അമേരിക്കയിലുള്ള ഭാര്യയുടെ പണം കാമുകിയുടെ അക്കൌണ്ടിലേക്ക് മാറ്റി, ഭർത്താവും കാമുകിയും പിടിയിൽ

ഭാര്യയുടെ ജോയന്റ് അക്കൗണ്ടിൽനിന്നും ഒന്നേകാൽക്കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്കുമാറ്റിയ കേസിൽ ഭർത്താവും കാമുകിയും അറസ്റ്റിൽ. കോടഞ്ചേരി വേളംകോട് കാക്കനാട്ട് ഹൗസിൽ സിജു കെ. ജോസ് (52), കാമുകിയായ കായംകുളം ഗോവിന്ദമുട്ടം ഭാസുരഭവനത്തിൽ പ്രിയങ്ക (30) എന്നിവരാണ് അറസ്റ്റിലായത്. പരാതിയെ തുടർന്ന് ഡൽഹി എയർപോർട്ടിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച ഇവരെ ആലപ്പുഴ പോലീസ് അറസ്റ്റുചെയ്തു.

സിജു കെ. ജോസിന്റെ ഭാര്യ അമേരിക്കയിൽ നഴ്‌സാണ്. തൃശ്ശൂർ സ്വദേശിനിയാണ്. ഇവരുടെയും പേരിൽ പേരിൽ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റൽ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടിൽനിന്നാണ് പണം മാറ്റിയത്. ഭാര്യ അറിയാതെ ഒരുകോടി ഇരുപതുലക്ഷത്തി നാല്പത്തിഅയ്യായിരം രൂപയാണ് മാറ്റിയത്.

കാമുകി പ്രിയങ്കയുടെ പേരിൽ കായംകുളം എച്ച്.ഡി.എഫ്.സി. ബാങ്കിലെ അക്കൗണ്ടിലേക്കാണു പണം മാറ്റിയത്. തുടർന്ന് സ്വന്തം ആവശ്യങ്ങൾക്കായി ഇരുവരും പണം ഉപയോഗിച്ചതായും പോലീസ് പറഞ്ഞു.

ഭാര്യയുടെ പരാതിയെത്തുടർന്ന് പോലീസ് തട്ടിപ്പിനു കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഇരുവരും ഒളിവിൽപ്പോയി. തുടർന്ന് പോലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. നേപ്പാളിൽ ഒളിവിൽക്കഴിഞ്ഞ ഇവർ കഴിഞ്ഞദിവസം ഡൽഹി എയർ പോർട്ടിലെത്തിയതാണ്. ലുക്കൌട്ട് നോട്ടീസ് പ്രകാരം എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. പൊലീസിൽ അറിയിച്ചു.

തുടർന്നാണ് ആലപ്പുഴ പോലീസെത്തി ഇവരെ അറസ്റ്റുചെയ്തത്.

യുവ ടെന്നീസ് താരം വിശ്വ ദീനദയാലൻ വാഹനാപകടത്തിൽ മരിച്ചു

0

 യുവ ടേബിൾ ടെന്നീസ് താരവും തമിഴ്നാട് സ്വദേശിയുമായ വിശ്വ ദീനദയാലൻ (18) ഷില്ലോങ് റോഡിൽ വാഹനാപകടത്തിൽ മരണപ്പെട്ടു. ആസാമിലെ ഗുവാഹത്തിയിൽ നിന്ന് മേഘാലയയിലെ ഷില്ലോങ്ങിലേക്കുള്ള യാത്രയ്ക്കിടെ വിശ്വ ദീനദയാലൻ സഞ്ചരിച്ച കാർ അപകടത്തിൽപെടുകയായിരുന്നുവെന്ന് ടേബിൾ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ടി.ടി.എഫ്.ഐ) അറിയിച്ചു.

83-ാമത് സീനിയർ ദേശീയ അന്തർദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു. ടീം അംഗങ്ങളായ രമേശ് സന്തോഷ് കുമാർ, അബിനാഷ് പ്രസന്നാജി ശ്രീനിവാസൻ, കിഷോർ കുമാർ എന്നിവരോടൊപ്പമായിരുന്നു യാത്ര. ഇവർ സഞ്ചരിച്ചിരുന്ന ടാക്സി കാറിൽ എതിർ ദിശയിൽനിന്നു വന്ന ട്രെയിലർ ഇടിക്കുകയായിരുന്നുവെന്ന് ടി.ടി.എഫ്.ഐ പറഞ്ഞു.

അപകടത്തിൽ ടാക്സി ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായ പരിക്കുകളോടെ വിശ്വ ദീനനെ നോർത്ത് ഈസ്റ്റിലെ ഇന്ദിരാ ഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന മൂന്ന് പേരും അപകടനില തരണംചെയ്തതായി ഡോക്ടർമാർ അറിയിച്ചു.

ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും നിരവധി മെഡലുകൾ സ്വന്തമാക്കിയ താരമാണ് വിശ്വ. ഏപ്രിൽ 27-ന് ഓസ്ട്രേലിയയിലെ ലിന്റ്സിൽ നടക്കുന്ന ലോക ടേബിൾ ടെന്നീസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാനിരിക്കെയാണ് ദുരന്തം.

നേതൃയോഗങ്ങൾക്ക് തുടക്കം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശിയുടെ പേര് വീണ്ടും

സി.പി.എം നേതൃ യോഗങ്ങൾ ഇന്ന് തുടങ്ങും. പാർട്ടി സ്ഥാപനങ്ങളുടേതടക്കം സംഘടനാചുമതലകളിലും തീരുമാനം യോഗത്തിൽ കൈക്കൊള്ളും. ഏറ്റവും ശ്രദ്ധേയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആരാകും എന്നതാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പാണ് യോഗത്തിലെ പ്രധാന വിഷയമെങ്കിലും ഇവയിലാവും മുഖ്യ ശ്രദ്ധ.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി വന്നേക്കുമെന്നാണ് സൂചന. വിവാദങ്ങൾ കെട്ടടങ്ങിയ പശ്ചാത്തലത്തിലാണിത്. പൊളിറ്റിക്കൽ സെക്രട്ടറി മാറ്റം മുൻകൂട്ടി കണ്ടാണ് എറണാകുളം സമ്മേളനത്തിൽ പി. ശശിയെ സംസ്ഥാന സമിതിയിലേക്ക് എടുത്തതെന്നാണ് വിവരം. മുഖ്യമന്ത്രിയുടെ ഓഫീസിൽ തന്നെ അഴിച്ചുപണി പ്രതീക്ഷിച്ചിരുന്നു. മറ്റുചിലരെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും പി ശശി തന്നെ സെക്രട്ടറിയാകാനാണ് കൂടുതൽ സാധ്യത.

1996-2001 കാലത്ത് ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പി. ശശിയായിരുന്നു പൊളിറ്റിക്കൽ സെക്രട്ടറി. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തൻകൂടിയാണ് ഇദ്ദേഹം. എ.കെ.ജി. പഠന-ഗവേഷണ കേന്ദ്രത്തിന്റെയും ഇ.എം.എസ്. അക്കാദമിയുടെയും ചുമതല എൽ.ഡി.എഫ്. ഏകോപനസമിതി കൺവീനർകൂടിയായ എ. വിജയരാഘവനാണ്. പി.ബി.യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ഇദ്ദേഹം പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റുന്നതോടെ മൂന്നുചുമതലകളിൽനിന്നും ഒഴിവാകും. ഇതോടെ എൽഡിഎഫ് കൺവീനർ ആരാണ് എന്ന കാര്യവും യോഗത്തിൽ തീരുമാനിക്കും. ഇ പി ജയരാജൻ, എ കെ ബാലൻ തുടങ്ങിയ മുതിർന്ന നേതാക്കളേയാണ് ഈ പദവിയിലേക്ക് പരിഗണിക്കുന്നത്.

ഇതോടൊപ്പം തന്നെ പാർട്ടി മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപർ, ചിന്തയുടെ പത്രാധിപർ തുടങ്ങിയ സ്ഥാനങ്ങള്‍ സംബന്ധിച്ചും മറ്റു ട്രേഡ് യൂണിയൻ ചുമതലകൾ സംബന്ധിച്ചും തീരുമാനം ഉണ്ടാകും.

നാലാം തരംഗഭീതി, ഡൽഹിയിൽ കേസുകൾ കൂടുന്നു; മാസ്ക് വീണ്ടും നിർബന്ധമാക്കും

കോവിഡ് വ്യാപനം പതുക്കെ കുറയവെ നാലാം തരംഗ ഭീഷണി. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4.21 ശതമാനമാണ് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഡല്‍ഹിയില്‍ ഇതുവരെ 18,68,550 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 26,160 പേര്‍ മരിച്ചു. ഏതാനും ആഴ്ചകളായി ഡല്‍ഹിയിലെ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്.

മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും കര്‍ശനമാക്കാന്‍ ആലോചനയുള്ളതായി ഡല്‍ഹി ദുരന്തനിവാരണസേന അറിയിച്ചു. നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാനായി ഏപ്രില്‍ 20-ന് യോഗം ചേരുന്നുണ്ട്. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ യോഗത്തില്‍ പങ്കെടുക്കും.

കോവിഡ് വ്യാപനം പ്രതിരോധിക്കാനായി മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഡല്‍ഹിയിലെ ഡോക്ടര്‍മാരും ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരോട് പരിശോധന നടത്താനും പടരാതിരിക്കാന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കാനും അവര്‍ ആവശ്യപ്പെട്ടു.

സന്തോഷ് ട്രോഫി, കേരളം വെസ്റ്റ് ബംഗാൾ തീപാറും പോരാട്ടം

0

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂർണമെന്‍റിൽ സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ കേരളം ഇന്ന് (18-04-2022) ഇറങ്ങും. രാത്രി 8 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തീപാറുന്ന പോരാട്ടമാവും. വെസ്റ്റ് ബംഗാളാണ് കേരളത്തിന്‍റെ എതിരാളികൾ. ചാമ്പ്യന്‍ഷിപ്പില്‍ ഓരോ മത്സരങ്ങള്‍ കളിച്ച ഇരുടീമുകളും ഓരോ വിജയം വീതം നേടിയിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് രാജസ്ഥാനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം. എന്നാല്‍ ഗ്രൂപ്പിലെ കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബംഗാളിന്‍റെ വരവ്. ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫ് കേരളത്തിനായി ഹാട്രിക്ക് നേടിയിരുന്നു. നിജോ ഗില്‍ബേര്‍ട്ട്, അജിഅലക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി.

ക്യാപ്റ്റന്‍ ജിജോ തന്നെയാണ് ഇന്നത്തെ മത്സരത്തിന്‍റെയും ശ്രദ്ധാകേന്ദ്രം. സ്‌ട്രൈക്കര്‍മാരായ സഫ്‌നാദും വിക്‌നേഷും കൃത്യമായി ലക്ഷ്യം കണ്ടെത്തിയാൽ കേരളത്തിന് മത്സരം അനായാസമാകും. തിങ്ങിനിറയുന്ന ആരാധക കൂട്ടമാണ് കേരളത്തിന്‍റെ മറ്റൊരു ശക്തികേന്ദ്രം.

പ്രതിരോധത്തിലൂന്നിയ അറ്റാക്കിങാണ് വെസ്റ്റ് ബംഗാളിന്‍റെ ശക്തി. ആദ്യ മത്സരത്തില്‍ ഗ്രൂപ്പിലെ ശക്തരായ പഞ്ചാബിനെ പരാജയപ്പെടുത്തിയത് ടീമില്‍ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കേരളത്തിന് മത്സരം അനായാസമാവില്ല. കാണികൾക്കും ഇത് അവസരമാവും.

കളികാണാൻ എത്തുന്നവർക്ക് വിപുലമായ സൌകര്യങ്ങൾ

കേരളം വെസ്റ്റ് ബംഗാൾ മത്സരം കാണാനെത്തുന്നവർക്കായി സ്റ്റേഡിയത്തിന് അകത്ത് പ്രത്യേകം പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള റോഡുകളുടെ ഇരുവശങ്ങളിലുമായി വാഹനങ്ങൾ പാർക്ക്‌ചെയ്യാൻ പാടുള്ളതല്ല. ഇങ്ങനെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കും. ഓൺലൈനിൽ ടിക്കറ്റെടുത്ത് മത്സരം കാണാനെത്തുന്നവർക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ പ്രത്യേകം ഗെയിറ്റ് തയ്യാറാക്കിട്ടുണ്ട്. ഗെയിറ്റ് നമ്പർ 4 ലൂടെ മാത്രമാണ് ഓൺലൈൻ ടിക്കറ്റുകാർക്ക് സ്റ്റേഡിയത്തിനകത്തേക്കുളള പ്രവേശനം. ഓഫ്‌ലൈൻ, സീസൺ ടിക്കറ്റുകാർക്ക് 5,6,7 ഗെയിറ്റുകൾ വഴി സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാം. സീസൺ ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എ്ന്നിവ ലഭിക്കാത്തവർക്ക് സ്റ്റേഡിയത്തിൽ പ്രത്യേക ടിക്കറ്റ് കൗണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിന് അകത്തുള്ള പാർക്കിങിന്റെ ഇരുവശത്തിലായാണ് ഒരുക്കിയിട്ടുള്ളത്. സീസൺ ടിക്കറ്റ്, ഓൺലൈൻ ടിക്കറ്റ് എന്നിവയെടുത്തവർ നേരത്തെ സ്റ്റേഡിയത്തിലെത്തിയാൽ തിരക്ക് ക്രമീകരിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

റസൂൽ പൂക്കുട്ടിയുടെ ആദ്യ സിനിമ “ഒറ്റ” ഒരുങ്ങുന്നു

0

റസൂൽ പൂക്കുട്ടി മലയാളത്തിൽ തൻ്റെ കരിയറിലെ ആദ്യ സിനിമയുമായി എത്തുന്നു. “ഒറ്റ ” എന്ന പേരിലാണ് സിനിമ ഒരുക്കുന്നത്. മുംബൈയിലെ സമറ്റോൾ എന്ന സാമൂഹ്യ സേവന സംഘടനയുടെ സ്ഥാപകനും, പാലക്കാട് സ്വദേശിയുമായ എസ്.ഹരിഹരൻ്റെ ചിൽഡ്രൺ റീ യുണൈറ്റഡ് എൽ. എൽ.പി.യും, റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും സംയുക്തമായാണ് നിർമ്മാണം.

ശബ്ദ സന്നിവേശത്തിൽ ഓസ്ക്കാർ വരെ എത്തിയ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധായക കുപ്പായമണിയുന്നത് സ്വന്തം ഭാഷയിൽ തന്നെയാണെന്നത് ശ്രദ്ധേയമാണ്. സ്വന്തം ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കി ‘റൺ എവേ ചിൽഡ്രൻ ‘എന്ന പുസ്തകം എഴുതിയ എസ്.ഹരിഹരന്റെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. എസ് ഹരിഹരൻ തന്നെയാണ് നിർമ്മാണ പങ്കാളി.

ഫിന്നിഷ് സംഗീതഞ്ജൻ ട്യോമസ് കണ്ടേലിലെൻ ഉൾപ്പെടെഅരങ്ങിലും, അണിയറയിലും അന്തർദ്ദേശീയ പ്രതിഭകളെയാണ് റസൂൽ പൂക്കുട്ടി തന്റെ ആദ്യ സംവിധാനസംരംഭത്തിൽ അണി നിരത്തുന്നത്.

ആസിഫ് അലി, അർജുൻ അശോകൻ, സത്യരാജ്, ശോഭന, രോഹിണി,ഇന്ദ്രൻസ്, ആദിൽ ഹുസൈൻ , ദിവ്യ ദത്ത, ജാഫർ ഇടുക്കി തുടങ്ങിയ താരങ്ങൾ അഭിനയിക്കുന്നു. ചിത്രീകരണം ഏപ്രിൽ 25 ന് ആരംഭിക്കും. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിടും.

മലയാളത്തിലെ മുൻകാല നായിക ജലജയുടെമകൾ ദേവിയോടൊപ്പം , റസൂൽ പുക്കുട്ടിയുടെ സഹോദരൻ ബൈജു പൂക്കുട്ടിയും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ക്യാമറ: അരുൺ വർമ്മ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ബാബു,  എഡിറ്റിംഗ്: സിയാൻ ശ്രീകാന്ത്.പ്രൊഡക്ഷൻ  കൺട്രോളർ  ആരോമ മോഹൻ പി ആർ ഒ മഞ്ജു ഗോപിനാഥ്

അബുദാബിയിൽ അവസരങ്ങളുമായി മൂന്ന് ഉന്നത ഗവേഷണ കേന്ദ്രങ്ങൾ

അബുദാബിയിലെ ന്യൂയോർക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നാല് പുതിയ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നു. ഉന്നത ഗവേഷകർക്കും ബിരുദധാരികൾക്കും പുത്തൻ അവസരങ്ങൾ തുറക്കുന്നതാണ് ഇത്.

അറേബ്യൻ സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് (ACCESS),

സെന്റർ ഫോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് (CAIR),

സെന്റർ ഫോർ സ്‌മാർട്ട് എഞ്ചിനീയറിംഗ് മെറ്റീരിയൽ (CSEM),

സെന്റർ ഫോർ ക്വാണ്ടം ആൻഡ് ടോപ്പോളജിക്കൽ സിസ്റ്റംസ് (CQTS) എന്നിവയാണ് ഈ നാല് ഗവേഷണ കേന്ദ്രങ്ങൾ.

അത്യാധുനിക ഗവേഷണത്തിൻ്റെ ലോകോത്തര ഹബ്ബ് എന്ന ലക്ഷ്യത്തോടെയാണ് സെൻ്റർ വിഭാവനം ചെയ്യുന്നത്. ക്വാണ്ടം ആൻഡ് ടോപ്പോളജിക്കൽ സിസ്റ്റംസ് (CQTS) ക്വാണ്ടം കമ്പ്യൂട്ടേഷന്റെ ഏകീകൃത ലക്ഷ്യത്തിലേക്ക് ഊന്നൽ നൽകി ക്വാണ്ടം ടോപ്പോളജിക്കൽ സിസ്റ്റങ്ങളുടെ സിദ്ധാന്തത്തിലും പ്രയോഗത്തിലും ക്രോസ്-ഡിസിപ്ലിനറി വൈദഗ്ധ്യത്തിനുള്ള ഒരു ന്യൂക്ലിയേഷൻ പോയിന്റായി മാറുന്നതും ലക്ഷ്യമാണ്.

അറേബ്യൻ പെനിൻസുലയിലേയും ഗൾഫ് മേഖലയിലേയും കാലാവസ്ഥയേയും പരിസ്ഥിതിയേയും കുറിച്ചു പഠിക്കുന്നതിനുള്ള  ഗവേഷണ കേന്ദ്രമാണ് അറേബ്യൻ സെന്റർ ഫോർ ക്ലൈമറ്റ് ആൻഡ് എൻവയോൺമെന്റൽ സയൻസ് (ACCESS). കാലാവസ്ഥാ വ്യതിയാനത്തേയും പരിസ്ഥിതിയേയും കുറിച്ചുള്ള ശാസ്‌ത്രീയ ഗവേഷണമാണ്  ഇതുവഴി ലക്ഷ്യമിടുന്നത്. ഇതിനായി സമുദ്ര, അന്തരീക്ഷ മേഖലയിൽ നിരീക്ഷണ, മോഡലിംഗ് ശേഷി കേന്ദ്രം വികസിപ്പിയ്ക്കുകയും ചെയ്യും. യുഎഇയിലെ സർക്കാർ ഏജൻസികളുമായും പൊതു പങ്കാളികളുമായും സഹകരിച്ചാണ് ഇതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുക.
കൃത്രിമ നിർമിത ബുദ്ധി, റോബോട്ടിക്‌സ് എന്നിവയിൽ അടിസ്ഥാന ഗവേഷണം നടത്താനും ആപ്ലിക്കേഷനുകൾ വികസിപ്പിക്കാനും വേണ്ടിയാണ് CAIR സ്ഥാപിയ്ക്കുന്നത്. റോബോട്ടിന്റെ ചുറ്റുപാടുകളും ചലിക്കുന്ന വസ്തുക്കളുടെ ഉദ്ദേശവും മനസ്സിലാക്കാൻ സെൻസറുകളിൽ നിന്നുള്ള ഡാറ്റയുടെ സംസ്കരണവും സംയോജനവും അതിന്റെ ഗവേഷണ മേഖലകളിൽ ഉൾപ്പെടുന്നു.

മത്തി കഴിച്ചവർ ആശുപത്രിയിലായി, പൂച്ചകൾ ചത്തു; മീനിലും നിയന്ത്രണമില്ലാതെ മായം

മീനിലെ മായം കണ്ടെത്താന്‍ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും അവശതയും ഉണ്ടായി. പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചത്തു. ഇതോടെയാണ് പരിശോധനാ നിർദ്ദേശവുമായി മന്ത്രി എത്തിയത്.

സംഭവം വാർത്തയായതോടെ വിപണിയിൽ മീനിന് വൻ ഡിമാൻ്റാണ്. ചെറു മാർക്കറ്റുകളിൽ ഒന്നിലും മത്സ്യം വില്പനയ്ക്ക് എത്തിയില്ല. വിദേശങ്ങളിൽ നിന്ന് വരെ കേരളത്തിലേക്ക് മീൻ എത്തുന്നുണ്ട്. എല്ലാം വൻകിട ഏജൻസികളാണ് നിയന്ത്രിക്കുന്നത്. വഴിവക്കിലും ഊടുവഴികളിലും എല്ലാം മത്സ്യവില്പന നടക്കുന്നുണ്ട്. ഇവയ്ക്ക് ഒന്നും പരിശോധനയോ നിയന്ത്രണമോ ഇല്ല. ഭക്ഷ്യസുരക്ഷാ വകുപ്പ് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ മാത്രമാണ് പ്രതികരിക്കുന്നത് എന്നാണ് ആരോപണം.

 ഉടുമ്പന്‍ചോല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘവും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മുണ്ടിയെരുമ, തൂക്കുപാലം, കൂട്ടാര്‍, കൊച്ചറ, പുറ്റടി എന്നിവിടങ്ങളിലെ 6 വില്‍പന കേന്ദ്രങ്ങളില്‍ നിന്ന് മത്സ്യ സാമ്പിളുകള്‍ ശേഖരിച്ചു.

തൂക്കുപാലത്ത് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോയില്‍ നിന്ന് മീന്‍ വാങ്ങിയവര്‍ക്കാണ് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മീനിന്റെ തലയും ചില ഭാഗങ്ങളും കഴിച്ച വീട്ടിലെ രണ്ട് പൂച്ചകള്‍ക്കും പൂച്ചക്കുട്ടികള്‍ക്കും ആദ്യ ദിവസം പ്രശ്നങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് അവര്‍ സ്ഥലത്തെ വെറ്റിറിനറി സര്‍ജനെ ഇക്കാര്യം അറിയിച്ചു. അടുത്ത ദിവസം ഇതിൽ ഒരു പൂച്ച ചത്തു. ഇതേ കാലയളവില്‍ തന്നെ മത്തി കഴിച്ച് പൂച്ച ചത്തതായി അയല്‍വാസികളില്‍ ഒരാളും പരാതിപ്പെട്ടു.

 അടുത്ത കാലത്തായി മത്സ്യം കഴിച്ച ചിലര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടതായി മെഡിക്കല്‍ ഓഫീസർ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാട്ടിൻപുറങ്ങളിലാണ് ഒരു നിയന്ത്രണവുമില്ലാതെ മത്സ്യം വില്പനയ്ക്ക് എത്തുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വിഭാഗത്തിന് വരെ ഇതിൽ ഉത്തരവാദിത്തം ഉണ്ടെങ്കിലും പരിശോധനകൾ പതിവില്ല. എവിടെ നിന്ന് എത്തുന്ന മത്സ്യമാണ് എന്നു പോലും വ്യക്തമല്ലാതെയാണ് വില്പന നടത്തുന്നത്.

ഏപ്രിൽ 21 വരെ മഴ, ഇടിമിന്നൽ; കരുതൽ വേണം

0

കേരളത്തില്‍ ഇന്നു മുതല്‍ 21 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വിഭാഗം. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴ പെയ്‌തേക്കാനും സാധ്യതയുണ്ട്.

ഈ ദിവസങ്ങളില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാനും സാധ്യതയുണ്ട്.ജാഗ്രത പാലിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ  അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി.

രാഹുൽഗാന്ധി സ്ഥിരതയില്ലാത്ത നേതാവെന്ന് പി.ജെ കുര്യൻ

രാഹുൽ ഗാന്ധി ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടിയ, സ്ഥിരതയില്ലാത്ത നേതാവാണെന്ന് പി.ജെ കുര്യൻ. കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് മറ്റൊരാൾ വരുന്നതിന് രാഹുലാണ് തടസം നിൽക്കുന്നതെന്നും മുതിർന്ന നേതാവായ കുര്യൻ ആരോപിച്ചു. മാധ്യമം വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കടുത്ത വിമർശനങ്ങൾ.

സ്ഥിരതയില്ലാത്തതുകൊണ്ടാണ് രാഹുൽ പ്രതിസന്ധിഘട്ടത്തിൽ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ചുപോയത്. നടുക്കടലിൽ കാറ്റിനും കോളിനും ഇടയിൽ ഉൾപ്പെട്ട ഒരു കപ്പലിനെ ഏതുതരത്തിൽ മുന്നോട്ടു കൊണ്ടു പോകണം, അതാണ് കപ്പിത്താൻ ചെയ്യേണ്ടത്. എന്നാൽ രാഹുൽ ഗാന്ധി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ്.

ഇതാണ് പിന്നീടുണ്ടായ തിരഞ്ഞെടുപ്പുകളിൽ അടക്കം പാർട്ടിക്ക് കനത്ത തിരിച്ചടികൾ ഉണ്ടാക്കിയത്. ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടും നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് ഇപ്പോഴും രാഹുൽ ഗാന്ധി തന്നെയാണ് എന്നും പി.ജെ. കുര്യൻ പറഞ്ഞു.

കൂടിയാലോചനകളില്ലാത്ത പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി ഒരു പ്രത്യേക കോക്കസുമായി മാത്രമാണ് ആലോചനകൾ നടത്തുന്നത്. മുതിർന്ന നിരവധി നേതാക്കൾ ഉണ്ടെങ്കിലും അവർക്ക് ആർക്കും അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനുള്ള ഒരു വേദി ഇല്ലാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് അധപതിച്ചെന്നും കുര്യൻ പറഞ്ഞു.