ബസ് ചാർജ് കൂട്ടി, ഓട്ടോ ടാക്സി നിരക്കും കൂടും

സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചു. ബസ്സിന്‌ മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക്‌ മിനിമം ചാര്‍ജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി.

ബസുകള്‍ക്ക് മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപവെച്ച് വര്‍ധിക്കും. നേരത്തെ ഇത് 90 പൈസയായിരുന്നു.

ഓട്ടോ മിനിമം ചാര്‍ജ് നേരത്തെ ഒന്നര കിലോമീറ്ററിന് 25 രൂപയായിരുന്നു. ഇതാണ് രണ്ട് കിലോമീറ്ററിന് 30 രൂപയാക്കി വര്‍ധിപ്പിച്ചത്. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാക്കി. ഇത് നേരത്തെ 12 രൂപയായിരുന്നു.

ക്വാഡ്രിഡ് സൈക്കിളിന് നിലവിലെ നിരക്ക് ഒന്നര കിലോമീറ്റര്‍ മിനിമം ചാര്‍ജ് 30 രൂപയായിരുന്നു. ഇത് രണ്ട് കിലോമീറ്ററിന് 35 രൂപയാക്കാനും തീരുമാനിച്ചു. അധികം വരുന്ന കിലോമീറ്ററിന് നിലവിലുള്ള 12 രൂപയില്‍ നിന്ന് 15 രൂപയാക്കുകയും ചെയ്തു.

1500 സിസിക്ക് താഴെയുള്ള ടാക്‌സി കാറുകള്‍ക്ക് മിനിമം ചാര്‍ജ് അഞ്ചു കിലോമീറ്റര്‍ വരെ 200 രൂപയാക്കി ഉയര്‍ത്തി. നേരത്തെ 175 രൂപയായിരുന്നു. അധികം വരുന്ന കിലോമീറ്ററിന് 15 രൂപയില്‍ നിന്ന് 18 രൂപയാക്കി.

1500 സിസിക്ക് മുകളിലുള്ള ടാക്‌സി കാറുകള്‍ക്ക് അഞ്ചുകിലോമീറ്റര്‍ മിനിമം ചാര്‍ജ് 200-ല്‍ നിന്ന് 225 രൂപയാക്കി ഉയര്‍ത്തി. അധികംവരുന്ന ഓരോ കിലോമീറ്ററിനും നിലവില്‍ 17 രൂപ എന്നുള്ളത് 20 രൂപയാക്കുകയും ചെയ്തു.

വെയ്റ്റിങ് ചാര്‍ജ് രാത്രികാല യാത്ര എന്നിവയുടെ നിരക്കില്‍ മാറ്റമില്ല. നിലവിലുള്ളത് പോലെ തുടരുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമാണ്. എന്നാല്‍ അത് സംബന്ധിച്ച് ഒരു കമ്മീഷനെ വെച്ച് പഠിക്കേണ്ടത് ആവശ്യമാണെന്നും ഇതിന് ശേഷം തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.

സൈനിക പിന്തുണ തേടി പാക് പ്രധാനമന്ത്രി, രാജിക്കില്ലെന്ന് സൂചന

0

അവിശ്വാസ പ്രമേയത്തിന്മേല്‍ വോട്ടെടുപ്പ്‌ നടക്കുന്നതിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള നീക്കത്തില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പിൻവാങ്ങി. ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യത്തിൽ രാജി നൽകും എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പിൻമാറ്റം. പാക് സൈനികമേധാവിയുമായും രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്‌ഐ തലവനുമായും നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ തീരുമാനം മാറ്റിയത്. വൈകീട്ടോടെയായിരുന്നു നിര്‍ണായക കൂടിക്കാഴ്ച.

രാജ്യത്തെ അഭിസംബോധന ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം റദ്ദാക്കിയതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ വാക്താവ് ഫൈസല്‍ ജാവേദ് ഖാന്‍ അറിയിച്ചു.

അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടിന് മുന്നോടിയായി പിടിഐയുടെ ഒരു പ്രധാന സഖ്യകക്ഷി പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്നതോടെ ഇമ്രാന്‍ ഖാന്റെ ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായിരുന്നു. ഈ ആഴ്ചയാണ് പാർലമെൻ്റ് സമ്മേളനം നടക്കാനിരുന്നത്.

ഇമ്രാന്‍ ഖാന്‍ രാജിവെക്കില്ലെന്ന് പാക് മന്ത്രി ഫവാദ് ചൗധരിയും പ്രഖ്യാപിച്ചു. അവസാന പന്ത് വരെ പോരാടുന്ന താരമാണ് ഇമ്രാന്‍ ഖാന്‍. ഒരു രാജിയും ഉണ്ടാകില്ല. സുഹൃത്തുക്കളും ശത്രുക്കളും നടക്കാന്‍ പോകുന്ന മത്സരം കാണാനിരിക്കുന്നതേയുള്ളൂവെന്നും ചൗധരി ട്വിറ്ററിലൂടെ അറിയിച്ചു.

പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സര്‍ക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താന്‍ (എം.ക്യു.എം-പി) പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികളും എം.ക്യു.എമ്മും തമ്മില്‍ ധാരണയില്‍ എത്തിയതായി പി.പി.പി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരി ട്വീറ്റ് ചെയ്തു. പ്രതിപക്ഷ പാര്‍ട്ടികളുമായി ധാരണയിലെത്തിയ കാര്യം മുതിര്‍ന്ന എം.ക്യു.എം നേതാവ് ഫൈസല്‍ സബ്‌സ്വാരിയും സ്ഥിരീകരിച്ചു. പുതിയ സംഭവ വികാസങ്ങളോടെ അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പിന് മുമ്പുതന്നെ പാകിസ്താന്‍ പാര്‍ലമെന്റിന്റെ അധോസഭയില്‍ ഇമ്രാന്റെ പി.ടി.ഐക്ക് ഭൂരിപക്ഷം നഷ്ടമായിട്ടുണ്ട്.

പ്രാദേശിക ഫലങ്ങളിൽ നിന്നും മദ്യം ഉല്പാദിപ്പിക്കാൻ അനുമതി

0

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മേഖലയില്‍ ബാർ റെസ്റ്റോറന്റുകൾ ആരംഭിക്കാനും വിദേശമദ്യ ചില്ലറ വില്‍പന ശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനും സംസ്ഥാന സര്‍ക്കാരിന്റെ 2022-23 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള നയം ലക്ഷ്യം വെക്കുന്നു.

നൂറില്‍പരം വിദേശമദ്യ ചില്ലറ വില്‍പന ശാലകള്‍ പുതുതായി തുറക്കാനാണ് നിര്‍ദ്ദേശം. ജനവാസ മേഖലയില്‍നിന്ന് മാറി ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തില്‍ ബെവ്‌കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും കീഴിയിരിക്കും ഇവ തുറക്കുക.

ഐടി മേഖലയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ബാർ – റെസ്റ്റോറന്റുകൾ അംഗീകാരം നല്‍കുന്നത്. ഐടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം സര്‍ക്കാരിനോട് ഇക്കാര്യം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഐടി വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ തന്നെ ഇക്കാര്യം പലതവണ പെടുത്തിയതാണ്..

ഉത്തരവാദിത്വത്തോടു കൂടിയുള്ള വിനോദ സഞ്ചാരവികസനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. വിനോദ സഞ്ചാര മേഖലകളിൽ മയക്കു മരുന്ന് ഉപയോഗം ഒരു തരത്തിലും അനുവദിക്കില്ല. എന്നാൽ മദ്യത്തിന്റെ ലഭ്യത ഒഴിച്ചു കൂടാൻ കഴിയാത്ത കാര്യമാണ്.

പ്ലാസ്റ്റിക് കുപ്പികള്‍ പൂര്‍ണ്ണമായി ഈ മേഖലയില്‍ നിന്ന് ഒഴിവാക്കണം എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 2023-24 വര്‍ഷം മുതല്‍ ഒരു തരത്തിലുമുള്ള പ്ലാസ്റ്റിക് നിര്‍മ്മിത കുപ്പികളിലും മദ്യം വിതരണം ചെയ്യാന്‍ അനുവദിക്കില്ല. ഗ്ലാസ്സ് ബോട്ടിലുകളും ക്യാനുകളും ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലാസ്സ് ബോട്ടിലുകളിലും ക്യാനുകളിലും വില്‍ക്കുന്ന മദ്യത്തിന്റെ ബ്രാന്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുകയില്ലെന്നും സർക്കാർ വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് അനധികൃത ലഹരി വസ്തുക്കളുടെ വിപണനം/ സംഭരണം/ ഉപയോഗം എന്നിവ സംബന്ധിച്ച് ഓണ്‍ലൈന്‍ ആയി പരാതി സമര്‍പ്പിക്കുന്നതിനായി വെബ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കും. ‘ People’s eye’ എന്ന പേരിലായിരിക്കും ആപ്പ്. ഇത് വഴി പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പേര് വെളിപ്പെടുത്താതെ തന്നെ പെട്ടെന്ന് വിവരം കൈമാറാന്‍ കഴിയുമെന്നും സർക്കാർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.

പ്രാദേശിക തലത്തിൽ പഴവർഗ്ഗങ്ങളിൽ നിന്നും മദ്യം

കേരളത്തിന് ആവശ്യമായ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും , ബിയറും  ഉൽപാദിപ്പിക്കുന്നതിനായി  നിലവിലുള്ള സ്ഥാപനങ്ങളില്‍ ഉത്പാദനം കൂട്ടാനും  പുതിയ യൂണിറ്റുകള്‍ തുടങ്ങാനും അനുമതിയുണ്ടാവും. കശുമാങ്ങ, കൈതച്ചക്ക, ചക്ക, വാഴപ്പഴം, ജാതിതൊണ്ട് തുടങ്ങിയവയിൽനിന്ന്‌ വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിക്കുന്നതിന് അനുമതി ലഭിക്കും

  നിലവിലുള്ള നിയമം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്ക് ബ്രുവറി ലൈസന്‍സ് അനുവദിക്കും.എക്‌സൈസ് വകുപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും 2022 ഏപ്രില്‍ 1 മുതല്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും.  മദ്യം ലഭ്യമല്ലാത്ത സാഹചര്യം വിനോദ സഞ്ചാര മേഖലക്ക്  ഗുണം ചെയ്യുകയുമില്ല.അത്‌ പരിഹരിക്കാൻ നടിപടിയെടുക്കും. 

എഫ്.എല്‍ 1 ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കും.  കൂടുതല്‍ എഫ്.എല്‍1 ഷോപ്പുകള്‍ walk in facility സംവിധാനത്തോടെ നവീകരിക്കും.   എഫ്.എല്‍1 ഷോപ്പുകളിലെ തിരക്ക് ഒഴിവാക്കുന്നതിന്, കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതും എന്നാല്‍ പൂട്ടിപോയതുമായ ഷോപ്പുകള്‍ പ്രീമിയം ഷോപ്പുകളായി പുനരാരംഭിക്കും. കെ.എസ്.ബി.സി വിദേശമദ്യ ചില്ലറവില്പനശാലകളില്‍ സമഗ്രമായ കമ്പ്യൂട്ടര്‍വല്‍ക്കരണം നടപ്പിലാക്കാനും തീരുമാനമുണ്ട്.

 ഐ ടി പാര്‍ക്കുകളിൽ  നീക്കിവയ്ക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കര്‍ശനമായ വ്യവസ്ഥകളോടെ മദ്യം നല്‍കുന്നതിന് പ്രത്യേക ലൈസന്‍സ് അനുവദിക്കും.  കള്ള് ചെത്ത് വ്യവസായം സംസ്ഥാനത്തെ പരമ്പരാഗത വ്യവസായമാണ്.  സര്‍ക്കാര്‍ കള്ള് ചെത്ത് വ്യവസായ വികസന ബോര്‍ഡ് രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി കുറച്ചുകൊണ്ടുവരുന്നതിന് മദ്യവര്‍ജ്ജനത്തിലൂന്നിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കും.  മദ്യാസക്തിക്ക് അടിമപ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും അനുവദിച്ചിട്ടുണ്ട്. അനധികൃത മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയുന്നതോടൊപ്പം തന്നെ ജനങ്ങളെ ബോധവല്‍ക്കരിച്ച് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ഇല്ലാതാക്കുക എന്ന ദ്വിമുഖ പ്രവര്‍ത്തനമാണ്  എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്നത്.

സംസ്ഥാനത്ത് മദ്യവര്‍ജനത്തിന് മുന്‍തൂക്കം നല്‍കി വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിമുക്തി മിഷന്‍ വഴി നടപ്പിലാക്കും. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്‌കൂള്‍/കോളേജ് തലങ്ങളില്‍ ‘ലഹരിവിരുദ്ധ ക്ലബ്ബുകള്‍’ രൂപീകരിച്ചിട്ടുള്ളതാണ്.

ലഹരി ഉപയോഗത്തില്‍ നിന്ന് മോചിതരായവരെ പുനരധിവസിപ്പിക്കുന്നതിന് കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍  പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കും.പ്രൊഫഷണല്‍ കോളേജുകളിലെ ലഹരി ഉപയോഗം തടയുന്നതിന്  സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ക്യാമ്പസുകളില്‍ ആരംഭിച്ച ”നേര്‍ക്കൂട്ടം”, ഹോസ്റ്റലുകളില്‍ ആരംഭിച്ച ”ശ്രദ്ധ” എന്നീ സമിതികള്‍, ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സംസ്ഥാനത്തെ എല്ലാ പ്രൊഫഷണല്‍ കോളേജുകളിലേക്കും വ്യാപിപ്പിക്കും.  വിമുക്തിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.എസ്.ആര്‍ ഫണ്ട് ലഭ്യമാക്കാന്‍ തയ്യാറാകുന്ന കമ്പനികളില്‍ നിന്ന് ആയത് ലഭ്യമാക്കി വിമുക്തി മിഷന്റെ പ്രവര്‍ത്തനം കുടുതല്‍ വിപുലമാക്കും.


പെട്രോൾ വില കോഴിക്കോട് 110 കടന്നു

ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും  ഡീസലിന് 84 പൈസയും വർധിപ്പിച്ചു.  കഴിഞ്ഞ ഒന്പത്‌ ദിവസത്തിനിടെ എട്ടുതവണയാണ്‌ വിലകൂട്ടിയത്‌. ഉത്തർ പ്രദേശ് ഗോവ തുടങ്ങി സംസ്ഥാന തിരഞ്ഞെടുപ്പുകൾക്ക് ശേഷം പെട്രോളിന്‌ 6രൂപ 10 പൈസയും  ഡീസലിനും 5 രൂപ 86 പൈസയുമാണ്‌ കൂടിയത്‌.

പെട്രോളിന്‌ ഇന്ന്‌ തിരുവനന്തപുരത്ത്‌ 112 രൂപ 40 പൈയും ഡീസലിന്‌ 99രൂപ 31 പൈസയുമാണ്‌ വില. കൊച്ചിയിൽ യഥാക്രമം  110 രൂപ 41 പൈസയും 97 രൂപ 45 പൈസയുമാണ്‌.  കോഴിക്കോട്‌ 110 രൂപ 58 പൈസയും 97 രൂപ 63 പൈസയുമാണ്‌ വില . പാചകവാതകത്തിനും കഴിഞ്ഞ ദിവസം വില വർധിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് വരെ വില നിയന്ത്രിച്ച് നിർത്തിയതിൻ്റെ ഭാരം കൂടി ഇതു വഴി ജനങ്ങളിലേക്ക് ഒന്നിച്ച് എത്തുകയാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ ആറുമാസത്തെ തൊഴിൽ പഠനം

0

കേരളസർക്കാർ തൊഴിൽ വകുപ്പിനു കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷൻ (ഐഐഐസി) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ചു 30 മുതൽ ഓൺലൈൻ ആയി അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. ഏപ്രിൽ 30 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയതി. മറ്റു ജില്ലകളിൽ നിന്നുള്ള അപേക്ഷകർക്ക് ക്യാമ്പസിൽ ഹോസ്റ്റൽ, ക്യാന്റീൻ സൗകര്യങ്ങളുണ്ട്.

വൈദ്യുതിബോർഡിന്റെ വയർമാൻ ലൈസൻസിന് അപേക്ഷിക്കാൻ അർഹത നല്കുന്ന അസിസ്റ്റന്റ് ഇലക്ട്രീഷ്യൻ ലെവൽ 3, കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4 കോഴ്സുകൾക്ക് പത്താം ക്ലാസ്സ്‌ യോഗ്യതയുള്ളവർക്ക് അപേഷിക്കാം.അപേക്ഷകർ പതിനെട്ടു വയസ്സ് പൂർത്തീകരിച്ചവർ ആയിരിക്കണം. ഉയർന്ന പ്രായപരിധി ഇല്ല ബി ടെക് സിവിൽ, ഡിപ്ലോമ സിവിൽ, സയൻസ് ബിരുദം, ബിഎ ജ്യോഗ്രഫി എന്നീ യോഗ്യതയുള്ളവർക്ക് ചേരാവുന്നതാണ് അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ജിഐഎസ് / ജിപിഎസ്.

മുൻ‌വർഷങ്ങളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി ലഭിച്ച പരിശീലനപരിപാടിയാണ് ആറുമാസം ദൈർഘ്യമുള്ള അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് ഇൻ ജിഐഎസ് / ജിപിഎസ്. പശ്ചാത്തലസൗകര്യവികസനം, നഗരവികസനം, കാലാവസ്ഥാപഠനം, ദുരന്തനിവാരണം എന്നിങ്ങനെ വിവിധമേഖലകളിൽ ഉപയോഗിക്കുന്ന ജിഐഎസ് തൊഴിലിടങ്ങളിൽനിന്നു നേരിട്ടു പഠിക്കാൻ അവസരമൊരുക്കിക്കൊണ്ടാണ് ക്രമീകരിച്ചിട്ടുള്ളത്.

ലൈസൻസില്ലാതെ വയറിങ് ചെയ്യുന്നത് നിയമ വിരുദ്ധമായതിനാൽ അത്തരക്കാർക്കെതിരെ ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് കർശനനടപടി തുടങ്ങിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ ഐ ഐ ഐ സി യിലെ അഞ്ചു മാസം മാത്രം ദൈർഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രിഷ്യൻ ലെവൽ 3 പരിശീലന പരിപാടി വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് വയർമാൻ ലൈസൻസിന് അപേക്ഷിക്കാനുള്ള യോഗ്യത ലഭിക്കുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് വയർമാൻ ലൈസൻസ് പരീക്ഷക്ക് അപേക്ഷിക്കാൻ യോഗ്യരാക്കുന്ന ഈ പരിശീലന പരിപാടി കേരളത്തിൽ ആദ്യമായി ഐ ഐ ഐ സി യിലാണ് ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച സർക്കാർ വിജ്ഞാപനം 2021 ഡിസംബർ മാസത്തിലാണുണ്ടായത്. ഇതിന് 30 സീറ്റാണ് ആദ്യഘട്ടത്തിൽ ഉള്ളത്.

നിർമാണവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കാൻ പഠിപ്പിക്കുന്ന കൺസ്ട്രക്‌ഷൻ ലബോറട്ടറി ആൻഡ് ഫീൽഡ് ടെക്‌നിഷ്യൻ ലെവൽ 4 കോഴ്സ് വിദേശത്തും സ്വദേശത്തും നിരവധി തൊഴിലവസരങ്ങൾ ഉള്ളതാണ്.

ഐ ഐ ഐ സി യിലെ ടെക്‌നിഷ്യൻ പരിശീലന പരിപാടികളെല്ലാം തന്നെ ദേശീയ നൈപുണ്യ വികസന കോർപറേഷൻ അംഗീകാരത്തോടെയുള്ള ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് പ്രകാരമുള്ളതാണ്. അപേഷിക്കുവാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റ് സന്ദർശിക്കുക .www. iiic.ac.in . കൂടുതൽ വിവരങ്ങൾക്ക് 8078980000

ഏപ്രിൽ ഒന്നിന് അഞ്ച് സിനിമകൾ ഒടിടിയിൽ, നിശ്ചലത നീങ്ങുന്നു

0

അഞ്ചു ചിത്രങ്ങൾ ഏപ്രിൽ ഒന്നിന് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തും. മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വം, പ്രഭാസ് ചിത്രം രാധേ ശ്യാം, ദുൽഖറിന്റെ ഹേ സിനാമിക, തിരുമാലി, മെമ്പർ രമേശൻ എന്നിവയാണ് വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ഏപ്രിൽ ഒന്ന് വെള്ളിയാഴ്ച സ്ട്രീമിംഗ് ചെയ്യുകയാണ്.

ഭീഷ്മപർവ്വം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവ്വം ഒടിടിയിലേക്ക്. ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

രാധേ ശ്യാം

‘ബാഹുബലി’യിലൂടെ പാൻ ഇന്ത്യ താരമായി മാറിയ പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമാണ് രാധേ ശ്യാം. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തിൽ പൂജയാണ് പ്രഭാസിന്റെ നായികയായി എത്തിയത്. ഏപ്രിൽ ഒന്നിന് ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഹേ സിനാമിക

പ്രശസ്ത നൃത്തസംവിധായിക ബൃന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ‘ഹേ സിനാമിക’ മാർച്ച് 31ന് നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും. ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രത്തിൽ അദിതി റാവുവും കാജൾ അഗർവാളുമാണ് നായികമാർ. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു.

തിരിമാലി

യോദ്ധ സിനിമയ്‌ക്ക് ശേഷം നേപ്പാളിന്റെ കഥയുമായി എത്തിയ ചിത്രമാണ് തിരിമാലി. ബിബിൻ ജോർജ്, ധർമ്മജൻ, ജോണി ആന്റണി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച തിരിമാലി ഏപ്രിൽ ഒന്നിന് മനോരമ മാക്സിൽ റിലീസ് ചെയ്യുകയാണ്. അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക.

മെമ്പർ രമേശൻ ഒൻപതാം വാർഡ്

അര്‍ജ്ജുന്‍ അശോകന്‍ നായകനാവുന്ന ചിത്രമാണ് ‘മെമ്പര്‍ രമേശന്‍ ഒൻപതാം വാര്‍ഡ്’. ബോബന്‍ & മോളി എന്റര്‍റ്റൈന്‍മെന്സിന്റെ ബാനറില്‍ ബോബനും മോളിയും നിര്‍മ്മിക്കുന്ന ഈ കോമഡി ചിത്രം കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്തത് നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്നാണ്. ഏപ്രിൽ ഒന്നിന് സീ5ൽ ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

വർക്കലയിൽ അഞ്ചുപേർ വീടിനകത്ത് മരിച്ചത് ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ പുക ശ്വസിച്ചെന്ന് അഗ്നിരക്ഷാ സേന

വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പല മുറികളിലായി ഉറങ്ങിക്കിടന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച ദുരന്തത്തിന് കാരണമായത് ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് റിപ്പോർട്ട്. കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ തീപ്പൊരി കേബിള്‍ വഴി കത്തിപ്പടരുകയായിരുന്നുവെന്നാണ് അഗ്നിരക്ഷാ സേനാ റിപ്പോര്‍ട്ട്. ഈ മാസം എട്ടിനാണ് പിഞ്ചുകുഞ്ഞടക്കം മരിച്ച ദുരന്തമുണ്ടായത്. എന്നാൽ പൊള്ളലേറ്റായിരുന്നില്ല മരണങ്ങൾ.

കാര്‍ പോര്‍ച്ചിലുള്ള കേബിള്‍, ടെലിവിഷനിലേക്കും മെയിന്‍ സ്വിച്ച് ബോര്‍ഡിലേക്കുമടക്കം പോകുന്നുണ്ട്. ഇതിലൂടെ പടര്‍ന്ന തീയാണ് അപകടത്തിലേക്ക് നയിച്ചത്. പെട്ടെന്ന് തീപിടിക്കാന്‍ സാധ്യതയുള്ള സോഫയിലേക്കും മറ്റു ഫര്‍ണീച്ചറുകളിലേക്കും തീ പടര്‍ന്നത് വലിയ പുകയ്ക്ക് കാരണമായി. മുകളിലെ നിലയിലേക്കും പുകയെത്തി. പുക ശ്വസിച്ചാണ് എല്ലാവരും മരിച്ചത്. എല്ലാവരും നല്ല ഉറക്കത്തിലായതിനാല്‍ തീ പിടിത്തം ഉണ്ടായത് ആരും അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല. ദേഹാസ്വാസ്ഥ്യം ഉണ്ടായ ഘട്ടത്തില്‍ വാതില്‍ തുറന്നതുമൂലം പുറത്തുനിന്നുള്ള പുക ഉള്ളിലേക്ക് കടന്നു. ഇത് ശ്വസിച്ചതായിരിക്കാം മരണം സംഭവിക്കാന്‍ കാരണമായത് എന്നെല്ലാമാണ് ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്.

കാര്‍ പോര്‍ച്ചിലുണ്ടായിരുന്ന ബൈക്ക് കത്തിയത് ജനലിലൂടെ തീ പടര്‍ന്നപ്പോഴാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഫോറന്‍സിക്കിന്റേയും ഇലക്ട്രിക് വിഭാഗങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ക്ക് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണ സംഘം അന്തിമ തീരുമാനത്തിലെത്തൂ. റിപ്പോർട്ട് പൊലീസ് എങ്ങനെ സ്വീകരിക്കുന്നു എന്നും അറിയേണ്ടതുണ്ട്.

എട്ടു മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെയായിരുന്നു മരിച്ചത്. മരിച്ചവരില്‍ ആര്‍ക്കും കാര്യമായ പൊള്ളലേറ്റിരുന്നില്ല. ഇത് ദുരൂഹതയ്ക്കിടയാക്കി. അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ആര്‍. പ്രതാപന്‍(ബേബി-62), ഭാര്യ ഷേര്‍ളി(53), ഇളയ മകന്‍ അഹില്‍(29), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ മകന്‍ റയാന്‍ എന്നിവരാണ് മരിച്ചത്. നിഹുല്‍ മാത്രമാണ് രക്ഷപ്പെട്ടത്. സാരമായി പൊള്ളലേറ്റ നിഹുല്‍ തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് പ്രാഥമിക വിലയിരുത്തലുണ്ടായിരുന്നെങ്കിലും വീട് സന്ദര്‍ശിച്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ ഇതു സ്ഥിരീകരിച്ചിരുന്നില്ല. ഹാളിലെ ഫര്‍ണിച്ചറും ജിപ്സം ഷീറ്റുപയോഗിച്ചു മോടിപിടിപ്പിച്ച അലങ്കാരങ്ങളും ജനല്‍ കര്‍ട്ടനുകളും പൂര്‍ണമായും കത്തിനശിച്ചിരുന്നു. കിടപ്പുമുറികള്‍ക്കുള്ളില്‍ തീ പടര്‍ന്നിട്ടില്ലായിരുന്നു. വിഷപ്പുക ശ്വസിച്ചതാകാം മരണകാരണമെന്ന് തന്നെയായിരുന്നു പ്രാഥമിക വിലയിരുത്തല്‍.

എന്താണീ അലോപേഷ്യ ഏരിയേറ്റ

0

ഓസ്‌കര്‍ വേദിയിൽ, ലോകത്തെ മുഴുവന്‍ സിനിമാ ആരാധകരേയും ഞെട്ടിച്ച ആ അടിക്ക് പിന്നിൽ ഒരു രോഗമുണ്ട്. വില്‍സ്മിത്ത് എന്ന ബോളിവുഡ് നടന്‍ ഓസ്‌കര്‍ ചടങ്ങിന്റെ അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചതിലെ വൈകാരിക ഘടകം അതായിരുന്നു. രോഗാതുരയായ ജാഡ പിങ്കെറ്റ് സ്മിത്തിനെക്കുറിച്ച് ക്രിസ് റോക്ക് നടത്തിയ പരാമര്‍ശമായിരുന്നു വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.

”അവര്‍ക്കിനി ജി.ഐ ജെയ്‌നിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാം” എന്നാണ് ജാഡ പിങ്കറ്റ് തല മുണ്ഡനം ചെയ്തതിനെ ചൂണ്ടിക്കാട്ടി കൊമേഡിയന്‍ കൂടിയായ ക്രിസ് റോക്ക് പറഞ്ഞത്. 1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചായിരുന്നു അഭിനയിച്ചത്.

പരാമശം കേട്ടതും എന്നാല്‍, വില്‍ സ്മിത്ത് വേദിയിലേക്കു നടന്നുചെന്ന് റോക്കിന്റെ മുഖത്തടിച്ചു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്തതുപോലെ തിരികെ ഇരിപ്പിടത്തിലെത്തിയ വില്‍ സ്മിത്ത് ”നിന്റെയാ വൃത്തികെട്ട വായ കൊണ്ട് എന്റെ ഭാര്യയുടെ പേരു പറയരുത്” എന്ന് വിളിച്ച്പറയുകയും ചെയ്തു.

ഓട്ടോ ഇമ്യൂണ്‍ ഡിസോര്‍ഡറായ അലോപേഷ്യ ഏരിയേറ്റ എന്ന രോഗാവസ്ഥയിലൂടെ കടന്ന് പോവുകയാണ് ജാഡ. അസുഖം മൂലമാണ് തല മുണ്ഡനം ചെയ്തതെന്ന് നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമായ ജാഡ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നതാണ്.

അലോപേഷ്യ ഏരിയേറ്റ

ഒരാളുടെ രോഗപ്രതിരോധ വ്യവസ്ഥ അയാളുടെ തന്നെ ഏതെങ്കിലും ശരീരഭാഗത്തെ ആക്രമിക്കുന്ന സ്ഥിതി വിശേഷമാണിത്. പ്രധാനമായും മുടിയാണ് ഈ ആക്രമണത്തിനു വിധേയമാവുക. ക്രമമല്ലാത്ത മുടികൊഴിച്ചിലാണ് ഇതിന്റെ ഫലം.

ഇത് കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന അസുഖമാണ്. മുടി പാച്ചുകളായി നഷ്ടപ്പെടുന്നു. ചിലരില്‍ മുടി പിന്നീട് തിരിച്ചുവരാം. യു.എസിലെ 6.8 മില്ല്യണ്‍ ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ട്.

എന്നാല്‍ ചിലര്‍ക്ക് മുടി മുഴുവനായി നഷ്ടമാകുന്ന അസ്ഥയുണ്ടാകാം. ഇതാണ് അലോപേഷ്യ ടോട്ടാലിസ്. ശരീരത്തിലെ മുടികൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അലോപേഷ്യ യൂണിവേഴ്‌സാലിസ് എന്നും പറയുന്നു.

വ്യത്യസ്ത തരം അലോപേഷ്യ

ഏകദേശം ഇരുപതുതരം അലോപേഷ്യകളുണ്ട്. ഓരോന്നിനും ഓരോ കാരണങ്ങളാവും ഉണ്ടാകുക. ഇവയെ പ്രധാനമായും സ്‌കാറിങ് അലോപേഷ്യ, നോണ്‍ സ്‌കാറിങ് അലോപേഷ്യ എന്നിങ്ങനെ തരം തിരിക്കാം. സ്‌കാറിങ് അലോപേഷ്യ ഹെയര്‍ ഫോളിക്കിള്‍സിന് സ്ഥിരമായ നാശമാണ് ഉണ്ടാക്കുക. ഇതിനെ മാറ്റാനാകില്ല. അതിനാല്‍ ശരിയായ സമയത്ത് കണ്ടെത്തുകയും കൃത്യമായ ചികിത്സ നല്‍കി രോഗ വ്യാപനം തടയുകയും വേണം.

പതിവില്‍ കവിഞ്ഞ മുടി കൊഴിച്ചില്‍, ശിരോചര്‍മം പുറത്തു കാണുക, നാണയ വട്ടത്തിലും മറ്റും മുടി കൊഴിഞ്ഞു പോകുക, ശിരോചര്‍മത്തില്‍ പഴുപ്പോ അണുബാധയോ ഉണ്ടാകുക എന്നീ സാഹചര്യമുണ്ടായാല്‍ ഒരു ഡെര്‍മറ്റോളജിസ്റ്റിനെയോ ട്രൈക്കോളജിസ്റ്റിനെയോ കണ്ട് കൃത്യമായ രോഗനിര്‍ണയം നടത്തണം.

ചികിത്സ

സാധാരണ മുടികൊഴിച്ചിലിനു കൊടുക്കുന്ന ചികിത്സയല്ല സ്വയം പ്രതിരോധശേഷി മൂലമുണ്ടാകുന്ന മുടി കൊഴിച്ചിലിന് നല്‍കേണ്ടത്. സാധാരണ കണ്ടുവരുന്ന പാരമ്പര്യമായ മുടി കൊഴിച്ചില്‍ ഒരു ട്രൈക്കോ സ്‌കാന്‍ ഉപയോഗിച്ചുള്ള ശിരോചര്‍മ പരിശോധനയിലൂടെ വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാന്‍ സാധിക്കും. ഇത്തരം മുടികൊഴിച്ചില്‍ ഒരു പാറ്റേണ്‍ പിന്തുടരുന്നുണ്ട്.

അലോപേഷ്യ ടെസ്റ്റില്‍ ട്രൈക്കോസ്‌കാന്‍ പോലെയുള്ള പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് ശിരോചര്‍മ്മവും ഓരോമുടിയിഴകളുടെ വേരും വിശദമായി പരിശോധിക്കും. ഇതിലൂടെ ശിരോചര്‍മത്തില്‍ എന്തെങ്കിലും പഴുപ്പോ അണുബാധയോ ഉണ്ടെങ്കില്‍ അതിനു വേണ്ടിയുള്ള പ്രത്യേക ചികിത്സ നല്‍കും. ചെറിയ ഹെയര്‍ ഫോളിക്കിള്‍സ് ഉണ്ടെങ്കില്‍ അവയുടെ വിതരണം എങ്ങനെയെന്നും എത്ര ശതമാനമെന്നും മനസ്സിലാക്കിയാണ് ഓരോ വ്യക്തിക്കും വേണ്ട ചികിത്സാ പദ്ധതി തയാറാക്കുക.

മുടിയെ അറിയാം

കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ടാണ് മുടി നിര്‍മിച്ചിരിക്കുന്നത്. ശിരോചര്‍മത്തിലെ രോമകൂപങ്ങളില്‍നിന്നാണ് ഇത് വളരുന്നത്. രോമകോശങ്ങള്‍ മുകളിലേക്ക് നീങ്ങി കട്ടിയായിത്തീര്‍ന്ന് മുടിയിഴകള്‍ രൂപംകൊള്ളുന്നു. ജീവനില്ലാത്തവയാണ് മുടിയിഴകള്‍.

മുടിയുടെ സ്വഭാവം
സാധാരണ മുടി: ആവശ്യത്തിന് മൃദുദ്വവും എണ്ണമയവുമുള്ള മുടി.
വരണ്ട മുടി: പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാന്‍ സാധ്യതയുമുണ്ട്.
എണ്ണമയമുള്ള മുടി: സെബേഷ്യസ് ഗ്രന്ഥി അമിതമായി സെബം ഉത്പാദിപ്പിക്കുന്നതുകൊണ്ട് കൂടുതല്‍ എണ്ണമയം നിലനില്‍ക്കുന്നു.

മുടിയുടെ പാളികള്‍
കോര്‍ട്ടെക്‌സ്: തലമുടിക്ക് ദൃഢതയും ഇലാസ്തികതയും നല്‍കുന്നതാണിത്. ഇതിലടങ്ങിയ മെലാനിന്‍ മുടിക്ക് കറുപ്പ് നല്‍കുന്നു. മധ്യഭാഗത്തെ പാളിയാണ് ഇത്.
മെഡുല്ല: മുടിയുടെ അകത്തെ പാളിയാണിത്.
ക്യൂട്ടിക്കിള്‍: ഏറ്റവും പുറമേയുള്ള പാളിയാണിത്. മുടിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.

വിൽസ്മിത്തിനെ പുറത്താക്കുമായിരുന്നുവോ; കണ്ണീരിലലിഞ്ഞ് അക്കാദമി

0

അവതാരകന്‍ ക്രിസ് റോക്കിനെ ഓസ്‌കര്‍ വേദിയില്‍ തല്ലിയതിന് തൊട്ടുപിന്നാലെ നടന്‍ വില്‍ സ്മിത്തിനെ ചടങ്ങില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് അക്കാദമി ആലോചിച്ചിരുന്നു. ഓസ്ക്ർ പുരസ്കാര വേദിയിലെ ആദ്യം സംഭവമായിരുന്നു ആ തല്ല്. ഭാര്യ ജെയ്ഡ സ്മിത്തിനെക്കുറിച്ച് അവതരണത്തിനിടെ ക്രിസ് നടത്തിയ പരാമര്‍ശം വില്‍ സ്മിത്തിനെ ചൊടിപ്പിക്കുകയായിരുന്നു. വേദിയിലേക്ക് കയറി ചെന്ന് മുഖത്ത് അടിച്ചു.

അമേരിക്കയില്‍ ഈ ഭാഗം സെന്‍സര്‍ ചെയ്തുവെങ്കിലും ലോകത്തിന്റെ മറ്റു കോണുകളില്‍ ഈ നാടകീയ രംഗങ്ങള്‍ പൂര്‍ണമായും സംപ്രേഷണം ചെയ്യപ്പെട്ടു. ആദ്യം തമാശയാണെന്നാണ് എല്ലാവരും കരുതി. മുഖത്തടിച്ചതിന് ശേഷം ഇരിപ്പിടത്തിലേക്ക് തിരികെയെത്തിയ വില്‍ സ്മിത്ത് ക്രിസ് റോക്കിനോട് പരുഷമായ ഭാഷയില്‍ പ്രതികരിച്ചു. ഇതോടെ പ്രശ്നത്തിലെ ഗൌരവം മനസിലായി.

സംഭവം കൈവിട്ടു പോയതോടെ വില്‍ സ്മിത്തിനെ ചടങ്ങില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് അക്കാദമി അംഗങ്ങള്‍ ഒരു ഘട്ടത്തില്‍ ആലോചിച്ചു. ക്രിസ് റോക്കിന് എന്തെങ്കിലും സംഭവിച്ചുവോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ പത്ത് മിനിറ്റോളം നീണ്ട ചര്‍ച്ചയ്ക്ക് ശേഷം വില്‍ സ്മിത്തിനെ പുറത്താക്കേണ്ടെന്ന തീരുമാനത്തിലെത്തി.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച നടനായി തിരഞ്ഞെടുത്തത് വില്‍ സ്മിത്തിനെയാണ്. കിങ് റിച്ചാര്‍ഡിലെ അഭിനയത്തിനാണ് പുരസ്‌കാരം. ഓസ്‌കര്‍ ഏറ്റുവാങ്ങിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് വില്‍ സ്മിത്ത് അക്കാദമിയോട് മാപ്പപേക്ഷിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ക്രിസ് റോക്കിനോടും മാപ്പു പറഞ്ഞു. താന്‍ ചെയ്തത് മഹാ അപരാധമാണെന്നും മനോഹരമായ ചടങ്ങിനെ കളങ്കപ്പെടുത്തിയെന്നും വില്‍ സ്മിത്ത് കുറിച്ചു.

എന്നാൽ അതോടൊപ്പം വിൽസ്മിത്തിൻ്റെ ദേഷ്യത്തിനും സങ്കടത്തിനും അതിനെക്കാൾ അലിയിക്കുന്ന ഒരു പശ്ചാത്തലമുണ്ടായിരുന്നു. അവതാരകരുടെ വിടുവായിത്തങ്ങൾ കേട്ടു തയമ്പിച്ച പ്രേക്ഷകരുടെ കാഴ്ച മാത്രമായിരുന്നില്ല അദ്ദേഹത്തിനത്.

സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്. നടിയും അവതാരകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് ജെയ്ഡ സ്മിത്ത്. പക്ഷെ കുടുംബം തന്നെ ആ മാരക വ്യാധിയിൽ സങ്കടത്തിലും നിരാശയിലുമായിരുന്നു. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്ത് അവതാരകൻ ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ പറഞ്ഞു.

1997 ലെ ജി. ഐ ജെയിന്‍ എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ ജെയിന്‍ 2 ല്‍ ജെയ്ഡയെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. എന്നാല്‍ റോക്കിന്റെ തമാശ വില്‍ സ്മിത്തിന് രസിച്ചില്ല. ഇതിൽ ലൈംഗിക ചുവയുള്ള ദ്വയാർത്ഥവും കല്പിക്കപ്പെട്ടു. വിൽസ്മിത്ത് വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. പിന്നീട് ‘എന്റെ ഭാര്യയുടെ പേര് നിന്റെ വായ് കൊണ്ട് പറഞ്ഞുപോകരുതെ’ന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു.

തുടരാം, കെ-റെയിലിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

0

കെ-റെയിലിനെതിരായ ഹര്‍ജികള്‍ തള്ളി ഹൈക്കോടതി. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാനാവില്ലെന്നു കാണിച്ച് സമർപ്പിച്ച രണ്ട് ഹര്‍ജികളാണ് ജസ്റ്റിസ് എൻ.നഗരേഷ് തള്ളിയത്. സംസ്ഥാന സര്‍ക്കാരിന് തുടര്‍നടപടി സ്വീകരിക്കാമെന്ന വാദം കോടതി അംഗീകരിച്ചു.

കെ-റെയില്‍ ഒരു പ്രത്യേക റെയില്‍വേ പദ്ധതിയാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സംസ്ഥാന സര്‍ക്കാരിന് സാധ്യമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കെ-റെയില്‍ പ്രത്യേക പദ്ധതിയല്ലെന്നും സാധാരണ റെയില്‍വേ പദ്ധതി മാത്രമാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പ്രത്യേക റെയില്‍വേ പദ്ധതിയുടെ പട്ടികയിലേക്ക് വന്നുകഴിഞ്ഞാല്‍ ഇതുസംബന്ധിച്ച് പ്രത്യേക വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. പ്രത്യേക റെയില്‍വേ പദ്ധതിയല്ലാത്തതിനാല്‍ സ്ഥലം ഏറ്റെടുപ്പ്, പദ്ധതി നിര്‍വഹണം എന്നിവയ്ക്ക് സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.