എം സി ജോസഫൈൻ്റെ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന്

അന്തരിച്ച മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷയും മുതിര്‍ന്ന സി.പി.എം നേതാവുമായ എം.സി ജോസഫൈൻ്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിന് കൈമാറും. മൃതദേഹം വിട്ടുകൊടുക്കണമെന്ന് നേരത്തെ ഒസ്യത്ത് നൽകിയതിൻ്റെ ഭാഗമായാണിത്. പൊതു ദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിന് ശേഷം തിങ്കളാഴ്ച രണ്ട് മണിയോടെയാവും മൃതദേഹം നല്‍കുക.

പാര്‍ട്ടി കോണ്‍ഗ്രസിനിടെ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എ.കെ.ജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്ന ജോസഫൈന്‍ ഞായറാഴ്ച ഒരു മണിയോടെയാണ് മരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ചുള്ള വളണ്ടിയര്‍ പരേഡിന് ശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് വൈകീട്ട് അഞ്ചിന് എറണാകുളത്തേക്ക് പുറപ്പെട്ടു. രാത്രി 11 മണിയോടെ വൈപ്പിനിലെ വസതിയിലേക്കെത്തിക്കും.

വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വൈപ്പിന്‍ മുരുക്കിന്‍പാടം സ്വദേശിയാണ്.

2017 മെയ് മാസത്തിലാണ് എം.സി ജോസഫൈന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയായി നിയമിതയായത്. പരാതിക്കാരിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 2021 ജൂണില്‍ അധ്യക്ഷസ്ഥാനം രാജിവെച്ചു. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായിരുന്നു.

ആലുവ സെന്റ് സേവ്യേഴ്സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പിന്നീട് ചാലക്കുടി സ്പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.

യുവജന സംഘടനയായിരുന്ന കെ.എസ്.വൈ.എഫിന്റെ പ്രവര്‍ത്തകയായിരുന്നു സംഘടന രാഷ്ട്രീയത്തില്‍ സജീവമായത്. 1978ല്‍ കെ.എസ്.വൈ.എഫിന്റെ സംസ്ഥാന സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2003ലാണ് സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 1989ല്‍ ഇടുക്കി ലോക്സഭാ തിരഞ്ഞെടുപ്പിലും 2006ല്‍ മട്ടാഞ്ചേരി നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടു.

ട്രേഡ് യൂണിയന്‍ നേതാവും അങ്കമാലി നഗരസഭാ മുന്‍ കൗണ്‍സലറുമായിരുന്ന പരേതനായ പി.എ മത്തായി ആണ് ഭര്‍ത്താവ്. മകന്‍ മനു. മരുമകള്‍ ജ്യോത്സ്ന.

കോവിഡ് വാക്സിൻ വില 225 രൂപയായി കുറച്ചു

0

സ്വകാര്യ ആശുപത്രികളിലെ കോവിഷീല്‍ഡിന്റെയും കൊവാക്‌സിന്റെയും വില കുത്തനെ കുറച്ച് സ്വകാര്യ കമ്പനികള്‍.

ഇതോടെ രണ്ടു വാക്‌സിന്‍ ഡോസുകളും 225 രൂപാവീതം നിരക്കില്‍ ലഭ്യമാകും. കോവിഷീല്‍ഡിന്റെ വില 600 രൂപയില്‍നിന്നാണ് 225-ല്‍ എത്തിയതെങ്കില്‍ 1,200 രൂപയില്‍നിന്നാണ് കൊവാക്‌സിന്റെ വില 225 ആയി കുറഞ്ഞത്.

കോവിഷീല്‍ഡ് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാര്‍ പൂനാവാല, കൊവാക്‌സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്കിന്റെ സഹസ്ഥാപക സുചിത്ര എല്ല എന്നിവരാണ് ഇക്കാര്യം ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു പിന്നാലെയാണ് നീക്കം.

നാളെ(ഏപ്രില്‍ 10) മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍നിന്ന് കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒന്‍പതു മാസം പൂര്‍ത്തിയായവര്‍ക്കാണ് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഇതിന് സൗകര്യമുണ്ടാവുക.

അറുപതു വയസ്സു കഴിഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കു മാത്രമാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്ന് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക. 18 വയസ്സു പൂര്‍ത്തിയായ മറ്റുള്ളവര്‍ സ്വകാര്യ ആശുപത്രികളില്‍നിന്ന് പണം നല്‍കിവേണം ബൂസ്റ്റര്‍ ഡോസുകള്‍ സ്വീകരിക്കാന്‍.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിൽ പ്രതികരിച്ച് എ ആർ റഹ്മാൻ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സംസ്ഥാനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിന് ഹിന്ദി ഉപയോഗിക്കണമെന്ന വിവാദ പ്രസ്താവനയ്ക്കിടെ, പ്രമുഖ സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍ പങ്കുവച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു.

തമിഴ് ദേശീയ ഗാനമായ തമിഴ് തായ് വാഴ്ത്തില്‍ നിന്നുള്ള, തമിഴ് ദേവതയെന്ന് അര്‍ത്ഥം വരുന്ന തമിഴണങ്ക് എന്ന വാക്കാണ് പോസ്റ്റര്‍ സഹിതം റഹ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. മനോന്മണിയം സുന്ദരന്‍ പിള്ള എഴുതി, എംഎസ് വിശ്വനാഥന്‍ സംഗീത സംവിധാനം ചെയ്തതാണ് ഈ തമിഴ് ദേശീയ ഗാനം.

കവി ഭാരതീദാസന്‍ എഴുതിയ തമിഴ് ഇലക്കിയം എന്ന പുസ്തകത്തിലെ ‘പ്രിയപ്പെട്ട തമിഴാണ് നമ്മുടെ അസ്തിത്വത്തിന്റെ വേര്’ എന്ന വാക്കും റഹ്മാന്‍ പങ്കുവച്ച പോസ്റ്ററില്‍ കാണാം. റഹ്മാന്‍ തന്റെ ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ആയിരങ്ങളാണ് റഹ്മാന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.

പാര്‍ലമെന്ററി ഔദ്യോഗിക ഭാഷാ സമിതി യോഗത്തിലായിരുന്നു അമിത് ഷായുടെ വിവാദ പ്രസ്താവനയുണ്ടായത്. ഔദ്യോഗിക ഭാഷയെ രാജ്യത്തിന്റെ ഐക്യത്തിന്റെ സുപ്രധാന ഭാഗമായി കൊണ്ടുവരേണ്ട സമയമായെന്നും സംസ്ഥാനങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുമ്പോള്‍ ഇന്ത്യയുടെ ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടതെന്നുമാണ് അമിത് ഷാ പറഞ്ഞിരുന്നത്.

പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിച്ചു, പാർട്ടി പറഞ്ഞതിനാൽ പോയില്ല- ശശി തരൂർ

സി.പി.എം. പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കാന്‍ തനിക്ക് വ്യക്തിപരമായി ആഗ്രഹമുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. പ്രവര്‍ത്തകന്‍ എന്ന നിലയില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടെ നിര്‍ദേശം താന്‍ അംഗീകരിക്കുകയായിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത കെ.വി. തോമസിന്റെ നിലപാടിനോട് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

സോണിയാ ഗാന്ധിയോട് അഭിപ്രായം ചോദിച്ചു. അപ്പോള്‍ അവര്‍ പറഞ്ഞു, കെ.പി.സി.സി. അധ്യക്ഷന്‍ എടുത്ത നിലപാട് നമ്മള്‍ അംഗീകരിക്കണമല്ലോ,അതുകൊണ്ട് പോകാതിരിക്കുകയാണ് ഭേദമെന്ന്. ശരി, നിങ്ങളല്ലേ പാര്‍ട്ടി പ്രസിഡന്റ്. പോകണ്ടെന്ന് പറഞ്ഞാല്‍ പോകില്ല എന്നു പറഞ്ഞു. എനിക്ക് വ്യക്തിപരമായി പോകാന്‍ താല്‍പര്യമുണ്ടെങ്കിലും ഞാന്‍ ഒരു പാര്‍ട്ടിയുടെ അംഗമായിട്ട് പാര്‍ട്ടിയുടെ അധ്യക്ഷ പറയുന്നത് ബഹുമാനിക്കുന്നു. അത്രേയുള്ളൂ.

പാര്‍ട്ടിവിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുത്ത കെ.വി. തോമസ്, മുഖ്യമന്ത്രി പിണറായി വിജയനു മേല്‍ മുക്തകണ്ഠം പ്രശംസ ചൊരിഞ്ഞിരുന്നു. സഖാക്കളെ എന്ന അഭിസംബോധനയോടെ ആയിരുന്നു അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയനെന്നും തോമസ് പ്രസംഗത്തില്‍ പറഞ്ഞു.

തൻ്റെ തീരുമാനം കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് കെ വി തോമസ്

അഭിമാനത്തോടെയാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കുന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസ്. കുമ്പളങ്ങിയിലെ പ്രസിദ്ധമായ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് പാർട്ടിയിലേക്ക് വന്നത്. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ എത്തിയതും ചര്‍ച്ചയില്‍ പങ്കെടുക്കുന്നതും ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഇത് കോണ്‍ഗ്രസിനേയും ശക്തിപ്പെടുത്തുമെന്ന് സഹപ്രവര്‍ത്തകരും മനസ്സിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിമാരില്‍ ഒരാളാണ്കേരളത്തിന്റെ അഭിമാനമായ പിണറായി വിജയന്‍ എന്നും കെ വി തോമസ് പറഞ്ഞു. ചര്‍ച്ചയിലേക്ക് ക്ഷണിച്ച സിപിഎം നേതാക്കളോട് നന്ദി പറയുന്നു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരേ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം കെ.വി തോമസ് ഉദ്ധരിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ സംസ്ഥാനത്തിന്റെ വികസനത്തെ എതിര്‍ക്കുന്ന കേന്ദ്ര നിലപാടിനെതിരെ നടക്കുന്ന പരിപാടികളില്‍ നിങ്ങളും പങ്കെടുക്കണമെന്നാണ് കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകരോട് താന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

കെ-റെയിലിനെ പിന്തുണയ്ക്കും. വികസന പദ്ധതികളെ താന്‍ അംഗീകരിക്കും. പദ്ധതി മുന്നോട്ടുവെയ്ക്കുന്നത് പിണറായി ആണോ സ്റ്റാലിനാണോ എന്ന് നോക്കാറില്ല. വികസനത്തില്‍ രാഷ്ട്രീയമില്ല. രാജ്യത്ത് വികസനം വേണം. വികസനം വരുമ്പോള്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും.

ഇല്ലായ്മകളുടെ കാലത്തെ ഓർത്തെടുത്ത് സണ്ണി ലിയോണിൻ്റെ വിവാഹ വാർഷിക ദിന കുറിപ്പ്

0

സണ്ണി ലിയോണിന്റെയും ഡാനിയൽ വെബ്ബറിന്റെയും പതിനൊന്നാം വിവാഹവാർഷികമാണ് ഇന്ന് – ഏപ്രിൽ 9. വിവാഹ വാർഷിക ദിനത്തിൽ സണ്ണി ലിയോൺ പങ്കുവച്ച കുറിപ്പാണ് ചർച്ചയാവുന്നത്. ഇല്ലായ്മയുടെ കാലത്തായിരുന്നു തങ്ങളുടെ വിവാഹമെന്നും തിരിഞ്ഞുനോക്കുമ്പോൾ ഇന്നെത്തി നിൽക്കുന്നയിടത്തെ കുറിച്ചോർത്ത് അഭിമാനം തോന്നുന്നുവെന്നും സണ്ണി കുറിക്കുന്നു. സെലിബ്രിറ്റികൾ ഭൂതകാലം മറച്ചു പിടിക്കുമ്പോൾ അതും തുറന്നിടുകയാണ് അവർ

“ഞങ്ങൾക്ക് പണമില്ലാതിരുന്ന കാലം, 50-ൽ താഴെ മാത്രം അതിഥികൾ, റിസപ്ഷന്റെ പണമടയ്ക്കാൻ വിവാഹസമ്മാനമായി ലഭിച്ച ഗിഫ്റ്റ് കവർ തുറക്കൽ, അലങ്കോലമായ ഫ്ലവർ ഡെക്കറേഷൻ, മദ്യപിച്ച് മോശം പ്രസംഗങ്ങൾ നടത്തിയവർ….. നമ്മൾ ഒരുമിച്ച് എത്രത്തോളം എത്തി എന്നതിന്റെ ഓർമ്മപ്പെടുത്തൽ.. നമ്മൾ പങ്കിട്ട സ്നേഹം കൂടാതെ ഇതൊന്നും സാധ്യമായിരുന്നില്ല. ഞങ്ങളുടെ വിവാഹ കഥ എനിക്ക് ഇഷ്‌ടമാണ്, കാരണം ഇത് ഞങ്ങളുടെ യാത്രയാണ്. ഹാപ്പി ആനിവേഴ്സറി ബേബി!,” സണ്ണി കുറിക്കുന്നു.

മൂന്ന് കുട്ടികളാണ് സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്പതിമാര്‍ക്കുള്ളത്. നിഷയാണ് മൂത്തത്. നിഷയെ സണ്ണിയും വെബ്ബറും ചേര്‍ന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ​ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.

പിന്നാലെ സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നി ഇരട്ടക്കുട്ടികളുടേയും അമ്മയും അച്ഛനുമായി ഇരുവരും. ഇരട്ടക്കുട്ടികളായ നോഹയ്ക്കും ആഷറിനും മൂന്നു വയസ്സ് തികഞ്ഞു.

മക്കള്‍ക്ക് അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്ന സണ്ണിയും വെബ്ബറും തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച് അവളോട് മറച്ച് വെക്കാന്‍ ആഗ്രഹിക്കുന്നവരല്ല.

”ഈ വസ്തുത അവളോട് പറഞ്ഞേ തീരു. ദത്തെടുക്കലിന്റെ പേപ്പറുകള്‍ മുതല്‍ എല്ലാം അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒമ്പത് മാസം വയറ്റില്‍ ചുമന്നതാണ്. ഞാനവളുടെ യഥാര്‍ത്ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മാവുമായാണ് ഞാന്‍ ബന്ധപ്പെട്ടിരിക്കുന്നത്.”

കേരളത്തിലെ നിരത്തുകളിൽ വരുന്നത് 726 ക്യാമറകൾ

കേരളത്തിലെ പ്രധാന പാതകളില്‍ പുതുതായി സ്ഥാപിക്കാനൊരുങ്ങുന്നത് 726 ക്യാമറകൾ. 235 കോടിരൂപയാണ് ചെലവ്. 2013ല്‍ ദേശീയ-സംസ്ഥാന പാതകളില്‍ സ്ഥാപിച്ച 207 സ്പീഡ് ക്യാമറകളില്‍ ഭൂരിപക്ഷവും നിശ്ചലമാണ്. ഇപ്പോൾ പ്രവര്‍ത്തിക്കുന്നത് 97 എണ്ണം മാത്രമാണ്. ഇതിന് പുറമെയാണ് പുതിയവ.

നേരത്തെ ക്യാമറ വെച്ചതും ഇപ്പോള്‍ പുതിയത് സ്ഥാപിക്കുന്നതും കെല്‍ട്രോണാണ്. സ്പീഡ് ക്യാമറകളില്‍ നിന്ന് 2022 വരെ 105 കോടിയാണ് പിഴയായി ലഭിച്ചത്. പുതിയവ മിക്ക നിമയലംഘനങ്ങളും കണ്ടെത്താൻ കഴിയുന്ന തരത്തിലുള്ള ആധുനിക സംവിധാനത്തോടെയുള്ളവയാണ്.

നേരത്തെ അതിവേഗത്തിലുള്ള സഞ്ചാരം മാത്രമാണ് പഴയ ക്യാമറകൾ ഒപ്പിയെടുത്തിരുന്നത്. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കൽ തുടങ്ങിയവയും പുതിയ 726 ക്യാമറകളിലൂടെ അറിയാനാകും. കേടായ ക്യാമറകള്‍ നന്നാക്കുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനായിരിക്കും.

പ്രഭാത ഭക്ഷണം സ്കിപ്പ് ചെയ്യരുത്,

0

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കും. സ്ഥിരമായി രാവിലെ ഭക്ഷണം ഒഴിവാക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി പ്രശ്നങ്ങളാണ്.

പല പഠനങ്ങളിലും പ്രഭാത ഭക്ഷണം ബുദ്ധി വികാസത്തെ സ്വാധീനിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മെച്ചപ്പെട്ട ധാരണാശേഷിയും അക്കാദമിക പ്രകടനവുമെല്ലാം കാഴ്ചവെക്കാൻ പ്രഭാത ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ശരീരത്തിന് ഭാരം കുറയ്ക്കാൻ നമ്മളെല്ലാവരും ഭക്ഷണം ഒഴിവാക്കാറുണ്ട്. എന്നാൽ പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കൂടാൻ കാരണമാകും. എന്താണ് കാരണം എന്നല്ലേ? രാത്രി മുഴുവൻ വിശന്നിരിക്കുന്ന ശരീരത്തിന് രാവിലെ കൂടി ഭക്ഷണം ലഭിക്കാതെയിരിക്കുന്നത് മധുരവും കൊഴുപ്പും അടങ്ങിയ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. മാത്രവുമല്ല കഴിക്കുന്ന ഭക്ഷണമെല്ലാം കൊഴുപ്പായി ശേഖരിക്കാനും സാധ്യതയുണ്ട്. ഇത് ശരീര ഭാരം വർദ്ധിക്കാൻ കാരണമാകും. മാത്രമല്ല ഇത് ലിവറിനെ ബാധിക്കും.

കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, തലവേദന, തലകറക്കം എന്നിവയ്ക്കും ഒപ്പം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിനും കാരണമാകും. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാതെ വരികയും പോഷക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. പ്രഭാത ഭക്ഷണം ലഭിക്കാത്തത് ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കാത്ത അവസ്ഥയുണ്ടാക്കും. അത് ദിവസം മുഴുവൻ കടുത്ത ക്ഷീണം അനുഭവപ്പെടാൻ കാരണമാകും.

അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത് – ആത്മഹത്യ ചെയ്ത ആർ ടി ഒ ഓഫീസ് ജീവനക്കാരിയുടെ കുറിപ്പ്

അഴിമതിക്ക് പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്’, വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ മാനന്തവാടി ആർടിഒ ഓഫിസിലെ സീനിയർ ക്ലർക്ക് പി.എ.സിന്ധുവിന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിലെ വരികളാണിത്. ഓഫീസിലെ മേലുദ്യോഗസ്ഥരിൽ നിന്ന് താൻ നേരിട്ട മാനസിക പീഡനങ്ങളെ കുറിച്ച് എഴുതിയ ഡയറിയും കുറിപ്പുകളും കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെടുത്തത്.

സിന്ധുവിന്റെ മുറിയിൽ നിന്നാണ് ഡയറിയും എട്ട് പേജുള്ള കുറിപ്പുകളും പൊലീസിന് ലഭിച്ചത്. താൻ നേരിട്ട മാനസിക പീഡനവും ഓഫീസിലെ കൈക്കൂലി വാങ്ങുന്ന ജീവനക്കാരെ കുറിച്ചും സിന്ധു തന്റെ ഡയറിയിൽ എഴുതിയിരുന്നു. അഴിമതിക്ക് കൂട്ടുനിൽക്കാത്തവരെ മരണത്തിലേക്ക് തള്ളിവിടുന്ന സാഹചര്യം നിലനിൽക്കുന്നതായി വ്യക്തമാക്കുന്നതാണ് കുറിപ്പുകൾ

മറ്റുള്ളവരുടെ കാപട്യം തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും കൈക്കൂലി വാങ്ങിയില്ലെങ്കിൽ നിങ്ങൾക്കു സ്വസ്ഥത ലഭിക്കില്ലെന്നും സിന്ധു കുറിച്ചിരുന്നു. ജോലി കൃത്യമായി ചെയ്യാനായി ദൈവത്തെ വിളിച്ചു കരഞ്ഞെന്നും ജോലി പോകുമോയെന്നു ഭയപ്പെട്ടിരുന്നുവെന്നും ഭിന്നശേഷിക്കാരിയായ സിന്ധു ഡയറിയിൽ കുറിച്ചു.

“പാറയുടെ മുകളിൽനിന്നു തള്ളിത്താഴെയിട്ടാൽ പെട്ടുപോകും. എന്നെ ആരെയെങ്കിലും തള്ളിയിട്ടാൽ ഞാൻ ഒറ്റപ്പെട്ടുപോകും. ഭക്ഷണം കിട്ടാതെ മരിക്കും. അതിനാൽ എനിക്കു പേടിയാണ്. ഞാൻ ഈ ലോകത്തോടു വിടപറയുന്നു” എന്നായിരുന്നു ഡയറിയിലെ അവസാന വാചകങ്ങൾ എന്നാണ് വിവരം.

തന്റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും വീട്ടുകാർ നിരപരാധികൾ ആണെന്നും സിന്ധു കുറിച്ചിരുന്നു.

ബുധനാഴ്ച രാവിലെയാണ് മാനന്തവാടി സബ് ആര്‍ടിഒ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്ക് എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) വിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി സഹോദരൻ രംഗത്തെത്തുകയായിരുന്നു. അവിവാഹിതയായ സിന്ധു സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ എന്നായിരുന്നു സഹോദരൻ നോബിളിന്റെ ആരോപണം. മേലുദ്യോഗസ്ഥ ഫയലുകൾ പൂഴ്ത്തിവയ്ക്കുകയും താങ്ങാവുന്നതിൽ കൂടുതൽ ജോലി നൽകുകയും ചെയ്തതായി സിന്ധു പറഞ്ഞിരുന്നെന്ന് സഹോദരൻ പറഞ്ഞു.

ജീവനൊടുക്കുന്നതിന് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഓഫീസിൽ സുഖമായി ജോലി ചെയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സിന്ധുവും സഹപ്രവർത്തകരും വയനാട് ആർടിഒ മോഹൻദാസിനെ നേരിൽ കണ്ടിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരിന്നു. എന്നാൽ രേഖാമൂലം പരാതി നൽകിയിട്ടില്ല എന്നായിരുന്നു ആർടിഒയുടെ വിശദീകരണം. അഴിമതിക്കാരെ വെച്ച് പൊറുപ്പിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവന പോലും വിലയില്ലാത്തതായെന്ന പ്രതികരണമാണ് മേലുദ്യോഗസ്ഥരിൽ നിന്നും ഉണ്ടായത്.

നിലവിൽ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ഉദ്യോഗസ്ഥ തലത്തിലെ അഴിമതി ഇത്തരം മരണങ്ങളിലൂടെ മാത്രം പുറത്തുവരുന്ന സാഹചര്യമാണ്. തത്ക്കാലം പ്രസ്താവനകൾ ഉണ്ടാവുകയല്ലാതെ സർക്കാർ തലത്തിലെ നടപടികൾ കാലം കഴിയുമ്പോൾ മരവിപ്പിക്കപ്പെടുകയാണ് പതിവ്. യൂണിയനുകളുടെ സമ്മർദ്ദത്തിൽ പ്രസ്താവനകൾ പിന്നീട് വിസ്മരിക്കപ്പെടും. വാർത്താ പ്രാധാന്യം നഷ്ടപ്പെടുന്നതോടെ പഴയപടി തുടരും.

മുംബെ ആക്രമണക്കേസ് പ്രതി ഹാഫിസ് സെയ്ദിന് പാക്കിസ്ഥാനിൽ 31 വർഷം തടവ്

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സെയ്ദിന് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി 31 വർഷം തടവ് ശിക്ഷ വിധിച്ചു . 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ് സെയ്ദ്.

രണ്ട് കേസുകളിലായാണ് പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ കോടതി ഇയാൾക്ക് ശിക്ഷ വിധിച്ചത്. തടവ്ശിക്ഷയ്ക്ക് പുറമെ ഹാഫിസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. 3,40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. ഹാഫിസ് സെയ്ദ് നിർമ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2008ലെ ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സെയ്ദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയും യു.എസും ഹാഫിസിനെ ആഗോള തീവ്രവാദിയായിയായി പ്രഖ്യാപിച്ചിരുന്നു.