എന്ത് പേരിട്ട് വിളിച്ചാലും അതിവേഗ റെയിൽ പാത കേരളത്തിന് അത്യാവശ്യം, ആവർത്തിച്ച് മുഖ്യമന്ത്രി

0

എന്ത് പേരിട്ട് വിളിച്ചാലും സംസ്ഥാനത്തിന് അതിവേ​ഗ റെയിൽ പാത ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കെതിരായ നിലപാട് സംസ്ഥാനത്തെ കോൺ​ഗ്രസും ബി.ജെ.പിയും സ്വീകരിച്ചപ്പോൾ കേന്ദ്രവും ഇതേ നിലപാടിനൊപ്പം നിന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ധാരാളം യാത്രക്കാർ നമ്മുടെ സംസ്ഥാനത്തുണ്ട്. ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന ശീലമാണ് കേരളീയർക്കുള്ളത്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ മാത്രം റെയിൽവേ സൗകര്യം വർധിപ്പിക്കാനാവില്ല. അതിനാലാണ് കെ-റെയിൽ പദ്ധതി സർക്കാറിന് തുടരാൻ സാധിക്കാതിരുന്നത്. പദ്ധതിക്കെതിരായ നിലപാട് സംസ്ഥാനത്തെ കോൺ​ഗ്രസും ബി.ജെ.പിയും സ്വീകരിച്ചപ്പോൾ കേന്ദ്രവും ഇതേ നിലപാടിനൊപ്പം നിന്നു. ദക്ഷിണ റെയിൽവേയോട് പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒന്നുകൂടെ പഠിച്ച് റിപ്പോർട്ട് നൽകണമെന്ന വാർത്ത മാധ്യമങ്ങളിൽ വന്നപ്പോഴും ബി.ജെ.പി സംസ്ഥാന നേതൃത്വം എതിർപ്പുമായി രംഗത്ത് വന്നു.

വന്ദേഭാരത് കെ റെയിലിൻ്റെ ആവശ്യകത തെളിയിച്ചു

വേ​ഗത്തിൽ സർവീസ് നടത്തുന്ന ട്രെയിനെന്ന രീതിയിൽ വന്ദേ ഭാരത് ലഭിച്ചപ്പോൾ ജനങ്ങൾ അതിൽ നല്ലപോലെ യാത്ര ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ഏർപ്പെടുത്തിയ വന്ദേ ഭാരതിൽ ഏറ്റവും വരുമാനവും കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനിനാണ്. അതേസമയം, വന്ദേ ഭാരത് കൃത്യസമയം പാലിക്കുന്നതിനായി നിരവധി ട്രെയിനുകൾ പിടിച്ചിടുന്നു. എന്നാൽ, ഇതോടെ ജനങ്ങൾ കെ-റെയിലിന്റെ ആവശ്യകത തിരിച്ചറിഞ്ഞു.

സംസ്ഥാനത്ത് റെയിൽവേ പാതയ്ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. ഇവ നല്ല രീതിയിലേക്ക് മാറ്റി വേഗത്തിൽ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സൗകര്യമൊരുക്കണമെങ്കിൽ ദശാബ്ദങ്ങളെടുക്കും. അത്രയും നാൾ കേരളീയർ കാത്തിരിക്കേണ്ടി വരുന്നു എന്നത് ഒരു തരത്തിൽ ശിക്ഷയാണ്. സംസ്ഥാനത്തിന് പ്രത്യേകമായി ഒന്നും ചെയ്യാൻ കഴിയില്ല. ഇതിന് കേന്ദ്ര സർക്കാറിന്റെ അനുമതി ആവശ്യമാണ്. ഏത് പേരിട്ടാലും കേരളത്തിന് അത് ആവശ്യമാണെന്ന് പൊതുജനം ആഗ്രഹിക്കുന്നു.

ഓരോരുത്തരും ആഗ്രഹിക്കുന്ന വ്യവസായം അതേ രീതിയിൽ ആരംഭിക്കാൻ സാധിക്കുന്നൊരു സംസ്ഥാനമല്ല കേരളം. ജനസാന്ദ്രത, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രത്യേകത എന്നിവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് നാം വ്യവസായങ്ങൾക്ക് മുൻഗണന നൽകുന്നത്.

കോൺഗ്രസിനെ എല്ലാ കോണിൽ നിന്നും പുറത്താക്കിയാൽ വരുന്നത് ജനാധിപത്യത്തിൻ്റെ ദീപാവലി- പ്രധാനമന്ത്രി നരേന്ദ്ര മോഡി

0

രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ കോണില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ തുടച്ചുനീക്കിയിട്ടുണ്ടെന്ന് ജനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസ് എവിടെയൊക്കെ ഭരണത്തിലുണ്ടോ അവിടെയെല്ലാം അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ പിലിഭംഗയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ‘ജനാധിപത്യത്തിന്റെ ദീപാവലി’ ആക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ജല്‍ ജീവന്‍ മിഷനുവേണ്ടി കോടിക്കണക്കിനു രൂപയാണ് കേന്ദ്രം ചിലവഴിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിലും അഴിമതി കാണിച്ചെന്നും ജനങ്ങള്‍ക്ക് വിഷമയമായ വെള്ളം കുടിക്കാന്‍ നല്‍കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു. ‘നിങ്ങളുടെ ജീവിതത്തെ കുറിച്ച് യാതൊരു ശ്രദ്ധയുമില്ലാത്ത കോണ്‍ഗ്രസിന് ഒരു ദിവസമെങ്കിലും അധികാരത്തിലിരിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് നിങ്ങള്‍ തന്നെ പറയൂ. ദീപാവലി ഇപ്പോള്‍ കഴിഞ്ഞതേയുള്ളൂ. നമ്മുടെ അമ്മമാരും സഹോദരിമാരും വീട്ടില്‍ 15-16 മണിക്കൂറെങ്കിലും പണിയെടുക്കാറുണ്ട്. എന്നാല്‍ ദീപാവലി വരുമ്പോള്‍ അവര്‍ വീടിന്റെ എല്ലാ ഭാഗവും വൃത്തിയാക്കും. ഈ തിരഞ്ഞെടുപ്പും ജനാധിപത്യത്തിന്റെ ദീപാവലിയാണ്. അതിനാല്‍ ഒരു കോണിലും കോണ്‍ഗ്രസ് ഇല്ലെന്ന് ഉറപ്പുവരുത്തി കോണ്‍ഗ്രസിനെ തുടച്ചുനീക്കണം’, മോദി പറഞ്ഞു.

‘ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലുള്ളതിനേക്കാള്‍ 12 രൂപ അധികമാണ് പെട്രോളിനും ഡീസലിനുമായി രാജസ്ഥാനിലെ ജനങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഡിസംബര്‍ മൂന്നിന് വോട്ടെണ്ണി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി കഴിഞ്ഞാല്‍ പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാകുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 25നാണ് രാജസ്ഥാന്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാം, തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

ഓഫീസിൽ പൂജ, ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ഓഫീസിലെ ‘നെഗറ്റീവ് എനര്‍ജി’ മാറ്റാന്‍ പ്രാര്‍ത്ഥന നടത്തിയ തൃശ്ശൂര്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. ശിശുസംരക്ഷണ ഓഫീസര്‍ കെ. ബിന്ദുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.

ജില്ലാ കളക്ടറുടെ കാര്യാലയം ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് പ്രാര്‍ത്ഥന നടത്തിയത്. സെപ്റ്റംബര്‍ 29-നാണ് നെഗറ്റീവ് എനര്‍ജി മാറ്റാന്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയത്. മറ്റ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. തുടർന്ന് സബ് കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി.

ഓഫീസ് സമയത്തല്ല പ്രാര്‍ത്ഥന നടത്തിയതെന്നും ആരെയും പങ്കെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നുമാണ് ഉദ്യോഗസ്ഥ നിലപാടെടുത്തത്.

സെപ്തംബര്‍ 29 നാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ നേതൃത്വത്തിൽ പ്രാർഥന നടത്തിയത്. വൈകീട്ട് 4.30-ഓടെയാണ് പ്രാർഥനയിൽ പങ്കെടുക്കണമെന്ന് ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും പ്രാർഥനയിൽ പങ്കെടുക്കേണ്ടിവന്നു. ജീവനക്കാരിൽ ഒരാൾ തന്നെയാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനക്ക് നേതൃത്വം നൽകിയത്.

ഓഫീസിലുണ്ടായിരുന്ന വൈദിക വിദ്യാര്‍ത്ഥിയുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥന നടന്നത്. അഞ്ച് മിനിട്ടുകൊണ്ട് പ്രാര്‍ത്ഥന അവസാനിച്ചെങ്കിലും ഓഫീസില്‍ നിന്ന് കരാര്‍ ജീവനക്കാര്‍ വിട്ടു പോകാന്‍ തുടങ്ങിയതോടെയാണ് പ്രാര്‍ത്ഥന ഫലിക്കുകയാണോ എന്ന് കളിയാക്കല്‍ വന്ന് തുടങ്ങിയത്. ഇതോടെ ആ ഓഫീസിലെ ഏഴുപേര്‍ മാത്രം അറിഞ്ഞ രഹസ്യ പ്രാര്‍ത്ഥനയുടെ വിവരം പുറത്താവുകയായിരുന്നു. മാനസിക സംഘര്‍ഷം മാറാന്‍ പ്രാര്‍ത്ഥന നല്ലതാണെന്ന് സഹപ്രവര്‍ത്തകനായ വൈദിക വിദ്യാര്‍ത്ഥി പറഞ്ഞപ്പോള്‍ സമ്മതിച്ചതാണെന്നായിരുന്നു ശിശു സംരക്ഷണ ഓഫീസറുടെ പ്രതികരണം. 

ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാം കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനാൽ നിർദേശം ധിക്കരിക്കാൻ പലർക്കും ധൈര്യം വന്നില്ല. ഓഫീസിൽ നെഗറ്റീവ് എനർജിയുണ്ടെന്ന പരാതി ഓഫീസർ പതിവായി പറയാറുണ്ടായിരുന്നു. അതാണ് പല പ്രശ്‌നങ്ങൾക്കും കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാർഥന നടത്തിയത്. ജീവനക്കാരിൽ ഒരാളുടെ പരാതിയിലാണ് അന്വേഷണം നടത്തിയത്.

ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പൽ പിടിച്ചെടുത്ത് ഹൂതി വിമത സേന, 52 ജീവനക്കാരെ ബന്ദികളാക്കി

0

തുര്‍ക്കിയില്‍നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ തെക്കന്‍ ചെങ്കടലില്‍വെച്ച് പിടിച്ചെടുത്ത് യെമനിലെ ഹൂതി വിമത സേന. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് തെക്കന്‍ ചെങ്കടലില്‍വെച്ച് ഹൂതികള്‍ കപ്പല്‍ പിടിച്ചെടുത്തത്. 52 പേരുള്ള കപ്പൽ ക്രൂ സംഘത്തെ ബന്ദികളാക്കി.

കരീബിയന്‍ രാജ്യമായ ബഹമാസിന്റെ പതാക വഹിക്കുന്ന കപ്പലിന്റെ പേര് ‘ഗാലക്‌സി ലീഡര്‍’ എന്നാണ്. ഇതിന്റെ ഉടമസ്ഥന്‍ ഒരു ഇസ്രയേലി ശതകോടീശ്വരന്‍ ആണെന്നാണ് വിവരം. ബള്‍ഗേറിയ, ഫിലിപ്പീന്‍സ്, മെക്‌സിക്കോ, യുക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 25 പേരാണ് കപ്പലിലെ ജീവനക്കാര്‍. കപ്പലിന്റെ ഉടമസ്ഥാവകാശം ബ്രിട്ടനാണെന്നും ഓപ്പറേറ്റ് ചെയ്യുന്നത് ജപ്പാന്‍ ആണെന്നും ഇസ്രയേല്‍ പ്രതികരിച്ചു. .

ഇസ്രയേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ അവ ഓപ്പറേറ്റ് ചെയ്യുന്നതോ ആയ എല്ലാ കപ്പലുകളും തങ്ങള്‍ ലക്ഷ്യമാക്കിയേക്കുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരീ എക്‌സില്‍ പങ്കുവെച്ച പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

“ആ തീ കത്തില്ല, ഒരിഞ്ചും മാറി നടക്കില്ല” മുന്നണി മാറ്റ ചർച്ച തള്ളി ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ്

0

 മുസ്ലിം ലീഗ് മുന്നണി മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച് . മുസ്ലിം ലീഗിന് മുന്നണി മാറേണ്ട സാഹചര്യം ഇല്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫിനെ ശക്തിപ്പെടുകയാണ് പ്രധാന ലക്ഷ്യം. ഒരിഞ്ച് പോലും ലീഗ് മാറിനടക്കില്ല. സുല്‍ത്താന്‍ ബത്തേരിയില്‍ ലീഗ് ജില്ലാ ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിന്റെ വാതിലില്‍കൂടി മുന്നണി മാറേണ്ട കാര്യം ലീഗിനില്ല. മുന്നണി മാറുന്നെങ്കില്‍ അത് തുറന്നുപറയും.

മുന്നണി ബന്ധം ഉറപ്പിക്കാനുള്ള ഒരായിരം കാര്യങ്ങള്‍ ഇവിടെ ഉണ്ട്. എന്നാല്‍ മുന്നണി മാറാനുള്ള ഒരുകാര്യവുമില്ല. വേറെ ആരെങ്കിലും വെള്ളം അടുപ്പത്ത് വെച്ചിട്ടുണ്ടെങ്കില്‍ ആ തീ കത്താന്‍ പോകുന്നില്ല…. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

സി.പി.എം. നല്‍കിയ കേരള ബാങ്ക് ഡയറക്ടര്‍പദവി മുസ്ലിം ലീഗ് സംസ്ഥാനസെക്രട്ടറി പി. അബ്ദുള്‍ഹമീദ് എം.എല്‍.എ. സ്വീകരിച്ചതും കാസര്‍കോട് നവകേരള സദസ്സിന്റെ യോഗത്തില്‍ മുസ്ലിംലീഗ് നേതാവ് എന്‍.എ. അബൂബക്കര്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടതും മുന്നണി മാറ്റ ചര്‍ച്ചകള്‍ക്ക് ശക്തിപകര്‍ന്നിരുന്നു. ലീഗില്‍ ഒരുവിഭാഗത്തിനിടയില്‍ വലിയ ആശയ കുഴപ്പവുമുണ്ടായി.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജരേഖ കേസ് അന്വേഷണം സിബിഐക്ക് വിട്ടേക്കും

0

യൂത്ത് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ രേഖ ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യാൻ സാധ്യത. സംഭവത്തിൽ കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെട്ട് പൊലീസ് ഇന്ന് കത്ത് നൽകും. പ്രാഥമിക അന്വേഷണത്തിന് ശേഷം ഡിജിപി റിപ്പോർട്ട് നൽകും. സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ്   റിപ്പോർട്ട് നൽകുക. 

2023 ൽ കേരളത്തിൽ നടന്ന യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് നടപടികൾ പ്രഥമദൃഷ്ട്യാ അസാധുവാണെന്ന് മൂവാറ്റുപുഴ മുനിസിഫ് കോടതി നിരീക്ഷിച്ചിരുന്നു.സംഘടനയുടെ ഭരണഘടനാചട്ടങ്ങൾക്ക് വിരുദ്ധമായാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും, വോട്ടർമാരെ ചേർത്തതിലും, വോട്ടെടുപ്പിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും, ആയതിനാൽ ഈ ഇലക്ഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിക്കവെയാണ് കോടതിയുടെ വാക്കാലുള്ള നിരീക്ഷണം ഉണ്ടായത്.

യൂത്ത് കോൺഗ്രസ് അംഗമായ മൂവാറ്റുപുഴ സ്വദേശി നഹാസ്, മുഹമ്മദ് അഭിഭാഷകരായ ജിജോ ജോസഫ് , എൽദോസ് വർഗീസ് എന്നിവർ മുഖേനയാണ് ഹർജി നൽകിയത്.

തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് കമ്മിറ്റി ചാർജ് കൈമാറരുതെന്നും, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും നിർത്തിവക്കണമെന്നും മെമ്പർഷിപ്പിന് അപേക്ഷ നൽകിയ മുഴുവൻ ആളുകളുടെയും പൂർണവിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് കോടതിയിൽ ഹാജരാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.

ഞെട്ടിച്ച വെട്ടിപ്പ്

കേരളത്തിൽ നടന്ന യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച് രണ്ടു ലക്ഷത്തിലധികം കള്ളവോട്ടുകൾ ചെയ്തു എന്നായിരുന്നു റിപ്പോർട്ട്.വ്യാജമായി നിർമ്മിച്ചിരിക്കുന്നത് കോൺഗ്രസിന്റെ മെമ്പർഷിപ്പല്ല, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുന്ന തിരിച്ചറിയൽ കാർഡ് തന്നെയാണെന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെ എഐസിസിക്ക് പരാതി നൽകിയതിനെ തുടർന്നാണ് വിവരം പൊതുമധ്യത്തിലെത്തുന്നത്.

ഷീനിസ് പലാസിയോസ് വിശ്വ സുന്ദരി

0

2023ലെ വിശ്വസുന്ദരി കിരീടം ചൂടി നിക്കാരഗ്വയിൽ നിന്നുള്ള ഷീനിസ് പലാസിയോസ്. എൽ സാൽവാദോറിലാണ് വിശ്വസുന്ദരി മത്സരം നടന്നത്. ആദ്യ റണ്ണർ അപ്പ് തായ്‌ലൻഡിൽ നിന്നുള്ള ആന്റോണിയ പോർസിലിദാണ്. രണ്ടാം റണ്ണറപ്പായി ഓസ്‌ട്രേലിയയിൽ നിന്നുള്ള മൊറായ വിൽസണും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ബോണി ഗബ്രിയേലാണ് ഷീനിസിനെ വിജയ കിരീടമണിയിച്ചത്.

23 കാരിയായ ഷീനിസ് പലാസിയോസ് ടിവി അവതാരകയും മോഡലുമാണ്. ആഗോള മത്സരത്തിൽ പങ്കെടുക്കുകയെന്ന ബാല്യകാല സ്വപ്‌നമാണ് പൂവണിഞ്ഞിരിക്കുന്നതെന്ന വാചകത്തോടെ ഷീനിസ് പലാസിയോസ് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പിട്ടിരുന്നു. ഫൈനലിന് മണിക്കൂറുകൾ മുൻപായിരുന്നു പോസ്റ്റ്. ‘ഈ സന്ദർഭം ഞാനെന്റെയുള്ളിലെ കുട്ടിക്ക് സമർപ്പിക്കുന്നു. അസാധ്യമെന്ന് മറ്റുള്ളവർ പറയുന്നത്ര ഉയരത്തിൽ സ്വപ്‌നം കാണൂ’- ഷീനിസ് കുറിച്ചു.

2016 മുതൽ വിവിധ മത്സരങ്ങളിൽ വിജയിയായിട്ടുള്ള വ്യക്തിയാണ് ഷീനിസ്. 2016 നിക്കാരഗ്വ മിസ് ടീൻ, മിസ് വേൾഡ് നിക്കാരഗ്വ 2020 എന്നീ പട്ടങ്ങൾ സ്വന്തമാക്കിയ ഷീനിസ് മിസ് വേൾഡ് 2021 ലെ ആദ്യ നാൽപ്പതിലും ഇടംനേടിയിരുന്നു.

ലോകകപ്പ് ക്രിക്കറ്റ് കിരീടം ഓസ്ട്രേലിയ കൊണ്ടുപോയി, പരാജയമറിയാത്ത മുന്നേറ്റം, പക്ഷെ കൈ വിട്ട് ഇന്ത്യ

0

ലോകകപ്പ് ക്രിക്കറ്റ് 2023 ൽ ഒരു കളിയും തോല്‍ക്കാതെ മുന്നേറിയിട്ടും ഇന്ത്യൻ ടീം ഫൈനലില്‍ വീണു പോയി. ഓസ്‌ട്രേലിയയോട് ആറുവിക്കറ്റിന് തോറ്റാണ് ഇന്ത്യ ടീം നിരാശയിലായത്. ഇന്ത്യ ഇത്രയും മികച്ച ഫോമില്‍ കളിച്ച മറ്റൊരു ലോകകപ്പ് ഇല്ല. പക്ഷെ,

240 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിരീടമണിഞ്ഞു. സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് വീണ്ടും ഇന്ത്യൻ വിജയ പ്രതീക്ഷയുടെ എതിരാളിയായി മാറി. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് പിന്നാലെ 2023 ലോകകപ്പിലും ഹെഡ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിയെടുത്തു.

മൂന്നാം കിരീടത്തില്‍ ഇന്ത്യ മുത്തമിടുന്നത് കാണാനെത്തിയ ആരാധകര്‍ നിരാശരായി. ഓസീസ് ആറാം ലോകകിരീടവുമായാണ് കത്തി നിൽക്കുന്നത്. തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം ടീമിനെ തിരിച്ചു കൊണ്ടു വന്ന  ട്രാവിസ് ഹെഡിന്റെ സെഞ്ചറിയാണ് ഓസീസ് ജയത്തില്‍ നിര്‍ണായകമായത്. ഹെഡ് 120 പന്തുകളില്‍ നിന്നും 137 റണ്‍സ് നേടി പുറത്തായി. 58 റണ്‍സുമായി ലബുഷെയ്ന്‍ മികച്ച പിന്തുണ നല്‍കി. തുടക്കത്തിലെ തിരിച്ചടിക്കു ശേഷമാണ് ഓസ്ട്രേലിയ പൊരുതിക്കയറിയത്. ഏഴു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും 15 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും നാലു റണ്‍സെടുത്ത സ്മിത്തും തുടക്കത്തിലെ പുറത്തായി. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റുകളെടുത്തു. മുഹമ്മദ് ഷമിയും സിറാജും ഓരോ വിക്കറ്റുകള്‍ വീതം നേടി. 

തുടക്കത്തിലെ പതര്‍ച്ചയില്‍ നിന്നും ടീമിനു തിരിച്ചു വരാനായില്ലെന്നു തെളിയിക്കുന്നതായിരുന്നു ബാറ്റര്‍മാരുടെ പ്രകടനം. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയും ( 54), കെ. രാഹുലും ( 66) മാത്രമായിരുന്നു ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചത്.

ഓപ്പണര്‍ രോഹിത് ശര്‍മ 47 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍(4), ശ്രേയസ് അയ്യര്‍(4), രവിന്ദ്ര ജഡേജ(9), മുഹമ്മദ് ഷമി ( 6), ജസ്പ്രിത് ബുംമ്ര(1), കുല്‍ദീപ് യാദവ്(10), മൊഹമ്മദ് സിറാജ്(9), സൂര്യ കുമാര്‍ യാദവ്(18).  എന്നിങ്ങനെയാണ് പുറത്തായവരുടെ സംഭാവന. 

കളി കസറി

ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയയ്ക്ക് ബുംറ ചെയ്ത ആദ്യ ഓവറില്‍ തന്നെ 15 റണ്‍സ് കിട്ടി. ഡേവിഡ് വാര്‍ണറും ട്രാവിസ് ഹെഡ്ഡുമാണ് ഓപ്പണ്‍ ചെയ്തത്. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ വാര്‍ണറെ മടക്കി ഷമി ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു. ഏഴുറണ്‍സെടുത്ത വാര്‍ണര്‍ സ്ലിപ്പില്‍ നിന്ന കോലിയുടെ കൈയ്യിലൊതുങ്ങി. പിന്നാലെ മിച്ചല്‍ മാര്‍ഷ് ക്രീസിലെത്തി. ആദ്യ നാലോവറില്‍ ഓസീസ് 41 റണ്‍സാണ് അടിച്ചെടുത്തത്.

എന്നാല്‍ അഞ്ചാം ഓവറിലെ മൂന്നാം പന്തില്‍ മിച്ചല്‍ മാര്‍ഷിനെ മടക്കി ബുംറ വമ്പന്‍ തിരിച്ചുവരവ് നടത്തി. 15 പന്തില്‍ 15 റണ്‍സെടുത്ത മാര്‍ഷിനെ ബുംറ വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഓസീസ് 41 ന് രണ്ട് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. പിന്നാലെ വന്ന സ്റ്റീവ് സ്മിത്തിനും പിടിച്ചുനില്‍ക്കാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത സ്മിത്തിനെ ബുംറ വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ മത്സരത്തില്‍ ഇന്ത്യ പിടിമുറുക്കി. സ്മിത്ത് പുറത്താകുമ്പോള്‍ ഓസീസ് സ്‌കോര്‍ 47 റണ്‍സിലാണെത്തിയത്.

സ്മിത്തിന് പകരം വന്ന മാര്‍നസ് ലബൂഷെയ്‌നിനെ കൂട്ടുപിടിച്ച് ട്രാവിസ് ഹെഡ് ടീമിനെ നയിച്ചു. 8.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. ആദ്യ പത്തോവറില്‍ ടീം 60 റണ്‍സാണ് നേടിയത്. ലബൂഷെയ്ന്‍ പ്രതിരോധിച്ചപ്പോള്‍ മറുവശത്ത് ഹെഡ് അനായാസം ബാറ്റുവീശി. ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 19.1 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. പിന്നാലെ ഹെഡ് അര്‍ധസെഞ്ചുറി നേടി. 58 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. ഹെഡ്ഡും ലബൂഷെയ്‌നും അനായാസം ബാറ്റിങ് തുടര്‍ന്നതോടെ ഇന്ത്യന്‍ ക്യാമ്പില്‍ നിരാശ പടര്‍ന്നു. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത്തിന് സാധിച്ചില്ല. പിന്നാലെ ലബൂഷെയ്‌നും ഹെഡ്ഡും സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

പിന്നീട് നിരാശയുടെ പടുകുഴിയിലേക്ക് നരേന്ദ്ര മോദി സ്‌റ്റേഡിയം വീണു. താരങ്ങളും ആരാധകരും ഒരുപോലെ സങ്കടത്തില്‍ മുങ്ങിയപ്പോള്‍ മറുവശത്ത് ട്രാവിസ് ഹെഡ് പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ ബൗളര്‍മാരെ അവര്‍ക്ക് വേണ്ടി ആര്‍ത്തലയ്ക്കുന്ന കാണികള്‍ക്ക് മുന്നില്‍ ഹെഡ് നിലംപരിശാക്കി. വൈകാതെ താരം സെഞ്ചുറി നേടുകയും ചെയ്തു. ബാറ്റര്‍മാര്‍ക്ക് നിലതെറ്റുമെന്ന് കരുതിയ അതേ പിച്ചില്‍ ഹെഡ് വെറും 95 പന്തുകളില്‍ നിന്ന് സെഞ്ചുറി നേടി. മൂകമായ സ്റ്റേഡിയത്തില്‍ ഹെഡ് ബാറ്റുയര്‍ത്തി ഓസീസിന്റെ വീരനായകനായി. 36.3 ഓവറില്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 200 കടന്നു. തകര്‍പ്പന്‍ സിക്‌സിലൂടെ ഹെഡ് തന്നെയാണ് സ്‌കോര്‍ 200 കടത്തിയത്. ഒരു ലോകകപ്പ് ഫൈനലിലെ ഏറ്റവും വലിയ രണ്ടാമത്തെ കൂട്ടുകെട്ട് എന്ന റെക്കോഡ് ഹെഡ്ഡും ലബൂഷെയ്‌നും ചേര്‍ന്ന് സ്വന്തമാക്കി. പിന്നാലെ ലബൂഷെയ്ന്‍ അര്‍ധസെഞ്ചുറി നേടി. 99 പന്തില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്.

വൈകാതെ ഓസീസിനായി ഹെഡ് ഉജ്ജ്വല വിജയം സമ്മാനിച്ചു. ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം വിരണ്ട അതേ പിച്ചില്‍ ഹെഡും ലബൂഷെയ്‌നും ബാറ്റിങ് വിരുന്നൊരുക്കി. ജയിക്കാന്‍ വെറും രണ്ട് റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ഹെഡ് പുറത്തായി. താരത്തെ മുഹമ്മദ് സിറാജ് പുറത്താക്കി. 120 പന്തില്‍ 15 ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 137 റണ്‍സെടുത്ത് വിജയമുറപ്പിച്ച ശേഷമാണ് ഹെഡ് കളം വിട്ടത്. പിന്നാലെ വന്ന മാക്‌സ്‌വെല്‍ രണ്ട് റണ്‍സ് നേടി ടീമിന് കിരീടം സമ്മാനിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റെടുത്തപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 50 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധസെഞ്ചുറി നേടിയ കെ.എല്‍.രാഹുലും വിരാട് കോലിയും 47 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ഓസീസ് ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞതോടെ റണ്‍സ് കണ്ടത്താന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ നന്നായി ബുദ്ധിമുട്ടി. ഇതാദ്യമായാണ് ഇന്ത്യ ഈ ലോകകപ്പില്‍ ഓള്‍ ഔട്ടാകുന്നത്. 13 ഫോറും മൂന്ന് സിക്‌സും മാത്രമാണ് ഇന്ത്യയുടെ ഇന്നിങ്‌സിലുള്ളത്. ഫസ്റ്റ് ബാറ്റിങ്ങിൽ ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ രണ്ടാമത്തെ ടോട്ടൽ കൂടിയാണിത്.

2003 ല്‍ ടോസിലെ ഭാഗ്യം കിട്ടിയിട്ടും ബൗളിങ് തിരഞ്ഞെടുത്തതാണ് പിഴച്ചതെങ്കില്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് തുണച്ചത് ഓസീസിനെ. എന്നിട്ടും രോഹിത് ആഗ്രഹിച്ച ആദ്യ ബാറ്റിങ് തന്നെ ഓസീസ് വിധിച്ചു. നായകന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. രോഹിത് കഴിഞ്ഞ മത്സരങ്ങളിലെന്നപോലെ ആക്രമിച്ചുതന്നെയാണ് ബാറ്റുവീശിയത്. മറുവശത്ത് ഗില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ആദ്യ നാലോവറില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ ഗില്ലിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പുറത്താക്കി. ഏഴുപന്തില്‍ നാലുറണ്‍സ് മാത്രമെടുത്ത താരത്തെ സ്റ്റാര്‍ക്ക് ആദം സാംപയുടെ കൈയ്യിലെത്തിച്ചു. ഗില്ലിന് പകരം സൂപ്പര്‍ താരം വിരാട് കോലി ക്രീസിലെത്തി.

ഏഴാം ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തുടര്‍ച്ചയായി മൂന്ന് തവണ ബൗണ്ടറി കടത്തി കോലി വരവറിയിച്ചു. പിന്നാലെ ടീം സ്‌കോര്‍ 50 കടക്കുകയും ചെയ്തു. രോഹിത്തും കോലിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ അര്‍ധസെഞ്ചുറിയ്ക്കരികില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് വീണു. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ തുടര്‍ച്ചയായി സിക്‌സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തില്‍ അനാവശ്യ ഷോട്ട് കളിച്ച് പുറത്തായി. 31 പന്തില്‍ നാല് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും സഹായത്തോടെ 47 റണ്‍സെടുത്ത രോഹിത്തിനെ ട്രാവിസ് ഹെഡ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കി. രോഹിത് പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 76-ല്‍ എത്തിയിരുന്നു. പിന്നാലെ വന്ന ശ്രേയസ്സിനും പിടിച്ചുനിൽക്കാനായില്ല. നാല് റൺസെടുത്ത താരത്തെ പാറ്റ് കമ്മിൻസ് പുറത്താക്കി. ഇതോടെ ഇന്ത്യ ഒരു വിക്കറ്റിന് 76 എന്ന നിലയില്‍ നിന്ന് 81 ന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

പിന്നാലെ വന്ന രാഹുലിനെ കൂട്ടുപിടിച്ച് കോലി അതീവശ്രദ്ധയോടെ ബാറ്റുവീശി. റണ്‍റേറ്റ് കുറഞ്ഞെങ്കിലും വിക്കറ്റ് വീഴാതെ മുന്നോട്ടുപോകാനാണ് കോലിയും രാഹുലും ശ്രദ്ധിച്ചത്. ഇരുവരും 15.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. പത്തോവറിലധികം ബൗണ്ടറി പോലും നേടാനാവാതെ ഇന്ത്യ പതറി. സിംഗിളുകള്‍ മാത്രം നേടിയാണ് കോലിയും രാഹുലും ടീമിനെ നയിച്ചത്. ആദ്യ 20 ഓവറില്‍ 115 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാനായത്. ആദ്യ പത്തോവറില്‍ ഇന്ത്യ 80 റണ്‍സെടുത്തപ്പോള്‍ അടുത്ത പത്തോവറില്‍ വെറും 35 റണ്‍സ് മാത്രമാണ് നേടാനായത്. റണ്‍റേറ്റ് എട്ടില്‍ നിന്ന് അഞ്ചിലേക്ക് താഴ്ന്നു. മത്സരം പാതിവഴി പിന്നിട്ടപ്പോള്‍ 25 ഓവറില്‍ 131 റണ്‍സാണ് ഇന്ത്യ നേടിയത്. പിന്നാലെ വിരാട് കോലി അര്‍ധസെഞ്ചുറിനേടി. താരത്തിന്റെ ഈ ലോകകപ്പിലെ ആറാം അര്‍ധസെഞ്ചുറിയാണിത്.

27-ാം ഓവറിലെ രണ്ടാം പന്തില്‍ ഫോറടിച്ചുകൊണ്ട് രാഹുല്‍ ബൗണ്ടറി വരള്‍ച്ചയ്ക്ക് വിരാമമിട്ടു. 96 പന്തുകള്‍ക്ക് ശേഷമാണ് ഇന്ത്യ ബൗണ്ടറി നേടിയത്. എന്നാല്‍ ഒരിടവേളയ്ക്ക് ശേഷം പന്തെറിയാനെത്തിയ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കി. അര്‍ധസെഞ്ചുറി നേടിയ വിരാട് കോലിയെ പുറത്താക്കി കമ്മിന്‍സ് ആരാധകരെ നിശബ്ദരാക്കി. 63 പന്തില്‍ നാല് ബൗണ്ടറിയുടെ സഹായത്തോടെ 54 റണ്‍സെടുത്ത കോലി കമ്മിന്‍സിന്റെ ബൗണ്‍സര്‍ പ്രതിരോധിക്കുന്നതിനിടെ താരത്തിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റില്‍ വീണു. ഇതോടെ ഇന്ത്യ 148 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.ആറാമനായി സൂര്യകുമാര്‍ യാദവിന് പകരം രവീന്ദ്ര ജഡേജയെയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഗ്രൗണ്ടിലേക്കയച്ചത്. ജഡേജയെ സാക്ഷിയാക്കി രാഹുല്‍ അര്‍ധസെഞ്ചുറി നേടി. 86 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം പൂര്‍ത്തിയാക്കിയത്. ഈ ലോകകപ്പിലെ താരത്തിന്റെ രണ്ടാം അര്‍ധസെഞ്ചുറി കൂടിയാണിത്. എന്നാല്‍ മറുവശത്ത് ജഡേജ നിരാശപ്പെടുത്തി. 22 പന്തില്‍ ഒന്‍പത് റണ്‍സ് മാത്രമെടുത്ത ജഡേജയെ ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 178 ന് അഞ്ചുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

ജഡേജയ്ക്ക് പകരം സൂര്യകുമാര്‍ യാദവ് ക്രീസിലെത്തി. 40 ഓവറില്‍ ഇന്ത്യ 197 റണ്‍സാണ് നേടിയത്. 40.5 ഓവറില്‍ ടീം സ്‌കോര്‍ 200-ല്‍ എത്തി. എന്നാല്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ട് സ്റ്റാര്‍ക്ക് രാഹുലിനെ പുറത്താക്കി. 107 പന്തുകളില്‍ നിന്ന് ഒരു ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഇംഗ്ലിസിന്‍രെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 203 ന് ആറുവിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു. രാഹുലിന് പകരം മുഹമ്മദ് ഷമിയാണ് ക്രീസിലെത്തിയത്.എന്നാല്‍ വെറും ആറുറണ്‍സെടുത്ത ഷമിയെ സ്റ്റാര്‍ക്ക് പുറത്താക്കി. ഷമിയ്ക്ക് പകരം വന്ന ബുംറയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. ഒരു റണ്‍ മാത്രമെടുത്ത താരത്തെ ആദം സാംപ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. 48-ാം ഓവറില്‍ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന സൂര്യകുമാര്‍ യാദവും പുറത്തായി. ഹെയ്‌സല്‍വുഡിന്റെ ബൗണ്‍സറില്‍ താരം ഇംഗ്ലിസിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. 28 പന്തില്‍ 18 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.അവസാന വിക്കറ്റില്‍ കുല്‍ദീപും സിറാജും ചേര്‍ന്നാണ് ടീം സ്‌കോര്‍ 240-ല്‍ എത്തിച്ചത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ കുല്‍ദീപ് റണ്‍ ഔട്ടായി. 10 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. സിറാജ് 9 റണ്‍സ് നേടി.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

അവർക്കെന്ത് പതിമൂന്ന്

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ 13–ാമത് പതിപ്പിനാണ് ഇന്ത്യ ആതിഥ്യം വഹിച്ചത്. ലോകകപ്പിന്റെ ചരിത്രത്തിൽ ഇന്ത്യയിൽമാത്രമായി നടക്കുന്ന ആദ്യ ടൂർണമെന്റാണിത്. യോഗ്യതാറൗണ്ടിലൂടെയാണ് ടീമുകളെ നിർണയിച്ചത്. ആകെ 10 ടീമുകൾ. ടെസ്റ്റ് പദവിയുണ്ടായിട്ടും മൂന്ന് ടീമുകൾക്ക് (വെസ്റ്റിൻഡീസ്, സിംബാബ്‍വെ, അയർലൻഡ്) യോഗ്യത നേടാനായില്ല. ടെസ്റ്റ് പദവിയില്ലാത്ത ഒരു രാജ്യവും പങ്കെടുത്തു: നെതർലൻഡ്സ്. ആകെ മൽസരങ്ങൾ 48.

പ്രധാനമന്ത്രിയുടെ സുരക്ഷാ ജോലിക്ക് പോയ വാഹനം ഇടിച്ചു, ആറു പൊലീസുകാർ മരിച്ചു

രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്ക് വിഐപി സുരക്ഷയൊരുക്കാൻ പോകുന്നതിനിടെ വാഹനാപകടത്തില്‍ ആറ് പോലീസുകാർ മരിച്ചു.

രാജസ്ഥാനിലെ ചുരു ജില്ലയിലെ സുജന്‍ഗഡ് സദര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വെച്ച് പോലീസുകാര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

‘നാഗോര്‍ ജില്ലയിലെ പോലീസുകാര്‍ പ്രധാനമന്ത്രിക്ക് സുരക്ഷ നല്‍കാനായി ജുന്‍ജ്‌നുവിലേക്ക് പോവുകയായിരുന്നു. ഇതിനിടെ രാവിലെ 5.30-ന് ഇവര്‍ സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയും അഞ്ചുപേര്‍ സംഭവസ്ഥലത്തുവെച്ച് മരിക്കുകയും ചെയ്തു. പരിക്കേറ്റ രണ്ടുപേരെ ഉടനടി അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതിലൊരാള്‍ ആശുപത്രിയില്‍ വെച്ചു മരിച്ചു. നാഗോര്‍ എസ്.പി അറിയിച്ചു.

ഇംഫാൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകൾ, മണിപ്പൂരിലേക്കുള്ള വിമാന സർവ്വീസ് തിരിച്ചു വിട്ടു

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ വിമാനത്താവളത്തിന് സമീപം അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തി. സംഭവത്തെ തുടർന്ന് ഇംഫാലിലും പരിസരത്തുമുള്ള വ്യോമപാത അടച്ചു. ഇംഫാലിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റദ്ദാക്കി.

ഞായറാഴ്ച ഉച്ചയ്ക്ക് 2:30 നാണ് അജ്ഞാത ഡ്രോണുകളുടെ സാന്നിധ്യം കണ്ടെത്തിയത്. സുരക്ഷാ ആശങ്ക മുൻനിർത്തിയാണ് വ്യോമപാത അടച്ചത്. വ്യോമപാത അടച്ചത്തോടെ വിമാന സർവീസുകൾ തടസ്സപ്പെട്ടു. പുറപ്പെടാനിരുന്ന മൂന്ന വിമാനങ്ങൾ മൂന്നു മണിക്കൂറോളം റൺവേയിൽ തങ്ങി. രണ്ട വിമാനങ്ങൾ ഇറങ്ങാനാവാതെ വന്നു.

മൂന്നു മണിക്ക് ബോർഡിങ് പൂർത്തിയാക്കിയവർ വൈകി ആറുമണിക്ക് ശേഷമാണ് യാത്ര പുറപ്പെട്ടത്. ഇതിൽ പലരും വിമാനത്തിന് അകത്ത് തന്നെ കുരുങ്ങി. അതിർത്തി സംസ്ഥാനമാണ് മണിപ്പൂർ. മ്യാൻമാറിൽ ആഭ്യന്തര കലാപം രൂക്ഷമാണ്. ഇതിനിടയിൽ സംസ്ഥാനത്തിന് അകത്തും അനിയന്ത്രതമായ അടിയന്തിരാവസ്ഥ നിലനിൽക്കയാണ്.

ചില ഇൻകമിംഗ് വിമാനങ്ങൾ ഇംഫാൽ വ്യോമാതിർത്തിയിൽ നിന്ന് തിരിച്ചുവിട്ടതായും അധികൃതർ അറിയിച്ചു. ആയിരത്തോളം യാത്രക്കാർ ഇതു കാരണം അനിശ്ചിതത്വത്തിലായി. മണിപ്പൂരിൽ കലാപം തുടരുന്നതിനിടെ ഇന്റർനെറ്റ് നിരോധനം നവംബർ 23 വരെ നീട്ടിയിരിക്കയാണ്.