ബൈജൂസിന് വീണ്ടും ഷോക്ക്, 9000 കോടി പിഴയിട്ട് ഇ ഡി

0

എഡ്യുടെക് കമ്പനിയായ ബൈജൂസിന് 9,000 കോടി രൂപ അടയ്ക്കണമെന്ന് കാണിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് നല്‍കി.ട്ട്‌. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ബൈജൂസ് ശരിവെച്ചിട്ടില്ല.

പ്രത്യക്ഷ വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) 2011 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ബൈജൂസ് 28,000 കോടി രൂപ സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാലയളവില്‍ ബൈജൂസ് 9,754 കോടി രൂപ ഓവര്‍സീസ് ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റായി (ഒ.ഡി.ഐ) വിദേശത്ത് നിക്ഷേപിച്ചതായുമാണ് ഇഡി വിശദീകരണം.

. ‘ബൈജൂസ് ഫെമ നിയമലംഘനം നടത്തിയതായുള്ള മാധ്യമവാര്‍ത്തകള്‍ ഞങ്ങള്‍ നിഷേധിക്കുന്നു. അധികൃതരില്‍ നിന്ന് കമ്പനിക്ക് അത്തരമൊരു നോട്ടീസും ലഭിച്ചിട്ടില്ല.’ -ബൈജൂസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

2018-ല്‍ ബൈജൂസിന് ഒന്നരക്കോടി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. കോവിഡ്-19 പിടിമുറുക്കിയ കാലം വന്‍ വളര്‍ച്ചയാണ് ബൈജൂസിന് സമ്മാനിച്ചത്. സ്‌കൂളുകള്‍ അടച്ചിട്ടതും കുട്ടികള്‍ കൂടുതലായി ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയതുമാണ് ബൈജൂസിന് തുണയായത്. വൈറ്റ്ഹാറ്റ്, ആകാശ് എഡ്യുക്കേഷന്‍ സര്‍വ്വീസസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഏറ്റെടുത്തു.

ഈ വര്‍ഷം ഏപ്രിലില്‍ ബൈജൂസ് ഓഫീസുകളില്‍ ഇ.ഡി. പരിശോധന നടത്തി. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരുന്നു പരിശോധന. പിന്നീട് ഇക്കഴിഞ്ഞ നവംബറില്‍ കമ്പനി വന്‍ നഷ്ടം നേരിടുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു.

മലയാളിയായ ബൈജു രവീന്ദ്രനും ഭാര്യ ദിവ്യ ഗോകുല്‍നാഥും ചേര്‍ന്ന് 2011-ല്‍ സ്ഥാപിച്ച തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബൈജൂസിന്റെ മാതൃസ്ഥാപനം. ആദ്യഘട്ടത്തില്‍ മത്സരപരീക്ഷകള്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനമാണ് ബൈജൂസ് നല്‍കിയിരുന്നത്. 2015-ലാണ് ബൈജൂസ് ലേണിങ് ആപ്പ് പുറത്തിറക്കുന്നത്.

സംസ്ഥാന ചലച്ചിത്രമേള കാണാൻ റജിസ്ട്രേഷൻ നാളെ മുതൽ

0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ എട്ട് മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK)യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ 22 ബുധനാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താം.

പൊതുവിഭാഗത്തിന് ജി.എസ്.ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർഥികൾക്ക് ജി.എസ്.ടി ഉൾപ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താം.

ക്രിക്കറ്റ് ലോക കപ്പിൽ ഇന്ത്യ പരാജയപ്പെട്ടത് സ്റ്റേഡിയത്തിൽ എത്തിയ ദുശ്ശകുനം കാരണം, രാഹുൽ ഗാന്ധിയുടെ പരിഹാസത്തിൽ കനത്ത പ്രതിഷേധം

ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയുടെ അലയൊലി രാഷ്ട്രീയ വേദികളിലും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സാന്നിധ്യം കനത്ത പരിഹാസമാക്കി കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ ഗാന്ധി. ഇന്ത്യ ലോകകപ്പ് നേടേണ്ടതായിരുന്നു, എന്നാല്‍ ദുശ്ശകുനം സ്റ്റേഡിയത്തില്‍ എത്തിയതോടെ പരാജയപ്പെട്ടുവെന്നാണ് രാഹുൽ പരിഹസിച്ചത്. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ ഇത് കൈയ്യടിയും ചിരിയും നിറച്ചു. ടി വി ചാനലുകൾക്ക് ഇതറിയാം പക്ഷെ അവർ പറഞ്ഞില്ല, എങ്കിലും ജനങ്ങൾക്ക് അത് എളുപ്പം മനസിലാവും എന്നും രാഹുൽ പറഞ്ഞു.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം നന്നായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ലോകകപ്പ് നേടേണ്ടതായിരുന്നു. ഇതിനിടയിലാണ് ദുശ്ശകുനം സ്‌റ്റേഡിയത്തിലെത്തിയത്. ഇതോടെ എല്ലാം ഇന്ത്യക്ക് എതിരായി. ദുശ്ശകുനം ടീമിന്റെ പരാജയത്തിലേക്ക് നയിച്ചു’. രാഹുലിൻ്റെ പരിഹാസം നിറഞ്ഞ ഈ വാക്കുകൾ കോൺ​ഗ്രസ് തങ്ങളുടെ ഔദ്യോ​​ഗിക എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.

Panauti എന്ന പദമാണ് ഉപയോഗിച്ചത്. ഇതിനെതിരെ മന്ത്രി രവിശങ്കർ പ്രസാദ് രംഗത്ത് എത്തി. രാഹുൽ മാപ്പ് പറയണം എന്നാവശ്യപ്പെട്ടു. അപലപനീയവും പരാജയ ഭീതിയിൽ നിന്നു ഉണ്ടായതുമായ പ്രയോഗമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖറും എക്സിൽ പ്രതിഷേധവുമായി എത്തി.

നവംബര്‍ 19-ന്‌ അഹമ്മദാബാദില്‍ ആയിരുന്നു ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ. ഇതിൽ ഇന്ത്യ ഓസ്‌ട്രേലിയയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. അതുവരെ ഒറ്റ തേൽവിയും ഏറ്റുവാങ്ങാതെയാണ് ടീം ജയിച്ച് കയറിയത്. ഫൈനലിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രമന്ത്രി അമിത് ഷായും എത്തിയിരുന്നു.

ഇന്ത്യൻ ടീമിനെ ആശ്വസിപ്പിക്കാനെത്തിയ മോഡിയുടെ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് ജയറാം രമേശും ​രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിൽ വെെറലായ വീഡിയോകളെ മുൻകൂട്ടി തയ്യാറാക്കിയ സാന്ത്വനമെന്ന് ജയറാം രമേശ് തുറന്നു കാട്ടി. പ്രധാനമന്ത്രിയെ ‘മാസ്റ്റർ ഓഫ് ഡ്രാമ ഇൻ ഇന്ത്യ’ എന്നും തന്റെ എക്സ് പോസ്റ്റിൽ അദ്ദേഹം പരിഹസിച്ചു.

വഴിയടഞ്ഞ തുരങ്കത്തിനകത്ത് പത്ത് ദിവസമായി 41 തൊഴിലാളികൾക്ക് നരകയാതന, കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ വീഡിയോ പുറത്ത് വിട്ടു

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിനുള്ളിൽ 10 ദിവസത്തോളമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആദ്യ വീഡിയോ ദൃശ്യങ്ങൾ ചൊവ്വാഴ്ച രക്ഷാപ്രവർത്തകർ പുറത്തുവിട്ടു. ആറ് ഇഞ്ച് ഭക്ഷണ പൈപ്പ് ലൈനിലൂടെ അയച്ച എൻഡോസ്കോപ്പിക് ക്യാമറ ദൃശ്യങ്ങൾ പകർത്തിയത്.

മഞ്ഞയും വെള്ളയും കലർന്ന ഹെൽമറ്റ് ധരിച്ച തൊഴിലാളികൾ പൈപ്പ് ലൈനിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണ സാധനങ്ങൾ സ്വീകരിക്കുന്നതും രക്ഷാപ്രവർത്തകരുമായി സംഭാഷണത്തിൽ ഏർപ്പെടുന്നതും ഈ ദൃശ്യങ്ങളിൽ കാണാം.

തൊഴിലാളികളുടെ ക്ഷേമം വിലയിരുത്തുന്നതിനായി പൈപ്പ് ലൈനിലൂടെ കാമറകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽഖോ,  നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച വൈകിട്ട് കാമറ വിന്യസിച്ചത്.

തിങ്കളാഴ്ച രക്ഷാപ്രവർത്തകർ തകർന്ന സിൽക്യാര-ബാർകോട്ട് തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ കയറ്റിയ ആറ് ഇഞ്ച് വീതിയുള്ള പൈപ്പ്ലൈനിലൂടെ ഭക്ഷണം കൈമാറി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ യമുനോത്രി ദേശീയ പാതയിൽ നവംബർ 12 ന് പുലർച്ചെയാണ് നിർമാണത്തിലിരിക്കുന്ന തുരങ്കം തകർന്ന് 41 തൊഴിലാളികൾ കുടുങ്ങിയത്. 

പഴയ മാതൃകയിൽ പാറപൊട്ടിച്ചാണ് തുരങ്കം നിർമ്മിച്ചിരുന്നത്. നിർമ്മാണ കമ്പനിക്ക് വേണ്ടി ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിൽ ഇളവ് നൽകി എന്ന് വിമർശനം ഉണ്ടായി.

ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കത്തിന്റെ ഭാഗം ഞായറാഴ്ച രാവിലെയാണ് തകര്‍ന്നത്. 4,531 മീറ്റര്‍ നീളമുള്ള സില്‍ക്യാര ടണല്‍ കേന്ദ്ര റോഡ് ഗതാഗതം, ഹൈവേ മന്ത്രാലയത്തിന്റെ കീഴിലുള്ള ചാര്‍ധാം പദ്ധതിയുടെ ഭാഗമാണ്.

853.79 കോടി രൂപ മുതല്‍ മുടക്കി നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍എച്ച്‌ഐഡിസിഎല്‍) നവയുഗ എഞ്ചിനീയറിംഗ് കമ്പനിയാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതുവരെ, കുടുങ്ങിക്കിടക്കുന്ന ഒരു തൊഴിലാളിയെപ്പോലും പുറത്തെത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. തുരങ്കപാതയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞതാണ് തുരങ്കം തകരാന്‍ കാരണമെന്നാണ് പ്രാഥമിക മാധ്യമറിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. എന്നാല്‍ അന്വേഷണം നടക്കുകയാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അധികൃതര്‍ പറഞ്ഞു.

ഈ 40 തൊഴിലാളികളില്‍ 15 പേര്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരും എട്ടുപേര്‍ ഉത്തര്‍പ്രദേശ്, അഞ്ച് പേര്‍ ഒഡീഷ, നാല് പേര്‍ ബിഹാര്‍, മൂന്ന് പേര്‍ പശ്ചിമബംഗാള്‍, ഒരാള്‍ ഹിമാചല്‍ പ്രദേശ്, രണ്ടുപേര്‍ വീതം ഉത്തരാഖണ്ഡ്, അസം എന്നിവടങ്ങളില്‍ നിന്നുള്ളരാണെന്ന് എന്‍എച്ച്‌ഐഡിസിഎല്‍ അറിയിച്ചു.
ചാര്‍ ധാം തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്ക് വേണ്ടിയാണ് പാത നിര്‍മിക്കുന്നത്. അപകടസാധ്യതയേറിയതും മണ്ണിടിച്ചിലിനു സാധ്യതയുള്ളതുമായ കുത്തനെയുള്ള മലയോര മേഖലയാണ് ഇവിടെയുള്ളത്. ഇടുങ്ങിയ റോഡുകള്‍ ഒഴിവാക്കി തീര്‍ഥാടകരുടെ യാത്രാസമയം ഒരു മണിക്കൂറോളം ലാഭിക്കാന്‍ തുരങ്ക പാതയ്ക്ക് കഴിയും. നിലവിലെ റോഡ് വീതി കൂട്ടുമ്പോള്‍ പ്രദേശത്തെ സസ്യസമ്പത്തിനെ വലിയ തോതില്‍ നശിപ്പിക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് തുരങ്ക പാതാ നിര്‍മിക്കാന്‍ തീരുമാനിച്ചത്.

പോക്സോ കേസിൽ ചിത്രദുര്‍ഗ മഠാധിപതിയെ വീണ്ടും അറസ്റ്റ് ചെയ്തു

അന്തേവാസികളായ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ചിത്രദുര്‍ഗ മുരുഗ മഠാധിപതി ശിവമൂര്‍ത്തി മുരുഗശരണരുവിനെ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തു. 14 മാസം ജയിലില്‍ കഴിഞ്ഞശേഷം കഴിഞ്ഞ വ്യാഴാഴ്ച ഹൈക്കോടതിയില്‍നിന്ന് ശിവമൂര്‍ത്തി ജാമ്യംനേടി പുറത്തിറങ്ങിയിരുന്നു.

ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് ചെയ്ത നടപടിയെ കര്‍ണാടക ഹൈക്കോടതി വിമര്‍ശിക്കുകയും വിട്ടയക്കാന്‍ ഉത്തരവിടുകയും ചെയ്തതും ഇതോടൊപ്പം വാർത്തയായി. അറസ്റ്റിനെതിരേ ശിവമൂര്‍ത്തിയുടെ അഭിഭാഷകൻ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കയായിരുന്നു. ഹൈക്കോടതി ജാമ്യം നിലനില്‍ക്കേ വീണ്ടും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച ചിത്രദുര്‍ഗ സെഷന്‍സ് കോടതിയുടെ നടപടി തള്ളിയ കോടതി ശിവമൂര്‍ത്തിയെ ഉടന്‍ വിട്ടയക്കാന്‍ ജസ്റ്റിസ് സൂരജ് ഗോവിന്ദരാജ് ഉത്തരവിട്ടു.

ശിവമൂര്‍ത്തിയുടെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിക്കുമ്പോഴേക്കും സെഷന്‍സ് കോടതി അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലിലേക്കയച്ചിരുന്നു. ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിക്കുന്നത് വിലക്കിയ ഹൈക്കോടതി സെഷന്‍സ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകാമെന്ന് നിര്‍ദേശിക്കയും ചെയ്തു.

അറസ്റ്റ് രണ്ടാം പോക്സോ കേസിഠൽ

ശിവമൂര്‍ത്തിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ തിങ്കളാഴ്ച രാവിലെ ചിത്രഗുര്‍ഗ രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ശിവമൂര്‍ത്തിയുടെ പേരിലുള്ള രണ്ടാം പോക്‌സോ കേസിലായിരുന്നു ഉത്തരവ്. ശിവമൂര്‍ത്തിയെ പോലീസ് കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കേസന്വേഷിക്കുന്ന ചിത്രദുര്‍ഗ റൂറല്‍ എസ്.ഐ. മുദ്ദുരാജു നല്‍കിയ അപേക്ഷപ്രകാരമായിരുന്നു കോടതിനടപടി. ദാവണഗെരെയിലെ മഠത്തിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

ജയിലില്‍നിന്നിറങ്ങിയശേഷം നാലുദിവസമായി ദാവണഗെരെയിലെ വിരക്തമഠത്തില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും അറസ്റ്റ്.

മഠത്തിലെ രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ കഴിഞ്ഞവര്‍ഷം സെപ്റ്റംബറിലാണ് ശിവമൂര്‍ത്തി അറസ്റ്റിലായത്. പിന്നീട് മഠത്തിലെ മറ്റു രണ്ടു വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയില്‍ പോക്‌സോ ചുമത്തി രണ്ടാമത്തെ കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നു.

ഹൈസ്കൂൾ വിദ്യാർഥികളാണ് പീഡനത്തിന് ഇരയായത്. മഠം നടത്തുന്ന ഹോസ്റ്റലിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുരുക ശരണരുവിനും മറ്റ് നാല് പേർക്കുമെതിരെ പോസ്‌കോ കേസെടുത്തിരുന്നു. മൈസൂരിൽ ലൈംഗികമായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികൾക്കും വനിതകൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഓടനാടി സേവാ സംസ്ഥേ എന്ന എൻജിഒയിൽ അഭയം തേടിയപ്പോഴാണ് രണ്ട് പെൺകുട്ടികൾ പീഡനവിവരം പുറത്ത് പറഞ്ഞത്. തുടർന്ന് മൈസൂരു ജില്ലാ ശിശുക്ഷേമ സമിതിക്ക് (സിഡബ്ല്യുസി) മുമ്പാകെ ഹാജരായി മൊഴി നൽകി. ഹോസ്റ്റൽ വാർഡന്റെയും മറ്റ് മൂന്ന് പേരുടെയും സഹായത്തോടെയും പീഡിപ്പിച്ചെന്നാണ് കുട്ടികൾ മൊഴി നൽകിയത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ തനിക്കെതിരായ വലിയ ഗൂഢാലോചനയാണെന്നും സത്യം ഉടൻ പുറത്തുവരുമെന്നുമായിരുന്നു മഠാധിപതി പ്രതികരിച്ചത്.

ഈ മാസം ആദ്യം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചിത്രദുർഗയിലെ ലിംഗായത്ത് സമുദായത്തിന്റെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മുരുഘാ മഠം സന്ദർശിച്ചത് വിവാദമായിരുന്നു.

സ്കൂളിലേക്ക് തോക്കുമായി, ക്ലാസുകൾ തോറും കയറി ഇറങ്ങി വെടിയുതിർത്തു

എയര്‍ഗണ്ണുമായി സ്കൂളിലെത്തിയ പൂര്‍വവിദ്യാര്‍ഥി വെടിവെപ്പ് നടത്തി ഭീതി പരത്തി. തൃശ്ശൂര്‍ നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന വിവേകോദയം സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും ഇപ്പോഴും ആശങ്കിയാണ്.

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവേകോദയം സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി മുളയം സ്വദേശി ജഗന്‍ സ്‌കൂളിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയത്. സ്റ്റാഫ് റൂമിലേക്കാണ് ആദ്യം കയറിയത്. തുടര്‍ന്ന് അധ്യാപകരെ ഭീഷണിപ്പെടുത്തി. ക്ലാസ്മുറികളില്‍ കയറി രണ്ട് അധ്യാപകരുടെ പേര് ചോദിച്ച് വെടിയുതിര്‍ത്തു.

രണ്ടു വർഷം മുൻപ് പിടിച്ചെടുത്ത തൊപ്പി തിരികെ വേണമെന്ന് ആവശ്യം

ജഗൻ രണ്ടുകൊല്ലം മുന്‍പാണ് പഠനം നിർത്തി പോയത്. രണ്ടുകൊല്ലം മുന്‍പ് തൻ്റെ കൈയില്‍നിന്ന് വാങ്ങി വെച്ച തൊപ്പി വേണമെന്നാണ് ഇയാള്‍ ചൊവ്വാഴ്ച രാവിലെ സ്‌കൂളിലെത്തി ആവശ്യപ്പെട്ടത്. ചില അധ്യാപകരെ പേരെടുത്ത് ചോദിച്ച് ക്ലാസ്മുറികളില്‍ കയറി. ക്ലാസ്മുറികളില്‍ വെച്ചും ഇയാള്‍ വെടിയുതിര്‍ത്തെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. മുളയം സ്വദേശി ജഗന്‍ ഇപ്പോൾ തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാള്‍ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

ആശങ്ക വേണ്ട

ജില്ലാ കളക്ടർ ഈ സ്കൂളിലെത്തി സ്കൂൾ അധികൃതരോട് വിശദവിവരങ്ങൾ തേടി. രക്ഷിതാക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. “ഒരു യുവാവ് സ്കൂളിലെത്തി ക്ലാസ് റൂമിൽ മൂന്ന് തവണ വെടിയുതിർത്തു. മാനസിക നില തെറ്റിയ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഉടനെ ഡോക്ടറുടെ മുന്നിൽ ഹാജരാക്കും. അതിന് ശേഷമാകും കേസുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ തീരുമാനിക്കുക. ഇതൊരു ഒറ്റപ്പെട്ട സംഭവമാണ്,” തൃശ്ശൂർ ജില്ലാ കളക്ടർ പറഞ്ഞു.

അധ്യാപകൻ പറഞ്ഞത്

രാവിലെ പത്തേകാലിന് കമ്പ്യൂട്ടറില്‍ ജോലിചെയ്യുന്നതിനിടെയാണ് പ്രിന്‍സിപ്പല്‍ പത്മജ ടീച്ചര്‍ പേടിച്ചിട്ട് ഓടിവന്നത്. ഒരാള്‍ തോക്കുചൂണ്ടി വരുന്നുണ്ടെന്നാണ് ടീച്ചര്‍ പറഞ്ഞത്. പത്മജ ടീച്ചര്‍ ആ കുട്ടിയെ പഠിപ്പിക്കാത്തതിനാല്‍ അവര്‍ക്ക് ആ കുട്ടിയെ അറിയില്ല. ഞാന്‍ പുറത്തിറങ്ങി നോക്കിയപ്പോളാണ് ഈ പൂര്‍വവിദ്യാര്‍ഥിയാണെന്ന് മനസിലായത്. ഇയാള്‍ മുന്‍പും സ്‌കൂളില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുള്ളതാണ്. അധ്യാപകരെ ഒന്നടങ്കം അസഭ്യം പറഞ്ഞ് ഇറങ്ങിപ്പോയ ആളാണ്. രണ്ടാംവര്‍ഷ പരീക്ഷയും എഴുതിയിരുന്നില്ല. ഇപ്പോള്‍ ഒരു സുപ്രഭാതത്തില്‍ ആ കുട്ടി ഇരച്ചുകയറി വരികയും തൊപ്പി വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഞങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് വകവെയ്ക്കാതെ ക്ലാസ്മുറികളില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും നാലുതവണ വെടിയുതിര്‍ക്കുകയുമായിരുന്നു.

സ്റ്റാഫ്‌റൂമില്‍നിന്ന് പ്ലസ്ടു ക്ലാസുകളിലേക്കാണ് പോയത്. കാണിച്ചുതരാം, ഈ സ്‌കൂള്‍ കത്തിക്കും എന്നായിരുന്നു ഭീഷണി. രാമദാസ് എന്ന അധ്യാപകനെ ചോദിച്ചാണ് അയാള്‍ ക്ലാസുകളിലേക്ക് പോയത്. അദ്ദേഹം ഇന്ന് യുവജനോത്സവവുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലാണ്. ഒരുപക്ഷേ, അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് നേരേ വെടിപൊട്ടിച്ചേനെ. മുന്‍പ്രിന്‍സിപ്പല്‍ വേണുമാഷിനെയും അയാള്‍ അന്വേഷിച്ചിരുന്നു. ഇവരെ കാണാതായതോടെയാകണം അയാള്‍ ക്ലാസ്മുറികളില്‍ കയറിയത്.

പ്രാങ്ക് ആണെന്ന് കുട്ടികൾ

ക്ലാസിന്റെ വാതിലടച്ചിരുന്നു. വാതില്‍ തുറന്ന് ഇയാള്‍ വന്നപ്പോള്‍ എന്താണെന്ന് ചോദിച്ചു. അയാള്‍ ക്ലാസില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് ഒരു അധ്യാപകനെയാണ് ചോദിച്ചത്. സംഭവം കണ്ടപ്പോള്‍ പ്രാങ്ക് ആണെന്നാണ് കുട്ടികളെല്ലാം ആദ്യം വിചാരിച്ചത്. തുടര്‍ന്ന് കുട്ടികള്‍ ചിരിച്ചതിന് പിന്നാലെ അയാള്‍ തോക്ക് എടുത്ത് വെടി പൊട്ടിക്കുകയായിരുന്നു. അതോടെ കുട്ടികള്‍ ഭയന്നു. എല്ലാവര്‍ക്കും ഷോക്കായി. അയാള്‍ ക്ലാസ്മുറിയില്‍നിന്ന് ഇറങ്ങിയ ഉടന്‍ വാതിലടച്ചു. പിന്നാലെ മറ്റുക്ലാസുകളിലും കയറി വെടിയുതിര്‍ത്തു.

ട്വൻ്റി 20 സൂര്യകുമാർ നയിക്കും, സഞ്ജു സാംസൺ പുറത്ത്

0

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്റി-20 പരമ്പര ഇന്ത്യ ടീം സൂര്യകുമാര്‍ യാദവ് നയിക്കും. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.പരമ്പരയിലെ രണ്ടാമത്തെ മത്സരം തിരുവനന്തപുരത്താണ് നടക്കുക.

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഋതുരാജ് ഗെയ്ക്വാദ് (വൈസ്.ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശിവറാം ദുബെ, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, മുകേഷ് കുമാര്‍. എന്നിവരാണ് ടീമിൽ.

സഞ്ജു സാംസണ്‍ ഉള്‍പ്പടെയുള്ള അയര്‍ലന്‍ഡ് പരമ്പരയില്‍ കളിച്ചവരിലെ ഭൂരിപക്ഷം പേരും ടീമിലിടം പിടിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ് പരമ്പരയില്‍ ക്യാപ്റ്റനായിരുന്ന ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കനാണ് തീരുമാനം. ലോകകപ്പിനിടെ പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയെ പരിഗണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പരിക്ക് പൂര്‍ണ്ണമായും ഭേദമായിട്ടില്ലെന്നാണ് സൂചന.

അവസാന രണ്ടു മത്സരത്തിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തും. വൈസ് ക്യാപ്റ്റനായിട്ടാണ് അയ്യര്‍ തിരിച്ചെത്തുക

ജേതാവിന് ഷേക്ക് ഹാൻഡ് നൽകാതെ പ്രധാനമന്ത്രി മടങ്ങി, ട്രോഫിയിൽ കാൽ കയറ്റിവെച്ച് ഓസ്ട്രേലിയൻ ആഘോഷം

0

ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 ൽ ഇന്ത്യയെ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയ തോൽപ്പിച്ചു. ട്രോഫി നൽകിയ ശേഷം ക്യാപ്റ്റൻ്റെ മുഖത്ത് നോക്കുക പോലും ചെയ്യാതെ നീട്ടിയ കൈ നിഷേധിച്ച് മടങ്ങുന്ന രാജ്യത്തിൻ്റെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം വൈറലായി.

ഇന്ത്യ ഉയർത്തിയ 241 റൺസ് എന്ന വിജയലക്ഷ്യത്തെ 43 ഓവറിൽ മറികടന്ന് ഓസ്ട്രേലിയ, ആറാം ലോകകപ്പ് കിരീടം നേടി. ഓപ്പണർ ട്രാവിസ് ഹെഡിന്‍റെ സെഞ്ചുറിയും മാർനസ് ലബുഷാഗ്‌നെയുടെ അർധസെഞ്ചുറിയും ചേര്‍ന്ന് റണ്‍ തേരോട്ടം അവരെ അതിനു പ്രാപ്തരാക്കി.

മന്ദഗതിയിലുള്ള പിച്ചിൽ ടോസ് നേടിയ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന്‍റെ ഫീൽഡിംഗ് തീരുമാനം ഓസ്‌ട്രേലിയയുടെ ഗെയിം ചേഞ്ചർ ആണെന്ന് തെളിയിച്ചു. കമ്മിൻസ് 10 ഓവറിൽ 34 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി.

പാരമ്പര്യ ശൈലികളെ തള്ളി, കള്ളടിച്ച് കാല് കയറ്റി വെച്ച് ആഘോഷം

വിജയത്തിന് ശേഷം, ഡ്രസ്സിംഗ് റൂമിലെ ആഘോഷങ്ങളിൽ നിന്ന് കുറച്ച് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമില്‍ കമ്മിൻസ് പോസ്റ്റ് ചെയ്തു. 30 കാരനായ ഓപ്പണർ മിച്ചൽ മാർഷ് പോസ്റ്റ് ചെയ്ത ഫോട്ടോകളിലൊന്നിൽ, മിച്ചൽ മാർഷ് ഒരു സോഫയിൽ, കൈയിൽ ഒരു പൈന്റ് പിടിച്ച് ഇരിക്കുന്നത് കാണാം. കാല് വച്ചിരിക്കുന്നത് താഴെയുള്ള ലോകകപ്പ് ട്രോഫിയിലാണ്.

“പ്രിയപ്പെട്ട ICC, BCCI, മിച്ച് മാർഷ് ലോകകപ്പ് ട്രോഫി തന്‍റെ കാൽക്കീഴിൽ വച്ചതിൽ ഞങ്ങള്‍ പ്രതിഷേധിക്കുന്നു. ഈ പെരുമാറ്റം ഗെയിമിന്‍റെ സമഗ്രതയെ അനാദരിക്കുന്നതായി തോന്നുന്നു. ദയവായി ഈ വിഷയം അവലോകനം ചെയ്ത് ഉചിതമായി അഭിസംബോധന ചെയ്യുക,” എന്നാണ് ഒരു ഇന്ത്യൻ ആരാധകൻ ഇതിനെതിരെ പ്രതികരിച്ചത്. ലോകത്തിൽ മറ്റ് ഒരു രാജ്യത്തും ഇല്ലാത്ത പ്രതികരണവുമായി വെറെയും കളി ആരാധകർ രംഗത്ത് എത്തി.

രാജ്യത്ത് തൊഴിലാളികൾക്ക് ഏറ്റവും കുറഞ്ഞ കൂലി ഗുജറാത്തിലും മധ്യപ്രദേശിലും, ആശ്രയമാവുന്നത് കേരളം

ഏറ്റവും കുറഞ്ഞ ദിവസ വേതനം ലഭിക്കുന്നത്  മധ്യപ്രദേശിലും ഗുജറാത്തിലുമാണെന്ന് 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തിലെ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ദേശീയ ശരാശരിയേക്കാൾ ഏറ്റവും കുറഞ്ഞ ദിവസ വേതനമാണ് മധ്യപ്രദേശിലെ കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്നതെന്നാണ് ആർ ബി ഐ ഡാറ്റ വ്യക്തമാക്കുന്നത്.  

കണക്കുകൾ പ്രകാരം ദേശീയ ശരാശരിയേക്കാൾ 116.5 രൂപ കുറവാണ് മധ്യപ്രദേശിലും 103.8 രൂപ കുറവാണ് ഗുജറാത്തിലും ഗ്രാമീണ മേഖലയിലെ കർഷകത്തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതേസമയം കേരളത്തിലിത് ദേശീയ ശരാശരിയേക്കാൾ 418.6 രൂപ കൂടുതലാണ് ഗ്രാമീണ മേഖലയിലെ കർഷകത്തൊഴിലാളിക്ക് ലഭിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) സമാഹരിച്ച കണക്കുകൾ പ്രകാരം, മധ്യപ്രദേശിലെ, ഗ്രാമീണ മേഖലയിലെ പുരുഷ കർഷകത്തൊഴിലാളികൾക്ക് ദിവസ വേതനം വെറും 229.2 രൂപയും, മാതൃകാ സംസ്ഥാനമെന്ന് അവകാശപ്പെടുന്ന ഗുജറാത്തിൽ ഇത് വെറും 241.9 രൂപയുമാണ്. ഈ വർഷത്തെ ദേശീയ ശരാശരി 345.7 രൂപയായിരുന്നു.

ഒരു ഗ്രാമീണ കർഷകത്തൊഴിലാളിക്ക് മധ്യപ്രദേശിൽ മാസത്തിൽ 25 ദിവസം ജോലി ലഭിച്ചാൽ, അയാളുടെ പ്രതിമാസ വരുമാനം ഏകദേശം 5,730 രൂപയായിരിക്കും, ഇത് നാലോ അഞ്ചോ പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ വീട്ടുചെലവിന് പര്യാപ്തമാകില്ല.  സംസ്ഥാനങ്ങളിൽ ഒരാൾക്ക് ഏറ്റവും ഉയർന്ന വേതനം-764.3 രൂപ- നൽകുന്ന കേരളത്തിലെ ഒരു ഗ്രാമീണ കർഷക തൊഴിലാളിക്ക് ഒരു മാസത്തിൽ 25 ദിവസത്തെ ജോലിക്ക് ശരാശരി 19,107 രൂപ ലഭിക്കുന്നു. ഗുജറാത്തിലാണെങ്കിൽ, ഒരു കർഷകത്തൊഴിലാളിയുടെ പ്രതിമാസ വേതനം ഏകദേശം 6,047 രൂപയായിരിക്കും.

റേറ്റിങ് സ്ഥാപനമായ ക്രിസിലിന്റെ കണക്കുകൂട്ടൽ പ്രകാരം, ഈ വർഷം സെപ്തംബറില്‍ ഒരു വെജിറ്റേറിയൻ താലിക്ക് 27.9 രൂപയും നോൺ വെജിറ്റേറിയൻ താലിക്ക് 61.4 രൂപയുമാണ് വില. ഇതിനർത്ഥം അഞ്ചംഗ കുടുംബത്തിന് വെജ് താലി ഭക്ഷണത്തിന് 140 രൂപയോ പ്രതിമാസം 8,400 രൂപയോ നൽകേണ്ടിവരും.

2021-22 സാമ്പത്തിക വർഷം ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മോശമായപ്പോൾ, കോവിഡ് മഹാമാരി തൊഴിലുകളിലും വരുമാന നിലവാരത്തിലും ബാധിച്ചപ്പോൾ, ഉയർന്ന പണപ്പെരുപ്പവും പലിശനിരക്കും 2022-23 സാമ്പത്തിക വർഷത്തിൽ ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു.

കുറഞ്ഞ വേതനം ലഭിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ, ഉത്തർപ്രദേശിലെ ഗ്രാമീണ കർഷക തൊഴിലാളികൾക്ക് 2021-22 ൽ ശരാശരി 309.3 രൂപയും ഒഡീഷയ്ക്ക് 285.1 രൂപയും പ്രതിദിന വേതനം. ഏറ്റവും വ്യാവസായികവൽക്കരിക്കപ്പെട്ട സംസ്ഥാനമെന്ന് അഭിമാനിക്കുന്ന മഹാരാഷ്ട്രയിലെ പുരുഷ കർഷക തൊഴിലാളികൾക്ക് പ്രതിദിനം 303.5 രൂപ മാത്രമാണ് ലഭിച്ചത്.

കുറഞ്ഞ വേതനം ലഭിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകത്തൊഴിലാളികളെ കേരളത്തിലെ ഉയർന്ന വേതനം ആകർഷിക്കുന്നു. അതുകൊണ്ട് തന്നെ ആ സംസ്ഥാനങ്ങളിൽ നിന്നുള്ള 25 ലക്ഷത്തോളം തൊഴിലാളികളാണ് കേരളത്തിലിപ്പോൾ ജോലി ചെയ്യുന്നതെന്ന്  കണക്കുകൾ പറയുന്നു.

ജമ്മു കശ്മീരിൽ (ജെ&കെ) കർഷകത്തൊഴിലാളികൾക്ക് ഒരാൾക്ക് ശരാശരി 550.4 രൂപയും ഹിമാചൽ പ്രദേശിന് 473.3 രൂപയും തമിഴ്‌നാട്ടിൽ 470 രൂപയുമാണ് ലഭിക്കുന്നത്.

ആർബിഐ കണക്കുകൾ പ്രകാരം, പുരുഷ കർഷകേതര തൊഴിലാളികളുടെ കാര്യത്തിൽ, ഏറ്റവും കുറഞ്ഞ വേതനം മധ്യപ്രദേശിലാണ്. ശരാശരി വേതനം 246.3 രൂപയും ഗുജറാത്ത് തൊഴിലാളികൾക്ക് 273.1 രൂപയും ത്രിപുരയില്‍ 280.6 രൂപയുമാണ് ലഭിച്ചത് – ഇവയെല്ലാം ദേശീയ ശരാശരിയായ 348 രൂപയേക്കാൾ താഴെയാണ്.  മറുവശത്ത്, കർഷകേതര തൊഴിലാളികളുടെ ദിവസ വേതനത്തിൽ ഒരാൾക്ക് 696.6 രൂപയുമായി കേരളം വീണ്ടും മുന്നിലാണ്. 2023 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ജമ്മുകശ്മീർ 517.9 രൂപയുമായി രണ്ടാം സ്ഥാനത്തും തമിഴ്‌നാട് 481.5 രൂപയും ഹരിയാന 451 രൂപയുമായി  തൊട്ടുപിന്നിലുമുണ്ട്.

ഗ്രാമീണ പുരുഷ നിർമ്മാണ തൊഴിലാളികളുടെ കാര്യത്തിൽ ഗുജറാത്തും മധ്യപ്രദേശും ദേശീയ ശരാശരിയായ 393.3 രൂപയ്ക്ക് താഴെയാണ്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഗുജറാത്ത് ഗ്രാമീണ നിർമാണ തൊഴിലാളികൾക്ക് ശരാശരി 323.2 രൂപയും മധ്യപ്രദേശിൽ  278.7 രൂപയും ത്രിപുരയിൽ 286.1 രൂപയും പ്രതിദിന വേതനം ലഭിച്ചു.

ഗ്രാമീണ നിർമ്മാണ തൊഴിലാളികളുടെ പ്രതിദിന വേതനം കേരളത്തിൽ 852.5 രൂപയും ജമ്മു കശ്മീരിൽ 534.5 രൂപയും തമിഴ്‌നാട്ടിൽ 500.9 രൂപയും ഹിമാചൽ പ്രദേശിൽ 498.3 രൂപയുമാണ്.

റിവ്യു ബോംബിങ്, മാധ്യമ കാമ്പയിൻ തള്ളി മമ്മൂട്ടി, പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്

0

സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ലെന്ന് മമ്മൂട്ടി തുറന്നടിച്ചു. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ് എന്നും നടൻ ഓർമ്മിപ്പിച്ചു. അടുത്തകാലത്ത് റിവ്യൂ ബോംബിങ് എന്നപേരിൽ ചില മുഖ്യധാര മാധ്യമങ്ങൾ ന്യൂസ് കാമ്പയിൻ നടത്തിയരുന്നു. ഈ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. സമാനമായ അഭിപ്രായം നടൻ ഇന്ദ്രൻസും പങ്കു വെച്ചിരുന്നു.

‘സിനിമയെ റിവ്യൂ കൊണ്ടൊന്നും നശിപ്പിക്കാൻ കഴിയില്ല. ഓരോരുത്തരുടെ കാഴ്ചപ്പാടാണ് റിവ്യൂവിലൂടെ വരുന്നത്. റിവ്യൂ നിർത്തിയതുകൊണ്ടൊന്നും സിനിമ രക്ഷപ്പെടില്ല. റിവ്യൂക്കാർ ഒരു വഴിക്ക് പോകും. സിനിമ ഈ വഴിക്ക് പോകും. പ്രേക്ഷകർ തീരുമാനിക്കുന്നത് അവർക്ക് ഇഷ്ടമുള്ള സിനിമയാണ്. ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്. നമുക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യമുണ്ട്. അത് നമ്മുടെ അഭിപ്രായങ്ങൾ തന്നെ ആയിരിക്കണം. വേറൊരാളുടെ അഭിപ്രായം നമ്മൾ പറഞ്ഞാൽ നമ്മുടെ അഭിപ്രായസ്വാതന്ത്ര്യം പോയി. അപ്പോൾ നമ്മുടെ അഭിപ്രായങ്ങൾക്ക് അനുസരിച്ച് തന്നെയാണ് സിനിമ കാണേണ്ടത്. നമുക്ക് തോന്നണം, സിനിമ കാണണോ വേണ്ടയോ എന്ന്’, മമ്മൂട്ടി പറഞ്ഞു.