ചലച്ചിത്രോത്സവം കൊടിയിറങ്ങുമ്പോള്‍

0


പുത്തലത്ത് ദിനേശൻ എഴുതുന്നു.


സാമൂഹ്യ ജീവിതത്തെ വല്ലാതെ പരിമിതപ്പെടുത്തിയ കോവിഡിന്റെ വേലിയിറക്കം നമ്മുടെ കൂട്ടായ്മകളെ ഒന്നൊന്നായി വീണ്ടെടുക്കുകയാണ്. അത്തരമൊരു വീണ്ടെടുപ്പായിരുന്നു തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ചലിക്കുന്ന ദൃശ്യങ്ങളിലൂടെ സംവദിക്കുന്ന സിനിമയുടെ സർഗ്ഗാത്മകതയായിരുന്നു ഇതിൽ ദൃശ്യമായത്.

ലോകത്തെമ്പാടും സ്ത്രീ സമൂഹം അനുഭവിക്കുന്ന സാമൂഹ്യവും ആന്തരികവുമായ പ്രശ്‌നങ്ങളെ വിവിധ വീക്ഷണങ്ങളിലൂടെ അവതരിപ്പിക്കുന്ന സിനിമകളുടെ സാന്നിധ്യമാണ് ഈ മേളയെ ശ്രദ്ധേയമാക്കിയത്. ഈ വിഭാഗത്തില്‍പ്പെട്ട ‘ക്ലാര സോള’യാണ് ചലച്ചിത്രമേളയില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും.

കുടുംബത്തിനകത്തെ അടിച്ചമര്‍ത്തലുകളുടെയും അനുഷ്ഠാനങ്ങളുടെയും തടവറയില്‍ ജീവിതം തള്ളിനീക്കുകയാണ് ക്ലാര. അവള്‍ക്ക് അനന്തരവളുടെ കാമുകനോട് തോന്നുന്ന ആകര്‍ഷണത്തോടെ അവരുടെ ജീവിതം മാറിമറിയുകയാണ്. തന്നെ സ്വയം തിരിച്ചറിയാനും അതിലൂടെ അതുവരെ തൊട്ടറിയാത്ത ലോകത്തേക്കുള്ള പ്രയാണമായി ജീവിതം മാറുകയാണ്. സ്വയം തിരിച്ചറിഞ്ഞുകൊണ്ടുള്ള സ്ത്രീയുടെ പ്രതികരണവും പ്രതിഷേധവും സ്‌നേഹവും വിദ്വേഷവുമെല്ലാം ഇതില്‍ നിറയുന്നു. ക്ലാരയുടെ ജീവിതത്തിന്റെ മാറ്റങ്ങളെ തന്‍മയത്തത്തോടെ അവതരിപ്പിക്കുവാന്‍ ഇതില്‍ കഴിയുന്നുമുണ്ട്. സമാപന സമ്മേളനത്തില്‍ വെച്ചാണ് ഈ സിനിമ കാണാനായത്.

സംഭവബഹുലമായ ചലനങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുന്ന മധ്യേഷ്യയെ കേന്ദ്രീകരിക്കുന്ന സിനിമകളെ കാണാനാണ് ശ്രമിച്ചത്. എടുത്തുപറയേണ്ട ഒരു സിനിമയാണ് ‘ഓപിയം വാര്‍’. ഹെലികോപ്റ്റര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് അഫ്ഗാന്‍ മരുഭൂമിയില്‍ അകപ്പെട്ടുപോയ രണ്ട് സൈനികരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ സിനിമ വികസിക്കുന്നത്. ഇവരാവട്ടെ പഴയൊരു റഷ്യന്‍ ടാങ്കില്‍ താമസിക്കുന്ന അഫ്ഗാനികളെ കണ്ടുമുട്ടുന്നു. ഇതിലൂടെയാണ് സിനിമ വികസിക്കുന്നത്.

അഫ്ഗാന്‍ ജനതയുടെ അധിനിവേശത്തിനെതിരെയുള്ള മനോഭാവങ്ങളിലൂടെ സിനിമ വികസിക്കുകയാണ്. താലിബാന്‍ അഫ്ഗാന്‍ ജനതയുടെ ജീവിതത്തെ വരിഞ്ഞുകെട്ടുന്നതും ഇതില്‍ ദൃശ്യമാണ്. ജനാധിപത്യത്തിന്റെ കടന്നുവരവോടെ എല്ലാവരും സന്തോഷത്തിന്റെയും വിമോചനത്തിന്റെയും ലോകത്തിലേക്ക് മടങ്ങിവരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ജനാധിപത്യത്തിന്റെ വെളിച്ചമാണ് അഫ്ഗാന്‍ ജനതയുടെ വിമോചനത്തിന് അടിസ്ഥാനമെന്ന് ഓര്‍മ്മിപ്പിക്കുന്ന സിനിമ തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു.

ലോകത്തില്‍ സവിശേഷമായ മര്‍ദ്ദനത്തിന് ഇരയാകുന്ന ജനതയാണ് കുര്‍ദ്ദുകള്‍. സവിശേഷമായ സംസ്‌കാരവും മതനിരപേക്ഷമായ കാഴ്ചപ്പാടുകളും ഉയര്‍ത്തിപ്പിടിക്കുന്ന വിഭാഗമാണ് ഇവര്‍. വിവിധ രാജ്യങ്ങളിലായി ഇവര്‍ ചിതറിക്കിടക്കുന്നു. ഈ ജീവിതത്തെ അഭ്രപാളിയില്‍ പകര്‍ത്തുകയാണ് ‘മറൂന്‍ഡ് ഇന്‍ ഇറാഖ്’. ഇറാനും ഇറാഖും തമ്മിലുള്ള യുദ്ധത്തിനിടയില്‍ മിര്‍സ എന്ന കുര്‍ദ്ദ് സംഗീതജ്ഞനും സംഘവും തന്റെ മുന്‍കാല ഭാര്യ അപകടത്തിലാണെന്ന് അറിഞ്ഞ് അവരെ തേടിപ്പോകുന്നതാണ് ഇതിലെ ഇതിവൃത്തം. അവര്‍ കടന്നുപോകുന്ന വഴികളിലൂടെ ആ ജനത അനുഭവിച്ച പ്രയാസങ്ങളും പ്രതിസന്ധികളും അക്രമണങ്ങളും എല്ലാം വെളിപ്പെടുന്നുണ്ട് ഇതില്‍. കുര്‍ദ്ദുകള്‍ക്കെതിരെ നടന്ന ഭീകരമായ ആക്രമണങ്ങളുടെ അനുഭവങ്ങള്‍ ഇതിലുണ്ട്. ഗ്രാമങ്ങള്‍ ഇല്ലാതായതും ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടതുമെല്ലാം ഇതില്‍ കാണിക്കുന്നുണ്ട്. ആ ജനതയുടെ ജീവിതവും സംസ്‌കാരവും പോലെ തന്നെ പൂര്‍ത്തീകരിക്കപ്പെടാതെ പോകുന്ന അന്വേഷണമാണ് സിനിമയിലുമുള്ളത്.

‘അനാട്ടമി ഓഫ് ടൈംസ്’ എന്ന സിനിമ 1960 കളിലെ ഗ്രാമീണ തായ്‌ലന്റിലെ ഒരു യുവതിയുടെ ജീവിതത്തെ ആസ്പദമാക്കി വികസിക്കുന്നതാണ്. അതിമോഹിയും ക്രൂരനുമായ സൈനിക മേധാവിയെ അവസാന കാലഘട്ടത്തില്‍ ശിശ്രൂഷിക്കുകയാണ് അവള്‍. ആ ഘട്ടത്തില്‍ തന്റെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളിലൂടെ കടന്നുപോകുകയാണ് അവള്‍. താന്‍ പിന്നിട്ട വഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തെ സ്വയം വിലയിരുത്തുന്ന ഒരു സ്ത്രീയുടെ ചിന്തകളാണ് ഈ സിനിമ അടിസ്ഥാനമായിത്തീരുന്നത്.

ക്യാപ്ടന്‍ വോള്‍ക്കനോഗോവ് എസ്‌കേപ്ഡ് എന്ന സിനിമ സോവിയറ്റ് കാലഘട്ടത്തിലെ സൈനികമായ ജീവിതത്തെക്കുറിച്ചുള്ളതാണ്. അവിടെ രൂപപ്പെടുന്ന സംശയങ്ങളുടെയും ഏറ്റുമുട്ടലുകളുടെയും നടുവില്‍ ജീവിക്കുന്ന പട്ടാള ഉദ്യോഗസ്ഥന്റെ അനുഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. അതിലൂടെ അക്കാലത്തെ സൈനികസംവിധാനത്തിന്റെ പ്രശ്‌നങ്ങളും അതില്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങളുമാണ് ഇതിലുള്ളത്.

‘ലുക്കാസ്’ എന്ന സിനിമായവട്ടെ പിതാവിന്റെ മരണത്തെത്തുടര്‍ന്ന് ജീവിതം തകര്‍ന്ന ഒരു കുട്ടിയുടേതാണ്. ചിത്രകാരനായ കുട്ടി പണത്തിന്റെ ആവശ്യത്തിനായി അല്‍വാരോയെ പരിചയപ്പെടുന്നതും അതിന്റെ ഭാഗമായി അനുഭവിക്കുന്ന പ്രതിസന്ധികളും ചിത്രീകരിക്കുന്നുവെന്നതാണ് ഈ സിനിമയുടെ സവിശേഷത.


നിരവധി സാധ്യതകള്‍ അകമേവ പേറി നില്‍ക്കുന്ന നിരവധി സിനിമകള്‍ ഈ മേളയില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയാകെ കണ്ട് ഉള്‍ക്കൊള്ളുന്നതിനുള്ള സാഹചര്യമുണ്ടായിരുന്നില്ല. എന്തായാലും വ്യത്യസ്ത തലങ്ങളിലൂടെ സംവദിച്ചു മുന്നോട്ടുപോകുന്ന സിനിമകളുടെ സമാഹാരമായിരുന്നു ചലച്ചിത്രമേളയില്‍ ഉണ്ടായിരുന്നത് എന്ന് തീര്‍ത്ത് പറയാനാവും. സ്ത്രീ പ്രശ്‌നങ്ങളിലേക്കും മൂന്നാംലോക രാജ്യങ്ങളിലെ ജനതയുടെ ജീവിതങ്ങളിലേക്കും തുറന്ന് വെച്ച ഒന്നായി ചലച്ചിത്രോത്സവം മാറുകയായിരുന്നു. സംഘര്‍ഷഭരിതമായ ലോകത്തും പൊരുതി പ്രത്യാശയോടെ മുന്നേറുന്ന മനുഷ്യന്റെ കുതിപ്പ് തന്നെയാണ് ചലച്ചിത്രോത്സവത്തിലും ദൃശ്യമായത്.

കടപ്പാട്: fb post

വേനൽക്കാലത്ത് കരുതൽ വേണ്ട കാര്യങ്ങൾ

0

വേനൽക്കാലം പലവിധ പകർച്ചാ രോഗങ്ങൾ വരുന്ന സമയമാണ്. ഇപ്പോൾ പകൽസമയങ്ങളിലെ കനത്തചൂടും പുലർച്ചേ തണുപ്പുമുള്ള കാലാവസ്ഥയും രോഗങ്ങൾക്ക് വഴിയൊരുക്കും. അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യശരീരത്തിലെ താപനില നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്ന അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതം സംഭവിച്ച ഒരാളുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളും തകരാറിലാകാൻ സാധ്യതയുണ്ട്.  ഉയർന്ന ശരീരതാപനില, വറ്റിവരണ്ട ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ.സൂര്യാഘാതം മാത്രമല്ല മറ്റ് പലരോ​ഗങ്ങൾ‌ കൂടി വേനൽക്കാലത്ത് ഉണ്ടാകാം. 

ചെങ്കണ്ണ്, ചിക്കൻപോക്സ് തുടങ്ങിയ വേനൽക്കാല രോഗങ്ങളും വ്യത്യസ്തങ്ങളായ വൈറൽ പനികളും ചൂടുകാലത്ത് കാണാറുണ്ട്. അതുകൊണ്ട്തന്നെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്. 

വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

1. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കുക. ദിവസം രണ്ടര മുതൽ മൂന്ന് ലിറ്റർ വരെ വെള്ളം കുടിക്കാം.
2. നാരങ്ങവെള്ളം, കഞ്ഞിവെള്ളം, മോരിൻവെള്ളം, കരിക്കിൻവെള്ളം, ജീരകവെള്ളം എന്നീ പോഷക ഗുണങ്ങൾ ഏറെയുള്ള വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.
3. വയർ നിറയെ ഭക്ഷണം കഴിക്കാതെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.
4. വെള്ളം ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തുക.
5.നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ (ഓറഞ്ച്, ചെറുനാരങ്ങ, മുസമ്പി), തണ്ണിമത്തൻ, മാതളനാരങ്ങ എന്നിവ ഉൾപ്പെടുത്തുക.
6. മാമ്പഴത്തിൽ ബീറ്റാ കരോട്ടീൻ, വിറ്റമിൻ എ, സി എന്നിവ ധാരാളമായിട്ടുണ്ട്. ഇത് വേനൽക്കാല രോഗങ്ങളെ അകറ്റി നിർത്തും.
7.ഇടനേരങ്ങളിൽ ഒരു പച്ചക്കറി സാലഡ് കഴിക്കുന്നത് നിർബന്ധമാക്കുക.
8.ഫാസ്റ്റ് ഫുഡുകൾ, കൃത്രിമ പാനീയങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക.
9. എരിവ്, പുളി, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ഇവയുടെ അമിത ഉപയോഗം ദഹനക്കേടിന് കാരണമാകും.
10.വേനലിൽ ഉന്മേഷം ലഭിക്കാൻ ഉത്തമമായ പാനീയമാണ് ഇളനീർ. ഇത് ദാഹവും ക്ഷീണവും അകറ്റുന്നു. ഇതുപോലുള്ള ഫലവർഗ്ഗ പാനീയങ്ങളും ശീലമാക്കുക

കൂടൽ മാണിക്യം നൃത്തോത്സവത്തിൽ മൻസിയയ്ക്ക് മതത്തിൻ്റെ പേരിൽ വിലക്ക്

0

അഹിന്ദു ആയതിനാല്‍ കൂടല്‍ മാണിക്യം ഉത്സവത്തിനോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ അവസരം നിഷേധിച്ചതായി നര്‍ത്തകി മന്‍സിയ. ഏപ്രില്‍ 21 വ്യാഴാഴ്ച ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി ഭരതനാട്യം അവതരിപ്പിക്കാന്‍ നോട്ടീസിലടക്കം പേര് അച്ചടിച്ചതിന് ശേഷമാണ് ക്ഷേത്ര ഭാരവാഹികളില്‍ ഒരാള്‍ ഇക്കാര്യം അറിയിച്ചതെന്നാണ് മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ വിശദമാക്കുന്നു.

വിവാഹത്തിന് പിന്നാലെ മതം മാറിയോ എന്ന ചോദ്യം ചോദിച്ചുവെന്നും മന്‍സിയ പറയുന്നു. സമാന കാരണത്താല്‍ ഗുരുവായൂരിലും അവസരം നിഷേധിക്കപ്പെട്ട വിവരവും മന്‍സിയ ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തി. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ്  പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രമെന്ന് വിശദമാക്കിയാണ് മന്‍സിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

മലപ്പുറം ജില്ലയിലെ വള്ളുവമ്പ്രത്തു നിന്നുള്ള മന്‍സിയ ക്ഷേത്ര കലകള്‍ പഠിച്ചതിന്‍റെ പേരില്‍ ഏറെ വിവേചനം നേരിട്ട് മുസ്ലിം പെണ്‍കുട്ടിയാണ്. മതവാദികള്‍ ഒറ്റപ്പെടുത്തിയപ്പോള്‍ രക്ഷിതാക്കളുടെ പിന്തുണയിലാണ് മന്‍സിയ പിടിച്ചുനിന്നത്. അമ്മ കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കബറടക്കം അടക്കമുള്ള ചടങ്ങുകള്‍ക്ക് വിലക്കുകള്‍ മന്‍സിയയുടെ കുടുംബം നേരിട്ടിരുന്നു. മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് എം എ ഭരതനാട്യത്തിന് ഒന്നാം റാങ്കോടെയാണ് മന്‍സിയ പാസായത്. 

നര്‍ത്തകി മന്‍സിയയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള “നൃത്തോൽസവത്തിൽ” 
ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എന്റെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
 വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം 😄
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ്  പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..

കടുപ്പിച്ച് കോടതി, പണിമുടക്കിയവരുടെ ശമ്പളവും തടയേണ്ടി വരും

 ഹൈക്കോടതി വിധി പരിഗണിച്ച് പണിമുടക്കുന്ന ജീവനക്കാർക്ക് എതിരെ ഡയസ്നോൺ പ്രഖ്യാപിച്ച് കേരള സ‍ർക്കാ‍ർ. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ‍ർക്കാർ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തിൽ അല്ലാതെ നാളെ ആ‍ർക്കും അവധി അനുവദിക്കില്ലെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ഹൈക്കോടതി വിധി പക‍ർപ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറൽ നൽകിയ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് അവശ്യ സ‍ർവ്വീസ് നിയമമായ ഡയസ്നോൺ പ്രഖ്യാപിക്കാൻ സംസ്ഥാന സ‍ർക്കാർ തീരുമാനിച്ചത്. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ തുട‍ർനടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെടുന്ന കുറിപ്പോടെ അഡ്വക്കറ്റ് ജനറൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി ഉത്തരവിൻ്റെ പക‍ർപ്പ് കൈമാറുകയായിരുന്നു. പിന്നാലെ ‍ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു. 

സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ സാധിക്കില്ലെന്നും ഇത്തരം സാഹചര്യത്തിൽ സ‍ർക്കാർ കൈയും കെട്ടി നോക്കി നിൽക്കരുതെന്നും ഇന്ന് രാവിലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ  ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം  സർക്കാറിന്‍റെ നയങ്ങൾക്കെതിരെ  സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടികാട്ടി. 

ഈ സാഹചര്യത്തിൽ പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വാദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവർക്ക് അവധിയായിക്കെ ശമ്പളം നൽകാൻ നീക്കമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. 

ഖവാലിയിലെ പെൺ കരുത്തായി ശബ്നം

0

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലില്‍ വീണേ
പൊന്നിളം കയ്യില്‍ മെല്ലെ കോരിയെടുക്കാന്‍ വാ
മുണ്ടകന്‍ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളി പോകും നേരം
ഈ ഗാനങ്ങൾ എല്ലാം മധുരതരമാക്കിയ മലയാളി പെൺകുട്ടി ഇന്ന് ഖവാലി സംഗീത രംഗത്തെ ശ്രദ്ധേയമായ പെൺ സാന്നിധ്യമാണ്.
വെണ്ണിലാ ചന്ദനക്കിണ്ണത്തിനു ശേഷം ‘ഒരു ചിക് ചിക് ചിറകില്‍’ എന്ന ഗാനത്തിലൂടെ മനം കവർന്ന ശബ്നം റിയാസ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ പെണ്‍ഖവാലി സംഘം രൂപീകരിച്ച് സംഗീത രംഗത്ത് സജീവമാണ്. ബേബി ഷബ്നം ഇന്ന് ഷബ്നം റിയാസ് എന്ന അറിയപ്പെടുന്ന ഗായികയാണ്.
ഏഴാം വയസില്‍ തന്റെ സംഗീത രംഗത്തെ പ്രാഗത്ഭ്യം ശബ്‌നം തെളിയിച്ചിരുന്നു. ഗായകന്‍ ഉണ്ണിമേനോനോടൊപ്പം ‘വസന്തകാലമേഘങ്ങള്‍’ എന്ന ലളിതഗാന കാസറ്റിലൂടെയാണ് ശബ്‌നത്തിന്റെ പ്രൊഫഷണല്‍ സംഗീത രംഗത്തേക്കുള്ള അരങ്ങേറ്റം.

സ്‌കൂള്‍ കലോത്സവങ്ങളിലെ മിന്നുന്ന വിജയങ്ങളാണ് ഷബ്നമിനെ ലളിതഗാന കാസറ്റിലേക്കെത്തിക്കുന്നത്. ഈ കാസറ്റ് ഷബ്നമിന്റെ അമ്മാവന്‍ തന്റെ സുഹൃത്ത് വഴി സംഗീത സംവിധായകന്‍ ഔസേപ്പച്ചന് കൈമാറിയിരുന്നു. യാദൃച്ഛികമായാണ് അദ്ദേഹത്തിലൂടെ കമല്‍ ഈ ഗാനങ്ങള്‍ കേള്‍ക്കുന്നത്. താന്‍ സംവിധാനം ചെയ്യുന്ന അഴകിയ രാവണന്‍ എന്ന സിനിമയിലേക്ക് ഒരു കുഞ്ഞുശബ്ദം തിരക്കി നടക്കുകയായിരുന്ന കമലിന്റെ മനസിനെ ഷബ്നമിന്റെ ആലാപനവും ശബ്ദവും സ്വാധീനിച്ചു. ഉടന്‍ തന്നെ ഷബ്നമിനോട് എ.വി.എം സ്റ്റുഡിയോയിലെത്താന്‍ ആവശ്യപ്പെട്ട് ഫോണ്‍ വന്നു. തെല്ലൊരമ്പരപ്പോടെ മദ്രാസ് എ.വി.എം സ്റ്റുഡിയോയിലെത്തിയ ഷബ്നമിനെ കാത്ത് സുപ്രസിദ്ധ സംഗീത സംവിധായകന്‍ വിദ്യാസാഗര്‍ ഇരിപ്പുണ്ടായിരുന്നു. തന്റെ ആദ്യ മലയാള ഗാനത്തിനായുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഒരു ലളിതഗാനം പാടാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ‘ആരോഹണം അവരോഹണം’ എന്നു തുടങ്ങുന്ന ലളിതഗാനമാണ് ഷബ്നം പാടിയത്.

‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന മനോഹര ഗാനവും പാടിയാണ് ഷബ്നം അവിടെ നിന്ന് മടങ്ങുന്നത്. ആദ്യ ഗാനം തന്നെ യേശുദാസിനൊപ്പം എന്നത് സ്വപ്ന തുല്യമായിരുന്നു ഷബ്നമിന്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് പ്രസിദ്ധ സംഗീതജ്ഞ ഓമനക്കുട്ടി ടീച്ചറെ കണ്ടുമുട്ടുന്നത്. ആ ബന്ധം പിന്നീട് അവരുടെ കീഴില്‍ സംഗീതമഭ്യസിക്കാന്‍ പ്രേരണയായി.
‘വെണ്ണിലാ ചന്ദനക്കിണ്ണം’ എന്ന പാട്ട് ഹിറ്റായി മാറിയതോടെ സ്റ്റേജ് ഷോകളില്‍ ഷബ്നം ഒരു സ്ഥിരസാന്നിധ്യമായി.


‘നിഴലുകള്‍’ എന്ന ഒരു സീരിയലിനു വേണ്ടിയും ഷബ്നം പാടുകയുണ്ടായി.ആ ഗാനത്തിന് ദൃശ്യ, ക്രിട്ടിക്സ് അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി. പിയാനോയില്‍ ലണ്ടന്‍ ട്രിനിറ്റിയുടെ അംഗീകാരവും ഇതിനിടയില്‍ ശബ്‌നം കരഗതമാക്കിയിട്ടുണ്ട്.
സംഗീതത്തില്‍ ബിരുദ പഠനം നടത്തിക്കൊണ്ടിരിക്കെയാണ് വിവാഹം. ‘ആകാശഗംഗ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റിയാസാണ് വരന്‍.


കുടുംബത്തോടൊപ്പം മുന്നോട്ടു പോകാനായിരുന്നു പിന്നീട് ഷബ്നം താല്പര്യപ്പെട്ടത്. ഇതിനിടെയാണഅ എം.എ മ്യൂസിക് ചെയ്യണമെന്ന തീരുമാനത്തിലേക്കെത്തുന്നത്. ഏതാണ്ട് ഇക്കാലയളവില്‍ തന്നെയാണ് സൂഫി സംഗീതത്തോട് ചേര്‍ന്ന് സഞ്ചരിക്കാന്‍ ഷബ്നം തീരുമാനിക്കുന്നത്. ഒരു സംഗീത ശാഖ എന്നതിലുമപ്പുറം അതിലെ ആത്മീയാംശം കൂടി പുണരുകയായിരുന്നു ഷബ്നം. ഷബ്നമിന്റെ ഉമ്മൂമ്മയുടെ ഉപ്പൂപ്പ വാവാശാന്‍ ഭാഗവതര്‍ സ്വാതി തിരുനാളിന്റെ സദസില്‍ ഖവാലി അവതരിപ്പിക്കുകയും സമ്മാനങ്ങള്‍ വാങ്ങുകയുമുണ്ടായിട്ടുണ്ട്. ഈ പാരമ്പര്യവും ഒരു പക്ഷെ ഷബ്നമിനെ സൂഫി സംഗീതത്തോട് കൂടുതല്‍ അടുപ്പിക്കുന്നതിന് കാരണമായിട്ടുണ്ടാവാം. സംഗീതത്തില്‍ അവര്‍ കൂടുതല്‍ പഠനത്തിനു ഈ 34 കാരി തയ്യാറായി. നുസ്‌റത് ഫതേഹ് അലി ഖാനെ പോലെയുള്ള സംഗീതജ്ഞരുടെ ഖവാലികള്‍ ഈ പഠനത്തിന് കൈത്താങ്ങാവുകയും ചെയ്തു.

ആ സന്ദര്‍ഭത്തിലാണ് എന്തുകൊണ്ട് തനിക്ക് ഒരു ബാന്റുണ്ടാക്കിക്കൂടാ എന്ന് ഷബ്‌നം ചിന്തിക്കുന്നത്. ആ ചിന്ത ‘ലയാലി സൂഫിയ’ എന്ന ബാന്റിന്റെ പിറവിയിലേക്കാണ് നയിച്ചത്. ഒരേ ഖവാലി ഓരോ വേദിയിലും വ്യത്യസ്തമായ അനുഭവങ്ങളാണുണ്ടാക്കുക.

കൊറോണക്കാലം പരിസ്ഥിതി ബോധം വളർത്തിയതായി പഠനം

0

കഴിഞ്ഞ വര്‍ഷത്തെ ലോക്ഡൗണിനെ തുടര്‍ന്ന് പകുതിയിലേറെ ഇന്ത്യക്കാര്‍ (52 ശതമാനം) പരിസ്ഥിതി അവബോധമുള്ളവരായി മാറിയെന്ന് ഇതു സംബന്ധിച്ച് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയ പഠനം.

മഹാമാരിയും അതേ തുടര്‍ന്നെത്തിയ ലോക്ഡൗണും മൂലം ചെടികള്‍ നടുന്നതിലും സാധനങ്ങള്‍ വാങ്ങുന്നതിലും ഊര്‍ജ്ജം സംരക്ഷിക്കുന്നതിനുമെല്ലാം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന രീതിയാണ് ഇവരില്‍ ഉടലെടുത്തത്. ജനങ്ങള്‍ ചെയ്ത ചെറിയ കാര്യങ്ങളെ കുറിച്ചുള്ള പഠനമാണ് ഗോദ്‌റെജ് ഗ്രൂപ്പ് നടത്തിയത്. ലോക്ഡൗണ്‍ ആരംഭിച്ചതിനു ശേഷമുള്ള പത്തു മാസങ്ങളിലെ അനുഭവങ്ങള്‍ ജനങ്ങളെ കൂടുതല്‍ സഹന ശേഷിയുള്ളവരുമാക്കി മാറ്റി. 44 ശതമാനം പേര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും സഹായങ്ങള്‍ ആവശ്യമുള്ളവരെ പിന്തുണക്കാനായി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്തു. 22.87 ശതമാനം ഇന്ത്യക്കാര്‍ ഇപ്പോള്‍ പാചകവും പെയിന്റിങും അടക്കമുള്ള ഹോബികള്‍ കൂടുതലായി ഇഷ്ടപ്പെടുകയും സ്വയം സന്തോഷവാന്‍മാരായി മാറുകയും ചെയ്യുന്നുണ്ട്.

ലോക്ഡൗണ്‍ കാലത്ത് വായനയിലും സംഗീതം ആസ്വദിക്കുന്നതിലും ആനന്ദം കണ്ടെത്തിയവര്‍ 23.19 ശതമാനം പേരാണ്. 2020 ഫെബ്രുവരിയിലും മാര്‍ച്ചിലും കേക്ക് ഉണ്ടാക്കുന്നതിനെ കുറിച്ചു സെര്‍ച്ച് ചെയ്തവരുടെ എണ്ണം 238.46 ശതമാനത്തോളം വര്‍ധിച്ചു. നിര്‍ബന്ധമായ അടച്ചിടല്‍ കുടുംബ ബന്ധങ്ങളുടെ കാര്യത്തിലും പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചു. 36 ശതമാനത്തോളെ പേര്‍ കുടുംബവുമൊത്ത് കൂടുതല്‍ സമയം ചെലവഴിച്ചു. യാത്രകള്‍ ഒഴിവായതാണ് ഇതിനു വഴിയൊരുക്കിയത്. മറ്റു ബുദ്ധിമുട്ടുകളും തടസങ്ങളും ഇല്ലാത്തതിനാല്‍ തങ്ങളുടെ ജോലികള്‍ കൂടുതല്‍ ഫലപ്രദമായും സമയത്തും തീര്‍ക്കാനായി എന്നാണ് ഈ പഠനത്തോടു പ്രതികരിച്ചവരില്‍ 19 ശതമാനം ചൂണ്ടിക്കാട്ടിയത്.ലോക്ഡൗണ്‍ കാലത്ത് നിരവധി പേര്‍ക്ക് സാമൂഹ്യ മാധ്യമങ്ങള്‍ സന്തോഷം നല്‍കുന്ന ഒരു ഉപാധിയായി മാറിയെന്നും പഠനം വ്യക്തമാക്കുന്നു.

ആൻഡ്രോയിഡ് ഫോണിൽ ഇപ്പഴും സുരക്ഷാ പ്രശ്നം

0

ന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. (സിഇആര്‍ടി) മുന്നറിയിപ്പ്. ആന്‍ഡ്രോയിഡ് 10, ആന്‍ഡ്രോയിഡ് 11, ആന്‍ഡ്രോയിഡ് 12 ഓഎസ് ഉപഭോക്താക്കള്‍ക്ക് സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് അറിയിപ്പ്.

നിരവധി സുരക്ഷാ പ്രശ്‌നങ്ങള്‍ ആന്‍ഡ്രോയിഡ് ഓഎസുകളില്‍ ഉണ്ടെന്ന് ഐ ടി മന്ത്രാലയത്തിന് കീഴിലുള്ള ഈ ഏജൻസി പറയുന്നു. ഇവ ദുരുപയോഗം ചെയ്താല്‍ മറ്റൊരാള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്താനും, മറ്റ് രീതിയിലുള്ള സൈബറാക്രമണങ്ങള്‍ നടത്താനും സാധിക്കും.

ആന്‍ഡ്രോയിഡ് റണ്‍ ടൈം, ഫ്രേയിം വര്‍ക്ക് കംപോണന്റ്, മീഡിയാ ഫ്രെയിംവര്‍ക്ക്, കെര്‍നര്‍, മീഡിയാ ടെക്, ക്വാല്‍കോം എന്നിവയിലെ കംപോണന്റുകള്‍, ക്വാല്‍കോം ക്ലോസ്ഡ് സോഴ്‌സ് കംപോണന്റുകള്‍, സിസ്റ്റം എന്നിവയിലാണ് പ്രശ്‌നങ്ങള്‍ ഉള്ളതെന്ന് സിഇആര്‍ടി വ്യക്തമാക്കി.

ഈ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ ഗൂഗിള്‍ ഈ മാസം ആദ്യം പുതിയ ആന്‍ഡ്രോയിഡ് അപ്‌ഡേറ്റ് അവതരിപ്പിച്ചിരുന്നു. ഈ പ്രശ്‌നങ്ങളെല്ലാം അതില്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ആന്‍ഡ്രോയിഡ് സെക്യുരിറ്റി ബുള്ളറ്റിന്‍ അവകാശപ്പെടുന്നത്.

ഇത് കൂടാതെ, ഗൂഗിള്‍ ക്രോം ഉപഭോക്താക്കള്‍ക്കും സിഇആര്‍ടി സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ക്രോം ബ്രൗസറിലെ സുരക്ഷാ പ്രശ്‌നം ദുരുപയോഗം ചെയ്ത് മറ്റൊരാള്‍ക്ക് കംപ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാനാവുമെന്നാണ് മുന്നറിയിപ്പ്.

കൊച്ചിയിലും കോയമ്പത്തൂരും ഐ ബി എം പുതിയ ഇന്നവേഷൻ സെൻ്റർ തുടങ്ങുന്നു

0

 കൊച്ചിയിലും കോയമ്പത്തൂരിലും ഐബിഎം ക്ലയന്റ് ഇന്നൊവേഷൻ സെന്ററുകൾ (സിഐസി) തുടങ്ങുന്നു. ഡിജിറ്റൽ പരിവർത്തനം കൂടുതൽ ത്വരിത ഗതിയിലാവുകയും സാമ്പത്തിക വളർച്ച വർധിപ്പിക്കുകയും ചെയ്യുകയാണ് ഇന്നെവേഷന്‍ സെന്ററുകളുടെ ലക്ഷ്യം. ഹൈബ്രിഡ് ക്ലൗഡ്, AI കൺസൾട്ടിംഗ് എന്നിവ മെച്ചപ്പെടുത്തുനാണ് കമ്പനിയുടെ ശ്രദ്ധ.

മികച്ച സൊല്യൂഷനുകൾ സൃഷ്ടിക്കുന്നതിനായി ക്ലയന്റുകളുമായും പങ്കാളികളുമായും സഹകരിച്ച് പുതിയ ഐബിഎം ഗാരേജ് ഡെലിവറി രീതി പ്രവർത്തികമാക്കും എന്നാണ് പ്രഖ്യാപനം

കൊച്ചിയിലും കോയമ്പത്തൂരിലും നിലവിലുള്ള ജീവനക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ നിന്നുള്ള കഴിവുള്ള ബിരുദധാരികൾ ഉൾപ്പെടെയുള്ള പ്രതിഭകളെ കമ്പനിയിലെ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

അക്വിസിഷൻ പരമ്പരയിലുള്ള ശക്തമായ പോർട്ട്‌ഫോളിയോയും സാങ്കേതികവിദ്യയിലുള്ള കഴിവും ബിസിനസ്സ് വളർച്ചയ്ക്കും ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനുമായി ഐബിഎം പ്രയോജനപ്പെടുത്തും. 2022 ഫെബ്രുവരിയിൽ സ്വന്തമാക്കിയ കൊച്ചിയിൽ പ്രവർത്തിക്കുന്ന ന്യൂഡെസിക് ആണ് അക്വിസിഷൻ പരമ്പരയിലെ പുത്തൻ കൂട്ടിച്ചേർക്കൽ.

ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ഡൽഹി എൻ സി ആർ, പൂനെ, മൈസൂരു എന്നിവയുൾപ്പെടെ ഇന്ത്യയിലെ പത്ത് സിഐസി ലൊക്കേഷനുകളിൽ ഐബിഎം കൺസൾട്ടിംഗ് ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട് .

കേരളം കാലത്തെ അടയാളപ്പെടുത്തുന്ന ദേശം – അനുരാഗ് കശ്യപ്

0

മറ്റുള്ളവർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോൾ നാം ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്താനാണ് മലയാള സിനിമ പരിശ്രമിക്കുന്നതെന്ന്  സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ  ഉണ്ടാകുന്നത് ഇപ്പോൾ മലയാളത്തിലാണ്. മുഖ്യധാരാ സിനിമകളിലും മികച്ച പരീക്ഷണങ്ങൾ നടക്കുന്നു എന്നതാണ് മലയാളത്തിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.

ഇനി ക്രിക്കറ്റ്, ഐ പി എൽ പൂരത്തിന് ശനിയാഴ്ച കൊടിയേറ്റ്

0

ഐപിഎൽ ക്രിക്കറ്റിന്റെ 15–-ാംപതിപ്പിന്‌ ശനിയാഴ്‌ച തുടക്കമാകും. ആദ്യ കളിയിൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ നേരിടും. ഐഎസ്‌എല്ലിനു പിന്നാലെയാണ് ഐപിഎൽ എത്തുന്നത്. ഇതോടെ ഫുട്‌ബോൾ ആവേശം ക്രിക്കറ്റിന്‌ വഴിമാറും.

വൈകുന്നേരം ഏഴരയ്‌ക്കാണ്‌ മത്സരങ്ങൾ. രണ്ട്‌ കളിയുള്ള ഞായറാഴ്‌ചകളിൽ പകൽ 3.30നും മത്സരമുണ്ട്‌. പുതുസംഘമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത്‌ ടൈറ്റൻസും ഉൾപ്പെടെ ആകെ 10 ടീമുകളാണ്‌. മെയ്‌ 29ന്‌ ഫൈനൽ. മഹാരാഷ്ട്രയിലെ നാല്‌ വേദികളിലായാണ്‌ കളി. 25 ശതമാനം കാണികൾക്ക്‌ പ്രവേശനമുണ്ട്‌.

രണ്ട്‌ ഗ്രൂപ്പുകളായാണ്‌ പോരാട്ടം. പ്രാഥമികഘട്ടത്തിൽ 70 മത്സരം. ഗ്രൂപ്പ്‌ എയിൽ അഞ്ചുവട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌, കൊൽക്കത്ത, രാജസ്ഥാൻ റോയൽസ്‌, ഡൽഹി ക്യാപിറ്റൽസ്‌, ലഖ്‌നൗ ടീമുകളാണ്‌. ബി ഗ്രൂപ്പിൽ നാലുവട്ടം ജേതാക്കളായ മഹേന്ദ്രസിങ്‌ ധോണിയുടെ ചെന്നൈക്കൊപ്പം സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ, പഞ്ചാബ്‌ കിങ്‌സ്‌, ഗുജറാത്ത്‌ ടീമുകൾ അണിനിരക്കുന്നു.

സീസണിന്‌ മുന്നോടിയായി മഹാതാരലേലം നടന്നതിനാൽ പുതുനിരയാണ്‌ എല്ലാ സംഘങ്ങളിലും. ചെന്നൈയിൽ ധോണിക്കൊപ്പം രവീന്ദ്ര ജഡേജയും ഋതുരാജ്‌ ഗെയ്‌ക്‌വാദുമെല്ലാം തുടർന്നു. ഡിവൻ കൊൺവേ, മഹേഷ്‌ തീക്ഷണ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്‌, രാജ്‌വർധൻ ഹംഗർഗേക്കർ എന്നിവരാണ്‌ ലേലത്തിൽ സ്വന്തമാക്കിയ പ്രധാന താരങ്ങൾ.  രോഹിത്‌ ശർമയുടെ മുംബൈ ഇഷാൻ കിഷനെ പൊന്നുംവിലയ്‌ക്ക്‌ വീണ്ടും എത്തിച്ചു. സൂര്യകുമാർ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, ജോഫ്ര ആർച്ചെർ, ടിം ഡേവിഡ്‌, ഡാനിയേൽ സാംസ്‌ എന്നീ കരുത്തരുമുണ്ട്‌.

ഡൽഹിയിൽ ഡേവിഡ്‌ വാർണറാണ്‌ പ്രധാനി. റൊവ്‌മാൻ പവെൽ, ശാർദൂൽ ഠാക്കൂർ എന്നിവരും ഋഷഭ്‌ പന്തിന്റെ സംഘത്തിലുണ്ട്‌.  ശ്രേയസ്‌ അയ്യറിന്‌ കീഴിലാണ്‌ കൊൽക്കത്ത എത്തുന്നത്‌. ഓൾറൗണ്ടർമാരായ ആന്ദ്രെ റസെലിലും വെങ്കിടേഷ്‌ അയ്യരിലുമാണ്‌ പ്രതീക്ഷകൾ. മായങ്ക്‌ അഗർവാളാണ്‌ പഞ്ചാബ്‌ ക്യാപ്‌റ്റൻ. ശിഖർ ധവാൻ, ഒഡിയൻ സ്‌മിത്ത്‌, ഷാരുഖ്‌ ഖാൻ എന്നിവർ ഒറ്റയ്‌ക്ക്‌ കളിഗതി മാറ്റാൻ പ്രാപ്‌തിയുള്ളവർ. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‌ ബൗളിങ്‌ നിരയാണ്‌ കരുത്ത്‌. ആർ അശ്വിൻ–-യുശ്‌വേന്ദ്ര ചഹാൽ സ്‌പിൻ സഖ്യത്തിലും ട്രെന്റ്‌ ബോൾട്ടിന്‌ കീഴിലുള്ള പേസർമാരിലുമാണ്‌ പ്രതീക്ഷ.

വിരാട്‌ കോഹ്‌ലിക്ക്‌ പകരം ഫാഫ്‌ ഡു പ്ലെസിസാണ്‌ ബാംഗ്ലൂരിന്റെ ക്യാപ്‌റ്റൻ. ഗ്ലെൻ മാക്‌സ്‌വെൽ, ഷെർഫെയ്‌ൻ റുതർഫോർഡ്‌ എന്നീ മികച്ച ഓൾറൗണ്ടർമാരുടെ നിരയുമായാണ്‌ വരവ്‌. കെയ്‌ൻ വില്യംസണിന്റെ ഹൈദരാബാദിൽ നിക്കോളാസ്‌ പുരാൻ, വാഷിങ്‌ടൺ സുന്ദർ എന്നിവരാണ്‌ പ്രമുഖർ. ലോകേഷ്‌ രാഹുലിന്‌ കീഴിൽ ഒരുങ്ങുന്ന ലഖ്‌നൗവിൽ ക്വിന്റൺ ഡി കോക്ക്‌, മാർകസ്‌ സ്‌റ്റോയിനിസ്‌, ആവേശ്‌ ഖാൻ തുടങ്ങിയവരുണ്ട്‌. ഹാർദിക്‌ പാണ്ഡ്യയാണ്‌ ഗുജറാത്തിന്റെ നായകൻ. റഷീദ്‌ ഖാനിലും ലോക്കി ഫെർഗൂസണിലും പ്രതീക്ഷ.