തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞു, പെട്രോൾ വില കൂട്ടി

 നാല് മാസത്തിന് ശേഷം രാജ്യത്തെ പെട്രോൾ – ഡീസൽ വില കൂടി. അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് വില വർധനവ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം വില കൂടിയിട്ടുണ്ടായിരുന്നില്ല. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 107.31 രൂപയും ഡീസല്‍ ലിറ്ററിന് 94.41 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 105.18 രൂപയും ഡീസലിന് 92.40 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 105.45 ഡീസലിന് 92.61 രൂപയുമാണ് പുതിയ വില.

2021 നവംബറിലാണ് രാജ്യത്ത് അവസാനമായി ഇന്ധനവില വർധിച്ചത്. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില വർധിച്ചിട്ടും രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധനവില കൂടാൻ തന്നെയാണ് സാധ്യത.

അതേസമയം, ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയും കൂട്ടിയിട്ടുണ്ട്. 50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ പുതിയ വില 956 രൂപയാണ്. 5 കിലോയുടെ ചെറിയ സിലിണ്ടറിന് 13 രൂപ കൂട്ടി 352 രൂപയായി.

എന്താണീ വർധന

എണ്ണ വിപണന കമ്പനികൾ (ഒഎംസി) പെട്രോൾ, ഡീസൽ വില ലിറ്ററിന് 0.8 രൂപ വർധിപ്പിച്ചതിനാൽ നാല് മാസത്തിനിടെ ആദ്യമായി രണ്ട് ഇന്ധനങ്ങളുടെയും വില ചൊവ്വാഴ്ച വർധിച്ചു. രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 96.21 രൂപയും ഡീസൽ ലിറ്ററിന് 87.47 രൂപയുമാണ്. ഒഎംസികൾ ബൾക്ക് ഡീസലിന്റെ വില ഞായറാഴ്ച ലിറ്ററിന് 25 രൂപ വർധിപ്പിച്ചതിനാൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഇനിയും വർദ്ധിക്കുമെന്ന് കരുതുന്നു.

എന്തുകൊണ്ടാണ് എണ്ണ വിപണന കമ്പനികൾ ഇന്ധനവില വർധിപ്പിച്ചത്?

അസംസ്‌കൃത എണ്ണയുടെ വില കുത്തനെ വർധിച്ചതിനെ തുടർന്ന് നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എണ്ണ വിപണന കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചത്. ബ്രെന്റ് ക്രൂഡിന്റെ വില 45 ശതമാനം വർധിച്ച് ബാരലിന് 118.5 ഡോളറിലെത്തി. ഒഎംസികൾ ഇതിനു മുൻപ് ഇന്ധനവില പുതുക്കിയപ്പോൾ ഇത് ബാരലിന് 81.6 ഡോളറായിരുന്നു. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

സാധാരണഗതിയിൽ, പെട്രോളിയം ഉൽപന്നങ്ങളുടെ ബെഞ്ച്മാർക്ക് വിലയുടെ 15 ദിവസത്തെ ശരാശരിക്ക് അനുസൃതമായി പെട്രോളിന്റെയും ഡീസലിന്റെയും വിലകൾ ദിവസവും പരിഷ്കരിക്കുന്നു. എന്നിരുന്നാലും, നവംബർ നാല് മുതൽ പെട്രോളിന്റെ എക്‌സൈസ് തീരുവയിൽ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപയും കുറച്ചതായി കേന്ദ്രം പ്രഖ്യാപിച്ചപ്പോൾ മുതൽ എണ്ണ വിപണന കമ്പനികൾ രണ്ട് ഇന്ധനങ്ങളുടെയും വില സ്ഥിരമായി നിലനിർത്തി. ഈ മാസമാദ്യം ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതുവരെ വില പരിഷ്‌കരണത്തിലെ മരവിപ്പ് തുടർന്നു.

കേന്ദ്ര സർവ്വകലാശാലകളിലേക്ക് പൊതു പരീക്ഷ എങ്ങിനെയാവും

0

രാജ്യത്തെ 45 കേന്ദ്ര സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് സെൻട്രൽ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) നിർബന്ധമാക്കി. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ഇതു സംബന്ധിച്ച് അന്തിമ ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ എന്താണീ പരീക്ഷ എന്നറിഞ്ഞിരിക്കണം.

പൊതു പ്രവേശന പരീക്ഷ

ഉന്നതവിദ്യാഭ്യാസത്തിന് തയ്യാറെടുക്കുന്ന കുട്ടികളുടെ എളുപ്പത്തിന്, ഒന്നിലധികം പ്രവേശന പരീക്ഷകൾ മാറ്റി പകരം ഒരൊറ്റ പരീക്ഷ നടത്താനുള്ള തീരുമാനമാണ്. രണ്ടാം യുപിഎ സർക്കാരിന്റെ കീഴിൽ 2010ൽ സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സിയുസിഇടി) ആരംഭിച്ചിരുന്നു, എന്നാൽ കഴിഞ്ഞ വർഷം വരെ 14 കേന്ദ്ര സർവ്വകലാശാലകൾ മാത്രമേ ഇത് സ്വീകരിച്ചിരുന്നുള്ളൂ.

സിയുസിഇടിയുടെ നവീകരിച്ച പതിപ്പാണ് സിയുഇടി, 45 കേന്ദ്ര സർവ്വകലാശാലകൾക്കും ഇത് ഇപ്പോൾ നിർബന്ധമാക്കിയിരിക്കയാണ്. സർവകലാശാലാ പ്രവേശനത്തിന് പ്രവേശന പരീക്ഷ വേണമെന്ന് പറയുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്.

ഡൽഹി സർവകലാശാല പോലെയുള്ള കേന്ദ്ര സർവകലാശാലകളിലും പ്രവേശന രീതിമാറും

ഡൽഹി സർവകലാശാലയിലെ പ്രവേശനത്തിന് വേണ്ടിയിരുന്ന ഉയർന്ന കട്ട് ഓഫ് മാർക്ക് ഇനി ചരിത്രമാകും. ഒരു വിദ്യാർത്ഥിയുടെ ബോർഡ് പരീക്ഷയിലെ മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കില്ല പ്രവേശനം. സിയുഇടി മാർക്കിനെ അടിസ്ഥാനമാക്കിയായിരിക്കും. സർവകലാശാലകൾക്ക് അഡ്മിഷനുള്ള ഏറ്റവും കുറഞ്ഞ യോഗ്യതയായി ബോർഡ് മാർക്ക് ഉപയോഗിക്കാനാവും.

സംഗീതം, പെയിന്റിങ്, ശിൽപകല, നാടകം തുടങ്ങിയ നൈപുണ്യ അധിഷ്ഠിത കോഴ്‌സുകൾക്ക്, സിയുഇടിക്കൊപ്പം പ്രാക്ടിക്കൽ പരീക്ഷകളോ അഭിമുഖങ്ങളോ നടത്താൻ സർവകലാശാലകളെ അനുവദിക്കും. എൻജിനീയറിങ്, എംബിബിഎസ് തുടങ്ങിയ പ്രൊഫഷണൽ പ്രോഗ്രാമുകൾക്ക് ജെഇഇ (മെയിൻ), നീറ്റ് എന്നീ പ്രവേശന പരീക്ഷകളിലൂടെ തന്നെയാവും പ്രവേശനം.

കേരളത്തിൽ നിന്നുള്ള ഉന്നത മാർക്ക് നേടി എത്തുന്ന വിദ്യാർഥികളെ ഇത് ബാധിക്കും

വിവിധ ബോർഡുകൾ സ്വീകരിക്കുന്ന മൂല്യനിർണ്ണയ രീതികളിലെ വൈവിദ്ധ്യം കാരണമാണ് പ്രവേശനത്തിന് ബോർഡ് മാർക്ക് ഉപയോഗിക്കുന്നതിനെ സർക്കാർ അനുകൂലിക്കാതിരുന്നത്. ചില ബോർഡുകൾ വിദ്യാർത്ഥികൾക്ക് ഉദാരമായി മാർക്ക് നൽകുന്നുണ്ട് എന്നാണ് വാദം. ഇത് കേരളത്തിൽ നിന്നുള്ള ഉന്നത നിലവാരത്തിൽ യോഗ്യത നേടി എത്തുന്ന വിദ്യാർഥികൾക്ക് എളുപ്പം സീറ്റു കിട്ടാൻ ഇടയാക്കുന്നു എന്ന പരാതി ഉയർത്തിയിരുന്നു.

ആരാണ് സിയുഇടി നടത്തുക, എപ്പോൾ നടത്തും?

ജെഇഇ (മെയിൻ),യുജിസി -നെറ്റ് തുടങ്ങിയ പ്രവേശന പരീക്ഷകൾ നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) എല്ലാ കേന്ദ്ര സർവകലാശാലകളിലും ജൂലൈ ആദ്യവാരം സിഇയുടി നടത്തും. രണ്ട് ഷിഫ്റ്റുകളിലായി കംപ്യൂട്ടറിലാകും പരീക്ഷ. ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഉറുദു, ആസാമീസ്, ബംഗാളി, പഞ്ചാബി, ഒഡിയ, ഇംഗ്ലീഷ് എന്നീ 13 ഭാഷകളിൽ പരീക്ഷ എഴുതാം. എന്നാൽ സിയുഇടി ഒറ്റ ദിവസം ആയിരിക്കുമോ രണ്ട് ദിവസമായിരിക്കോ എന്ന് വ്യകതമല്ല.

ഏപ്രിൽ ആദ്യ വാരം രജിസ്‌ട്രേഷൻ ആരംഭിക്കും. എന്നാൽ ജെഇഇ (മെയിൻ) പോലെ പ്രവേശനത്തിന് പൊതുവായ കൗൺസലിങ് ഉണ്ടാകില്ല. എൻ‌ടി‌എ തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റിനെ അടിസ്ഥാനമാക്കി ഓരോ സർവകലാശാലയ്ക്കും പ്രവേശന പ്രക്രിയ നിർവചിക്കാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ, ഭാവിയിൽ ജോയിന്റ് കൗൺസിലിങ് ഉണ്ടാവാനുള്ള സാധ്യത യുജിസി ചെയർമാൻ എം.ജഗദേഷ് കുമാർ പ്രഖ്യാപിക്കയും ചെയ്തിട്ടുണ്ട്. ഇത് വിവേചനത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്.

സിയുഇടി പരീക്ഷയിൽ

മൂന്നര മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയിൽ എൻസിഇആർടി സിലബസിനെ അടിസ്ഥാനമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂവെന്ന് യുജിസി ചെയർമാൻ പറഞ്ഞു. സിയുഇടി പ്രധാനമായും മൂന്ന് ഭാഗങ്ങളായിരിക്കും.

ആദ്യഭാഗം അവർ തിരഞ്ഞെടുത്ത ഭാഷ സംബന്ധിച്ചാകും. ഇതിൽ വായനാ, പദാവലിയെക്കുറിച്ചുള്ള ചോദ്യങ്ങൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ എന്നിവ ഉൾപ്പെടും. 13 ഭാഷകളിൽ നിന്ന് ഏതും തിരഞ്ഞെടുക്കാം. ഇതിനു പുറമേ, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, നേപ്പാളി, പേർഷ്യൻ, ഇറ്റാലിയൻ, അറബിക്, സിന്ധി, കശ്മീരി, കൊങ്കണി, ബോഡോ, ഡോഗ്രി, മൈഥിലി, മണിപ്പൂരി, സന്താലി, ടിബറ്റൻ, ജാപ്പനീസ്, റഷ്യൻ, ചൈനീസ് എന്നിവയിൽ നിന്ന് ഒരു ഓപ്‌ഷണൽ ലാംഗ്വേജ് കൂടി തിരഞ്ഞെടുക്കാം.

സിയുടിഇയുടെ രണ്ടാം ഭാഗം അവർ തിരഞ്ഞെടുക്കുന്ന വിഷയത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതാണ്. ആകെ 27 വിഷയങ്ങളാണ് ഉള്ളത്, ഒരാൾക്ക് ആറ് വിഷയത്തിൽ വരെ പരീക്ഷ എഴുതാം. ഓരോ പ്രോഗ്രാമിനായി ഒരു വിദ്യാർത്ഥി ഏത് പരീക്ഷ എഴുതണമെന്ന് കേന്ദ്ര സർവകലാശാലകൾ വ്യക്തമാക്കും.

സിയുടിയുടെ രണ്ടാം ഭാഗത്തിൽ പറയുന്ന 27 വിഷയങ്ങൾ ഇവയാണ്, അക്കൗണ്ടൻസി/ ബുക്ക് കീപ്പിംഗ്, ബയോളജി/ ബയോളജിക്കൽ സ്റ്റഡീസ്/ ബയോടെക്‌നോളജി, ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്/ ഇൻഫോർമാറ്റിക്‌സ് പ്രാക്ടീസ്, ഇക്കണോമിക്‌സ്/ ബിസിനസ് ഇക്കണോമിക്‌സ്, എഞ്ചിനീയറിംഗ് ഗ്രാഫിക്‌സ്, എന്റർപ്രണർഷിപ്പ്, ഹിസ്റ്ററി, ഹോം സയൻസ്, ലീഗൽ സ്റ്റഡീസ്, കൊമേർഷ്യൽ ആർട്സ്, ഗണിതം, ഫിസിക്കൽ എജ്യുക്കേഷൻ/ എൻസിസി, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, സോഷ്യോളജി, ടീച്ചിംഗ് ആപ്റ്റിറ്റ്യൂഡ്, അഗ്രികൾച്ചർ, മാസ് മീഡിയ/ മാസ് കമ്മ്യൂണിക്കേഷൻ, ആന്ത്രോപോളജി, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ്, സംസ്കൃതം.

പ്രവേശന പരീക്ഷയുടെ മൂന്നാം ഭാഗത്തിൽ പൊതുവിജ്ഞാനം, സമകാലിക സംഭവങ്ങൾ, മെന്റൽ എബിലിറ്റി, ന്യൂമറിക്കൽ എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് റിസണിങ്, ലോജിക്കൽ ആൻഡ് അനലിറ്റിക്കൽ റിസണിങ് എന്നിവയാണ്.

നിർബന്ധിത ഭാഷാ പരീക്ഷയ്‌ക്ക് പുറമെ, മറ്റ് പരീക്ഷകൾ ഓരോ വിഷയത്തിനും ആവശ്യമായ നിലയ്ക്ക് സർവകലാശാലകൾക്ക് തീരുമാനിക്കാനാകും. അതായത് ഒരു സർവകലാശാലയ്ക്ക് ഒരു വിഷയത്തിലേക്കുള്ള പ്രവേശനത്തിന് ഭാഷ പരീക്ഷയും പൊതുവിജ്ഞാനം സംബന്ധിച്ച പരീക്ഷയും മാത്രം നടത്താനാകും.

എന്തുകൊണ്ടാണ് സിയുഇടി കേന്ദ്ര സർവകലാശാലകൾക്ക് മാത്രമായി പരിമിതപ്പെടുന്നത്?

നിലവിൽ കേന്ദ്ര സർവകലാശാലകൾക്ക് മാത്രമാണ് സിയുഇടി നിർബന്ധം. എന്നാൽ സ്വകാര്യ സർവകലാശാലകൾ ഉൾപ്പെടെ മറ്റിടങ്ങളിലും പരീക്ഷ നടത്താൻ സർക്കാർ തയ്യാറാണ്.

കേന്ദ്ര സർവകലാശാലകളിലെ ബിരുദാനന്തര പ്രവേശനത്തിന്?

സിയുഇടിയിലൂടെ ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനം നടത്തുന്നത് കേന്ദ്ര സർവകലാശാലകൾക്ക് നിർബന്ധമല്ല. അതിനാൽ, പിജി പ്രവേശനത്തിനായി സിയുഇടി സ്വീകരിക്കാനോ അല്ലെങ്കിൽ ഇപ്പോഴത്തെ പ്രക്രിയയിൽ ഉറച്ചുനിൽക്കാനോ കഴിയും.

ഇവ സംബന്ധിച്ച് ഇനിയും വ്യക്തത വരേണ്ടതുണ്ട്. ഇതിനായി യു ജി സി മാർഗ്ഗ നിർദ്ദേശങ്ങൾ കാത്തിരിക്കയാണ്.

മദ്രാസ് ഐ ഐ ടിയിൽ ഇൻ്റഗ്രേറ്റഡ് പി ജി

0

സാങ്കേതിക വിദ്യാഭ്യാസത്തിനായുള്ള മികവുറ്റ കേന്ദ്രമെന്ന നിലയില്‍ ആഗോള തലത്തില്‍ തന്നെ പ്രശസ്തമായ ഇന്ത്യന്‍ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐഐടി)കളും മാനവിക വിഷങ്ങള്‍ക്ക് കൂടി പഠനാവസരങ്ങള്‍ തുറന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ വളരെ ശ്രദ്ധേയമായ ഒരു പ്രോഗ്രാമാണ് പ്രോഗ്രാമാണ് മദ്രാസ് ഐഐടിയിലെ ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന ഇന്റഗ്രേറ്റഡ് എംഎ കോഴ്‌സ്.

ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഇംഗ്ലീഷ് എന്നീ രണ്ട് വിഭാഗങ്ങളിലായുള്ള പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ കോഴ്‌സിന്റെ പ്രവേശന പരീക്ഷക്ക് (HSEE 2022) 2021ല്‍ പ്ലസ്ടു വിജയിച്ചവര്‍ക്കും 2022ല്‍ പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പ്ലസ്ടുവിനു ഏത് വിഷയമെടുത്ത് പഠിച്ചവര്‍ക്കും പ്രവേശനം നേടാമെന്ന പ്രത്യേകതയുണ്ട്. ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് +2 പരീക്ഷക്ക് 60 ശതമാനം മാര്‍ക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 55 ശതമാനം മാര്‍ക്കുമാണ് വേണ്ടത്. 1997 ഒക്ടോബര്‍ 1 നു ശേഷം ജനിച്ചവരായിരിക്കണം (പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ 5 വര്‍ഷം ഇളവ് ലഭിക്കും).

ഓരോ സ്ട്രീമിലും 29 സീറ്റു വീതം മൊത്തം 58 സീറ്റുകളാണ് ഉള്ളത്. തുടക്കത്തിലെ രണ്ട് വര്‍ഷം പൊതുവായ പഠനമായിരിക്കും. ആദ്യ മൂന്ന് സെമസ്റ്ററുകളിലെ വിദ്യാര്‍ഥികളുടെ പഠന നിലവാരവും താല്പര്യവും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും സ്ട്രീമുകളിലേക്ക് പ്രവേശനം നിശ്ചയിക്കുന്നത്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ, സാഹിത്യം, തത്വശാസ്ത്രം, സംസ്‌കാരം, സമൂഹം. പബ്ലിക് പോളിസി എന്നീ മേഖലകളിലെ ആഴത്തിലുള്ള അറിവ് നേടാനാവും. ജര്‍മന്‍, ഫ്രഞ്ച്, ചൈനീസ്, കൊറിയന്‍ ഭാഷകള്‍ പഠിക്കാനുള്ള അവസരവുമുണ്ട്. പഠനത്തിന് ശേഷം സിവില്‍ സര്‍വീസ്, ഗവേഷണം, തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നത് പരിഗണിക്കാവുന്നതാണ്. പത്രപ്രവര്‍ത്തനം, ബാങ്കിങ്‌മേഖല, ഐക്യരാഷ്ട്രസഭ, യൂണിസെഫ്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകള്‍, സര്‍ക്കാരേതര ഏജന്‍സികള്‍, മെക്കിന്‍സി പോലെയുള്ള അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികള്‍ എന്നിവിടങ്ങളില്‍ ജോലിക്കായി ശ്രമിക്കുകയും ആവാം.

ഏപ്രില്‍ 27 ആണ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള അവസാന തീയതി. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു അടക്കം 16 കേന്ദ്രങ്ങളിലായി ജൂണ്‍ 12 നാണ് പരീക്ഷ നടക്കുന്നത്. മുന്‍ഗണനാ അടിസ്ഥാനത്തില്‍ രണ്ട് സെന്ററുകള്‍ തിരഞ്ഞെടുക്കണം. അനുവദിക്കപ്പെട്ട സെന്റര്‍ മാറ്റി നല്‍കുന്നതല്ല. പൊതു വിഭാഗത്തിനു 2400 രൂപയും പട്ടിക, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1200 രൂപയുമാണ് പരീക്ഷാഫീസ്. പട്ടികവിഭാഗം, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിലുള്ള ഒബിസി വിഭാഗക്കാര്‍, സാമ്പത്തിക പിന്നാക്ക വിഭാഗം എന്നിവര്‍ക്ക് സംവരണമുണ്ട്. സംവരണ യോഗ്യത തെളിയിക്കാനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. മെയ് 30 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

3 മണിക്കൂര്‍ പരീക്ഷയില്‍ രണ്ട് ഭാഗങ്ങളാണുണ്ടാവുക. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒന്നാം ഭാഗത്തില്‍ ഒബ്ജക്ടീവ് ചോദ്യങ്ങളാണുണ്ടാവുക. ഇത് കമ്പ്യൂട്ടര്‍ നിയന്ത്രിത പരീക്ഷ ആയിരിക്കും. ഇംഗ്ലീഷ്, അനാലിറ്റിക്കല്‍, ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, പൊതുവിജ്ഞാനം എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങളുണ്ടാവും. തെറ്റുത്തരങ്ങള്‍ക്ക് നെഗറ്റീവ് മാര്‍ക്കുമുണ്ടാവും.സിലബസ് പ്രോസ്‌പെക്ടസിലുണ്ട്. പാര്‍ട്ട് 1 പരീക്ഷ പൂര്‍ത്തിയായ ശേഷം ലഭിക്കുന്ന ഉത്തരപ്പേപ്പറില്‍ ആയിരിക്കും പാര്‍ട്ട് 2 വിന്റെ ഭാഗമായുള്ള ഉപന്യാസം എഴുതേണ്ടത്. പൊതുവിജ്ഞാനവും ആനുകാലികങ്ങളുമായി ബന്ധപ്പെട്ട വിഷയമായിരിക്കും ഉപന്യാസത്തിനുണ്ടാവുക.
പ്രവേശന പരീക്ഷയുടെയും മറ്റു നടപടിക്രമങ്ങളുടെയും വിശദ വിവരങ്ങളറിയുവാന്‍ വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും hss.iitm.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

രാഷ്ട്രീയം മനംമടുപ്പിച്ചെന്ന് ഗുലാം നബി ആസാദ്

സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള രാഷ്ട്രീയ പാർട്ടികളുടെ കഴിവിൽ തനിക്ക് സംശയമുണ്ടെന്നും പ്രയാസകരമായ സമയങ്ങളിൽ സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് സാമൂഹിക സേവനങ്ങളിൽ സജീവമായി ഇടപെടാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“സമൂഹത്തിൽ ഒരു മാറ്റം കൊണ്ടുവരണം. ചിലപ്പോൾ ഞാൻ വിരമിച്ച് സാമൂഹ്യസേവനം ചെയ്യാൻ തുടങ്ങിയെന്ന് നിങ്ങൾ കേട്ടാൽ അത് വലിയ കാര്യമാക്കേണ്ടതില്ല”, ജമ്മു കശ്മീരിൽ ഒരു പരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ എം കെ ഭരദ്വാജാണ് പരിപാടി സംഘടിപ്പിച്ചത്. ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് അരുൺ ഗുപ്ത, ജമ്മു യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർമാരായ ആർആർ ശർമ, ആർ ഡി ശർമ, മുൻ അഡ്വക്കേറ്റ് ജനറൽ അസ്ലം ഗോണി തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരും രാഷ്ട്രീയ ബന്ധമുള്ളവരും പത്മഭൂഷൺ ലഭിച്ച ആസാദിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു.

35 മിനിറ്റ് നീണ്ട പ്രസംഗത്തിന്റെ തുടക്കത്തിൽ തന്ന താൻ രാഷ്ട്രീയ പ്രസംഗം നടത്തില്ലെന്ന് ആസാദ് വ്യക്തമാക്കി. “ഇന്ത്യയിലെ രാഷ്ട്രീയം വളരെ മോശമായി മാറിയിരിക്കുന്നു, നമ്മൾ മനുഷ്യരാണോ എന്ന് ചിലപ്പോൾ സംശയം തോന്നും,” അദ്ദേഹം പറഞ്ഞു.

മനുഷ്യരുടെ ശരാശരി ആയുസ്സ് ഇപ്പോൾ 80-85 വർഷമാണെന്ന് പറഞ്ഞ അദ്ദേഹം, വിരമിക്കലിന് ശേഷമുള്ള 20-25 വർഷം ഒരാൾ രാഷ്ട്രനിർമ്മാണത്തിന് ഉപയോഗിക്കുകയാണെങ്കിൽ അതിൽ അർത്ഥമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മൾ എല്ലാവരും ഒരു ചെറിയ നഗരത്തെ നവീകരിച്ചാൽ ഈ രാജ്യം തന്നെ നവീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമൂഹത്തിലെ ഒട്ടുമിക്ക തിന്മകൾക്കും കാരണക്കാരായ രാഷ്ട്രീയ പാർട്ടികൾക്ക് സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള കഴിവിൽ തനിക്ക് സംശയമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ജനങ്ങളെ മതത്തിന്റേയും പ്രദേശത്തിന്റേയും ഗ്രാമത്തിന്റേയും നഗരത്തിന്റേയും പേരില്‍ വിഭജിച്ചെന്നും. ഉയര്‍ന്ന ജാതിക്കാരനെന്നും ദളിതനെന്നും മുസ്ലിമെന്നും ഹിന്ദുവും ക്രിസ്ത്യാനിയും സിഖ്കാരനുമാക്കി തരംതിരിച്ചെന്നും പറഞ്ഞു. ജനങ്ങളെ ഇങ്ങനെ കണ്ടാൽ ആരെയാണ് നമുക്ക് മനുഷ്യരായി കാണാനാകുകയെന്നും ഗുലാം നബി ആസാദ് ചോദിച്ചു.

രാഷ്ട്രീയ പാർട്ടികൾ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടിരിക്കും, എന്നാൽ പ്രയാസകരമായ സമയങ്ങളിൽ സമൂഹത്തിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാഗാന്ധി അധികാരത്തിലിരുന്ന കാലം മുതൽ താൻ എല്ലാ കോൺഗ്രസ് സർക്കാരുകളിലും മന്ത്രിയായിരുന്നെന്നും പല പ്രധാനമന്ത്രിമാരുടെ കീഴിലും പാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും പലർക്കും അറിയാമെന്നും ആസാദ് പറഞ്ഞു. എന്നാൽ തന്റെ പൊതുജീവിതം ആരംഭിച്ചത് കോൺഗ്രസുകാരനായിട്ടല്ല, മറിച്ച് ഗാന്ധിയൻ തത്വശാസ്ത്രത്തിന്റെ അനുയായിയായിട്ടാണെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂവെന്ന് അദ്ദേഹം പറഞ്ഞു. “നാം എല്ലാവരും ആദ്യം മനുഷ്യരാണ്, ഹിന്ദുക്കളും മുസ്ലീങ്ങളെല്ലാം പിന്നീട്”, അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇന്നും, ഗാന്ധിയാണ് ഏറ്റവും മികച്ച ഹിന്ദുവും മതേതരത്വത്തിന്റെ ഏറ്റവും വലിയ അനുയായിയുമെന്ന് ഞാൻ കരുതുന്നു. ദൈവത്തെ ആരാധിക്കുന്ന ഏതെങ്കിലും ഹിന്ദുവിന് മതേതരനാകാൻ കഴിയില്ലെന്ന് കരുതുന്നത് തെറ്റാണ്. യഥാർത്ഥത്തിൽ മതത്തെ പിന്തുടരുന്ന ഏതൊരാളും യഥാർത്ഥ മതേതരനാണ്. തങ്ങളുടെ മതത്തെക്കുറിച്ച് കാര്യമായ അറിവില്ലാത്തവർ അപകടകാരികളാണെന്നും അദ്ദേഹം പറഞ്ഞു.

ഓട്ടോ ടാക്സി നിരക്ക് വർധിപ്പിക്കുമെന്ന് മന്ത്രി

ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധന അനിവാര്യമാണെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്സി എന്നിവയുടെ യാത്രാനിരക്ക് വർദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്സി യാത്രാ നിരക്ക് വർദ്ധനയിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള ഓരാ കിലോമീറ്ററിനും 15 രൂപ വീതവുമായിരിക്കാനാണ് സാധ്യത. എന്നാൽ ഓട്ടോയുടെ രാത്രി യാത്രാ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.ടാക്സി നിരക്ക് (1500 സി.സി) അഞ്ചു കിലോമീറ്റർ വരെ 210 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതവുമായിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്സിക്ക് മിനിമം നിരക്ക് 240 രൂപയായിരിക്കും. സർക്കാർ‍ കൃത്യമായി പഠിച്ചശേഷം നിരക്കിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.

പാർട്ടി കോൺഗ്രസിൽ സെമിനാർ അവതരിപ്പിക്കേണ്ടെന്ന് തരൂരിനോട് കേന്ദ്രം

സി​പി​എം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ​ശി ത​രൂ​രി​നും കെ.​വി. തോ​മ​സി​നും അ​നു​മ​തി​യി​ല്ല. കെ​പി​സി​സി നി​ല​പാ​ട് എ​ഐ​സി​സി നേ​തൃ​ത്വം അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ഘ​ട​കം എ​തി​ർ​പ്പ് അ​റി​യി​ച്ച​തി​നാ​ൽ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് കെ.​വി. തോ​മ​സ് പ്ര​തി​ക​രി​ച്ചു.

അ​തേ​സ​മ​യം, സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്ന സു​ധാ​ക​ര​ന്‍റെ താ​ക്കീ​തി​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ ത​ര്‍​ക്കം തു​ട​രു​ക​യാ​ണ്. സെ​മി​നാ​റി​ലേ​ക്ക് ത​ന്നെ ക്ഷ​ണി​ച്ച​ത് ഡ​ൽ​ഹി​യി​ൽ നി​ന്നാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി​യു​മാ​യി ആ​ലോ​ചി​ച്ച് തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം ശ​ശി ത​രൂ​ർ പ​റ​ഞ്ഞി​രു​ന്ന​ത്.

പാമ്പാടിയിൽനിന്ന് കാണാതായ അച്ഛനും മകളും കല്ലാർകുട്ടി ഡാമിൽ മരിച്ച നിലയിൽ

കോട്ടയം പാമ്പാടിയില്‍നിന്ന് കാണാതായ അച്ഛനെയും മകളെയും ഇടുക്കി കല്ലാര്‍കുട്ടി ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി സ്വദേശി ബിനീഷ്(45) മകള്‍ പാര്‍വതി(19) എന്നിവരുടെ മൃതദേഹങ്ങളാണ് ഡാമില്‍നിന്ന് കണ്ടെത്തിയത്. ഇരുവരും ഡാമില്‍ ചാടി ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ചയാണ് ബിനീഷിനെയും മകളെയും കാണാതായത്. ഇടുക്കി കമ്പംമെട്ടിലെ ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞാണ് ഇരുവരും ഞായറാഴ്ച രാവിലെ 11 മണിയോടെ പാമ്പാടിയില്‍നിന്നും യാത്രതിരിച്ചത്. വൈകീട്ട് ആറുമണി വരെ ബിനീഷ് മൊബൈല്‍ ഫോണില്‍ പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ എടുത്തില്ല. രാത്രിയായിട്ടും ഇരുവരും ബന്ധുവീട്ടില്‍ എത്തിയതുമില്ല. ഇതോടെ ഭര്‍ത്താവിനെയും മകളെയും കാണാനില്ലെന്ന് ബിനീഷിന്റെ ഭാര്യ പാമ്പാടി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

അന്വേഷണം മൊബൈൽ ടവർ കേന്ദ്രീകരിച്ച്

ബിനീഷിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ കല്ലാര്‍കുട്ടി മേഖലയിലുണ്ടെന്ന് കണ്ടെത്തി. ഇതിനിടെ, കല്ലാര്‍കുട്ടി ഡാമിന് പരിസരത്ത് ഒരു ബൈക്ക് ഇരിക്കുന്നത് ഞായറാഴ്ച വൈകീട്ട് തന്നെ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ ബൈക്കില്‍നിന്ന് മൊബൈല്‍ഫോണും പേഴ്‌സും കണ്ടെത്തി. ഇതേസമയം തന്നെ പാമ്പാടി പോലീസ് അടിമാലി പോലീസിനെ വിവരമറിയിച്ചു. കണ്ടെത്തിയ ബൈക്കും മൊബൈലും ബിനീഷിന്റേതാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്നാണ് ഇരുവരും ഡാമില്‍ ചാടിയതാകുമെന്ന നിഗമനത്തില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചത്.


അടിമാലി, വെള്ളത്തൂവല്‍ പോലീസും അടിമാലി അഗ്നിരക്ഷാസേന യൂണിറ്റും മുവാറ്റുപുഴയില്‍നിന്നുള്ള സ്‌കൂബാ ടീമുമാണ് ഡാമില്‍ തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബിനീഷിന്റെ മൃതദേഹം ചെളിയില്‍പൂണ്ട നിലയില്‍ പാലത്തിന് സമീപത്തുനിന്ന് കണ്ടെത്തി. മൂന്നുമണിയോടെ മകളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

കോവിഡ് നിയന്ത്രണങ്ങൾ സാധാരണ നിലയിലേക്ക്

0

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്.

ബാറുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും. സംസ്ഥാനത്തെ തീയേറ്ററുകള്‍ നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.

ആശുപത്രിയിലെ കോവിഡ് രോഗികളുടെ എണ്ണം അടിസ്ഥാനമാക്കി ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിക്കുന്ന രീതി നിര്‍ത്തലാക്കി.

എല്ലാ പൊതുപരിപാടികള്‍ക്കും പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നും ഉത്തരവില്‍ പറയുന്നു.

രണ്ട് ക്ലാസുകൾ കടന്ന് വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്

0

സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് മുതൽ സാധാരണ നിലയിലേക്ക്. സ്‌കൂളുകൾ പൂർണമായും തുറക്കാനുള്ള തീരുമാനത്തെ തുടർന്ന് 47 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്.

കൊവിഡ് തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകൾ സമ്പൂർണ തോതിൽ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവർത്തനം. സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകൾക്കും ഐസിഎസ്ഇ സ്‌കൂളുകൾക്കും സർക്കാർ തീരുമാനങ്ങൾ ബാധകമാണ്.

തലശ്ശേരിയിൽ സി പി എം പ്രവർത്തകനെ വെട്ടി കൊന്നു

0

തലശ്ശേരിക്കടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കൊരമ്പയിൽ താഴക്കുന്നി ഹരിദാസന്‍ (54) ആണ് കൊല്ലപ്പെട്ടത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. കൊലപാതകത്തിനു പിന്നില്‍ ആര്‍.എസ്.എസ്. ആണെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ന്യൂമാഹിയിലും തലശ്ശേരിയിലും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനാണ് മരിച്ച ഹരിദാസന്‍. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് രാത്രിയോടെ മടങ്ങിവരുമ്പോഴാണ് കൊലപാതകം നടന്നത്. ഹരിദാസന്റെ വീടിന്റെ മുന്നില്‍വെച്ച് ഒരു സംഘം ആള്‍ക്കാള്‍ പതിയിരുന്ന് ആക്രമിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ബൈക്കിലെത്തിയ നാലു പേരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഒരു കാല്‍ വെട്ടിമാറ്റിയ നിലയിലാണ്. മൃതദേഹത്തില്‍ നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്.

ശബ്ദം കേട്ടെത്തിയ നാട്ടുകാർ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിദാസന്‍ മരിച്ചിരുന്നു. പിന്നീട് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പ്രദേശത്ത് പ്രശ്‌നങ്ങളൊന്നും നിലനിന്നിരുന്നില്ല.