റോഡിലെ നിയമലംഘകരെ പിടിക്കാൻ നിർമ്മിത ബുദ്ധി ക്യാമറകൾ സജ്ജമാവുന്നു

0

റോഡിലെ അമിതവേഗക്കാരെയും നിയമ ലംഘകരെയും പിടിക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് നിയന്ത്രിത പൊലീസിങ്ങ്. അമിത വേഗം ക്യാമറയിൽ പതിഞ്ഞാൽ നേരേ കരിമ്പട്ടികയിലേക്ക് വാഹനം ലിസ്റ്റ് ചെയ്യപ്പെടും. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓട്ടോമേറ്റഡ് എന്‍ഫോഴ്സ്മെന്റ് ക്യാമറാ സംവിധാനത്തിന്റെ സോഫ്റ്റ്‌വെയറാണ് ഇതുവരെ ഇക്കാര്യങ്ങൾ കണ്ടെത്തിയിരുന്നത്. ദേശീയപാതകളിലെ ക്യാമറ വാഹന്‍ സൈറ്റുമായി ലിങ്ക് ചെയ്യുന്നതിന്റെ ഭാഗമായി ഇതിന് പകരം പരിഷ്കൃത സംവിധാനം ഏർപ്പെടുത്തുകയാണ്.

നിലവില്‍ എറണാകുളം, കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് കണ്‍ട്രോള്‍ സ്റ്റേഷനില്‍ ഉദ്യോഗസ്ഥരാണ് നിയമ ലംഘനങ്ങൾ ക്യമറ വഴി കണ്ടെത്തി ശിക്ഷ നിശ്ചയിക്കുന്നത്. പിഴയൊടുക്കാനുള്ള ചെലാൻ തയ്യാറാക്കുമ്പോള്‍ വാഹന്‍ സൈറ്റിലെ കരിമ്പട്ടിക കോളത്തിലേക്ക് അവര്‍ വിവരം ചേര്‍ക്കും. 

ലിങ്കിങ് പൂര്‍ത്തിയാകുന്നതോടെ ഇത് പൂര്‍ണമായും ഓട്ടോമാറ്റിക്കാവും. പിഴയടച്ചാല്‍ കരിമ്പട്ടികയില്‍നിന്ന് വാഹന ഉടമ ഒഴിവാകും. നേരത്തേ ഇങ്ങനെ നേരിട്ട് കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നില്ല. ആര്‍.ടി.ഒ. ഓഫീസിലെ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വരുമ്പോള്‍ ക്യാമറപ്പിഴയുണ്ടെങ്കില്‍ അടപ്പിക്കുകയാണ് ചെയ്യുക. എന്നാല്‍, കരിമ്പട്ടിക സംവിധാനം വന്നതോടെ പിഴയടയ്ക്കാനുണ്ടെന്ന് സൈറ്റില്‍ നേരിട്ട് കാണിക്കും. 

സംവിധാനംവഴി അമിതവേഗത്തിന് ഈടാക്കുന്ന പിഴ അറിയിപ്പ് രീതിയും ഉടന്‍ മാറും. ഇപ്പോള്‍ തപാല്‍ വഴിയാണ് നോട്ടീസ് വരുന്നത്. വാഹന്‍ സോഫ്റ്റ്വേറും ക്യാമറയും തമ്മില്‍ ലിങ്ക് ഇല്ലാത്തതിനാല്‍ ഓട്ടോമാറ്റിക് മെസേജിങ് സംവിധാനം ഉണ്ടായിരുന്നില്ല.

റോഡില്‍ അമിതവേഗത്തിന് പുറമേയുള്ള നിയമലംഘനം പിടിക്കാന്‍ നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന ക്യാമറ (എ.ഐ. ക്യാമറ) ഉടന്‍ പ്രവർത്തന ക്ഷമമാവും. ജില്ലകളില്‍ ക്യാമറ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് ക്യാമറാ പരീക്ഷണം നടത്തി. കൂടുതല്‍ വ്യക്തവും കൃത്യവുമായ ദൃശ്യങ്ങളാകും എ.ഐ. ക്യാമറയില്‍ പതിയുക. 

ഹെല്‍മെറ്റില്ലാതെ വണ്ടി ഓടിച്ചാല്‍ ഓടിക്കുന്ന ആളെ മാത്രമല്ല, വാഹനത്തിന്റെ നമ്പര്‍പ്ലേറ്റ് വരെ പതിയും. ഹെല്‍മെറ്റിന് പകരം മറ്റെന്തെങ്കിലും തലയില്‍ വെച്ചാലും ക്യാമറയുടെ നിര്‍മിതബുദ്ധി പിടിക്കും. സീറ്റ് ബെല്‍റ്റ് ഇല്ലെങ്കില്‍ ക്യാമറ പിടിച്ച് പിഴത്തുകയുടെ നോട്ടീസ് വീട്ടിലെത്തിക്കും. മോട്ടോര്‍ വാഹനവകുപ്പ് ഓരോ ജില്ലയിലും എ.ഐ. ക്യാമറകള്‍ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ നേരത്തേ തന്നെ മാർക്ക് ചെയ്ത് വെച്ചിട്ടുണ്ട്.

കെല്‍ട്രോണാണ് സാങ്കേതിക കാര്യങ്ങള്‍ ചെയ്യുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സെര്‍വറില്‍നിന്നാണ് നിയന്ത്രണം. വിവരങ്ങള്‍ അതത് ജില്ലകളിലേക്ക് കൈമാറും. സ്ഥാപിച്ച ക്യാമറകള്‍ പലതും ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ മാറ്റേണ്ടിവന്നത് വകുപ്പിന് വെല്ലുവിളി ആയിട്ടുണ്ട്.

വിജയ പ്രതീക്ഷയുമായി വീണ്ടും മോഹൻലാൽ ചിത്രം

0

മലയാള സിനിമയിലെ വെറ്ററൻ ടീം മോഹൻലാൽ – ബി.ഉണ്ണികൃഷ്ണൻ – ഉദയകൃഷ്ണ സംഘം ഒരുക്കുന്ന മാസ് എന്റർടെയ്നർ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിങ് ഗൾഫ് രാജ്യങ്ങളായ യു.എ.ഇ, ഒമാൻ , ബഹറൈൻ, എന്നിവിടങ്ങളിൽ ആരംഭിച്ചു. 

ഗൾഫ് നാടുകളിൽ നല്ല പ്രതികരണം ആറാട്ടിന് ലഭിക്കുമെന്ന് അണിയറക്കാർ ഉറച്ചു വിശ്വസിക്കുന്നു. ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു ചിത്രമായിരിക്കും ആറാട്ടെന്നാണ് എല്ലാവരുടേയും പ്രതീക്ഷ.

ഫെബ്രുവരി 18-നാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നു.

സം​ഗീതമാന്ത്രികൻ എ.ആർ. റഹ്മാനും ചിത്രത്തിന്റെ ഭാ​ഗമാകുന്നുണ്ടെന്നുള്ളതാണ് മറ്റൊരു ഹൈലൈറ്റ്. മലയാള സിനിമ പുതുതലമുറ കയ്യടക്കുമ്പോൾ തരംഗം തീർക്കാൻ തീവ്രശ്രമത്തിലാണ് രംഗത്തെ സീനിയർ മോസ്റ്റുകൾ

വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ടി തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ സ്ത്രീ മരിച്ചത് കൊലാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

0

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സ്ത്രീയുടെ മരണം കൊലപാതകം. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മാനസികാരോഗ്യ കേന്ദ്രത്തിലെ തന്നെ മറ്റൊരു അന്തേവാസിയാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിവരം. ആരോഗ്യവകുപ്പിന്റെ അന്വേഷണം ഏതു വഴി നീങ്ങും എന്നത് കാത്തിരിക്കയാണ്.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ മഹാരാഷ്ട്ര സ്വദേശിനി ജിയ റാം ജിലോട്ടിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുപ്പതുകാരിയായ ജിയ റാമിനെ ശ്വാസം മുട്ടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം.

തലശ്ശേരി സ്വദേശിയായ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30)നെയാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഡോക്ടര്‍ പതിവുപരിശോധനയ്‌ക്കെത്തിയപ്പോള്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫൊറന്‍സിക് വനിതാ വാര്‍ഡിലെ 10-ാം നമ്പര്‍ സെല്ലിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെ സഹതടവുകാരിയുമായി കിടക്കാനുള്ള സ്ഥലത്തെച്ചൊല്ലി അടിയുണ്ടായിരുന്നതായി അധികൃതർ പറയുന്നു.

കൊല്‍ക്കത്ത സ്വദേശിനിക്ക് പരിക്കേറ്റത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാര്‍ ഉടന്‍ തന്നെ അവരെ മറ്റൊരു സെല്ലിലേക്ക് മാറ്റി ചികിത്സ നല്‍കിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍ ജിയ റാം മരിച്ചത് വ്യാഴാഴ്ച രാവിലെ മാത്രമാണ് അധികൃതര്‍ അറിഞ്ഞത്. ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് ആരോഗ്യവകുപ്പും അന്വേഷിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കൊലപാതകത്തിന് കേസെടുത്തു.

സി പി എം സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ

0

സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റമില്ലാതം നടത്തു. മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ എറണാകുളം ജില്ലയിലാണ്. സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. കോവിഡ് മാനദണ്ഡമനുസരിച്ച് അനുവദിച്ച ആളുകള്‍ക്കാവും പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാവുകയെന്ന് സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിനാവശ്യമായ ഫണ്ട് ബഹുജനങ്ങളില്‍ നിന്ന് പിരിക്കും. ഫെബ്രുവരിയില്‍ 13,14 തീയതികളില്‍ എറണാകുളം ജില്ലയിലെ വീടുകളിലും പൊതുസ്ഥലങ്ങളിലും തൊഴില്‍ശാലകളിലും കടകളിലും സന്ദര്‍ശിച്ച് ഫണ്ട് പിരിക്കും. പരാമവധി ജനങ്ങളെ സമീപിച്ച് ഫണ്ട് ശേഖരിച്ചുകൊണ്ട് സമ്മേളനം നടത്തും. ഫെബ്രുവരി 21ന് പതാകദിനമായി ആചരിക്കും.

നടത്താന്‍ ബാക്കിയുളള ആലപ്പുഴ ജില്ലാ സമ്മേളനം രണ്ട് ദിവസമായി ചുരുക്കി ഫെബ്രുവരി 15,16 തീയതികളില്‍ നടത്തും. 23ആം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയത്തില്‍ എല്ലാ പാര്‍ട്ടി അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായവും ഭേദഗതിയും നിര്‍ദേശങ്ങളും രേഖപ്പെടുത്തി കേന്ദ്രകമ്മിറ്റിയെ അറിയിക്കാമെന്നും കോടിയേരി അറിയിച്ചു.

അങ്കണവാടികൾ തുറക്കുന്നു, ഉത്സവങ്ങൾക്ക് 1500 പേർ

0

സംസ്ഥാനത്ത് ഉത്സവങ്ങളില്‍ പരമാവധി 1,500 പേരെ പങ്കെടുപ്പിക്കാന്‍ അനുമതി നല്‍കി ദുരന്തനിവാരണ വകുപ്പ്.

ത്സവങ്ങള്‍ തുടങ്ങിയവയ്ക്ക് ഇളവ് ലഭിക്കും. അതേസമയം ആറ്റുകാല്‍ പൊങ്കലയ്ക്ക് റോഡുകളില്‍ പൊങ്കാല ഇടാന്‍ അനുമതി ഇല്ല. ഭക്തജനങ്ങള്‍ വീടുകളില്‍ തന്നെ പൊങ്കാല ഇടണം.  

72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കോവിഡ് പോസിറ്റീവ് ആയതിന്റെ രേഖ കയ്യിലുള്ള 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കാവൂ. രോഗവക്ഷണങ്ങളില്ലാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കുടുംബാംഗങ്ങളോടൊപ്പം പങ്കെടുക്കാവുന്നതാണ്. 

അങ്കണവാടികൾ ഫെബ്രുവരി 14 തിങ്കളാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഒന്ന് മുതല്‍ 9 വരെയുള്ള ക്ലാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ഡന്‍ ക്ലാസുകള്‍ തുടങ്ങിയവ തിങ്കളാഴ്ച മുതല്‍ ഓഫ് ലൈനായി പ്രവര്‍ത്തിക്കുകയാണ്. അതിനോടൊപ്പം അങ്കണവാടികളും തുറക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനമെടുക്കുകയായിരുന്നു. 

മഹീന്ദ്ര SUV 700 ബുക്കിങ്ങിലും കാത്തിരിപ്പിലും റെക്കോഡ്

0

മഹീന്ദ്രയുടെ ഫ്‌ളാഗ്ഷിപ്പ് എസ്.യു.വിയായ XUV700-ന്റെ തുടക്കം വിപണിയിലെ റെക്കോഡ് . അവതരിപ്പിച്ച് നാല് മാസം പിന്നിടുമ്പോൾ ഈ വാഹനം സ്വന്തമാക്കാന്‍ എത്തിയവരുടെ എണ്ണം ഒരുലക്ഷം. മൂന്ന് മണിക്കൂറില്‍ 50,000 ബുക്കിങ്ങ് എന്ന റെക്കോഡ് സ്വന്തമാക്കിയാണ് തുടക്കമിട്ടത്.

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം തുടരുകയാണ്.നിര്‍മാണത്തെ ബാധിക്കുന്നതിനാല്‍ XUV700, ഥാര്‍ പോലുള്ള വാഹനങ്ങളുടെ ബുക്കിങ്ങ് കാത്തിരിപ്പ് ഉയരുമെന്നും, നിലവിലുള്ള കാത്തിരിപ്പ് കാലയളവ് ഉടന്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മഹീന്ദ്ര ഗ്രൂപ്പ്‌ മേധാവി കേരളപോസ്റ്റിനോട് പറഞ്ഞു.

മഹീന്ദ്ര XUV700-ന്റെ വിതരണത്തില്‍ പെട്രോള്‍ മോഡലിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നത്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ ഒക്ടോബര്‍ അവസാനത്തോടെ ഉപയോക്താക്കള്‍ക്ക് കൈമാറി തുടങ്ങിയിരുന്നു. എന്നാല്‍, ഒരു മാസത്തിന് ശേഷം നവംബര്‍ അവസാനത്തോടെയാണ് ഡീസല്‍ മോഡലുകള്‍ ലഭ്യമാക്കിയത്. ഉയര്‍ന്ന വേരിയന്റുകള്‍ക്ക് ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് സൂചന. താഴ്ന്ന വേരിയന്റുകള്‍ ആറ് മാസത്തില്‍ ലഭ്യമാകും. 

MX, AX3, AX5, AX7 എന്നീ നാല് വേരിയന്റുകളില്‍ ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളില്‍ 11 മോഡലുകളായാണ് XUV700 വില്‍പ്പനയ്ക്ക് എത്തുന്നത്.  MX-ന് 12.49 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഉയര്‍ന്ന വകഭേദമായ AX7 ലക്ഷ്വറിക്ക് 21.29 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. അതേസമയം, MX ഡീസലിന് 12.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പായ AX7 ലക്ഷ്വറി ഓള്‍ വീല്‍ ഡ്രൈവ് മോഡലിന് 22.89 ലക്ഷം രൂപയും എക്‌സ്‌ഷോറും വിലയാക്കിയിട്ടുണ്ട്.

മഹീന്ദ്രയുടെ W601 മോണോകോക്ക് പ്ലാറ്റ്‌ഫോമിലാണ് എക്‌സ്.യു.വി. 700 ഒരുങ്ങിയിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ഡീസല്‍ എന്‍ജിന്‍ 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് .

മോഡലുകളുടെ അപകട മരണ കേസിലെ പ്രതികൾക്ക് എതിരെ പോക്സോ കേസ്

0

മോഡലുകളുടെ അപകടമരണ കേസിലെ പ്രതികൾക്കെതിരെ പോക്‌സോ (POCSO) കേസ്. കൊച്ചിയിലെ  18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, ഷൈജു തങ്കച്ചൻ എന്നിവർക്കെതിരെയാണ്  പോക്സോ കേസ്. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഷൈജുവിന്റെ സുഹൃത്തായ  മറ്റൊരു യുവതിയും കേസില്‍ പ്രതിയാണ്.

കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍. 2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. രാത്രി പത്ത് മണിക്ക് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ വെച്ച് റോയ് വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതിയായ ഷൈജു തങ്കച്ചനും ഇയാളുടെ സുഹൃത്തായ അഞ്ജലി റീമ ദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി.

വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. ജനുവരി 31നാണ് പ്രതികള്‍ക്കെതിരെ ഫോര്‍ട്ട് കൊച്ചി സ്റ്റേഷനില്‍ യുവതിയും മകളും പരാതി നല്‍കിയത്. ഭയം കൊണ്ടാണ് പരാതി നല്കാൻ വൈകിയതെന്നും ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്‌.  കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.

പിൻസീറ്റിൽ നടുക്ക് ഇരിക്കുന്നവർക്കും സീറ്റ് ബെൽറ്റ് വേണം

0

പിന്‍സീറ്റില്‍ നടുക്കിരിക്കുന്നവര്‍ക്കുള്‍പ്പെടെ കാറിലെ മുഴുവന്‍ യാത്രക്കാര്‍ക്കുമുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഘടിപ്പിച്ചിരിക്കണമെന്ന് നിബന്ധന വരുന്നു. ഇതിനായി സൌകര്യം ഒരുക്കാൻ വാഹനനിര്‍മാതാക്കളോട് ഗതാഗതമന്ത്രാലയം നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച കരടുമാര്‍ഗരേഖ ഈ മാസം പുറത്തിറക്കും.

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഒട്ടുമിക്ക കാറുകളിലും മുന്നിലിരിക്കുന്നവര്‍ക്കും പിന്നിലിരിക്കുന്ന രണ്ടുപേര്‍ക്കും മാത്രമാണ് വൈ ആകൃതിയിലുള്ള ‘ത്രീ പോയന്റ് സേഫ്റ്റി’ സീറ്റ് ബെല്‍റ്റ് ഇപ്പോഴുള്ളത്. ചുരുക്കം ചില വാഹനനിര്‍മാതാക്കളാണ് നടുവിലെ സീറ്റിലും ഇതു പിടിപ്പിക്കുന്നത്. ചില കാറുകളില്‍ ലാപ് ബെല്‍റ്റ് അല്ലെങ്കില്‍ വയറിനുമുകളിലൂടെ ധരിക്കുന്ന ബെല്‍റ്റുകളാണ് പിന്നിലിരിക്കുന്നവര്‍ക്കായി നല്‍കുന്നത്.

പിന്നിലിരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കിലും കുറ്റകരവുമല്ല. പുതിയ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ പിന്നിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയേക്കും. എട്ടുപേര്‍ക്കു സഞ്ചരിക്കാവുന്ന കാറില്‍ ആറു എയര്‍ ബാഗ് എങ്കിലും നിര്‍ബന്ധമായുണ്ടാകണമെന്ന് ജനുവരി 14-ന് മന്ത്രാലയം വിജ്ഞാപനമിറക്കിയിരുന്നു; ഒക്ടോബര്‍ ഒന്നുമുതല്‍ ഈ നിയമം നിലവില്‍വരും.

1959-ല്‍ സ്വീഡിഷ് വാഹന നിര്‍മാതാക്കളായ വോള്‍വോയാണ് ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് ആദ്യമായി വാഹനത്തില്‍ നല്‍കിയത്. വോള്‍വോ പി.വി 544 എന്ന മോഡലിലാണ് ഇത് ആദ്യം ഒരുക്കിയത്. Y ഷേപ്പിലുള്ള ഈ സീറ്റ് ബെല്‍റ്റ് ഇന്ന് മിക്ക വാഹനങ്ങളിലും ഒരുക്കുന്നുണ്ട്.

സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളില്‍ 14 ശതമാനം മരണങ്ങള്‍ക്കും കാരണം സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതാണ്. സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചിക്കുന്നത്. സീറ്റ് ബെല്‍റ്റുകളുടെ ഉപയോഗം ഗുരുതരമായ റോഡ് അപകടങ്ങളില്‍ പോലും രക്ഷപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നുമാണ് വിലയിരുത്തലുകള്‍. സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണ് വാഹനത്തില്‍ ആറ് എയര്‍ബാഗുകളും നിര്‍ബന്ധമാക്കുന്നത്. മുൻനിര വില കൂടിയ കാറുകളിൽ ഇത് എളുപ്പമാവും.

കുടുംബം ഉണ്ടായിരുന്നു എങ്കിൽ തൊഴിലാളികളുടെ വേദന അറിയുമായിരുന്നു, യോഗിക്കെതിരെ അഖിലേഷ്

0

സമാജ്‌വാദി പാര്‍ട്ടിയെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന് പരിഹസിച്ച ബിജെപി നേതാക്കള്‍ക്ക് മറുപടിയുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. കുടുംബമുണ്ടാകുക കുടുംബസ്ഥനാവുക എന്നതില്‍ അഭിമാനിക്കുന്ന ആളാണെന്നും കുടുംബത്തെ ഉപേക്ഷിച്ച് എവിടേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുടുംബാധിപത്യം രാഷ്ട്രീയത്തിനും ജനാധിപത്യത്തിനും അപകടകരമാണെന്ന ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡയുടെയും പ്രധാനമന്ത്രി മോദിയുടെയും വിമര്‍ശനത്തിനാണ് അഖിലേഷ് മറുപടി നല്‍കിയത്.

കോവിഡ് ലോക്ഡൗണ്‍ സമയത്ത് സ്വന്തം വീടുകളിലേക്ക് കുടുംബത്തോടൊപ്പം എത്താന്‍ പരിശ്രമിച്ച തൊഴിലാളികഴുടെ വേദന ഒരു കുടുംബം ഉണ്ടായിരുന്നെങ്കില്‍ യോഗി ആദിത്യനാഥിന് മനസ്സിലാകുമായിരുന്നു. കേന്ദ്രവും സംസ്ഥാനവും ഒരേ പാര്‍ട്ടി ഭരിക്കുന്നതുകൊണ്ട് അഴിമതിയുടെ ഇരട്ട എഞ്ചിന്‍ മാത്രമാണ് ഉണ്ടായത്. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റേയും ഭരണഘടനയുടേയും സംരക്ഷണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചതിലും അദ്ദേഹം യോഗി സര്‍ക്കാരിനെ കുറ്റപ്പെടുത്തി. കര്‍ഷകരുടെ മരണത്തില്‍ കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് അഖിലേഷ് വിമര്‍ശമുന്നയിച്ചു.

ഇ – റുപി ഡിജിറ്റൽ ഇടപാട് പരിധി ഒരു ലക്ഷമാക്കി ഉയർത്തി

0

e-RUPI ഡിജിറ്റല്‍ പണമിടപാടിന്റെ പരിധി ഉയർത്തി. 10,000 രൂപയില്‍നിന്ന് ഒരു ലക്ഷം രൂപയായാണ് ഉയര്‍ത്തിയത്. പണവായ്പ നയ പ്രഖ്യാപനത്തിനിടെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകി.

ഇ-റുപ്പി വൗച്ചര്‍ ഒന്നിലധികം തവണ ഉപയോഗിക്കാനും കഴിയും വിധമാണ് പരിഷ്കാരം. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ വിതരണംചെയ്യാനാണ് ഡിജിറ്റല്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. കോര്‍പറേറ്റുകള്‍ക്കും സേവനം പ്രയോജനപ്പെടുത്താം. 

ബാങ്ക് അക്കൗണ്ടോ ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഇ-റുപ്പി. സ്മാര്‍ട്ട് ഫോണിന്റെ ആവശ്യവുമില്ല. ഫീച്ചര്‍ ഫോണുള്ളവര്‍ക്കും ഇ-റുപ്പുയുടെ സൗകര്യം പ്രയോജനപ്പെടുത്താം. 

രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായികൂടിയാണ് കഴിഞ്ഞവര്‍ഷം ഇ-റുപ്പി അവതരിപ്പിച്ചത്. നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷനാ(എന്‍പിസിഐ)ണ് സംവിധാനം വികസിപ്പിച്ചത്. 

മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് വൗച്ചറാണ് ഇ-റുപ്പി. പ്രീ പെയ്ഡ് ഡിജിറ്റല്‍ വൗച്ചറായാണ് ഇത് പ്രവര്‍ത്തിക്കുക. ക്യൂ ആര്‍ കോഡ് അല്ലെങ്കില് എസ്എംഎസ് ആയി ലഭിക്കുന്ന കോഡ് ഉപയോഗിച്ച് പണമടക്കാനുള്ള സൗകര്യമാണ് ഉപഭോക്താവിന് ലഭിക്കുക. 

നിലവില്‍ പരമാവധി ഇടപാടിനുള്ള തുക 10,000 രൂപയായിരുന്നു. ഈ പരിധിയാണ് ഒരു ലക്ഷമായി ഉയര്‍ത്തിയത്. ഒറ്റത്തവണയായി ഉപയോഗിക്കാനുള്ള അവസരമായിരുന്നു ഇതുവരെയുണ്ടായിരുന്നത്. തുക പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതുവരെ എത്രതവണവേണമെങ്കിലും ഇനി ഈ വൗച്ചര്‍ ഉപയോഗിക്കാം എന്ന സൌകര്യവും നിലവിൽ വന്നു.