മാറിടത്തിൽ തൊട്ടാലും പോക്സോ നിയമ പ്രകാരം കുറ്റ കൃത്യം – കൊൽക്കത്ത ഹൈക്കോടതി

പെൺകുട്ടിയുടെ മാറിടത്തിൽ ഉദ്ദേശ്യത്തോടെ ഒന്നു തൊട്ടാൽ പോലും അത് പോക്സോ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് കൊൽക്കത്ത ഹൈക്കോടതി പറഞ്ഞു. പെൺകുട്ടികളെ ലൈംഗിക അതിക്രമത്തിൽനിന്ന് രക്ഷിക്കാനുള്ളതാണ് പോക്സോ നിയമം.

പ്രതിക്കെതിരെ കേസ് ഉണ്ടായപ്പോൾ അനുകൂലമായി ഡോക്ടർ നൽകിയ തെളിവ് ഇങ്ങനെയാണ്. പതിമൂന്ന് വയസ്സാണ് പെൺകുട്ടിക്ക്. മാറിടം വികസിച്ചിട്ടേയില്ല. അതിനാൽ മാറിടത്തിൽ അതിക്രമം കാണിച്ചു എന്ന് പോലീസ് പറയുന്നതിൽ ന്യായമില്ല. എന്നാൽ കോടതി ഇതു തള്ളി

മാറിടം വികസിച്ചിരുന്നോ ഇല്ലയോ എന്നുള്ളതല്ല പ്രശ്നം. പ്രതി മാറിടത്തിൽ തൊടുന്നത് തെളിഞ്ഞാൽ അത് കുറ്റകൃത്യം തന്നെയാണ്. ശിക്ഷ ലഭിക്കാവുന്ന കേസാണ്. പോക്സോ നിയമം വ്യാഖ്യാനിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.

തന്നെ പ്രതി കടന്നു പിടിച്ചു ചുംബിച്ചു. ശേഷം മാറിടത്തിൽ തൊട്ടു. ലൈംഗിക ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നു. താൻ വീട്ടിൽ തനിച്ചായിരുന്നു എന്നായിരുന്നു കുട്ടിയുടെ മൊഴി. പ്രതി അതിക്രമിച്ച് വീട്ടിൽ കയറിയതാണെന്നും വ്യക്തമാക്കി.

പ്രതിക്ക് ലൈംഗിക താത്പര്യം ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം മാറിടത്തിൽ തൊട്ടാൽ മതി. അത് കുറ്റമാണെന്ന് ഹൈക്കോടതി വിധിച്ചു. പ്രതി ബർദന് അഞ്ച് വർഷം ശിക്ഷ വിധിച്ചു.

സ്ഥിരം യാത്രക്കാരുടെ കീശ ചോരും, നിരക്കു വർധനയ്ക്ക് പച്ചക്കൊടി

സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകള്‍, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിള്‍, ടാക്സി എന്നിവയുടെ നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകള്‍ മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സര്‍ക്കുലര്‍, സിറ്റി ഷട്ടില്‍ ഉള്‍പ്പെടെയുള്ള ഓര്‍ഡിനറി, മൊഫ്യൂസില്‍ സര്‍വീസുകളുടെ മിനിമം നിരക്ക് എട്ട് രൂപയില്‍ നിന്ന് 10 രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്ന് 12 രൂപയും ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകള്‍ 14 രൂപയില്‍ നിന്നും 15 രൂപയും സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ 20 രൂപയില്‍ നിന്നും 22 രൂപയുമായി പുതുക്കിനിശ്ചയിച്ചു.

എക്സ്പ്രസ്സ്, സൂപ്പര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ എയര്‍ എക്സ്പ്രസ്സ്, സൂപ്പര്‍ ഡീലക്സ് /സെമീ സ്ലീപ്പര്‍ സര്‍വീസുകള്‍, ലക്ഷ്വറി/ ഹൈടെക് ആന്റ് എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍, സിംഗിള്‍ ആക്സില്‍ സര്‍വീസുകള്‍, മള്‍ട്ടി ആക്സില്‍ സര്‍വീസുകള്‍, ലോ ഫ്ളോര്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകള്‍ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.

ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്ന് 10 രൂപയായി കുറച്ചു. എ.സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു.

ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാര്‍ക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവുനല്‍കിക്കൊണ്ട് സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കാനുള്ള അധികാരം കെ.എസ്.ആര്‍.ടി സിക്കായിരിക്കും. ചാര്‍ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുന്‍ ഉത്തരവ് പ്രകാരം തുടരും.

ഓട്ടോറിക്ഷകള്‍ക്ക് മിനിമം ചാര്‍ജ് 30 രൂപയാണ് (1.5 കിലോമീറ്റര്‍ വരെ) മിനിമം ചാര്‍ജിനു മുകളില്‍ ഓരോ കിലോ മീറ്ററിനും 15 രൂപ നിരക്കില്‍ ഈടാക്കാം. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍).

ക്വാഡ്രിസൈക്കിളുകള്‍ക്ക് മിനിമം ചാര്‍ജ് 35 രൂപ (1.5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 15 രൂപ നിരക്ക് ഈടാക്കാം (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കില്‍).

ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാര്‍ക്കുവരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ് 200 രൂപ (5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 18 രൂപ നിരക്കില്‍ ഈടാക്കാം.

ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് യാത്രക്കാര്‍ക്കുവരെ സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോര്‍ ക്യാബുകള്‍ക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോര്‍ക്യാബുകള്‍ ഉള്‍പ്പെടെ) മിനിമം ചാര്‍ജ് 225 രൂപ (5 കി.മീറ്റര്‍ വരെ) മിനിമം ചാര്‍ജിനു മുകളില്‍ ഓരോ കി.മീറ്ററിനും 20 രൂപ നിരക്കില്‍ ഈടാക്കാം.

വൈദ്യുതി മന്ത്രിയെ മുൻനിർത്തി സിപിഎം സംസ്ഥാന സമിതിയിലും പോര്, അഴിമതി ആരോപണം

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്കും കെഎസ്ഇബി ചെയർമാനുമെതിരേ സിപിഎം സംസ്ഥാന സമിതിയില്‍ കടുത്ത വിമർശനം. മന്ത്രിയും ബോര്‍ഡും നടത്തുന്നത് അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കമാണെന്ന് വരെ ആരോപണം ഉന്നയിച്ചു.

കെഎസ്ഇബിയിലെ സമരം തീര്‍ക്കാന്‍ അടിയന്തരമായി പാര്‍ട്ടിയും സര്‍ക്കാരും ഇടപെടണമെന്നും ആവശ്യം ഉയര്‍ന്നു.

അഴിമതി ലക്ഷ്യംവെച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കെഎസ്ഇബിയില്‍ നടക്കുന്നതെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബു ആരോപിച്ചു. അഴിമതി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അടക്കമുള്ളവര്‍ക്കെതിരേ വൈരനിര്യാതന ബുദ്ധിയോടെയുള്ള നടപടികള്‍ എടുക്കുന്നത്. ഇത്തരം നടപടികള്‍ക്കെല്ലാം മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ലോഭമായ പിന്തുണയുണ്ടെന്നും ആരോപണം ഉന്നയിക്കപ്പെട്ടു.

വിവിധ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായില്ലെന്നതും ശ്രദ്ധേയമായി.

കെ.എസ്.ആര്‍.ടിസിയിലെ വിഷയത്തിലും സര്‍ക്കാരും പാര്‍ട്ടിയും ഇടപെടണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്നാൽ കെഎസ്ആര്‍ടിസിയെയും കെഎസ്ഇബിയെയും താരതമ്യം ചെയ്യരുതെന്ന് മറുപടി പ്രസംഗത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കെഎസ്ആര്‍ടിസി സേവനമേഖലയില്‍ വരുന്ന സ്ഥാപനമാണെന്നും ഇന്ധനവിലയില്‍ വരുന്ന ചാഞ്ചാട്ടങ്ങള്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും നഷ്ടം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് കെഎസ്ആര്‍ടിസിയിലെ പ്രശ്‌നം ഒറ്റയടിക്ക് പരിഹരിക്കാവുന്നതല്ലെന്നും വിശദീകരിച്ചു.

ഗതാഗത മന്ത്രി ആന്റണി രാജുവുമായി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ താരതമ്യംചെയ്യാന്‍ തയ്യാറല്ലെന്ന നിലപാട് വ്യക്തമായി തന്നെ കോടിയേരി മുന്നോട്ട് വെച്ചു.

പുത്തലത്ത് ദിനേശൻ ദേശാഭിമാനി പത്രാധിപർ

ദേശാഭിമാനി മുഖ്യപത്രാധിപരായി സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ദിനേശൻ പുത്തലത്തിനെ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു. പത്രാധിപരായിരുന്ന പി രാജീവ്‌ മന്ത്രിയായതിനെ തുടർന്ന്‌ കോടിയേരി ബാലകൃഷ്‌ണനായിരുന്നു ചുമതല വഹിച്ചിരുന്നത്‌.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പുത്തലത്ത്‌ ദിനേശൻ. പിണറായി വിജയൻ സർക്കാരിൻ്റെ രണ്ടാമൂഴത്തിലേക്ക് നയിച്ച ജനകീയതയിൽ പുത്തലത്ത് ദിനേശൻ്റെ ധിഷണയുണ്ടായിരുന്നു. എറണാകുളത്ത്‌ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിലാണ്‌ സെക്രട്ടറിയേറ്റംഗമായത്‌.

എസ്‌എഫ്‌ഐ യുടെ സംസ്ഥാന പ്രസിഡന്റും അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റുമായിരുന്നു. സ്‌റ്റുഡന്റ്‌ മാസിക, മാർക്‌സിസ്‌റ്റ്‌ സംവാദം പത്രാധിപരും ഇഎംഎസ് അക്കാദമി ഫാക്കൽറ്റിയുമായിരുന്നു.

വിചാരധാരയുടെ നിലപാടുതറകൾ, പരിസ്ഥിതി സംരക്ഷണം മാർക്‌സിസ്റ്റ് കാഴ്ച്ചപ്പാടിൽ, തോമസ്‌ ഐസക്‌, മനോജ്‌ കെ പുതിയ വിള എന്നിവരുമായി ചേർന്നെഴുതിയ ‘ 99% വാൾസ്ട്രീറ്റ് കൈയടക്കുമ്പോൾ ’ തുടങ്ങിയവ പ്രധാന പുസ്‌തകങ്ങൾ. കോഴിക്കോട്‌ വടകര സ്വദേശിയായ ദിനേശൻ എംഎ, ബിഎഡ്‌, എൽഎൽബി ബിരുദധാരിയാണ്. ഭാര്യ: ഡോ. യമുന കീനേരി. മക്കൾ: റോസ, ആസാദ്‌.

പ്രതിഷേധകർക്ക് നേരെ വെടിവെപ്പ്, ശ്രീലങ്കയിൽ സർക്കാർ ആയുധമെടുക്കുന്നു

0

ശ്രീലങ്കയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തിനു നേരെ പോലീസ് വെടിവെപ്പ്. ഒരാള്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്ത് സര്‍ക്കാര്‍വിരുദ്ധ പ്രതിഷേധത്തിനു നേരെ ഇതാദ്യമായാണ് പോലീസ് വെടിവെക്കുന്നത്.

തലസ്ഥാനമായ കൊളംബോയില്‍നിന്ന് 95 കിലോമീറ്റര്‍ അകലെയുള്ള റംബുക്കാനയിലാണ് വെടിവെപ്പുണ്ടായത്. ഇന്ധനക്ഷാമം അതിരൂക്ഷമായതും വിലക്കയറ്റവുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്ന് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. ആയിരക്കണക്കിന് ആളുകൾ ടയറുകള്‍ കത്തിച്ചും കൊളംബോയിലേക്കുള്ള വഴി തടസ്സപ്പെടുത്തിയും പ്രതിഷേധം പ്രകടിപ്പിച്ചു.

ലങ്കന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ ഒരു ലിറ്റര്‍ 92 ഒക്ടെയ്ന്‍ പെട്രോളിന്റെ വില 84 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ പെട്രോള്‍ ലിറ്ററിന് വില 338 രൂപയായി ഉയർന്നിരിക്കയാണ്.

സർക്കാർ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്നു പ്രതിഷേധം നടത്തിയിരുന്നു. കുട്ടികളുടെ ആശുപത്രിയിലെ മരുന്നുകളുടെയും ഉപകരണങ്ങളുടെയും ദൗര്‍ലഭ്യം ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഷേധം.

അവശ്യവസ്തുക്കളായ ഭക്ഷണം, മരുന്ന്, ഇന്ധനം തുടങ്ങിയവ ഇറക്കുമതി ചെയ്യാന്‍ വിദേശനാണ്യമില്ലാത്ത സാഹചര്യമാണ്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആരംഭിച്ച് ആഴ്ചകള്‍ പിന്നിടുകയുമാണ്. 1948-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ചെറുനാരങ്ങ പൊള്ളുന്നു

0

വേനല്‍ കടുത്തതോടെ ചെറുനാരങ്ങ വില കത്തിക്കയറുന്നു. കേരളത്തിൽ ഉൾനാടൻ മാർക്കറ്റുകളിൽ ചെറുനാരങ്ങ ഒന്നിന് പത്തു രൂപവരെയായി. ഡല്‍ഹിയില്‍ ഒരു ചെറുനാരങ്ങയുടെ ചില്ലറവില 10നും 15 രൂപയ്ക്കും ഇടയിലാണ്. പുനെയില്‍ ചിലയിടങ്ങളില്‍ ഒരെണ്ണത്തിന് 20 രൂപ വരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. വേനല്‍ക്കാലത്ത് ശരാശരി അഞ്ചു രൂപ മുതല്‍ പത്തുരൂപ വരെ ചെറുനാരങ്ങ വില വര്‍ധിക്കാറുണ്ട്. വേനൽ സീസണിൽ റംസാൻ കൂടി ഒത്തു വന്നതോടെയാണ് ചെറുനാരങ്ങ തൊട്ടാൽ പൊള്ളുന്ന നിലയിലേക്ക് എത്തിയത്.

ഇതോടെ നാരങ്ങാ വെള്ളത്തിനും വില കൂടിയിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു ഗ്ലാസ് നാരങ്ങ സോഡയ്ക്ക് 15 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇരട്ടി വിലവരെ ഈടാക്കുന്നുണ്ട്. ലൈം ജൂസിനും പൊള്ളുന്ന കാശ് വാങ്ങിക്കുന്നു.

 

സ്വർണ്ണ വില 40,000 ത്തിലേക്ക്

0

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ വീണ്ടും മുന്നേറ്റം. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിൻ്റെ വില 39,880 രൂപയായി ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയാണ്. ഗ്രാമിന് 30 രൂപയാണ് ഉയര്‍ന്നത്. 4985 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏഴാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനയാണ് പ്രകടമാവുന്നത്. 12 ദിവസത്തിനിടെ ഏഴുതവണയാണ് വില വര്‍ധിച്ചത്. ഈ ദിവസങ്ങളില്‍ പവന് 1600 രൂപയാണ് ഉയര്‍ന്നത്.

ലാപ്ടോപ്പ് പൊട്ടിത്തെറിച്ച് 23 കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു

ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് റൂമിന് തീപിടിച്ച് 23കാരിക്ക് ഗുരുതര പരിക്ക്. എണ്‍പത് ശതമാനം പൊള്ളലേറ്റ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ല മേകവരിപ്പള്ളി ഗ്രാമത്തിലാണ് സംഭവം. 

ബെംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക് സൊലൂഷന്‍സ് എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന സുമലതയ്ക്കാണ് അപകടം നടന്നത്. കോവിഡ് 19നെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചുമാസമായി സുമലത വര്‍ക്ക് ഫ്രം ഹോം ആയിരുന്നു. 

എപ്പോഴത്തേയും പോലെ രാവിലെ എട്ടുമണിക്ക് മകള്‍ ജോലിക്ക് ഇരുന്നതായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു. ജോലി ചെയ്തുകൊണ്ടിരിക്കെ ലാപ്‌ടോപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റൂമില്‍ നിന്ന പുക ഉയരുന്നത് ശ്രദ്ധിച്ച് ഓടിയെത്തയപ്പോള്‍ തീപിടിച്ച കട്ടിലില്‍ മകള്‍ ബോധമില്ലാതെ കിടക്കുന്നതാണ് കണ്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. പിന്നീട് യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു. 

നാടിനെ പ്രതിപക്ഷം പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരികെ നയിക്കുന്നു – മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം നാടിനെ തിരികെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് ചെയ്താലും വികസന പദ്ധതികളെ എതിര്‍ക്കുന്ന നിലപാടുള്ളവരോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. നാളത്തെ തലമുറയെ മുന്നിൽ കണ്ടാണ് സർക്കാർ വികസന പദ്ധതികൾ നടപ്പാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എല്‍ഡിഎഫ് കെ-റെയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരള മോഡല്‍ വികസനം മാതൃകാപരമാണ്. അന്തര്‍ദേശീയ തലത്തില്‍ വരെ കേരള മോഡല്‍ പഠനമാക്കുന്നു. സര്‍വ്വതല സ്പര്‍ശിയായ വികസനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എല്‍ഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനവും ഇതാണ്. അതിനാല്‍ കെ-റെയില്‍ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനങ്ങളെ വഴിയാധാരമാക്കിയുള്ള വികസനമല്ല സില്‍വര്‍ ലൈന്‍ ലക്ഷ്യമിടുന്നത്. വലതുപക്ഷം വികസനത്തിന് വേണ്ടിയുള്ള നിലപാടല്ല എടുക്കുന്നത്. എല്ലാവര്‍ക്കും വികസനത്തിന്റെ സ്വാദ് നല്‍കുകയാണ് എല്‍ഡിഎഫ് നയം. സര്‍ക്കാരിന്റെ വികസനങ്ങള്‍ ഭാവി തലമുറയെ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്പര്യമാണുള്ളത്. പ്രതിപക്ഷം ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ജനങ്ങള്‍ അവരെ തിരുത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിൻ്റെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മഹാഭൂരിപക്ഷം പലപ്പോഴും വികസനത്തിന് പുറത്തായിരുന്നു. എന്നാൽ എല്ലാ പ്രദേശത്തെയും സ്പർശിക്കുന്ന വികസനമാണ് എൽഡിഎഫ് മുന്നോട്ട് വെക്കുന്നത്. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിനാണ് കിഫ്ബി കൊണ്ടുവന്നതെന്നും പിണറായി വിജയൻ പറഞ്ഞു. 

കിഫ്ബി വഴി അമ്പതിനായിരം കോടിയുടെ വികസനം എന്നാണ് പറഞ്ഞത്. എന്നാല്‍, നടപ്പാക്കിയത് അറുപതിനായിരം കോടിയുടെ വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ദേശീയപാത മോശമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വീതി കൂടിയതാണ്. കേരളത്തിൽ നീങ്ങാൻ പറ്റാത്ത നിലയായിരുന്നു. ദേശീയപാത വികസനം കേരളത്തിൽ നടപ്പായില്ല. 45 മീറ്ററിൽ റോഡ് വേണം എന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. പക്ഷേ യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുത്തില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കാൻ തടസം നിന്നു. ചെലവ് കൂടുതലാണെന്ന് കേന്ദ്രം പറഞ്ഞതോടെ തർക്കമായി. ഗഡ്കരിയുമായി ദീർഘ ചർച്ച നടത്തി ഒത്തുതീർപ്പാക്കി. ഭൂമി ഏറ്റെടുക്കാൻ കാൽ ഭാഗം കേരളം നൽകേണ്ടിവന്നു. അയ്യായിരത്തിൽ അധികം കോടി രൂപ കൊടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു

ഭൂമി ഏറ്റെടുക്കാൻ പാടില്ല എന്നൊരു പ്രക്ഷോഭം വന്നാൽ സർക്കാർ സംവിധാനത്തിന്‍റെ ഉത്തരവാദിത്തം നിർവഹിക്കണം. ആരുടെയെങ്കിലും വാശിക്ക് മുന്നിൽ നോക്കി നിൽക്കാൻ സർക്കാരിന് ആകില്ല. ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും. ആർക്കും അതൃപ്തിയുണ്ടായില്ല.
അന്ന് അതൃപ്തി പ്രകടിപ്പിച്ചവർക്ക് പിന്നീടതിൽ നിരാശയുണ്ടായിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഗെയിൽ പൈപ്പ് ലൈൻ നടപ്പാക്കാനാവില്ല എന്ന് പറഞ്ഞു. പക്ഷേ പദ്ധതി പൂർത്തിയായി. അടുക്കളയിലേക്ക് പൈപ്പ് ഗ്യാസ് എത്താൻ പോകുന്നു. നാടിൻ്റെ വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ് സർക്കാരിൻ്റെ പ്രാഥമിക കാര്യം. ദേശീയ പാതാ വികസനം നന്നായി പണി നടന്നുവരുന്നു. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ കേരളത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സന്തോഷ് ട്രോഫിയിൽ കേരളത്തിന് തുടർ ജയം

0

 സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് രണ്ടാം ജയം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് കരുത്തരായ ബംഗാളിനെ കേരളം പരാജയപ്പെടുത്തി. കളിയുടെ 84-ാം മിനിറ്റിലും എക്സ്ട്രാ ടൈമിലുമാണ് കേരളം ഗോൾ നേടിയത്. നൗഫൽ പി എൻ, ജെസിൻ ടി.കെ എന്നിവരാണ് കേരളത്തിനായി വല കുലുക്കിയത്.

കേരള ഡിഫന്‍ഡര്‍ ജി. സഞ്ജുവാണ് കളിയിലെ താരം.


26-ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ മികച്ചൊരു ക്രോസ് ബംഗാള്‍ ഗോളി പ്രിയന്ത്കുമാര്‍ പിടിച്ചെടുത്തു. തുടക്കത്തില്‍ അല്‍പം പതറിയെങ്കിലും തിങ്ങിനിറഞ്ഞ 23,000-ലേറെ കാണികളെ സാക്ഷിയാക്കി മികച്ചകളിയാണ് കേരളം പുറത്തെടുത്തത്.

ആദ്യ പകുതിയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കേരളവും പശ്ചിമ ബംഗാളും പുറത്തെടുത്തത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചു. പക്ഷേ ഗോൾ കണ്ടെത്താൻ കഴിയാതെ പോയി. രണ്ടാം പകുതിയില്‍ കടുത്ത ആക്രമണം അഴിച്ച് വിട്ട കേരളത്തിന് മിനിറ്റുകള്‍ ഇടവിട്ട് അവസരങ്ങള്‍ ലഭിച്ചു.

85-ാം മിനിറ്റില്‍ ജെസിന്‍ തുടങ്ങി വെച്ച മുന്നേറ്റത്തിനൊടുവിലായിരുന്നു കേരളത്തിന്റെ ആദ്യ ഗോള്‍. ജെസിന്‍ നല്‍കിയ പന്ത് ക്യാപ്റ്റന്‍ ജിജോ ജോസഫ് രണ്ട് ബംഗാള്‍ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ നൗഫലിന് നല്‍കി. ഒട്ടും സമയം പഴാക്കാതെ നൗഫല്‍ പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ കേരളത്തിന് ആശ്വാസമായി ഈ ഗോള്‍. 49,51,52 മിനിറ്റുകളില്‍ ലഭിച്ച മികച്ച അവസരങ്ങള്‍ കേരളം നഷ്ടപ്പെടുത്തിയിരുന്നു. 49-ാം മിനിറ്റില്‍ ഒരു സുവര്‍ണാവസരം കേരളം നഷ്ടപ്പെടുത്തി. ബംഗാള്‍ ഗോളിയുടെ പിഴവില്‍നിന്ന് പന്ത് പിടിച്ചെടുത്ത ഷിഗില്‍ നല്‍കിയ പന്ത് പക്ഷെ, വിഘ്‌നേഷ് ബാറിന് മുകളിലൂടെ പറത്തി.

പിന്നാലെ ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ മുഹമ്മദ് സഹീഫിന്റെ പാസില്‍നിന്ന് ജെസിന്‍ കേരളത്തിന്റെ രണ്ടാം ഗോള്‍ നേടി. ബംഗാള്‍ പ്രതിരോധ താരങ്ങളുടെ തളര്‍ച്ച മുതലെടുത്ത് സഹീഫ് ഒരുക്കിയ അവസരം ജെസിന്‍ കൃത്യമായി വിനിയോഗിക്കുകയായിരുന്നു.