കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, മഴ തുടരും

കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് ​ഗുരുതരമല്ല. ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്. 

തൃശൂർ, തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മീന്‍ പിടിത്തത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഹിന്ദിവാദവുമായി വീണ്ടും കേന്ദ്രം, പരസ്പരം സംസാരിക്കുന്നത് ഹിന്ദിയിൽ വേണമെന്ന് അമിത് ഷാ

0

വിവിധ സംസ്ഥാനങ്ങളില ജനങ്ങൾ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലല്ല ഹിന്ദിയില്‍ സംസാരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകള്‍ക്ക് പകരമായല്ല, മറിച്ച് ഇംഗ്ലീഷിന് പകരമായി തന്നെ ഹിന്ദിയെ ഉപയോഗിക്കണമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിലെ ഔദ്യോഗിക ഭാഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒൻപതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ പ്രാഥമിക പരിജ്ഞാനം നൽകേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനിച്ചിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം വര്‍ധിപ്പിക്കും. രാജ്യത്തിന്റെ ഐക്യത്തിന് സര്‍ക്കാര്‍ ഭാഷ ഹിന്ദിയാക്കേണ്ടത് അത്യാവശ്യമാണ്. മന്ത്രിസഭയുടെ 70 ശതമാനത്തോളം അജണ്ടകള്‍ ഇപ്പോള്‍ തന്നെ ഹിന്ദി ഭാഷയിലാണ് തയാറാക്കുന്നതെന്നും പാര്‍ലമെന്റ് അംഗങ്ങളെ അമിത് ഷാ അറിയിച്ചു.

വധഗൂഢാലോചന കേസിൽ കാവ്യാമാധവന് നൊട്ടീസ്

വധഗൂഢാലോചന കേസിൽ നടി കാവ്യാമാധവന് ക്രൈംബ്രാഞ്ച് നൊട്ടീസ്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നൊട്ടീസ്. കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ നൊട്ടീസ് നല്‍കുമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ അറിയിച്ചിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം. കേസില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് കാണിച്ച് കോടതിയില്‍ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കാവ്യാ മാധവന്‍ സംസ്ഥാനത്തിന് പുറത്താണെന്നാണ് വിവരം.

നടിയെ ആക്രമിച്ച കേസിൽ പ്രതികളുടെ ശബ്‌ദ രേഖ അടങ്ങിയ പെൻഡ്രൈവ് ഹൈക്കോടതിയിൽ സമർപ്പിച്ചു. ദിലീപിന്റെ ശരത്തും സുരാജും തമ്മിലുള്ളതും അഭിഭാഷകനും ദിലീപും തമ്മിലുള്ള സംഭാഷണമാണ് പെൻഡ്രൈവിലുള്ളത്. തുടരന്വേഷണ കാലാവധി നീട്ടണമെന്ന അപേക്ഷയുടെ ഭാഗമായാണ് പ്രോസിക്യൂഷന്റെ നടപടി.

നടൻ ദിലീപും കൂട്ടുകാരും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതിന്റെ ശബ്‌ദ രേഖ വാർത്താ ചാനലായ ട്വന്റി ഫോർ പുറത്തു വിട്ടിരുന്നു. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ ശബ്‌ദ രേഖയാണ് പുറത്തുവന്നത്. അവന്മാർ ഇറങ്ങട്ടെ, വൈരാഗ്യം എന്തെന്ന് കാട്ടിക്കൊടുക്കാമെന്ന് ശബ്‌ദ രേഖയിൽ പറയുന്നു. ചെയ്തതിന്റേതല്ലേ നമ്മൾ അനുഭവിച്ചതെന്നും ശബ്‌ദ രേഖയിൽ സുരാജ് വ്യക്തമാക്കുന്നു.

ക്യാമറകൾ റെഡിയാവുന്നു, വാഹനങ്ങളുടെ വേഗപരിധി അറിഞ്ഞിരിക്കണം

പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത ഇനി ക്യാമറ കണ്ണുകളാൽ നിരീക്ഷിക്കപ്പെടും. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിന് തുടർച്ചയായി കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി പ്രസിദ്ധപ്പെടുത്തി.

എത്രവേഗമാവാം….

നഗരസഭ, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളില്‍ കാറുകള്‍ക്ക് 85 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. ഇരു ചക്രവാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ 60 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാന്‍ സാധിക്കൂ. ഓട്ടോറിക്ഷയ്ക്ക് ദേശീയ പാതകളില്‍ പരമാവധി 50 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ അനുമതിയുള്ളൂ.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും മീഡിയം/ ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്കും മീഡിയം/ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്കും ദേശീയ പാതകളില്‍ പരമാവധി 65 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കിലോ മീറ്ററിന് താഴെ മാത്രം വേഗത പാലിക്കണം.

സ്വകാര്യ ബസ്സുകളുടെ മരണയോട്ടം പതിവായ റൂട്ടുകളിൽ ഇനി പൊലീസ് എന്ത് നടപടി സ്വീകരിക്കും എന്നത് കൌതുകം ഉണർത്തുന്നുണ്ട്. സംസ്ഥാന പതിയിലും ദേശീയ പാതയിലും 65 കിലെ മീറ്റർ ആണ് ഇവർക്ക് അനുവദിച്ച വേഗം.

വിനോദ യാത്രയിൽ കൂട്ടായി കേരളത്തിൽ എവിടെയും ചാറ്റ് ബോട്ടുമായി മായ എത്തും

0

വിനോദ സഞ്ചാരത്തിനിടെ ഇനി ആശയ കുഴപ്പം വേണ്ട. കേരളത്തിൽ എവിടെയായാലും ടൂറിസം വകുപ്പിൻ്റെ മായയെത്തും. സഞ്ചാരികൾക്ക് വിവരങ്ങൾ ലഭ്യമാക്കാൻ കേരള ടൂറിസം വകുപ്പ് ആരംഭിച്ച വാട്സാപ്പ് ചാറ്റ്ബോട്ട് മായ
കൂടുതൽ ജനപ്രിയമാവുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ വാട്സാപ്പിലൂടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ചാറ്റ്ബോട്ട് സംവിധാനമാണ് മായ. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പൂർണ വിവരങ്ങൾ മായയിൽ ലഭ്യമാകും.

കേരള ടൂറിസത്തിൻ്റെ ‘മായ’ വാട്‌സ്ആപ് നമ്പറിലേക്ക് ടെക്സ്റ്റ് മെസേജായോ വോയിസ് മെസേജായോ ആണ് വിവരങ്ങൾ ചോദിക്കേണ്ടത്. ഓട്ടോമാറ്റിക്ക് ആയി തന്നെ വിവരങ്ങൾ ലഭ്യമാകും. കൂടുതൽ വിവരങ്ങൾ ആവശ്യമായി വന്നാൽ നേരിട്ട് സംസാരിക്കാനുള്ള അവസരവും ഇതിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും വിനോദസഞ്ചാരികൾക്ക് ഈ സേവനം ഉപയോഗിക്കാമെന്നതാണ് പ്രധാന പ്രത്യേകത.

ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത വേറിട്ട പദ്ധതിയാണ്. 7510512345 എന്ന നമ്പരിലുള്ള കേരളടൂറിസം ബിസിനസ് അക്കൗണ്ടിലേക്കാണ് സന്ദേശം അയക്കേണ്ടത്. അപ്പോൾത്തന്നെ സഞ്ചാരികളുടെ സഹായത്തിന് ചാറ്റ്ബോട്ട് റെഡിയാവും.

എക്സ്പ്ലോര്‍ കേരള എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുന്നതോടെ ഉത്തരങ്ങള്‍ ഓരോന്നായി പ്രത്യക്ഷപ്പെടും.

ആര്‍ട്ട് ആൻ‍ഡ് കള്‍ച്ചര്‍, എക്കോ ടൂറിസം, ഫെസ്റ്റിവല്‍സ് തുടങ്ങി ഏവരെയും ആകർഷിക്കുന്ന വിവിധ വിഭാഗങ്ങളാണ് ഇതിലുള്ളത്. അതില്‍ തന്നെ ഉത്സവങ്ങള്‍, മ്യൂസിയം, ഹില്‍ സ്റ്റേഷന്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിങ്ങനെ നിരവധി സബ് കാറ്റഗറികളുമുണ്ട്. ഒരോ സ്ഥലങ്ങളുടെയും ചിത്രങ്ങളും, യൂട്യൂബ് വിഡിയോയും എങ്ങനെ എത്തിച്ചേരണമെന്ന വിവരങ്ങളും ചാറ്റ് ബോട്ട് വ്യക്തമായി സഞ്ചാരികൾക്ക് പറഞ്ഞ് തരും. സഞ്ചാരികൾക്ക് ആവശ്യമായ ബ്രോഷറുകളും പോസ്റ്ററുകളും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവും മായ ചെയ്യുന്നുണ്ട്.

ആംനസ്റ്റി ഇൻ്റർനാഷണൽ തലവനെതിരായ നടപടി കോടതി വിലക്കി

0

ആംനസ്റ്റി ഇന്ത്യ മേധാവി ആകര്‍ പട്ടേലിനെതിരായി സി.ബി.ഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് പിന്‍വലിക്കാന്‍ ഡൽഹി കോടതി ഉത്തരവ് നൽകി. ഡല്‍ഹി റോസ് അവന്യു കോടതിയാണ് ഉത്തരവിട്ടത്.

കേസില്‍ തൻ്റെ കീഴുദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച അംഗീകരിച്ചുകൊണ്ട് സി.ബി.ഐ ഡയറക്ടര്‍ രേഖാമൂലം ക്ഷമാപണം നടത്തിയതായി കണ്ടെത്തിയാണ് കോടതി ഉത്തരവ്.

വിദേശ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ തൻ്റെ പേരില്‍ പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസ് ചോദ്യം ചെയ്ത് ആകര്‍ പട്ടേല്‍ കോടതിയെ സമീപിച്ചിരുന്നു. ജോലി ആവശ്യാര്‍ഥവും വിവിധ സര്‍വകലാശാലകളുടെ പരിപാടികളില്‍ പങ്കെടുക്കാനുമായി അമേരിക്കയില്‍ പോകാനുള്ള അനുമതിയും ഹര്‍ജിക്കാരന്‍ തേടിയിരുന്നു.

എന്നാൽ ആകര്‍ പട്ടേലിനെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന്‌ സി.ബി.ഐ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. അതേസമയം പൗരന്‍മാരുടെ അവകാശങ്ങള്‍ സി.ബി.ഐ നിഷേധിക്കുകയാണെന്ന് എതിര്‍ഭാഗം ചൂണ്ടിക്കാട്ടി. അമേരിക്കയിലേക്ക് പോകാനൊരുങ്ങിയ ആകര്‍ പട്ടേലിനെ കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.

ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി 2020 സപ്തംബറിൽ ആംനെസ്റ്റി ഇൻ്റർ നാഷണൽ പ്രഖ്യാപിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണ രംഗത്തെ ലോക സംഘനയായ ആനെസ്റ്റിയെ കേന്ദ്ര സർക്കാർ വേട്ടയാടുന്നു എന്ന് പരാതിപ്പെട്ടായിരുന്നു പ്രഖ്യാപനം. ധനകാര്യ ഏജൻസികൾ നിരന്തരം പരിശോധനകൾ നടത്തിയിരുന്നു. അന്നെത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാശ് കുമാറാണ് സാഹചര്യം വിവരിച്ചത്.

സര്‍ക്കാര്‍ ബോധപൂര്‍വം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ആംനസ്റ്റിയുടെ ഇന്ത്യൻ ശാഖ എന്ത് ചട്ട ലംഘനങ്ങളാണ് നടത്തിയതെന്ന് വ്യക്തമല്ല. തങ്ങൾ എല്ലാ നിയമങ്ങളും പൂർണമായും പാലിക്കുന്നതാണെന്ന് സംഘടനയാണ്. ധനസമാഹരണ മാതൃകയെ കള്ളപ്പണം വെളുപ്പിക്കൽ നടപടിയായി ചിത്രീകരിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണ് എന്നും പറഞ്ഞു.

2020 ലെ വിദേശ സംഭാവന (റെഗുലേഷൻ) ഭേദഗതി ബില്ലോടെയാണ് മനുഷ്യാവകാശ സംഘടനകൾ വരെ ഇത്തരത്തിൽ പരിശോധനകൾക്കും നിരന്തര നടപടികൾക്കും വിധേയമായത്.

കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു, മാസ്ക് തുടരണം

രണ്ടു വർഷം നീണ്ട സഹനങ്ങളിൽ നിന്നും മോചനമാവുന്നു

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് സർക്കാർ ഉത്തരവിറങ്ങി. രണ്ടു വർഷമായി തുടരുന്ന ദുരന്തനിയമപ്രകാരമുള്ള നടപടികളാണ് പിൻവലിച്ചത്. ആൾക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും ഇനി വേണ്ട. കേന്ദ്ര നിർദേശ പ്രകാരമാണ് സംസ്ഥാന സർക്കാർ ഉത്തരവ്.

അതേസമയം, മാസ്ക് ഉപയോഗവും ശുചിത്വവും തുടരാന്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പ്രത്യേകം നിര്‍ദേശിക്കുന്നു.

കേരളത്തില്‍ ഇന്ന് ഏപ്രിൽ ഏഴിന് 291 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 73, തിരുവനന്തപുരം 52, കോട്ടയം 36, കോഴിക്കോട് 30, തൃശൂര്‍ 19, കൊല്ലം 16, ആലപ്പുഴ 15, പത്തനംതിട്ട 13, ഇടുക്കി 9, മലപ്പുറം 9, കണ്ണൂര്‍ 9, വയനാട് 5, കാസര്‍ഗോഡ് 3, പാലക്കാട് 2 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. തുടക്കത്തിൽ ഏറ്റവും അധികം ചർച്ചയിൽ നിറഞ്ഞ് കാസർക്കോട് പാലക്കാട് ജില്ലകളിലാണ് ഇപ്പോൾ കേസുകൾ വളരെ കുറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15,531 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസത്തില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള ഒരു മരണവും സുപ്രിം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 34 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മഹാമാരി കാരണം സംസ്ഥനത്തെ ആകെ മരണം 68,264 ആണ്.

ഇന്ത്യൻ വംശജൻ റിക്കി കേജിന് രണ്ടാമതും ഗ്രാമി

0

ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഇന്ത്യൻ കമ്പോസർ റിക്കി കേജ്. രണ്ടാമതും ഗ്രാമി പുരസ്ക്കാരം ഇദ്ദേഹത്തെ തേടിയെത്തി. മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം സ്വീകരിക്കാൻ റോക്ക് ഇതിഹാസം സ്റ്റീവാർട്ട് കോപ്‌ലാൻഡിനൊപ്പമാണ് റിക്കി എത്തിയത്. ഡിവൈൻ ടൈഡ്‌സാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

‘ ഡിവൈൻ ആൽബത്തിന് ഗ്രാമി പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം. എനിക്ക് സമീപം നിൽക്കുന്ന ഈ ജീവിക്കുന്ന ഇതിഹാസത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളെല്ലാവരോടും എനിക്ക് സ്‌നേഹമാണ്. ഇത് എന്റെ രണ്ടാമത്തെ ഗ്രാമിയും സ്റ്റിവാർട്ടിന്റെ ആറാമത്തേതുമാണ്’- റിക്കി പറഞ്ഞു. സംഗീത രംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ചടങ്ങിൽ ഏ ആർ റഹ്മാൻ മുഖ്യാതിഥി ആയിരുന്നു.

നോർത്ത് കരോലീനയിൽ ജനിച്ച റിക്കിയുടെ അച്ഛൻ പഞ്ചാബിയും അമ്മ മാർവാരിയുമാണ്. എട്ട് വയസായപ്പോൾ തന്നെ റിക്കിയും കുടുംബവും ബംഗളൂരുവിലേക്ക് താമംസ മാറി. ബംഗളൂരുവിലെ ഓക്‌സഫോർഡ് ഡെന്റൽ കോളജിൽ ബിരുദം നേടിയ റിക്കി എന്ന കരിയറായി തെരഞ്ഞെടുത്തത് സംഗീതമായിരുന്നു. ബംഗളൂരുവിലെ റോക്ക് ബാൻഡായ ഏഞ്ചൽ ഡസ്റ്റിൽ കീബോർഡിസ്റ്റായി തുടങ്ങിയ റിക്കിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ബ്രൂണോ മാഴ്സിന്റെ ‘ലീവ് ദ ഡോര്‍ ഓപ്പണ്‍’ എന്ന ഗാനത്തിനാണ് ഇക്കുറി സോങ്ങ് ഓഫ് ദി ഇയര്‍ പുരസ്‌കാരം ലഭിച്ചത്. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു. മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പര്‍ഫോമന്‍സ് വിഭാഗത്തില്‍ ഡോജ കാറ്റിനാണ് പുരസ്‌കാരം

കേൾക്കാം….

ആന്ധ്രാപ്രദേശിന് ഇനി 26 ജില്ലകൾ

ആന്ധ്രാപ്രദേശില്‍ ഇനിമുതൽ 26 ജില്ലകൾ. ജില്ലകൾ നിലവിൽ വന്നതായി മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പ്രഖ്യാപിച്ചു. ഇതുവരെ 13 ജില്ലകൾ ഉണ്ടായിരുന്നതാണ് 26 ആയി വർധിക്കുന്നത്. തെലങ്കാന സംസ്ഥാന രൂപീകരണ സമയത്ത് ഒമ്പത് ജില്ലകൾ ആന്ധ്രപ്രദേശ് വിട്ടുനൽകിയിരുന്നു.

മന്യം, അല്ലൂരി സീതാരാമ രാജു, അനകപള്ളി, കാക്കിനട, കോന സീമ, എലുരു, എന്‍ടിആര്‍ ഡിസ്ട്രികിട്, ബപാട്ല, പല്‍നാട്, നന്ദ്യാല്‍, ശ്രീ സത്യസായി, അണ്ണാമയ്യ, ശ്രീബാലാജി എന്നിവയാണ് പുതിയതായി രൂപീകരിച്ച ജില്ലകള്‍.
ജനുവരി അവസാനവാരമാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്.

വില്ലേജ്, വാര്‍ഡ്, സെക്രട്ടേറിയറ്റുകള്‍, എന്നിവ രൂപീകരിച്ചിട്ടുണ്ട്. ജന സംഖ്യയില്‍ ഒന്നാമത് നെല്ലുരാണെങ്കിലും വിസ്തൃതിയുടെ കാര്യത്തില്‍ പ്രകാശം ജില്ലയാണ് ഒന്നാമതുള്ളത്. 14,322 ചതുരശ്ര കിലോമീറ്ററാണ് ഇതിന്‍റെ വിസ്തൃതി.
ആന്ധ്രാപ്രദേശ് സംസ്ഥാനം നിലവിൽ വന്നത് 1956 നവംബര്‍ 1നാണ്. അന്ന് നിലവിലുണ്ടായിരുന്ന തെലുഗു സംസാരി ഹൈദരാബാദ്, ആന്ധ്ര എന്നീ രണ്ട് പ്രദേശങ്ങളെ കൂട്ടിച്ചേര്‍ത്താണ് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിച്ചത്.

2014ല്‍ ആന്ധ്രാപ്രദേശ് സംസ്ഥാനം വിഭജിച്ചത്. ജൂണ്‍ രണ്ടിനാണ് 23 ജില്ലകള്‍ ഉണ്ടായിരുന്ന സംസ്ഥാനത്തെ തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിങ്ങനെ രണ്ടു സംസ്ഥാനങ്ങളാക്കി മാറ്റിയത്.

പുതിയ ജില്ലകൾ വരുന്നതോടെയുണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാനായി ജില്ലാ പോർട്ടലുകളും കൈപ്പുസ്തകങ്ങളും പുറത്തിറക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്. പുതിയതായി രൂപീകരിച്ച ജില്ലകളിലേക്ക് കളക്ടർമാരെയും പൊലീസ് സൂപ്രണ്ടുമാരെയും സർക്കാർ നിയമിച്ചു.

ആമസോണിൽ പുത്തൻ സംഘടിത ശക്തിയായി തൊഴിലാളി യൂണിയൻ

ഓണ്‍ലൈന്‍ വ്യാപാര ഭീമരായ ആമസോണില്‍ സംഘടിത ശക്തി തെളിയിച്ച് തൊഴിലാളി യൂണിയന് രൂപം നൽകി. അമേരിക്കയിലെ സ്റ്റാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് തൊഴിലാളി യൂണിയന്‍ പിറവി കൊണ്ടത്. യൂണിയൻ രൂപവത്കരണത്തിന് അംഗീകാരം നൽകി തൊഴിലാളികളിൽ ഭൂരിപക്ഷം പേരും വോട്ട് ചെയ്തു. ആമസോൺ ജീവനക്കാര്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്ന ആദ്യത്തെ സംഭവമാണ് സ്റ്റാലന്‍ ഐലന്‍ഡിലേത്.

ജെ.എഫ്.കെ.8 എന്ന പേരിലറിയപ്പെടുന്ന ഫുൾഫിൽമെൻ്റ് സെന്ററിലെ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും തൊഴിലാളി യൂണിയന്‍ രൂപവത്കരിക്കുന്നതിനെ അനുകൂലിച്ചു. റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കനുസരിച്ച് യൂണിയന്‍ രൂപീകരണത്തിന് അനുകൂലമായി 2654 വോട്ടുകള്‍ ലഭിച്ചു. 2131 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തു.

അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായ ആമസോണില്‍ സംഘടിത തൊഴിലാളികള്‍ നേടിയ വിജയം ചരിത്രമായിരിക്കയാണ്. ആമസോണ്‍ ലേബര്‍ യൂണിയന്റെ പ്രസിഡന്റ് ക്രിസ്റ്റ്യന്‍ സ്മോള്‍സ് ഉള്‍പ്പടെയുള്ളവര്‍ യൂണിയന്റെ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് തൊഴിലാളികളെ അഭിവാദ്യം ചെയ്തു. വെയര്‍ഹൗസുകളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷ സംവിധാനങ്ങളില്ല എന്ന് പരാതിപ്പെട്ടതിന് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളി നേതാവാണ് സ്മോള്‍സ്.

വെയര്‍ഹൗസുകളിലെ തൊഴിലാളികളുടെ ജീവിതം ദുരിതം നിറഞ്ഞതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫുള്‍ടൈം അല്ലാത്ത തൊഴിലാളികള്‍ക്ക് പല ആനുകൂല്യങ്ങളും നിഷേധിച്ചു. ഇതിനെ തുടര്‍ന്നാണ് തൊഴിലാളി യൂണിയന് വേണ്ടിയുള്ള ആവശ്യങ്ങളുയര്‍ന്നത്.

ലേബർ യൂണിയൻ്റെ വെബ് പേജിലും നിറയെ ആവേശമാണ്.