പരീക്ഷണ യാത്രയിൽ ആഹ്ളാദം, കൊച്ചി വാട്ടർ മെട്രോ ടൂറിസം ഉടൻ

0

കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുന്നു. 76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായാണ് കൊച്ചി വാട്ടർമെട്രോ സര്‍വീസ് നടത്തുക.

38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയായി. കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായത്. വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം വെക്കുന്നത്.

23 ബോട്ടുകളാണ് വാട്ടർമെട്രോയുടെ ഭാഗമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിർമിക്കുന്നത്. നവംബർ മാസത്തോടെ ഇവ കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ആദ്യ ബോട്ടായ മുസിരിസ് കഴിഞ്ഞ ആഴ്ച പരീക്ഷണ സവാരി നടത്തി. നാല് ബോട്ടുകള്‍ കൂടി ലഭിക്കുന്നതോടെ സര്‍വീസ് ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയുന്നതാകും സംവിധാനം. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാര്‍ക്ക് പ്രവേശനം.

വൈറ്റില ഹബ്ബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെൻ്ററിൽ നിന്ന് ബോട്ടിൻ്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള ഓട്ടോമാറ്റിക് സജ്ജീകരണവും രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ ക്യാമറയും ഒരുക്കുന്നുണ്ട്. ചുരുങ്ങിയ ചെലവിൽ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും യാത്ര ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിത്. മെട്രോ പൂർത്തിയാകുന്നതോടെ കൊച്ചിയുടെ ടൂറിസം-ഗതാഗത മേഖലകളിൽ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ വാട്ടർ മെട്രോയ്ക്ക് സാധിക്കും.

റഷ്യ വാക്വം ബോംബുകൾ ഉപയോഗിച്ചുവോ

0

വാക്വം ബോംബുകള്‍ അഥവ തെര്‍മോബാറിക് ബോംബുകള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരമായ ആണവേതര ആയുധമാണ്. ഉയര്‍ന്ന സ്‌ഫോടനശേഷിയുള്ള ഈ ബോംബ് ചുറ്റുമുള്ള അന്തരീക്ഷത്തെക്കൂടി സ്‌ഫോടനത്തിന്റെ ഭാഗമാക്കും.

ചുറ്റുമുള്ള വായുവില്‍ നിന്ന് ഓക്‌സിജന്‍ വലിച്ചെടുത്ത് ഉയര്‍ന്ന ഊഷ്മാവിലാകും സ്‌ഫോടനം സൃഷ്ടിക്കുക. ഇതിലൂടെ സാധാരണ സ്‌ഫോടനാത്മകതയേക്കാള്‍ ദൈര്‍ഘ്യമുള്ള ഒരു സ്‌ഫോടന തരംഗം ഉണ്ടാവുകയും സ്‌ഫോടന പരിധിയിലുള്ള മനുഷ്യശരീരങ്ങളെ ബാഷ്പീകരിക്കുകയും ചെയ്യുന്നു.

1960കളില്‍ വിയറ്റ്‌നാം യുദ്ധകാലഘട്ടത്തിലാണ് അമേരിക്ക ആദ്യമായി തെര്‍മൊബാറിക് ബോംബുകള്‍ വികസിപ്പിക്കുന്നത്. തുടര്‍ന്ന് സോവിയറ്റ് യൂണിയനും ഇത്തരം ബോംബുകള്‍ വികസിപ്പിച്ചെടുത്തു. സിറിയന്‍ ആഭ്യന്തരയുദ്ധകാലത്ത് റഷ്യ തെര്‍മോബാറിക് ബോംബുകള്‍ ഉപയോഗിച്ചിരുന്നതായി ആരോപണം ഉണ്ടായിരുന്നു.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ജർമ്മിനിയാണ് ഇത് ഉപയോഗിച്ചത്. കൃത്യമായ നിയമം നിയന്ത്രണങ്ങൾക്കായി ഇല്ല. എങ്കിലും ജനങ്ങൾക്ക് മേലുള്ള പ്രയോഗം വാർ ക്രൈം ആയാണ് കാണുന്നത്.

കൃഷി ആരാധന തന്നെയായിരുന്ന കേരളം

0

കൃഷിയും നാടോടിക്കഥകളും പോയ കാലത്തിൻ്റെ ശാസ്ത്ര ബന്ധമാണ്. സ്ഥായിയായ കാര്‍ഷിക സമൂഹങ്ങളുടെയെല്ലാം നിലനില്‍പ്പുതന്നെ അവയുടെ പാരിസ്ഥിതികബോധത്തെയും നാടോടി കഥാബോധത്തെയും ആശ്രയിച്ചായിരുന്നു. കൃഷിയും പരിസ്ഥിതിയും നാടോടിക്കഥകളും ഇന്ന് മറവിയുടെ വക്കിലാണ്. അതുകൊണ്ടുതന്നെ ഇവ തമ്മിലുള്ള പാരസ്പര്യത്തിന്‍റെ പരിശോധനയും വിശകലനവും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്.

പ്രകൃതി സമ്പത്തുകൊണ്ട് അനുഗ്രഹീതമാണ് കേരളം. നല്ല മഴയും മിതമായ ചൂടും ഇളം തണുപ്പുള്ള മഞ്ഞുകാലവും. കിഴക്കുള്ള മലനിരകളും പടിഞ്ഞാറുള്ള കടലും കേരളത്തിനു പ്രകൃതിപരമായ നിരവധി സൗഭാഗ്യങ്ങള്‍ ചൊരിയുന്നുണ്ട്. ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകള്‍ വൈവിധ്യമാര്‍ന്ന കൃഷിരീതിക്ക് ഇവിടെ രൂപം നല്‍കി. ഗോത്രസമൂഹങ്ങള്‍ മണ്ണിനേയും ചുറ്റുപാടുകളെയും അറിഞ്ഞും അവയെ പരിരക്ഷിച്ചും കൊണ്ടുള്ള കൃഷിരീതികളാണ് പാലിച്ചിരുന്നത്.

പുനംകൃഷി

ആദിമ ഗോത്രക്കാരുടെ കൃഷിരീതിയാണ് പുനംകൃഷി. കേരളത്തിലെ ആദ്യ കൃഷിരീതികളിലൊന്നായി ഇതിനെ കണക്കാക്കാവുന്നതാണ്. കാട് വെട്ടിത്തെളിച്ച് ചുട്ടെരിച്ചാണ് പുനംകൃഷി ചെയ്യുന്നത്. ഒരു സ്ഥലത്ത് തുടര്‍ച്ചയായി പുനംകൃഷി ചെയ്യാറില്ല. ഒരിക്കല്‍ കൃഷി ചെയ്തശേഷം ആ സ്ഥലം ഉപേക്ഷിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകും.

പിന്നീട് പ്രസ്തുത സ്ഥലത്തേക്ക് തിരികെ വരുന്നത് വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും. ചില ആദിവാസികള്‍ ഒരിക്കല്‍ കൃഷി നടത്തിയ സ്ഥലത്തേക്ക് ഏഴും പത്തും വര്‍ഷം കഴിഞ്ഞാലെ കൃഷിക്കായി തിരികെ വരുകയുള്ളൂ. പുനംകൃഷിയിടങ്ങള്‍ കൃഷി വൈവിധ്യങ്ങളുടെ കൂടി ഇടമാണ്. നെല്ല്, തിന പച്ചക്കറി തുടങ്ങി സമൂഹത്തിനാവശ്യമായ ഇനങ്ങളെല്ലാം കൃഷി ചെയ്യും.

കേരളത്തിൽ മാത്രമല്ല ഗോത്രവർഗ്ഗങ്ങൾക്ക് ഇടയിൽ പരക്കെ ഈ കൃഷി രീതി കാണാം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുടെയും വൈവിധ്യമാര്‍ന്ന കൃഷിരീതികളുടെയും ഭാഗമായി അത്രതന്നെ വൈവിധ്യമാര്‍ന്ന അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉണ്ടായിരുന്നു എന്നത് കേരളത്തിന്‍റെ പ്രത്യേകതയാണ്.

കൃഷി ആരംഭിക്കുന്നത് മുതല്‍ വിളവെടുക്കുന്നതുവരെ പ്രത്യേക ആചാരങ്ങളുണ്ട്. കരിച്ചാല്‍, കൈക്കോട്ടുച്ചാല്‍, ഇരുപത്തെട്ടുചാലും വരച്ചിലും, ഒക്കല്‍, മാട്ടുപൊങ്കല്‍, നിറ, ആരി, കങ്ങാനി വെക്കലും കലം പെരുക്കലും, കതിരും കൂടും, കതിരും കൂട്ടക്കാലം തുടങ്ങി വ്യത്യസ്തങ്ങളായ അനവധി അനുഷ്ഠാന പ്രക്രിയകള്‍ കേരളത്തിലെങ്ങും നടപ്പിലുണ്ടായിരുന്നു. ഈ അനുഷ്ഠാനങ്ങളുടെയും കാര്‍ഷികോത്സവങ്ങളുടെയും ഭാഗമായുള്ള കലാപ്രകടനങ്ങളും നിരവധിയാണ്.

ഓരോ കാര്‍ഷികവൃത്തിയുടെയും ആരംഭം കുറിച്ചുകൊണ്ട് നിരവധി ആചാരാനുഷ്ടാനങ്ങള്‍ ഉണ്ട്.

കരിച്ചാല്‍

വിഷുക്കണി കഴിഞ്ഞതിനുശേഷം ഒരു നല്ല മുഹൂര്‍ത്തത്തിലാണ് കരിച്ചാല്‍ നടത്തുന്നത്. പുലര്‍ച്ചെയാണ് ചടങ്ങുകള്‍ നടത്തുന്നത്. മുറ്റംമെഴുകി അതില്‍ കരിയും നുകവും വരയ്ക്കുന്നു. തുടര്‍ന്ന് കാരണവര്‍ പൂജ നടത്തും. പൂജ കഴിഞ്ഞാല്‍ കന്നിനെ പാടത്തുകൊണ്ടുപോയി പൂട്ടും. വയലില്‍ ചാല്‍ എടുത്തശേഷം ആ സ്ഥലത്ത് കുറച്ച് വിത്തിറക്കും. വിത്തിറക്കുന്ന കാലവും സമയവും അനുഷ്ഠാനപരമായ പ്രാധാന്യം നേടുന്നു.

കൈക്കോട്ടുച്ചാല്‍

വിഷു ഒന്നാം തീയ്യതിയാണ് ഈ അനുഷ്ഠാനം നടത്തുന്നത്. ചില സ്ഥലങ്ങളിലെ നെല്‍കൃഷിയുടെയും പച്ചക്കറി കൃഷിയുടെയും തുടക്കമാണിത്. വിഷുക്കണി കണ്ടതിനുശേഷം ഉച്ചയോടെ പറമ്പില്‍ ചടങ്ങുകള്‍ നടത്തും. ചില സ്ഥലങ്ങളില്‍ പൂജ നടത്തും. അതുകഴിഞ്ഞാല്‍ ഏതെങ്കിലും പച്ചക്കറി വിത്ത് നടും. ചില സ്ഥലങ്ങളില്‍ നെല്‍വിത്താണ് വിതറുന്നത്. അധ്വാനിക്കുന്ന ജനത അവരുടെ അധ്വാനഭാരം ലഘൂകരിക്കാന്‍ പാട്ടുകള്‍ പാടും. കാര്‍ഷിക അധ്വാന പ്രക്രിയയുടെ ഭാഗമായി കേരളത്തില്‍ നിരവധി ഗാനരൂപങ്ങളും ഉണ്ടായിരുന്നു. കഥാഗാനങ്ങളും കൃഷിക്രമങ്ങള്‍ വിവരിക്കുന്ന പാട്ടുകളും ഇവയില്‍ ഉണ്ട്. വിത്തുപാട്ട്, ഞാറ്റുപാട്ട്, കൊയ്ത്തുപാട്ട്, എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പാട്ടുരീതികള്‍ എല്ലാ പ്രദേശങ്ങളിലും നിലവിലുണ്ടായിരുന്നു. വാമൊഴി ആയി തലമുറകളില്‍ നിന്നും തലമുറകളിലേക്ക് പകര്‍ന്നു വീണവ ആയിരുന്നു ഇവ.

നാട്ടിപ്പാട്ട്

കാര്‍ഷിക സംസ്കൃതിയുടെ ഭാഗമായി അപൂര്‍വ്വമായെങ്കിലും ഇന്നും നിലനില്‍ക്കുന്ന ഗാനരീതിയാണ് നാട്ടിപ്പാട്ട്. നാട്ടിപ്പണിയുടെ ഭാഗമായി കേരളത്തില്‍ അപൂര്‍വ്വമായി ഇപ്പോഴും നാട്ടിപ്പാട്ട് പാടിവരുന്നുണ്ട്. പറിച്ചുനാടാറായ നെല്‍ചെടിയെ ഞാറ് എന്നുപറയും. ഞാറ് പറിച്ചുനടുന്നതിനെ നാട്ടിപ്പണി എന്നും. ഞാറ് നടുക അഥവാ കുഴിച്ചിടുക എന്നാണ് ഇതിനര്‍ഥം. ഉഴുതു പാകമാക്കിയ നെല്‍വയലുകളില്‍ സ്ത്രീകള്‍ തള്ളവിരലും ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് ഞാറു നടുമ്പോള്‍ പാട്ടുപാടും.

അതിനെ നാട്ടിപ്പാട്ട് എന്ന് പറയും. ഇടവം – കര്‍ക്കിടകം മാസത്തില്‍ നാട്ടിപ്പണി ചെയ്യുമ്പോള്‍ കനത്ത മഴയും കാണും. ഓലകൊണ്ടുണ്ടാക്കിയ വലിയ കുട (കളക്കുട എന്നാണ് ഇതിന്‍റെ പേര്) പുറത്തുചൂടി വരിയായി കുനിഞ്ഞുനിന്നാണ് ഞാറുനടുക പതിവ്. കൂട്ടമായും ഒറ്റയ്ക്കായും പാടും. ഒരാള്‍ പാടിയ പാട്ടിന്‍റെ ബാക്കി ഭാഗം മറ്റൊരാള്‍ മത്സരിച്ചു പാടുന്ന രീതിയും ഉണ്ട്. വടക്കന്‍ പാട്ടുകളിലെ തച്ചോളി പാട്ടുകളും പുത്തൂരം പാട്ടുകളുമാണ് സാധാരണ പാടാറുള്ളത്. വടക്കന്‍ പാട്ടുകളിലെ കഥാപാത്രങ്ങളെ തങ്ങളുടെ ഭാവനയ്ക്ക് അനുസൃതമായി തേച്ചുമിനുക്കിയാണ് വയലില്‍ പണി ചെയ്യുന്ന സ്ത്രീകള്‍ ഈ പാട്ടുകളിലൂടെ അവതരിപ്പിക്കുന്നത്. കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ പാടിവരുന്ന നാട്ടിപ്പാട്ടുകള്‍ വളരെ വ്യത്യസ്തമാണ്. താളപ്രധാനമായവയാണ് ഇത് എന്നുകാണാം.

നിറ

കര്‍ക്കിടകം – ചിങ്ങം മാസത്തിലാണ് നിറ ആഘോഷം. നെല്‍കൃഷി കതിരിടുന്ന കാലയളവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. തെരഞ്ഞെടുത്ത വയലിന്‍റെ ഒരു പ്രത്യേക സ്ഥാനത്തുനിന്നും കതിര്‍ക്കുല അരിഞ്ഞെടുക്കും. ചില പ്രത്യേക ഇലകളും വള്ളികളും വീടിന്‍റെ പ്രധാന സ്ഥാനങ്ങളില്‍ ഗൃഹനാഥന്‍ കെട്ടും. ചില സ്ഥലങ്ങളില്‍ ക്ഷേത്രത്തില്‍നിന്നോ കാവുകളില്‍ നിന്നോ കതിര്‍ക്കുല വിതരണം ചെയ്യും. കേരളത്തിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും പ്രാദേശികമായ വ്യതിയാനങ്ങളോടെ നിറ ആചരിക്കാറുണ്ട്.

ചുരുട്ട്

പാലക്കാട് ജില്ലയില്‍ കൊയ്ത്ത് അവസാനത്തോടെ നടത്തുന്ന ചടങ്ങാണ് ചുരുട്ട്. മകരക്കൊയ്ത്ത് കഴിഞ്ഞാല്‍ എല്ലാ പണിക്കാരും ഒരു സ്ഥലത്ത് ഒത്തുചേരും. മെതിച്ച നെല്ലുകൊണ്ട് വലിയ മൂന്നു ചുരുട്ടുകള്‍ കെട്ടും. ഈ മൂന്നു ചുരുട്ടുകളും വയലിന്‍റെ വലത്തേ മുക്കില്‍ കുത്തി നിര്‍ത്തും. തുടര്‍ന്ന് എല്ലാവരും ചേര്‍ന്ന് ഉറക്കെ ആര്‍പ്പുവിളിക്കും. ആ വര്‍ഷത്തെ കൊയ്ത്ത് അവസാനിച്ചതിന്‍റെ വിളംബരമായാണ് ഇങ്ങനെ ചെയ്യുന്നത്.

പുത്തരി

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു വര്‍ഷത്തെ വിളവില്‍ നിന്ന് ഉണ്ടാക്കുന്ന ആദ്യത്തെ അരി ഉപയോഗിച്ചുകൊണ്ട് വീടുകളില്‍ ഉണ്ടാക്കുന്ന വിഭവസമൃദ്ധമായ സദ്യയോടുകൂടിയ ചടങ്ങാണ് പുത്തരി. കാവുകളിലും ക്ഷേത്രങ്ങളിലും പുത്തരി ആഘോഷിക്കാറുണ്ട്.

തെയ്യങ്ങളുടെ കാർഷിക ബന്ധം

മിക്കവാറും എല്ലാ തെയ്യാനുഷ്ടാനങ്ങളിലും കാര്‍ഷിക വിഭവങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത സ്ഥാനമുണ്ട്. കൃഷിയുമായി നേരിട്ട് ബന്ധമുള്ള തെയ്യങ്ങളും നിരവധിയുണ്ട്. തറവാട്ട് സ്ഥാനങ്ങളില്‍ മാത്രമല്ല കൃഷിയിടങ്ങളില്‍ത്തന്നെ വിളവ്‌ പൊലിപ്പിക്കാന്‍ ഉറഞ്ഞുതുള്ളുന്ന നിരവധി തെയ്യങ്ങളും ഉണ്ട്. വിത്ത് വിതയ്ക്കുന്ന തെയ്യങ്ങളും മുറവും അരിവാളും എടുത്തു ചുവടുവയ്ക്കുന്ന കുറത്തി തെയ്യവും കാര്‍ഷിക കൂട്ടായ്മയിലെ രോഗശാന്തിക്കായി എത്തുന്ന മാരിതെയ്യവും നെല്ലുകുത്തി തെയ്യം എന്ന പേരില്‍ അറിയപ്പെടുന്ന തൊരക്കാരത്തി തെയ്യവും കാര്‍ഷിക ദേവതയായ ധൂമാവതി ചാമുണ്ഡിയും ഉള്‍പ്പെടെ ഇത്തരം നിരവധി തെയ്യക്കോലങ്ങളെ ഇവയില്‍പ്പെടുത്താവുന്നതാണ്.

ഇതിനും പുറമേ കാര്‍ഷിക അനുഷ്ഠാനവുമായി ബന്ധപ്പെട്ട കലാരൂപങ്ങള്‍ വേറെയും ഉണ്ട്. കോതാമ്മൂരിയാട്ടവും എരുതുകളിയും അത്തരം അനുഷ്ടാനങ്ങളില്‍ ചിലതുമാത്രം.

കോതാമ്മൂരിയാട്ടം

കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന അനുഷ്ടാന കലാരൂപമാണ്‌ കോതാമ്മൂരിയാട്ടം. ഉര്‍വരതാനുഷ്ടാനമാണ് കോതാമ്മൂരിയാട്ടം. തുലാം പത്തിനു ശേഷമാണ് കോതാമ്മൂരിയാട്ടം നടത്തുന്നത്. കൊയ്ത്തുകഴിഞ്ഞ് ധനസമൃദ്ധി നേടിയ അവസരമാണിത്. കോതാമ്മൂരി തെയ്യം വാദ്യക്കാരോടൊപ്പം വീടുകള്തോറും ചെല്ലും. ആണ്‍കുട്ടികളാണ് കോതാമ്മൂരി കെട്ടുന്നത്. വിളക്കും നിറനാഴിയും കിണ്ണത്തില്‍ ചുണ്ണാമ്പും കലക്കി കുരുതിവെള്ളവും മുറത്തില്‍ നെല്ലും ഒരുക്കിവെച്ചാണ് വീട്ടുകാര്‍ കോതാമ്മൂരിയെ സ്വീകരിക്കുന്നത്. കോതാമ്മൂരി സംഘം വീട്ടുമുറ്റത്ത് വന്ന് നൃത്തം ചെയ്‌താല്‍ വീട്ടില്‍ സമൃദ്ധിയും ഐശ്വര്യവും ആയുരാരോഗ്യവും ഉണ്ടാകുമെന്നാണ് പഴയകാല വിശ്വാസം.

എരുതുകളി

ആദിവാസി വിഭാഗമായ മാവിലരുടെ ഇടയിലാണ് എരുതുകളിക്ക് പ്രചാരം. എടുപ്പ് കാളയാണ് എരുതുകളിയിലെ പ്രധാന കഥാപാത്രം. കളിയിലെ വാദ്യങ്ങളായി ചെണ്ടയും ചിപ്പിലയും ഉപയോഗിക്കും. കാളയെയും വഹിച്ചു മാവിലര്‍ വീടുകള്‍ തോറും കയറിയിറങ്ങും. കളിക്കാര്‍ക്ക് വീട്ടുകാര്‍ സമ്മാനങ്ങള്‍ നല്‍കും. കാര്‍ഷിക സമൃദ്ധിക്കും ഗോസമൃദ്ധിക്കും വേണ്ടിയാണ് എരുതുകളി നടത്തുന്നത്. കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള പോത്തിനെയും കാളകളെയും ഉപയോഗിച്ചുള്ള മത്സരങ്ങള്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ ഭാഗമായി വേരോടിയ വിനോദ കലാരൂപങ്ങളാണ്.

കൃഷിയുമായി ബന്ധപ്പെട്ട പ്രകൃതി ആചാരങ്ങളും അനുഷ്ടാനങ്ങളും മണ്ണിനോടും പ്രകൃതിയോടും മനുഷ്യനോടുമുള്ള ആരാധനയും വിധേയത്വവും വെളിവാക്കുന്നവയാണ്‌. നമുക്ക് കൃഷി ഒരു അനുഷ്ടാനം കൂടിയായിരുന്നു. വിതച്ചു വിളവെടുക്കുന്നതിനപ്പുറം മനുഷ്യനെ സര്‍ഗ്ഗാത്മക ബോധത്തിലേക്ക് കൂടി നയിക്കുന്ന പ്രക്രിയയായിരുന്നു കൃഷി. ജ്ഞാനപാരമ്പര്യത്തിന് ഊര്‍ജ്ജസ്രോതസ്സുകളായി പ്രകൃതിവിഭവ പരിസരങ്ങള്‍ വര്‍ത്തിച്ചിരുന്നു. ജീവിതത്തിന്‍റെ പുതിയ ചിട്ടപ്പെടുത്തലുകളില്‍ ഈ സ്രോതസ്സുകള്‍ ചിന്നഭിന്നമായികൊണ്ടിരിക്കുകയാണ്. മനുഷ്യന് അന്നം തരുന്നത് മണ്ണും കൃഷിക്കാരനുമാണ്. കൃഷിതന്നെയാണ് നാടോടിക്കഥകള്‍ അടക്കമുള്ള നമ്മുടെ സംസ്കാരത്തിന്‍റെ പ്രധാന സ്രോതസ്സ്.

ഖത്തറിൽ മെർസ് കോവ് വൈറസ് ബാധ സ്ഥരീകരിച്ചു

0

ഖത്തറില്‍ ‘മെര്‍സ്’ വൈറസ് ബാധ സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 50 വയസുകാരനായ പുരുഷനിലാണ് ‘മിഡില്‍ ഈസ്റ്റ് റെസ്‍പിറേറ്ററി സിന്‍ട്രോം’ എന്ന ‘മെര്‍സ്’ സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് ഒട്ടകങ്ങളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്നു.

വൈറസ് ബാധ സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘മെര്‍സ്’ ബാധ സ്ഥിരീകരിക്കുകയോ സംശയിക്കപ്പെടുകയോ ചെയ്യുന്നവര്‍ക്കായുള്ള ഖത്തറിലെ ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയും പരിചരണവും ഇദ്ദേഹത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. നാഷണല്‍ പ്രോട്ടോക്കോള്‍ പ്രകാരം ഇവരെയും 14 ദിവസം നിരീക്ഷണത്തിന് വിധേയമാക്കും.

രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയവുമായി സഹകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം എല്ലാ മുന്‍കരുതല്‍ നടപടികളും പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചുവരികയാണ്. കൊറോണ വൈറസ് വിഭാഗത്തില്‍ പെടുന്ന (MERS – CoV) വൈറസായ മെര്‍സ്, ശ്വസന വ്യവസ്ഥയിലെ അവയവങ്ങളെയാണ് ബാധിക്കുന്നത്. എന്നാല്‍ ലോകമെമ്പാടും വ്യാപിച്ച നോവല്‍ കൊറേണ വൈറസുമായി (Covid – 19) ഇതിന് വ്യത്യാസങ്ങളുണ്ട്. രോഗം ബാധിക്കുന്ന ഉറവിടം, വ്യാപന രീതി, രോഗത്തിന്റെ തീവ്രത എന്നിവയിലെല്ലാം രണ്ട് വൈറസുകളും തമ്മില്‍ വ്യത്യാസമുണ്ട്. മൃഗങ്ങളുമായി നിരന്തര ബന്ധത്തിലൂടെ മാത്രം പകരുന്നതാണ്.

പൊതുജനങ്ങള്‍ ആരോഗ്യ സുരക്ഷാ നിബന്ധനകള്‍ പാലിക്കണമെന്നും ഗുരുതരമായ അസുഖങ്ങളുള്ളവരും പ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖങ്ങളുള്ളവരും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളവും സോപ്പും ഉപയോഗിച്ചോ ഹാന്റ് സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കുക, ഒട്ടകങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പനി, ചുമ, തൊണ്ടയിലെ അസ്വസ്ഥത, ശ്വാസ തടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാവുകയാണെങ്കില്‍ വൈദ്യ സഹായം തേടുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

മോൻസൺ മാവുങ്കലിൽ നിന്നും ലക്ഷങ്ങൾ കൈപ്പറ്റി. പൊലീസുകാർക്കെതിരെ നടപടി

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതിയായ മോന്‍സൺ മാവുങ്കലില്‍ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. മെട്രോ ഇന്‍സ്‌പെക്ടര്‍ എ. അനന്തലാല്‍, മേപ്പാടി എസ്‌ഐ എ.ബി. വിപിന്‍ എന്നിവര്‍ വന്‍തുക കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

മോന്‍സണ്‍ മാവുങ്കലിന്റെ സഹായി ജോഷിയുടെ അക്കൗണ്ടില്‍ നിന്ന് ഇരുവരുടേയും അക്കൗണ്ടില്‍ പണം എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മെട്രോ ഇന്‍സ്‌പെക്ടര്‍ അനന്തലാല്‍ ഒരു ലക്ഷം രൂപയും മേപ്പാടി എസ്‌ഐ വിപിന്‍ ഒന്നേ മുക്കാല്‍ ലക്ഷം രൂപയും കൈപ്പറ്റി എന്നാണ് കണ്ടെത്തല്‍.

എന്നാല്‍ പ്രാഥമിക ചോദ്യംചെയ്യലില്‍ തുക കടമായി വാങ്ങിയതായാണ് ഇവര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി. ഇവര്‍ക്ക് പണം കൈമാറിയ മോന്‍സന്റെ സഹായി ജോഷി പോക്‌സോ കേസ് പ്രതിയുമാണ്. എറണാകുളം ജില്ലാ ക്രൈംബ്രാഞ്ച് എസ്പിയ്ക്കാണ് അന്വേഷണത്തിന്റെ ചുമതല.

കെ റെയിൽ മുഖ്യമന്ത്രി വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.

സില്‍വര്‍ ലൈന് എതിരേ സംസ്ഥാനത്ത് വ്യാപകമായ രാഷ്ട്രീയ പ്രതിഷേധം ഉയരുന്നുണ്ട്. അതുപോലെ, കേന്ദ്രത്തിനും ഉള്ളത് പദ്ധതിക്ക് അനുകൂലമായ നിലപാടല്ല എന്നാണ് കഴിഞ്ഞദിവസം റെയില്‍വേ മന്ത്രി ലോക്‌സഭയില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തമാകുന്നത്. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെടാന്‍ നേരിട്ടിറങ്ങുന്നത്.

വ്യാഴാഴ്ച മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പാര്‍ലമെന്റിലായിരിക്കും കൂടിക്കാഴ്ച. പദ്ധതിക്കുണ്ടായിട്ടുള്ള തടസ്സങ്ങളെല്ലാം മറികടക്കാനുള്ള നീക്കമായിരിക്കും പിണറായി നടത്തുക.സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാവി നിര്‍ണയിക്കുന്ന കൂടിക്കാഴ്ചയായിരിക്കും ഇതെന്നാണ് കരുതുന്നത്.

കഴിഞ്ഞദിവസം കെ റെയില്‍ വിഷയം യു.ഡി.എഫ്. എം.പിമാര്‍ ലോക്‌സഭയില്‍ ഉന്നയിച്ചിരുന്നു. പദ്ധതിയുടെ പാരിസ്ഥിതിക വിഷയങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു ഇതിനുള്ള മറുപടിയില്‍ റെയില്‍വേ മന്ത്രി വ്യക്തമാക്കിയിരുന്നത്. മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഈ പദ്ധതിയോട് എടുത്ത നിലപാടില്‍നിന്ന് തികച്ചും വ്യത്യസ്തവും ശക്തവുമായിരുന്നു റെയില്‍വേ മന്ത്രിയുടെ ഈ നിലപാട്.

സില്‍വർ ലൈന്‍ വിഷയം നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍പില്‍ ഉള്ളതും, ധനമന്ത്രാലയും റെയില്‍വേ മന്ത്രാലയവും അനുകൂല നിലപാട് സ്വീകരിച്ചിരുന്നതുമാണ്. അതിനാല്‍ പദ്ധതിക്ക് അനുമതി ലഭിക്കുമെന്നു തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസം.

കെ റെയില്‍ എം.ഡി. വി. അജിത് കുമാറും ഡല്‍ഹിയിലുണ്ട്. രണ്ടുദിവസമായി അദ്ദേഹം റെയില്‍വേ ഉദ്യോഗസ്ഥരുമായി നിരന്തരം ചര്‍ച്ച നടത്തിവരികയാണ്. നിലവില്‍ പദ്ധതിയുടെ അലൈന്‍മെന്റ് ഉള്‍പ്പെടെയുള്ളവയില്‍ തീരുമാനമാകാനുണ്ട്. സംസ്ഥാനത്ത് പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാണ്. കേന്ദ്രസര്‍ക്കാരും പ്രതികൂല നിലപാട് എടുത്താല്‍ അത് പദ്ധതിയെ പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് അനുകൂലമാക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

മാസ്ക് ധരിക്കണം, നിയന്ത്രണം ഒഴിവാക്കിയിട്ടില്ല

മാസ്‌ക്‌ ധരിക്കുന്നത്‌ ഇനിമുതൽ ഒഴിവാക്കാം എന്ന വാർത്ത നിഷേധിച്ച്‌ കേന്ദ്രം. മാസ്‌ക്‌ ധരിക്കുന്നതും കൈ കഴുകുന്നതും അടക്കമുള്ള കോവിഡ്‌ നിയന്ത്രണങ്ങൾ പിൻവലിച്ചുവെന്ന്‌ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. എന്നാൽ ഇത്‌ നിഷേധിച്ചിരിക്കുകയാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ നിയന്ത്രണങ്ങൾ തുടർന്നും പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

 മാസ്‌ക് ധരിക്കലിലും കൈകള്‍ വൃത്തിയാക്കലിലും ഉള്‍പ്പെടെ ഇളവുകള്‍ വന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. എന്നാല്‍ ഇത് വാസ്തവമല്ല. കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണം എന്നാണ് ട്വീറ്റ്

കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ ഇളവ്‌ നൽകുന്നത്‌ സംബന്ധിച്ച്‌ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രം നിർദേശം നൽകിയെന്നായിരുന്നു വാർത്ത. ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ പേരിലാണ് വാർത്ത ആദ്യം പുറത്ത് വിട്ടത്. എന്നാൽ തുടർന്ന് ഇത് തിടുക്കപ്പെട്ട് പിൻവലിച്ചു.

https://twitter.com/MoHFW_INDIA/status/1506533485632098307?s=20&t=YlP5MUoB6rA-Ju2P8lkIrg

മാസ്ക് ഒഴിവാക്കി തുടങ്ങാമെന്ന് കേന്ദ്രം

കോവിഡ് മഹാമാരിയെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ രാജ്യത്ത് ഇളവുകൾ ഏർപ്പെടുത്തി തുടങ്ങി. രോഗ ഭീതിയുടെ കാഠിന്യം കുറഞ്ഞതോടെ ജനങ്ങൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. പൊതു ഇടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കിലും ആള്‍ക്കൂട്ട നിയന്ത്രണം ലംഘിച്ചാലും ഇനി മുതല്‍ കേസെടുക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ്ഭല്ല ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

കോവിഡ് വ്യാപനം തടയാന്‍ 2020-ലാണ് മാസ്‌കും കൂടിച്ചേരലുകള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിന്നത്. ആ ഉത്തരവിന്റെ കാലാവധി മാര്‍ച്ച് 25-ന് അവസാനിക്കുകയാണ്. ഇതിന് ശേഷം ഈ നിയന്ത്രണങ്ങള്‍ തുടരേണ്ടതില്ല എന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞതോടെയാണ് നിയന്ത്രണം നീട്ടേണ്ടതില്ല എന്ന തീരുമാനം. എന്നാൽ സ്വയം നിയന്ത്രണങ്ങൾ ആവശ്യമാണ്. പ്രത്യേകിച്ചും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക്.

കേന്ദ്ര നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കേണ്ടതുണ്ട്. ഇതനുസരിച്ചാവും സംസ്ഥാനത്തും നിയന്ത്രണങ്ങളിൽ ഇളവ് നിലവിൽ വരിക.

വേനൽ മഴ, ശനിയാഴ്ചവരെ തുടരും

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം രൂപപെട്ടതോടെ സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. വേനൽ മഴയായതിനാൽ കരുതിയിരിക്കണം.

കഴിഞ്ഞ് ദിവസവും ശക്തമായ മഴ ലഭിച്ചിരുന്നു. വേനൽ മഴ കുറവായ മലബാർ പ്രദേശങ്ങളിലും ഈ മഴ കോരി ചൊരിഞ്ഞത് ആശ്വാസമായി.

കല തന്നെ ജീവിതം, ശോഭനയ്ക്ക് 52

0

മലയാളികളുടെ പ്രിയപ്പെട്ട എവർഗ്രീൻ നായികയായ ശോഭനയുടെ 52-ാം ജന്മദിനമാണിന്ന്.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെടുന്ന ലളിത, പദ്മിനി, രാഗിണിമാരുടെ അനന്തിരവളാണ് പത്മശ്രീ പുരസ്കാരവും മൂന്നു തവണ അഭിനയത്തിനുള്ള ദേശീയ പുരസ്കാരവും നേടിയ ശോഭന.

1980ൽ തമിഴ് സിനിമയിലൂടെയാണ് ശോഭന അരങ്ങേറ്റം കുറിച്ചത്. പിന്നീട്, നായികയായി അരങ്ങേറ്റം കുറിച്ചത് ബാലചന്ദ്രമേനോന്റെ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലായി എത്രയോ ചിത്രങ്ങൾ, ശോഭന എന്ന പേര് പ്രേക്ഷകരുടെ മനസ്സുകളിൽ പച്ചകുത്തിയതുപോലെ പതിയുകയായിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, രജനികാന്ത്, ജയറാം, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി ശോഭന തിളങ്ങി. മലയാളത്തിലെ എക്കാലത്തെയും ചർച്ചചെയ്യപ്പെട്ട ചിത്രമായ മണിച്ചിത്രത്താഴിലെ ഗംഗ, ശോഭനയുടെ അഭിനയജീവിതത്തിലെ ഒരു മറക്കാത്ത ഏടാണ്. നാടോടിക്കാറ്റ്, മേലേപറമ്പിൽ ആൺവീട്, പവിത്രം, കമ്മീഷ്ണർ, പക്ഷേ, യാത്ര, ഇന്നലെ, മിന്നാരം, പപ്പയുടെ സ്വന്തം അപ്പൂസ്, ഹിറ്റ്‌ലർ, തേന്മാവിൻ കൊമ്പത്ത്, ചിലമ്പ്, മാനത്തെ വെള്ളിത്തേര്, സിന്ദൂരരേഖ, മഴയെത്തും മുൻപെ, അഗ്നിസാക്ഷി, മകൾക്ക്, തിര എന്നു തുടങ്ങി വരനെ ആവശ്യമുണ്ട് വരെയുള്ള ഒരുപിടി നല്ല ചിത്രങ്ങളിൽ ശോഭന അഭിനയിച്ചു. പത്മരാജൻ, ഭരതൻ, അടൂർ, മണിരത്നം, കെ എസ് സേതുമാധവൻ, ഫാസിൽ, പി ജി വിശ്വംഭരൻ, ബാലു മഹേന്ദ്ര, ഐ വി ശശി, ജോഷി, പ്രിയദർശൻ, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, തുടങ്ങി പ്രമുഖരായ ഒട്ടുമിക്ക സംവിധായകർക്കൊപ്പവും ശോഭന പ്രവർത്തിച്ചിട്ടുണ്ട്.

രണ്ടു തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ശോഭനയെ തേടിയെത്തിയത്. ഒപ്പം 14 ഫിലിംഫെയർ പുരസ്‌കാരങ്ങൾ, തമിഴ്നാട് സർക്കാരിന്റെ കലൈമാമാണി പുരസ്കാരം , കേരള സംഗീത നാടക അക്കാദമിയുടെ കലാരത്‌ന പുരസ്‌കാരം , പത്മശ്രീ പുരസ്കാരം , ഒരു തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം എന്നിങ്ങനെ ഒരുപിടി പുരസ്കാരങ്ങൾ വേറെയും.

ത്രാ വിശ്വേശ്വരന്‍, പദ്മാ സുബ്രമണ്യം എന്നിവരാണ് ശോഭനയുടെ ഗുരുക്കള്‍. ചെന്നൈയില്‍ ‘കലാര്‍പ്പണ’ എന്ന പേരില്‍ ഒരു നൃത്തവിദ്യാലയം നടത്തുന്ന ശോഭന രാജ്യത്തിനകത്തും പുറത്തും ധാരാളം നൃത്ത പരിപാടികളിലും സജീവമായി പങ്കെടുക്കുന്നു