും വില വര്‍ധിച്ചു. എക്‌സ് ഷോറൂം വിലയില്‍ ശരാശരി 1.3 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു.

അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതാണ് വാഹനങ്ങളുടെ വില ഉയര്‍ത്തിയതില്‍ മാരുതി നല്‍കുന്ന വിശദീകരണം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വാഹനങ്ങളുടെ വിലയില്‍ ഏകദേശം 8.8 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി വരുത്തിയത്. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധിപ്പിച്ചത്. വിവിധ മോഡലുകള്‍ക്ക് 0.9 ശതമാനം മുതല്‍ 1.9 ശതമാനം വരെയാണ് വര്‍ധന വരുത്തിയത്.

കഴിഞ്ഞാഴ്ച മഹീന്ദ്ര ആന്റ് മഹീന്ദ്രയും വാഹനങ്ങളുടെ വില വര്‍ധിപ്പിച്ചിരുന്നു. 2.5 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. വാഹനങ്ങളുടെ വിലയില്‍ ഏകദേശം 63000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡിയും ബിഎംഡബ്ല്യൂവും എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ജഹാംഗിർപുരി ഇടിച്ചു നിരത്താൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ, ഇടപെട്ട് സുപ്രീം കോടതി

സുപ്രീം കോടതി വിലക്കു ലംഘിച്ചും ജഹാംഗിര്‍പുരിയിലെ ഇടിച്ചുനിരത്തല്‍ തുടര്‍ന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നടപടിക്കെതിരെ നീതിപീഠം കർക്കശ ഉത്തരവ് നൽകി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു കൊണ്ട് കോടതിയെ മറികടന്ന് പൊളിക്കൽ തുടർന്നന നപടിക്കെതിരെയാണ് കോടതിയും ബൃന്ദകാരാട്ട് ഉൾപ്പെടെ പൊതു പവർത്തകരും ഇടപെട്ടത്. ഉച്ചയോടെ പ്രശ്‌നത്തില്‍ വീണ്ടും ഇടപെട്ട സുപ്രീം കോടതി സ്‌റ്റേ ഉത്തരവ് അടിയന്തരമായി അധികൃതര്‍ക്ക് എത്തിച്ചുനല്‍കാന്‍ സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് പൊളിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു. 

രാവിലെ വന്‍ സന്നാഹങ്ങളുമായി മുനിസിപ്പല്‍ അധികൃതര്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയതിനു പിന്നാലെയാണ് തല്‍സ്ഥിതി തുടരാന്‍ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ ഉത്തരവ് വന്നത്. കോടതി ചേര്‍ന്നയുടന്‍ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദവെ വിഷയം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. എന്നാല്‍ സ്‌റ്റേ ഉത്തരവ് മാധ്യമങ്ങളില്‍ വന്നതിനു ശേഷവും അധികൃതര്‍ പൊളിക്കല്‍ തുടരുകയായിരുന്നു. 

ബുള്‍ഡോസറും ജെസിബിയും മറ്റും ഉപയോഗിച്ചായിരുന്നു കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. സിപിഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ഇതിനിടെ ദുഷ്യന്ത് ദവെ പ്രശ്‌നം വീണ്ടും ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തിച്ചു. കോടതി ഉത്തരവ് വന്നിട്ടും പൊളിക്കല്‍ തുടരുകയാണെന്ന് ദവെ പറഞ്ഞു. നിയമവാഴ്ച നിലനില്‍ക്കുന്ന സ്ഥലത്ത് ഇതെങ്ങനെ അനുവദിക്കാനാവുമെന്ന് ദവെ ചോദിച്ചു. തുടര്‍ന്ന് സ്‌റ്റേ ഉത്തരവ് അടിയന്തരമായി മുനിസിപ്പല്‍ അധികൃതര്‍ക്ക് എത്തിച്ചുനല്‍കാന്‍ ചീഫ് ജസ്റ്റിസ് സുപ്രീം കോടതി സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി. 

അനധികൃതവും ഭരണഘടനാ വിരുദ്ധവുമായ ഉത്തരവാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പുറത്തിറക്കിയിട്ടുള്ളതെന്ന് രാവിലെ ദുവെ കോടതിയില്‍ പറഞ്ഞു. നോട്ടീസ് പോലും നല്‍കാതെയാണ് ഇടിച്ചുനിരത്തല്‍. ഉച്ചയ്ക്കു രണ്ടിനു തുടങ്ങാന്‍ നിശ്ചയിച്ചിരുന്ന പൊളിക്കല്‍ രാവിലെ ഒന്‍പതിനു തന്നെ തുടങ്ങി. കോടതി ഇടപെടല്‍ ഉണ്ടാവുമെന്ന സംശയത്തിലാണ് ഇതെന്ന് ദവെ പറഞ്ഞു.

കേസില്‍ നാളെ വിശദവാദം കേള്‍ക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയായിരുന്നു. 

കഴിഞ്ഞ ദിവസം ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായ പ്രദേശമാണ് ജഹാംഗീര്‍പുരി. ജയന്തി ഘോഷയാത്രക്കിടയിൽ കല്ലേറും തുടര്‍ന്നു ഇരുപക്ഷങ്ങള്‍ തമ്മില്‍ സംഘര്‍ഷവും ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്.

ബുള്‍ ഡോസറുകളും ജെസിബിയും ഉപയോഗിച്ചാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കിത്തുടങ്ങിയത്. സ്ഥലത്ത് വന്‍ സുരക്ഷാ സന്നാഹംഒരുക്കിയിരുന്നു. അഞ്ചു സെക്ടറുകളിലായി പൊലീസ് സേനയെ വിന്യസിച്ചു. അര്‍ധ സൈനിക വിഭാഗവും സജ്ജമാണ്. ഡ്രോണ്‍ കാമറ ഉപയോഗിച്ച് പൊലീസ് രംഗനീരക്ഷണം നടത്തി.

മതേതര പ്രണയത്തിനെതിരെ പരാമർശിച്ച ജോർജ് എം തോമസിന് പാർട്ടി ശാസന

ലവ് ജിഹാദ് പരാമര്‍ശത്തില്‍ സിപിഎം  കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന് പരസ്യ ശാസന. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പാലിക്കണം. പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചു വേണം പ്രതികരണങ്ങള്‍ നടത്തേണ്ടത് എന്ന് നടപടി വിശദീകരിച്ചുകൊണ്ട് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. 

വിഷയത്തില്‍ വന്ന വീഴ്ച പാര്‍ട്ടി ഗൗരവമായി പരിശോധനയ്ക്ക് വിധേയമാക്കി. പരസ്യമായി നടത്തിയ അഭിപ്രായ പ്രകടനം പാര്‍ട്ടി ആവര്‍ത്തിച്ചു തള്ളി പറഞ്ഞു. ജോര്‍ജ് എം തോമസ് ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടി സ്വീകരിച്ചതെന്നും പി മോഹനന്‍ വ്യക്തമാക്കി. 

ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്‍, ജോയ്‌സ്‌ന വിവാഹത്തിന് എതിരെയായിരുന്നു ജോര്‍ജ് എം തോമസിന്റെ വിവാദ പരാമര്‍ശം. പാര്‍ട്ടി അറിയാതെ നടത്തിയ വിവാഹം ലവ് ജിഹാദ് ആണെന്നായിരുന്നു പരാമര്‍ശം. ലവ് ജിഹാദിനെ പറ്റി സിപിഎം പാര്‍ട്ടി രേഖകളിലും പറയുന്നുണ്ടെന്ന് ജോര്‍ജ് എം തോമസ് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിലപാട് തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ഇതിന് പിന്നാലെ തനിക്ക് തെറ്റുപറ്റിയെന്ന് പറഞ്ഞ് ജോര്‍ജ് എം തോമസ് പ്രസ്താവന തിരുത്തിയിരുന്നു.