പ്രെയ്സ് ദി ലോർഡ്; സാഹിത്യം ചലച്ചിത്രമാക്കുമ്പോൾ ചോർന്നു പോകുന്നത്

0

മഹമൂദ് മൂടാടി

“എനിക്ക് ഈ ഇരിപ്പ് ഇങ്ങിനെ ഇരിക്കുന്നതാ ഏറ്റവും ഇഷ്ടം.വരാന്തയിലോട്ടു് ചാരുകസേരം വലിച്ചിട്ടു മിറ്റത്തോട്ടു നോക്കി ഒറ്റ ഇരിപ്പ്..”

ജീവിതകാമനങ്ങളുടെ സ്വാഭാവികമായ ആസക്തികളും,അനാസക്തികളും ഒരു നാട്ടുമ്പുറത്തുകാരനിലുണ്ടാക്കുന്ന കയ്പും,മധുരവും സറ്റയറിക്കൽ നറേഷനിലൂടെ പ്രതിപാദിച്ച സക്കറിയയുടെ പ്രെയ്സ് ദി ലോർഡ് എന്ന നോവലൈറ്റ് തൊണ്ണൂറുകളിൽ ഏറെ ആഘോഷിക്കപ്പെട്ട സാഹിത്യ കൃതിയായിരുന്നു.

സക്കറിയൻ ആക്ഷേപ ഹാസ്യത്തിന്റെ സമസ്ത സൗന്ദര്യവും ആവാഹിച്ച ജനപ്രിയ കൃതിയായ പ്രെയ്സ് ദി ലോർഡ് ചലച്ചിത്രമാക്കുമ്പോൾ തീർച്ചയായും പ്രേക്ഷകനെന്ന നിലയിൽ നല്ല പ്രതീക്ഷയുണ്ടായിരുന്നു.
പക്ഷേ,
നിർഭാഗ്യകരമെന്നു പറയട്ടെ,
ഷിബു ഗംഗാധരൻ എന്ന പുതുമുഖ സംവിധായകൻ വല്ലാതെ നിരാശപ്പെടുത്തിയെന്നു പറയാതെ തരമില്ല.

കോട്ടയത്തെ ഒരോണംകേറാ മൂലയിൽ കൃഷിയും,കുടുംബവും,ഫെനിബ്രാൻഡ് സ്മോളും,ഉച്ചമയക്കവും,കൂട്ടും,കൂട്ടുകാരുമൊക്കെയായി ജീവിതത്തിന്റെ നിയന്ത്രണരഹിതമായ ഒഴുക്കിനൊപ്പം ചുമ്മാ കഴിഞ്ഞുകൂടുന്ന ജോയിയുടെയും,ഭാര്യ ആൻസിയുടെയും രണ്ടു മക്കളുടെയും ഉല്ലാസഭരിതമായ ദിനവൃത്താന്തത്തിലേക്ക് സാംകുട്ടിയും,ആനിയുമെന്ന കമിതാക്കൾ ഒളിച്ചോടി വരുന്നതുമൂലമുണ്ടാകുന്ന രസകരമായ കയറ്റിറക്കങ്ങളാണ് സക്കറിയുടെ നോവലൈറ്റിന്റെ ആകർഷണീയത.

പക്ഷേ, പ്രെയ്സ് ദി ലോർഡ് എന്ന നോവലൈറ്റിനെ പിറന്നപടി പകർത്തിവെക്കാൻ ശ്രമിച്ച ഷിബു എന്ന സംവിധായകനും,തിരക്കഥാകൃത്തായ ദേവരാജനും കഥയിലെ ചലച്ചിത്രസാധ്യതകളെ സർഗാത്മകമാക്കുന്നതിൽ പാടെ പരാജയപ്പെട്ടു.

നസ്രാണിജീവിതത്തിന്റെ ചൂടും,ചൂരും കെട്ടഴിച്ചുവിടുന്ന നൈസർഗികവും,നിർഗളവുമായ പൗരുഷഭാവത്തെ ജോയിച്ചനിലൂടെ അച്ചടക്കരഹിതമായി സക്കറിയ തന്റെ നോവലൈറ്റിൽ ആഘോഷിച്ചപ്പോൾ ചലച്ചിത്രത്തിൽ ജോയിച്ചനെ മമ്മൂട്ടിയിലൂടെ എനർജറ്റിക്കായ് ക്യാരക്ടറൈസ് ചെയ്യാൻ സംവിധായകന് സാധിച്ചില്ലായെന്നുതന്നെ പറയണം.

കോട്ടയം കുഞ്ഞച്ചനിലും,ഡാനിയിലും,ജോഷിയുടെയും മറ്റും നിരവധി ചിത്രങ്ങളിൽ കോട്ടയം നസ്രാണി സ്ലാങ്ങിലും,മാനറിസങ്ങളിലും കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ മമ്മൂട്ടിയെ ഈ സക്കറിയൻ കൃതിയിലെ കഥാപാത്രത്തിന്റെ ആഴപ്പരപ്പിൽ ഭാവപ്പെടുത്താൻ തിരക്കഥയുടെ ഒഴുക്കില്ലായ്മയും,സംവിധാനത്തിന്റെ സൂക്ഷ്മതക്കുറവുകൊണ്ടും സാധിച്ചില്ലായെന്നു ആവർതിച്ചു പറയേണ്ടതുണ്ട്.

ഇമ്മാനുവൽ എന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ റീനു മാത്യു ഈ ചിത്രത്തിൽ ആൻസിയായി ഒട്ടും തിളങ്ങിയതുമില്ല.
അഭിനയത്തിലേറെ സ്വാഭാവിക വഴക്കമുളള ജോയിമാത്യുവിന്റെ പെർഫോമൻസ് പോലും മോശമായെങ്കിൽ പാളിച്ച സംവിധായകനും,തിരക്കഥാകൃത്തും പങ്കിടാതെ വയ്യ!!

ഒരു കഥയെ ചലച്ചിത്രമാക്കുമ്പോൾ ചെയ്യേണ്ട ഹോംവർക്കും സർഗാത്മകമായ സൂക്ഷ്മതയും ഇടപെടലും ഈ ചിത്രത്തിൽ പാടെ പിഴച്ചുപ്പോയിയെന്നു ചുരുക്കം .
സഭ,പളളി,കേരളാകോൺഗ്രസ്സ്,അധികാരം,പ്രണയം,വിവാഹം,കുടുംബം,വിശ്വാസം, ആസക്തി തുടങ്ങിയ ആൺകോയ്മയുടെ പലവിധ രൂപങ്ങളേയും,സ്ഥാപനങ്ങളേയും സൂക്ഷ്മമായി പ്രശ്നവത്ക്കരിക്കുകയും,പരിഹസിക്കുകയും ചെയ്യുന്ന സക്കറിയയുടെ കൃതിയുടെ ആഴവും അർത്ഥവും,സാധ്യതകളും, പിടിച്ചെടുക്കാനാവാതെ സക്കറിയയുടെ കൃതിയെ ഉപരിപ്ലവമായി പിന്തുടർന്ന് സംഭാഷണസഹിതം പകർത്തിവെച്ചതുകൊണ്ടു മാത്രമാണീ ചിത്രമിങ്ങനെ കോലംകെട്ടുപോകാൻ കാരണമെന്ന് ഉറപ്പിക്കാം !!

കഥയെ അപ്പടി സംഭാഷണസഹിതം ഇങ്ങിനെ പകർത്തുമ്പോഴും മൂല കഥയിലൊരിടത്തും ഒരു സൂചനപോലുമില്ലാത്ത ഒരു കഥാപാത്രവും,കഥാസന്ദർഭവും ഈ ചിത്രത്തിൽ കൃത്രിമമായി തുന്നിച്ചേർത്തിട്ടുമുണ്ട് ,സഖാവ് കുട്ടപ്പൻ എന്ന വില്ലൻ!
നായകൻ പിരിവ്കൊടുക്കാത്തതിന്റെ പകയിൽ സദാചാരപ്പോലീസായും മറ്റും പാർട്ടി ലോക്കൽ സെക്രട്ടറിയുടെ ടാഗുമായി സഖാവ് കുട്ടപ്പൻ ഈ പടത്തിൽ രണ്ടുമൂന്നു തവണ അവതരിക്കുന്നുണ്ട്.
ഇടതുപക്ഷത്തെ ചിത്രവധം ചെയ്തു കൊണ്ടു പ്രേക്ഷകരുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്താനും,അരക്കിട്ടുറപ്പിക്കാനും നമ്മുടെ സിനിമകളിൽ ഇങ്ങിനെയുളള ട്വിസ്റ്റുകൾ തിരുകി കയറ്റുന്നത് നല്ലതാണെന്ന തെറ്റിദ്ധാരണ സംവിധായകന് ഉള്ളത് പോലെ വിളിച്ചറിയിക്കുന്ന ഒരനാവശ്യ കഥാപാത്രവും കഥാസന്ദർഭവുമാണത്.

തീർച്ചയായും ,
സക്കറിയയുടെയും,മലയാളസാഹിത്യത്തിലേയും എന്നത്തേയും മികച്ച ഒരു കഥയെ അതിജീവിച്ച് ഇങ്ങിനെയൊരു ശരാശരി ചലച്ചിത്രത്തിനൊരുമ്പെട്ടത് കഥാകാരനോടും,വായനക്കാരായ പ്രേക്ഷകരോടും കാണിച്ച അനീതിയായിപ്പോയെന്ന് പറയട്ടെ !

കോടഞ്ചേരിയിലെ മതേതരപ്രണയ ദമ്പതികളിൽ വധുവിനെ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കോടഞ്ചേരിയിലെ മതേതര പ്രണയവിവാഹത്തിലെ വധു ജോയ്‌സ്‌നയെ മുൻപാകെ ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. 19-ന് ഹാജരാക്കാനാണ് പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

ജോയ്‌സ്‌നയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് ഹേബിയസ് കോർപ്പസ് ഹർജി നൽകിയിട്ടുണ്ട്. ഇതു പരിഗണിച്ചാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ബെഞ്ചിൻ്റെ നിർദേശം.

ഹരജി പരിഗണിച്ച് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിക്കും കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐ.യ്ക്കുമാണ് പെൺകുട്ടിയെ ഹാജരാക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്.

ജോയ്‌സ്‌നയെ കാണാനില്ലെന്ന് നേരത്തെ പിതാവ് പോലീസിൽ പരാതിനൽകിയിരുന്നു. കണ്ടെത്താനായില്ലെന്നു വ്യക്തമാക്കി നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ച ദിവസം ജോയ്‌സ്‌ന ഭർത്താവ് ഷെജിനൊപ്പം താമരശ്ശേരി കോടതിയിൽ ഹാജരാവുകയും ചെയ്തിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നും വ്യക്തമാക്കി. സുഹൃത്ത് ഷെജിനൊപ്പം പോകാൻ കോടതി അനുമതിനൽകി.

എന്നാൽ കോടതിയിൽ ഹാജരായപ്പോൾ തനിക്കു കാണാൻ കഴിഞ്ഞില്ലെന്നാണ് പിതാവിൻ്റെ പുതിയ വാദം. മകളെ തട്ടിക്കൊണ്ടുപോയതാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണെന്നും പിതാവ് കോടതി മുൻപാകെ പറഞ്ഞു. ഇത് പരിഗണിച്ചാണ് വീണ്ടും ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.

ഹൈക്കോടതിയിൽ ഹാജരാകുമെന്ന് മിശ്രവിവാഹിതരായ ഷെജിനും ജ്യോൽസ്‌നയും അറിയിച്ചിട്ടുണ്ട്. ഇരുവരും ആലപ്പുഴയിലെ ബന്ധുവീട്ടിലാണ്.

കോൺഗ്രസ് അംഗത്വ വിതരണം പകുതി തികഞ്ഞില്ല, നീട്ടി നൽകിയ കാലാവധിയും കഴിഞ്ഞു

അംഗങ്ങളെ ചേർക്കുന്നതിന് നീട്ടിനൽകിയ കാലാവധിയും കഴിഞ്ഞു. കോൺഗ്രസ് ലക്ഷ്യമിട്ട 50 ലക്ഷം അംഗത്വ വിതരണത്തിൽ പകുതി തികയ്ക്കാനും കഴിഞ്ഞില്ല.

ഡിജിറ്റലായി 13 ലക്ഷം പേരാണ് അംഗത്വമെടുത്തത്. 33 ലക്ഷം കടലാസ് അംഗത്വ ഫോറം നൽകിയിട്ട്. ഇത് എത്രമാത്രം തിരിച്ചെത്തുമെന്ന് കോൺഗ്രസ് രീതിയിൽ ഉറപ്പില്ല. നേരത്തേ 38 ലക്ഷമായിരുന്നു അംഗങ്ങൾ

മാർച്ചിൽ അംഗത്വവിതരണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. 50 ലക്ഷം അംഗങ്ങളെ ചേർക്കാനാണു ലക്ഷ്യമിട്ടത്. ഇതിന്റെ അഞ്ചിലൊന്നുപോലും മാർച്ചിൽ ചേർത്തില്ല. ഡിജിറ്റൽ അംഗത്വം മാത്രമായിരുന്നു എ.ഐ.സി.സി. നിർദേശം. ഇതിന്റ പരിശീലനത്തിനായി മൂന്നാഴ്ചയെടുത്തു.

ബാക്കി ഒരാഴ്ചയാണ് അംഗത്വവിതരണത്തിനു ലഭിച്ചത്. ഇതിലാകട്ടെ, സാങ്കേതിക പ്രശ്നങ്ങളും നെറ്റ്‌വർക്ക് പ്രശ്നങ്ങളും വന്നതോടെ അംഗങ്ങളെ ചേർക്കാൻ വീടുകയറുന്നത് പലരും നിർത്തി. കടലാസ് അംഗത്വമാകാമെന്ന തീരുമാനം പിന്നീടുണ്ടായി. വിതരണത്തിന് ഏപ്രിൽ 15 വരെ സമയം നീട്ടി.

സജീവ അംഗത്വം ഒഴിവാക്കിയതും ഗ്രൂപ്പുരഹിത പ്രാദേശിക ഘടകങ്ങൾ എന്ന ശ്രമവും കോൺഗ്രസ് രാഷ്ട്രീയത്തെ നിർജീവമാക്കും എന്ന പക്ഷക്കാർ മേൽക്കൈ നേടുകയാണ്. കേഡർ സ്പിരിറ്റ് എന്തായിരിക്കും എന്ന ചോദ്യവും ഉയരുന്നു.

നേരത്തേ കമ്മിറ്റി ഭാരവാഹികളാകാൻ ഒരാൾ ‘ആക്ടീവ് അംഗം’ ആകണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. പാർട്ടിയിലേക്ക് 25 അംഗങ്ങളെ ചേർക്കുന്നവരാണ് ഈ സജീവ അംഗം. ആ വ്യവസ്ഥ എ.ഐ.സി.സി. ഒഴിവാക്കി. പ്രാഥമിക അംഗത്വമുള്ളയാൾക്ക് ഭാരവാഹിത്വത്തിലേക്ക് മത്സരിക്കാമെന്ന ഭേദഗതി അനുവദിച്ചു. ആരുടെ പിന്തുണയും വേണ്ട. പുതിയ അംഗങ്ങളെ ചേർക്കേണ്ടതില്ലെന്ന നിലവന്നതോടെ ആ ഭാഗവും മിനക്കേടില്ലെന്നായി.

പുതിയ അംഗങ്ങളെ ചേർത്ത് ബൂത്തുതലത്തിൽ തുടങ്ങുന്നതാണ് കോൺഗ്രസിലെ ഇതുവരെയുള്ള ഗ്രൂപ്പ് സൂത്രവാക്യം. ബൂത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ബൂത്ത് പ്രസിഡന്റ്, മണ്ഡലം-ബ്ലോക്ക് പ്രതിനിധികൾ എന്നിവരാണ് മേൽക്കമ്മിറ്റികളിലെ വോട്ടർമാർ. അതിനാൽ, ബൂത്തുതലത്തിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ജയിക്കേണ്ടത് നേതാക്കളുടെ ആവശ്യമായിരുന്നു.

ഒരു ബൂത്തിന് 125 അംഗങ്ങൾ എന്ന നിലയിലാണ് കടലാസ് അംഗത്വ ഫോറം നൽകിയത്. ഇത് ഡി.സി.സി.കൾ പരിശോധിച്ച് കെ.പി.സി.സി.ക്കു കൈമാറണം. ഏപ്രിൽ 18-ന് രാഷ്ട്രീയകാര്യ സമിതിയും കെ.പി.സി.സി. നേതൃയോഗവും ചേരുന്നുണ്ട്. 19-ന് കെ.പി.സി.സി. പൂർണ എക്സിക്യുട്ടീവ് യോഗവും നടക്കുന്നുണ്ട്. ഈ നേതൃയോഗങ്ങളിലാകും അംഗത്വക്കണക്ക് വ്യക്തമാകുക. എന്നാൽ ഇതിൽ ഇപ്പോഴും വ്യക്തതയില്ല.

രമേശ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായിരുന്നപ്പോഴാണ് അവസാനമായി കോൺഗ്രസിൽ അംഗത്വവിതരണം നടന്നത്. അന്ന് 38,00,538 പേരാണ് അംഗത്വം നേടിയത്.

പാലക്കാട്ടെ കൊലപാതകങ്ങൾ, പൊലീസ് ജാഗ്രതയിൽ പിഴവെന്ന്

എലപ്പുള്ളിയിലും പാലക്കാട് നഗരത്തിലും ശനിയാഴ്ച ഉണ്ടായ വർഗ്ഗീയ കൊലപാതകങ്ങൾ പൊലീസിൻ്റെ ജാഗ്രതക്കുറവാണെന്ന് ആരോപണം. എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ സുബൈറിനെ (43) വെള്ളിയാഴ്ച ഉച്ചയ്ക്ക് എലപ്പുള്ളിയില്‍വെച്ച് കാറിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. പള്ളിയിൽ നിന്നും പ്രാർഥന കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുകയായിരുന്നു. ജീവന് ഭീഷണിയുണ്ടായിരുന്നെന്നും മുമ്പും ആക്രമണശ്രമമുണ്ടായെന്നും സുബൈറിന്റെ ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം പോലീസില്‍ നേരത്തെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.

സുബൈറിന്റെ കൊലപാതകത്തിനുശേഷം പാലക്കാട് പട്ടണത്തില്‍ പ്രകോപനപരമായ സാഹചര്യമുണ്ടായിരുന്നു. പൊലീസ് സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ കാര്യമായ പിക്കറ്റിങ് ഏര്‍പ്പെടുത്താനോ നിരീക്ഷണത്തിനോ മുതിര്‍ന്നില്ല. എലപ്പുള്ളി മേഖലയില്‍ സംഘര്‍ഷസാധ്യത ഒഴിവാക്കാനാണ് മുഴുവൻ ശ്രദ്ധയുംകേന്ദ്രീകരിച്ചത്. അവിടെനിന്ന് 13 കിലോമീറ്റര്‍മാത്രം ദൂരത്തുള്ള മേലാമുറിയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്.

എട്ടുവര്‍ഷത്തോളമായി ഇവിടെ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്കുകളുടെ കച്ചവടം നടത്തിവരികയാണ് തുടർന്ന് കൊല്ലപ്പെട്ട ശ്രീനിവാസന്‍ (45). കടുത്തചൂടില്‍ ഉച്ചയ്ക്ക് കടയില്‍ ആളുകുറവായ സമയത്താണ് രണ്ട് ബൈക്കുകളിലും സ്‌കൂട്ടറിലുമായി അക്രമിസംഘമെത്തിയത്. വാഹനങ്ങള്‍ കടയുടെ മുന്നില്‍ നിര്‍ത്തുകയും പിന്നിലിരുന്നവര്‍ മാരകായുധങ്ങളുമായി ചാടിയിറങ്ങി അക്രമം നടത്തുകയുമായിരുന്നു. ദൃശ്യം സി സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കൊലപാതകത്തിന് ശേഷം സ്റ്റാര്‍ട്ടാക്കിനിര്‍ത്തിയ വാഹനങ്ങളില്‍ കയറി രക്ഷപ്പെടുന്നത് കടയ്ക്ക് എതിര്‍വശത്തുള്ള ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. അക്രമികള്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളുടെയും സ്‌കൂട്ടറിന്റെയും നമ്പറടക്കമുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

സിഐടിയു പ്രവർത്തകൻ്റെ ആത്മഹത്യ, നേതാക്കൾക്ക് പങ്കെന്ന് കുടുംബം

തൃശൂര്‍ പീച്ചിയിലെ സിഐടിയു പ്രവര്‍ത്തകന്റെ ആത്മഹത്യയില്‍ സംഘടനാ നേതൃത്വത്തിനെതിരെ കുടുംബം. സജിയെ ആത്മഹത്യയിലേക്ക് നയിച്ചത് പ്രാദേശിക നേതാക്കളുടെ ഭീഷണിയാണെന്ന് സഹോദരന്‍ ബിജു ആരോപിച്ചു. കരാറുകാരനില്‍ നിന്ന് അനധികൃത പണപ്പിരിവ് നടത്തിയത് ചോദ്യം ചെയ്തതാണ് സജിയെ ഒറ്റപ്പെടുത്താന്‍ കാരണം. ഇതിനു പുറമെ പാലം പണിയിൽ ഉൾപ്പെടെ കാശ് വാങ്ങിച്ച നേതാക്കളുണ്ട് ബിജു ആരോപിച്ചു.

സിപിഐഎം നേതൃത്വത്തില്‍ നിന്ന് വധഭീഷണിയുണ്ടായിരുന്നതായി സജിയുടെ സഹപ്രവര്‍ത്തകന്‍ പ്രിന്‍സ് സ്ഥിരീകരിച്ചു. സജിയുടെ ആത്മഹത്യക്ക് കാരണം ബ്രാഞ്ച് സെക്രട്ടറി ഗംഗാധരന്റെയും ലോക്കല്‍ സെക്രട്ടറി ബാലകൃഷ്ണന്റെയും ഭീഷണി മൂലമാണെന്നും പ്രിന്‍സ് മാധ്യമങ്ങളോട് പറഞ്ഞു.

‘പാലം പണിക്ക് അടക്കം ലക്ഷങ്ങളാണ് പാര്‍ട്ടിയുടെ പേരില്‍ ഭീഷണിപ്പെടുത്തി വാങ്ങിയത്. ഒരു കമ്മ്യൂണിസ്റ്റ്കാരനെന്ന നിലയിലാണ് ഞാനും പെട്ടിസജിയും അത് ചോദ്യം ചെയ്തത്. അങ്ങനെ ഞങ്ങള്‍ പാര്‍ട്ടിയുടെ കണ്ണിലെ കരടായി.

സജിയുടെ ആത്മഹത്യയില്‍ സിഐടിയുവിന് ബന്ധമില്ലെന്ന വിശദീകരണവുമായി നേതൃത്വം രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സജിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെ അടര്‍ത്തിയെടുക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും നേതൃത്വം ആരോപിച്ചിരുന്നു.

സന്തോഷ് ട്രോഫി, മിന്നും പോരാട്ടങ്ങൾക്ക് തുടക്കമായി

0

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഈസ്റ്റർ ദിനത്തിൽ രണ്ട് മത്സരങ്ങള്‍. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ ഉച്ച കഴിഞ്ഞ് 4ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ഒഡീഷ കര്‍ണാടകയെ നേരിടും. യോഗ്യത റൗണ്ട് മത്സരത്തില്‍ ജാര്‍ഖണ്ഡിനോട് സമനിലയും ബീഹാറിനെ എതിരില്ലാത്ത അഞ്ച് ഗോളിനും തോല്‍പ്പിച്ചാണ് ഈസ്റ്റ് സോണില്‍ ഗ്രൂപ്പ് എയില്‍ നിന്ന് ഒഡീഷയുടെ വരവ്. സൗത്ത് സോണില്‍ ഗ്രുപ്പ് എയില്‍ ഉള്‍പ്പെട്ട കര്‍ണാടക തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ ടീമുകളെ തോല്‍പ്പിച്ചാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.

മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി 8.00 മണിക്ക് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് മണിപ്പൂരിനെ നേരിടും. യോഗ്യതാ റൗണ്ട് മത്സരത്തില്‍ നോര്‍ത്ത് സോണില്‍ ഗ്രൂപ്പ് എയില്‍ ഹിമാചല്‍പ്രദേശ്, ജമ്മുകാശ്മീര്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിവരെ തോല്‍പ്പിച്ചാണ് സര്‍വീസസ് യോഗ്യത നേടിയത്. നാഗാലാന്റ്, ത്രിപുര, മിസോറാം എന്നിവരെ തോല്‍പ്പിച്ചാണ് മണിപ്പൂര്‍ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയത്.

ഉദ്ഘാടന മത്സരത്തില്‍ മിന്നുംജയത്തോടെയാണ് കേരളം തുടക്കമിട്ടത്. രാജസ്ഥാനെ മടക്കമില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ച കേരളത്തിനായി ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക്ക് നേടി. നിജോ ഗില്‍ബേര്‍ട്ട്, അജയ് അലക്‌സ് എന്നിവരാണ് മറ്റ് രണ്ട് ഗോളുകള്‍ നേടിയത്.

ആർ ടി ഒ ഓഫീസിലെ അഴിമതി; സിന്ധുവിൻ്റെ ആത്മഹത്യയ്ക്ക് മേലുള്ള അന്വേഷണ റിപ്പോർട്ട് കുറ്റവാളികളെ സംരക്ഷിക്കാനെന്ന് ആക്ഷേപം

മാനന്തവാടി സബ് ആർ.ടി.ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാനെന്ന് ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റണമെന്ന നിർദ്ദേശം മാത്രമാണുള്ളത്. ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മിഷറുടെ ഈ അന്വേഷണ റിപ്പോർട്ടിലെ ശുപാര്ശകൾക്കെതിരെ എൻജിഒ അസോസിയേഷൻ രംഗത്തെത്തി.

സിന്ധുവിന്റെ മരണത്തിന് കാരണം ഓഫിസിലെ മാനസിക പീഡനമാണെന്നായിരുന്നു കണ്ടെത്തൽ. കൈക്കൂലി കൂട്ടുനിൽക്കാത്തതും വിദ്വേഷത്തിന് കാരണമായി. തുടർന്നു ഡെപ്യുട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശുപാർശയാണ് മുന്നോട്ട് വച്ചത്. ആർ ടി ഒ വരെ അനാസ്ഥ കാണിച്ചതായി വാർത്തകളുണ്ടായിരുന്നു.


മിനിസ്റ്റീരിയൽ വിഭാഗത്തിലെ ജീവനക്കാരെ മാത്രം കുറ്റക്കാരാക്കി മാറ്റുന്നത് ശരിയല്ലെന്നും. ആറോളം ജീവനക്കാർ നേരത്തെ ഓഫിസിലെ അഴിമതി സംബന്ധിച്ച് ആർടിഒ യെ നേരിൽ കണ്ട് പരാതി പറഞ്ഞതാണെന്നും എൻജി ഒ അസോ. ചൂണ്ടിക്കാണിക്കുന്നു.

കേസിൽ യഥാർത്ഥ കുറ്റക്കാരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും ആക്ഷേപമുണ്ട്. ആത്മഹത്യയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വകുപ്പിലെ വ്യാപകമായ അഴിമതിയും കൂട്ടുകച്ചവടങ്ങളും ഇല്ലാതാക്കാൻ സിന്ധുവിൻ്റെ രക്തസാക്ഷിത്വം കാരണമാവുമോ എന്നാണ് പൊതു ജനം ഉറ്റു നോക്കുന്നത്.

ഒരേ സമയം രണ്ടു ബിരുദ കോഴ്സുകൾ പഠിക്കാം, പുതിയ നിയമം വരുന്നു

0

 ഇനിമുതല്‍ ഒരേസമയം രണ്ട് ബിരുദ കോഴ്സുകള്‍ പഠിക്കാം. ഓണ്‍ലൈനായോ ഓഫ്ലൈനായോ പഠനം പൂര്‍ത്തിയാക്കാം. യുജിസിയുടെ പുതിയ നിര്‍ദേശ പ്രകാരമാണിത്. അടുത്ത അധ്യയന വര്‍ഷം മുതല്‍ മാറ്റം നിലവില്‍വരും എന്നാണ് അറിയിപ്പ്.

യുജി, പിജി കോഴ്സുകള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാവും. ഒരേ സര്‍വ്വകലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാശാലകളില്‍ നിന്നായോ ബിരുദ കോഴ്സുകള്‍ ഒരേസമയം ചെയ്യാം. വ്യത്യസ്ത കോളേജുകളിലും ഒരേസമയം പഠിക്കാം.

കോഴ്സുകള്‍ ഏത് രീതിയില്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്സും നേരിട്ടെത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്സും ഓണ്‍ലൈനായും ചെയ്യാം. ഒരു കോഴ്സ് ഓണ്‍ലൈനായും ഒരു കോഴ്സ് നേരിട്ടെത്തിയും പഠിക്കാം. രണ്ട് കോഴ്സിലും നേരിട്ടെത്തിയുള്ള പഠനം തിരഞ്ഞെടുക്കുന്നവര്‍ക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാകും ക്ലാസ് നടത്തുക.

പുതിയ മാറ്റം നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ള നിര്‍ദേശം ഉടന്‍ സര്‍വ്വകലാശാലകള്‍ക്ക് നല്‍കുമെന്ന് യുജിസി ചെയര്‍മാന്‍ എം. ജഗദീഷ് കുമാര്‍ അറിയിച്ചു.

വിഷുവരെ മഴ തുടരും

0

തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

വരും ദിവസങ്ങളിലും കാറ്റ് തുടരും. വ്യാഴാഴ്ച വരെ ജാഗ്രത തുടരാനാണ് നിര്‍ദേശം. ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തീരത്ത് മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ലക്ഷദ്വീപ് തീരങ്ങളിലും കടലില്‍ ഇറങ്ങുന്നതിന് വിലക്കുണ്ട്. 

കേരള- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ അടുത്ത അഞ്ചു ദിവസവും തുടരാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 

പത്തനംതിട്ട ജില്ലയില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. നാളെയും ഏഴു ജില്ലകളില്‍ അതിശക്തമായ
മഴ മുന്നറിയിപ്പ് ( യെല്ലോ അലര്‍ട്ട്) പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റന്നാള്‍ നാലു ജില്ലകളിലും യെല്ലോ അലര്‍ട്ടുണ്ട്. 

ഉച്ചയ്ക്ക് രണ്ടു മുതല്‍ 10 വരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. മലയോരമേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ സഹോദരങ്ങളെയും കാവ്യയേയും ചോദ്യം ചെയ്യുന്നു

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി നടന്‍ ദീലീപിന്റെ ബന്ധുക്കളെ നാളെ  ചോദ്യം ചെയ്യും. ദിലീപിന്റെ അനുജന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. 

അനൂപിന്റെയും സുരാജിന്റെയും വീടിനുമുന്നില്‍ നോട്ടീസ് പതിപ്പിച്ചു. പല തവണ വിളിച്ചിട്ടും ഇരുവരും ഫോണെടുത്തില്ലെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നു. നാളെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് ഹാജരാവാനാണ് ഇരുവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

അതിനിടെ, കേസില്‍ കാവ്യ മാധവനെ വീട്ടില്‍ വച്ച് തന്നെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. നേരത്തെ വീട്ടില്‍ വച്ച് ചോദ്യം ചെയ്‌തേക്കില്ല എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ച് സംഘം നാളെ വീട്ടില്‍ എത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  തുടര്‍ നടപടികളുടെ കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ നിലപാട്. 

അതിനിടെ,  ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കി. ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാണ് അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസില്‍ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയില്‍, ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ, തുടരന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു വിചാരണക്കോടതി ചൂണ്ടിക്കാണിച്ചു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് എഡിജിപി റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. 

ദിലീപ് ഉള്‍പ്പെട്ട വധശ്രമ ഗൂഢാലോചനാ കേസില്‍ ഇന്നലെ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കല്‍ നിന്ന് വാങ്ങിവെച്ച ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ അടക്കമുളളവ ഉടന്‍ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. രാമന്‍പിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നല്‍കിയത്.