മണ്ണെണ്ണ വില 22 രൂപ കൂട്ടി, ചരിത്രത്തിലെ ഏറ്റവും വലിയ വർധന

മണ്ണെണ്ണ വിലയിൽ ചരിത്രത്തിലെ ഏറ്റവും വലയി വില വർധനവ് വരുത്തി കേന്ദ്ര സർക്കാർ. ലിറ്ററിന് ഈ മാസം 22 രൂപ വർധിക്കും. ഇതോടെ ലിറ്ററിന് 59 രൂപയായിരുന്നത് 81 രൂപയായി വർധിക്കും. മൊത്ത വ്യാപാര വില 77 രൂപയായി ഉയര്‍ന്നു.

കേരളത്തെ പാഠം പഠിപ്പിക്കാൻ

വിലവർധനവിന് പുറമെ കേരളത്തിന് ഇരുട്ടടിയും കേന്ദ്രം വക കിട്ടി. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടികുറച്ചു. മത്സ്യ ബന്ധന മേഖല ഉൾപ്പെടെ മണ്ണെണ്ണയെ ആശ്രയിക്കുന്നവർക്ക് ഇത് കടുത്ത വെല്ലുവിളിയാവും. കൊറോണ കാലത്തിൻ്റെ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള പ്രതീക്ഷകൾക്കിടയിലാണ് കേന്ദ്രത്തിൻ്റെ നടപടി.

എണ്ണകമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയിരിക്കുന്ന വിലയിലാണ് വര്‍ധനവ്. മറ്റ് നികുതികള്‍ ഉള്‍പ്പെടാതെ ലിറ്ററിന് 70 രൂപയില്‍ അധികമാണ്. ഇത് റേഷന്‍ കടകളില്‍ എത്തുമ്പോള്‍ 81 രൂപയാകും.

ഒരു വര്‍ഷം മുന്‍പ് വില 28 രൂപയായിരുന്നു. വില വര്‍ധനവ് ഗണ്യമായി കൂടുമ്പോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

2025ഓടെ മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നാണ് വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും സൂചിപ്പിക്കുന്നതെന്ന് മണ്ണെണ്ണ വ്യാപാരികള്‍ പറയുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കാതെയാണ് നേരെ എതിരായി വില വര്‍ധനവും ഒപ്പം വിഹിതം വെട്ടിക്കുറച്ചതും.

വിദേശ ബിരുദം നേടിയെത്തുന്ന ഡോക്ടർമാർ എവിടെയാണ് അപ്രത്യക്ഷരാവുന്നത്

0

പ്രതിവർഷം വിദേശ മെഡിക്കൽ ഡിഗ്രിയുമായി ഇന്ത്യയിൽ എത്തുന്നത് 20,000 യുവ ഡോക്ടർമാരാണ്. ഇവരിൽ കാൽ ഭാഗം മാത്രമാണ് തുടർന്ന് രാജ്യത്ത് പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതാ പരീക്ഷ ജയിക്കുന്നത്. ബാക്കിയുള്ളവർ എവിടെക്കാണ് പോകുന്നത്. അവരടെ തൊഴിൽപരവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ എന്താണ് അവഗണിക്കപ്പെടുന്നത്. ആരോഗ്യ രംഗത്ത് ഇതുണ്ടാക്കുന്ന പരിക്കുകൾക്ക് സർക്കാർ തലത്തിൽ എന്ത് പരിഹാരമാണ് ഉള്ളത്. ഇപ്പോഴും അവ്യക്തതയും കച്ചവട സാധ്യകൾ മാത്രം കണ്ടുള്ള കരുക്കളുമാണ് ഈ രംഗത്ത് തുടരുന്നത്.

ആതുര സേവന രംഗത്ത് നമുക്ക് ആവശ്യത്തിന് ഡോക്ടർമാർ ഇപ്പോഴും ലഭ്യമല്ല. സെന്റർ ഫോർ ഡിസീസ് ഡൈനാമിക്‌സ് എക്കോണമിക്‌സ് ആന്റ് പോളിസിയുടെ (സിഡിഡിഇപി) യുടെ കണക്കു പ്രകാരം ഇന്ത്യയിൽ 6 ലക്ഷം ഡോക്ടർമാരുടെ കുറവുണ്ട്. 1000 രോഗിക്ക് ഒരു ഡോക്ടർ എന്ന നിലയിലാണ് ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന രോഗി-ഡോക്ടർ അനുപാതം. ഇന്ത്യയിൽ അത് 1 : 10,189 ആണ്.

ഡോക്ടർമാർക്ക് ഇപ്പോഴും ക്ഷാമം

ഇന്ത്യയിൽ 90,000 മെഡിക്കൽ സീറ്റുകളാണ് ഉള്ളത്. ഇന്ത്യയിൽ മെഡിക്കൽ ബിരുദം പൂർത്തിയാക്കുന്നവരാണ് നിലവിൽ ഇവിടെ പ്രാക്ടീസ് ചെയ്യുന്നവരിൽ ഭൂരിഭാഗവും. അങ്ങിനെ വരുമ്പോൾ എല്ലാ വർഷവും വിദേശരാജ്യങ്ങളിൽ നിന്ന് എംബിബിഎസ് ബിരുദം നേടി വരുന്ന 20,000 ഡോക്ടർമാർ എവിടെ എന്ന ചോദ്യംവരുന്നു. ഇതിലാണ് കൊഴിഞ്ഞ് പോക്ക് വ്യക്തമാവുന്നത്.

വിദേശരാജ്യങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന പതിനായിരക്കണക്കിന് യുവ ഡോക്ടർമാർക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനോ ഉപരിപഠനം നടത്തുവാനോ സാധിക്കുന്നില്ല. ഇതിന് പല കാരണങ്ങളുണ്ട്. പ്രധാനമായും വിദേശ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് ഡിഗ്രി കരസ്ഥമാക്കുന്നവർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യണമെങ്കിൽ ഫോറിൻ മെഡിക്കൽ ഗ്രാജുവേഷൻ (എഫ്എംജി) പരീക്ഷ പാസാകണം. പരീക്ഷ അഭിമുഖീകരിക്കുന്നവരിൽ 20 മുതൽ 25% പേർ മാത്രമേ യോഗ്യത നേടുന്നുള്ളൂ.

‘വിദേശത്ത് നിന്ന് മെഡിസിനിൽ ബിരുദം നേടുന്നവർ തുടർച്ചയായി എഫ്എംജി പരീക്ഷ തോൽക്കുന്നു എന്നർത്ഥം. നിയന്ത്രണ ബോർഡുകൾ പതിനായിരക്കണക്കിന് വിദ്യാർത്ഥികളെ എംബിബിഎസ് ബിരുദത്തിനായി കടൽ കടക്കാൻ അനുവദിക്കുന്നുണ്ട്. എന്നാൽ കോഴ്സുളുടെ നിലവാരം വിലയിരുത്തുന്നില്ല. സ്വയം തെളിയിക്കാൻ വിദ്യാർഥികളെ വിധിക്ക് വിട്ടുകൊടുക്കുന്ന നിലപാടാണ്. എന്തുകൊണ്ട് ഈ പ്രശ്‌നത്തിൽ ഇതുവരെ നാഷ്ണൽ മെഡിക്കൽ കമ്മീഷനോ (NMC), മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയോ യാതൊരു വിധത്തിലുള്ള നടപടിയും കൈക്കൊള്ളാത്തത് എന്ന സംശയവും നിലനിൽക്കുന്നു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വിദേശത്ത് നിന്ന് എംബിബിഎസ് ബിരുദം എടുക്കാൻ ആഗ്രഹിക്കുന്നവർക്കായി അംഗീകൃത സർവകലാശാലകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ 2020 ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് പകരം സ്ഥാപിതമായ എൻഎംസി ഈ ഉത്തരവാദിത്തത്തിൽ നിന്നും മാറി. മാത്രമല്ല, എൻഎംസി വിദേശ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളുടെ ലിസ്റ്റിനെ പിന്തുണയ്ക്കുന്നില്ലെന്നു നിലപാടെടുത്തു. വിദ്യാർത്ഥികൾ സ്വയം സർവകലാശാലകളെ കുറിച്ച് അന്വേഷിക്കണമെന്നാണ് ഇപ്പോഴത്തെ അവസ്ഥ. എന്നാൽ വിദേശ രാജ്യത്തെ ഒരു സർവകലാശാലയെ കുറിച്ച് ഇന്ത്യയിലെ ഒരു സാധാരണ വിദ്യാർത്ഥിക്ക് എത്രമാത്രം അന്വേഷിക്കാൻ സാധിക്കും എന്നതിന് ഉത്തരമില്ല. ചുരുക്കത്തിൽ ഇത് കോടികൾ മറയുന്ന കച്ചവടമാണ്.

നീറ്റ് പരീക്ഷ എന്തിനു വേണ്ടിയെന്ന ലക്ഷ്യം മറക്കുന്നു

ഓരോ വർഷവും നീറ്റ് പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടാകുന്നത്. 2020 ലെ നീറ്റ് പരീക്ഷയിൽ പങ്കെടുത്ത 13.66 ലക്ഷം പേരിൽ 7.71 ലക്ഷം പേർ മാത്രമാണ് ക്വാളിഫൈ ചെയ്തതെങ്കിൽ 2021 ൽ 15.44 ലക്ഷം പേരിൽ 8.70 ലക്ഷം വിദ്യാർത്ഥികൾ മാത്രമാണ് നീറ്റ് കടമ്പ ചാടിക്കടന്നത്.

ഇങ്ങനെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ നീറ്റ് പരീക്ഷ പാസാകുമ്പോഴും രാജ്യത്ത് എംബിബിഎസിനായി ആകെയുള്ളത് 90,000 സീറ്റുകൾ മാത്രമാണ്. ബാക്കിയുള്ളവരിൽ അധികം പേരും വിദേശ നാടുകളെ എംബിബിഎസ് പഠനത്തിനായി ആശ്രയിക്കുന്നു. പക്ഷേ ഇവർക്ക് ഇന്ത്യയിലെത്തി പ്രാക്ടീസ് ചെയ്യുക എളുപ്പമല്ല.

എഫ് എം ജി പരീക്ഷ എന്താണ് പരീക്ഷിക്കുന്നത്

എഫ്എംജിഇ പരീക്ഷ പരീക്ഷ പസായി എത്തുന്നവരുടെ നിലവാരം എങ്ങിനെയാണ് അളക്കുന്നത്. 50% മാർക്ക് വാങ്ങിയാൽ മാത്രമേ പരീക്ഷ പാസാകുവാനുള്ള ഗ്രേഡ് ലഭിക്കുകയുള്ളു. ഓരോ വർഷവും രണ്ടുതവണ പരീക്ഷ നടത്താറുണ്ട്. എത്ര തവണ വേണമെങ്കിലും ഉദ്യോഗാർത്ഥിക്ക് പരീക്ഷയിൽ പങ്കെടുക്കാം.

എന്നാൽ ശതമാനക്കണക്കിലുള്ള ഈ വിജയമാനദണ്ഡം യുക്തിയല്ലെന്ന് കാണിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് 2020 ൽ അസോസിയേഷൻ ഓഫ് എംഡി ഫിസിഷ്യൻസ് കത്തെഴുതിയിരുന്നു. രാജ്യത്തെ മറ്റ് മുൻനിര പരീക്ഷകളായ നീറ്റ്-യുജി, നീറ്റ്-പിജി, ഐഐടി-ജെഇഇ, ക്ലാറ്റ്, കാറ്റ് എന്നീ പരീക്ഷകളെല്ലാം പെർസന്റൈൽ കണക്കിലാകുമ്പോൾ എന്തുകൊണ്ടാണ് എഫ്എംജി പരീക്ഷ മാത്രം പർസന്റേജ് കണക്കിലെന്ന് സംശയം ഉന്നയിക്കപ്പെട്ടു. പെർസന്റൈൽ കണക്കിലാണ് പരീക്ഷ നടത്തുന്നതെങ്കിൽ 35% സ്‌കോർ കരസ്ഥമാക്കുന്നവർക്കും പരീക്ഷയിൽ വിജയിക്കാം.

പരീക്ഷ നടത്തുന്ന നാഷ്ണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ എഫ്എംജി പരീക്ഷയുടെ ആൻസർ കീ പുറത്ത് വിടുകയോ, റീവാല്വേഷന് അവസരം നൽകുകയോ ചെയ്യുന്നില്ല. ഇത് എന്തിനെന്നും ചോദ്യമുയരുന്നു.

ഓരോ തവണയും എഫ്എംജി പരീക്ഷയ്ക്കായി ഉദ്യോഗാർത്ഥികൾ 7,200 രൂപ ഫീസ് ഇനത്തിൽ നൽകണം. മറ്റ് പരീക്ഷകൾക്കുള്ള ഫീസ് തുക 2000 രൂപ മുതൽ 4000 രൂപ വരെ മാത്രമാണെന്നിരിക്കെയാണ് ഈ വ്യത്യാസം.

തീർന്നില്ല, എഫ്എംജി പരീക്ഷ പാസാകുന്ന യുവഡോക്ടർ ഇന്ത്യയിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനായി സർക്കാരിന് 1.2 ലക്ഷം രൂപ നൽകണം. ഇന്ത്യയിലെ തന്നെ പ്രൈവറഅറ് മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കിയ ഡോക്ടറാണെങ്കിൽ 6000 രൂപ മാത്രം സർക്കാരിന് നൽകിയാൽ മതി ! പരീക്ഷ ജയിച്ചാലും, തോറ്റാലും ചിലവ് നൽകണം.

സർക്കാർ തന്നെ വിദ്യാർത്ഥികളെ വിദേശത്ത് പോയ് എംബിബിഎസ് പഠിക്കാനായി അനുവദിക്കുമ്പോൾ എന്തിനാണ് പഠനം പൂർത്തിയാക്കി മടങ്ങി വരുമ്പോൾ അവരോട് ഇത്ര വിവേചനം കാണിക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം. ഇതല്ലെങ്കിൽ സർക്കാർ സർട്ടഫൈഡ് യൂണിവേഴ്സിറ്റികൾ ലിസ്റ്റ് ചെയ്യണം. അധ്യായന നിലവാരം വിലയിരുത്തി റാങ്കിങ് നൽകാൻ സംവിധാനം വേണം.

എഫ്എംജി പരീക്ഷ പാസാകാത്ത എംബിബിഎസ് ബിരുദധാരികൾക്ക് എന്ത് സംഭവിക്കുന്നു എന്നത് കൂടി ആരോഗ്യ രംഗത്തെ ആശങ്കയാണ്. പരീക്ഷ പാസാകാത്ത കുറഞ്ഞത് 30,000 ഡോക്ടർമാരെങ്കിലും പല സ്വകാര്യ ആശുപത്രികളിലും‘ക്ലിനിക്കൽ അസിസ്റ്റന്റ്’ ആയും റൂറൽ ആശുപത്രികളിൽ ‘ഒളിച്ച്’ പ്രാക്ടീസ് ചെയ്തു ആരോഗ്യ രംഗത്ത് ഉണ്ടെന്ന് റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇത് കേരളത്തിലെ ആരോഗ്യ രംഗത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പ്രശ്നമാണ്. ഉത്തരേന്ത്യയിലെയും മറ്റും ഉൾനാടൻ പ്രദേശങ്ങളിൽ ഇവർ എന്തു ചെയ്യുന്നു എന്നതും ഗൌരവതരമാണ്.

ഈ സാഹചര്യത്തിൽ മെഡിക്കൽ രംഗത്തെ ഗുണനിലവാര പ്രശ്നങ്ങൾ അഭിമുഖീരിക്കാൻ സർക്കാരുകൾ തയാറാവേണ്ടതുണ്ട്. വെറും യോഗ്യതാ പരീക്ഷ ജയിക്കലിൻ്റെയും തോൽക്കലിൻ്റെയും പ്രശ്നമല്ല ഇതിലുള്ളത്. കോടികളുടെ ബിസിനസ് താത്പര്യങ്ങളുള്ള മേഖലയുമാണ്.

കേരളത്തിലെ ബസ് ചാർജ്ജ് തമിഴ് നാട്ടിലേതിനെക്കാൾ ഇരട്ടി

കേരളത്തിൽ ബസ് വ്യവസായം തകരുന്നതായുള്ള മുറവിളിക്ക് പിന്നാലെ നിരക്ക് വർധന നടപ്പാക്കിയെടുത്തപ്പോൾ തമിഴ് നാട്ടിലെ ബസ് നിരക്ക് ചർച്ചയാവുന്നു. വിദ്യാർഥികളുടെ നിരക്ക് വർധന ആവശ്യപ്പെടുന്നത് ന്യായമാണെന്ന് ഗതാഗത വകുപ്പ് മന്ത്രിവരെ അവകാശപ്പെടുമ്പോഴാണ് താരതമ്യം.

തമിഴ് നാട്ടിൽ അഞ്ച് രൂപയാണ് ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക്. സ്ത്രീകള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ബസില്‍ യാത്ര സൗജന്യവുമാണ്. ലിമിറ്റഡ് സ്റ്റോപ്പിന് 6 രൂപ, എക്‌സ്പ്രസിന് 7 രൂപ, ഡീലക്‌സിന് 11 രൂപ എന്നിങ്ങനെയാണ് നിലവില്‍ തമിഴ്‌നാട്ടിലെ ബസ് ചാര്‍ജ്. 2018 ലാണ് ഒടുവിലായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്.

രണ്ട് കോടി ജനം ബസുകളെ ആശ്രയിക്കുന്ന തമിഴ്‌നാട്ടില്‍ കുറഞ്ഞ നിരക്ക് പ്രകാരം ദൈനംദിന നഷ്ടം 20 കോടിയാണെന്നാണ് കണക്കുകള്‍ പറയുന്നത്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ മാസം 1200 കോടി രൂപ സബ്‌സിഡിയായി നല്‍കുന്നു

നികുതി, ന്യായവില, വാഹന നികുതി വർധന നാളെ നിലവിൽ വരും

0

പുതിയ സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നികുതികൾ നിലവിൽ വരം. അടിസ്ഥാന ഭൂനികുതിയിൽ ഇരട്ടിയിലേറെ വർധനവാണ് ഉണ്ടായിരിക്കുന്നത് .എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി(land tax) നിരക്കുകള്‍ കൃത്യതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ധിപ്പിച്ചു. ഏകദേശം 80 കോടി രൂപയുടെ അധികവരുമാനം ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ. ഭൂമിയുടെ ന്യായവിലയില്‍ 10 ശതമാനം വര്‍ധന നടപ്പാക്കും. 200കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. 

ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും 40.47 ആറിന് മുകളില്‍ പുതിയ സ്ലാബ് ഏര്‍പ്പെടുത്തി അടിസ്ഥാന ഭൂനികുതി ഏർപ്പെടുത്തും. എല്ലാ സ്ലാബുകളിലെയും അടിസ്ഥാന ഭൂനികുതി നിരക്കുകള്‍ കൃതതയും സൂക്ഷ്മതയും ഉറപ്പുവരുത്തി വര്‍ദ്ധിപ്പിക്കും. ഇത് ഏകദേശം 80 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 339 കോടി രൂപ ചിലവില്‍ ഡിജിറ്റല്‍ ഭൂസര്‍വ്വേ പദ്ധതി ഉള്‍പ്പടെ അത്യാധുനിക സാങ്കേതിക മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പദ്ധതികളും ഒന്നാംഘട്ടമായി സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണ്. 

ഭൂമിയുടെ ന്യായവില പല പ്രദേശങ്ങളിലും നിലവിലുള്ള വിപണിമൂല്യവുമായി പൊരുത്തപ്പെടുന്നില്ല.  ദേശീയപാത വികസനം, മെട്രോ റെയില്‍ പദ്ധതി, കോര്‍ റോഡ് ശൃംഖല വിപുലീകരണം തുടങ്ങിയ ബഹുത്തായ അടിസ്ഥാന സൗകര്യ പദ്ധതികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന്‍റെ ഫലമായി സമീപപ്രദേശങ്ങളില്‍ വിപണിമൂല്യം പലമടങ്ങ് വര്‍ധിച്ചു. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയില്‍ 10% ഒറ്റത്തവണ വര്‍ധന നടപ്പിലാക്കും. 200 കോടിയിലേറെ രൂപയുടെ അധിക വരുമാനം ഇതുവഴി സമാഹരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

വാഹന, ഭൂമി രജിസ്ട്രേഷൻ നിരക്കും കൂടും. സംസ്ഥാനത്ത് ഭൂമിയുടെ ന്യായ വിലനാളെ മുതൽ ഉയരും. ന്യായവിലയിൽ പത്തു ശതമാനം വർധന വരുത്തിയുള്ള വിജ്ഞാപനം ഇന്ന് ഇറങ്ങും. ഇതോടെ ഭൂമി രജിസ്ട്രേഷൻ ചെലവും ഉയരും.

കൂട്ടിയ വെള്ളക്കരം നാളെ മുതൽ പ്രാബല്യത്തിൽ വരും. അഞ്ചു ശതമാനമാണ് വർധന.‌ സംസ്ഥാനത്ത് പുതിയ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ
ഹരിത നികുതിയും നാളെ മുതൽ നിലവിൽ വരും.വാഹന രെജിസ്ട്രേഷൻ , ഫിറ്റ്നസ് നിരക്കുകളും കൂടും.

രാജ്യത്ത് ഡിജിറ്റൽ ആസ്തികൾക്ക് നാളെ മുതൽ മുപ്പതു ശതമാനം നികുതി ഉണ്ട്. ക്രിപ്റ്റോ കറൻസി അടക്കം എല്ലാ വെർച്വൽ ഡിജിറ്റൽ ഇടപാടുകൾക്കും ഇത് ബാധകമാണ്.

ദിലീപിനൊപ്പം രഞ്ജിത്ത് ഫിയോക് വേദിയിൽ, വിവാദം പുകയുന്നു

0

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ഈ കൂട്ടായ്മയിലെ ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യാൻ തീരുമാനിച്ചിരുന്നു.

രഞ്ജിത്തിനെ വേദിയിലിരുത്തി പുകഴ്ത്തിയ ദിലീപ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ രഞ്ജിത്ത് യോഗ്യനാണെന്ന് പറഞ്ഞു. ഫിയോകിന്റെ ആജീവനാന്ത ചെയര്‍മാനാണ് ദിലീപ്. ആന്റണി പെരുമ്പാവൂരാണ് വൈസ് ചെയര്‍മാന്‍. ആന്റണി പെരുമ്പാവൂര്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല. ഈ പദവികളാണ് ചർച്ച ചെയ്യേണ്ടിയിരുന്നത്

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ചലച്ചിത്രമേള ഉദ്ഘാടന വേദിയില്‍ ഭാവന അതിഥിയായി എത്തിയപ്പോള്‍ രഞ്ജിത്താണ് സ്വീകരിച്ചത്. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് വിശേഷിപ്പിച്ച് കൊണ്ടായിരുന്നു രഞ്ജിത് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്. എന്നാൽ ഇതിന് തുടർച്ചയായി നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലിലായിരുന്നപ്പോള്‍ രഞ്ജിത്ത് കാണാന്‍ പോയ സംഭവത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ഭരണഘടന ഭേദഗതിയിൽ ഉൾപ്പെടെ തീരുമാനം എടുക്കാനാണ് സംസ്ഥാനത്തെ തിയറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ (FEOUK) ജനറൽ ബോഡി ഇന്ന് കൊച്ചിയിൽ ചേർന്നത്. നിലവില്‍ ഫിയോക്കിന്റെ ആജീവനാന്ത ചെയര്‍മാനായ ദിലീപിനെയും(DILEEP) വൈസ് ചെയര്‍മാനായ ആന്റണി പെരുമ്പാവൂരിനെയും (ANTONY PERUMBAVOOR)സ്ഥാനങ്ങളിൽ ‍നിന്ന് നീക്കാനുള്ള ഭരണഘടന ഭേദഗതിക്കാണ് ഫിയോക് ഒരുങ്ങുന്നത്. ഈ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്ന ചട്ടം നീക്കം ചെയ്യേണ്ടിവരും എന്ന കടമ്പ കടക്കാനുണ്ട്.

ദിലീപിൻ്റെ വീട്ടിൽ ചായ കുടിക്കാനല്ല പോയത്

ദിലീപിന്‍റെ വീട്ടില്‍ ചായകുടിക്കാനല്ല പോയതെന്ന് സംവിധായകന്‍ രഞ്ജിത്ത്. ഫിയോക്കിന്‍റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്. യോഗത്തിൽ പങ്കെടുത്തതാണ്. ദിലീപ് കയറിയ വിമാനത്തിൽ കയറിക്കൂടെന്നില്ല. അതിൽ നിന്നും ചാടാനാവില്ല. പ്രവർത്തന സ്വാതന്ത്ര്യം സർക്കാരിൽ നിന്നും വാങ്ങിയിട്ടുണ്ട്. എന്നും രഞ്ജിത്ത് പ്രതികരിച്ചു.

എന്താണ് സംഘടനയിൽ ഇനി

മറ്റ് സംഘടനകളിൽ അംഗങ്ങളായവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ചട്ടം ഏർപ്പെടുത്താനും നീക്കമുണ്ട്. ഇതും ദിലീപിനെയും ആന്റണി പെരുമ്പാവൂരിനും തിരിച്ചടിയാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 31 ന് ചേരുന്ന ഫിയോക് വാർഷിക ജനറൽ ബോഡി യോഗത്തിൽ എടുക്കും. 2017 ൽ സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.

സംസ്ഥാനത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ അടുത്തിടെ ഉണ്ടായ ഭിന്നത വ്യക്തമാക്കുന്നതാണ് നിലവിലെ നീക്കങ്ങൾ. 2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് രൂപികരിക്കുന്നത്. അന്ന് സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്. 

ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.

മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. 

ലോകകപ്പിനുള്ള ഫുട്ബോൾ പുറത്തിറക്കി

0

ഖത്തറിൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിൽ ഉപയോഗിക്കുന്ന പന്ത് പുറത്തിറക്കി അഡിഡാസ്. അറബി ഭാഷയിൽ യാത്ര എന്നർത്ഥം വരുന്ന ‘അൽ രിഹ്‌ല’ എന്നാണ് പന്തിൻ്റെ പേര്. കഴിഞ്ഞ 14 തവണയായി ലോകകപ്പിനുള്ള പന്ത് തയ്യാറാക്കുന്നത് അഡിഡാസാണ്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് ഫുട്ബോൾ മത്സരം.

കൃത്യതയാണ് പന്തിൻ്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് അഡിഡാസ് അവകാശപ്പെടുന്നു. വായുവിലൂടെയുള്ള പന്തിൻ്റെ സഞ്ചാരവും കൃത്യതയുള്ളതാവും എന്നും അഡിഡാസ് പറയുന്നു. പരിസ്ഥിതി സൗഹൃദ പന്താണ് ‘അൽ രിഹ്‌ല’. പന്തിൽ ഉപയോഗിച്ചിരിക്കുന്ന പശയും മഷിയുമൊക്കെ ഇത്തരത്തിലുള്ളതാണ്.

ലോകകപ്പിലെ ഗ്രൂപ്പ് നറുക്കെടുപ്പ് ഏപ്രിൽ ഒന്നിന് നടക്കും. ഖത്തറിലെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ 2000 പ്രത്യേക അതിഥികളെ സാക്ഷിയാക്കിയാവും നറുക്കെടുപ്പ് നടക്കുക. യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിൻ്റെ പശ്ചാത്തലത്തിൽ റഷ്യയെ ലോകകപ്പിൽ നിന്ന് വിലക്കിയിരിക്കുകയാണ്.

പ്രമുഖ എഡ് ടെക് കമ്പനിയായ ബൈജൂസ് ആണ് ഫിഫ ലോകകപ്പ് 2022 ന്റെ ഔദ്യോഗിക സ്‌പോൺസർ. ഫിഫ ലോകകപ്പിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ കമ്പനി സ്‌പോൺസർമാരാകുന്നത്. ലോകകപ്പ് സ്‌പോൺസർ ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം എന്നതിലുപരി, ആദ്യ എഡ്യു-ടെക്ക് സ്ഥാപനം കൂടിയാണ് ബൈജൂസ്. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും ഐഎസ്എലിൽ കേരള ബ്ലാസ്റ്റേഴ്സിൻ്റെയും സ്‌പോൺസർമാരാണ് ബൈജൂസ്.

സന്തോഷ് ട്രോഫി, കേരളത്തിൻ്റെ ആദ്യ മത്സരം രാജസ്ഥാനെതിരെ

0

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി എട്ടിന് രാജസ്ഥാനുമായി നടക്കും. എ ഗ്രൂപ്പില്‍ കേരളത്തിനൊപ്പം രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘാലയ ടീമുകളാണുള്ളത്. മത്സരക്രമം പ്രഖ്യാപിച്ചു.

ഗ്രൂപ്പ് ബിയില്‍ ഗുജറാത്ത്, കര്‍ണാടകം, ഒഡിഷ, സര്‍വീസസ്, മണിപ്പുര്‍ ടീമുകളും. ഇരു ഗ്രൂപ്പുകളില്‍നിന്ന് ആദ്യ രണ്ട് സ്ഥാനത്തെത്തുന്ന ടീമുകള്‍ സെമിയിലെത്തും. മെയ് രണ്ടിന് രാത്രി എട്ടിനാണ് ഫൈനല്‍. ഏപ്രില്‍ 28നും 29നും രാത്രി എട്ടിന് സെമിഫൈനല്‍ നടക്കും.

മഞ്ചേരി പയ്യനാട് സ്റ്റേഡിയവും മലപ്പുറം കോട്ടപ്പടി സ്റ്റേഡിയവുമാണ് വേദി. കേരളത്തിന്റെ കളികളെല്ലാം രാത്രി എട്ടിന് പയ്യനാട് സ്റ്റേഡിയത്തിലാണ്. ഇരു സ്റ്റേഡിയങ്ങളിലും അറ്റകുറ്റപ്പണികള്‍ അതിവേഗം പുരോഗമിക്കുകയാണ്. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതിനിധികള്‍ രണ്ടുതവണ സ്റ്റേഡിയം സന്ദര്‍ശിച്ച് പ്രവർത്തി വിലയിരുത്തി.

പാർക്കിങ്ങിനെ ചൊല്ലി തർക്കം, വെട്ടേറ്റ നഗരസഭാംഗം മരിച്ചു

വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവായ തലാപ്പില്‍ അബ്ദുള്‍ ജലീല്‍ (52) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ പയ്യനാട് വച്ചായിരുന്നു അബ്ദുള്‍ ജലീലിന് വെട്ടേറ്റത്. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനിടെയാണ് വെട്ടേറ്റത്.

ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ജലീലിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആക്രമണത്തില്‍ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്‌. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു ജലീല്‍.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് രണ്ടുപേരുമായി പാര്‍ക്കിങിനെ ചൊല്ലി തര്‍ക്കമുണ്ടായത്. ബൈക്കിലെത്തിയ സംഘം അബ്ദുള്‍ ജലീല്‍ സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. തര്‍ക്കത്തിനിടെ ഒരാള്‍ കൈയില്‍ കരുതിയിരുന്ന വടിവാളെടുത്ത് ജലീലിനെ വെട്ടുകയായിരുന്നു.

സംഭവത്തില്‍ പ്രതികളിലൊരാളായ അബ്ദുല്‍ മജീദ് പോലീസിന്റെ പിടിയിലായി. മറ്റൊരു പ്രതി ഷുഹൈബിനായി പോലീസ് തിരച്ചില്‍ നടത്തുകയാണ്.

റിസർവ്വ് ബാങ്കിൽ ബിരുദധാരികൾക്ക് അവസരം

0

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസറുടെ 294 ഒഴിവിലേക്കും അസിസ്റ്റന്റ് മാനേജരുടെ ഒന്‍പത് ഒഴിവിലേക്കും ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.

ഓഫീസര്‍ഗ്രേഡ്ബി (ജനറല്‍): ഒഴിവ്238. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെയുള്ള ബിരുദം/തത്തുല്യ ടെക്‌നിക്കല്‍/പ്രൊഫഷണല്‍ യോഗ്യത (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി). അല്ലെങ്കില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തരബിരുദം/തത്തുല്യ ടെക്‌നിക്കല്‍/പ്രൊഫഷണല്‍ യോഗ്യത. (എസ്.സി./എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് പാസ് മാര്‍ക്ക് മതി)

ഓഫീസര്‍ഗ്രേഡ്ബി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസി റിസര്‍ച്ച്): ഒഴിവ്31. യോഗ്യതഇക്കണോമിക്‌സ്/ ഫിനാന്‍സ് മുഖ്യവിഷയമായ മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ ഇക്കണോമിക്‌സ് ഫിനാന്‍സില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള പി.ജി.ഡി.എം./എം.ബി.എ.

ഓഫീസര്‍ഗ്രേഡ്ബി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ്): ഒഴിവ്25. യോഗ്യതസ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ മാത്തമാറ്റിക്‌സ്/മാത്തമാറ്റിക്കല്‍ ഇക്കണോമിക്‌സ്/ഇക്കണോമെട്രിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫോമാറ്റിക്‌സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള മാസ്റ്റര്‍ ബിരുദം. അല്ലെങ്കില്‍ തത്തുല്യം.

അസിസ്റ്റന്റ് മാനേജര്‍രാജ്ഭാഷ: ഒഴിവ്6. യോഗ്യതഇംഗ്ലീഷ് ഒരു വിഷയമായുള്ള ബിരുദവും ഹിന്ദി/ഹിന്ദി ട്രാന്‍സലേഷനില്‍ പി.ജി.യും. അല്ലെങ്കില്‍ ഹിന്ദി ഒരു വിഷയമായുള്ള ബിരുദവും ഇംഗ്ലീഷ് പി.ജി.യും ട്രാന്‍സലേഷനില്‍ പി.ജി.ഡിപ്ലോമയും. അല്ലെങ്കില്‍ ഹിന്ദി, ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെട്ട ബിരുദവും സംസ്‌കൃതം/കൊമേഴ്‌സ്/ഇക്കണോമിക്‌സ് പി.ജി.യും ട്രാന്‍സലേഷനില്‍ പി.ജി. ഡിപ്ലോമയും. അല്ലെങ്കില്‍ ഹിന്ദി/ഇംഗ്ലീഷ് ട്രാന്‍സലേഷനില്‍ പി.ജി. (പി.ജി. യോഗ്യതകള്‍ സെക്കന്‍ഡ് ക്ലാസോടെ നേടിയതായിരിക്കണം).

അസിസ്റ്റന്റ് മാനേജര്‍പ്രോട്ടോകോള്‍ ആന്‍ഡ് സെക്യൂരിറ്റി: ഒഴിവ്3. യോഗ്യതആര്‍മി/നേവി/എയര്‍ഫോഴ്‌സില്‍ അഞ്ചുവര്‍ഷം ഓഫീസറായി സേവനമനുഷ്ഠിച്ചിരിക്കണം.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും: www.rbi.org.in. അവസാനതീയതി: ഏപ്രില്‍ 18.

പത്താം ക്ലാസുകാർക്ക് കേരളത്തിൽ കേന്ദ്രസർവ്വീസിൽ അവസരം

0

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകളിലെ മള്‍ട്ടി ടാസ്‌കിങ് (നോണ്‍ ടെക്‌നിക്കല്‍) സ്റ്റാഫ് തസ്തികയിലേക്കും റവന്യൂ വകുപ്പിലെ സെന്‍ട്രല്‍ ബ്യൂറോ ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സി.ബി.ഐ. സി.), സെന്‍ട്രല്‍ ബ്യൂറോ ഓഫ് നര്‍കോട്ടിക്‌സ് (സി.ബി.എന്‍.) വിഭാഗങ്ങളിലെ ഹവില്‍ദാര്‍ തസ്തികയിലേക്കുമുള്ള സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്.എസ്.സി.) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021 വർഷത്തെ വിജ്ഞാപനമാണ് ഇപ്പോൾ പ്രസിധീകരിച്ചിരിക്കുന്നത്. ഏപ്രിൽ 30 നകം അപേക്ഷിക്കണം

ഒഴിവുകള്‍

ഹവില്‍ദാര്‍ തസ്തികയില്‍ 3603 ഒഴിവുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തുള്ള കാഡര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് (കസ്റ്റംസ്) കീഴില്‍ 81 ഒഴിവുകളുണ്ട്. ജനറല്‍34, എസ്.സി.11, എസ്.ടി.7, ഒ.ബി.സി.21, ഇ.ഡബ്ല്യു.എസ്.8 എന്നിങ്ങനെയാണ് കേരളത്തിലെ ഒഴിവുകള്‍. വിമുക്തഭടര്‍8, ഭിന്നശേഷിക്കാര്‍3 (ഒ.എച്ച്.1, എച്ച്.എച്ച്.1, വി.എച്ച്.0, മറ്റുള്ളവര്‍1) എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (എം.ടി.എസ്.) തസ്തികയിലെ ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. നാലായിരത്തിലേറെ ഒഴിവുകള്‍ പ്രതീക്ഷിക്കുന്നു.

യോഗ്യത

പത്താംക്ലാസ്/തത്തുല്യം. യോഗ്യത 30.04.2022നകം നേടിയിരിക്കണം. പ്രായം: 1825 വയസ്സ്, 1827 വയസ്സ് എന്നിങ്ങനെ രണ്ട് പ്രായപരിധിയുണ്ട്. 1825 വിഭാഗത്തിലുള്ളവര്‍ 0211997നും 01.01.2004നും ഇടയില്‍ ജനിച്ചവരും 1827 വിഭാഗത്തിലുള്ളവര്‍ 02.01.1995നും 01.01.2004നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും.

പരീക്ഷ

എം.ടി.എസ്. തസ്തികയിലേക്ക് കംപ്യൂട്ടര്‍ അധിഷ്ഠിതമായ പരീക്ഷയും (പേപ്പര്‍I), വിവരണാത്മകമായ പരീക്ഷയും (പേപ്പര്‍II) ഉണ്ടാകും. ഹവില്‍ദാര്‍ക്ക് ഇതുകൂടാതെ ശാരീരികശേഷി പരിശോധനയും ശാരീരികയോഗ്യതാ പരീക്ഷയുമുണ്ടാകും. കംപ്യൂട്ടര്‍ അധിഷ്ഠിത പേപ്പര്‍I പരീക്ഷയ്ക്ക് ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. പരീക്ഷ 90 മിനിറ്റായിരിക്കും (100 മാര്‍ക്ക്).

അപേക്ഷ

www.ssc.nic.in ലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്‌സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കണം. അവസാന തീയതി: ഏപ്രില്‍ 30.